Prabodhanm Weekly

Pages

Search

2013 ഓഗസ്റ്റ്‌ 23

ഹിജാബ് അടിച്ചമര്‍ത്തലിനും വിമോചനത്തിനുമപ്പുറം

പുസ്തകം / ഉമ്മുല്‍ ഫായിസ

മുസ്‌ലിം സ്ത്രീയുടെ വസ്ത്രം ഇന്ന് ലോകത്ത് വ്യാപകമായി ചര്‍ച്ച ചെയ്യപ്പെടുന്നുണ്ട്. ഈ ചര്‍ച്ചക്ക് നേതൃത്വം നല്‍കുന്ന മതേതരവാദികള്‍ മുസ്‌ലിം സ്ത്രീയുടെ വേഷത്തെ അടിച്ചമര്‍ത്തലിന്റെയും ആണ്‍കോയ്മയുടെയും യുക്തിരാഹിത്യത്തിന്റെയും ഉത്പന്നമായിട്ടാണ് വിലയിരുത്താറുള്ളത്. അതേസമയം മുസ്‌ലിം സമുദായത്തിനുള്ളില്‍ ഇതൊരു മതപരമായ പ്രശ്‌നമായാണ് മനസ്സിലാക്കുന്നത്. മാത്രമല്ല ആധുനിക കാലത്ത് മതേതരത്വത്തോടുള്ള ഒരു പ്രതികരണം എന്ന നിലയില്‍ മുസ്‌ലിം സ്ത്രീ വസ്ത്രത്തെ ഒരു വിമോചന അജണ്ടയായും കാണുന്ന രീതി മതപക്ഷത്തു വികസിച്ചുവന്നിട്ടുണ്ട്. ഇത് രണ്ടില്‍ നിന്നും വിഭിന്നമായി വ്യത്യസ്ത ഭൂമിശാസ്ത്ര സാമൂഹിക രാഷ്ട്രീയ സാംസ്‌കാരിക ചുറ്റുപാടുകളിലെ, മുസ്‌ലിം സ്ത്രീയുടെ വസ്ത്രധാരണവുമായി ബന്ധപ്പെട്ടു നിരവധി അക്കാദമിക പഠനങ്ങള്‍ ഇപ്പോള്‍ പുറത്തുവരുന്നുണ്ട്. ഇങ്ങനെയുള്ള ചുറ്റുപാടില്‍ മത-മതേതര സമീപനങ്ങളുടെ സാധ്യതകളും അസാധ്യതകളും പുതിയ അക്കാദമിക അന്വേഷണങ്ങളുടെ വെളിച്ചത്തില്‍ പരിശോധിക്കുന്ന പുസ്തകമാണ് 2012 ല്‍ വണ്‍വേള്‍ഡ് പബ്ലിക്കേഷന്‍സ് പ്രസിദ്ധീകരിച്ച 'The Islamic Veil: Beginner's Guide.' അമേരിക്കയിലെ നോര്‍ത്ത് ഈസ്‌റ്റേണ്‍ യൂനിവേഴ്‌സിറ്റിയില്‍ റിലീജ്യസ് സ്റ്റഡീസില്‍ അസിസ്റ്റന്റ് പ്രഫസറായ എലിസബത്ത് ബുകാര്‍ (Elizabeth Bucar) ആണ് രചയിതാവ്. അവര്‍ മുമ്പ് ഇറാന്‍ കേന്ദ്രീകരിച്ച് മുസ്‌ലിം സ്ത്രീകളെ കുറിച്ചും ലൈംഗികതയെ കുറിച്ചും നടത്തിയ പഠനങ്ങള്‍ നന്നായി ശ്രദ്ധിക്കപ്പെട്ടിട്ടുണ്ട്. നൈതികത, പ്രമാണങ്ങള്‍, നിയമം, കൊളോണിയലിസം, വിദ്യാഭ്യാസം, തൊഴില്‍, വ്യക്തിത്വം, ഫാഷന്‍ തുടങ്ങിയ തലക്കെട്ടുകളില്‍ ഹിജാബുമായി ബന്ധപ്പെട്ട സംവാദങ്ങള്‍ അടങ്ങിയ എട്ട് അധ്യായങ്ങളാണ് പുസ്തകത്തിലുള്ളത്. പുസ്തകത്തിലുടനീളം ഇസ്‌ലാമിക വസ്ത്രത്തിന് 'ഇസ്‌ലാമിക് വെയില്‍'(Islamic Veil) എന്ന ഇംഗ്ലീഷ് വാക്കാണ് ഉപയോഗിക്കുന്നത്. വ്യത്യസ്ത സാഹചര്യങ്ങളില്‍ ജീവിക്കുന്ന മുസ്‌ലിം സ്ത്രീകളുടെ വസ്ത്രങ്ങളെ പ്രതിനിധീകരിക്കുന്ന ഹിജാബ്, പര്‍ദ്ദ, ഖിമാര്‍, ജില്‍ബാബ്, നിഖാബ് തുടങ്ങി മൊറോക്കോയിലെ തുവാരഗ് ഗോത്രത്തിലെ മുസ്‌ലിം പുരുഷന്മാര്‍ ഉപയോഗിക്കുന്ന തലപ്പാവും മുഖാവരണവും വരെ അവര്‍ ചര്‍ച്ച ചെയ്യുന്നു. ഇങ്ങനെ മുസ്‌ലിം സ്ത്രീ പുരുഷന്മാരുടെ വേഷത്തെ മൊത്തത്തില്‍ കണക്കിലെടുത്താണ് ഇസ്‌ലാമിക് വെയില്‍ എന്ന് പുസ്തകത്തില്‍ പ്രയോഗിക്കുന്നത്.

