Prabodhanm Weekly

Pages

Search

2013 ജൂലായ് 5

സകാത്ത് പുതിയ മേഖലകള്‍

എം.വി മുഹമ്മദ് സലീം

ഇസ്‌ലാമിന്റെ അഞ്ചു നെടുംതൂണുകളില്‍ ഒന്നാണ് സകാത്ത്. ഇസ്‌ലാമിക സാമ്പത്തിക വ്യവസ്ഥയുടെ ആണിക്കല്ലാണത്. അതിനാല്‍ ഇസ്‌ലാമിന്റെ നവീനാവതരണങ്ങളില്‍ സകാത്ത് സജീവ പഠനഗവേഷണങ്ങള്‍ക്ക് വിധേയമായികൊണ്ടിരിക്കുന്നു.
സമൂഹത്തില്‍ നിന്ന് കുറെ ധനം സമാഹരിക്കുക മാത്രമല്ല സകാത്തിലൂടെ നടക്കേണ്ടത്. ഇസ്‌ലാം വിഭാവന ചെയ്യുന്ന ഉദാത്തമായ സാമൂഹ്യ സാമ്പത്തിക വിപ്ലവം അതിലൂടെയാണ് സാധിക്കുക. സമ്പത്ത് വ്യയം ചെയ്യാനാഹ്വാനം ചെയ്യുമ്പോള്‍ പരോക്ഷമായി ഉല്‍പാദനത്തിന് പ്രേരിപ്പിക്കുന്നുണ്ട് സകാത്ത് വ്യവസ്ഥ. സമ്പത്ത് (മൂലധനം) ഉല്‍പാദനത്തില്‍ അതിപ്രധാനമാണ്. അധ്വാനം രണ്ടാം സ്ഥാനത്ത് നില്‍ക്കുന്നു. മൂലധനമില്ലാതെ അധ്വാനം കൊണ്ടുമാത്രം ഉല്‍പാദനം സാധ്യമല്ല. വ്യാവസായിക വിപ്ലവാനന്തരം ഉല്‍പാദനത്തിന്റെ സാങ്കേതിക വിദ്യകള്‍ വികാസം പ്രാപിച്ചു. ഉല്‍പാദന വേഗത പതിമടങ്ങ് വര്‍ദ്ധിച്ചു. അധ്വാനത്തിന്റെ ആവശ്യകത കുറഞ്ഞു. മൂലധനത്തിന്റെ ആവശ്യം അതേ ക്രമത്തില്‍ വര്‍ധിച്ചു.
ഈ സാഹചര്യത്തില്‍ ഓരോ വ്യക്തിയും സമ്പത്ത് ഉല്‍പാദന മേഖലകളില്‍ നിക്ഷേപിച്ച് പരമാവധി ഉല്‍പ്പാദനം വര്‍ധിപ്പിക്കുകയാണ് വേണ്ടത്. ഇതിന് വിരുദ്ധമായി സമ്പത്ത് സൂക്ഷിച്ചു വെക്കുമ്പോള്‍ അത് വര്‍ദ്ധിക്കുന്നില്ല. രാഷ്ട്രത്തിന്റെ സാമ്പത്തിക സുസ്ഥിതി മെച്ചപ്പെടുത്തുന്നതില്‍ പങ്കാളിത്തം വഹിക്കുന്നില്ല. സകാത്തിന്റെ വിഹിതം അതില്‍നിന്ന് വര്‍ഷം തോറും കുറയുകയും ചെയ്യുന്നു. അനാഥരുടെ സമ്പത്തിന്റെ സംരക്ഷണചുമതല ഏറ്റെടുത്തവരോട് ഉമര്‍(റ) പ്രത്യേകം നിര്‍ദേശിച്ചു: 'ആ സമ്പത്ത് വളര്‍ത്തണം. സകാത്ത് അത് തിന്ന് തീര്‍ക്കാന്‍ ഇടവരരുത്.'
സകാത്തില്‍ നിന്ന് ഒഴിഞ്ഞുമാറാന്‍ ഒരു വിശ്വാസിക്കുമാവില്ല. ഇസ്‌ലാമത് അത്രയും ഭദ്രമാക്കിയിരിക്കുന്നു. സകാത്ത് നിര്‍ബന്ധമാണെന്നംഗീകരിക്കാത്തവന്‍ മുസ്‌ലിമല്ല, ഇസ്‌ലാമിക വൃത്തത്തിനു പുറത്താണ്. ഇതിന്റെ സല്‍ഫലമിതാണ്: സകാത്ത് നല്‍കുന്നതിലൂടെ കുറവ് വരുന്ന സംഖ്യ നികത്താനുള്ള പോംവഴികളന്വേഷിക്കാന്‍ ഇത് പ്രചോദനമേകുന്നു. മറ്റൊരു ഭാഷയില്‍, പണം വെറുതെ സൂക്ഷിച്ചുവെക്കുന്നതിനുപകരം ജനോപകാരപ്രദമായ വ്യാപാരങ്ങളിലും വ്യവസായങ്ങളിലും മുതലിറക്കാന്‍ ഇത് കാരണമാവും. സമ്പത്ത് വ്യാപാര വ്യവസായ മേഖലകളില്‍ നിക്ഷേപിക്കുന്നത് വിവിധ മാനങ്ങളില്‍ സാമ്പത്തിക വളര്‍ച്ച ഉറപ്പുവരുത്തുന്നു.
കച്ചവടച്ചരക്കുകളുടെ ലഭ്യത പൊതു ജീവിതത്തില്‍ പ്രയോജനം ചെയ്യുമെന്നതാണ് മറ്റൊരു നേട്ടം. സാധാരണക്കാരുടെ ജീവിത സൗകര്യം വര്‍ധിക്കുന്നു. മൊത്തവ്യാപാരി മുതല്‍ ഉപഭോക്താവു വരെയുള്ള അനേകം കണ്ണികളില്‍ തൊഴിലവസരമുണ്ടാകുന്നു. ജനങ്ങളുടെ കൈയില്‍ പണമുണ്ടാകുമ്പോള്‍ മാര്‍ക്കറ്റ് കൂടുതല്‍ സജീവമാകുന്നു. കാര്‍ഷികോല്‍പന്നങ്ങള്‍ക്ക് ന്യായമായ വില ലഭിക്കുന്നു. വ്യാവസായികോല്‍പന്നങ്ങളുടെ വിപണി ഉണരുന്നു. ഇവയുടെ സല്‍ഫലങ്ങള്‍ വ്യവസായശാലകള്‍ക്കും വ്യാപാര സ്ഥാപനങ്ങള്‍ക്കും തിരിച്ചു ലഭിക്കുന്നു.
ഇത് വ്യക്തമാകാന്‍ മറുവശത്തുള്ള പലിശയെടുത്തു നോക്കിയാല്‍ മതി. പലിശ വ്യക്തികളെ തളര്‍ത്തുന്നു. അങ്ങനെ സമൂഹവും തളരുന്നു. പണം പെരുകുന്നു. മൂല്യം കുറയുന്നു. പണമുണ്ടാക്കാന്‍ അധ്വാനം വേണ്ട, പണം മതി എന്നാകുമ്പോള്‍ തൊഴിലവസരങ്ങള്‍ കുത്തനെ താഴുന്നു, ദാരിദ്ര്യം വര്‍ധിക്കുന്നു. പണക്കാരുടെ കയ്യിലെത്തുന്ന പണത്തിന് മൂല്യം കുറയുമ്പോള്‍ ലഭിച്ച പലിശ വേണ്ടപോലെ പ്രയോജനപ്പെടാതെ പോകുന്നു. 8% പലിശ വാങ്ങിയേടത്ത് പണപ്പെരുപ്പം 10% ആയി വര്‍ധിച്ചാല്‍ പണം അധികം കിട്ടിയത് കൊണ്ട് എന്തുപ്രയോജനം! വിശുദ്ധ ഖുര്‍ആന്‍ പറയുന്നു: ''ജനങ്ങളുടെ സമ്പത്ത് വളരുന്നതിനു വേണ്ടി നിങ്ങള്‍ കൊടുക്കുന്ന പലിശ അല്ലാഹുവിന്റെ അടുക്കല്‍ വളരുന്നില്ല. എന്നാല്‍ അല്ലാഹുവിന്റെ പ്രീതി കാംക്ഷിച്ച് നിങ്ങള്‍ സകാത്തായി വല്ലതും നല്‍കുന്നുവെങ്കില്‍ അങ്ങനെ ചെയ്യുന്നവരാണ് സമ്പത്ത് ഇരട്ടിപ്പിക്കുന്നവര്‍'' (30:39) മറ്റൊരു വചനമിതാ: ''അല്ലാഹു പലിശയെ ശോഷിപ്പിക്കുന്നു, ദാനധര്‍മങ്ങളെ പോഷിപ്പിക്കുന്നു'' (2:276).
