പ്രഫ. പി. അബ്ദുര്‍റഷീദ്
പ്രഫ. പി. അബ്ദുര്‍റഷീദ്
വണ്ടൂര്‍ ഏരിയയിലെ ചെറുകോട് പ്രദേശത്തെ പ്രസ്ഥാന വളര്‍ച്ചയുടെ മുഖ്യശില്‍പിയായിരുന്നു അടുത്തിടെ വാഹനാപകടത്തില്‍ മരിച്ച പ്രഫ. പി. അബ്ദുര്‍റഷീദ് (52).
തിരൂരങ്ങാടി യത്തീംഖാനയിലെ സ്‌കൂള്‍ പഠനം കഴിഞ്ഞ് മമ്പാട് കോളേജില്‍ പഠിച്ചുകൊണ്ടിരിക്കുമ്പോഴാണ് അദ്ദേഹം ഇസ്‌ലാമിക പ്രസ്ഥാനത്തിലേക്ക് കടന്നുവരുന്നത്. പിന്നീട് വിശ്രമം അദ്ദേഹത്തിന്റെ അജണ്ടയിലുണ്ടായിരുന്നില്ല. പ്രസ്ഥാനവും മഹല്ല് പ്രവര്‍ത്തനവും വികാരമാക്കി അദ്ദേഹം ജീവിച്ചു.
ചെറുകോട് ഇസ്‌ലാമിക പ്രസ്ഥാനത്തിന് അഭിമാനിക്കാവുന്ന ഒട്ടേറെ സംരംഭങ്ങള്‍ യാഥാര്‍ഥ്യമാക്കിയാണ് അബ്ദുര്‍റഷീദ് കര്‍മപഥത്തില്‍നിന്ന് യാത്രയായത്. മസ്ജിദുസമാന്‍, അല്‍മദ്‌റസത്തുല്‍ ഇസ്‌ലാമിയ്യ, പെര്‍ഫെക്ട് ഇംഗ്ലീഷ് സ്‌കൂള്‍, സമാന്‍ കള്‍ച്ചറല്‍ സെന്റര്‍, കോണ്‍ഫറന്‍സ് ഹാള്‍, റീഡിംഗ് റൂം, പലിശരഹിതനിധി, ഖുര്‍ആന്‍ സ്റ്റഡീ സെന്റര്‍ തുടങ്ങിയ സംരംഭങ്ങളുടെ സൂത്രധാരന്‍ അദ്ദേഹമായിരുന്നു.
അനാഥത്വവും ദാരിദ്ര്യവും അനുഭവിച്ചുവളര്‍ന്ന അബ്ദുര്‍റഷീദ് സാഹിബ്, പിന്നിട്ട വഴികള്‍ മറന്നിരുന്നില്ല. പി.എസ്.എം.ഒ കോളേജില്‍ പ്രഫസറായി സേവനം അനുഷ്ഠിക്കുമ്പോഴും നാട്ടിലും കുടുംബത്തിലുമുള്ള അശരണരെ സഹായിക്കുന്നതിലും അദ്ദേഹം വളരെയേറെ താല്‍പര്യം കാണിച്ചു.
ജമാഅത്തെ ഇസ്‌ലാമി വണ്ടൂര്‍ ഏരിയാ സമിതി അംഗം, ചെറുകോട് കാര്‍ക്കൂന്‍ ഹല്‍ഖാ നാസിം, ചെറുകോട് ഐ.എസ്.എസ് സ്റ്റേറ്റ് മെമ്പര്‍, വണ്ടൂര്‍ വനിതാ ഇസ്‌ലാമിയാ കോളേജ് നിര്‍വാഹക കമ്മിറ്റി അംഗം എന്നീ ഉത്തരവാദിത്വങ്ങള്‍ നിര്‍വഹിക്കവെയാണ് മരണം അദ്ദേഹത്തെ തേടിയെത്തിയത്.
