ഹിന്ദുമതനവീകരണവും കേരളവും
ഹിന്ദുമത നവീകരണ സംരംഭങ്ങളില്‍ കേരളത്തിലെ ആചാര്യന്മാരും പണ്ഡിതന്മാരും വഹിച്ച പങ്ക് പുറംലോകത്ത് വേണ്ടത്ര പ്രചുരപ്രചാരം നേടിയതായി കാണുന്നില്ല. നവോത്ഥാന സംരംഭങ്ങള്‍ക്ക് നേതൃത്വം വഹിച്ച മഹത്തുക്കള്‍ക്ക് അവരുടെ ജീവിതകാലത്ത് അര്‍ഹിക്കുന്ന പരിഗണന ലഭിക്കുകയുമുണ്ടായില്ല. അവരില്‍ പലരുടെയും പ്രഭാഷണങ്ങളും ഗ്രന്ഥങ്ങളും മലയാളഭാഷയിലായിരുന്നുവെന്ന പരിമിതി ഒരു കാരണമാണ്. നവോത്ഥാന നായകരില്‍ ശങ്കരാചാര്യരൊഴിച്ച് മറ്റാരും കേരളത്തിനു പുറത്ത് യാത്ര ചെയ്തതായും രേഖകളില്ല. ഹൈന്ദവസമൂഹങ്ങളില്‍ ബ്രാഹ്മണമേല്‍ക്കോയ്മയുടെ നിലനില്‍പ്പിനായി വേദത്തിന്റെ തെറ്റായ വ്യാഖ്യാനങ്ങളിലൂടെയും നാട്ടാചാരങ്ങളുടെ അടിച്ചേല്‍പ്പിക്കലിലൂടെയും സംവിധാനിക്കപ്പെട്ട നടപടിക്രമങ്ങളെ നീതിയുടെയും മനുഷ്യത്വത്തിന്റെയും പക്ഷത്തുനിന്ന് ചോദ്യംചെയ്യുകയായിരുന്നു പ്രസ്തുത ആചാര്യന്മാര്‍. മുഖ്യധാരയുടെ എതിര്‍ചേരിയില്‍ നിലയുറപ്പിച്ചതുകൊണ്ട് അവഗണിക്കപ്പെട്ടതാകാം ഈ ശബ്ദങ്ങള്‍. കേരളത്തിലെ ഹൈന്ദവപരിഷ്‌കരണ സംരംഭങ്ങള്‍ക്ക് ചൂടും വേഗവും പകര്‍ന്നു നല്‍കിയതില്‍ രണ്ടു വ്യക്തിത്വങ്ങള്‍ വലിയ പങ്കുവഹിച്ചിട്ടുണ്ട്. സ്വാമിവിവേകാനന്ദനാണ് അവരിലൊരാള്‍. രണ്ടാമത്തേത് രാജാറാം മോഹന്‍ റോയിയും. കേരളം ഒരു ഭ്രാന്താലയമാണെന്ന വിവേകാനന്ദന്റെ പ്രസ്താവന ജാതിക്കെതിരായ പ്രക്ഷോഭങ്ങള്‍ക്ക് തിരികൊളുത്തുന്നതിനുള്ള ഇന്ധനമാവുകയായിരുന്നു.
ശ്രീശങ്കരാചാര്യരായിരുന്നു ഇവരില്‍ പ്രധാനി. അദൈ്വതദര്‍ശനത്തെ ലോകത്തിന് പരിചയപ്പെടുത്തിയ ഈ ആചാര്യന്‍ പിറന്നത് ആലുവപ്പുഴയുടെ തീരത്ത് കാലടിയിലായിരുന്നു. സനാതനധര്‍മത്തിന്റെ സവിശേഷ സത്യമായ അദൈ്വതത്തെ വേണ്ടവിധം മനസിലാക്കാതെ ബഹുദൈവാരാധനകളും അന്ധവിശ്വാസത്തിലധിഷ്ഠിതമായ അനുഷ്ഠാനകര്‍മങ്ങളുംകൊണ്ട് അന്ധത നിറഞ്ഞുനിന്ന മതസാമൂഹികപരിസരത്തെ ശങ്കരാചാര്യര്‍ വിമര്‍ശിച്ചു. പൗരോഹിത്യമേധാവികളാകട്ടെ അദ്ദേഹത്തിന്റെ ചിന്തകളെ മ്ലേഛമെന്ന് വിളിച്ചു പരിഹസിച്ചു. ജാതിഭ്രഷ്ടനാക്കി ഒറ്റപ്പെടുത്തുകയും ചെയ്തു. നവീകരണശ്രമങ്ങളിലേര്‍പ്പെട്ടവര്‍ക്കെല്ലാം സമാന അനുഭവങ്ങളാണ് 'വിവേകാനന്ദന്റെ ഭ്രാന്താലയ'ത്തില്‍ നേരിടേണ്ടിവന്നത്.
