Prabodhanm Weekly

Pages

Search

2013 ഓഗസ്റ്റ്‌ 23

കെ.സിയും എ.ഐ.സിയും

കുറിപ്പുകള്‍ / പി.എം സാജിദുറഹ്മാന്‍

ചേന്ദമംഗല്ലൂര്‍ ഇസ്‌ലാഹിയ കോളേജ് ഞാന്‍ പഠിച്ചുവളര്‍ന്ന സ്ഥാപനം. ആറു വര്‍ഷത്തെ ഓര്‍മകള്‍. എം.ഇ.എസ് മമ്പാട് കോളേജില്‍ പി.ഡി.സിക്ക് ചേര്‍ത്തിയിരുന്ന എന്നെ കെ.സി അബ്ദുല്ല മൗലവിയുടെ നിര്‍ബന്ധ പ്രകാരം ഇസ്‌ലാഹിയ കോളേജിലേക്ക് പറിച്ചുനടുകയായിരുന്നു. എ.ഐ.സി (ആര്‍ട്‌സ് ആന്റ് ഇസ്‌ലാമിക് കോഴ്‌സ്) എന്ന കെ.സിയുടെ വിദ്യാഭ്യാസ പരീക്ഷണം വാപ്പക്ക് (അത്തോളി മാസ്റ്റര്‍) നന്നായി ഇഷ്ടപ്പെട്ടു. ആര്‍ട്‌സ് വിഷയങ്ങളില്‍ യൂനിവേഴ്‌സിറ്റി പരീക്ഷകള്‍ എഴുതാന്‍ പ്രാപ്തരാക്കുന്നതോടൊപ്പം വിശുദ്ധ ഖുര്‍ആന്‍ ഇസ്‌ലാമിക പാഠ്യപദ്ധതിയുടെ കേന്ദ്ര ബിന്ദുവാക്കി അറബി ഭാഷ കൂടി പഠിക്കാനുള്ള അവസരം. പ്ലസ്ടു, ഡിഗ്രി പൂര്‍ത്തിയാക്കുമ്പോള്‍ ഖുര്‍ആന്‍ ആദ്യന്തം അര്‍ഥസഹിതം പഠിക്കല്‍ നിര്‍ബന്ധമായിരുന്നു.
പ്ലസ് വണ്ണിന് പഠിച്ചുകൊണ്ടിരിക്കെ രസകരമായ ഒരു സംഭവം നടന്നു. അറബിഭാഷ ഉച്ചാരണ സഹിതം ശരിക്കും പഠിക്കാന്‍ ഈജിപ്തില്‍ നിന്ന് ഒരധ്യാപകനെ കെ.സി കൊണ്ടുവന്നിരുന്നു.പേര് അശ്മാവി. 'കബകുബാ'ന്നുള്ള സംസാരം, ഒരെത്തും പിടിയും കിട്ടുന്നില്ല. ഞാന്‍ മൂപ്പരുടെ ചുണ്ടിലേക്ക് തന്നെ നോക്കിയിരിക്കെ അടുത്തിരിക്കുന്ന കുഞ്ഞാവ ചിരിച്ചു. പിടിച്ചത് എന്നെ. പടച്ചതമ്പുരാനേ, ഞാന്‍ ചിരിച്ചിട്ടില്ല എന്ന് അദ്ദേഹത്തോട് പറയണം. എങ്ങനെ?! മദ്‌റസയില്‍ പഠിച്ച നഹ്‌വ്, സര്‍ഫ്, ഫിഖ്ഹ് എല്ലാം മനസ്സില്‍ ഓര്‍ത്തുകൊണ്ട് രണ്ടും കല്‍പിച്ച് ഞാന്‍ കാച്ചി: 'ലാ തര്‍ഫഅ് സൗത്തക്ക'. 'നീ ഒച്ച വെക്കരുത്' എന്നര്‍ഥം. പ്രശ്‌നം ഗുരുതരം. ഞാന്‍ ക്ലാസ്സിന് പുറത്ത്. അകത്ത് കയറണമെങ്കില്‍ കെ.സിയെ കാണണം. കെ.സിയോട് നടന്നതെല്ലാം വിശദമായി പറഞ്ഞു. കെ.സിയും സഗീര്‍ മൗലവിയും പൊട്ടി പൊട്ടി ചിരിച്ചു. ചിരിക്കിടയില്‍ തന്നെ, അടുത്ത പിരിയഡ് ക്ലാസില്‍ കയറിയിരിക്കാന്‍ കെ.സി പറഞ്ഞു. ഹാവൂ! സമാധാനം.