സകാത്തിന്റെ അവകാശികളെക്കുറിച്ചു പഠിച്ചാല്‍ ഈ വളര്‍ച്ചയുടെ മറ്റുവശങ്ങളും വ്യക്തമാവും. ഒരു സമൂഹത്തിന്റെ സാമ്പത്തിക സുസ്ഥിതിക്ക് അനിവാര്യമാണ്, ദരിദ്രര്‍ ഇല്ലാതാവുക എന്നത്. ദാരിദ്ര്യനിര്‍മാര്‍ജന പ്രക്രിയയില്‍ പരിപൂര്‍ണ വിജയം നേടിയത് ഇസ്‌ലാമിക സാമ്പത്തിക വ്യവസ്ഥ മാത്രമാണ്. ഇത് സാധിച്ചത് സകാത്ത് വ്യവസ്ഥയിലൂടെയാണ്. സകാത്തിന് എട്ടിനം അവകാശികളുണ്ട്. അതില്‍ ഒന്നും രണ്ടും അവകാശികള്‍ ദരിദ്രരും പാവങ്ങളുമാണ്. ഫഖീര്‍, മിസ്‌കീന്‍ എന്നീ പദങ്ങളാണ് ദരിദ്രരെ കുറിക്കാന്‍ പ്രയോഗിച്ചിരിക്കുന്നത്. സാമ്പത്തികശേഷി ഒട്ടുമില്ലാത്ത പ്രാരാബ്ധക്കാരനാണ് ഫഖീര്‍. വരുമാനം ആവശ്യത്തിനു മതിയാകാത്തവനാണ് മിസ്‌കീന്‍. ഇതാണ് ഈ രണ്ടു പദങ്ങള്‍ക്ക് പണ്ഡിതന്മാര്‍ നല്‍കിയ നിര്‍വ്വചനത്തില്‍ പ്രാമാണികമായി തോന്നുന്നത്. ജോലി ചെയ്യാന്‍ കഴിയാത്ത അവശനാണ് ഫഖീര്‍, ജോലി ചെയ്യാന്‍ കഴിയുന്ന ദരിദ്രനാണ് മിസ്‌കീന്‍ എന്നിങ്ങനെയും പണ്ഡിതാഭിപ്രായമുണ്ട്. ദാരിദ്ര്യം പുറത്തുപറയാത്തവന്‍ ഫഖീര്‍, മറ്റുള്ളവരോട് ആവശ്യം ഉന്നയിക്കുന്നവന്‍ മിസ്‌കീന്‍ എന്നും വിശദീകരണമുണ്ട്.
ഈ രണ്ടു വിഭാഗങ്ങളെയാണ് സകാത്തിന്റെ അര്‍ഹരില്‍ മുന്‍നിരയില്‍ നിര്‍ത്തിയിട്ടുള്ളത്. അവരുടെ ദാരിദ്ര്യം ദൂരീകരിക്കുന്നതിനാണ് ആദ്യ പരിഗണന. ഇസ്‌ലാമിക വ്യവസ്ഥിതി ശരിയാംവണ്ണം നടപ്പാക്കിയ കാലത്ത് ദരിദ്രര്‍ ഇല്ലാതാവാനുള്ള കാരണം ഈ മുന്തിയ പരിഗണനയാണ്. ദാരിദ്ര്യം സാമ്പത്തിക പ്രശ്‌നമാണെന്ന പോലെ മാനസിക സാമൂഹിക പ്രശ്‌നവുമാണ്. ആത്മാഭിമാനം കാത്തുസൂക്ഷിക്കാന്‍ സാമ്പത്തിക സുസ്ഥിതി അനിവാര്യമാണ്. ദരിദ്രരെ സഹായിക്കുന്നത് എത്രയും ഗോപ്യമായി വേണം (വലതു കൈ കൊടുക്കുന്നത് ഇടതു കൈ അറിയാതെ) എന്ന് നിഷ്‌കര്‍ഷിച്ചതിന്റെ പൊരുളിതാണ്. ആത്മാഭിമാനത്തിന് ക്ഷതമേല്‍ക്കാനിടവരരുത്. ദാരിദ്ര്യം കാരണം ഒരാള്‍ ആത്മഹത്യ ചെയ്യുന്നത് ആത്മാഭിമാനത്തിന് ക്ഷതമേറ്റിട്ടാണല്ലോ.
സകാത്ത് നീക്കിവെച്ചിരിക്കുന്ന മൂന്നാമത്തെ ഇനം സംഭരണം, വിതരണം, സമ്പത്ത് പരിശോധിക്കല്‍, മൂല്യനിര്‍ണയം, മതിപ്പുവില നിശ്ചയിക്കല്‍, സകാത്ത് കണക്കാക്കല്‍ തുടങ്ങിയ അതിപ്രധാന കാര്യങ്ങള്‍ നിര്‍വഹിക്കുന്ന ഉദ്യോഗ വൃന്ദത്തിന്റെ ശമ്പളച്ചെലവാണ്. ഈ വിഭാഗത്തിന്റെ നിസ്വാര്‍ത്ഥമായ സേവനം ഉറപ്പുവരുത്താന്‍ അവരുടെ വേതനം സകാത്തില്‍ നിന്ന് തന്നെ നല്‍കാന്‍ അനുവദിച്ചത് വ്യവസ്ഥയുടെ കെട്ടുറപ്പിന്ന് സഹായകമാണ്. ഇതര സമൂഹങ്ങളില്‍നിന്ന് പലരും മുസ്‌ലിം സമൂഹത്തിലേക്ക് കടന്നു വരും. ഈ ആദര്‍ശമാറ്റം മുഖേന അവരനുഭവിക്കുന്ന മാനസികവും സാമൂഹ്യവുമായ ഞെരുക്കം ഒരു വലിയ അളവ് കുറക്കാന്‍ സാമ്പത്തിക സഹായം നല്‍കി അവരുടെ ജീവിത നിലവാരം ഉയര്‍ത്തുന്നതിലൂടെ സാധ്യമാണ്. ഈ യജ്ഞമാണ് സാമൂഹ്യ ഭദ്രതക്കനിവാര്യമായ മറ്റൊരു പരിഷ്‌കരണം. സകാത്തിന്റെ നാലാമത്തെ ഇനം 'മനസ്സിണങ്ങിയവര്‍' എന്ന ഈ വിഭാഗമാണ്.
ഇനി പറയുന്ന സകാത്തിന്റെ നാലിനങ്ങള്‍ സമൂഹത്തില്‍ ഇസ്‌ലാം വിഭാവന ചെയ്യുന്ന ഭരണപരിഷ്‌കരണങ്ങള്‍ സാധിതമാക്കാന്‍ ഉതകുന്നവയാണ്.
വ്യക്തി സ്വാതന്ത്ര്യം വീണ്ടെടുക്കുക, അടിച്ചമര്‍ത്തപ്പെട്ടവരെയും യുദ്ധത്തടവുകാരെയും മോചിപ്പിക്കുക തുടങ്ങിയ മാര്‍ഗങ്ങളില്‍ വ്യയം ചെയ്യാനാണ് സകാത്തിന്റെ ഒരു വിഹിതം മാറ്റിവെച്ചിരിക്കുന്നത്. ഇസ്‌ലാം സ്വാതന്ത്ര്യത്തിനു നല്‍കുന്ന സ്ഥാനവും വിലയും ഇതില്‍നിന്ന് മനസ്സിലാക്കാം. മനുഷ്യന്‍ അടിമയാകാന്‍ പാടില്ല. പ്രപഞ്ചനാഥനായ യജമാനന്റെ മാത്രം അടിമകളാണ് സൃഷ്ടികള്‍. അതല്ലാത്ത എല്ലാ അടിമച്ചങ്ങലകളും പൊട്ടിച്ചെറിഞ്ഞ് ആത്മാഭിമാനം വീണ്ടെടുക്കാന്‍ പീഡിതരെ സഹായിക്കണം. പൗരസ്വാതന്ത്ര്യമെന്ന മൗലികാവകാശം സംരക്ഷിക്കാന്‍ രാഷ്ട്രം ബാധ്യസ്ഥമാണ്.
കടബാധിതരായ പൗരന്മാരെ അവരുടെ സാമ്പത്തിക പാരതന്ത്ര്യത്തില്‍ നിന്ന് മോചിപ്പിക്കേണ്ടതും രാഷ്ട്രധര്‍മമത്രെ. പരിഷ്‌കൃത രാജ്യങ്ങള്‍ ആത്മഹത്യയിലേക്ക് തള്ളിവിടുന്ന ഋണബാധിതരെ ഇസ്‌ലാമിക രാഷ്ട്രം സകാത്തിലൂടെ കടവിമുക്തരാക്കുന്നു. ഇതാണ് സകാത്തിന്റെ ആറാം ഇനം. കടബാധിതര്‍ സാമ്പത്തിക പുരോഗതിക്ക് വലിയ തടസ്സമാണ്. പൗരന്മാരുടെ സാമ്പത്തിക പ്രശ്‌നങ്ങളില്‍ മുന്‍ഗണനാക്രമത്തില്‍ ഒന്നാമതായി കടം ഗണിക്കപ്പെടുന്നു. ഈ ക്രിയാത്മക സമീപനം ആധുനിക സാമ്പത്തിക വ്യവസ്ഥകളിലില്ല. കടബാധിതരെ ഭാരമായി കരുതാതെ, അവരുടെ പ്രശ്‌നങ്ങള്‍ പരിഹരിച്ച് ഒരുറച്ച സമ്പദ്ഘടന കെട്ടിപ്പടുക്കുന്നതില്‍ പങ്കാളികളാക്കുകയാണ് രാഷ്ട്രം ചെയ്യേണ്ടത്.