കൊളോണിയലിസം
മുസ്‌ലിംകള്‍ ഭൂരിപക്ഷമുള്ള രാജ്യങ്ങളില്‍ അധിനിവേശത്തിനെതിരായ സമരങ്ങളിലും പ്രതിരോധങ്ങളിലും ഇസ്‌ലാം വഹിച്ച പങ്ക് കൊളോണിയല്‍ ശക്തികള്‍ക്ക് വലിയ തിരിച്ചടിയായിരുന്നു . മുസ്‌ലിംകളുടെ ഭൂമി തങ്ങള്‍ക്ക് വേണ്ട, അവരെ എങ്ങനെയെങ്കിലും പരിഷ്‌കരിച്ചു നല്ല മനുഷ്യരാക്കുക എന്നതാണ് ലക്ഷ്യം. കൊളോണിയല്‍ ശക്തികള്‍ തങ്ങളുടെ കടന്നു കയറ്റത്തിന് ന്യായമായി പറഞ്ഞത് ഇതായിരുന്നു. മുസ്‌ലിം സ്ത്രീയെ, അക്രമിയും ലൈംഗികാസക്തനുമായ മുസ്‌ലിം പുരുഷനില്‍ നിന്ന് രക്ഷിക്കുക എന്നതാണ് ഈ പരിഷ്‌കരണ അജണ്ടയില്‍ ഒന്നാമതായി വരുന്നത്. അങ്ങനെ 'തല തുറന്നിടുക' എന്നത് ഒരു സ്ത്രീവിമോചന അജണ്ടയായി അധീശ ശക്തികള്‍ എടുത്തുകാട്ടി. എന്നാല്‍ ഈ പരിഷ്‌കരണത്തിന് അടിമപ്പെടേണ്ടി വന്ന മുസ്‌ലിം സ്ത്രീ തന്നെ കുറിച്ച് എന്ത് പറയുന്നുവെന്ന് അവര്‍ ഒരിക്കലും ചോദിച്ചില്ല. അതു വഴി കോളനികളിലെ സ്ത്രീകള്‍ കൊളോണിയല്‍ പരിഷ്‌കരണ അജണ്ടകളുടെ ഒരു സ്വീകരണ സ്ഥലം മാത്രമായി മാറി. ഹിജാബ് എന്നത് ഇങ്ങനെ കൊളോണിയല്‍ കടന്നു കയറ്റത്തെ ന്യായീകരിക്കുന്ന ഒരു സാംസ്‌കാരിക ചിഹ്നം ആയി പാശ്ചാത്യ ഭാവനകളില്‍ നിറഞ്ഞുനിന്നു. ഇതിനൊരു മറു വശം കൂടിയുണ്ട്. കൊളോണിയല്‍ കടന്നു കയറ്റത്തെ ചെറുത്ത കോളനികളിലെ പുരുഷന്മാരാവട്ടെ സ്ത്രീകള്‍ തല മറക്കുന്നത് കൊളോണിയല്‍ അജണ്ടകളുടെ പ്രതിരോധമായി കണക്കാക്കാന്‍ തുടങ്ങി. തങ്ങളുടെ സംസ്‌കാരം വീടകങ്ങളില്‍ ഇരിക്കുന്ന സ്ത്രീകളുടേതാണെന്ന് അവര്‍ പറഞ്ഞു. അത് വഴി സംസ്‌കാരത്തിന്റെ ഭാരം സ്ത്രീകളുടെ തലയില്‍ വന്നു കേറി. ഇത് കോളനികളിലെ പുരുഷന്മാര്‍ക്ക് എളുപ്പം ആധുനിക വസ്ത്രങ്ങള്‍ സ്വീകരിക്കാനും സംസ്‌കാരത്തിന്റെ ഭാരമില്ലാതെ ജീവിക്കാനും ഉള്ള സൗകര്യം ഒരുക്കിയപ്പോള്‍, കോളനിവല്‍കരിക്കപ്പെട്ട സമൂഹങ്ങളിലെ സ്ത്രീകള്‍ സംസ്‌കാരത്തിന്റെ വാഹകരായി അതിന്റെ ഭാരം പേറുന്നവരായി മാറി. അങ്ങനെ കോളനികളിലെ മുസ്‌ലിം സ്ത്രീയുടെ വസ്ത്രം എന്നത് കൊളോണിയല്‍ ശക്തികളും കോളനിവല്‍കൃത ആണുങ്ങളും തമ്മിലുള്ള സംഘര്‍ഷത്തിന്റെ ഭാഗമായി മാറി. കോളനിവല്‍കൃത സമൂഹങ്ങളിലെ സ്ത്രീകള്‍ ഈ പോരാട്ടത്തില്‍ വെറും 'വസ്തു' അല്ലെങ്കില്‍ ആണുങ്ങള്‍ക്ക് പോരാടാനുള്ള ഒരു 'കാരണം' മാത്രമായി ചുരുങ്ങി. ഇതിന്റെ ഒരു ക്ലാസിക്കല്‍ ഉദാഹരണം ഫ്രഞ്ച് കോളനി ആയിരുന്ന അള്‍ജീരിയ ആണ്. അള്‍ജീരിയയില്‍ കോളനിവല്‍ക്കരണ കാലത്ത് ഫ്രഞ്ചുകാര്‍ ഹിജാബിനെ കണ്ടത് തങ്ങളുടെ സാംസ്‌കാരിക സ്വാംശീകരണ അജണ്ടകള്‍ക്കെതിരായ ചെറുത്തുനില്‍പ്പായിട്ടാണ്. അള്‍ജീരിയക്കാര്‍ ആവട്ടെ സാമ്രാജ്യത്വ ആധിപത്യത്തിനെതിരായ ചെറുത്തുനില്‍പ്പായും കണ്ടു. ഈ രണ്ടു സമീപനവും ഒരു പോലെയാണ് എന്നല്ല പറയുന്നത്. കോളനിവല്‍ക്കരണത്തിനെതിരായ പോരാട്ടം നടത്തിയവര്‍ സ്ത്രീകളെ അടിച്ചമര്‍ത്തുന്നവര്‍ ആണ് എന്നുമല്ല പറയുന്നത്. മറിച്ചു, അധിനിവേശത്തിനെതിരായ പോരാട്ടം സ്ത്രീ ശരീരത്തെ ഒരേ സമയം കോളനിവല്‍കരിക്കുന്നവന്റെയും അതിനെ എതിര്‍ക്കുന്നവന്റെയും ഇടയില്‍ ഞെരുക്കി ഇല്ലാതാക്കുന്ന ഒരു പ്രത്യേക കൊളോണിയല്‍ ചരിത്ര സാഹചര്യം ആണ്. ഈ രണ്ടു സാഹചര്യത്തിലും സ്ത്രീകളുടെ സ്വന്തമായ ഇടങ്ങളും ചിന്തയും കര്‍മശേഷിയും തകര്‍ക്കപ്പെടുകയാണ്.