'ശ്ലോകാര്‍ത്ഥേന പ്രവിഷ്യാമി
യദുക്തം ഗ്രന്ഥകോടിഭി
ബ്രഹ്മസത്യം ജഗന്മിഥ്യ
ജീവോ ബ്രഹ്മൈനാപരാ'
അദൈ്വതസിദ്ധാന്തത്തെ ഇപ്രകാരം 'അരവരിശ്ലോകം' കൊണ്ട് ശങ്കരാചാര്യര്‍ സമര്‍ഥിച്ചു. ബ്രഹ്മം മാത്രമാണ് സത്യമായിട്ടുള്ളത്. ഈ ജഗത് ( പ്രപഞ്ചം ) മിഥ്യയാണ്, പ്രപഞ്ചം നശിക്കുന്നതും താല്‍ക്കാലികവുമാണ് എന്ന ചിന്തയാണ് ഈ വാക്യങ്ങളിലൂടെ പകര്‍ന്നുനല്‍കപ്പെട്ടത്. 'ഏകമേവദ്വിതീയം ബ്രഹ്മ '(ബ്രഹ്മമല്ലാതെ മറ്റൊന്നില്ല ) എന്നും ശങ്കരാചാര്യര്‍ പ്രസ്താവിച്ചു. ബ്രഹ്മത്തിന്റെ പേരില്‍ ഇവിടെ ദൈവത്തെയല്ല, അനാത്മാവിനെയാണ് ഉപാസിക്കുന്നതെന്നും വിളിച്ചുപറയുന്നു ശങ്കരാചാര്യര്‍. കേനോപനിഷത്തിലെ 'നേദം ബ്രഹ്മയദിതം ഉപാസിതേ'എന്ന വചനത്തെ വ്യാഖ്യാനിച്ചുകൊണ്ട് അനാത്മാവിനെ ധ്യാനിക്കുന്നതില്‍ യാതൊരു പ്രയോജനവുമില്ലെന്ന വാദം അദ്ദേഹം ഉന്നയിക്കുന്നു. ഹൈന്ദവതത്വസംഹിതകളെ സംരക്ഷിച്ചു സൂക്ഷിക്കുന്ന ഹിമാലയസമാനമായ ഉപനിഷത്തുകളില്‍ നിന്ന് വിജ്ഞന്മാര്‍ക്ക് വിഗ്രഹാരാധനയെ പ്രോത്സാഹിപ്പിക്കുന്ന ആശയങ്ങളൊന്നുംതന്നെ കണ്ടെടുക്കാനാവുകയിെല്ലന്നാണ് ശങ്കരാചാര്യരുടെ സമര്‍ഥനം.