1967 മുതല്‍ എ.ഐ.സി കോഴ്‌സ് കഴിഞ്ഞ് പുറത്തിറങ്ങുന്നവര്‍ ഇന്ത്യയിലും പുറത്തും പ്രശംസാര്‍ഹമായ ജോലിയാണ് ചെയ്തുകൊണ്ടിരിക്കുന്നത്. അറബിയും ഇംഗ്ലീഷും ഒന്നിച്ചറിയാവുന്നവര്‍ക്ക് വിദേശത്ത്, പ്രത്യേകിച്ച് ഗള്‍ഫില്‍ ഇപ്പോഴും ഏറെ സാധ്യതയുണ്ട്. ഇന്നുവരെയുള്ള അനുഭവവും യാഥാര്‍ഥ്യവുമാണിത്. ഖത്തര്‍, രിയാദ്, കുവൈത്ത്, ദുബൈ, അബൂദബി, ഒമാന്‍, ബഹ്‌റൈന്‍, ജപ്പാന്‍, അമേരിക്ക, കനഡ തുടങ്ങി ലോകത്തിന്റെ നാനാഭാഗത്തും ഉന്നത പദവികളില്‍ ജോലി ചെയ്യുന്ന പൂര്‍വ വിദ്യാര്‍ഥികളില്‍ പലരും നാട്ടില്‍ വരുമ്പോള്‍ ഗൃഹാതുര സ്മൃതികളോടെ കുടുംബസമേതം കോളേജ് സന്ദര്‍ശിക്കുകയും അവരുടെ അനുഭവങ്ങള്‍ പുതിയ തലമുറയോട് പങ്കുവെക്കുകയും ചെയ്യാറുണ്ട്.
അതോടൊപ്പം യൂനിവേഴ്‌സിറ്റി തലത്തില്‍ ആര്‍ട്‌സ് വിഷയങ്ങളില്‍ റാങ്ക് നേടിയവരും രാജ്യത്തിനകത്ത് പ്രമുഖ സ്ഥാനങ്ങളില്‍ ജോലി ചെയ്യുന്നവരും കോളേജിന്റെ പ്രതീക്ഷകളെ പൂവണിയിച്ച പൂര്‍വ വിദ്യാര്‍ഥികളാണ്. പി.എസ്.സി ഉള്‍പ്പെടെയുള്ള മത്സര പരീക്ഷകള്‍ക്കൊരുങ്ങുന്നവര്‍ക്കും, ഇംഗ്ലീഷ് ഭാഷ പഠിക്കുകയും പഠിപ്പിക്കുകയും ചെയ്യുന്നവര്‍ക്കും ഉപകാരപ്പെടുന്ന 'ഇംഗ്ലീഷ് തെറ്റും ശരിയും' എന്ന റഫറന്‍സ് പുസ്തകം എഴുതിയ എ.കെ അബ്ദുല്‍ മജീദും, ഡോ. കെ.ടി ജലീല്‍ എം.എല്‍.എയും ഇസ്‌ലാഹിയാ കോളേജിന്റെ സന്തതികളാണ്. പൂര്‍വ വിദ്യാര്‍ഥികളില്‍ പലരെയും കുടുംബസമേതം കണ്ടുമുട്ടുമ്പോള്‍ സാമാന്യമായ ഇസ്‌ലാമിക ബോധവും ശിക്ഷണവും അവരുടെ കുടുംബത്തിനും കിട്ടിയതായി അനുഭവപ്പെടുന്നു. എ.ഐ.സിയിലൂടെ കെ.സി ദീര്‍ഘദര്‍ശനം ചെയ്ത മാറ്റമാണിത്.
