പറങ്കികളുടെ അധീശ വ്യാമോഹവും, മഖ്ദൂമിന്റെ തഹ്‌രീളും തമ്മില്‍
അധിനിവേശം മലിനവും നീചവുമായ ഒരു പ്രതിസംസ്‌കാരമാണ്. മറ്റുള്ളവരുടെ സ്വസ്ഥജീവിതത്തിലേക്ക് ഒരുതരം സമ്മതിയുമില്ലാതെ രൗദ്രഭീകരമായി ഇരമ്പിക്കയറുകയും അവിടെനിന്നവരെ നിര്‍ദ്ദയം ഉന്തിയിട്ടു സര്‍വ്വ ആസ്തികളും കവര്‍ന്ന് നിമിഷാര്‍ദ്ധം കൊണ്ട് ഉടമ നിസ്വനാക്കപ്പെടുകയും ശേഷം രണോത്സുകമായി ആക്രമിക്കപ്പെടുകയും ചെയ്യുന്നു. ഇത്തരം നിരവധി സന്ദിഗ്ധ സന്ദര്‍ഭങ്ങളെ ഭൂതകാലത്തും വര്‍ത്തമാനത്തിലും നമ്മുടെ ജനസഞ്ചയങ്ങള്‍ അഭിമുഖീകരിച്ചിട്ടുണ്ട്. എപ്പോഴൊക്കെ ഇത്തരം പ്രതിലോമപരതകള്‍ തിമിര്‍ത്താടിയോ അപ്പോഴൊക്കെ അതിനെതിരെയുള്ള പോരാട്ട വീര്യങ്ങളും തിടം വെച്ചിട്ടുണ്ട്. എവിടെ അധീശ വ്യാമോഹങ്ങള്‍ക്ക് സന്ദര്‍ഭങ്ങളുണ്ടോ, അവിടെയൊക്കെ വിമോചനത്തിനുള്ള വിശുദ്ധ പോരാട്ടങ്ങളും സ്വയമേവ വികസിപ്പിക്കപ്പെടും.
അധീശ ഭീകരത ഈവിധം ചവിട്ടിക്കുഴച്ച ഒരിന്ത്യന്‍ പ്രദേശം ഒരു പക്ഷേ കേരളത്തിലെ മലബാര്‍ മാത്രമായിരിക്കും. ഇന്ത്യയിലെ ഏതു ദേശത്തേക്കും വന്ന അധികാര വാഴ്ചകള്‍ ഒന്നുകില്‍ പ്രാദേശികം തന്നെയോ അല്ലെങ്കില്‍ തദ്ദേശീയരാവാന്‍ വെമ്പിയ പരദേശികളോ ആണ്. അധികാര സോപാനമേറിയവര്‍ ദ്രുതഗതിയില്‍ നമ്മുടെ തന്നെ സാംസ്‌കാരിക സ്വത്വത്തില്‍ അലിഞ്ഞവരായിരുന്നു. എന്നാല്‍ മലബാറിലേക്കുള്ള പോര്‍ചുഗീസ് അധിനിവേശം തികച്ചും വ്യത്യസ്തമായിരുന്നു. സമുദ്രപഥങ്ങള്‍ റാഞ്ചുകയും തദ്ദേശീയ വിഭവങ്ങള്‍ക്കുമേല്‍ വാണിജ്യക്കുത്തക സ്വന്തമാക്കുകയും അതത്രയും സ്വന്തം രാജ്യത്തേക്ക് കട്ടുകടത്തുകയുമായിരുന്നു അതിന്റെ ലക്ഷ്യം. ഒരുതരം നൈതികതയും സദാചാരമൂല്യങ്ങളും അത്തരക്കാര്‍ പ്രക്ഷേപിക്കുകയില്ല. ഇത്തരം രൗദ്രമായ അധിനിവേശ പീഡാനുഭവ കഥകളാണ് പോര്‍ച്ചുഗീസ് ഗാമയുടെ വരവോടെ കേരളം നേരിട്ടത്. ഇത്തരം സ്വാര്‍ത്ഥ കൗടില്യങ്ങള്‍ നമ്മുടെ വിശുദ്ധ തീരങ്ങളെ മാന്തിക്കുടയാന്‍ ആഞ്ഞ അന്നുതന്നെ അതിനെതിരെയുള്ള നമ്മുടെ വിമോചന പോരിടങ്ങളും സജീവമായിട്ടുണ്ട്.
സുലൈമാന്‍ പ്രവാചകന്റെ കാലത്തേ, കിഴക്കും പടിഞ്ഞാറുമായി മലബാറിനു ഇരമ്പുന്ന കച്ചവട സൗഹൃദങ്ങളുണ്ടായിരുന്നു. ഇത്തരം വ്യാപാര സമൃദ്ധികളെ പിന്നീട് തെഴുപ്പിച്ചതാകട്ടെ അറബികളും. അറേബ്യന്‍ ഗോത്രവര്‍ഗ്ഗ ജീവിതത്തിന്റെ സ്വകീയമായ വര്‍ത്തക നൈപുണിയും സഞ്ചാര തല്‍പ്പരതയുടെ പ്രസാദാത്മകതയും ഇസ്‌ലാമിന്റെയും പ്രവാചകന്റെയും വരവോടെ പൂര്‍വ്വാധികം ചടുലമായി. നവ വിശ്വാസത്തിന്റെ ഊര്‍ജപ്രസരം വര്‍ത്തുളമാക്കിയ അറേബ്യന്‍ വര്‍ത്തകര്‍ പെരുപ്പിച്ചതാണ് അവിടന്നങ്ങോട്ട് കേരളത്തിന്റെ സാമ്പത്തികം. അവര്‍ പുനര്‍നിര്‍മിച്ചതാണ് നമ്മുടെ സാമൂഹ്യജീവിതത്തിന്റെ സര്‍ഗസ്ഥലികള്‍. ജാതിവ്യവസ്ഥയുടെ കണിശ കാര്‍ക്കശ്യങ്ങള്‍ മറിച്ചു കുഴച്ച സാമൂഹിക ജീവിത ശീര്‍ഷങ്ങളില്‍ സുരക്ഷിതമായ പൊതുഇടങ്ങള്‍ അങ്ങനെ വികസിതമായതാണ്. പതിയെ കേരളത്തിന്റെ തീരഭൂമികളിലും ഉള്‍നാടുകളിലും മുസ്‌ലിം സൗഹൃദ ജീവിതം ഒരു വിസ്മയമായി. അവര്‍ പൊതുജീവിതത്തില്‍ വിശ്വാസത്തിന്റെ പൈമ്പാല്‍ ചുരത്തി. സത്യസന്ധതയും വിശ്വസ്തതയും ആവോളം വേണ്ട വ്യാപാര മണ്ഡലത്തില്‍ തലയെടുപ്പോടെ ഇടപെടാന്‍ അവര്‍ക്കായത് അതുകൊണ്ടുകൂടിയാണ്. അങ്ങനെ എല്ലാവരെയും പാരസ്പര്യത്തോടെ ഉള്‍ക്കൊണ്ട് കേരളീയ സാമൂഹിക ജീവിതം സ്വഛമായി ഒഴുകവെയാണ്, അശനിപാതമായി കുരിശുയുദ്ധ വെറിയോടെ പോര്‍ച്ചുഗീസ് പടക്കപ്പലുകള്‍ വെറുപ്പും വെടിക്കോപ്പുകളുമായി ചീങ്കണ്ണികളെപ്പോലെ നീന്തിയെത്തിയത്.