തിരുവനന്തപുരത്തിനടുത്തുള്ള കൊല്ലൂര്‍ ഗ്രാമത്തില്‍ 1029 ചിങ്ങമാസത്തില്‍ ജനിച്ച ശ്രീ ചട്ടമ്പി സ്വാമികള്‍ പണ്ഡിതനും ഗ്രന്ഥകാരനുമായിരുന്നു. വിജ്ഞാനപാരമ്പര്യമോ സാമ്പത്തികമായ പിന്‍ബലമോ ഇല്ലാത്ത തികച്ചും സാധാരണ കുടുംബത്തിലാണ് അദ്ദേഹം ജനിച്ചത്. സ്വപ്രയത്‌നം കൊണ്ടാണ് അദ്ദേഹം തമിഴ്- സംസ്‌കൃത ഭാഷകളും വേദവും പഠിച്ചത്.പഠനകാലത്ത് ആശാന്‍ പള്ളിക്കൂടത്തിലെ 'മോനിട്ടര്‍'(ചട്ടമ്പി)ആയിരുന്നതുകൊണ്ടാണ് അദ്ദേഹം ചട്ടമ്പി സ്വാമികള്‍ എന്ന പേരിലറിയപ്പെട്ടത്. സ്വാമി വിവേകാനന്ദന്‍ കേരളത്തില്‍ പര്യടനം നടത്തിയ കാലത്ത് എറണാകുളത്ത് വെച്ച് ചട്ടമ്പിസ്വാമികളെ കണ്ടതായി രേഖപ്പെടുത്തിയിട്ടുണ്ട്. കൊല്‍ക്കത്തയില്‍ നിന്നും കന്യാകുമാരിയിലേക്കുള്ള തന്റെ സഞ്ചാരവഴികളില്‍ കണ്ടുമുട്ടിയ അതുല്യപ്രതിഭയാണ് ചട്ടമ്പിസ്വാമികളെന്നാണ് വിവേകാനന്ദന്‍ രേഖപ്പെടുത്തിയത്. നിരവധി ഗ്രന്ഥങ്ങള്‍ രചിച്ച ചട്ടമ്പിസ്വാമികളുടെ സംഭാവനകളില്‍ ശ്രദ്ധേയമാണ് ക്രിസ്തുമതഛേദനം, വേദാധികാരനിരൂപണം, പ്രാചീനമലയാളം എന്നിവ. ക്രിസ്തുമതത്തെകുറിച്ച ആഴത്തിലുള്ള വിശകലനമാണ് ക്രിസ്തുമതഛേദനം. ഈ കൃതിയെ രണ്ടായി വിഭജിച്ചിരിക്കുന്നു. ക്രിസ്തുമതത്തിന്റെ അന്തഃസത്ത എന്താണെന്നു വിശദീകരിക്കുന്ന ക്രിസ്തുമതസാരം എന്ന പൂര്‍വഭാഗം ക്രൈസ്തവമതപുരോഹിതന്മാരുടെ പ്രശംസക്ക് പാത്രമായിട്ടുള്ളതാണ്.രണ്ടാംഭാഗത്തില്‍ ക്രിസ്തുമതതത്വങ്ങളെ യുക്തിയുടെ വെളിച്ചത്തില്‍ വിലയിരുത്തുകയാണ് ചെയ്തിട്ടുള്ളത്. ഈ ഗ്രന്ഥം വിമര്‍ശിക്കപ്പെട്ടപ്പോള്‍ ചട്ടമ്പി സ്വാമികള്‍ നല്‍കിയ മറുപടി ശ്രദ്ധേയമായിരുന്നു:
''ക്രിസ്തുമതാദര്‍ശം അനുസരിച്ചുമാത്രമാണ് ഞാന്‍ അതിനെ ഛേദിച്ചിട്ടുള്ളത്. എല്ലാത്തിനെയും പരിശോധിക്കണമെന്നും നല്ലതിനെ മുറുകെപ്പിടിക്കണമെന്നും ഉള്ളത് അവരുടെ പ്രമാണമാണ്. അതുപോലെ ഞാനും പരിശോധിച്ചു. ഒരു വസ്തുവിന്റെ അന്തര്‍ഭാഗത്തു കിടക്കുന്നവയെ പരിശോധിക്കണമെങ്കില്‍ ഛേദിക്കാതെ എന്താ നിവൃത്തി.''