ലിബറല്‍ ഫെമിനിസം
ലിംഗപരമായ വിവേചനത്തിനും അടിച്ചമര്‍ത്തലിനും എതിരായിട്ടാണ് ലിബറല്‍ ഫെമിനിസ്റ്റ് സംവാദങ്ങള്‍ യുറോ-അമേരിക്കന്‍ നാടുകളില്‍ രൂപപ്പെടുന്നത്. എല്ലാ സ്ത്രീകളുടെ പ്രശ്‌നങ്ങളും ഒന്നായി കാണുന്ന ലിബറല്‍/ഉപരിവര്‍ഗ/വെളുത്ത സ്ത്രീവാദങ്ങള്‍ വ്യത്യസ്ത സാമൂഹിക പശ്ചാത്തലങ്ങളിലുള്ള സ്ത്രീ പ്രശ്‌നങ്ങളെ മനസ്സിലാക്കുന്നതില്‍ പരാജയപ്പെട്ടിരുന്നു. മുസ്‌ലിം സ്ത്രീകളുടെ വസ്ത്രവുമായി ബന്ധപ്പെട്ട ചര്‍ച്ചകളിലും ഇവ പ്രതിഫലിക്കുന്നുണ്ട്. വ്യവഹാരങ്ങളുടെ സ്വാധീനവും വളരെ വ്യക്തമായി ഇത്തരം സ്ത്രീവാദങ്ങളില്‍ തുടരുന്നു. ലിബറല്‍ സ്ത്രീവാദം മുസ്‌ലിം സ്ത്രീയുടെ വസ്ത്രത്തെ കാണുന്നത് രണ്ടു രീതിയില്‍ ആണ്. ഒന്നാമത്തെ കൂട്ടര്‍ മുസ്‌ലിം സ്ത്രീകള്‍ ബുദ്ധിയും കഴിവുമുള്ളവരാണെന്നും എന്നാല്‍ മുസ്‌ലിം പുരുഷന്മാര്‍ അവരെ ഹിജാബ് ധരിപ്പിച്ചു കൊണ്ട് അടിച്ചമര്‍ത്തുകയാണെന്നും വാദിക്കുന്നു. രണ്ടാമത്തെ വിഭാഗം, ഹിജാബ് സ്വയം തെരഞ്ഞെടുക്കുന്ന സ്ത്രീകളെ ബുദ്ധിയില്ലാത്തവരും മസ്തിഷ്‌കപ്രക്ഷാളനം (Brainwash) സംഭവിച്ച മന്ദബുദ്ധികളായും വിലയിരുത്തുന്നു. ഒന്നുകില്‍ അടിച്ചമര്‍ത്തപ്പെട്ട ഇരകള്‍, അല്ലെങ്കില്‍ ചിന്താശേഷി കുറഞ്ഞ ഹതഭാഗ്യരായ കഴിവുകെട്ട മനുഷ്യര്‍ എന്ന രീതിയില്‍ മുസ്‌ലിം സ്ത്രീകളെ ലിബറല്‍ ഫെമിനിസം ചുരുക്കുന്നു.
കൊളോണിയലിസവും ഓറിയന്റലിസവും ലിബറല്‍ ഫെമിനിസവും സൃഷ്ടിച്ച മുസ്‌ലിം സ്ത്രീയുടെ വസ്ത്രത്തെ കുറിച്ചുള്ള ധാരണകള്‍ മാത്രമല്ല ഈ പുസ്തകം കൈകാര്യം ചെയ്യുന്നത്. മുസ്‌ലിം സ്ത്രീയുടെ പൊതു മണ്ഡലത്തിലെ പ്രതിനിധാനവും വളരെ വിശദമായി അവര്‍ വിശകലനം ചെയ്യുന്നു. തൊഴിലിടം, വിദ്യാഭ്യാസം തുടങ്ങിയ മേഖലകളില്‍ കാല ദേശ സാഹചര്യങ്ങള്‍ക്കനുസരിച്ചു മുസ്‌ലിം സ്ത്രീയുടെ വസ്ത്രം എങ്ങനെയാണ് ഇങ്ങനെ പ്രതിനിധാനം ചെയ്യപ്പെടുന്നതെന്നും അതിന്റെ പ്രശ്‌നങ്ങള്‍ എന്തെന്നും അവര്‍ അന്വേഷിക്കുന്നു. ഹിജാബിന്റെ പ്രതിനിധാനത്തെ കുറിച്ചുള്ള ചര്‍ച്ചകള്‍ മിക്കവയും ഹിജാബ് വിമോചനപരം അല്ലെങ്കില്‍ അടിച്ചമര്‍ത്തല്‍ എന്ന രണ്ടു രീതിയിലുള്ള സമീപനങ്ങളില്‍ കുടുങ്ങി നില്‍ക്കുന്നതായി കാണാം. ഇങ്ങനെയുള്ള ഒരു ദ്വന്ദ്വത്തിനു പലപ്പോഴും മുസ്‌ലിം സ്ത്രീയുടെ വസ്ത്രം ഉണ്ടാക്കുന്ന പ്രതിസന്ധികളെ പൂര്‍ണമായും വിശദീകരിക്കാന്‍ കഴിയാറില്ല.