1498 മെയ് 21 കേരളത്തിനും പ്രത്യേകിച്ച് മലബാറിനും ഒരു ദുര്‍ദ്ദിനമായിരുന്നു. അന്നാണ് പോര്‍ച്ചുഗീസ് കുടില കങ്കാണി സംഘം കേരളത്തിന്റെ സ്വസ്ഥ ജീവിതത്തില്‍ വിഷം കലക്കിയത്. കൊച്ചി മുതല്‍ വടക്ക് മംഗലാപുരം വരെയുള്ള നാട്ടുരാജ്യ സ്വരൂപങ്ങള്‍ തമ്മിലുള്ള വഴക്കും ചെറുപിണക്കങ്ങളും മുതലെടുത്താണ് പോര്‍ച്ചുഗീസുകാരിവിടെ വ്യാപാര പോരിമക്ക് പ്രബലത നേടിയത്. നിഷ്ഠുരമായി കൊന്നും കവര്‍ന്നും കൊലവിളിച്ചും അവര്‍ വിശ്വരൂപം കാട്ടി. വംശീയവും മതപരവുമായ അഹംബോധങ്ങളാണ് ഈയൊരു രൗദ്ര നിലപാടിനവരെ പ്രചോദിപ്പിച്ചത്. സമുദ്രം എല്ലാവര്‍ക്കും യാത്ര ചെയ്യാന്‍ പറ്റുമെങ്കിലും യൂറോപ്പിലെ ക്രിസ്ത്യാനികള്‍ക്കേ അതിനവകാശമുള്ളൂവെന്ന് പോര്‍ച്ചുഗീസ് ചരിത്രകാരനായ ബറോസിനു നിരീക്ഷിക്കാനായത് ഇതുകൊണ്ടാണ്. ഈ അഹങ്കാര ബോധ്യത്തിലാണ് വാസ്‌കോ ഡ ഗാമ കേരളത്തില്‍ തുറമുഖച്ചുങ്കം കൊടുക്കാന്‍ വിസമ്മതിച്ചത്. 1500-ല്‍ പറങ്കി അധിനിവേശ തുടര്‍ച്ചയില്‍ കേരളത്തിലെത്തിയ പെഡ്രോ കബ്രാള്‍ കൊള്ളയടിച്ചത് സാമൂതിരിയുടെ തന്നെ കച്ചവടക്കപ്പലുകളാണ്. ഈയൊരൊറ്റ അക്രമത്തില്‍ കൊല്ലപ്പെട്ടത് അറുനൂറില്‍ ഏറെ. 1502-ല്‍ നിഷ്ഠുരനായ ഗാമ കോഴിക്കോട്ട് തിരിച്ചെത്തിയത് സാമൂതിരിയെ ശിക്ഷിക്കുവാനുള്ള പോര്‍ച്ചുഗീസ് രാജാവിന്റെ തിട്ടൂരവുമായാണ്. സ്വന്തം നാട്ടുരാജ്യം തലമുറകളായി വാണുകൊണ്ടിരിക്കുന്ന രാജാവിനെയും രാജസ്വരൂപത്തെയും ശിക്ഷിക്കാന്‍ പോര്‍ച്ചുഗീസ് രാജാവ് ഇമ്മാനുവലിന്റെ കല്‍പ്പന. അധിനിവേശത്തിന്റെയും അധികാര പ്രമത്തതയുടെയും ഏറ്റവും മലിനമായ പ്രത്യക്ഷം. തുടര്‍ന്ന് മലബാറിന്റെ കടലും തീരവും പറങ്കികളുടെ തേര്‍വാഴ്ചയുടെ രൂക്ഷകാലമാണ്. ഇതിനിടയിലാണ് മാടായിയില്‍ നങ്കൂരമിറക്കിയ ഹജ്ജ് യാത്രികരുടെ കപ്പല്‍ തട്ടുകളിലേക്ക് പറങ്കികള്‍ തോക്കുമായി മണ്ടിക്കയറിയത്. അതിലുള്ള സ്വര്‍ണങ്ങളും ചമയ വസ്തുക്കളും കൈക്കലാക്കിയ പറങ്കികള്‍ തീര്‍ഥാടകരെ ഒന്നൊഴിയാതെ ചുട്ടുകൊന്നു. കൈക്കുഞ്ഞുങ്ങളെ ഉയര്‍ത്തി അരുതേ എന്ന് കരഞ്ഞു പറഞ്ഞ നിരായുധരായ പാവം തീര്‍ത്ഥാടകരെ. ക്രിസ്തുമതത്തിന്റെ സ്‌നേഹ പാരവശ്യങ്ങളൊന്നും അപ്പോള്‍ പ്രേഷിതമായില്ല. പകരം സര്‍വ വിനിമയങ്ങളിലും കുരിശുയുദ്ധ പ്രതികാരത്തിന്റെ കോമ്പല്ലുകള്‍ മാത്രം. ചരിത്രത്തില്‍ ഇന്നോളം ഇന്ത്യ കണ്ട ഏറ്റവും ക്രൂരമായ കടല്‍ക്കൊള്ളയാണിത്. കിഴക്കന്‍ ജനപഥങ്ങളെ കീഴടക്കുന്ന യുദ്ധത്തിന് കുരിശു യുദ്ധമെന്ന പേര് നല്‍കിയത് അവര്‍ തന്നെയാണ്. അറബിക്കടലിലും ഉള്‍നാടുകളിലും തങ്ങള്‍ക്ക് മാത്രമായിരിക്കണം കച്ചവട കുത്തക എന്നതില്‍ ഗാമ ശഠിച്ചുനിന്നു. അതിന് സമ്മതിക്കാത്ത സാമൂതിരിയെയും സാമൂതിരിയെ സംരക്ഷിക്കുന്ന മാപ്പിളമാരെയും ഗാമ ശത്രുനിരയില്‍ നിര്‍ത്തി.