സകാത്തിന്റെ ഏഴാമത്തെ വിനിമയ മാര്‍ഗം, സമൂഹത്തിന്റെ നിലനില്‍പും സുരക്ഷിതത്വവും പുരോഗതിയും ലക്ഷ്യംവെച്ചുള്ള ഭരണപരിഷ്‌കരണങ്ങളാണ്. വിശുദ്ധഖുര്‍ആന്‍ 'ഫീ സബീലില്ലാ' (ദൈവിക മാര്‍ഗത്തില്‍) എന്നാണതിന് പ്രയോഗിച്ചിരിക്കുന്നത്. മദീനയിലെ ഇസ്‌ലാമിക രാഷ്ട്രത്തിന്റെ സംസ്ഥാപന വേളയില്‍ പ്രതിരോധപ്രവര്‍ത്തനങ്ങള്‍ക്കായിരുന്നു പ്രാമുഖ്യം. സമാധാനം സംസ്ഥാപിച്ച ശേഷമാണ് മറ്റു ഭരണപരിഷ്‌കരണങ്ങളിലേക്ക് തിരിയാനായത്. ഇക്കാരണത്താല്‍ ജിഹാദും പ്രതിരോധ സമരവുമാണ് 'ദൈവിക മാര്‍ഗത്തില്‍' എന്നതുകൊണ്ട് ഉദ്ദേശിച്ചതെന്ന് പൂര്‍വികരില്‍ ചിലര്‍ ധരിച്ചുവശായിട്ടുണ്ട്. പൗരസംരക്ഷണത്തിനുപുറമെ രാഷ്ട്രപുരോഗതിക്കാവശ്യമായ കാര്യങ്ങളത്രയും 'ദൈവികമാര്‍ഗത്തില്‍' എന്ന സകാത്തിനത്തില്‍ ഉള്‍പ്പെടുത്തണമെന്നതാണ് വിദഗ്ധാഭിപ്രായം. ഇസ്‌ലാമിന്റെ ചൈതന്യവുമായി പൊരുത്തപ്പെടുന്നതും ഈ അര്‍ഥമാണ്. നാടും വീടും വെടിഞ്ഞ് യാത്ര തിരിച്ചവരും, ജന്മനാട്ടില്‍ നിന്നോടിക്കപ്പെട്ട അഭയാര്‍ത്ഥികളും, പ്രത്യേകിച്ചൊരു ലക്ഷ്യമില്ലാതെ അലഞ്ഞുനടക്കുന്നവരുമായ ജനലക്ഷങ്ങള്‍ക്ക് പ്രത്യേക പരിഗണന നല്‍കി സംരക്ഷിക്കാന്‍ ഇസ്‌ലാം ആവശ്യപ്പെടുന്നു. ഈ ആവശ്യാര്‍ത്ഥം വിനിയോഗിക്കാനുള്ളതാണ് സകാത്തിന്റെ എട്ടാമത്തെ ഇനം.
സമ്പത്തിന്റെ സമാഹരണം, ഉപഭോഗം, വിതരണം തുടങ്ങി സകല മേഖലകളിലും പ്രയോഗക്ഷമത തെളിയിച്ച നിയമങ്ങളാണ് ഇസ്‌ലാമിന്റേത്. അവ നടപ്പാക്കിയ സുവര്‍ണകാലത്ത് നാടും നാട്ടാരും അനുഭവിച്ച സുഭിക്ഷതക്ക് മറ്റെവിടെയും മാതൃകയില്ല. ഒരൊറ്റ ദരിദ്രനുമില്ലാത്ത രാഷ്ട്രം സ്വപ്നമല്ല യാഥാര്‍ഥ്യമാണെന്ന് ആ വ്യവസ്ഥിതി തെളിയിച്ചു. ഇന്ന് ദാരിദ്ര്യ നിര്‍മാര്‍ജനം ആകര്‍ഷകമായ ഒരു മുദ്രാവാക്യം മാത്രമാണ്. മുതലാളിത്ത രാഷ്ട്രങ്ങള്‍ക്കോ തൊഴിലാളിത്ത രാഷ്ട്രങ്ങള്‍ക്കോ അത് സാക്ഷാല്‍ക്കരിക്കാനായിട്ടില്ല.

ആരാണ് സകാത്ത് നല്‍കേണ്ടത്?
സമ്പന്നരാണ് സകാത്ത് നല്‍കേണ്ടത്. പരാശ്രയമില്ലാത്ത ഐശ്വര്യവാന്‍ എന്നര്‍ത്ഥമുള്ള 'ഗനിയ്യ്' എന്ന വാക്കാണ് നബി(സ) പ്രയോഗിച്ചത്. ഏകദൈവവിശ്വാസം സ്വീകരിക്കുകയും നമസ്‌കാരം അനുഷ്ഠിക്കുകയും ചെയ്ത മുസ്‌ലിംകളില്‍നിന്ന് സകാത്ത് പിരിക്കാന്‍ യമനിലെ ഗവര്‍ണര്‍ക്ക് അവിടുന്ന് നിര്‍ദേശം നല്‍കി. ''അവരുടെ സമ്പന്നരില്‍ നിന്ന് വാങ്ങി ദരിദ്രരില്‍ വിതരണം ചെയ്യുന്ന ഒരു ദാനം അല്ലാഹു നിര്‍ബന്ധമാക്കിയിരിക്കുന്നു'' എന്നാണ് തിരുമേനിയുടെ പ്രയോഗം                                
നബി(സ) തിരുമേനിയുടെ കാലത്ത് വിഭവങ്ങളും ധനസ്രോതസ്സുകളും പരിമിതമായിരുന്നു. പിന്നീട് ഇസ്‌ലാം പ്രചരിക്കുകയും അറേബ്യന്‍ മരുഭൂമിക്കപ്പുറം ഏഷ്യാ വന്‍കരയുടെ വിശാല ഭൂപ്രദേശങ്ങള്‍ ഇസ്‌ലാമിക ഭരണത്തിന്‍ കീഴില്‍ വരികയും ചെയ്തു. ആഫ്രിക്കന്‍ വന്‍കരയുടെ ഫലഭൂയിഷ്ഠമായ ഭാഗങ്ങളും ഇസ്‌ലാമിനു കീഴില്‍ വന്നു. തെക്കന്‍ യൂറോപ്പിന്റെ ചില പ്രധാന പ്രദേശങ്ങളും ഇസ്‌ലാമിക രാഷ്ട്രത്തിന്റെ ഭാഗമായി. ഈ ഘട്ടത്തില്‍ മുസ്‌ലിം സമൂഹത്തിന് നേതൃത്വം നല്‍കിയിരുന്ന മതപണ്ഡിതന്മാര്‍, പുതുതായി കണ്ടെത്തിയ വിഭവങ്ങള്‍ക്ക് എങ്ങനെ സകാത്ത് നല്‍കണമെന്ന വിഷയത്തില്‍ പഠനം നടത്തി മതവിധികള്‍ ക്രോഡീകരിച്ചു. സകാത്തിന്റെ അടിസ്ഥാനം സമ്പത്താണെന്ന് അംഗീകരിച്ചായിരുന്നു ഈ ഗവേഷണം. എന്നാല്‍, ഈ വിഷയത്തില്‍ പക്വതയില്ലാതെ ചിന്തിച്ച പണ്ഡിതന്മാരും കൂട്ടത്തിലുണ്ടായിരുന്നു. തിരുമേനി (സ) സകാത്ത് ശേഖരിച്ച ഇനങ്ങളില്‍ മാത്രം എക്കാലത്തും ശേഖരിച്ചാല്‍ മതി, പുതിയ ധനസ്രോതസ്സുകള്‍ പരിഗണിക്കേണ്ടതില്ല എന്നാണവര്‍ വാദിച്ചത്.
ഈ ചിന്ത ബാലിശമാണെന്ന് പറയേണ്ടതില്ല. തിരുമേനി(സ) ഇഹലോകവാസം വെടിഞ്ഞ ഉടനെ അബൂബക്ര്‍(റ) അധികാരമേറ്റു. സകാത്ത് അദ്ദേഹത്തിനു നല്‍കാന്‍ ചില ഗോത്രങ്ങള്‍ തയാറായില്ല. സകാത്ത് നബി(സ) തിരുമേനിയുമായി മാത്രം ബന്ധപ്പെട്ടതാണെന്ന അബദ്ധ ധാരണയാണ് ആ ഗോത്രങ്ങള്‍ വഴിതെറ്റാന്‍ കാരണമായത്. പ്രവാചക ശിഷ്യന്മാര്‍ ഒന്നിച്ച് ഖലീഫയുടെ നേതൃത്വത്തില്‍ ആ വിഭാഗക്കാരോടു യുദ്ധം ചെയ്തു.  വിശുദ്ധ ഖുര്‍ആനും തിരുചര്യയും അവയുടെ ചൈതന്യം ഗ്രഹിച്ച് അതിനൊത്ത് വ്യാഖ്യാനിക്കുകയെന്നതാണ് ഇസ്‌ലാമികരീതി. ഇങ്ങനെ നോക്കുമ്പോള്‍, ഒരാള്‍ സമ്പന്നനാണെങ്കില്‍ അയാള്‍ സകാത്ത് നല്‍കണമെന്നാണ് മനസ്സിലാവുക. ചിലയിനം സമ്പത്തിന് സകാത്ത് നിര്‍ബന്ധമാക്കാനും മറ്റിനങ്ങളെ പൂര്‍ണമായും ഒഴിവാക്കാനും ന്യായമില്ല. അനുവദനീയമായ എല്ലാ ധനാഗമ മാര്‍ഗങ്ങളും പരിഗണിച്ച് സമ്പന്നത നിര്‍ണയിക്കുകയും തദനുസാരം സകാത്ത് വസൂലാക്കുകയുമാണ് വേണ്ടത്.

