Prabodhanm Weekly

Pages

Search

2013 ഓഗസ്റ്റ്‌ 23

അന്താരാഷ്ട്ര നിയമത്തിന്റെ ഉള്ളടക്കം

പഠനം / ഡോ. മുഹമ്മദ് ഹമീദുല്ല

ഇനി അന്താരാഷ്ട്ര നിയമത്തിന്റെ ഉള്ളടക്കം എന്ത് എന്ന് നോക്കാം. നമ്മുടെ കാലത്ത് രണ്ട്തരം അന്താരാഷ്ട്ര നിയമങ്ങളുണ്ട്, പൊതു അന്താരാഷ്ട്ര നിയമവും സ്വകാര്യ അന്താരാഷ്ട്ര നിയമവും. ഇവയെ വ്യത്യസ്ത ശാഖകളായിട്ടാണ് പരിഗണിച്ച് പോരുന്നത്. എന്നാല്‍ മുസ്‌ലിം നിയമജ്ഞന്മാര്‍ ഇവ രണ്ടും തമ്മില്‍ യാതൊരു വ്യത്യാസവും കല്‍പ്പിക്കുന്നില്ല. ഒരേ അധ്യായത്തില്‍ തന്നെയാണ് ഈ രണ്ട്തരം നിയമങ്ങളും ചര്‍ച്ച ചെയ്യുക. ഒരു നാട്ടിലെ ഗവണ്‍മെന്റും മറ്റൊരു നാട്ടിലെ പൗരന്മാരും തമ്മിലുള്ള വ്യവഹാരങ്ങളെയും ബന്ധങ്ങളെയുമാണ് സ്വകാര്യ അന്താരാഷ്ട്ര നിയമം ഉള്‍ക്കൊള്ളുന്നത്. രാഷ്ട്രങ്ങള്‍ തമ്മിലുള്ള ബന്ധങ്ങള്‍ പൊതു അന്താരാഷ്ട്ര നിയമവും ചര്‍ച്ച ചെയ്യുന്നു.
ഇതാണ് രണ്ടും തമ്മിലുള്ള വ്യത്യാസം. ഉദാഹരണത്തിന്, പൗരത്വവുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങളും മറ്റും സ്വകാര്യ അന്താരാഷ്ട്ര നിയമത്തിന്റെ ഭാഗമായിരിക്കും. വിവിധ മുസ്‌ലിം അവാന്തര വിഭാഗങ്ങളുടെ ബന്ധങ്ങളെയെല്ലാം ഇതിന്റെ പരിധിയിലേക്ക് കൊണ്ടുവരുന്നുണ്ട് മുസ്‌ലിം നിയമജ്ഞന്മാര്‍. ശിഈ-സുന്നി ബന്ധങ്ങളെക്കുറിച്ചുള്ള ചര്‍ച്ച ഇവിടെയാണ് വരിക. കോടതിയില്‍ ഒരു അനന്തരാവകാശ പ്രശ്‌നം വന്നു എന്ന് വിചാരിക്കുക. മരിച്ചയാള്‍ ശിഈ വിഭാഗക്കാരനാണ്. പക്ഷേ അയാളുടെ വിധവ സുന്നി വിശ്വാസക്രമങ്ങള്‍ക്കനുസരിച്ച് ജീവിക്കുന്നവളാണ്. അപ്പോള്‍ ഏത് നിയമപ്രമാണമനുസരിച്ചാവണം അനന്തരസ്വത്ത് ഭാഗിക്കേണ്ടത്? സ്വകാര്യ അന്താരാഷ്ട്ര നിയമത്തിന്റെ പരിധിയില്‍വരുന്ന വിഷയമാണിത്.
മറ്റൊരു ഉദാഹരണം. ഒരു മുസ്‌ലിം രാഷ്ട്രത്തില്‍ ജീവിക്കുന്ന മുസ്‌ലിമായ ഒരു വ്യക്തി ഒരു അന്യരാഷ്ട്രത്തിലെ വ്യക്തിയുമായി കച്ചവടക്കരാര്‍ ഉണ്ടാക്കുന്നു. അന്യരാഷ്ട്രത്തില്‍ ഒരു നിയമമുണ്ട്. വ്യക്തി ഏര്‍പ്പെടുന്ന ഏതൊരു കരാറും സാധുവാകണമെങ്കില്‍ അയാള്‍ക്ക് പതിനെട്ട് വയസ്സ് തികഞ്ഞിരിക്കണം. മുസ്‌ലിം