മുകളില്‍ പറഞ്ഞ കാര്യങ്ങളൊക്കെ അനുഭവിച്ചറിഞ്ഞ ഞാന്‍ രണ്ടു മാസത്തോളമായി വല്ലാത്ത ചിന്താ കുഴപ്പത്തിലായിരുന്നു. മകന്‍ മുഹമ്മദ് പ്ലസ്ടു കഴിഞ്ഞു. മെക്കാനിക്കല്‍ എഞ്ചിനീയറിംഗിന് പോവാനാണ് അവന് ആഗ്രഹം. എന്നാല്‍, വലിയ നിര്‍ബന്ധമൊന്നുമില്ല. എങ്കിലും അവന്റെ താല്‍പര്യം പരിഗണിക്കണമെന്ന് എനിക്ക് തോന്നി. മംഗലാപുരം, കോയമ്പത്തൂര്‍, മദ്രാസ്, ബാംഗ്ലൂര്‍ തുടങ്ങി കേരളത്തിനകത്തും പുറത്തും സീറ്റ് നോക്കി. മംഗലാപുരത്തെ എഞ്ചിനീയറിംഗ് കോളേജ് ഞങ്ങള്‍ രണ്ടുപേരും നേരിട്ട് പോയി കണ്ടു. എല്ലായിടത്തും ലക്ഷക്കണക്കിന് രൂപ ഡൊണേഷനും ഫീസും വേണം. ഡിപ്പാര്‍ട്ട്‌മെന്റില്‍ വേണ്ടത്ര സജ്ജീകരണങ്ങളില്ല. കഴിവുള്ള അധ്യാപകര്‍ വിരളം. പടുകൂറ്റന്‍ കവാടങ്ങള്‍. ആകര്‍ഷകമായ കാമ്പസ്. ഉത്കൃഷ്ടമായ ഉല്‍പന്നമല്ല, 'വരവാ'ണ് സുപ്രധാനം. എങ്കിലും എഞ്ചിനീയറാകാനുള്ള മകന്റെ അഭിലാഷം മനസ്സിലാക്കി ഞാന്‍ മംഗലാപുരത്ത് ഒരു സീറ്റ് അഡ്വാന്‍സ് കൊടുത്ത് ബുക്ക് ചെയ്തു. അവിടം മുതല്‍ ഞാന്‍ അസ്വസ്ഥനായിരുന്നു. ഡോക്ടര്‍/ എഞ്ചിനീയര്‍ സീറ്റിനായി നെട്ടോട്ടം ഓടുമ്പോള്‍ കുട്ടികളുടെ ധാര്‍മികതലം പലപ്പോഴും നാം മറക്കുന്നു.
ഒരു സ്‌നേഹിതന്റെ ടൈലര്‍ കടയില്‍ കുശലം പറഞ്ഞിരിക്കെ ഞാന്‍ എന്റെ ഗ്രാമത്തെക്കുറിച്ച് ആലോചിച്ചു. ചേന്ദമംഗല്ലൂര്‍ ഗ്രാമം, ഇസ്‌ലാഹിയ കോളേജ്, മദ്‌റസ, സ്‌കൂള്‍, പച്ച വിരിച്ച പാടങ്ങള്‍, മഹത്തുക്കള്‍ അന്ത്യവിശ്രമം കൊള്ളുന്ന ഖബ്ര്‍സ്ഥാന്‍, സംസ്‌കാര സമ്പന്നരായ നല്ല മനുഷ്യര്‍, എല്ലാറ്റിനും സാക്ഷിയായി അഞ്ചു നേരവും തക്ബീര്‍ മുഴങ്ങുന്ന ഒതയമംഗലം ജുമുഅത്ത് പള്ളി. ദീനും ദുനിയാവും സംഗമിക്കുന്ന കോളേജ് കാമ്പസ്. റൂസ്സോ പറഞ്ഞത് ഓര്‍മവന്നു. ''വിദ്യാലയം ഒരു പൂന്തോട്ടം, വിദ്യാര്‍ഥി ഒരിളം ചെടി, അധ്യാപകനോ ശ്രദ്ധാലുവായ ഒരു തോട്ടക്കാരന്‍.'' മകന്‍ മുഹമ്മദിനെ മംഗലാപുരത്ത് നിന്നും ഇസ്‌ലാഹിയ കോളേജിലേക്ക് പറിച്ചുനടാന്‍ ഞാന്‍ തീരുമാനിച്ചു. ഇന്‍ശാ അല്ലാഹ്. ഏതു സാഹചര്യത്തിലും പിടിച്ചുനില്‍ക്കാന്‍ അവന് കഴിയണം. എ.ഐ.സിയുടെ ഉപജ്ഞാതാവ് കെ.സിയെ അല്ലാഹു അനുഗ്രഹിക്കട്ടെ. ആമീന്‍.

Comments

Other Post

ഖുര്‍ആന്‍ ബോധനം

മര്‍യം / 4-7
എ.വൈ.ആര്‍