കച്ചവടത്തിന്റെ സകാത്ത്
സാമ്പത്തിക മേഖലയിലെ ധനപോഷണ മാര്‍ഗങ്ങളില്‍ പ്രധാനമാണ് കച്ചവടം. കച്ചവടത്തിനു വേണ്ടിയുള്ള സജ്ജീകരണങ്ങളുടെ (കെട്ടിടം മുതലായവ) മൂല്യത്തിന് സകാത്ത് നല്‍കേണ്ടതില്ല (ആ മൂല്യം പണമായി സൂക്ഷിച്ചുവെക്കുമ്പോള്‍ സുസ്ഥിതിയുടെ പരിധി-നിസാബ്-എത്തിയാല്‍ സകാത്ത് നല്‍കിയിരിക്കണം). വില്‍പനച്ചരക്കുകള്‍ക്കാണ് സകാത്ത് നല്‍കേണ്ടത്. കച്ചവടം തുടങ്ങി ഒരു വര്‍ഷം കഴിയുമ്പോള്‍ കണക്കെടുപ്പ് നടത്തി ചരക്കുകളുടെ മാര്‍ക്കറ്റ് വിലക്ക് സകാത്ത് നല്‍കണം. ഇടക്കാലത്ത് ലഭിച്ചുകൊണ്ടിരുന്ന ലാഭവും കൈയിലോ അക്കൗണ്ടിലോ ഉള്ള സംഖ്യയും ചേര്‍ത്ത് സുസ്ഥിതിയുടെ പരിധി എത്തിയെങ്കില്‍ മാത്രമേ സകാത്ത് നിര്‍ബന്ധമാവുന്നുള്ളൂ.
കച്ചവടം ലാഭകരമാണെങ്കിലും അല്ലെങ്കിലും സകാത്ത് നിര്‍ബന്ധമാണ്. ഇതിന്റെ യുക്തിയെക്കുറിച്ച് ചിലരന്വേഷിക്കാറുണ്ട്. യുക്തി ആര്‍ക്കും നിജപ്പെടുത്താനാവില്ല, അനുമാനിക്കാനേ പറ്റൂ. ഇസ്‌ലാം പഠിപ്പിക്കുന്ന സാമ്പത്തിക നയം അടിസ്ഥാനമാക്കി ചിന്തിച്ചാല്‍ കച്ചവടം നഷ്ടത്തിലാവാനുള്ള കാരണം പരിശോധിക്കാനും, ലാഭത്തിലാക്കാന്‍ വേണ്ടി പരിശ്രമിക്കാനുള്ള പ്രചോദനവും ഉണ്ട് ഈ നിയമത്തില്‍. നഷ്ടം മുന്‍കൂട്ടി മനസ്സിലാക്കി ചുവട് മാറ്റാന്‍ ശ്രദ്ധിക്കണം. സകാത്ത് നല്‍കാനില്ലെങ്കില്‍ വാര്‍ഷിക കണക്കെടുപ്പ് പോലും നടത്തുകയില്ല പല കച്ചവടക്കാരും. അവസാനം കച്ചവടം പൊളിയുമ്പോള്‍ കൈമലര്‍ത്തും.
കച്ചവടത്തിന് സകാത്ത് നിര്‍ബന്ധമാണെന്നതിന്റെ തെളിവുകള്‍ പരിശോധിക്കാം. വിശുദ്ധ ഖുര്‍ആനില്‍ സകാത്ത് നല്‍കാന്‍ കല്പിക്കുന്ന പൊതുകല്‍പ്പനകള്‍ കച്ചവടത്തിനും ബാധകമാണ്. കച്ചവടം ഒരു പ്രധാന ധനാഗമ മാര്‍ഗമാണ്. കച്ചവടക്കാരാണ് സമ്പന്നരില്‍ ഭൂരിഭാഗവും. വിശുദ്ധ ഖുര്‍ആന്‍ അധ്യായം രണ്ടില്‍ 267 ാം വചനത്തിന്റെ ആശയം ഇങ്ങനെയാണ്: ''സത്യവിശ്വാസികളേ, നിങ്ങള്‍ സമ്പാദിച്ച ഉത്തമ വസ്തുക്കളില്‍ നിന്നും, നിങ്ങള്‍ക്കു നാം ഭൂമിയില്‍ ഉല്‍പാദിപ്പിച്ചു തന്നതില്‍ നിന്നും ചെലവഴിക്കുക.''
ഈ വചനത്തില്‍ രണ്ടുതരം ധനാഗമ മാര്‍ഗങ്ങളിലേക്കാണ് സൂചന. ഒന്ന് മനുഷ്യന്‍ തന്റെ അധ്വാനത്തിലൂടെ സമ്പാദിക്കുന്നത്. രണ്ട,് മനുഷ്യന്റെ അധ്വാനവും ഭൂമിയിലെ ഉല്‍പാദന ശേഷിയും ചേര്‍ന്ന് ലഭിക്കുന്ന കാര്‍ഷിക വിളകളും ഖനിജങ്ങളും മറ്റും. ഒന്നാമത് പറഞ്ഞ മനുഷ്യന്റെ അധ്വാനം കൊണ്ടുള്ള സമ്പാദ്യത്തില്‍ ഏറ്റവും പ്രധാനപ്പെട്ടതാണ് കച്ചവടം. അതിനാല്‍ ഈ വചനത്തിന്റെ അവതരണം കച്ചവടത്തില്‍ സകാത്ത് നിര്‍ബന്ധമാണെന്ന് പഠിപ്പിക്കാനാണെന്ന് പല പൂര്‍വികരും പ്രസ്താവിച്ചിട്ടുണ്ട്.
ബുഖാരിയും മുസ്‌ലിമും ഉദ്ധരിക്കുന്നു: റസൂല്‍(സ) ഉമറി(റ)നെ സകാത്ത് ശേഖരിക്കാന്‍ നിയോഗിച്ചു. ഇബ്‌നു ജമീല്‍, ഖാലിദുബ്‌നുല്‍ വലീദ്, അബ്ബാസുബ്‌നു അബ്ദില്‍ മുത്തലിബ് എന്നിവര്‍ സകാത്ത് നല്‍കിയില്ലെന്ന് അദ്ദേഹം തിരുമേനിക്ക് റിപ്പോര്‍ട്ട് നല്‍കി. തിരുമേനി അരുള്‍ ചെയ്തു: ''ഇബ്‌നു ജമീല്‍ ദരിദ്രനായിരുന്നു. അല്ലാഹു അയാള്‍ക്ക് ഐശ്വര്യം നല്‍കി. അതിന്റെ ഫലമാണീ ധിക്കാരം! എന്നാല്‍ ഖാലിദിനോട് നിങ്ങള്‍ അക്രമം ചെയ്യുകയാണ്. അദ്ദേഹത്തിന്റെ യുദ്ധ സാമഗ്രികള്‍ ദൈവ മാര്‍ഗത്തില്‍ ദാനം ചെയ്തവയാണല്ലോ. അതിനാലാണ് ഇതിനൊന്നും സകാത്ത് നിര്‍ബന്ധമില്ലെന്ന് അദ്ദേഹം പറഞ്ഞത്. എന്റെ പിതൃവ്യന്‍ അബ്ബാസിന്റെ കാര്യം എനിക്കു വിട്ടേക്ക്. അദ്ദേഹം തരാനുള്ളതും, അതുപോലൊരു പങ്കും ഞാന്‍ തരാം.''
ഈ സംഭവത്തില്‍ യുദ്ധസാമഗ്രികള്‍ വില്‍പനക്കുള്ളതാണെന്ന ധാരണയിലാണ് സകാത്ത് ആവശ്യപ്പെട്ടതെന്ന് ശറഹു മുസ്‌ലിമില്‍ ഇമാം നവവി വിശദീകരിച്ചു.  തുടര്‍ന്ന് അദ്ദേഹം എഴുതി: ''ളാഹിരി മദ്ഹബിന്റെ വക്താവായ ദാവൂദൊഴിച്ച് പ്രാചീനരും അര്‍വാചീനരുമായ പണ്ഡിതന്മാരെല്ലാം കച്ചവടച്ചരക്കുകള്‍ക്ക് സകാത്ത് നിര്‍ബന്ധമാണെന്ന അഭിപ്രായക്കാരാണ്'' (ശറഹു മുസ്‌ലിം).
ഉമറി(റ)ന്റെ കാലത്ത് ഖജനാവ് സൂക്ഷിപ്പുകാരനായിരുന്ന അബ്ദുര്‍റഹ്മാനുബ്‌നു അബ്ദുല്‍ ഖാരി പറയുന്നു: ''ശമ്പളം നല്‍കുന്ന സമയത്ത് കച്ചവട വസ്തുക്കള്‍ അദ്ദേഹം തടഞ്ഞുവെക്കും. സ്ഥലത്തുള്ളതും ഇല്ലാത്തതും കണക്കാക്കി മൊത്തം സകാത്ത് വസൂലാക്കും. ഇബ്‌നു ഹസ്മ് മുഹല്ലയില്‍ പ്രബലമെന്ന് വിശേഷിപ്പിച്ച റിപ്പോര്‍ട്ടാണിത്'' (മുഹല്ല 4/40).