തൊഴിലിടം
1980-കളിലും '90-കളിലും ഹിജാബിന്റെ ഉപയോഗത്തില്‍ വര്‍ധനയുണ്ടായതായി ഈജിപ്ഷ്യന്‍ ഇസ്‌ലാമിക ഫെമിനിസ്റ്റും സ്ത്രീപക്ഷ ചരിത്രകാരിയുമായ ലൈല അഹ്മദ് നിരീക്ഷിക്കുന്നു. ഇങ്ങനെ പൊതു മണ്ഡലത്തിലേക്ക് കടന്നുവന്ന ഹിജാബ് ധാരിണികള്‍ പൊതുവേ ഉപരിവര്‍ഗത്തില്‍ നിന്നുള്ള വിദ്യാസമ്പന്നരായ യുവതികളായിരുന്നു. വളരെ 'നിയന്ത്രിതമായ' മത കുടുംബ സാഹചര്യത്തില്‍നിന്ന് ഹിജാബിനെ പൊതു ഇടത്തിലേക്ക് കടക്കാനുള്ള ഒരു പ്രവേശന പാസായാണ് അവര്‍ കണ്ടത്. ഹിജാബു ധരിച്ചുകൊണ്ട് പുറത്ത് ജോലി ചെയ്യുന്നത് ചില കുടുംബങ്ങളില്‍ അനുവദിച്ചിരുന്നു. ഇങ്ങനെയൊരു സാഹചര്യത്തില്‍ മാതൃകാ കുടുംബിനിയും നല്ലൊരു തൊഴിലാളിയും ആവാന്‍ അവള്‍ ഹിജാബ് ധരിക്കാന്‍ തുടങ്ങി. ഹിജാബ് ധരിക്കുന്നത് കുടുംബത്തോടും മതത്തോടും കൂറുള്ളവളാണെന്നു കാണിക്കാനും അതോടൊപ്പം വീടിന് പുറത്ത് തൊഴിലിന് പോകാനും സഹായകമായി. ഇവര്‍ പ്രധാനമായും രണ്ടു വാദങ്ങളെ ഹിജാബിലൂടെ മറികടന്നു. ഒന്ന്, ഹിജാബ് സ്ത്രീകളുടെ പുരോഗമനത്തിനു തടസ്സമാണെന്ന മതേതര വാദം. രണ്ടു, പെണ്ണിന്റെ സ്ഥാനം വീട്ടകങ്ങളിലാണ് എന്ന മുസ്‌ലിം യാഥാസ്ഥിതിക സമീപനം. ഈ രണ്ടു നിരീക്ഷണങ്ങളിലൂടെ എലിസബത്ത് ബുകാര്‍ ഹിജാബ് ധരിക്കുന്ന മുസ്‌ലിം സ്ത്രീയുടെ സാമൂഹിക സാന്നിദ്ധ്യത്തെ, അവളുടെ ഏജന്‍സിയെ, വളരെ വ്യക്തമായി കാണിക്കുന്നു.
ചില മതേതര ഭരണകൂട സാഹചര്യങ്ങളില്‍ ഹിജാബ് ധരിക്കുന്നത് വിവേചനത്തിനും ഉദ്യോഗക്കയറ്റം തടയുന്നതിനും കാരണമായതായി ഈ പുസ്തകം വിശദീകരിക്കുന്നു. പ്രധാനമായും മുസ്‌ലിംകള്‍ ന്യുനപക്ഷമായ ഇടങ്ങളിലാണ് ഇത് സംഭവിക്കാറുള്ളത്. ഹിജാബ് ഒഴിവാക്കാത്തതിന്റെ പേരില്‍ ജോലി നഷ്ടമായ മുസ്‌ലിം സ്ത്രീകളുണ്ട്. ഇതൊരു അറബു വസ്ത്രമാണെന്നും മത സ്വാതന്ത്ര്യത്തിനു കീഴില്‍ പെടില്ലെന്നും സെക്യുലര്‍ നിയമ കോടതികള്‍ വിധി പറഞ്ഞു. അങ്ങനെ വിശ്വാസത്തിനും ജീവിതത്തിനുമിടയിലും ജോലിക്കും മതത്തിനുമിടയിലും ഏതെങ്കിലും ഒന്നു തെരഞ്ഞെടുക്കാന്‍ അവര്‍ നിര്‍ബന്ധിതരായി.

