Prabodhanm Weekly

Pages

Search

2013 ഓഗസ്റ്റ്‌ 23

സൗഹാര്‍ദവേദിയായി ജമാഅത്തെ ഇസ്‌ലാമി ഇഫ്ത്വാര്‍

തിരുവനന്തപുരം: ജമാഅത്തെ ഇസ്‌ലാമി കേരള തിരുവനന്തപുരത്ത് സംഘടിപ്പിച്ച ഇഫ്ത്വാര്‍ സൗഹാര്‍ദവേദിയായി. ഇഫ്ത്വാര്‍ സംഗമത്തില്‍ മുഖ്യമന്ത്രിയും മന്ത്രിമാരും രാഷ്ട്രീയ, മത, സാമൂഹിക, സാംസ്‌കാരിക നേതാക്കളും പങ്കെടുത്തു. നോമ്പുതുറ സമയത്ത് എത്തിയ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി, ആഭ്യന്തരമന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ എന്നിവരെ ജമാഅത്തെ ഇസ്‌ലാമി കേരളാ അമീര്‍ ടി. ആരിഫലി സ്വീകരിച്ചു. ഇത്തരത്തില്‍ ഒന്നിച്ചിരിക്കുന്ന ഘട്ടങ്ങളില്‍ നാം ഒന്നാണെന്ന തോന്നല്‍ ഉണ്ടാകുന്നുവെന്ന് ഇഫ്ത്വാര്‍ സംഗമത്തില്‍ അധ്യക്ഷത വഹിച്ച ടി. ആരിഫലി പറഞ്ഞു. ലോകം ധാര്‍മിക പ്രതിസന്ധി നേരിടുകയാണ്. ധര്‍മം എന്താണെന്ന് സമൂഹത്തിനറിയാം. ധര്‍മം തിരിച്ചറിഞ്ഞ് അത് സ്വീകരിക്കാന്‍ ഇച്ഛാശക്തി ലഭ്യമാക്കാന്‍ കഴിയുമ്പോഴാണ് വിശ്വാസം അതിന്റെ കര്‍ത്തവ്യം നിര്‍വഹിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. നന്മയുടെ സന്ദേശം ഒത്തുചേരുന്നത് കൂടിയാകണം ഇത്തരം കൂടിച്ചേരലെന്ന് മന്ത്രി പി.കെ കുഞ്ഞാലിക്കുട്ടി പറഞ്ഞു. ശക്തമായ സാമൂഹിക വീക്ഷണത്തിന്റെ പ്രതിഫലനമാണ് ഇഫ്താര്‍ സംഗമമെന്ന് ഡോ. എന്‍.എ കരീം പറഞ്ഞു. നല്ല കാര്യങ്ങളെക്കുറിച്ച് ചിന്തിക്കാനും മനസ്സിനെയും ശരീരത്തെയും അടക്കിനിര്‍ത്താനും വ്രതത്തിന് കഴിയുമെന്ന് സുഗതകുമാരി പറഞ്ഞു.
സംസ്‌കാരത്തിനും ജനാധിപത്യത്തിനും മൂല്യത്തിനും വിലകല്‍പ്പിക്കുന്ന പ്രത്യയശാസ്ത്രത്തിലെ വ്രതാനുഷ്ഠാനം നല്ല സമൂഹത്തെ സൃഷ്ടിക്കുമെന്ന് മുന്‍ മന്ത്രി എന്‍.കെ പ്രേമചന്ദ്രന്‍ പറഞ്ഞു. മതത്തെ അറിയാന്‍ ഇഫ്ത്വാര്‍ ഉപകരിക്കുമെന്നും മതങ്ങളെ ശരിയായി മനസ്സിലാക്കാത്തതാണ് തെറ്റിദ്ധാരണക്ക് കാരണമെന്നും മുന്‍ മന്ത്രി എം. വിജയകുമാര്‍ പറഞ്ഞു. ദൈവത്തിന്റെ സാമീപ്യം അനുഭവിക്കാനുള്ളതാണ് വ്രതാനുഷ്ഠാനമെന്ന് മലങ്കരസഭ മെത്രാപ്പോലീത്ത ഗബ്രിയേല്‍ മാര്‍ ഗ്രിഗോറിയോസ് അഭിപ്രായപ്പെട്ടു. അനൗപചാരികമായ ഇത്തരം കൂട്ടായ്മകള്‍ മതങ്ങള്‍ തമ്മില്‍ കൂടുതല്‍ അടുക്കാന്‍ സഹായകരമാകും. വ്രതശുദ്ധി മനുഷ്യ മനസ്സിനെ സമ്പന്നമാക്കുമ്പോള്‍ സമൂഹത്തിനും തിളക്കം കിട്ടുമെന്ന് സി.