ലത്വീഫ് കൂരാട്
ടി. കുഞ്ഞഹമ്മദ് കുട്ടി
പറപ്പൂരിലെ ജമാഅത്തെ ഇസ്‌ലാമിയുടെ ആദ്യകാല അംഗങ്ങളിലൊരാളായിരുന്നു ടി. കുഞ്ഞഹമ്മദ് കുട്ടി (69). ശാരീരിക വൈകല്യങ്ങള്‍ പ്രസ്ഥാന പ്രവര്‍ത്തനങ്ങളില്‍ സജീവമാകുന്നതില്‍ തടസ്സമല്ലെന്ന് അദ്ദേഹം തെളിയിച്ചു. ഉഹുദു യുദ്ധത്തില്‍ പങ്കെടുക്കുന്നതില്‍ നിന്ന് മക്കള്‍ തടഞ്ഞപ്പോള്‍ നബി(സ)യുടെ അടുക്കല്‍ വന്ന് പരാതി പറഞ്ഞ് 'അല്ലാഹുവേ, എന്നെ ഈ വൈകല്യങ്ങളോടെത്തന്നെ സ്വര്‍ഗത്തില്‍ പ്രവേശിപ്പിക്കേണമേ' എന്ന് പ്രാര്‍ത്ഥിച്ച അംറുബ്‌നുല്‍ ജുമൂഹിനെയാണ് അദ്ദേഹവുമായി സഹവസിച്ചപ്പോള്‍ ഓര്‍മ വന്നത്. ദഅ്‌വത്ത് അടക്കമുള്ള എല്ലാ പ്രവര്‍ത്തനങ്ങളിലും അദ്ദേഹം സജീവമായിരുന്നു. പറപ്പൂരിലെ വിദ്യാഭ്യാസ, സാംസ്‌കാരിക പ്രവര്‍ത്തനങ്ങള്‍ക്ക് ആക്കം കൂട്ടുന്നതിനു വേണ്ടി സ്ഥാപിച്ച സഖാഫത്തുല്‍ ഇസ്‌ലാം സംഘത്തിന്റെ സ്ഥാപകാംഗം കൂടിയായിരുന്നു കുഞ്ഞഹമ്മദ്കുട്ടി. മക്കളെ പ്രാസ്ഥാനികമായി വളര്‍ത്തുന്നതില്‍ അദ്ദേഹം വിജയിച്ചു. ഭാര്യ: വി.പി ഉമ്മു കുല്‍സു, മക്കള്‍: ടി. മുഹമ്മദ് റാഫി (അല്‍കോബാര്‍), ടി. മുഹമ്മദ് (അധ്യാപകന്‍), ടി. സനീറ , ടി. ഷഹീറ.
പി.കെ ഹബീബ് ജഹാന്‍
പ്രസ്ഥാനപാതയിലെ
സഹോദരങ്ങള്‍
ചില വ്യക്തികള്‍ നമ്മില്‍ നിന്നു വേര്‍പിരിഞ്ഞാലും അവര്‍ അവശേഷിപ്പിച്ച നന്മയുടെ പൂക്കള്‍ എന്നും നമുക്ക് പ്രചോദനമാകും, അവരുടെ സ്മരണ നമ്മില്‍ ഏറെക്കാലം നിലനിര്‍ത്തും. എരുമേലി കാര്‍ക്കൂന്‍ ഹല്‍ഖയിലെ കെ.ഇ മുഹമ്മദലി സാഹിബിന്റെയും(60), അദ്ദേഹത്തിന്റെ സഹോദരന്‍ കെ.ഇ ഷൗക്കത്താലി സാഹിബിന്റെയും(57) വേര്‍പാട് കോട്ടയം ജില്ലയിലെ ഇസ്‌ലാമിക പ്രവര്‍ത്തകര്‍ക്ക് പെട്ടെന്നൊന്നും നികത്താന്‍ കഴിയാത്ത വിടവാണ് സൃഷ്ടിച്ചത്. ജീവിതം കൊണ്ടാണ് അവര്‍ പ്രസ്ഥാനത്തെ മറ്റുള്ളവര്‍ക്ക് മനസ്സിലാക്കി കൊടുത്തത്. ജില്ലയിലെ ആദ്യകാല പ്രവര്‍ത്തകനായ ആലപ്ര ഇസ്മാഈല്‍ സാഹിബിന്റെ മക്കള്‍ പിതാവ് കാണിച്ചു കൊടുത്ത പാതയില്‍ ശക്തമായി തന്നെ മുന്നേറിയവരാണ്.
ജമാഅത്തെ ഇസ്‌ലാമി കോട്ടയം ജില്ലാ കമ്മിറ്റിയുടെ മുന്‍സെക്രട്ടറിയും, വെല്‍ഫെയര്‍ പാര്‍ട്ടിയുടെ പ്രഥമ ജില്ലാ ജനറല്‍ സെക്രട്ടറിയുമായിരുന്നു കെ.ഇ മുഹമ്മദാലി സാഹിബ്. അദ്ദേഹം മികച്ച സംഘാടകനും നല്ലൊരു വാഗ്മിയുമായിരുന്നു. ഹിറാ ചാരിറ്റബിള്‍ ട്രസ്റ്റ് സെക്രട്ടറി, ജമാഅത്തെ ഇസ്‌ലാമി മുണ്ടക്കയം ഏരിയ ഓര്‍ഗനൈസര്‍ എന്നീ ചുമതലകളും വഹിച്ചിരുന്നു. പതിനഞ്ചു വര്‍ഷം എരുമേലി ഹല്‍ഖയുടെ നാസിമായിരുന്നു.
