Prabodhanm Weekly

Pages

Search

2013 ഓഗസ്റ്റ്‌ 23

മനുഷ്യ വിഭവശേഷി: വികസനവും ആസൂത്രണവും

ഇബ്‌റാഹീം ശംനാട്‌

മനുഷ്യ വിഭവശേഷി എന്ന് കേള്‍ക്കുമ്പോള്‍ അത് മറ്റേതോ വ്യക്തിയിലും സമൂഹത്തിലും അന്തര്‍ലീനമായ ശേഷിയാണെന്നും തന്നെ സംബന്ധിച്ചേടത്തോളം തീര്‍ത്തും അപ്രസക്തമാണെന്നുമാണ് പലരും ധരിച്ചു വെച്ചിരിക്കുന്നത്. സ്വന്തത്തിലുള്ള മഹാ വിഭവശേഷിയെ കുറിച്ച് മനസ്സിലാക്കാന്‍ ആരും സന്നദ്ധരല്ല. അത് അമൂല്യ നിക്ഷേപമാണെന്നും അതിനെ സംസ്‌കരിച്ച് പുറത്തെടുക്കേണ്ടത് തന്റെ ജീവിത വിജയത്തിന് അനിവാര്യമാണെന്നും എത്ര പേരാണ് ആലോചിക്കാറ്? സ്വന്തത്തെക്കുറിച്ച് അറിയുന്നതില്‍ നിന്നായിരിക്കണം പഠനം ആരംഭിക്കേണ്ടത്. അതാണ് വിശുദ്ധ ഖുര്‍ആന്‍ നമ്മെ ഇങ്ങനെ ഓര്‍മപ്പെടുത്തിയത്: ''ദൃഢ വിശ്വാസികള്‍ക്ക് പ്രപഞ്ചത്തിലും അവനവനില്‍ തന്നെയും വേണ്ടത്ര ദൃഷ്ടാന്തങ്ങളുണ്ട്'' (51:20, 21).
മനുഷ്യനെ കളിമണ്ണ് കൊണ്ട് രൂപപ്പെടുത്തുകയും അതിലേക്ക് ദൈവം തന്നില്‍നിന്നുള്ള ആത്മാവിനെ സന്നിവേശിപ്പിക്കുകയും ചെയ്യുകയാണുണ്ടായതെന്ന്് വിശുദ്ധ ഖുര്‍ആന്‍ പറയുന്നുണ്ട്. മണ്ണില്‍ പൊതിഞ്ഞ അലൗകികാത്മാവ് - അതാണ് മനുഷ്യന്‍. ദേഹവും ദേഹിയും ചേര്‍ന്നതാണ് മനുഷ്യന്‍. ഭൗതികതയും ആത്മീയതയും ചേര്‍ന്ന ഒരപൂര്‍വ സത്ത. ശരീരവും ആത്മാവും ചേര്‍ന്ന ഒരു പരിപാവന സൃഷ്ടി (Holistic Creature). ജീവന്‍, അറിവ്, കഴിവ്, ഇഛാശക്തി,വിവേചനശക്തി തുടങ്ങിയ ഗുണങ്ങള്‍ ഉള്‍ക്കൊള്ളുന്ന നാമമാണ് ആത്മാവ് എന്നതു കൊണ്ട് അര്‍ഥമാക്കുന്നത് (തഫ്ഹീമുല്‍ ഖര്‍ആന്‍: അല്‍ ഹിജ്ര്‍: 26-43).
കളിമണ്ണ് നീക്കി നമ്മുടെ ആന്തരിക സത്തയിലേക്ക് കടന്നാല്‍ ആ ദൈവിക ചൈതന്യത്തിന്റെ മാഹാത്മ്യം ബോധ്യപ്പെടും. നമ്മിലെല്ലാവരിലുമുള്ള ആ സത്തയെ നമുക്ക് മണ്ണില്‍ പൊതിഞ്ഞ സ്വര്‍ണപതക്കത്തോട് ഉപമിക്കാം. ദൈവത്തില്‍നിന്നുള്ള ആത്മാവിനെ പ്രതിനിധീകരിക്കുന്നതാണ് സ്വര്‍ണപ്പതക്കമെങ്കില്‍ ഭൗമിക ധാതുക്കളെ പ്രതിനിധീകരിക്കുന്നതാണ് കളിമണ്ണ്. അപൂര്‍വ ചാരുതയാര്‍ന്ന സൃഷ്ടിപ്പ് എന്നാണ് ഖുര്‍ആന്‍ അതിനെ വിശേഷിപ്പിക്കുന്നത്. കളിമണ്ണിന്റെ പൊടി തട്ടി സ്വര്‍ണപതക്കത്തിലേക്ക് പ്രവേശിക്കുമ്പോഴാണ് നമ്മുടെ വ്യക്തിത്വ മാഹാത്മ്യം ബോധ്യപ്പെടുക.