തങ്ങളല്ലാത്ത ഒരാള്‍ക്കും വാണിജ്യക്കുത്തക പാടില്ലെന്നായിരുന്നു ഗാമയുടെ അഹന്ത. അതുനേടാന്‍ കച്ചവടക്കാരായ മാപ്പിളമാരെ തകര്‍ക്കേണ്ടത് അയാള്‍ക്ക് ആവശ്യമായി. കൂടെ കുരിശു ഭീകരതയുടെ അധീശവ്യാമോഹവും. ചര്‍ച്ചക്കെത്തിയ കൊട്ടാര ദൂതന്റെ മൂക്കും ചെവിയും കണ്ടിച്ചും പരിഹസിച്ചും അയാള്‍ ഗര്‍വു കാട്ടി. പന്തലായനിയില്‍ ഒരു വമ്പന്‍ വാണിജ്യക്കപ്പല്‍ കൊള്ള ചെയ്തു. ഇത് മാപ്പിളമാരുടേതായിരുന്നു. എണ്ണൂറോളം നാവികരെയാണ് അന്ന് കൊന്നു കടലില്‍ തള്ളിയത്. ഇവരുടെ കൈകാലുകള്‍ കൂട്ടിക്കെട്ടിയും പല്ലുകള്‍ തല്ലിക്കൊഴിച്ചുമായിരുന്നു കൊന്നുതള്ളിയത്. കൊച്ചി രാജാവിനെ കൂട്ടുപിടിച്ച് പറങ്കികള്‍ സാമൂതിരിക്കെതിരെ പടനയിച്ചു. അങ്ങനെയാണവര്‍ കണ്ണൂരും കൊച്ചിയിലും കോട്ട കെട്ടിയത്. സോറസ് കണ്ണൂരിന്റെ പ്രാന്തങ്ങളില്‍ ഭീകരമായ ആക്രമണം നടത്തി. കോഴിക്കോട്ടെ മിശ്കാല്‍ പള്ളിക്കു തീയിട്ടു. ആളും കച്ചവടച്ചന്തകളും പുളച്ച കൊടുങ്ങല്ലൂര്‍ തുറമുഖമവര്‍ ചാമ്പലാക്കി. ഈ തേര്‍വാഴ്ചയില്‍ ജീവന്‍ നഷ്ടമായതു രണ്ടായിരം ആളുകള്‍ക്കാണ്. ഇത്രയും ചെറിയ ഒരു നഗരപ്രാന്തത്തില്‍ ഒറ്റയടിക്കു രണ്ടായിരം പേര്‍! പരിക്കേറ്റവരും ജീവിതായോധനം തകര്‍ക്കപ്പെട്ടവരും ഇതിലും അധികം. ആ നാടിന്റെ ആന്തരഘടനയാണന്നവര്‍ കുടഞ്ഞെറിഞ്ഞത്. നാട്ടിലിറങ്ങി പെണ്‍കിടാങ്ങളെ പിടിച്ചുകൊണ്ടുപോയി കപ്പിത്താന്‍മാര്‍ക്കിടയില്‍ പങ്കുവെച്ചു. 1505-ല്‍ പോര്‍ച്ചുഗലില്‍ നിന്നെത്തിയ അല്‍മേഡയും മകനും മലബാറിന്റെ മണ്ണില്‍ കണ്ടതൊക്കെയും കൊള്ളചെയ്തു. അതിക്രൂരമായി വെട്ടിക്കൊന്നും തുരത്തി ഓടിച്ചും ചുട്ടു ചാമ്പലാക്കിയും അവര്‍ ഉല്‍പ്പാദിപ്പിച്ചത് കൊടുംഭീതിയുടെയും അരക്ഷിതബോധത്തിന്റെയും വേതാള ജന്മങ്ങളെയാണ്. അങ്ങനെ പറങ്കിപ്പട അവരുടെ വിധ്വംസകത്വം എല്ലാ ക്രൂരതകളോടെയും വെളിപ്പെടുത്തിയപ്പോള്‍ അതിനെതിരെയുള്ള സ്വാഭാവിക പ്രതികരണങ്ങളാണ് വിമോചന സന്ദര്‍ഭങ്ങളായി മലബാറിലെ ജനങ്ങള്‍ വികസിപ്പിച്ചത്. ജനിച്ചു വളര്‍ന്ന സ്വന്തം മാതൃഗ്രാമങ്ങളില്‍ നിന്ന് ക്രൂരമായി അപരവല്‍ക്കരിക്കപ്പെടുകയും ജീവിതത്തിന്റെ അതിലളിതമായ സന്ധാരണപഥങ്ങളൊക്കെയും തകര്‍ക്കപ്പെടുകയും ചെയ്യുക. വിശ്വാസവും അനുഷ്ഠാനവും സ്വതന്ത്ര സഞ്ചാരവും വിഘ്‌നപ്പെടുക. അപ്പോള്‍ ഏതു സമൂഹത്തിലും ഉണര്‍ന്നു നുരയുക പ്രതിരോധത്തിന്റെ പ്രചോദനങ്ങളായിരിക്കും.
ഇത്തരം പ്രതിരോധങ്ങള്‍ ഏറ്റവുമധികം സംഘടിപ്പിക്കപ്പെട്ടത് മലബാറിലെ മാപ്പിളമാരുടെ പക്ഷത്തു നിന്നാണ്. ഇതിനു രണ്ടു കാരണങ്ങളുണ്ട്. ഇവിടെ ഭീകരമായി വേട്ടയാടപ്പെട്ടത് അവരാണ്. അവരായിരുന്നു കേരളത്തിന്റെ വ്യാപാരികള്‍. ഈ അവകാശമായിരുന്നു പറങ്കികള്‍ക്കു വേണ്ടിയിരുന്നത്. അതോടൊപ്പം കുരിശുയുദ്ധത്തിന്റെ ക്രൂരവും ആഭാസകരവുമായ രൂക്ഷത പറങ്കികളുടെ അധിനിവേശത്തെ എന്നും ത്വരിപ്പിച്ചിരുന്നു. മാപ്പിളമാരാകട്ടെ വിശ്വാസപരമായി തന്നെ ഒരുതരം അധീശബോധത്തെയും സമ്മതിക്കുന്നവരല്ല. അന്യായങ്ങളെയും കപട ഉടമബോധങ്ങളെയും വിശ്വാസം കൊണ്ടുതന്നെ അവര്‍ മറിച്ചിട്ടു. അധീശങ്ങള്‍ക്കും അക്രമങ്ങള്‍ക്കുമെതിരെ അഭിമുഖീകരണം വികസിപ്പിക്കേണ്ടത് മതപരമായി അവരുടെ ബാധ്യതയാണ്. അക്രമികള്‍ക്ക് കീഴടങ്ങുന്നവനല്ല, അതിനെതിരെ പ്രതിരോധങ്ങള്‍ വികസിപ്പിക്കുന്നവനാണ് വിശ്വാസി. നിസ്സഹായവും വിഹ്വലവുമായ ഈ സമൂഹത്തിന്റെ ആത്മബോധത്തെ ഉണര്‍ത്താന്‍ അന്നും ഉല്‍സാഹിച്ചതു മുസ്‌ലിം പണ്ഡിത സമൂഹമായിരുന്നു. തീര്‍ച്ചയായും അതിനവര്‍ക്കു അര്‍ഹതയും ബാധ്യതയുമുണ്ട്. മതവിശ്വാസത്തെ അനുഷ്ഠാനങ്ങളുടെ പട്ടുകമ്പളങ്ങളില്‍ ഒളിപ്പിച്ചു നിര്‍ത്താനും ജീവിത ഇടപഴക്കങ്ങളെ മതവിരുദ്ധ പ്രതിലോമതകള്‍ക്ക് കൂട്ടിക്കൊടുക്കാനുമുള്ള കുടില സാമര്‍ത്ഥ്യം അവര്‍ക്കുണ്ടായിരുന്നില്ല. അനുഷ്ഠാനത്തിനപ്പുറമുള്ള മതത്തിന്റെ വിനിമയ സാധ്യതകള്‍ അവര്‍ക്കറിവുള്ളതാണ്. മതചടങ്ങുകള്‍ക്ക് മാത്രം കാര്‍മികത്വം ഏല്‍ക്കുന്ന പുരോഹിതന്‍മാര്‍ അന്ന് പൊതു സമൂഹത്തില്‍ തിരസ്‌കൃതര്‍ തന്നെയായിരുന്നു. സ്വാഭാവികമായും പറങ്കിവിരുദ്ധമായ ഒരു വിമോചനപ്പോരാട്ടം അവര്‍ തന്നെ ഏറ്റെടുക്കേണ്ടി വന്നു. ഇത്തരം നിരവധി ഇടപെടലുകളും അഭിമുഖീകരണവും അധിനിവേശത്തിന്റെ ആദ്യം തൊട്ടേ മുസ്‌ലിം പണ്ഡിതന്മാരും സാധാരണക്കാരും ചേര്‍ന്ന് മലബാറില്‍ വികസിപ്പിച്ചിട്ടുണ്ട്. ഇത്തരം അനിവാര്യങ്ങളായ മുന്‍കൈയുകളെ ഉല്‍പ്പാദിപ്പിക്കുകയും പ്രചുരമാക്കുകയും ചെയ്ത ഒട്ടേറെ കൃതികളും രചനകളും അക്കാലത്ത് സംഭവിച്ചിട്ടുണ്ട്. അതില്‍ ഏറ്റം ശ്രദ്ധേയമായ പടപ്പാട്ടു രചനയാണ് ശൈഖ് സൈനുദ്ദീന്‍ മഖ്ദൂം ഒന്നാമന്റെ തഹ്‌രീള് അഹ്‌ലില്‍ ഈമാന്‍ അലാ ജിഹാദി അബദത്തിസുല്‍ബാന്‍.
സാമൂതിരിയുടെയും മറ്റു നാടുവാഴികളുടെയും ഭരണപരിധിയില്‍ തങ്ങളുടെ പൊതുജീവിതം ഏറ്റവും കുലീന മാതൃകയില്‍ മുന്നേറുന്നതിനിടയിലാണ് ഓര്‍ക്കാപ്പുറത്തു പറങ്കിയാക്രമണം മലബാറില്‍ സംഭവിക്കുന്നത്. ഈയൊരു പ്രതിസന്ധിയില്‍ തന്റെ ധിഷണാ ശേഷികൊണ്ടുള്ള ഇടപെടല്‍ വികസിപ്പിക്കാന്‍ ശൈഖ് സൈനുദ്ദീനായി. പുരാതനവും അഭിജാതവുമായ ഒരു യമനീ കുടുംബത്തിലേക്ക് ആദിവേരുകള്‍ ചെല്ലുന്ന ശൈഖ് സൈനുദ്ദീന്‍ മഖ്ദൂം ജനിക്കുന്നത് കൊച്ചിയില്‍. അവിടെ നിന്നും കുടുംബത്തോടൊപ്പം പൊന്നാനിയില്‍ എത്തിയ മഖ്ദൂം ചാലിയത്തും പൊന്നാനിയിലും തന്റെ പഠനം പൂര്‍ത്തിയാക്കി മേല്‍ പഠനത്തിന് മക്ക വഴി മിസ്‌റിലേക്ക് പോയി. തികഞ്ഞ ആത്മവിശ്വാസത്തോടെയും പാണ്ഡിത്യഗരിമയോടെയും തിരിച്ചെത്തിയ മഖ്ദൂം പൊന്നാനിയെ തന്റെ തട്ടകമാക്കി. അവിടെ പള്ളിയും അനുബന്ധ മതപഠന കേന്ദ്രങ്ങളും വികസിപ്പിച്ചു. കുറഞ്ഞ കാലം കൊണ്ട് മഖ്ദൂം മുസ്‌ലിംകളുടെ ആത്മീയവും രാഷ്ട്രീയവുമായ നേതൃത്വമായി. അദ്ദേഹത്തിന്റെ നിറ ഗാംഭീര്യ സാന്നിധ്യം സാമൂതിരിക്കും പൊതുസമൂഹത്തിനും വലിയ ധൈര്യവും സുരക്ഷയും നല്‍കി. ഗാമയും കബ്രാളും മറ്റു പറങ്കി കങ്കാണി ദുഷ്ടതകളും മലബാറിന്റെ തീരഭൂമികളിലും ഉള്‍ഗ്രാമങ്ങളിലും നടത്തിയ കൊടൂര പാതകങ്ങള്‍ യുവാവായ സൈനുദ്ദീന്‍ നേര്‍കണ്ണുകളില്‍ കാണുകയായിരുന്നു.
വ്യക്തിനിഷ്ഠമായ അനുഷ്ഠാനശുഷ്‌കങ്ങള്‍ക്ക് പറങ്കികള്‍ പ്രത്യേകിച്ച് അലോസരങ്ങളൊന്നും ഉയര്‍ത്താതിരുന്നിട്ടും, പള്ളിമൂലയില്‍ നിന്നെത്തി മഖ്ദൂം എന്തിനാണ് തഹ്‌രീളുമായി തെരുവിലേക്കിറങ്ങിയത്? പിന്‍വാങ്ങലിന്റെയും പ്രാര്‍ഥനയുടെയും നനുത്ത പോടുകളിലേക്ക് ചുരുളാനല്ല, കാലമാവശ്യപ്പെടുന്ന ഒരു അഭിമുഖീകരണത്തിന് തന്നെയും സമൂഹത്തെയും പ്രാപ്തമാക്കുകയും ഒരു വിമോചനസന്ദര്‍ഭത്തിന്റെ ഒത്ത മധ്യത്തില്‍ അവരെ സമര്‍പ്പിക്കുകയും ചെയ്യാന്‍.