ഹിജാബ് എന്ന മറ
മതം മുഖ്യപങ്ക് വഹിക്കുന്ന ഒരു സാമൂഹിക ഘടനയിലാണ് ഹിജാബിനെ ഒരു 'മറ' ആയി കാണുന്നത്. മതപരമായി നോക്കിയാല്‍ ഇസ്‌ലാം വിശ്വാസികളോട് (ആണിനോടും പെണ്ണിനോടും) അറിവ് നേടാന്‍ കല്പിച്ചിട്ടുണ്ട്. എന്നാല്‍ ആണും പെണ്ണും ഇടപഴകുമ്പോള്‍ പരസ്പരം സുക്ഷ്മത പാലിക്കാനും നിഷ്‌കര്‍ഷിച്ചിട്ടുണ്ട്. ഇത് ചില മുസ്‌ലിം സമൂഹങ്ങളെ ആണിന്റെയും പെണ്ണിന്റെയും ഇടങ്ങള്‍ തന്നെ വ്യത്യസ്തമാണെന്ന അനുമാനത്തിലെത്തിച്ചു. ആധുനിക സാഹചര്യത്തില്‍ വിദ്യാഭ്യാസം ചെയ്യാന്‍ ചിലര്‍ ഹിജാബു എന്നത് ഒരു 'മറ'യായി പരിഗണിച്ചു. അങ്ങനെ ഹിജാബ് ധരിച്ചു സ്ത്രീക്ക് വിദ്യാലയങ്ങളില്‍ പ്രവേശനം നല്‍കി. ഇവിടെ ഹിജാബ് സ്ത്രീക്ക് 'നിയന്ത്രിതമായ' രീതിയില്‍ അറിവ് നേടാനുള്ള അവസരം നല്‍കി. എന്നാല്‍ ഇതും കടന്നു ഹിജാബു ധരിക്കാത്ത പെണ്‍കുട്ടിക്ക് പ്രവേശനം നിഷേധിച്ചു കൊണ്ട് അങ്ങനെയുള്ള സ്ത്രീകള്‍ക്ക് ഒരു തരത്തിലും പ്രസ്തുത മുസ്‌ലിം നാടുകളില്‍ പഠിക്കാന്‍ അര്‍ഹതയില്ല എന്ന് ചില ഭരണകൂടങ്ങള്‍ വിധിക്കുന്നു.
മതേതര രാഷ്ട്ര സങ്കല്‍പ്പവും പൊതുമണ്ഡലത്തിലെ മതചിഹ്നങ്ങളുടെ (വിശിഷ്യ ഹിജാബിന്റെ) ദൃശ്യതയും തമ്മിലുള്ള സംഘര്‍ഷത്തിന്റെ പശ്ചാത്തലത്തില്‍ ഹിജാബിന്റെ പ്രതിനിധാനം അതിന്റെ 'ദൃശ്യത' ആണ്. അതായത് സെകുലര്‍ പൊതു ഇടങ്ങളില്‍ മത ചിഹ്നങ്ങള്‍ ഉപയോഗിക്കുന്നത് രാഷ്ട്രത്തിന്റെ 'മതേതര ഘടന'യുടെ നിലനില്‍പ്പിന് ഭീഷണിയാണെന്നു മതേതര ഭരണകൂടം അനുമാനിക്കാന്‍ തുടങ്ങി. ഇങ്ങനെയുള്ള മതേതരത്വം മതത്തെ സ്വകാര്യ ഇടത്തിലെ വിശ്വാസം മാത്രമാക്കി ചുരുക്കി. 