സൃഷ്ടിപ്പിനെ കുറിച്ച ഗവേഷണ ഫലങ്ങള്‍ അടിക്കടി മാറിക്കൊണ്ടിരിക്കുകയാണ്. ഇപ്പോള്‍ ലഭ്യമായ വിവരമനുസരിച്ച് മനുഷ്യനെ ഒരു സൂപ്പര്‍ കമ്പ്യൂട്ടറിനെക്കാള്‍ മഹത്തരമാക്കുന്നത് അവന്റെ തലച്ചോറാണ്. 100 ബില്യന്‍ ന്യൂറോണ്‍സ് ചേര്‍ന്നാണ് തലച്ചോറ് സൃഷ്ടിക്കപ്പെട്ടിരിക്കുന്നത്. ഓരോ സെക്കന്റിലും രണ്ട് ബില്യന്‍ വിവരങ്ങള്‍ സ്വീകരിക്കാന്‍ അതിന് കഴിയുന്നു. പ്രതിദിനം 60,000 ചിന്തകള്‍ നമ്മുടെ മസ്തിഷ്‌കത്തിലൂടെ കടന്നു പോവുന്നുണ്ട്. പ്രകാശ വേഗതയെക്കാളേറെ വേഗത്തില്‍ അത് സഞ്ചരിക്കുന്നു.
1981-ല്‍ നൊബേല്‍ സമ്മാനം ലഭിച്ച അമേരിക്കന്‍ ശാസ്ത്രജ്ഞന്‍ റോജര്‍സ്‌പെര്‍റിയുടെ അഭിപ്രായത്തില്‍ തലച്ചോറ് ഇടതും വലതുമായി രണ്ട് അര്‍ധഗോളങ്ങളായി നെടുകെ വിഭജിക്കപ്പെട്ട അവസ്ഥയിലാണുള്ളത്. ഓരോ അര്‍ധഗോളത്തിനും ഒരു പരിധിവരെയെങ്കിലും അതിന്റേതായ ധര്‍മങ്ങളും പ്രവര്‍ത്തനരീതികളുമുണ്ട്. മാത്രമല്ല ഓരോ അര്‍ധഗോളവും വ്യത്യസ്ത സ്വഭാവ വിശേഷങ്ങളുടെ ഇരിപ്പിടമാണത്രേ. അദ്ദേഹത്തിന്റെ അഭിപ്രായത്തില്‍ മസ്തിഷ്‌കത്തിന്റെ ഇടത് അര്‍ധഗോളം യുക്തിചിന്തയുടെയും വലത് അര്‍ധഗോളം സര്‍ഗാത്മക കഴിവുകളുടെയും ഇരിപ്പിടമാണ്. അല്‍പംകൂടി വിശദമായി പറഞ്ഞാല്‍ നമ്മുടെ സങ്കല്‍പങ്ങള്‍, ഉള്‍ക്കാഴ്ച, കലാബോധം, ത്രിമാനത്തില്‍ ചിന്തിക്കാനുള്ള കഴിവുകള്‍, സംഗീതാവബോധം, ശരീരത്തിന്റെ ഇടത്തേ പകുതിയുടെ മൊത്തത്തിലുള്ള നിയന്ത്രണം തുടങ്ങിയവയുടെയെല്ലാം ആസ്ഥാനം വലത് അര്‍ധഗോളമാണ്. അതുപോലെത്തന്നെ വസ്തുതകളെ കാര്യകാരണ സഹിതം വിലയിരുത്താനുള്ള കഴിവ്, യുക്തിചിന്ത, ശാസ്ത്രബോധം, എഴുതാനുള്ള കഴിവ്, ഗണിത പാടവം, സംസാര വൈഭവം, ശരീരത്തിന്റെ വലതു പകുതിയുടെ മൊത്തത്തിലുള്ള നിയന്ത്രണം തുടങ്ങിയവയെല്ലാം ഇടത് അര്‍ധഗോളത്തിന്റെ നിയന്ത്രണപരിധിയില്‍ വരുന്നു. ഈ രണ്ടു ഭാഗങ്ങളുടെയും പ്രവര്‍ത്തനത്തെ ഏകോപിപ്പിക്കാന്‍ ഇടതു-വലത് അര്‍ധഗോളങ്ങളെ പരസ്പരം കൂട്ടിച്ചേര്‍ക്കുന്ന ഭാഗമാണ് കോര്‍പ്പസ് കാലോസം (Corpus Callosum). 200-250 കോടി ആക്‌സോണുകളാല്‍ നിര്‍മിതമായ നാരുകളുടെ കൂട്ടമായ ഈ ഭാഗമാണ് ഇവക്കിടയിലെ വിനിമയ പാത (മാതൃഭൂമി, 22 മാര്‍ച്ച് 2013).