പുഞ്ചിരിയോടെ മാത്രം സഹപ്രവര്‍ത്തകരെ അഭിമുഖീകരിച്ചിരുന്ന കെ.ഇ ഷൗക്കത്താലി സാഹിബ്, എരുമേലി കാര്‍ക്കൂന്‍ ഹല്‍ഖാംഗവും ഹിറാ ട്രസ്റ്റ് മെമ്പറും മാധ്യമത്തിന്റെ പ്രാദേശിക ലേഖകനുമായിരുന്നു. തന്നെക്കാള്‍ ഗുരുതര രോഗാവസ്ഥയിലുണ്ടായിരുന്ന ജേഷ്ഠന്റെ വിയോഗത്തിന്റെ പത്ത് ദിവസം മുമ്പേ അദ്ദേഹം അല്ലാഹുവിലേക്ക് യാത്രയാവുകയായിരുന്നു.
സുനില്‍ ജാഫര്‍, എരുമേലി
തറക്കണ്ടി മമ്മു മൗലവി
ആയഞ്ചേരി തറക്കണ്ടി മമ്മു മൗലവി (73) ഭൗതിക ജീവിതത്തോട് വിടവാങ്ങി. ആയഞ്ചേരി അല്‍ മദ്‌റസത്തുല്‍ ഇസ്‌ലാമിയയിലെ വിദ്യാര്‍ഥികള്‍ക്ക് അദ്ദേഹം സ്‌നേഹസമ്പന്നനായ ഗുരുനാഥനായിരുന്നു. ഖുര്‍ആന്‍ ആയത്തുകളുടെ ആഴങ്ങളിലേക്ക് ഇറങ്ങിച്ചെല്ലുമ്പോള്‍ ഗദ്ഗദകണ്ഠനാവുന്ന ഉസ്താദ് അവര്‍ക്ക് ഒരു വിസ്മയം തന്നെയായിരുന്നു. സാമൂഹിക പ്രശ്‌നങ്ങളില്‍ ഇസ്‌ലാമിക പ്രസ്ഥാനത്തിന്റെ നിലപാട് ഉജ്ജ്വല ശൈലിയില്‍ അദ്ദേഹം വിശദീകരിക്കുമായിരുന്നു.
അറബി, ഉര്‍ദു, മലയാളം ഭാഷകളില്‍ നല്ല പരിജ്ഞാനം ഉണ്ടായിരുന്നു. ആദ്യ കാലത്ത് ജമാഅത്തെ ഇസ്‌ലാമി ആയഞ്ചേരി ഹല്‍ഖയുടെ നാസിം ആയി പ്രവര്‍ത്തിച്ചിട്ടുണ്ട്.
അബൂബക്കര്‍ മാടാശ്ശേരി
എം.പി മഹ്മൂദ് ഹാജി
ഇസ്‌ലാമിക പ്രസ്ഥാനത്തെ നെഞ്ചോട് ചേര്‍ത്തുവെച്ച് സ്‌നേഹിക്കുകയും പ്രസ്ഥാന പ്രവര്‍ത്തനങ്ങള്‍ ആവേശത്തോടെ ഏറ്റെടുക്കുകയും ചെയ്തിരുന്ന വ്യക്തിയായിരുന്നു എം.വി മഹ്മൂദ് ഹാജി. ആരാമ്പ്രത്തെ വര്‍ത്തക പ്രമുഖനും പൗരപ്രധാനിയുമായിരുന്നു അദ്ദേഹം.