ഒരു പോരാട്ടം സംഗതമാവുന്നത് എപ്പോഴാണോ അപ്പോഴാണ് അത് ബാധ്യതയാകുന്നത്. അധിനിവേശങ്ങള്‍ക്കും അഹിതങ്ങള്‍ക്കുമെതിരെ പോരിനിറങ്ങാതെ ജീവിത സുരക്ഷയുടെ വാല്‍മീകങ്ങളില്‍ സുഷുപ്തി തേടുമ്പോള്‍ അത്തരം പണ്ഡിത നേതൃത്വം മലിനവും നികൃഷ്ടവുമാകും. ആദ്യകാല മുസ്‌ലിം പണ്ഡിത പുഷ്ടി ഈ ബോധ്യം ഉത്തമമായി സൂക്ഷിച്ചു. അതുകൊണ്ടാണ് ആത്മസംസ്‌കരണപരമായ അദ്കിയാ എഴുതിയ മഖ്ദൂമിന് പോരാട്ടകാവ്യമായ തഹ്‌രീള് രചിക്കാനായത്്. പൊന്നാനി കേന്ദ്രമാക്കി താന്‍ നടത്തുന്ന നവോത്ഥാന പരിശ്രമങ്ങളുടെ ഭാഗം തന്നെയാണ്് ഈ രണ്ടു പ്രൗഢ രചനകളും.
ആദി കാലം തൊട്ടേ കേരളദേശങ്ങളില്‍ സംരചിതമായ നിരവധി സര്‍ഗാത്മക രൂപങ്ങളുണ്ട്. പാട്ടും കവിതയും കഥയും മറ്റു ആവിഷ്‌കാര രൂപങ്ങളും. അറബിയിലും സംസ്‌കൃതത്തിലും അറബി മലയാളത്തിലും തെളി മലയാളത്തിലും. വിവരവും വിഷാദവും വിരഹവും രോഷവും വിപ്ലവവും കരുണയും വീറും ആര്‍ദ്രതയും കലാപവും ഒക്കെ മുഖ്യ സംബോധനകളായ രചനാതല്ലജങ്ങള്‍. ഇതൊക്കെയും നമ്മുടെ സര്‍ഗാത്മക പൊതുമണ്ഡലം സജീവമായി ചര്‍ച്ച ചെയ്തതുമാണ്. സ്വാതന്ത്ര്യ സമര പ്രവര്‍ത്തനങ്ങളുമായി ബന്ധപ്പെട്ട് വിരചിതമായ സര്‍വ രചനകളെയും രാഷ്ട്രീയ സാംസ്‌കാരിക പൊതുമണ്ഡലം സജീവമായി ചര്‍ച്ചക്കെടുത്തപ്പോള്‍ അതിലൊന്നും തഹ്‌രീളു കണ്ടതേയില്ല. ഇന്നും കേരളീയ സാംസ്‌കാരിക പക്ഷം അതിനുനേരെ അറിവുകേടു നടിക്കുന്നു.
പറങ്കികളുടെ മലബാര്‍ അധിനിവേശം 1498 ലാണ്. ഗാമയുടെ രണ്ടാം പട മലബാറിലെത്തുന്നത് 1502 ലും. ഇതിനുശേഷമാണ് മലബാറില്‍ പറങ്കി ആക്രമണം രൂക്ഷവും രണോത്സുകവുമായത്. മഖ്ദൂം ജനിച്ചത് 1466 ല്‍. മരണം 1521 ല്‍. അരനൂറ്റാണ്ടിലേറെ മാത്രം വന്ന ധീര ജീവിതം. സ്വാഭാവികമായും ഗാമയുടെ രണ്ടാം വരവിനു ശേഷമായിരിക്കാം തഹ്‌രീളു എഴുതുന്നത്. സാധാരണ അറബി ഖസീദയുടെ രചനാരീതി തന്നെയാണ് ഇതില്‍ മഖ്ദൂം സ്വീകരിച്ചത്. നൂറ്റി മുപ്പത്തി അഞ്ചു ഈരടികളില്‍ പൊലിച്ചു നില്‍ക്കുന്ന ഈ പാട്ടു രൂപത്തില്‍ അല്ലാഹുവിനും അവന്റെ വല്‍സലനായ പ്രവാചകനും കീര്‍ത്തനവും സ്തുതിയും അതിവിനയത്തോടെ സമര്‍പ്പിക്കുന്നുണ്ട്. ''എല്ലാ ആവശ്യങ്ങളും നൊമ്പരങ്ങളും നേരില്‍ കണ്ടറിയുന്ന അല്ലാഹുവേ, നിനക്ക് എപ്പോഴും സ്തുതിയായിരിക്കട്ടെ. നിന്റെ സൃഷ്ടികളില്‍ ശ്രേഷ്ഠനും സന്മാര്‍ഗത്തിലേക്ക് ക്ഷണിക്കുന്നവനുമായ പ്രവാചകന്‍ മുഹമ്മദിന് ക്ഷേമവും അനുഗ്രഹങ്ങളും ഉണ്ടായിരിക്കട്ടെ. കാരുണ്യവാനായ തമ്പുരാനേ, പ്രയാസങ്ങളില്‍ നിന്നു മോചനം ലഭ്യമാകാന്‍ ഞാനിതാ കേണു പ്രാര്‍ത്ഥിക്കുന്നു.''
തുടര്‍ന്നു വരുന്നത് മലബാറിലെ ജനത പ്രത്യേകിച്ച് മാപ്പിളമാര്‍ പറങ്കിപ്പടയില്‍നിന്ന് നേരിടുന്ന ദീന ജീവിതാനുഭവങ്ങളുടെ സത്യസാക്ഷ്യങ്ങളാണ്. കുരിശുയുദ്ധ ബോധ്യത്തില്‍ പടകൂട്ടിയെത്തിയ പറങ്കികള്‍ അത്ര വലിയ ദുരിതങ്ങളാണ് അവര്‍ക്ക് നല്‍കിയത്. നടവഴിയില്‍ നിന്ന് അകാരണമായി പിടിച്ചുകൊണ്ടു പോവുക, ആരാധനാലയങ്ങളും വിശുദ്ധ പുസ്തകങ്ങളും ചുട്ടുകരിക്കുക, യാത്രാ സംഘങ്ങളെയും കച്ചവട കേന്ദ്രങ്ങളെയും കൊള്ള ചെയ്യുക, ജീവിതായോധന മാര്‍ഗ്ഗങ്ങള്‍ തകര്‍ക്കുക, സ്ത്രീകളെ നശിപ്പിക്കുക, ആഭരണം പിടിച്ചുപറിക്കുക, തീര്‍ഥാടനം മുടക്കുക, കൊന്നു കൊലവിളിക്കുക, യാത്രക്കപ്പലുകളും വാണിജ്യ പത്തേമാരികളും ചുട്ടെരിക്കുക, അസാധ്യമായ ജോലികള്‍ക്ക് നിര്‍ബന്ധിക്കുക, കുരിശാരാധനക്ക് പ്രേരിപ്പിക്കുക. പരദേശികളായ പറങ്കികളില്‍നിന്ന് അനുഭവിക്കേണ്ടിവരുന്ന യാതനാപൂര്‍ണ്ണമായ ഈ ക്രൂരതകള്‍ ആവലാതികളായി അവതരിപ്പിച്ചശേഷം മഖ്ദൂം പറയുന്നു: ''അല്ലാഹുവേ, ഇവര്‍ ഞങ്ങളോടു ചെയ്തു കൂട്ടുന്ന കിരാത പ്രവൃത്തികള്‍ മുഴുവന്‍ എണ്ണിപ്പറയാന്‍ നാവിനു