അബ്ദുല്ലാഹിബ്‌നു ഉമര്‍(റ) പ്രസ്താവിക്കുന്നു. ''കച്ചവടത്തിനുള്ള ചരക്കുകള്‍ക്ക് മാത്രമേ സകാത്തുള്ളൂ'' ഇത് പ്രബലമാണെന്ന് ഇമാം നവവിയും ഇബ്‌നു ഹസ്മും രേഖപ്പെടുത്തിയിട്ടുണ്ട് (മുഹല്ല 4/140, മജ്മൂഅ് 6/5).
ശൈഖുല്‍ ഇസ്‌ലാം ഇബ്‌നുതൈമിയ്യ തന്റെ ഫതാവാ സമാഹാരത്തില്‍ ഇങ്ങനെ രേഖപ്പെടുത്തുന്നു: ''നാലു മദ്ഹബുകളുടെ ഇമാമുകളും, ഒറ്റപ്പെട്ട ചിലരൊഴിച്ച്, മറ്റു പണ്ഡിതന്മാരും കച്ചവടത്തിന് സകാത്ത് നിര്‍ബന്ധമാണെന്ന അഭിപ്രായത്തില്‍ യോജിക്കുന്നു. കച്ചവടക്കാരന്‍ നാട്ടില്‍ താമസിക്കുമ്പോഴും യാത്രയിലാണെങ്കിലും, അവസര വ്യാപാരം ചെയ്യുമ്പോഴും, സ്ഥിരമായി കച്ചവടത്തിലേര്‍പ്പെടുമ്പോഴും, കച്ചവടച്ചരക്ക് പുതിയ തുണിത്തരങ്ങളാണെങ്കിലും, ഉപയോഗിച്ച വസ്ത്രങ്ങളാണെങ്കിലും, ഭക്ഷണ പദാര്‍ഥങ്ങളും പഴങ്ങളും മറ്റും വില്‍ക്കുമ്പോഴും, തുകല്‍ ഉല്‍പന്നമോ പാത്രങ്ങളോ മൃഗങ്ങളോ വില്‍ക്കുന്നവനാണെങ്കിലുമെല്ലാം കച്ചവടച്ചരക്കിന് സകാത്ത് നിര്‍ബന്ധമാണ്. പട്ടണങ്ങളിലെ മുഖ്യ സമ്പത്ത് പരോക്ഷമായി കച്ചവടങ്ങളാണ്. പ്രത്യക്ഷത്തില്‍ നാല്‍കാലികളെന്ന പോലെത്തന്നെ'' (ഫതാവാ സമാഹാരം 25/45).
തിരുമേനി(സ) പഠിപ്പിച്ച തത്വങ്ങള്‍ ലോകാവസാനം വരെ ഉണ്ടാകാവുന്ന അനുവദനീയമായ എല്ലാ സാമ്പത്തിക ഇടപാടുകളെയും ഉള്‍ക്കൊള്ളാന്‍ പര്യാപ്തമാണ്. ഒരു വര്‍ഷത്തില്‍ കണക്കു നോക്കി സകാത്ത് കൊടുക്കുന്ന ഇനമാണ് പണവും തത്തുല്യമായ സ്വര്‍ണവും വെള്ളിയുമെല്ലാം. ഇതിന്റെ സകാത്ത് 2.5 ശതമാനമായി നിജപ്പെടുത്തിയിരിക്കുന്നു. നിരന്തരമായ വളര്‍ച്ചയുള്ള എല്ലാ ഇനം സമ്പത്തും ഇതേ വിധിയില്‍ ഉള്‍പ്പെടുന്നു. കച്ചവടച്ചരക്കുകള്‍, വാടക ഇനത്തില്‍പെട്ട വരുമാനം (ശമ്പളം, വേതനം, കൂലി) എന്നീ പേരുകളില്‍ സേവനത്തിനു പകരം ലഭിക്കുന്ന ധനം എന്നിവയും ഇതേ വിധിയില്‍ ഉള്‍പ്പെടുന്നു. പ്രകൃതിയുടെ സഹകരണവും മനുഷ്യാധ്വാനവും ചേര്‍ന്നുണ്ടാവുന്ന ഉല്‍പന്നങ്ങള്‍, ചെറിയ അധ്വാനം കൊണ്ട് ധാരാളമായി ലഭിക്കുന്ന പ്രകൃതിയില്‍ നിക്ഷിപ്തമായ സമ്പത്തുകള്‍ എന്നിവയെല്ലാം ഉല്‍പാദനം നടക്കുമ്പോള്‍ തന്നെ സകാത്ത് നല്‍കേണ്ട ഇനങ്ങളാണ്. എല്ലാ കാര്‍ഷികോല്‍പന്നങ്ങള്‍ക്കും വിളവെടുപ്പ് നടക്കുമ്പോള്‍ സകാത്ത് നല്‍കണം. ഒരു വര്‍ഷം രണ്ടോ മൂന്നോ വിളവെടുപ്പുണ്ടെങ്കില്‍ അത്രയും തവണ സകാത്ത് നല്‍കണം. ജലസേചനത്തിനും മറ്റും യാന്ത്രിക സഹായം ഉപയോഗപ്പെടുത്തുമ്പോള്‍ 5 ശതനമാണ് സകാത്തിന്റെ വിഹിതം. പ്രകൃത്യാ ഫലഭൂയിഷ്ഠമാണ് കൃഷിയിടമെങ്കില്‍ ജലസേചനം ആവശ്യമില്ലാത്ത കൃഷിക്ക് ഉല്‍പന്നത്തിന്റെ 10% സകാത്ത് നല്‍കണം. ഭൂമിയില്‍ നിന്ന് കുഴിച്ചെടുക്കുന്ന വിലകൂടിയ ഖനിജങ്ങള്‍ക്ക് (ലോഹങ്ങള്‍, രത്‌നങ്ങള്‍, എണ്ണ മുതലായവക്ക്) 20% സകാത്ത് നല്‍കണം. മാര്‍ബിള്‍, ഗ്രാനൈറ്റ് തുടങ്ങിയ ഇനങ്ങള്‍ക്കു അവയുടെ ഉല്‍പാദനച്ചെലവ് കൂടുതലാകയാല്‍ 5% സകാത്ത് നല്‍കണമെന്ന അഭിപ്രായമാണ് പ്രാമാണികമായി തോന്നുന്നത്. മുകളിലുദ്ധരിച്ച ഏതിനവും കച്ചവടച്ചരക്കായി മാറുമ്പോള്‍ (കാര്‍ഷിക വിളകളും ഖനിജങ്ങളുമെല്ലാം) നടേ പറഞ്ഞ 2.5% സകാത്ത് നല്‍കാനേ കച്ചവടക്കാരന് ബാധ്യതയുള്ളൂ.

സമുദ്രോല്‍പന്നങ്ങള്‍
സമുദ്രോല്‍പന്നങ്ങളെ രണ്ടായി തരംതിരിക്കാം. സമൃദ്ധമായി ലഭിക്കുന്ന മത്സ്യങ്ങള്‍. വിരളമായി ലഭിക്കുന്ന വിലകൂടിയ മുത്ത്, പവിഴം, അമ്പര്‍ മുതലായവ. മത്സ്യബന്ധനം ഒരു പ്രധാന സാമ്പത്തിക സ്രോതസ്സാണ്. ചില രാഷ്ട്രങ്ങളുടെ സാമ്പത്തിക അവലംബം തന്നെ മത്സ്യബന്ധനമാണ്. മത്സ്യ കൃഷിയും ഇന്ന് ഒരു വലിയ വ്യവസായമായി മാറിയിരിക്കുന്നു. സാമ്പത്തിക വരുമാനത്തിന്റെ ഈ മേഖല സകാത്തില്‍നിന്ന് മാറ്റിനിര്‍ത്താന്‍ പാടില്ലെന്ന അഭിപ്രായമാണ് സ്വീകാര്യം. നബി(സ) തിരുമേനിയുടെ കാലത്ത് മത്സ്യബന്ധനം ഒരു പ്രധാന സാമ്പത്തിക സ്രോതസ്സായിരുന്നില്ല. അതിനാല്‍ ഇതിന് സകാത്ത് നല്‍കേണ്ടതില്ലെന്ന അഭിപ്രായമാണ് പല പണ്ഡിതരും രേഖപ്പെടുത്തിയിട്ടുള്ളത്. എന്നാല്‍ സമുദ്രത്തില്‍ നിന്ന് ലഭിക്കുന്ന വിലപിടിച്ച വസ്തുക്കള്‍ക്ക് സകാത്ത് നല്‍കണമെന്ന് അധിക പണ്ഡിതരും അഭിപ്രായപ്പെടുന്നു. അബ്ദുല്ലാഹിബ്‌നു അബ്ബാസി(റ)ന്റെ അഭിപ്രായം ഇവര്‍ അവലംബമാക്കുന്നു.