മനുഷ്യന്റെ കണ്ണുകളെ കുറിച്ച് ചിന്തിച്ച് നോക്കൂ. അതുല്യമായ കാഴ്ച നല്‍കുന്ന രണ്ട് കണ്ണുകള്‍. 10 മില്യന്‍ വര്‍ണരാജികള്‍ തല്‍സമയം തിരിച്ചറിയാന്‍ അവയ്ക്ക് സാധിക്കുമെന്ന് ശാസ്ത്രം കണ്ടെത്തിയിരിക്കുന്നു. ആ കണ്ണിനെ സംരക്ഷിക്കാന്‍ 17000 പ്രാവശ്യം യാന്ത്രികമായി മിഴി തുറക്കുകയും ചിമ്മുകയും ചെയ്യാനുള്ള സംവിധാനവും ഒരുക്കിയിരിക്കുന്നു. നമ്മുടെ ശരീരത്തിലെ സിരകളില്‍ പ്രവഹിക്കുന്ന മറ്റൊരു അത്ഭുത പ്രതിഭാസമാണ് രക്തം. ഒരു ലിറ്റര്‍ രക്തം പമ്പ് ചെയ്യുന്നതിന് ഹൃദയം ഒരു ലക്ഷം പ്രാവശ്യം മിടിക്കുന്നു. രക്തം സഞ്ചരിക്കുന്ന നാഡിവ്യൂഹം നിവര്‍ത്തിവെച്ചാല്‍ 60000 മൈല്‍ നീളം. നമുക്ക് ഊര്‍ജം തരുന്ന നമ്മുടെ ശരീരത്തിലെ പേശികള്‍. ഒരാളുടെ ആ പേശികള്‍ എല്ലാം ഒരൊറ്റ ദിശയിലേക്ക് കേന്ദ്രീകരിച്ചാല്‍ 25 ടണ്‍ ഭാരം വലിക്കാന്‍ കഴിയുന്ന ഊര്‍ജം ഉണ്ടാവും. മനുഷ്യ ശരീരം പ്രസരിപ്പിക്കുന്ന ഈ ഊര്‍ജം ഒരു ബിന്ദുവില്‍ കേന്ദ്രീകരിച്ചാല്‍ ഒരു പ്രദേശത്തേക്ക് ഒരാഴ്ചക്ക് ആവശ്യമായ വൈദ്യുതി ഉല്‍പാദിപ്പിക്കാന്‍ കഴിയും!
നമ്മുടെ ഒരോ അവയവവും ഒരോ അത്ഭുത പ്രതിഭാസമാണ്. എന്തെല്ലാം ശബ്ദവീചികളാണ് നമുക്ക് പുറത്തെടുക്കാന്‍ കഴിയുന്നത്? എത്ര എത്ര വര്‍ണങ്ങളാണ് കാണാന്‍ കഴിയുന്നത്? എത്ര ഗന്ധങ്ങളാണ് വാസനിക്കാന്‍ കഴിയുന്നത്? എന്തെല്ലാം കഴിവുകളും വിദ്യകളുമാണ് നമ്മുടെ കൈപ്പത്തിയില്‍ അടങ്ങിയിരിക്കുന്നത്? (വിവരങ്ങള്‍ക്ക്: അസ്‌റാര്‍ അല്‍ ഖുവ്വ അസ്സാതിയ്യ എന്ന അറബി ഗ്രന്ഥത്തോട് കടപ്പാട്).
എ്രത എഴുതിയാലും തീരുന്നതല്ല മനുഷ്യ ശരീരത്തിലെ അത്ഭുതങ്ങള്‍. ഭൗതികമായ ഏത് മാപിനി കൊണ്ട് അളക്കാന്‍ പറ്റും ബോധമനസ്സ്, ഉപബോധമനസ്സ് എന്നിവയില്‍ അടങ്ങിയിരിക്കുന്ന അളവറ്റ ശക്തി സ്രോതസ്സ്? ഇതിനൊക്കെ പുറമെ കഥയും കവിതയും മറ്റും വിരിയിക്കാനുള്ള അനേകായിരം സര്‍ഗവാസനകള്‍. അത്ഭുതശക്തി കുടികൊള്ളുന്ന കൈവിരലുകള്‍. എല്ലാം ചേര്‍ന്ന ഒരു അത്ഭുത പ്രതിഭാസമാണ് മനുഷ്യനെന്ന് ആരാണ് സമ്മതിക്കാതിരിക്കുക.