സാധ്യമാകുന്നില്ല, അത്രക്കതു ഭീകരമാണ്.'' ഏറെ സങ്കടത്തോടെ ഇതത്രയും അനുഭവസാക്ഷ്യത്തിന്റെ തീഷ്ണതയോടെ പറഞ്ഞുപോകുന്ന മഖ്ദൂം ഒരിക്കലും നിസ്സഹായതയുടെയും കേവല വിധിബോധത്തിന്റെയും പ്രതലങ്ങളിലൂടെ സഞ്ചരിക്കുന്നില്ല. സഹനത്തെ ഉദാത്തവല്‍ക്കരിക്കുന്നുമില്ല. മറിച്ചു പ്രതിരോധ പോരാട്ടത്തിനുള്ള തീവ്രമായ ആഹ്വാനമാണ് അടുത്ത ഖണ്ഡത്തില്‍. ''അടിമകള്‍ ഉടമകളുടെയും മക്കള്‍ പിതാക്കളുടെയും ഇണകള്‍ തുണകളുടെയും അനുവാദം ഈ പോരാട്ടത്തില്‍ പങ്കെടുക്കാന്‍ തേടേണ്ടതില്ല. അനുഷ്ഠാന പ്രര്‍ത്ഥനക്കിടയില്‍നിന്നുപോലും സ്വാതന്ത്ര്യ സമരത്തിന് ഇറങ്ങിവരിക സാധ്യമാകുന്ന കാലത്തോളം നാം പറങ്കികളോട് ഏറ്റുമുട്ടുക'' എന്നു നിരീക്ഷിക്കുന്നു. സ്ത്രീകള്‍ പൊതുമണ്ഡലങ്ങളില്‍ പ്രത്യക്ഷരാകാമോ, സ്വന്തം മാതാവിനെ സന്ദര്‍ശിക്കണമെങ്കില്‍ ഭര്‍ത്താവിന്റെ അനുവാദം ആവശ്യമുണ്ടോ, അവര്‍ക്ക് അല്ലാഹുവിന്റെ വീട്ടില്‍ വെള്ളിയാഴ്ച പ്രാര്‍ത്ഥനക്ക് എത്താമോ തുടങ്ങിയ പ്രശ്‌നങ്ങള്‍ പുതുകാലത്തിന്റെ പ്രബുദ്ധതയില്‍പോലും പ്രതിലോമതകള്‍ സൃഷ്ടിക്കുമ്പോഴാണ് അഞ്ഞൂറ് വര്‍ഷങ്ങള്‍ക്കു മുമ്പ് ശൈഖ് സൈനുദ്ദീന്റെ ഈ ആഹ്വാനം എന്നു നാമറിയണം.
നമസ്‌കാരവും മറ്റു നിര്‍ബന്ധ അനുഷ്ഠാന ബാധ്യതകളും അത് പ്രചോദിപ്പിക്കേണ്ട ധര്‍മസമര ബോധത്തിനു തടസ്സമല്ല എന്ന ഇസ്‌ലാമികപക്ഷ പാരായണമാണ് തഹ്‌രീള് ഉല്‍ഘോഷിക്കുന്നത്. അഹിതങ്ങളോടു ചെയ്യേണ്ട കലഹം കേവലമായ അനുഷ്ഠാനത്തിനും അപ്പുറമാണ് എന്ന വലിയ തിരിച്ചറിവ് അന്നത്തെ പണ്ഡിതന്‍മാര്‍ സൂക്ഷിച്ചിരുന്നു. ''കൊളോണിയല്‍ വിരുദ്ധ സമരത്തിലേക്ക് ഇരമ്പിക്കടന്നു വരൂ, അല്ലാഹുവും മനുഷ്യരും ജിന്നുകളും പക്ഷിമൃഗാദികളും അതില്‍ ഹര്‍ഷം കൊള്ളും. എന്തുവന്നാലും പറങ്കിക്കൂട്ടത്തെ നേതൃത്വമേല്‍പ്പിക്കരുത്. രാജ്യത്തെയും വിശ്വാസത്തെയും നമുക്ക് രക്ഷിക്കാം.'' ഇവിടെ വിശ്വാസത്തോടാണ് കവി രാജ്യസ്‌നേഹത്തെ ചേര്‍ത്തുനിര്‍ത്തുന്നത്. യഥാര്‍ഥത്തില്‍ പ്രതിരോധങ്ങള്‍ വികസിക്കേണ്ടത് ഈയൊരു മണ്ഡലത്തില്‍ തന്നെയാണ്. ആരാണ് ഭരണാധികാരി എന്നതല്ല, ആ ഭരണ സ്വരൂപം സുതാര്യതയിലും നൈതിക മൂല്യങ്ങളിലും ആവിഷ്‌കൃതമാണോ എന്നതാണ് കാതല്‍. അതുകൊണ്ടാണ് സാമൂതിരിക്കുവേണ്ടി പടഭൂമിയില്‍ എഴുന്നു നില്‍ക്കാന്‍ മുസ്‌ലിംകളോട് മഖ്ദൂം ആഹ്വാനം ചെയ്യുന്നത്. രാജ്യസ്‌നേഹവും രാജ്യത്തിനായുള്ള പോരാട്ടവും വിശ്വാസികള്‍ക്ക് മോക്ഷ പ്രവേശനമാര്‍ഗമാണെന്നറിയാന്‍ തഹ്‌രീള് ഒരാവര്‍ത്തി വായിച്ചു പോയാല്‍ മതി.
മലബാറിലെ ഭരണാധികാരികളോടും മഖ്ദൂം ഒരാവലാതി സമര്‍പ്പിക്കുന്നു. ''ഞങ്ങള്‍ ദാഹാര്‍ത്തരും നിങ്ങള്‍ മേഘമാലകളുമാണ്. ഈ കടുത്ത യാതനയില്‍ നിന്ന് ഞങ്ങളെ രക്ഷിക്കുക. എന്നാല്‍ അല്ലാഹു നിങ്ങള്‍ക്ക് പ്രതിഫലം തരും.'' കഷ്ടപ്പാടിന്റെയും ആശങ്കകളുടെയും പെരുംകയത്തില്‍ നിന്നാണു മനസ്സു തൊട്ടുള്ള ഈ കാതര പ്രാര്‍ത്ഥന. പോരാട്ടത്തില്‍ സഹായിക്കുന്ന ഭരണാധികാരികള്‍ക്ക് അല്ലാഹുവിന്റെ പ്രതിഫലം വരും എന്നു പണ്ഡിതനായ കവി ഉറപ്പു പറയുന്നു. അല്ലാഹു ശ്രദ്ധിക്കുന്നതു കര്‍മ്മമാണ്. കര്‍മത്തിന്റെ ഉദ്ദേശ്യമാണ്. അല്ലാതെ വിശ്വാസത്തിന്റെ മറവിലുള്ള സുഖപ്രദമായ സുഷുപ്തിയല്ല. അധിനിവേശത്തിനെതിരെ നടത്തേണ്ട അഭിമുഖീകരണങ്ങള്‍ക്കുള്ള ആഹ്വാനം കവിതയില്‍ ഉടനീളം കാണാം. പറങ്കികള്‍ക്കെതിരെയുള്ള ഇടപെടലുകളില്‍ പ്രാണത്യാഗം വന്നാല്‍ നാളെ അല്ലാഹുവിന്റെ അടുത്ത് ലഭ്യമാകാനുള്ള സഫല മോക്ഷത്തെപ്പറ്റി തഹ്‌രീള് നിരന്തരം വാചാലമാകുന്നു. പറങ്കികള്‍ക്കെതിരെ പട നടത്തി മൃത്യു വരിച്ചാല്‍ വീരസ്വര്‍ഗത്തില്‍ ലഭ്യമാകുന്ന മഹത്തായ സ്ഥാനവലിപ്പങ്ങള്‍ പാടിപ്പാടി മഖ്ദൂം പോരാളികളെ പ്രചോദിപ്പിക്കുന്നു.