1979-ലെ ഇറാന്‍ വിപ്ലവവും അഫ്ഗാനിലെ താലിബാന്‍ ഭരണവും ഫലസ്ത്വീന്‍ ഇന്‍തിഫാദയും 9/11 സംഭവങ്ങളും ആഗോളതലത്തിലെ ഇസ്‌ലാമിക രാഷ്ട്രീയത്തിന്റെ കടന്നുവരവായി വായിക്കപ്പെട്ടു. ഇത് മതേതര രാഷ്ട്രങ്ങളെ ആശങ്കയിലാഴ്ത്തി. പാശ്ചാത്യ രാജ്യങ്ങളില്‍ മുസ്‌ലിം കുടിയേറ്റത്തിന്റെ ഭാഗമായി ഇതേ സമയത്ത് തന്നെ ഹിജാബു ധരിച്ച പെണ്‍കുട്ടികള്‍ പൊതു ഇടങ്ങളില്‍ (പ്രത്യേകിച്ചും, വിദ്യാലയങ്ങളില്‍) വര്‍ധിച്ച തോതില്‍ പ്രത്യക്ഷപ്പെടാന്‍ തുടങ്ങി. ഇത് ഹിജാബിനെ എളുപ്പത്തില്‍ ഇസ്‌ലാമിക മതചിഹ്നമായും അതുവഴി രാഷ്ട്രീയ ഇസ്‌ലാമിന്റെ അനുബന്ധമായും വായിക്കാന്‍ കാരണമായി. അങ്ങനെ പല മതേതര ഭരണകൂടങ്ങളും ഹിജാബു വിദ്യാലയങ്ങളിലും പൊതു ഇടങ്ങളിലും നിരോധിച്ചു. ഇത് ഹിജാബു ധാരിണികളും മതേതര ഭരണകൂടങ്ങളും തമ്മിലുള്ള സംഘര്‍ഷത്തിന് വഴിയൊരുക്കി. വിദ്യാലയങ്ങളില്‍ ഹിജാബ് നിരോധിച്ച സാഹചര്യത്തില്‍ ഹിജാബ് ധാരണം മതസ്വാതന്ത്ര്യത്തിനു കീഴില്‍ സംരക്ഷിക്കപ്പെടണമെന്ന് മുസ്‌ലിം സ്ത്രീകള്‍ വാദിച്ചു. എന്നാല്‍ ഹിജാബ് നിരോധിക്കാനുള്ള പ്രധാന കാരണം ലിംഗ വിവേചനമാണെന്നും അതുകൊണ്ട് ശിരോവസ്ത്രം സംരക്ഷിക്കപ്പെടേണ്ടതില്ല എന്നും സ്‌റ്റേറ്റ് തീരുമാനിച്ചു. ഇങ്ങനെ ലിബറല്‍ സ്ത്രീവാദങ്ങളിലൂടെ തങ്ങളുടെ പക്ഷം ന്യായീകരിച്ചുകൊണ്ട് മതേതര ഗവണ്‍മെന്റ് തല മറച്ച മുസ്‌ലിം സ്ത്രീയെ വിദ്യാലയങ്ങളില്‍നിന്നും പുറത്താക്കി. ഇവിടെ ആര്‍ക്കും യാതൊരു 'മറ'യുമില്ലാതെ പഠിക്കാന്‍ സെക്യുലര്‍ കലാലയങ്ങള്‍ സ്വാതന്ത്ര്യം നല്‍കുന്നു. എന്നാല്‍ ഒരു മുസ്‌ലിം സ്ത്രീ തനിക്കിഷ്ടമുള്ള വസ്ത്രം പൊതുമണ്ഡലത്തിലും കലാലയത്തിലും ദൃശ്യപെടുത്തുന്നതിനു അവര്‍ 'നിയന്ത്രണങ്ങള്‍' എര്‍പ്പെടുത്തുന്നു.