മത്സ്യം വ്യാപാരച്ചരക്കാണെങ്കില്‍ സകാത്ത് നല്‍കണമെന്നതാണ് ഭൂരിപക്ഷം പണ്ഡിതന്മാരും അഭിപ്രായപ്പെടുന്നത്. മറ്റു കച്ചവടച്ചരക്കുകള്‍ പോലെ 2.5 ശതമാനമാണ് സകാത്തിന്റെ അനുപാതം. എന്നാല്‍ മത്സ്യബന്ധനം നടത്തുന്നവര്‍ക്ക് ലഭിച്ച മത്സ്യത്തിന് കച്ചവടച്ചരക്കിന്റെ അനുപാതമായ 2.5 ശതമാനം സകാത്ത് നല്‍കിയാല്‍ മതിയാവില്ല. അത് വില കൊടുക്കാതെ ലഭിച്ച സമ്പത്താണ്. ഇതിനെ ഭൂമിയില്‍ നിന്ന് ലഭിക്കുന്ന നിധി നിക്ഷേപങ്ങളോട് സാദൃശ്യപ്പെടുത്തി 20% സകാത്ത് വസൂലാക്കണമെന്ന് പറയുന്നതില്‍ ന്യായമുണ്ടെന്ന് തോന്നുന്നില്ല. രണ്ടും തമ്മില്‍ വലിയ അന്തരമുണ്ട്. അതിനാല്‍ ഇതിനെ കാര്‍ഷികോല്‍പന്നങ്ങളോട് സാദൃശ്യപ്പെടുത്തി അവയുടെ വിധിയാണ് നല്‍കേണ്ടത് എന്നതാണ് പ്രബലമായ അഭിപ്രായം. ഇവക്ക് വര്‍ഷം തികയാന്‍ കാത്തിരിക്കാതെ ഓരോ തവണയും ലഭിക്കുന്ന വരുമാനത്തിന് ചെലവ് കഴിച്ചുള്ളത് കണക്കാക്കി 10% സകാത്ത് നല്‍കുകയോ, ചെലവ് കിഴിക്കാതെ 5% സകാത്ത് നല്‍കുകയോ ആവാം.
മത്സ്യകൃഷിയുടെ ഉല്‍പന്നങ്ങള്‍ക്കും ഓരോ തവണ വിളവെടുക്കുമ്പോള്‍ 5% എന്ന തോതിലാണ് സകാത്ത് നല്‍കേണ്ടത്. മത്സ്യകൃഷിക്ക് വിവിധ ഇനങ്ങളില്‍ ചെലവുകളുള്ളതിനാല്‍ ജലസേചനം നടത്തേണ്ട കൃഷിയോടാണ് അതിനെ ഉപമിക്കേണ്ടത്. അതിന്റെ സകാത്ത് 5% ആണല്ലോ. വിശുദ്ധ ഖുര്‍ആനില്‍ വിളവെടുപ്പ് സമയം സകാത്ത് നല്‍കണമെന്നനുശാസിച്ചിട്ടുണ്ട് (6:141). തദടിസ്ഥാനത്തില്‍ മത്സ്യബന്ധനത്തിന് സകാത്ത്  നിര്‍ണയിക്കേണ്ടത് വിളവെടുപ്പ് നടക്കുമ്പോഴാണ്.
സമുദ്രോല്‍പന്നങ്ങളില്‍ പ്രധാനപ്പെട്ട മറ്റൊരിനം മുത്ത്, പവിഴം, അമ്പര്‍ തുടങ്ങിയ വിലപിടിച്ച വസ്തുക്കളാണ്. ഇവയുടെ സകാത്ത് വിളവെടുപ്പ് നടക്കുമ്പോള്‍ നല്‍കണം. എന്നാല്‍ ഇത്തരം വിലപിടിച്ച വസ്തുക്കളുടെ മൂല്യം കണക്കാക്കാനും വില്‍ക്കാനും വിദഗ്ധരെ സമീപിക്കേണ്ടതിനാല്‍ കാലതാമസം നേരിടും. അതിനു ശേഷമേ സകാത്ത് നല്‍കാനാവൂ. ഇവയുടെ സകാത്ത് 20% വരുമെന്നതാണ് പ്രബലമായ അഭിപ്രായം. ഇവ കണ്ടെത്തി പുറത്തെടുക്കാന്‍ വരുന്ന ചെലവ് കഴിച്ച്  മൂല്യം കണക്കാക്കി സകാത്ത് നല്‍കിയാല്‍ മതിയാവും.

ഭൂമിക്കച്ചവടം (റിയല്‍ എസ്റ്റേറ്റ്)
ഭൂമി അടിസ്ഥാനപരമായി ഒരു കച്ചവടച്ചരക്കല്ല. ഒരാള്‍ തന്റെയും കുടുംബത്തിന്റെയും ആവശ്യത്തിനു വേണ്ടി വാങ്ങിയ ഭൂമിക്ക് സകാത്ത് നല്‍കേണ്ടതില്ല എന്നതില്‍ രണ്ടു പക്ഷമില്ല. വീട്, വാഹനം തുടങ്ങിയ ഉപയോഗ വസ്തുക്കള്‍ക്കും സകാത്ത് നല്‍കേണ്ടതില്ല (എന്നാല്‍ മേല്‍ പറഞ്ഞവ വാങ്ങാന്‍ ഉപയോഗിക്കുന്ന പണത്തിന് സകാത്ത് നല്‍കിയിരിക്കണം). ഭൂമി ഒരു വരുമാന മാര്‍ഗമാക്കാന്‍ പാട്ടത്തിനു നല്‍കുകയോ, കെട്ടിടം വാടകക്ക് കൊടുക്കുകയോ ചെയ്യുമ്പോള്‍ ലഭിക്കുന്ന വരുമാനത്തിന് സകാത്ത് കൊടുക്കണം. മറ്റു വരുമാനങ്ങളും പണവും ചേര്‍ത്താണ് സകാത്ത് കണക്കാക്കുക.
ഇക്കാലത്ത് ഭൂവിപണനത്തിന് പുതിയ മാനങ്ങള്‍ കൈവന്നിരിക്കുന്നു. ഭൂമി ഒരു കച്ചവടച്ചരക്കായി മാറി. അതിനാല്‍ ഇങ്ങനെ ഭൂമി വാങ്ങി വില്‍ക്കുന്നവര്‍ കച്ചവടച്ചരക്കെന്ന പരിഗണനയില്‍ അതിന് സകാത്ത് നല്‍കണം. വാങ്ങി ഒരു വര്‍ഷം തികഞ്ഞിട്ടും വില്‍ക്കാന്‍ കഴിയാതെ വന്നാല്‍ മാര്‍ക്കറ്റ് വില കണക്കാക്കി ഭൂസ്വത്തിന് സകാത്ത് നല്‍കണം. എന്നാല്‍ ഭൂമി വാങ്ങുമ്പോള്‍ അതൊരു സ്വത്തായി സൂക്ഷിക്കാനാണ് പ്ലാന്‍ ചെയ്തതെങ്കില്‍ സകാത്ത് നല്‍കേണ്ടതില്ല. വില്‍ക്കാന്‍ വേണ്ടി വാങ്ങിയ ഭൂമി ഓരോ തവണയും വില്‍ക്കുമ്പോള്‍ ലഭിക്കുന്ന മൂല്യത്തിന് സകാത്ത് നല്‍കുന്നതാണ് ഏറ്റവും സൂക്ഷ്മമായ രീതി. ഒരു വര്‍ഷം തികയാന്‍ കാത്തിരിക്കേണ്ടതില്ല. ചിലപ്പോള്‍ ഇതേ പണമുപയോഗിച്ചു മറ്റൊരു നല്ല സ്ഥലം നേടാന്‍ കഴിഞ്ഞേക്കും.

കമ്പനികളുടെ സകാത്ത്
വ്യാപാരലോകം നിരന്തരം വികാസം പ്രാപിക്കുന്നു. അനേകം പുതിയ രീതികള്‍ രംഗപ്രവേശം ചെയ്യുന്നു. ഇവയുടെയെല്ലാം വിധികള്‍ ഇസ്‌ലാമികമായി പരിശോധിച്ച ശേഷമേ ഒരു സത്യവിശ്വാസിക്ക് അവയിലേര്‍പ്പെടാന്‍ അനുവാദമുള്ളൂ.
കമ്പനികള്‍ വ്യാപാര രംഗത്ത് സുപ്രധാന സ്ഥാനം കൈയടക്കിയിരിക്കുന്നു. നികുതിയുമായി ബന്ധപ്പെട്ടും മറ്റും സര്‍ക്കാറുകള്‍ ഉണ്ടാക്കിയ നിയമങ്ങളാണ് വ്യക്തികള്‍ കമ്പനികള്‍ക്ക് രൂപം നല്‍കാന്‍ പ്രചോദനമാകുന്നത്. പണ്ടുകാലത്ത് പങ്കാളിത്ത സ്ഥാപനങ്ങളാണ് ഇതിന്റെ സ്ഥാനത്തുണ്ടായിരുന്നത്. രണ്ടോ അധികമോ ആളുകള്‍ ഒരു സംരംഭത്തില്‍ തുല്യമായോ, അല്ലാതെയോ പങ്കാളികളാവുക എന്നതാണതിന്റെ രീതി. പൂര്‍വികര്‍ തയാറാക്കിയ സകാത്തിന്റെ നിയമങ്ങളില്‍ ഇത്തരം പങ്കാളിത്ത സ്ഥാപനങ്ങളെക്കുറിച്ച് വിശദമായി പറഞ്ഞത് കാണാം. പക്ഷേ, ആധുനിക കമ്പനികളുടെ രീതി വ്യത്യസ്തമാണല്ലോ. അതിനാല്‍ അവയുടെ നിയമം വേറെത്തന്നെ പഠിക്കേണ്ടതാണ്.