ആരാമ്പ്രത്തെ മസ്ജിദുല്‍ ഫാറൂഖിന്റെ നിര്‍മാണത്തിലും പരിപാലനത്തിലും അദ്ദേഹത്തിന് വലിയ പങ്കുണ്ട്. നാട്ടിലും സമീപ പ്രദേശങ്ങളിലുമുള്ള പ്രാസ്ഥാനിക സംരംഭങ്ങളോടും മറ്റ് ദീനീ സംരംഭങ്ങളോടും എന്നും ഉദാരമായ നിലപാട് സ്വീകരിച്ചു. പാവപ്പെട്ട കുടുംബങ്ങള്‍ക്കും നിര്‍ധനരായ രോഗികള്‍ക്കും അദ്ദേഹത്തിന്റെ സാന്നിധ്യം ആശ്വാസം പകര്‍ന്നു. സമ്പന്നതയിലും വിട്ടുവീഴ്ചയില്ലാത്ത ലളിത ജീവിതമായിരുന്നു അദ്ദേഹത്തിന്റേത്. കുടുംബത്തെ പ്രസ്ഥാനവല്‍ക്കരിക്കുന്നതിലും മക്കളെയും പേരമക്കളെയും ജമാഅത്ത് സ്ഥാപനങ്ങളില്‍ അയച്ച് പഠിപ്പിക്കുന്നതിലും ജാഗ്രത പുലര്‍ത്തി. മക്കള്‍: എം.പി ഹംസ, പി. അബ്ദുന്നാസര്‍, സുബൈദ, നസീമ. എം.പി ഹുസൈന്‍കുട്ടി ഹാജി, എം.പി അബൂബക്കര്‍ (കുന്ദമംഗലം ഏരിയാ പ്രസിഡന്റ്), എം.പി ഉമ്മര്‍ എന്നിവര്‍ സഹോദരങ്ങളാണ്.
കെ.പി അബ്ദുല്ല, ആരാമ്പ്രം
ടി.പി മഹമൂദ് ഹാജി
ജമാഅത്തെ ഇസ്‌ലാമി കണ്ണൂര്‍ സൗത്ത് ബസാര്‍ കാര്‍കൂന്‍ ഹല്‍ഖയിലെ പ്രവര്‍ത്തകനായിരുന്നു ടി.പി മഹമൂദ് ഹാജി. വാത്സല്യ പൂര്‍ണമായ പെരുമാറ്റം കൊണ്ടും സ്‌നേഹപൂര്‍ണമായ സംസാരം കൊണ്ടും ആരെയും സ്വാധീനിക്കുന്ന വ്യക്തിത്വത്തിന്റെ ഉടമയായിരുന്നു അദ്ദേഹം. മരിക്കുന്ന സമയത്ത് കണ്ണൂര്‍ ബൈത്തുസക്കാത്ത്, കണ്ണൂര്‍ ഫ്രൈഡെ ക്ലബ്ബ്, കണ്ണൂര്‍ മുസ്‌ലിം ജമാഅത്ത്, ഖിദ്മ ചാരിറ്റബിള്‍ ട്രസ്റ്റ്, ഖുര്‍ആന്‍ സ്റ്റഡീ സെന്റര്‍, തഹ്ഫീളുല്‍ ഖുര്‍ആന്‍ ഇന്‍സ്റ്റിറ്റിയൂട്ട്, കക്കാട്ടെ ദാറുന്നജാത്ത് യത്തീംഖാന തുടങ്ങിയ കണ്ണൂരിലെ സാംസ്‌കാരിക സാമൂഹിക പ്രവര്‍ത്തനങ്ങളില്‍ സജീവ പങ്കാളിയായിരുന്നു.
അല്‍ഐനില്‍ ജോലി ചെയ്യവേ അവിടത്തെ സാമൂഹിക സാംസ്‌കാരിക സംഘടനകളിലും അദ്ദേഹം സജീവമായിരുന്നു. അല്‍ഐനില്‍ പ്രവര്‍ത്തിക്കുന്ന കണ്ണൂര്‍ മുസ്‌ലിം ജമാഅത്ത് കമ്മിറ്റിയുടെയും യുനൈറ്റഡ് മുസ്‌ലിം ഫ്രണ്ട് ഓഫ് ഇന്ത്യയുടെയും പ്രസിഡന്റ് ചുമതല വഹിച്ചിരുന്നു. കേരള മുസ്‌ലിം കള്‍ച്ചറല്‍ സെന്ററിന്റെ വൈസ് പ്രസിഡന്റായും, സുന്നി യൂത്ത് സെന്ററിന്റെയും, കണ്ണൂര്‍ മുസ്‌ലിം വെല്‍ഫെയര്‍ അസോസിയേഷന്റെയും നിര്‍വാഹക സമിതി അംഗമായും പ്രവര്‍ത്തിച്ചിട്ടുണ്ട്.
35 വര്‍ഷത്തെ പ്രവാസ ജീവിതത്തിനുശേഷം തിരിച്ചെത്തിയപ്പോള്‍ നാട്ടിലെ എല്ലാ ഇസ്‌ലാമിക സേവന പ്രവര്‍ത്തനങ്ങളിലും അദ്ദേഹം പങ്കാളിയായി. ഭാര്യ എ.ടി സുലൈഖ. മക്കള്‍: ഫൈസല്‍, ജമീല്‍, സുഹൈല്‍, മുന, നൗഫല്‍, ഷാമില്‍.
കെ.എല്‍ ഖാലിദ്
കെ.എം അഹ്മദ് കബീര്‍
ജമാഅത്തെ ഇസ്‌ലാമി പുതുനഗരം പ്രാദേശിക ജമാഅത്തിലെ ആദ്യകാല പ്രവര്‍ത്തകനായിരുന്നു കെ.എം അഹ്മദ് കബീര്‍ സാഹിബ്. പ്രസ്ഥാന പ്രവര്‍ത്തകര്‍ക്ക് എന്നും താങ്ങും തണലുമായിരുന്നു അദ്ദേഹം. ഇസ്‌ലാമിക് കള്‍ച്ചറല്‍ ട്രസ്റ്റ് അംഗം, പുതുനഗരം ഹല്‍ഖാ നാസിം, ഇസ്‌ലാമിക് സ്‌കൂള്‍ കമ്മിറ്റി അംഗം, മഹല്ല് കമ്മിറ്റി അംഗം എന്നീ നിലകളില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്. ജനസേവന പ്രവര്‍ത്തനങ്ങളിലും കുടുംബബന്ധം ചേര്‍ക്കുന്നതിലും, യുവാക്കളെ ദീനീപ്രവര്‍ത്തനങ്ങള്‍ക്ക് പ്രേരിപ്പിക്കുന്നതിലും അദ്ദേഹം പ്രത്യേകം ശ്രദ്ധിച്ചുപോന്നു.
മയ്യിത്ത് സംസ്‌കരണത്തില്‍ പ്രത്യേകം താല്‍പര്യമെടുത്തിരുന്ന അദ്ദേഹം പലരെയും അത് പരിശീലിപ്പിക്കുകയും ചെയ്തിരുന്നു. പരിചയപ്പെട്ട ആര്‍ക്കും അദ്ദേഹത്തിന്റെ ഹൃദ്യമായ ചിരിയും നര്‍മം കലര്‍ന്ന സംഭാഷണവും മറക്കാന്‍ കഴിയില്ല. ഭാര്യയും അഞ്ച് ആണ്‍മക്കളും രണ്ട് പെണ്‍മക്കളുമടങ്ങുന്നതാണ് കുടുംബം.
പി. അബ്ദുറസാഖ്, പുതുനഗരം
കരിയാരക്കുന്നത്ത് കാദര്‍ക്ക
നന്മണ്ട കാര്‍ക്കൂന്‍ ഹല്‍ഖയിലെ പ്രവര്‍ത്തകനായിരുന്നു കരിയാരക്കുന്നത്ത് ഖാദര്‍ക്ക. തികച്ചും സാധാരണക്കാരനായി ജീവിച്ച അദ്ദേഹം കഴിഞ്ഞ ഒരു വര്‍ഷത്തോളമായി അര്‍ബുദ ബാധിതനായിരുന്നു. രോഗം വേട്ടയാടുന്നതുവരെ കിണറു കുഴിക്കുക, ഓട് മേയുക, ചടങ്ങുകളില്‍ ചായ തയാറാക്കുക, തെങ്ങ് വലിച്ചു കെട്ടുക തുടങ്ങിയ പ്രവര്‍ത്തനങ്ങളിലെല്ലാം അദ്ദേഹം വ്യാപൃതനായിരുന്നു. നല്ലൊരു കൃഷിക്കാരന്‍ കൂടിയായിരുന്ന ഖാദര്‍ക്ക സ്ഥലത്തെ വയലുകളില്‍ നേന്ത്രവാഴയും ചേമ്പും വെള്ളരിയുമൊക്കെ ധാരാളമായി കൃഷി ചെയ്തു. ഏറ്റെടുക്കുന്ന ഏത് ജോലിയിലും തന്റേതായ ഒരു വിരല്‍ സ്പര്‍ശം ഖാദര്‍ക്കാ ബാക്കി വെച്ചു. നാടന്‍ ചൊല്ലുകളും നര്‍മോക്തികളുമായി ഖാദര്‍ക്കയുടെ സാന്നിധ്യം ഒരനുഗ്രഹമായിരുന്നു.
'മാധ്യമം' ദിനപത്രം നന്മണ്ട, കാക്കൂര്‍ പഞ്ചായത്തുകളിലെ മുക്കുമൂലകളില്‍പോലും എത്തിയതിന് പിന്നില്‍ അദ്ദേഹത്തിന്റെ ത്യാഗപരിശ്രമങ്ങളുണ്ടായിരുന്നു. നാല് മക്കളാണ് അദ്ദേഹത്തിന്.
അബൂദിയ നന്മണ്ട
Comments