കാലവും സന്ദര്‍ഭവും ആവശ്യപ്പെടുന്ന ഇത്തരം മഹത്തായ നിയോഗങ്ങള്‍ ഏറ്റെടുക്കാന്‍ വിസമ്മതപ്പെട്ടു മാറിനിന്നാല്‍ സംഭവിക്കുന്ന ദൈവികമായ ശിക്ഷയെപ്പറ്റി തഹ്‌രീള് വിശദീകരിക്കുന്നുണ്ട്. ''അത്തരക്കാര്‍ ദൈവത്തിന്റെ മുന്നില്‍ നിന്ദ്യരാണ്. അവര്‍ക്ക് ഭൗതികവും നാളെ പാരത്രികവുമായ ജീവിതം നഷ്ടമാവും. ഇനി പോര്‍നിലങ്ങള്‍ ഇരമ്പിനില്‍ക്കുമ്പോള്‍ ഇട്ടെറിഞ്ഞോടുന്നവര്‍ നിന്ദ്യന്‍മാരും തീര്‍ത്തും നിസ്സാരന്‍മാരുമാണ്. അവര്‍ നരകത്തില്‍ വെന്തുകരിയും.'' പറങ്കിവിരുദ്ധ സമരത്തിന് പണവും സമ്പത്തും ഉദാരമായി ചെലവഴിക്കാത്ത ദാനം മുടക്കികളെ മഖ്ദൂം തഹ്‌രീളില്‍ താക്കീതു ചെയ്യുന്നുണ്ട്. ഇതൊക്കെയും പക്ഷേ വിശ്വാസകാര്യങ്ങളുടെ സംരക്ഷണത്തിനായുള്ള ഇടപെടലിനെക്കുറിച്ചല്ല, മറിച്ചു തങ്ങളുടെയും സ്വന്തം നാടിന്റെയും സൈ്വര്യജീവിതം തടസ്സപ്പെടുത്തുന്ന അധിനിവേശത്തിനെതിരെയുള്ള സമരത്തെ സംബന്ധിച്ചാണ്. വളരെ നിര്‍ണിതവും കൃത്യവുമായിരുന്നു അദ്ദേഹത്തിന്റെ പ്രയോഗങ്ങളും നിരീക്ഷണങ്ങളും.
നൂറ്റിമുപ്പത്തി അഞ്ച് ഈരടികളില്‍ വികസിക്കുന്ന കവിത അവസാനിക്കുന്നത്, അധിനിവേശ ആക്രമണത്തിനെതിരെ പ്രതികരിക്കാതെ മുഖം തിരിക്കുന്ന ആലസ്യങ്ങള്‍ക്ക് ലഭിച്ചേക്കാവുന്ന ദൈവശിക്ഷയെ സംബന്ധിച്ച മുന്നറിയിപ്പോടെയും അത്തരം ഇടപെടലുകള്‍ നടത്തുന്നവര്‍ക്ക് ലഭിക്കുന്ന മഹത്തായ പ്രതിഫലത്തെ സംബന്ധിച്ച സന്തോഷ വര്‍ത്തമാനങ്ങളോടെയുമാണ്. വളരെ കൃത്യമായും ആദിമധ്യാന്ത ഭംഗിയോടെയും വികാരം മുറ്റിനില്‍ക്കുന്ന വാചിക ഘടനയില്‍ അത്യന്തം ഉല്‍ക്കണ്ഠയോടെ സൈനുദ്ദീന്‍ എഴുതിത്തീര്‍ത്തതാണ് തഹ്‌രീള്. ഏതാണ്ട് അഞ്ഞൂറ് വര്‍ഷങ്ങള്‍ക്കു മുമ്പ് മലയാള നാട്ടില്‍ വൈദേശിക അധിനിവേശത്തിനെതിരെ എഴുതപ്പെട്ട ഇത്രയും ഉജ്ജ്വലമായ ഈ കൃതി നമ്മുടെ ആധുനികമായ പൊതു ചരിത്ര ചര്‍ച്ചകളിലൊന്നും പരാമര്‍ശിക്കപ്പെടുന്നില്ല. ഇന്ത്യയിലെത്തന്നെ സ്വാതന്ത്ര്യ സമര പോരാട്ട ചരിത്രത്തിലെ പ്രഥമ മാനിഫെസ്റ്റോ ഇതുതന്നെയാണ്.
പൊന്നാനി വലിയ പള്ളിയില്‍ ഇരുന്ന് മഖ്ദൂം എഴുതിയ ഈ ചെറുകാവ്യത്തിന് അത്യസാധാരണമായ വിസ്‌ഫോടനശേഷി ഉണ്ടായിരുന്നു. പറങ്കികള്‍ക്കെതിരായ സ്വാതന്ത്ര്യ സമരത്തിന് പൊന്നാനി വേദിയായത് അതുകൊണ്ടു തന്നെയാണ്. തന്റെ മഹാകാവ്യത്തിന്റെ നിരവധി കൈപ്പട പ്രതികള്‍ തയാറാക്കി കേരളത്തിലെ പ്രധാന രാജസ്വരൂപങ്ങള്‍ക്കൊക്കെയും മഖ്ദൂം അയച്ചുകൊടുത്തു. കവിതയെഴുതി പൊന്നാനിപ്പള്ളിയുടെ മണിമച്ചില്‍ വിശ്രമിക്കുകയായിരുന്നില്ല മഖ്ദൂം. വിമോചന സമര മണ്ഡലത്തിന് തന്നെ സ്വയം സമര്‍പ്പിക്കുകയായിരുന്നു. ഈ പോര്‍നിലങ്ങളില്‍ പൊതുവെ മതവിഭാഗീയതയേ ഉണ്ടായിരുന്നില്ല; ജാതിശ്രേണിയില്‍ അന്നു നിലനിന്ന പരിമിതിയുടെ മണ്ഡലമല്ലാതെ. നാവിക യുദ്ധത്തില്‍ മാത്രമാണ് സമ്പൂര്‍ണമായ മാപ്പിള പ്രാതിനിധ്യം കൃത്യപ്പെടുന്നത്. അതു പക്ഷേ കടല്‍യുദ്ധം ചെയ്യുന്നതിന് നായര്‍ പടയാളികള്‍ക്ക് മതപരമായ വിലക്കുണ്ടായിരുന്നതിനാലാണ്. കരയുദ്ധങ്ങളില്‍ അവരുടെ പങ്കാളിത്തം ശ്രദ്ധേയമായിരുന്നു. അഥവാ പോര്‍ച്ചുഗീസ് വിരുദ്ധ പോരാട്ടം മതപക്ഷത്തു നിന്നുകൊണ്ടല്ല, മറിച്ച് ദേശപക്ഷത്തു നിന്നാണ് സംഘാടനം ചെയ്യപ്പെട്ടതെന്നര്‍ത്ഥം.