ജാതി താഴ്ന്ന ജനവിഭാഗങ്ങളെ പ്രലോഭിപ്പിച്ചു ക്രിസ്തുമതത്തിലേക്ക് പരിവര്‍ത്തിതരാക്കുന്ന 'സുവിശേഷശീലങ്ങളെ' ഗ്രന്ഥം അതിനിശിതമായി വിമര്‍ശിക്കുന്നു. വിശ്വാസം ഹൃദയത്തിലലിഞ്ഞുചേരാതെയുള്ള ഈ പാഴ്പ്രവര്‍ത്തനങ്ങള്‍ യേശുവിന്റെ ശൈലിയല്ലെന്നു ചട്ടമ്പിസ്വാമികള്‍ വ്യക്തമാക്കുന്നു. ഹൈന്ദവപുരോഹിതന്മാരുടെ തെറ്റായ പ്രവണതകളെ വിശകലനം ചെയ്യുന്ന പുസ്തകമാണ് വേദാധികാര നിരൂപണം. വേദം പഠിക്കാന്‍ ഏതൊരു മനുഷ്യനും അധികാരവും അവകാശവുമുണ്ടെന്ന് സ്വാമികള്‍ പ്രസ്താവിക്കുന്നു. രണ്ടു പ്രമേയങ്ങളാണ് ഗ്രന്ഥത്തില്‍ ഉള്ളടങ്ങിയിട്ടുള്ളത്. (ഒന്ന്) വേദം എന്നാല്‍ എന്താണ്, (രണ്ട്)അതിന്റെ അധികാരികള്‍ ആരെല്ലാമാണ്. വേദം എന്നാല്‍ ആത്മജ്ഞാനമാണെന്നും ആത്മജ്ഞാനത്തെ ആഗ്രഹിക്കുന്ന ഏതൊരാളും വേദാധികാരിയാണെന്നുമാണ് സ്വാമികള്‍ സമര്‍ഥിക്കുന്നത്. വേദം പുരുഷന്മാരല്ലാതെ സ്ത്രീകള്‍ പാരായണം നടത്തുന്നത് ശരിയല്ലെന്നുള്ള വാദത്തെയും ഗ്രന്ഥം നിഷേധിക്കുന്നു. ഗവേഷണപരമായി വളരെ പ്രാധാന്യമര്‍ഹിക്കുന്ന ഗ്രന്ഥമാണ് പ്രാചീനമലയാളം. പരശുരാമന്‍ മഴുവെറിഞ്ഞ് കടലിനെ പിന്മാറ്റിയ പ്രദേശത്ത് അന്യദേശത്തുനിന്നും ബ്രാഹ്മണരെ വരുത്തി മലയാളദേശം അവര്‍ക്കായി ദാനം ചെയ്തുവെന്ന കാഴ്ച്ചപ്പാടിനെ ചോദ്യം ചെയ്യുന്നതാണ് ഈ ഗ്രന്ഥം.
ഹൈന്ദവപരിഷ്‌കരണങ്ങള്‍ക്ക് വേഗം പകര്‍ന്ന മറ്റൊരു ഗുരുവായിരുന്നു ശ്രീ ബ്രഹ്മാനന്ദസ്വാമി ശിവയോഗി. 1852 ആഗസ്റ്റ് മാസം 26-ാം തീയതി പാലക്കാട് ജില്ലയില്‍ കൊല്ലങ്കോട് എന്ന പ്രദേശത്താണ് അദ്ദേഹം ജനിച്ചത്. അയിത്തം , ജാതി, തീണ്ടിക്കൂടായ്മ തുടങ്ങിയ അനാചാരപ്രവണതകള്‍ക്കെതിരെ അസാധാരണമായ ആത്മധൈര്യത്തോടെയാണ് അദ്ദേഹം പൊരുതിയത്. ജോലിയാവശ്യാര്‍ഥം കോഴിക്കോടെത്തിയ അദ്ദേഹം ബ്രഹ്മസമാജവുമായി ബന്ധപ്പെടുകയും സമാജത്തിനുവേണ്ടി ഏകദൈവവിശ്വാസത്തിലധിഷ്ഠിതമായ പ്രാര്‍ഥനാഗാനങ്ങള്‍ എഴുതിനല്‍കുകയും ചെയ്തു. ഭക്തിക്കും ഈശ്വരപ്രീതിക്കും കൂലി കൊടുത്തു മറ്റുള്ളവരെകൊണ്ട് പാരായണവും പൂജയും നടത്തുന്നത് വ്യര്‍ഥമാണെന്നായിരുന്നു സ്വാമികളുടെ വീക്ഷണം. സ്വന്തം