Prabodhanm Weekly

Pages

Search

2013 ജൂലായ് 5

ഖത്തര്‍ അമീര്‍ അധികാരം കൈമാറി ചരിത്രം സൃഷ്ടിച്ചു

റഹീം ഓമശ്ശേരി

ഖത്തര്‍ അമീര്‍ ഹമദ് ബിന്‍ ഖലീഫ ആല്‍ഥാനി പതിനെട്ട് വര്‍ഷത്തെ ഭരണത്തിന് ശേഷം അധികാരം യുവനേതൃത്വത്തിന് കൈമാറി ചരിത്രം സൃഷ്ടിച്ചു. 1995 ജൂണില്‍ പിതാവില്‍ നിന്ന് അധികാരം ഏറ്റെടുത്ത അദ്ദേഹം മുപ്പത്തിമൂന്നുകാരനായ മകനും കിരീടാവകാശിയുമായ ശൈഖ് തമീം ബിന്‍ ഹമദ് ആല്‍ഥാനിക്ക് അധികാരം കൈമാറുകയായിരുന്നു. കഴിഞ്ഞ പതിനെട്ട് വര്‍ഷം വിപ്ലവകരമായ മാറ്റങ്ങളും പരിഷ്‌കരണങ്ങളുമാണ് ശൈഖ് ഹമദ് നടത്തിയത്. ലോക ഭൂപടത്തില്‍ കുങ്കുമ പൊട്ടിനേക്കാള്‍ ചെറുതായി കാണുന്ന ഖത്തറെന്ന രാജ്യത്തെ ലോകത്തെ ഏറ്റവും ശ്രദ്ധേയമായ രാജ്യങ്ങളിലൊന്നാക്കി മാറ്റാന്‍ അദ്ദേഹത്തിന്റെ നേതൃത്വത്തിന് കഴിഞ്ഞു.
ഇസ്‌ലാമിക ലോകത്ത് ഈ കാലയളവില്‍ വലിയ സംഭാവന നല്‍കിയിട്ടുണ്ട് ഖത്തര്‍. ഒ.ഐ.സിയുടെ അധ്യക്ഷ സ്ഥാനം ഏറ്റെടുത്ത ഖത്തര്‍ ഇസ്‌ലാമിക രാജ്യങ്ങള്‍ക്കടിയില്‍ പരസ്പര സഹകരണത്തിന്റെ മേഖല കണ്ടെത്താനാണ് ശ്രമിച്ചത്. സുഡാനിലെ ദാര്‍ഫോര്‍ പ്രശ്‌നം പരിഹരിക്കാന്‍ ഖത്തറായിരുന്നു മാധ്യസ്ഥന്‍. ആഫ്രിക്കന്‍ ഉപഭൂഖണ്ഡത്തിലെ ഇസ്‌ലാമിക രാഷ്ട്രങ്ങള്‍ക്ക് വലിയ സാമ്പത്തിക സഹായവും ഖത്തര്‍ ഇക്കാലയളവില്‍ നല്‍കി. ഒ.ഐ.സി അധ്യക്ഷ സ്ഥാനം അലങ്കരിച്ചപ്പോള്‍ അമീര്‍ നടത്തിയ പ്രഖ്യാപനമായിരുന്നു അന്താരാഷ്ട്ര നിലവാരമുള്ള ഇസ്‌ലാമിക് മ്യൂസിയം ദോഹയില്‍ സ്ഥാപിക്കുമെന്ന്.  