രാഷ്ട്രത്തില്‍ അങ്ങനെയൊരു നിയമമില്ല. ശാരീരികവും മാനസികവുമായ പക്വതയും ക്ഷമതയും കൈവരിക്കണമെന്നേ അവിടെ നിബന്ധനയുള്ളൂ. അത് ചിലപ്പോള്‍ 18 വയസ്സിന് മുമ്പും ആകാം. ഇങ്ങനെ 18 തികയുന്നതിനുമുമ്പാണ് കരാറില്‍ ഏര്‍പ്പെടുന്നതെങ്കില്‍ എതിര്‍ വക്കീലിന് തന്റെ രാജ്യത്തെ നിയമം ഉയര്‍ത്തിപ്പിടിച്ച് ഈ കരാര്‍ അസാധുവാണെന്നും തന്റെ കക്ഷിക്ക് അതില്‍ ഉത്തരവാദിത്ത്വമില്ലെന്നും വാദിക്കാവുന്നതാണ്. ഇത്തരം കാര്യങ്ങളൊക്കെ സ്വകാര്യ അന്താരാഷ്ട്ര നിയമത്തില്‍പെടും.
പൊതുഅന്താരാഷ്ട്ര നിയമം മൂന്ന് വിഷയങ്ങളാണ് ചര്‍ച്ച ചെയ്യുക. യുദ്ധ കാലത്തെ നിയമം, സമാധാന കാലത്തെ നിയമം, നിഷ്പക്ഷമായിരിക്കുന്ന കാലത്തെ നിയമം. സമാധാനകാല നിയമം മൂന്ന് മുഖ്യപ്രശ്‌നങ്ങളാണ് കൈകാര്യം ചെയ്യുക. പരമാധികാരം (Sovereignty) ആണ് ഒന്നാമത്തെ വിഷയം. ഏതൊന്നിനെയാണ് പരമാധികാര രാഷ്ട്രമായി കണക്കാക്കുക? വിഘടനവാദികള്‍ ഒരു രാജ്യത്തിനകത്ത് എവിടെയെങ്കിലും സ്വതന്ത്രമായി ഭരണം നടത്തുന്നുണ്ടെങ്കില്‍ അവരെയും ഇതിന്റെ പരിധിയില്‍ കൊണ്ടുവരാമെന്നാണ് ആധുനിക അന്താരാഷ്ട്രനിയമം പറയുന്നത്. പരമാധികാരത്തെ നിര്‍വചിക്കുന്നതും ഈ നിയമം തന്നെയായിരിക്കും. ബ്രിട്ടീഷുകാര്‍ ഇന്ത്യ ഭരിച്ചിരുന്നപ്പോള്‍ അവര്‍ നേരിട്ട് ഭരിച്ച പ്രദേശങ്ങള്‍ ഇവിടെ ഉണ്ടായിരുന്നു. ഹൈദരാബാദ്, ബഹവല്‍പൂര്‍, കശ്മീര്‍ പോലെ അവരുടെ കീഴിലുള്ള രാജാക്കന്മാര്‍ ഭരിച്ചിരുന്ന പ്രദേശങ്ങളും ഉണ്ടായിരുന്നു. ഈ നാട്ടുരാജ്യങ്ങളെ പരമാധികാര രാഷ്ട്രങ്ങളായി കാണാന്‍ പറ്റുമോ? ആണെങ്കില്‍, എന്തായിരിക്കും അവയെ നിയന്ത്രിക്കുന്ന വ്യവസ്ഥകള്‍? ഇനിയൊരു രാഷ്ട്രത്തിന് ഭാഗിക പരമാധികാരം മാത്രമേ ഉള്ളുവെങ്കിലും അന്താരാഷ്ട്ര നിയമത്തില്‍ തന്നെയാണ് അതും പെടുക.
സ്വത്ത് (Property) ആണ് മറ്റൊരു വിഷയം. പിടിച്ചടക്കലുമായി ബന്ധപ്പെട്ടാണ് അത് സാധാരണ ഉയര്‍ന്നുവരിക. ഒരു രാഷ്ട്രം മറ്റൊരു രാഷ്ട്രത്തിന്റെ ഭാഗം ആക്രമിച്ച് കീഴടക്കിയാല്‍ ആ പ്രദേശം വിജയിച്ച രാഷ്ട്രത്തിന്റേതാകുമോ? അല്ലെങ്കില്‍ മറ്റുചില അംഗീകൃത ചട്ടങ്ങളാണോ പാലിക്കേണ്ടത്? ആ ചട്ടങ്ങള്‍ എന്തൊക്കെയാണ്? വസ്തു വില്‍പ്പനയും ഇതിന്റെ പരിധിയില്‍ വരും. ഒരു രാഷ്ട്രം ചിലപ്പോള്‍ ചില പ്രദേശങ്ങള്‍ വെട്ടിപ്പിടിച്ചെന്ന്‌വരും. അല്ലെങ്കില്‍ പ്രദേശങ്ങള്‍ തമ്മില്‍ തമ്മില്‍ കൈമാറ്റം ചെയ്‌തെന്നിരിക്കും; പാരിതോഷികമായി നല്‍കിയെന്നിരിക്കും. ഇതിന് എത്രയോ ഉദാഹരണങ്ങള്‍ നമുക്ക് ഇന്ത്യാചരിത്രത്തില്‍നിന്ന് കണ്ടെടുക്കാനാവും. രണ്ട് രാജാക്കന്മാര്‍ തമ്മില്‍ ഒരു തുണ്ട് ഭൂമിയെ ചൊല്ലി തര്‍ക്കിക്കുന്നു. അവസാനം ഒരു സമവായത്തില്‍ എത്തുന്നു. തര്‍ക്കഭൂമി മറ്റേ രാജാവിന് വിട്ടുകൊടുക്കാം. അയാളുടെ മകന്‍ ഈ രാജാവിന്റെ മകളെ കല്യാണം കഴിക്കണമെന്ന് മാത്രം. മരുമകന്നുള്ള സ്ത്രീധനമായാണ് ഭൂമി വിട്ടുനല്‍കുന്നത്. ഇങ്ങനെ ഒരുപാട് ഉദാഹരണങ്ങള്‍.
നിയമത്തിന്റെ അധികാരപരിധി (Jurisdiction) ആണ് മറ്റൊരു വിഷയം. ഒരു നാട്ടിലെ നിയമം മറ്റൊരു നാട്ടിലെ പൗരന്ന് ബാധകമാകുമോ? ബാധകമാകുമെങ്കില്‍ അതിന്റെ പരിധി എവിടംവരെ എന്ന് തീരുമാനിക്കേണ്ടതുണ്ട്. ഈ വിഷയകമായി താല്‍പ്പര്യമുണര്‍ത്തുന്ന ഒരു അധ്യായമുണ്ട് ശൈബാനിയുടെ അസ്സിയറുല്‍ കബീര്‍ എന്ന ഗ്രന്ഥത്തില്‍. ഒരു അന്യരാഷ്ട്രത്തിലെ പൗരന്‍ മുസ്‌ലിം രാഷ്ട്രത്തില്‍ കേസ് ഫയല്‍ ചെയ്യുകയാണെങ്കില്‍, അയാളുടെ നാട്ടിലെ നിയമമനുസരിച്ചാണ് കോടതി വിധികല്‍പ്പിക്കുക എന്ന് ശൈബാനി ആ ഗ്രന്ഥത്തില്‍ പറയുന്നുണ്ട്.
രണ്ട് ഇന്ത്യക്കാര്‍ പാകിസ്താനില്‍ വന്നു എന്നുകരുതുക. അവര്‍ തമ്മില്‍ തര്‍ക്കവും കശപിശയുമുണ്ടായി. അതിലൊരാള്‍ പാക് കോടതിയെ സമീപിച്ചു. എങ്കില്‍ പാക് നിയമമനുസിരിച്ചില്ല, ഇന്ത്യന്‍ നിയമമനുസരിച്ചാണ് കോടതി പ്രശ്‌നത്തില്‍ വിധിതീര്‍പ്പുണ്ടാക്കേണ്ടത്. മറ്റു നാടുകളിലെ നിയമങ്ങളെക്കുറിച്ചും ന്യായാധിപന്മാര്‍ക്ക് അറിവുണ്ടായിരിക്കണമെന്ന് ശൈബാനി എഴുതിയത് അതുകൊണ്ടാണ്. പ്രവാചകന്റെ കാലത്തെ ഒരു സംഭവം അദ്ദേഹം ഉദ്ധരിക്കുന്നുണ്ട്. ഒരു സംഘം ജൂതന്മാര്‍ മദീനയില്‍ വന്നു. അതിലുണ്ടായിരുന്ന രണ്ട് പേരെക്കുറിച്ച് വ്യഭിചാരാരോപണമുണ്ടായി. പ്രശ്‌നം പ്രവാചകന്റെ മുമ്പാകെ വന്നു. ഈ പ്രശ്‌നത്തില്‍ ജൂതമതത്തിലെ നിയമമെന്ത് എന്ന് പ്രവാചകന്‍ ആരാഞ്ഞു. എന്നാല്‍ പ്രവാചകനെ തെറ്റിദ്ധരിപ്പിക്കാനാണ് ജൂതന്മാര്‍ ശ്രമിച്ചത്. അവര്‍ പറഞ്ഞു: ഈ കുറ്റകൃത്യം തെളിഞ്ഞ് കഴിഞ്ഞാല്‍ കുറ്റവാളിയെ കൊണ്ടുവന്ന് അയാളുടെ മുഖത്ത് കറുപ്പടിക്കണം. എന്നിട്ടയാളെ അങ്ങാടിയിലൂടെ പരസ്യമായി ഒരു കഴുതപ്പുറത്ത് തലതിരിച്ചിരുത്തി കൊണ്ടുപോകണം. ചെണ്ടമേളങ്ങള്‍ അകമ്പടിയായും ഉണ്ടാകും.
ഈ വിശദീകരണം പക്ഷേ പ്രവാചകന്‍ സ്വീകരിച്ചില്ല. അവിടുന്ന് ഒരു തോറ കൊണ്ടുവരാന്‍ ആവശ്യപ്പെട്ടു. തോറയില്‍ അതുമായി ബന്ധപ്പെട്ട ഭാഗം വായിക്കാന്‍ ഒരാളെ ചുമതലപ്പെടുത്തി. ഇസ്‌ലാമിലേക്ക് വന്ന ജൂതമതസ്ഥനായിരുന്ന അബ്ദുല്ലാഹിബ്‌നു സലാമിന്റെ സാന്നിധ്യത്തിലാണ് വായന. ഒരു ഭാഗം കൈവിരല്‍കൊണ്ട് മറച്ചുവെച്ചാണ് അവരിലൊരാള്‍ വായിച്ചുകൊണ്ടിരുന്നത്. വിരല്‍ മാറ്റാന്‍ അബ്ദുല്ലാഹിബ്‌നു സലാം ആവശ്യപ്പെട്ടു. വ്യഭിചാരത്തിന് എറിഞ്ഞുകൊല്ലലാണ് ശിക്ഷ എന്നാണവിടെ എഴുതിയിരുന്നത്. കുറ്റം തെളിയിക്കപ്പെട്ടാല്‍ ഈ ശിക്ഷ തന്നെയായിരിക്കുമെന്ന് പ്രവാചകന്‍ പ്രഖ്യാപിച്ചു. അന്യദേശക്കാര്‍ക്ക് ഇസ്‌ലാമിക രാഷ്ട്രത്തിന്റേതല്ല, അവരുടെ തന്നെ നിയമങ്ങളാണ് ബാധകമാവുക എന്നാണത് കാണിക്കുന്നത്.
നയതന്ത്രവുമായി ബന്ധപ്പെട്ടതാണ് സമാധാന കാലത്തെ നിയമങ്ങള്‍. മുന്‍കാലങ്ങളില്‍ സ്ഥിരം അംബാസഡര്‍മാര്‍ (സ്ഥാനപതികള്‍) ഉണ്ടായിരുന്നില്ല. എല്ലവരും താല്‍ക്കാലിക പ്രതിനിധികളായിരുന്നു. ഒരു ദൗത്യവുമായാണ് അവര്‍ അന്യരാഷ്ട്രങ്ങളിലേക്ക് പോവുക. ആ ദൗത്യം പൂര്‍ത്തിയാക്കുന്നതോടെ ആ ചുമതലയില്‍നിന്ന് അവര്‍ ഒഴിവാക്കപ്പെടും. സ്ഥിരം സ്ഥാനപതികളെ വെക്കുന്ന സമ്പ്രദായം തുടങ്ങിവെച്ചത് മുസ്‌ലിംകളാണെന്ന് സയ്യിദ് അമീര്‍ അലി തന്റെ ഹിസ്റ്ററി ഓഫ് സാരസന്‍സ് എന്ന ഗ്രന്ഥത്തില്‍ പറയുന്നുണ്ട്. യൂറോപ്യന്മാര്‍ ഈ രീതി പിന്തുടരുന്നതിന് ഇരുനൂറ് വര്‍ഷം മുമ്പായിരുന്നു ഇത്.
യുദ്ധകാലത്തെ നിയമങ്ങളില്‍ യുദ്ധത്തടവുകാര്‍, കൈയേറിയ സ്വത്തുവഹകള്‍, യുദ്ധാനന്തര കരാറുകള്‍ എന്നിവ ഉള്‍പെടുന്നു.
(അവസാനിച്ചു)

Comments

Other Post

ഖുര്‍ആന്‍ ബോധനം

മര്‍യം / 4-7
എ.വൈ.ആര്‍