ഹിജാബ് എന്ന തെരഞ്ഞെടുപ്പ്
ഹിജാബ് ഒരു തെരഞ്ഞെടുപ്പ് എന്ന നിലയില്‍ വളരെയധികം കൗതുകകരമായ ചരിത്ര സാഹചര്യങ്ങളില്‍ കാണുന്നുണ്ട്. ഇജിപ്ഷ്യന്‍ സെക്യുലര്‍ ഫെമിനിസ്റ്റ് ഹുദ ശഅ്‌റാവി ബ്രിട്ടീഷ് കോളനിവത്കരണ കാലത്ത് സാമ്രാജ്യത്വ ശക്തികള്‍ക്കെതിരായ പ്രതിരോധമായി ഹിജാബ് ധരിച്ചിരുന്നു. പിന്നീട് രാജ്യം സ്വതന്ത്രമായപ്പോള്‍ ഹിജാബ് ഉപേക്ഷിച്ചു. അതേസമയം അള്‍ജീരിയയില്‍ ഫ്രഞ്ച് കൊളോണിയലിസത്തിനെതിരായി പോരാടിയിരുന്ന ഇസ്‌ലാമിസ്റ്റുകളായ സ്ത്രീകള്‍ ഫ്രഞ്ചുകാരുടെ ചെക്‌പോസ്റ്റുകളില്‍ ആയുധം കടത്താന്‍ ഹിജാബ് ഒഴിവാക്കി യുറോപ്യന്‍ സ്ത്രീകള്‍ ആയി വേഷമണിഞ്ഞു വളരെ കൂളായി ഫ്രഞ്ച് ചെക്‌പോസ്റ്റുകള്‍ കടന്നു. ഇങ്ങനെ ഹിജാബ് ഒരു തെരഞ്ഞെടുപ്പ് എന്ന നിലയില്‍ സ്ത്രീകള്‍ പല രീതിയിലാണ് ഉപയോഗിക്കുന്നത്.