മാസങ്ങള്‍ക്കകം ദോഹയിലെ കോര്‍ണിഷില്‍ കടലിലേക്ക് ചേര്‍ന്ന് കൊണ്ട് വന്‍ ശേഖരങ്ങളുമായി ഇസ്‌ലാമിക് മ്യൂസിയം ഉയര്‍ന്നുവന്നു. ഫലസ്ത്വീന്‍ വിഷയത്തില്‍ ശൈഖ് ഹമദ് നടത്തിയ അത്ഭുതകരമായ ചില നീക്കങ്ങള്‍ അറബ് ലോകത്തെ മാത്രമല്ല, ലോക രാഷ്ട്രങ്ങളെയും അമ്പരപ്പിക്കുകയുണ്ടായി. മാസങ്ങള്‍ക്ക് മുമ്പ് അദ്ദേഹം ഗസ്സയിലേക്ക് നടത്തിയ സന്ദര്‍ശനം ഫലസ്ത്വീന്‍ ജനതക്ക് നല്‍കിയ ആശ്വാസം ചെറുതൊന്നുമല്ല. വര്‍ഷങ്ങള്‍ക്ക് ശേഷം ഒരു ഭരണാധികാരി ഗസ്സയിലെത്തിയപ്പോള്‍ 'സ്‌നേഹ പിതാവിന് സ്വാഗതം' എന്ന മുദ്രാവാക്യത്തോടെയാണ് ഫലസ്ത്വീന്‍ ജനത അദ്ദേഹത്തെ സ്വീകരിച്ചത്. ഇസ്രയേലിന്റെയും അവരുടെ പിണയാളുകളുടെയും കടുത്ത മുന്നറിയിപ്പ് അവഗണിച്ചാണ് അദ്ദേഹം ഈജിപ്തിലെ റഫ അതിര്‍ത്തി വഴി ഗസ്സയിലത്തെിയത്. ഫലസ്ത്വീനിലെ പ്രമുഖ ഗ്രൂപ്പുകളായ ഹമാസിനെയും ഫത്ഹിനെയും ഒരു മേശക്ക് ചുറ്റും  ഇരുത്തി സമാധാന ചര്‍ച്ചകള്‍ക്ക് നേതൃത്വം കൊടുക്കാന്‍ ശൈഖ് ഹമദ് നടത്തിയ ശ്രമങ്ങള്‍ ശ്രദ്ധേയമാണ്. 'അറബ് വസന്ത'ത്തിന് ഖത്തര്‍ നല്‍കി വരുന്ന പിന്തുണ ആരെയും അമ്പരപ്പിക്കും.
1996-ല്‍ ദോഹ കേന്ദ്രമായി നിലവില്‍ വന്ന അല്‍ജസീറ സാറ്റലൈറ്റ് ചാനല്‍ ഖത്തറിന്റെ വിദേശ നയം രൂപപ്പെടുത്തുന്നതില്‍ വലിയ പങ്കാണ് വഹിച്ചത്. അറബ് ലോകത്തിന് പരിചയമില്ലാത്ത മാധ്യമ സ്വാതന്ത്ര്യവും സംസ്‌കാരവുമാണ് അല്‍ജസീറ കാഴ്ച വെച്ചത്. ശൈഖ് ഹമദിന്റെ ഭരണത്തിലെ എന്നും ഓര്‍മിക്കപ്പെടുന്ന സംഭാവനയായിരിക്കും അല്‍ജസീറ ചാനല്‍. അടിച്ചമര്‍ത്തപ്പെടുന്നവരുടെ ശബ്ദമായി മാറിയ അല്‍ ജസീറക്കാണ് 'അറബ് വസന്തത്തി'ന്റെ ഔദ്യോഗിക ചാനലെന്ന ഖ്യാതി നേടാന്‍ സാധിച്ചത്. തുനീഷ്യന്‍ വിപ്ലവത്തിന് ഹേതുവായ ബൂഅസീസിയുടെ മരണം തുനീഷ്യന്‍ ജനത പോലും അറിയുന്നത് അല്‍ ജസീറയിലൂടെയായിരുന്നു. പിന്നീട് ലിബിയയിലും ഈജിപ്തിലും യമനിലും വിപ്ലവകാരികളോടൊപ്പം നിന്ന് അല്‍ജസീറ നീതിക്ക് വേണ്ടി പൊരുതി. ലിബിയയിലും