എസ്.ഐ ബിഷപ് ഡോ. ധര്‍മരാജ് റസാലം പറഞ്ഞു. മതവിഭാഗങ്ങള്‍ തമ്മിലല്ല, രാഷ്ട്രീയക്കാര്‍ തമ്മിലാണ് ഇപ്പോള്‍ പ്രശ്‌നങ്ങളെന്ന് സ്വാമി അശ്വതി തിരുനാള്‍ പറഞ്ഞു. നന്മക്ക് വേണ്ടിയുള്ള സംഘമാണ് ഇതെന്ന് പ്രമുഖ ചലിച്ചിത്രകാരന്‍ അടൂര്‍ ഗോപാലകൃഷ്ണന്‍ പറഞ്ഞു. അടഞ്ഞ വാതിലുകളല്ല, തുറന്ന വാതിലുകളാണ് വേണ്ടതെന്ന് സ്വാഗതം പറഞ്ഞ ജമാഅത്തെ ഇസ്‌ലാമി സംസ്ഥാന ജനറല്‍ സെക്രട്ടറി പി. മുജീബുര്‍റഹ്മാന്‍ അഭിപ്രായപ്പെട്ടു. മന്ത്രി എ.പി അനില്‍കുമാര്‍, ഡെപ്യൂട്ടി സ്പീക്കര്‍ എന്‍. ശക്തന്‍, പി. ശ്രീരാമകൃഷ്ണന്‍ എം.എല്‍.എ, പാളയം ഇമാം ജമാലുദ്ദീന്‍ മങ്കട, സി.പി.ഐ സംസ്ഥാന സെക്രട്ടറി പന്ന്യന്‍ രവീന്ദ്രന്‍, സാഹിത്യ അക്കാദമി പ്രസിഡന്റ് പെരുമ്പടവം ശ്രീധരന്‍, കിംസ് ചെയര്‍മാന്‍ ഡോ. എം.ഐ സഹദുള്ള, ആസൂത്രണ ബോര്‍ഡംഗം സി.പി ജോണ്‍, ന്യൂനപക്ഷ കമീഷന്‍ ചെയര്‍മാന്‍ എം. വീരാന്‍കുട്ടി, അബ്ദുല്‍ ഷുക്കൂര്‍ മൗലവി അല്‍ഖാസിമി, മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകരായ സി. ഗൗരിദാസന്‍ നായര്‍, ഭാസുരേന്ദ്ര ബാബു, കെ.പി മോഹനന്‍, എം.ജി രാധാകൃഷ്ണന്‍, ടി.എന്‍ ഗോപകുമാര്‍, മീഡിയ വണ്‍ ഡയറക്ടര്‍ വയലാര്‍ ഗോപകുമാര്‍, ഇ.എം നജീബ്, വെല്‍ഫെയര്‍ പാര്‍ട്ടി സംസ്ഥാന ജനറല്‍ സെക്രട്ടറി കെ. അംബുജാക്ഷന്‍, സി.വി.എം വാണിമേല്‍, ന്യൂനപക്ഷ ക്ഷേമ ഡയറക്ടര്‍ പി. നസീര്‍, ജമാഅത്തെ ഇസ്‌ലാമി സംസ്ഥാന അസി. അമീര്‍മാരായ എം.കെ മുഹമ്മദാലി, ശൈഖ് മുഹമ്മദ് കാരകുന്ന്, സെക്രട്ടറി എന്‍.എം അബ്ദുര്‍റഹ്മാന്‍, സംസ്ഥാനസമിതി അംഗങ്ങളായ പി.പി അബ്ദുല്‍ റഹ്മാന്‍, ഷഹീര്‍ മൗലവി, ജില്ലാ പ്രസിഡന്റ് എന്‍.എം അന്‍സാരി തുടങ്ങിയവര്‍ പങ്കെടുത്തു.

Comments

Other Post

ഖുര്‍ആന്‍ ബോധനം

മര്‍യം / 4-7
എ.വൈ.ആര്‍