Prabodhanm Weekly

Pages

Search

2013 ജൂലായ് 5

സന്‍ആ മുതല്‍ ഹദര്‍ മൗത്ത് വരെ...

പ്രഫ. കെ. മുഹമ്മദ് മോങ്ങം

 

മര്‍ദനവും പീഡനവും സഹിക്കവയ്യാതെ പ്രവാചകന്റെ മുമ്പില്‍ വന്ന് ആവലാതി പറഞ്ഞ അനുയായികളോട് അദ്ദേഹം പറഞ്ഞൊരു ആശ്വാസവചനമുണ്ട്. ദൈവത്തെയും ആടുകളെ പിടിക്കുന്ന ചെന്നായയെയുമല്ലാതെ മറ്റാരെയും പേടിക്കേണ്ടതില്ലാത്തൊരു കാലം വരും. ധൃതിപ്പെടരുത്.
ആ വാക്കുകളില്‍ ഒരു വിപ്ലവമുണ്ട്. എത്ര സുന്ദരമായൊരു ലോകത്തെയാണ് പ്രവാചകന്‍ വിഭാവന ചെയ്തത്. ആരെയും പേടിക്കേണ്ടതില്ലാത്ത ഒരു ലോകം. അല്ലാഹുവെയും വന്യജീവികളെയുമല്ലാതെ മനുഷ്യരെ പേടിക്കേണ്ടതില്ലാത്ത സാമൂഹിക സാഹചര്യം. യാത്രയില്‍, ജീവിതത്തിലെവിടെയും ചെന്നായ്ക്കളെയല്ല ഇന്ന് പേടിക്കേണ്ടിവരുന്നത്- മനുഷ്യരെയാണ്. എന്തൊരു വിരോധാഭാസം! നിര്‍ഭയത്തോടെ മനുഷ്യന് ജീവിക്കാന്‍ പറ്റുന്ന ഒരു സാമൂഹിക സാഹചര്യം. അതായിരുന്നു പ്രവാചകന്‍ സ്വപ്നം കണ്ടത്. അതാണ് പിന്നീട് സാക്ഷാത്കരിക്കപ്പെട്ടതും.
വിദ്യാഭ്യാസത്തിലും പരിഷ്‌കാരത്തിലും സാങ്കേതിക വിദ്യയിലും അതിരുകളില്ലാതെ ഉയരങ്ങളിലേക്ക് നാം ഉയര്‍ന്നുകൊണ്ടിരിക്കുന്നു. പോയ കാലത്തൊന്നും മനുഷ്യന് ഊഹിക്കാന്‍ പോലും കഴിയാത്ത നേട്ടങ്ങള്‍ കണ്ടും അനുഭവിച്ചും മനുഷ്യന്‍ മുന്നേറുന്നു. പക്ഷേ, കൊള്ള, കൊല, കവര്‍ച്ച, പിടിച്ചുപറി, ബലാത്സംഗം, അക്രമം എന്നിങ്ങനെ എന്തെല്ലാം അരുതായ്മകളാണ് സമൂഹത്തില്‍ നടമാടിക്കൊണ്ടിരിക്കുന്നത്. നിര്‍ലജ്ജതയും മൃഗീയതയും ഭീകരതയും താണ്ഡവമാടുന്ന ഒരു നവലോകമാണ് നാം പണിതുകൊണ്ടിരിക്കുന്നത്. ദയയും കാരുണ്യവും വറ്റിവരണ്ട മനുഷ്യന്‍ എന്ന നികൃഷ്ടജീവി എന്തും ചെയ്യാന്‍ മടിക്കാത്തവനായിരിക്കുമല്ലോ. ജീവിതത്തില്‍ ഒരു നിമിഷവും ഭയത്തോടെയല്ലാതെ കഴിച്ചുകൂട്ടാന്‍ പറ്റാത്ത ഈ ദുരവസ്ഥക്കെന്ത് പരിഹാരം?