പ്രതിഭകളല്ലാത്തവര്‍ ആരുമില്ല
ഇതാണ് മനുഷ്യന്‍. ആ വര്‍ഗത്തില്‍ പ്രതിഭകളല്ലാത്തവര്‍ വളരെ വിരളമായിരിക്കും. പലപ്പോഴും ആ പ്രതിഭ നമുക്ക് കണ്ടെത്താന്‍ കഴിയുന്നില്ല എന്നേയുള്ളൂ. മനുഷ്യരുടെ മൊത്തം ജന്മവാസനകളെ എട്ട് കള്ളികളിലാക്കി തരം തിരിക്കാമെന്നും അതില്‍ ഒന്നിലും ഉള്‍പ്പെടാത്തവര്‍ ആരുമുണ്ടാവില്ലെന്നും ഹോവാര്‍ഡ് ഗാര്‍ഡ്‌നര്‍ എന്ന പ്രമുഖ മനശ്ശാസ്ത്രജ്ഞന്‍ അഭിപ്രായപ്പെട്ടിട്ടുണ്ട്. ഭാഷ, ഗണിതം, സംഗീതം, ചിത്രരചന, കായികം, സാമൂഹിക പ്രവര്‍ത്തനങ്ങള്‍, പ്രകൃതിസ്‌നേഹം തുടങ്ങിയ ഏതെങ്കിലും ഒരു അഭിരുചി മനുഷ്യ സത്തയില്‍ നിലീനമത്രെ. ഈ അഭിരുചിക്കിണങ്ങിയ പാഠ വിഷയങ്ങള്‍ തെരഞ്ഞെടുക്കുന്നവര്‍ ജീവിതത്തില്‍ ഉയരങ്ങളിലെത്തും.
മനുഷ്യന്‍ എന്ന ഈ അത്ഭുത ്രപതിഭാസം അവന്റെ കഴിവുകളുടെ ഒരംശം പോലും പലപ്പോഴും ഉപയോഗപ്പെടുത്താറില്ല. ശാരീരികവും ബൗദ്ധികവും മാനസികവുമായ അത്തരം കഴിവുകളെ കുറിച്ച ബോധവത്കരണമാണ് ആദ്യം നടക്കേണ്ടത്. അഥവാ സ്വയം തിരിച്ചറിവ് ഉണ്ടാവുകയാണ് ഏറ്റവും അനിവാര്യം. ഉപയോഗിക്കുന്തോറും വികസിക്കുന്നതാണ് മനുഷ്യന്റെ കഴിവുകള്‍. ഇന്ന് ദാരുണമാംവിധം സുഷുപ്തിയില്‍ കിടക്കുകയാണ് ആ കഴിവുകള്‍. അതിനെ തൊട്ടുണര്‍ത്താന്‍ ആരാണ് തയാറുള്ളത്? അവിടെയാണ് തോമസ് ആല്‍വ എഡിസണ്‍ പറഞ്ഞതിന്റെ പ്രസക്തി. നമുക്ക് ചെയ്യാന്‍ കഴിയുന്ന കാര്യങ്ങളെല്ലാം നാം ചെയ്യുകയാണെങ്കില്‍, നാം നമ്മെ തന്നെ അക്ഷരാര്‍ഥത്തില്‍ അത്ഭുതപ്പെടുത്തിയേക്കും.