ഇറാഖിലും അല്‍ജസീറയുടെ ലേഖകന്മാര്‍ ക്രൂരമായി കൊലചെയ്യപ്പെട്ടു. ലിബിയയില്‍ കൊല്ലപ്പെട്ട അല്‍ജസീറ കാമറമാനും ഖത്തരി പൗരനുമായ അല്‍ജാബിരിയുടെ മൃതദേഹം ചാര്‍ട്ടേഡ് വിമാനത്തില്‍ ദോഹയിലെത്തിച്ചതും അന്നത്തെ കിരീടാവകാശിയും പുതിയ അമീറുമായ ശൈഖ് തമീം നേരിട്ട് ചെന്ന് മൃദദേഹം ഏറ്റു വാങ്ങിയതും അല്‍ജസീറ പ്രവര്‍ത്തകരെ തെല്ലൊന്നുമല്ല ആവേശപ്പെടുത്തിയത്.
ലോകത്തെ ഇസ്‌ലാമിക സംരംഭങ്ങളില്‍ എന്നും ഖത്തറിന്റെ പങ്കാളിത്തം ഉണ്ടായിട്ടുണ്ട്. മറ്റു ഭരണാധികാരികളില്‍ നിന്ന് ഭിന്നമായി, പണ്ഡിതര്‍ക്കും പ്രഭാഷകര്‍ക്കും കൂച്ച് വിലങ്ങിടാത്ത രാജ്യമെന്ന പ്രത്യേകതയും ശൈഖ് ഹമദിന് സ്വന്തമാണ്. ലോക ഇസ്‌ലാമിക പണ്ഡിതസഭ അധ്യക്ഷന്‍ ശൈഖ് യൂസുഫുല്‍ ഖറദാവിക്ക് പൗരത്വം നല്‍കുക മാത്രമല്ല, അദ്ദേഹത്തിന്റെ അഭിപ്രായങ്ങള്‍ പൊതുവേദിയില്‍ തുറന്ന് പ്രകടിപ്പിക്കാനുള്ള സ്വാതന്ത്ര്യവും നല്‍കി. ഖറദാവിക്ക് മാത്രമല്ല പള്ളികളില്‍ ഖുത്വ്ബ നിര്‍വഹിക്കുന്നവര്‍ക്കും ഇവിടെ പ്രത്യേക ലിഖിത ഖുത്വ്ബകള്‍ നല്‍കാറില്ലെന്നതും ശ്രദ്ധേയമാണ്.
ശൈഖ് ഹമദിന്‍െ കാലത്താണ് ഖത്തറിന്റെ സാമ്പത്തിക വളര്‍ച്ച അതിന്റെ പാരമ്യത്തിലെത്തിയത്. പെട്രോളിന് പുറമെ പ്രകൃതി ഗ്യാസിന്റെ സാധ്യതയും തെളിഞ്ഞു വന്നത് വലിയ കുതിച്ചു ചാട്ടത്തിന് കാരണമായി. ആളോഹരി വരുമാനത്തില്‍ ലോകത്ത് രണ്ടാം സ്ഥാനത്തേക്കുയരാന്‍ ഖത്തറിന് സാധിച്ചതും ഇക്കാലത്താണ്.
കഴിഞ്ഞ ദിവസം അധികാരം മകന്‍ ശൈഖ് തമീമിന് കൈമാറി അദ്ദേഹം നടത്തിയ പ്രസംഗവും ഏറെ ശ്രദ്ധേയമായി. പതിറ്ററാണ്ടുകള്‍ അധികാരത്തില്‍ കടിച്ച് തൂങ്ങി നില്‍ക്കുന്ന ഭരണാധികാരികള്‍ക്കിടയില്‍ ശൈഖ് ഹമദിന്റെ പടിയിറക്കം വേറിട്ട് നില്‍ക്കുന്നു. അമീര്‍ നടത്തിയ പ്രസംഗത്തിന്റെ പ്രസക്ത ഭാഗങ്ങള്‍: ''നമ്മുടെ രാഷ്ട്രത്തിന്റെ ഏറ്റവും സുപ്രധാനമായ ഒരു ചുവടു വെപ്പിന്റെ ഒരുക്കത്തിലാണ് ഇന്ന് ഞാന്‍ നിങ്ങളെ അഭിസംബോധന ചെയ്യുന്നത്. ഈ പരിശുദ്ധ ഭൂമിയുടെ അവകാശികളായ, ഈ നാടിന്റെ പുരോഗതിയിലും ഉയര്‍ച്ചയിലും പങ്കാളികളായ  നിങ്ങളെ അഭിസംബോധന ചെയ്ത് ചില കാര്യങ്ങള്‍ പറയാന്‍ ഞാന്‍ ആഗ്രഹിക്കുന്നു. ഞാന്‍ നിങ്ങളുടെ സേവനം ഏറ്റെടുത്തത് മുതല്‍ നിങ്ങള്‍ നല്‍കിയ വിശ്വാസമാണ് അതില്‍ ഏറ്റവും പ്രധാനമായത്.
ഒരു കാലത്തും അധികാര ഭ്രമം എന്നെ ബാധിച്ചിട്ടില്ല. ഇത് ഞാന്‍ അല്ലാഹുവിനെ സാക്ഷി നിര്‍ത്തിയാണ് പറയുന്നത്. രാഷ്ട്രത്തിന്റെ താല്‍പര്യമാണ് എന്നെ നയിച്ചത്. പുതിയ യുഗപ്പിറവിയിലേക്ക് ഭരണം കൈമാറാന്‍ ഏറ്റവും അനുയോജ്യമായ സന്ദര്‍ഭമാണിതെന്ന് ഞാന്‍ കരുതുന്നു. പുതിയ തലമുറ അധികാരം ഏറ്റെടുക്കേണ്ടിയിരിക്കുന്നു. നമ്മുടെ രാജ്യത്തിന്റെ വളര്‍ച്ചയിലും വികസനത്തിലും വലിയ സേവനം അര്‍പ്പിക്കാന്‍ അവര്‍ക്കാകുമെന്ന് ഞാന്‍ വിശ്വസിക്കുന്നു. മുന്‍കാലങ്ങളില്‍ നമ്മുടെ യുവ തലമുറ  രാജ്യം നേരിടുന്ന വെല്ലുവിളികള്‍ ഏറ്റെടുത്ത് മുന്നോട്ട് പോകാന്‍ സന്നദ്ധരാണെന്ന് തെളിയിച്ചിട്ടുണ്ട്. വര്‍ത്തമാന കാലത്തെ അനുകൂലമാക്കി മുന്നോട്ടുപോകാന്‍ തങ്ങള്‍ക്ക് കഴിയുമെന്നവര്‍ ഇതിനകം നമ്മെ ബോധ്യപ്പെടുത്തിയിട്ടുണ്ട്.  ഇസ്‌ലാമിന്റെ നാലാമത് ഭരണാധികാരി അലി ബിന്‍ അബീത്വാലിബിന്റെ പ്രശസ്തമായൊരു വചനം ഞാന്‍ ഉദ്ധരിക്കുകയാണ്. അദ്ദേഹം പറഞ്ഞു: 'നിങ്ങളുടെ സന്താനങ്ങളെ നിങ്ങള്‍ പഠിച്ചതില്‍ നിന്നുള്ള നല്ലത് പഠിപ്പിക്കുക. നിങ്ങളുടേതല്ലാത്ത കാലത്തിന് വേണ്ടി സൃഷ്ടിക്കപ്പെട്ടവരാണവര്‍.'