ഇസ്‌ലാമിക കര്‍മശാസ്ത്രജ്ഞന്മാര്‍ വിശദീകരിക്കുന്നതിങ്ങനെ: കമ്പനി ഒരു കല്‍പിത വ്യക്തിത്വമാണ്. അതിന്റെ എല്ലാ വരവും ചെലവും കണക്കാക്കിയ ശേഷം ഒരു വ്യക്തിയില്‍ നിന്നെന്ന പോലെ സകാത്ത് വസൂലാക്കാം. കമ്പനിയിലെ ഓഹരികള്‍ക്ക് വിലകെട്ടിയാണ് ആസ്തി കണക്കാക്കുന്നത്. ഓഹരിയുടെ പുസ്തക മൂല്യമല്ല പരിഗണിക്കേണ്ടത്, വിപണിയില്‍ അവയ്ക്കുള്ള വിലയാണ്. വില നിര്‍ണയം നടത്താന്‍ കര്‍മശാസ്ത്ര പാണ്ഡിത്യമുള്ള ഒരാളും അക്കൗണ്ടിങ്ങില്‍ സാമര്‍ഥ്യമുള്ള മറ്റൊരാളും അനിവാര്യമാണ്. കമ്പനിയുടെ മൂല്യനിര്‍ണയത്തില്‍ സ്ഥാപനത്തിന്റെ സല്‍പേരിന് സജീവ പങ്കുണ്ട്. ഈ സല്‍പേരിന്റെ മൂല്യം സകാത്ത് കണക്കാക്കുമ്പോള്‍ പരിഗണിക്കേണ്ടതില്ല. കമ്പനിയുടെ സ്ഥാവര സ്വത്തി(എശഃലറ അലൈെേ)ന്റെ വിധി തന്നെയാണ് സല്‍പേരിന്റെ മൂല്യത്തിനും ഉള്ളത്. രണ്ടിനും സകാത്ത് നല്‍കേണ്ടതില്ല. വ്യാപാരത്തിനു വേണ്ടി വിനിയോഗിക്കുന്ന ചരക്കുകളുടെ വിലയാണ് വര്‍ഷത്തില്‍ സകാത്ത് നല്‍കാന്‍ പരിഗണിക്കേണ്ടത്. വ്യാപാരത്തില്‍ നിന്നുണ്ടാവുന്ന ലാഭവും ഇതിനോട് ചേര്‍ത്ത് കണക്കു കൂട്ടണം. 2.5% അനുപാതത്തിലാണ് സകാത്ത് കണക്കാക്കേണ്ടത്. കമ്പനി പൂര്‍ണ്ണമായും വില്‍പ്പന നടത്തുമ്പോഴാണ് സല്‍പേരിന്റെ മൂല്യം പങ്കാളികള്‍ക്ക് ലഭ്യമാവുക. അതിനുമുമ്പ് ആ മൂല്യത്തിന് സകാത്ത് നല്‍കാന്‍ കല്‍പ്പിക്കുന്നത് ന്യായമല്ല. സ്ഥാവര സ്വത്തുക്കളും ഉപകരണങ്ങളും വര്‍ഷം തോറും മൂല്യച്ച്യുതിക്ക് വിധേയമാകുന്നു. സകാത്തില്‍ സ്ഥാവര സ്വത്തുക്കള്‍ ഉള്‍പ്പെടുത്താത്തതിനാല്‍ ഈ മൂല്യച്ച്യുതി പരിഗണിക്കേണ്ടതില്ല.
വ്യവസായമാണ് കമ്പനിയിലൂടെ നടക്കുന്നതെങ്കില്‍ ഉല്‍പന്നങ്ങള്‍ക്കാണ് വില നിശ്ചയിച്ച് സകാത്ത് നല്‍കേണ്ടത്. സ്ഥാവര സ്വത്തിനോ ഉല്‍പാദനോപകരണങ്ങള്‍ക്കോ സകാത്ത് നല്‍കേണ്ടതില്ല. ഒരു കമ്പനിയില്‍ മുസ്‌ലിംകളും, അല്ലാത്തവരും പങ്കാളികളാണെന്ന് വിചാരിക്കുക. അവിടെ രണ്ടു രീതികള്‍ സ്വീകരിക്കാം. 2.5% ധര്‍മമായി നല്‍കാന്‍ കമ്പനി നിയമാവലിയില്‍ ഒരു ഖണ്ഡിക ചേര്‍ത്ത് തദനുസാരം സകാത്ത് നല്‍കാം. ഇതു മറ്റു പങ്കാളികള്‍ക്ക് സമ്മതമല്ലെങ്കില്‍ മുസ്‌ലിംകള്‍ വ്യക്തിപരമായി അവരുടെ ഓഹരി വിഹിതത്തിന്റെ സകാത്ത് നല്‍കണം. വാര്‍ഷിക ഓഡിറ്റിംഗിലൂടെ കണക്കാക്കുന്ന മൂല്യം അവലംബമാക്കാം. പ്രൈവറ്റ് ലിമിറ്റഡ് കമ്പനികള്‍ക്കും പബ്ലിക് ലിമിറ്റഡ് കമ്പനികള്‍ക്കും ഇതേ രീതി അനുയോജ്യമായിരിക്കും.
കമ്പനിയുടെ ബാധ്യതകള്‍ പൂര്‍ണമായും കിഴിച്ച ശേഷമാണ് മൂല്യം കണക്കാക്കേണ്ടത്. കിട്ടാനുള്ള കടങ്ങളെ രണ്ടായി തരം തിരിക്കണം. സമയം വൈകിയാലും കിട്ടുമെന്നുറപ്പുള്ള കടങ്ങള്‍. കിട്ടാകുറ്റികള്‍ (ആമറ ഉലയെേ). ഇതില്‍ ആദ്യം പറഞ്ഞ ഇനം മൂലധനത്തിലേക്ക് ചേര്‍ക്കണം. പ്രതീക്ഷയില്ലാത്ത കടം വല്ലപ്പോഴും കിട്ടിയാല്‍ അന്ന് സകാത്ത് നല്‍കിയാല്‍ മതി.
കമ്പനിയാകട്ടെ, വ്യാപാരസ്ഥാപനമാകട്ടെ വിലനിര്‍ണയിക്കുമ്പോള്‍ മാര്‍ക്കറ്റ് വിലയാണ് പരിഗണിക്കേണ്ടത്. മാര്‍ക്കറ്റില്‍ മൂല്യം ഇടിഞ്ഞുപോയ വസ്തുക്കള്‍ വാങ്ങിയ വിലവെച്ച് കണക്കുകൂട്ടിയാല്‍ നഷ്ടംവരും. ആ വിലക്ക് വില്‍ക്കാനാവില്ല. മാര്‍ക്കറ്റില്‍ മൂല്യം കൂടിയതാണെങ്കില്‍ ആ വില വില്‍ക്കുമ്പോള്‍ ലഭിക്കുമെന്നുറപ്പാണുതാനും.
ഏതൊരു വ്യാപാരത്തിലും ലാഭം മൂലധനത്തോട് ചേര്‍ത്ത് അതിനാണ് സകാത്ത് കണക്കാക്കേണ്ടത്. ആ ലാഭം മൂലധനത്തിന്റെ ഭാഗമാണ്. ആകെയുള്ളതിന്റെ 2.5% കണക്കാക്കി സകാത്ത് നല്‍കണം.
കമ്പനികളുടെ പുതിയ മേഖലകള്‍ ഇന്ന് സാമ്പത്തിക രംഗത്ത് പ്രധാന പങ്കാളികളാണ്. ഇതില്‍ ഒരിനമാണ് ഓഹരി ഉടമകളായ കമ്പനികള്‍. ഇത്തരം കമ്പനികള്‍ നടത്തുന്ന ഓഹരി വിപണനം ഇസ്‌ലാം നിരോധിച്ച മേഖലകളിലല്ലെന്ന് ഉറപ്പു വരുത്തണം. നിഷിദ്ധ വസ്തുക്കളുടെ വിപണനം, പലിശ, ചൂതാട്ടം, ഊഹക്കച്ചവടം മുതലായ നിഷിദ്ധ ഇടപാടുകള്‍ എന്നിവയാണ് ഓഹരി വിപണനത്തില്‍ കയറിക്കൂടുന്ന പ്രധാന നിരോധിത സമ്പ്രദായങ്ങള്‍. ഇവയില്‍ നിന്ന് മുക്തമായ കമ്പനികളുടെ ഓഹരി വിപണനം അനുവദനീയമാണ്. ഇതിനുവേണ്ടി സ്ഥാപിക്കുന്ന കമ്പനികളുടെ സകാത്തിന്റെ രൂപം പരിശോധിക്കാം.
കമ്പനി ഉടമകളുടെ സമവായത്തിലൂടെ മാത്രമേ സകാത്ത് കൊടുക്കാന്‍ പറ്റുകയുള്ളൂ. ഭിന്നാഭിപ്രായമാണെങ്കില്‍ ഉടമകള്‍ അവരുടെ വിഹിതം കണക്കാക്കി സകാത്ത് നല്‍കണം.