കഴിവുകള്‍ ഉപയോഗപ്പെടുത്തി മുന്നേറാനുള്ള ആത്മ വിശ്വാസം നല്‍കുകയാണ് രണ്ടാമത്തെ ഘട്ടം. ഏത് പരാജയത്തെയും മുറിച്ചു കടക്കാനുള്ള വജ്രായുധമായി ആത്മ വിശ്വാസത്തെ ഉപയോഗപ്പെടുത്താന്‍ കഴിയണം. അതിന് സഹായകമാംവിധമായിരിക്കണം മനസ്സിന് സ്വയം നല്‍കുന്ന നിര്‍ദേശങ്ങള്‍ (Auto Suggestion). സ്വയം വിജയശ്രീലാളിതനാണെന്ന തോന്നലുണ്ടാകണം ഉപബോധ മനസ്സില്‍.
മനുഷ്യ വിഭവത്തെ ക്രിയാത്മകമാക്കാനുള്ള ആന്തരികമായ ഈ പ്രചോദനങ്ങള്‍ക്ക് പുറമെ, മനുഷ്യനില്‍ നിക്ഷിപ്തമായ കഴിവുകളെ വികസിപ്പിക്കാനുള്ള രണ്ട് വഴികളാണ് അറിവും നൈപുണ്യവും. പഠനം, വായന, കേള്‍വി എന്നിവയാണ് അറിവ് വര്‍ധിപ്പിക്കാനുള്ള വഴി. വിശുദ്ധ ഖുര്‍ആനിനെ പോലെ വായനക്ക് ഏറ്റവും കൂടുതല്‍ പ്രധാന്യം നല്‍കിയ ഗ്രന്ഥം മറ്റേതാണുള്ളത്? വിവിധ മേഖലകളിലുള്ള തൊഴില്‍ പരിശീലനത്തിലൂടെ തൊഴില്‍ നൈപുണ്യവും നേടണം. സാമൂഹികമായ ആവശ്യങ്ങള്‍ നിറവേറ്റാനുള്ള മനുഷ്യ സേവനങ്ങള്‍ ഒരു വശത്ത് ലഭ്യമല്ലാതിരിക്കുമ്പോള്‍ മറുവശത്ത് തൊഴിലില്ലാ പടയുടെ ഒരു നീണ്ട നിര തന്നെ നമുക്ക് കാണാന്‍ കഴിയുന്നു. സമൂഹത്തില്‍ കുറ്റകൃത്യങ്ങള്‍ വര്‍ധിക്കാനുള്ള കാരണവും മറ്റൊന്നല്ല.
അറിവും നൈപുണ്യവും ആര്‍ജിച്ചാല്‍ മാത്രമേ പുരോഗതി കൈവരിക്കാനും സ്വയം പര്യാപ്തമായ സമൂഹമായി മാറാനും സാധിക്കുകയുള്ളൂ. വികസനത്തിന്റെ ഈ രണ്ട് കൈവഴികളെയും ഉപയോഗപ്പെടുത്തിയവരായിരുന്നു പ്രവാചകന്മാര്‍. വൈജ്ഞാനികമായ ദിവ്യവെളിപാടുകളോടൊപ്പം ഏതെങ്കിലും തരത്തിലുള്ള തൊഴില്‍പരമായ വൈദഗ്ധ്യവും അവര്‍ ആര്‍ജിച്ചിരുന്നു. തൊഴിലെടുക്കുക എന്നത് ഒരു ഉത്തരവാദിത്വമായിട്ടാണ് ഇസ്‌ലാം കണക്കാക്കുന്നത്.