പ്രിയ ജനങ്ങളേ, നമ്മുടെ രാജ്യത്തിന്റെ സമ്പത്ത് നിങ്ങളാണ്. രാജ്യത്തിന്റെ പുരോഗതി നിങ്ങളുടെ കൈകളിലാണ്. നിങ്ങളില്‍ നാം ഏറെ പ്രതീക്ഷയര്‍പ്പിക്കുന്നു. എന്റെ ഉത്തരവാദിത്വങ്ങള്‍ നിറവേറ്റാന്‍ നിങ്ങള്‍ നല്‍കിയ പിന്തുണ ഞാന്‍ ഏറെ വിലമതിക്കുന്നു. എന്റെ പ്രവര്‍ത്തനങ്ങളില്‍ എന്തെങ്കിലും നന്മ ഉണ്ടായിട്ടുണ്ടെങ്കില്‍ അല്ലാഹുവിന്റെ കൃപ കൊണ്ടാണ് അതെനിക്ക് സാധിച്ചിട്ടുള്ളത്. എന്റെ പ്രവര്‍ത്തനങ്ങളില്‍ വന്ന വീഴ്ച എന്റെ ഭാഗത്തു നിന്ന് വന്ന വീഴ്ച മാത്രമാണ്. അതില്‍ നിന്ന് ഞാനും എനിക്ക് പിന്നാലെ വരുന്നവരും പാഠം ഉള്‍കൊള്ളുമെന്ന് ഞാന്‍ പ്രതീക്ഷിക്കുന്നു. ഇന്ന് എനിക്ക് നിങ്ങളോട് പറയാനുള്ള മറ്റൊരു കാര്യം രാജ്യ ഭരണം ശൈഖ് തമീം ബിന്‍ ഹമദ് ആല്‍ഥാനിക്ക് കൈമാറാന്‍ ഞാന്‍ ഉദ്ദേശിക്കുന്നുവെന്നതാണ്. രാജ്യ കാര്യങ്ങള്‍ ഏറെ ഉത്തരവാദിത്വത്തോടെ നിര്‍വഹിക്കാന്‍ അദ്ദേഹത്തിന് സാധിക്കുമെന്ന് ഞാന്‍ വിശ്വസിക്കുന്നു. നിങ്ങള്‍ എന്നോട് കാണിച്ച അനുസരണവും പിന്തുണയും അദ്ദേഹത്തിനും നല്‍കുമെന്ന് എനിക്ക് ഉറപ്പുണ്ട്.
പുതിയ തലമുറയിലേക്ക് അധികാരം കൈമാറുമ്പോള്‍ വരും തലമുറയുടെ ഉന്നമനത്തിനും ഐശ്വര്യത്തിനും വേണ്ടി കൂട്ടായ പ്രവര്‍ത്തനം ഉണ്ടാകണമെന്ന് ഞാന്‍ അഭ്യര്‍ഥിക്കുന്നു. നിങ്ങള്‍ ഓരോരുത്തരും ഉത്തരവാദിത്വമുള്ളവരാണ്. വിജ്ഞാനത്തിന് നിങ്ങള്‍ വലിയ പ്രധാന്യം കല്‍പിക്കണം. നിങ്ങളുടെയും രാഷ്ട്രത്തിന്റെയും ഭാവി ശോഭനമാകാന്‍ വിദ്യയിലൂടെ മാത്രമേ സാധിക്കൂ. അറബ് ലോകം ഒരൊറ്റ ശരീരമാണ്. ഏത് സാഹചര്യത്തിലും നിങ്ങള്‍ സത്യത്തിന്റെ മാര്‍ഗത്തില്‍ ഉറച്ചു നില്‍ക്കണമെന്ന് ഞാന്‍ അഭ്യര്‍ഥിക്കുന്നു.''

Comments

ഖുര്‍ആന്‍ ബോധനം

ഖുര്‍ആന്‍ ബോധനം
എ.വൈ.ആര്‍