വീട്ടില്‍ ആചാരപ്രകാരം നടത്താറുള്ള പൂജ, പ്രാര്‍ഥന, ഭജന എന്നീ ചടങ്ങുകളെയും അദ്ദേഹം ചോദ്യം ചെയ്തു. മതത്തെ വാണിജ്യവല്‍ക്കരിക്കാനുള്ള ശ്രമത്തിന്റെ ഭാഗമാണ് ഈ പ്രവര്‍ത്തനങ്ങളെന്നാണ് അദ്ദേഹം വിശ്വസിച്ചത്. കുളിച്ചുകഴിഞ്ഞേ ക്ഷേത്രത്തില്‍ കയറാവൂ എന്ന ചിന്തക്ക് 'സ്‌നാനം മനോമലത്യാഗ' എന്ന അടിവര നല്‍കുന്നു ശ്രീ ശിവയോഗി. വെള്ളത്തില്‍ മുങ്ങുന്നതുകൊണ്ടായില്ല, മനസ്സിലെ രാഗദ്വേഷാദി മലിനതകളെ മാറ്റുന്നതാകണം സ്‌നാനം എന്നാണ് അദ്ദേഹം പഠിപ്പിച്ചത്. അദ്ദേഹം എഴുതിയ പ്രസിദ്ധമായ രണ്ടു ഗ്രന്ഥങ്ങളാണ് സിദ്ധാനുഭൂതിയും മോക്ഷപ്രദീപവും. ക്ഷേത്രാചാരങ്ങളോട് അനുബന്ധിച്ചുള്ള വ്രതം, പൂജ, ജാതിഭേദ പരിഗണനകള്‍ എന്നിവയൊക്കെ നിഷിദ്ധവും നിരര്‍ഥകവുമാണെന്നു സമര്‍ഥിക്കുന്ന കൃതിയാണ് സിദ്ധാനുഭൂതി. സിദ്ധാനൂഭൂതിയിലെ ആശയങ്ങള്‍ക്ക് സിദ്ധാന്തപരമായ അടിത്തറയേകുന്ന ഗ്രന്ഥമാണ് മോക്ഷപ്രദീപം. ശിവയോഗിയുടെ സാമൂഹികപരിഷ്‌കരണസംരംഭങ്ങളില്‍ ശ്രദ്ധേയമായിരുന്നു സ്ത്രീവിദ്യാഭ്യാസത്തിനുവേണ്ടി നടത്തിയ പ്രയത്‌നങ്ങള്‍. സ്ത്രീകള്‍ക്ക് വിദ്യാഭ്യാസനിഷേധം പുരുഷമേലാളന്മാര്‍ മതത്തിന്റെ പേരില്‍ വിധിച്ചിരുന്ന 1072-ല്‍ അദ്ദേഹം രചിച്ച ഗ്രന്ഥമാണ് വിദ്യപോഷിണി. മനുസ്മൃതി അനുശാസിക്കുന്ന 'ന സ്ത്രീ സ്വാതന്ത്ര്യമര്‍ഹതി' എന്ന സൂക്തത്തെ അക്ഷരംപ്രതി അനുസരിക്കുകയും ആചരിക്കുകയും ചെയ്തിരുന്ന സമൂഹത്തിനുനേരെയാണ് നിര്‍ഭയം ഈ വെല്ലുവിളി മുഴക്കിയത്. വേദോപനിഷദ്കാലഘട്ടങ്ങളില്‍ ഭാരതസ്ത്രീകള്‍ സര്‍വതന്ത്രസ്വതന്ത്രരും പണ്ഡിതശ്രേഷ്ഠകളുമായിരുന്നുവെന്ന കാര്യം ഗാര്‍ഗ്ഗി , മൈത്രേയി എന്നിവരുടെ ചരിത്രങ്ങളിലൂടെ സ്വാമികള്‍ വിവരിക്കുന്നു. സ്ത്രീകള്‍ വിദ്യാഭ്യാസരംഗത്തും സാമൂഹിക-രാഷ്ട്രീയ-കലാ-സാഹിത്യരംഗങ്ങളിലും പ്രാഗല്‍ഭ്യം തേടേണ്ടത് അനിവാര്യമാണെന്നും പുരുഷമേധാവിത്വത്തിനു വഴങ്ങി നിഷ്‌ക്രിയരായി സര്‍ഗപ്രതിഭയെ നഷ്ടപ്പെടുത്തരുതെന്നും അദ്ദേഹം കല്‍പ്പിച്ചു. നവോത്ഥാനത്തിനു വേണ്ടി വാദിച്ച ഈ മഹാനെ 'നാസ്തികന്‍' എന്നു മുദ്ര കുത്തിയാണ് പുരോഹിതന്മാര്‍ അരിശം തീര്‍ത്തത്.