പുസ്തകത്തിന്റെ പ്രസക്തി
ഹിജാബുമായി ബന്ധപ്പെട്ട ചര്‍ച്ചകള്‍ പലപ്പോഴും വിമോചനം/അടിച്ചമര്‍ത്തല്‍ തുടങ്ങിയ കോണുകളിലൂടെ മാത്രമാണ് നടക്കാറുള്ളത്. അടിച്ചമര്‍ത്തപ്പെട്ട സ്ത്രീയുടെ വസ്ത്രമായ ഹിജാബും ഒരൊറ്റ രീതിയില്‍ മുഖം താഴ്ത്തി നില്‍ക്കുന്ന മുസ്‌ലിം സ്ത്രീയും മാത്രമേ അത്തരം വിശകലനങ്ങളില്‍ കാണാറുള്ളൂ. എലിസബത്ത് ബുകാര്‍ പറയാന്‍ ശ്രമിക്കുന്നത്, ഹിജാബ് പല അര്‍ഥങ്ങള്‍ ഉല്‍പ്പാദിപ്പിക്കുന്ന ഒരു ചിഹ്ന വ്യവസ്ഥയുടെ ഭാഗമാണ് എന്നാണ്. വ്യത്യസ്ത സാമൂഹിക സാംസ്‌കാരിക രാഷ്ട്രീയ സാഹചര്യങ്ങളിലെ ഹിജാബിന്റെ പ്രതിനിധാനത്തിനു തീര്‍ത്തും വ്യത്യസ്തമായ കാരണങ്ങളാണുള്ളത്. ഒരേ സാമൂഹിക ചുറ്റുപാടുകളില്‍(ഒരേ വീട്ടില്‍/ഓഫീസില്‍/തൊഴിലിടത്തില്‍) ജീവിക്കുന്ന മുസ്‌ലിം സ്ത്രീകള്‍ക്ക്‌പോലും ഹിജാബിനെകുറിച്ച് വ്യത്യസ്ത അഭിപ്രയമാണുള്ളത്. അങ്ങനെ ഹിജാബ് എളുപ്പത്തില്‍ അഭിപ്രായം പറഞ്ഞു കൈകാര്യം ചെയ്യാവുന്ന ഒരു വിഷയമല്ലെന്നും വളരെ സൂക്ഷ്മ രാഷ്ട്രീയമുള്ള ഒരു വസ്ത്രമാണെന്നും ഈ പുസ്തകം നമ്മോട് പറയുന്നു. ഹിജാബിനെ എളുപ്പത്തില്‍ നിയന്ത്രിച്ചുകളയാം എന്ന ആധുനിക സെക്യുലര്‍ ഭരണകൂട യുക്തി ഇസ്‌ലാമിക സമൂഹം ഈ വിഷയത്തില്‍ പുലര്‍ത്തുന്ന അങ്ങേയറ്റം ബഹുസ്വരമായ സമീപനത്തെ ഒട്ടും പരിഗണിക്കുന്നില്ലെന്നു ഈ പുസ്തകം അടിവരയിടുന്നു. മധ്യകാലത്തെ ആണുങ്ങളായ ഇസ്‌ലാമിക പണ്ഡിതന്മാര്‍ മുതല്‍ ഇസ്‌ലാമിക ഫെമിനിസ്റ്റുകളായ ആമിന വദൂദ്, ലൈല അഹ്മദ്, അസ്മ ബര്‍ലാസ് തുടങ്ങിയവര്‍ വരെ ഹിജാബിനെകുറിച്ച് ഭിന്നാഭിപ്രായം പുലര്‍ത്തുന്നു എന്നും ഇവയൊക്കെ ഒരു ജനസമൂഹം എന്ന നിലയില്‍ മുസ്‌ലിംകളെ പല രീതിയില്‍ നിര്‍ണയിക്കുന്നുവെന്നും ഈ പുസ്തകം കാണിച്ചുതരുന്നു.
(ദല്‍ഹി യൂനിവേഴ്‌സിറ്റിയില്‍ പൊളിറ്റിക്കല്‍ സയന്‍സ് വിദ്യാര്‍ഥിനിയാണ് ലേഖിക)

Comments

Other Post

ഖുര്‍ആന്‍ ബോധനം

മര്‍യം / 4-7
എ.വൈ.ആര്‍