സൈനുദ്ദീന്‍ ഒന്നാമന്റെ ആഹ്വാനം അക്ഷരംപ്രതി ജനം സ്വീകരിച്ചു. രാജ്യത്തിന്റെ നാനാദിക്കുകളില്‍ നിന്നും അവര്‍ പൊന്നാനിയിലെത്തി. പിന്നീടു നാം കാണുന്നത് പറങ്കികള്‍ പതറുന്നതും അടിയിളകുന്നതുമാണ്. സാമൂതിരി രാജാവിനേയോ അദ്ദേഹത്തിന്റെ അധികാരത്തെയോ മഖ്ദൂം ചേദ്യം ചെയ്യുന്നില്ല. മാത്രമല്ല, മഖ്ദൂം വികസിപ്പിച്ച പോരാട്ടം ഫലത്തില്‍ സാമൂതിരിക്കുകൂടി വേണ്ടിയായിരുന്നു. മാപ്പിളപ്പോരാട്ടങ്ങള്‍ ഒരിക്കലും, നിലനിന്നിരുന്ന ഭരണസ്വരൂപത്തെ തള്ളിപ്പറയുന്നില്ല; രാജാക്കന്മാര്‍ പോരാളികളെ തള്ളിപ്പറഞ്ഞപ്പോള്‍ പോലും. അതാണ് മാപ്പിളേപ്പാരാട്ടത്തിന്റെ മതേതരത്വ ബോധം. അതുകൊണ്ടാണു ധര്‍മസമരം നടത്താത്ത മുസ്‌ലിം രാജാക്കന്മാര്‍ സാമൂതിരിയെ മാതൃകയാക്കണമെന്നും സാമൂതിരി രാജാധിരാജനാണെന്നും ഖാദിമുഹമ്മദ് എഴുതിയത്. കോളനി വിരുദ്ധ പോരിടങ്ങളെ അവര്‍ നിരീക്ഷിച്ചത് വിശുദ്ധ യുദ്ധമായാണ്. നീതിക്കായുള്ള ഏതുതരം പിടയലും വിശ്വാസികള്‍ക്ക് പ്രതിഫലാര്‍ഹമായ പുണ്യപ്രവൃത്തിയാണ്. അത് ഭൂമിയില്‍ പുലരേണ്ടത് ദൈവഹിതമാണ്. അവര്‍ക്കത് ആത്മീയ പ്രവൃത്തിയാണ്.
തഹ്‌രീളില്‍ പ്രചോദിതരായി മലബാറില്‍ ഇരമ്പിയ സമര്‍പ്പിത പോരാട്ടമാണ് പറങ്കികളെ കേരളത്തില്‍ നിന്ന് തുരത്തിയോടിച്ചത്. അതുകൊണ്ടാണ് മഖ്ദൂമിന്റെ ശിഷ്യന്‍ കുഞ്ഞി മരക്കാര്‍ സ്വന്തം വിവാഹവേദിയില്‍ നിന്ന് ചാടിയിറങ്ങി പറങ്കിക്കപ്പലില്‍ ബന്ധനസ്ഥയായ മലയാളി ബാലികയെ രക്ഷപ്പെടുത്തിയതും തുടര്‍ന്നു നടന്ന പോരാട്ടത്തില്‍ ചോരക്കളത്തില്‍ സംതൃപ്തിയോടെ മരിച്ചുവീണതും. അതുകൊണ്ടു തന്നെയാണ് മരയ്ക്കാര്‍മാരും പിന്‍ഗാമികളും കൊച്ചിയില്‍ നിന്നും കോഴിക്കോട്ടെത്തിയതും സാമൂതിരിയുടെ നാവികപ്പട നയിച്ചതും. അതുകൊണ്ടാണ് അവരുടെ ലവണം പൂശിയ ശിരസ്സുകള്‍ നാല്‍ക്കവലകളില്‍ നിന്ന് അധീശ ഭീകരതയെ വിഹ്വലപ്പെടുത്തിയത്; മാപ്പിളമാുടെ ചോര തുളുമ്പുന്ന കബന്ധങ്ങള്‍ അറബിക്കടലിന്റെ കല്ലോലങ്ങളില്‍ ഒഴുകി നടന്നത്; തീരഭൂമികളിലെ വ്യാപാര സമൃദ്ധികളില്‍ ആഹ്ലാദിച്ചിരുന്ന മാപ്പിളമാര്‍ വിദൂര ഉള്‍നാടുകളിലേക്ക് പാട്ടക്കുടിയന്മാരായി പലായനം പോയത്; അവരുടെ സ്ത്രീകള്‍ വൈധവ്യത്തിലേക്ക് ചതഞ്ഞു വീണത്; മക്കള്‍ അനാഥത്വത്തിന്റെ ഉഷ്ണഭൂമിയില്‍ ഉപേക്ഷിക്കപ്പെട്ടത്. അവര്‍ക്കൊക്കെയും മഖ്ദൂം ആത്മീയ നേതൃത്വം മാത്രമായിരുന്നില്ല, ഭൗതിക കര്‍ത്തൃത്വം കൂടിയായിരുന്നു. ഈ നിരന്തര പോരാട്ടങ്ങളിലൂടെയാണ് പറങ്കികളെ കേരളം തിരസ്‌കരിച്ചത്. അല്ലെങ്കില്‍ മലബാര്‍ മറ്റൊരു ഗോവയാകുമായിരുന്നു. പറങ്കിപ്പുണ്ണിന്റെ നാട്. അരാജകത്വം ചടുലനൃത്തം ചെയ്യുന്ന നാട്. അധാര്‍മികതയുടെ കൂത്താടികള്‍ പുളച്ചു തുള്ളുന്ന നാട്. ഈ വിമലീകരണ വിമോചന പോരാട്ടത്തിന്റെ മാനിഫസ്റ്റോ കൂടിയാണ് തഹ്‌രീള്.
Comments