ആത്മീയതയെ സാമൂഹിക പ്രവര്‍ത്തനവുമായി സമന്വയിപ്പിച്ച മഹാനായിരുന്നു ശ്രീ വാഗ്ഭടാനന്ദഗുരു. തലശ്ശേരിയിലെ പാട്യം എന്ന സ്ഥലത്ത് 1060-ലാണ് അദ്ദേഹം ജനിച്ചത്. പഠനകാലത്തുതന്നെ അദ്ദേഹം ബ്രഹ്മസമാജ പ്രവര്‍ത്തനങ്ങളില്‍ ആകൃഷ്ടനായിരുന്നു. അയിത്തോച്ചാടനത്തിനും മദ്യവര്‍ജനപ്രചാരണത്തിനും വേണ്ടി പ്രവര്‍ത്തിക്കാന്‍ അദ്ദേഹം യുവാക്കളെ പ്രേരിപ്പിച്ചു.
'ഉണരുവിന്‍ ക്ഷണമെഴുന്നേല്‍പ്പിന്‍ അഖിലേശനെ സ്മരിപ്പിന്‍ അനീതിയോടെതിര്‍പ്പിന്‍' എന്ന കവിതാശകലമാണ് അദ്ദേഹം പ്രവര്‍ത്തനത്തിന്റെ കൊടിയടയാളമായി സ്വീകരിച്ചത്. 1921-ല്‍ വാഗ്ഭടാനന്ദന്‍ കോഴിക്കോട് നിന്ന് അഭിനവകേരളം എന്ന മാസിക പ്രസിദ്ധീകരിച്ചു. ആത്മവിദ്യസംഘം എന്ന സംഘടനയും രൂപീകരിച്ചു. ആര്യസമാജവും ബ്രഹ്മസമാജവും ബംഗാളില്‍ ഒട്ടേറെ യുവജനങ്ങളെ ദേശീയപ്രസ്ഥാനത്തിലേക്ക് നയിച്ചതുപോലെ മലബാറില്‍ സ്വാതന്ത്ര്യസമരപ്രസ്ഥാനത്തിന് സംഘം ശക്തി പകര്‍ന്നു. ഗാന്ധിജിയുടെ സിവില്‍നിയമലംഘനപ്രസ്ഥാനത്തെ അദ്ദേഹം പിന്താങ്ങി. സമൂഹത്തില്‍ നിന്ന് അകറ്റിനിറുത്തിയിരുന്ന അയിത്തജാതിക്കാരെ അവരുടെ ചേരികളിലും കുടിലുകളിലും ചെന്നു ശുചീകരണത്തെകുറിച്ചും മദ്യവര്‍ജനത്തെകുറിച്ചും സംസാരിക്കുമായിരുന്നു വാഗ്ഭടാനന്ദന്‍. അധമത്വത്തിന്റെ അടയാളമായി അവര്‍ ധരിച്ചിരുന്ന കല്ലും മാലയും ഏലാച്ചിയും തീയിലിട്ടു കരിക്കുകയും വെളുത്ത വസ്ത്രം അവര്‍ക്ക് ഉടുക്കാന്‍ കൊടുക്കുകയും ചെയ്തതിലൂടെ ആത്മവിദ്യസംഘം ജാതിതാഴ്ന്നവര്‍ക്ക് ആത്മവിശ്വാസം പകര്‍ന്നു. സമത്വശീലം സമൂഹത്തില്‍ ഊട്ടിയുറപ്പിക്കുന്നതിനു ആര്യ-ദ്രാവിഡ-ഹരിജന മഹായോഗങ്ങള്‍ വിളിച്ചുകൂട്ടി. ഗാന്ധിജിയുടെ ഹരിജനോദ്ധാരണപ്രവര്‍ത്തനങ്ങള്‍ തുടങ്ങുന്നതിനും എത്രയോ വര്‍ഷങ്ങള്‍ മുമ്പാണ് കേരളത്തിലെ ഈ മുന്നേറ്റമെന്നത് ശ്രദ്ധയര്‍ഹിക്കുന്നതാണ്.