അറിവും നൈപുണ്യവും ഒപ്പത്തിനൊപ്പം കൊണ്ടുപോവേണ്ട മനുഷ്യ വിഭവത്തിന്റെ വികസന രീതികളാണ്. ഏത് പ്രയാസമുള്ള ജോലിയും ആവര്‍ത്തനത്തിലൂടെ കൈവശപ്പെടുത്താവുന്നതേയുള്ളൂ. ആവര്‍ത്തനം വിരസമാണെന്ന മൂഢമായ ധാരണയാണ് പലരും പുലര്‍ത്താറുള്ളത്. യഥാര്‍ഥത്തില്‍ ആവര്‍ത്തനം വിജയത്തിന്റെ മന്ത്രധ്വനിയാണെന്ന് മനസ്സിലാക്കണം. സാങ്കേതിക പരിജ്ഞാനത്തില്‍ മുന്നേറണമെങ്കില്‍ ക്ഷമാപൂര്‍വമായ ആവര്‍ത്തനവും പരിശീലനവും അനിവാര്യമാണ്.
ഏറ്റവും കൂടുതല്‍ പ്രാധാന്യം കൊടുക്കേണ്ട രംഗമാണ് സവിശേഷവത്കരണവും (specialization) ഗവേഷണ മേഖലയും. വികസന കാര്യത്തില്‍ പാശ്ചാത്യ രാഷ്ട്രങ്ങള്‍ മുന്നിട്ട് നില്‍ക്കുന്നത് അവര്‍ ഗവേഷണ മേഖലക്ക് കൊടുത്ത പ്രാധാന്യം കൊണ്ട് മാത്രമാണ്. നമ്മളാകട്ടെ ഏറ്റവും അവഗണിക്കുന്നതും ആ മേഖലയെ തന്നെയാണ്. മനുഷ്യ സമൂഹം ഇന്നുവരെ ആര്‍ജിച്ച ശാസ്ത്രീയ പുരോഗതിക്ക് നിദാനം ശാസ്ത്ര-സാങ്കേതിക മേഖലകളില്‍ ഗവേഷണത്തിന് നല്‍കിയ പ്രാധാന്യമായിരുന്നു.
യഥാര്‍ഥ മൂലധനം വെള്ളിയോ സ്വര്‍ണമോ അല്ല, അധ്വാനശേഷിയും ബുദ്ധിശക്തിയുമാണെന്ന ഗാന്ധിജിയുടെ കാഴ്ചപ്പാട് ശ്രദ്ധേയമാണ്. മനുഷ്യന്റെ വികസനത്തിന് വേണ്ടിയുള്ള നിക്ഷേപമാണ് ഏറ്റവും നല്ല നിക്ഷേപം. ഒരു കതിരില്‍ നിന്ന് ഒരായിരം കതിരുകള്‍ വിരിയുന്നതിനേക്കാള്‍ ഫലപ്രാപ്തിയുള്ളതാണ് മനുഷ്യന്റെ വികസനത്തിന് വേണ്ടിയുള്ള നിക്ഷേപം. പഠനത്തിനും തൊഴില്‍പരമായ നൈപുണ്യം ആര്‍ജിക്കുന്നതിനും നിക്ഷേപിക്കുക എന്നതാണ് യഥാര്‍ഥ വികസനത്തിനുള്ള മാര്‍ഗം.

Comments

Other Post

ഖുര്‍ആന്‍ ബോധനം

മര്‍യം / 4-7
എ.വൈ.ആര്‍