മനുഷ്യന്‍ പിശാചായി മാറിക്കൊണ്ടിരിക്കുന്നു. മൃഗങ്ങള്‍ പോലും ചെയ്യാന്‍ മടിക്കുന്ന കൊടും ക്രൂരതകള്‍ മനുഷ്യനോട് ചെയ്യുന്ന നരാധമന്മാര്‍ നാട് നീളെ വിഹരിക്കുന്നു. സുരക്ഷിതമായ യാത്ര നമുക്കിന്ന് നഷ്ടമായിരിക്കുന്നു- എങ്ങും എവിടെയും. ഒരു പക്ഷേ, ഘോരവനങ്ങളിലൂടെ അത് സാധിച്ചേക്കാം. പക്ഷേ പരിഷ്‌കൃത മനുഷ്യര്‍ തിങ്ങിപ്പാര്‍ക്കുന്ന ഹൈവേയുടെ ഓരങ്ങളിലൂടെ നമുക്കിന്ന് സുരക്ഷിതമായി യാത്ര ചെയ്യാമോ? സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും ഒരു പക്ഷേ കാട്ടിലൂടെ സുരക്ഷിതമായി ലക്ഷ്യസ്ഥാനത്തെത്താന്‍ കഴിഞ്ഞേക്കും. പക്ഷേ, മനുഷ്യര്‍ തിങ്ങിപ്പാര്‍ക്കുന്ന ഏതെങ്കിലും സ്ഥലത്ത് ഇത് സാധ്യമാണോ?
നാടും നഗരവും ഒരുപോലെ തിന്മകളാല്‍ നിറഞ്ഞിരിക്കുന്നു. നമ്മുടെ പത്ര കോളങ്ങളിലൂടെ ഒരു ദിവസം കണ്ണോടിച്ചാല്‍ എത്രയെത്ര നിര്‍ഭാഗ്യകരവും അപമാനകരവുമായ സംഭവങ്ങള്‍ നാം അറിയേണ്ടിവരുന്നു. ചെന്നായയും നരിയും സിംഹവുമല്ലല്ലോ പിടിച്ചു പറിയും കൊള്ളയും ബലാത്സംഗവും നടത്തുന്നത്. പഴയകാലത്തെ അപരിഷ്‌കൃതരോ വിദ്യാഭ്യാസമില്ലാത്തവരോ പരിഷ്‌കാരമില്ലാത്ത നാടന്മാരോ അല്ല. മറിച്ച്, എല്ലാം തികഞ്ഞെന്ന് മേനി നടിച്ച് രാഷ്ട്രീയത്തിലും പൊതുജീവിതത്തിലും നിറഞ്ഞുനില്‍ക്കുന്നവരും പലപ്പോഴും നമ്മെ ഭരിക്കുന്നവരുമാണ്.
എവിടെയും ഭയം നമ്മെ വേട്ടയാടുന്നു. ഭീകരത, വര്‍ഗീയ കലാപം, വംശഹത്യ എല്ലാം നമ്മെ ഭയപ്പെടുത്തുന്നു. അടുത്ത പ്രഭാതത്തില്‍ എന്തെല്ലാം നമുക്ക് കാണേണ്ടിവരുമെന്ന ഉത്കണ്ഠയും വേവലാതിയും നമുക്കിന്ന് ശീലമായിരിക്കുന്നു. കലാപങ്ങളും സംഘര്‍ഷങ്ങളുമുണ്ടാകുമ്പോള്‍ കുറ്റവാളികളല്ല, നിരപരാധികള്‍ വേട്ടയാടപ്പെടുന്നു. അത്തരം സന്ദര്‍ഭങ്ങളില്‍ നമുക്ക് സുരക്ഷിതത്വം നല്‍കാന്‍ ബാധ്യസ്ഥരായ അധികാരികളും ഉദ്യോഗസ്ഥ മേലാളരും കടുത്ത പക്ഷപാതിത്വത്തോടെ പെരുമാറി, ആക്രമിക്കപ്പെട്ടവനെ കൂടുതല്‍ ദുരിതത്തിലാക്കുന്നു. നിരപരാധിക്ക് താങ്ങും തണലുമാകേണ്ടവര്‍ അവരെ കൂടുതല്‍ ഭയത്തിലേക്ക് തള്ളിവിടുന്നു. നൂറ്റാണ്ടുകള്‍ക്ക് മുമ്പ് പ്രവാചകന്‍ നടപ്പില്‍ വരുത്തിയ നിര്‍ഭയ സമാധാന ലോകം ഇനി എന്നാണ് തിരിച്ചുവരിക. നിരാശരാവാതെ ജീവിത നൗകയെ നമുക്ക് മുന്നോട്ട് തന്നെ തുഴയാം. ഒരുനാള്‍ ആ സമാധാനതീരത്ത് മനുഷ്യന്‍ അണയാതിരിക്കില്ല, തീര്‍ച്ച.

Comments

ഖുര്‍ആന്‍ ബോധനം

ഖുര്‍ആന്‍ ബോധനം
എ.വൈ.ആര്‍