സമാനമായ പ്രവര്‍ത്തനങ്ങളാണ് ശ്രീനാരായണഗുരുവിന്റെ നേതൃത്വത്തില്‍ കേരളത്തില്‍ നടന്നത്. തിരുവനന്തപുരം ജില്ലയിലെ ചെമ്പഴന്തി ഗ്രാമത്തില്‍ 1031 ലാണ് അദ്ദേഹത്തിന്റെ ജനനം. ആരെയും സ്‌നേഹിക്കുക എന്ന ശീലം ചെറുപ്പം മുതല്‍ അദ്ദേഹത്തിനുണ്ടായിരുന്നുവെന്ന് ജീവചരിത്രകാരന്മാര്‍ രേഖപ്പെടുത്തിയിട്ടുണ്ട്. അധഃസ്ഥിതരായ ചെറുമരെയും കീഴ്ജാതിക്കാരെയും തന്നെപ്പോലെ തന്നെ കരുതുകയും അവരോടൊത്ത് ഭക്ഷണം കഴിക്കുകയും ചെയ്യുമായിരുന്നു അദ്ദേഹം. നിലവിലുള്ള ജാത്യാചാരങ്ങള്‍ക്ക് യോജിക്കുന്ന പ്രവൃത്തിയല്ല ഇത് എന്നായിരുന്നു ചില തല്‍പ്പരകക്ഷികളുടെ ഗുണദോഷം. പഠനത്തിനുശേഷം സ്വന്തം നാട്ടില്‍ ആദ്യമായി അദ്ദേഹം ഒരു പാഠശാല സ്ഥാപിച്ച് എല്ലാവര്‍ക്കും അക്ഷരത്തിന്റെ വെളിച്ചം പകര്‍ന്നു. ആരാധനാ സമ്പ്രദായത്തില്‍ അധഃസ്ഥിതര്‍ക്കുള്ള അവകാശത്തിനുവേണ്ടി അദ്ദേഹം നടത്തിയ വിപ്ലവകരമായ പ്രവര്‍ത്തനമായിരുന്നു അരുവിപ്പുറത്തെ ശിവലിംഗപ്രതിഷ്ഠ. ആഭിജാതവര്‍ഗത്തിനുമാത്രമേ പ്രതിഷ്ഠാദികര്‍മങ്ങള്‍ നിര്‍വ്വഹിക്കാനാകുവെന്ന തെറ്റായ വിശ്വാസത്തെ തിരുത്തുന്നതായിരുന്നു ഈ കര്‍മം. ക്ഷേത്രങ്ങള്‍ അധികരിച്ചപ്പോള്‍ ഒരിക്കല്‍ മെഴുവേലിയില്‍ ക്ഷേത്രനിര്‍മാണത്തിനുവേണ്ടി മാറ്റിവെച്ച കല്ലെടുത്തു വിദ്യാലയത്തിന്റെ തറക്കല്ലാക്കിയതിനുശേഷം ഇനി വിദ്യാലയങ്ങള്‍ മതി എന്നു പ്രഖ്യാപിക്കുകയും ചെയ്തു. ജാതിഭേദം മതദ്വേഷം ഏതുമില്ലാതെ സര്‍വരും സോദരത്വേന വാഴുന്ന മാതൃകാസ്ഥാനമാകണം കേരളമെന്നത് ഗുരുവിന്റെ ആഗ്രഹമായിരുന്നു.
ഇത്തരം മുന്നേറ്റങ്ങള്‍ക്ക് തുടര്‍ച്ചയുണ്ടായില്ല എന്നത് കേരളത്തിന്റെ സാമൂഹികപുരോഗതിയുടെ ഗതിവേഗത്തെ കുറക്കുകയാണുണ്ടായത്. നവോത്ഥാനത്തെ മുളയിലേ നുള്ളണമെന്നാഗ്രഹിച്ച തല്‍പ്പരകക്ഷികളുടെ ഇംഗിതങ്ങള്‍ക്ക് ഈണം പകരുന്ന പ്രവര്‍ത്തനങ്ങളാണ് പിന്നീട് നടന്നത്. അധഃസ്ഥിതരെയും താഴ്ന്ന ജാതികളെയും തങ്ങളുടെ വശത്ത് നിര്‍ത്തി നവോത്ഥാനത്തിനുമേല്‍ ഇരുള്‍ പരത്താന്‍ മേലാളവിഭാഗത്തിനു സാധിച്ചു. ജാതിയെ ഒരു യാഥാര്‍ഥ്യമായി കാണാതെ, വര്‍ഗീയതയോട് സമാനമാക്കി ഇരുട്ടില്‍ തപ്പുകയായിരുന്നു പരിഷ്‌കരണത്തിനു ചുക്കാന്‍ പിടിക്കേണ്ടിയിരുന്ന ഇടതുപക്ഷം . അവരുടെ കണ്ണില്‍ തുളച്ചു കയറിയ ഇരുട്ട് ഇപ്പോഴും വെളിച്ചമായി പരിണമിച്ചില്ലെന്നുവേണം കരുതാന്‍. സംഘ്പരിവാര്‍ ശക്തികളാണ് ഇതിന്റെ ഗുണഫലങ്ങളനുഭവിച്ചത്. അടുത്തകാലത്തായി ദലിത് വിഭാഗങ്ങള്‍ നാരായണഗുരുവിന്റെയും സഹോദരന്‍ അയ്യപ്പന്റെയും അയ്യങ്കാളിയുടെയും ചരിത്രനിയോഗങ്ങള്‍ കേരളത്തില്‍ ചര്‍ച്ചാവിഷയമാക്കുകയും സാഹോദര്യ സംഗമമടക്കമുള്ള ചില പരിപാടികള്‍ സംഘടിപ്പിക്കുകയും ചെയ്തതൊഴിച്ചാല്‍ കേവലം അക്കാദമിക ശൈലിയിലൊതുങ്ങുന്നതാണ് അവരുടെ പ്രവര്‍ത്തനവും. ജാതിവിരുദ്ധത, മതസൗഹാര്‍ദം, അന്ധവിശ്വാസങ്ങള്‍ക്കും അനാചാരങ്ങള്‍ക്കുമെതിരായ പോരാട്ടം തുടങ്ങിയ മൂല്യങ്ങളിലധിഷ്ഠിതമായ വിശാല മാനുഷിക സൗഹാര്‍ദ പ്രസ്ഥാനങ്ങള്‍ നവോത്ഥാനത്തിന്റെ തുടര്‍ച്ചയായി ഉയര്‍ന്നുവരേണ്ടത് കേരളത്തിന്റെ സാമൂഹിക പുരോഗതിക്ക് ഏറെ അനിവാര്യമാണ്.
അവലംബം
ശ്രീ ശങ്കരന്‍ മുതല്‍ ശ്രീ നാരായണന്‍ വരെ - തോട്ടപ്പള്ളി രവീന്ദ്രനാഥ്.
രമണമഹര്‍ഷി ചട്ടമ്പി സ്വാമികള് - മഹച്ചരിതമാല.
തത്ത്വമസി - ഡോ. സുകുമാര്‍ അഴീക്കോട്.
Comments