ഒരാള്‍ ഓഹരികള്‍ വാങ്ങുമ്പോള്‍ ലക്ഷ്യം വെച്ചത് ഓഹരി വില്‍ക്കാനല്ല, അതിന്റെ വരുമാനം അനുഭവിക്കാനാണ് എങ്കില്‍ ആ വരുമാനത്തിനാണ് സകാത്ത് നല്‍കേണ്ടത്, ഓഹരിയുടെ വിലക്ക് സകാത്ത് നല്‍കേണ്ടതില്ല. സ്ഥാവര സ്വത്തുക്കളുടെ ഓഹരികളാണ് വാങ്ങുന്നതെങ്കില്‍ അതില്‍ നിന്നുള്ള  വരുമാനത്തിനാണ് സകാത്ത് നല്‍കേണ്ടത്. എന്നാല്‍ ഓഹരിയുടെ ആദായമല്ല അത് വില്‍ക്കുമ്പോള്‍ കിട്ടുന്ന ലാഭമാണ് ലക്ഷ്യമെങ്കില്‍ ഓഹരികള്‍ വില്‍പനച്ചരക്കായതിനാല്‍ വര്‍ഷം തോറും അതിനു സകാത്ത് നല്‍കണം. ഓഹരി സ്ഥാവര സ്വത്തുക്കളാണെങ്കിലും വില്‍പ്പന ലക്ഷ്യം വെക്കുമ്പോള്‍ അതിന്റെ മൂല്യത്തിന് സകാത്ത് നല്‍കേണ്ടതാണ്. ഓഹരിയുടെ മൂല്യത്തില്‍ വന്ന വര്‍ധനവ് ഇതില്‍ ചേര്‍ക്കണം. മൊത്തം വിലയുടെ 2.5% മാണ് സകാത്ത് കൊടുക്കേണ്ടത്.
ഓഹരിയുടെ മാര്‍ക്കറ്റ് വിലയാണ് പരിഗണിക്കേണ്ടത്. വാങ്ങിയ വിലയേക്കാള്‍ അത് കൂടാനും കുറയാനും സാധ്യതയുണ്ട്. സകാത്ത് വിതരണം കമ്പനി ഏറ്റെടുത്താല്‍ അതാണ് ഉത്തമം. ഇല്ലെങ്കില്‍ വ്യക്തികള്‍ മുന്‍കൈയെടുത്ത് സകാത്ത് വിതരണം ചെയ്യണം. ഒരാള്‍ ഓഹരി വാങ്ങി വര്‍ഷം തികയുംമുമ്പ് വിറ്റാല്‍ അയാള്‍ സകാത്ത് നല്‍കേണ്ടതില്ല. വിറ്റ വില  അയാളുടെ സമ്പത്തില്‍ ചേര്‍ത്ത് മൊത്തം ധനത്തിന് സകാത്ത് നല്‍കുകയാണ് വേണ്ടത്.
ഒരു സ്ഥാപനത്തിന്റെ ധനാഗമ സ്രോതസ്സ് സേവനമാണെങ്കില്‍ എല്ലാ ചെലവുകളും കഴിച്ച് ബാക്കി ലഭിക്കുന്ന വരുമാനത്തിനാണ് സകാത്ത് നല്‍കേണ്ടത്. ഗതാഗതത്തിന്റെ വ്യത്യസ്ത രൂപങ്ങള്‍ ഇതിനുദാഹരണമാണ്. ബസ്സ് സര്‍വീസ്, ട്രക്കുകള്‍, തീവണ്ടി, കപ്പല്‍, വിമാനം എന്നിവ ഉപയോഗിച്ചുള്ള വ്യവസായങ്ങള്‍ ഈയിനത്തില്‍ പെടുന്നു. ടെലഫോണ്‍ സേവനം, വാര്‍ത്താവിനിമയം തുടങ്ങിയ മേഖലകളില്‍ പ്രവര്‍ത്തിക്കുന്ന സ്ഥാപനങ്ങളും അറ്റാദായത്തിന് സകാത്ത് നല്‍കേണ്ടതാണ്.
വിദ്യാഭ്യാസം, ആരോഗ്യം തുടങ്ങിയ മേഖലകളില്‍ സേവനത്തിന് പ്രതിഫലം സ്വീകരിക്കുന്ന സ്ഥാപനങ്ങളത്രയും അവയുടെ ചെലവുകഴിച്ചുള്ള വരുമാനത്തിന് സകാത്ത് നല്‍കേണ്ടതുണ്ട്. നിര്‍മ്മാണച്ചുമതല ഏറ്റെടുത്ത് പ്രതിഫലം സ്വീകരിക്കുന്ന സ്ഥാപനങ്ങളും അവയുടെ അറ്റാദായത്തിന് സകാത്ത് നല്‍കേണ്ടതാണ്. സേവനത്തിന്റെ മറ്റൊരു രൂപമാണ് അറ്റകുറ്റപണികള്‍ ചെയ്യുന്ന സ്ഥാപനങ്ങള്‍ നിര്‍വഹിക്കുന്നത്. അവയുടെയും വിധി ഇതുതന്നെ.
സര്‍ക്കാര്‍ ഉദ്യോഗമോ സ്വകാര്യ സ്ഥാപന ജോലിയോ ഒരാളുടെ വരുമാന മാര്‍ഗമാണെങ്കില്‍ അതും സേവനത്തിലൂടെയുള്ള വരുമാനത്തിന്റെ പൊതു നിയമത്തില്‍ പെടുന്നു. സാമ്പത്തിക സുസ്ഥിതിയുള്ള ആളുകള്‍ ഇത്തരം വരുമാനങ്ങള്‍ക്ക് 2.5% സകാത്തായി നല്‍കണം. സാമ്പത്തിക സുസ്ഥിതി കൈവരിക്കുന്നത് ഇതേ വരുമാനത്തില്‍ നിന്നായാലും വിധിയില്‍ വ്യത്യാസമില്ല.

വര്‍ഷം തികയുക എന്നാല്‍
വര്‍ഷം തികയുകയെന്നത് പലരൂപത്തിലും വ്യാഖ്യാനിക്കപ്പെട്ടിരിക്കുന്നു. ഏറ്റവും അനുയോജ്യമായ വിശദീകരണമിതാണ്: കാര്‍ഷികോല്‍പന്നങ്ങള്‍, ഖനിജങ്ങള്‍, മത്സ്യം, മറ്റു സമുദ്രോല്‍പന്നങ്ങള്‍ തുടങ്ങിയവക്കെല്ലാം ലഭിച്ച ഉടന്‍ സകാത്ത് നല്‍കണം. വര്‍ഷം തികയാന്‍ കാത്തിരിക്കേണ്ടതില്ല. ഖനിജങ്ങളില്‍ പലതും സ്വകാര്യ വ്യക്തികള്‍ക്ക് കുഴിച്ചെടുക്കാന്‍ പാടില്ലാത്തതാണ്. സര്‍ക്കാര്‍ നേരിട്ടുകുഴിച്ചെടുക്കുകയാണ്. അതിനാല്‍ സകാത്തില്‍ നിന്നൊഴിവാണവ. നേരിട്ട് കുഴിച്ചെടുക്കാന്‍ അനുവാദമുള്ള ഖനിജങ്ങള്‍ക്കും കാലതാമസമില്ലാതെ സകാത്ത് നല്‍കണം. ഒരു വര്‍ഷം എന്ന നിബന്ധന ബാധകമല്ല. ഒന്നിച്ച് ലഭിക്കുന്ന പ്രോവിഡണ്ട് ഫണ്ട് പോലുള്ള വരുമാനങ്ങള്‍ക്കും ഉടനെ സകാത്ത് നല്‍കേണ്ടതാണ്. സീസണില്‍ മാത്രം നടത്തുന്ന കച്ചവടങ്ങള്‍, റിയല്‍ എസ്‌റ്റേറ്റ് ഇടപാടുകള്‍ തുടങ്ങിയവയെ വര്‍ഷം തികയുക എന്ന നിബന്ധനയില്‍ നിന്നൊഴിവാക്കണമെന്ന അഭിപ്രായമാണ് പ്രാമാണികം.
എല്ലാ സാമ്പത്തിക ഇടപാടുകള്‍ക്കും വരുമാനങ്ങള്‍ക്കും വര്‍ഷം തികയണമെന്ന ധാരണ തിരുത്തപ്പെടണം. പണവുമായി നേര്‍ക്കുനേരെ ബന്ധപ്പെടുന്ന ഇടപാടുകള്‍ക്ക് വര്‍ഷം തികയണമെന്നതാണ് ശരിയായി തോന്നുന്ന അഭിപ്രായം. ഒരു ധനത്തിന് വര്‍ഷത്തില്‍ ഒരു തവണ സകാത്ത് നല്‍കിയാല്‍ മതി. ഈ അര്‍ഥത്തിലും വര്‍ഷം തികയുകയെന്നത് പരിഗണിക്കാം.
സമ്പത്ത് വസ്തുക്കളുടെ രൂപത്തിലും നാണയ രൂപത്തിലുമുണ്ടാകുമ്പോള്‍ അവ തമ്മിലുള്ള വ്യത്യാസം പരിഗണിച്ചാണ് വര്‍ഷം തികയുകയെന്ന നിബന്ധന നിശ്ചയിച്ചതെന്ന് മനസ്സിലാക്കാം. നാണയം വിനിമയ മാധ്യമമാണ്. അതിനാല്‍ വിവിധങ്ങളായ ആവശ്യങ്ങള്‍ക്ക് അത് ചെലവാക്കേണ്ടിവരും. ഉപഭോഗ വസ്തുക്കളാണെങ്കില്‍ അവ ആവശ്യത്തിന് ഉപയോഗിക്കുകയോ, അധികം വരുന്നത് വില്‍ക്കുകയോ ചെയ്യുന്നു. അപ്പോള്‍ അതും നാണയമായി മാറുന്നു. അതിനാല്‍ സമ്പത്തിന്റെ നിയന്ത്രണ മാധ്യമമായ നാണയം ഒരു വര്‍ഷം സുസ്ഥിതിയുടെ അളവില്‍ ഉണ്ടായാല്‍ മാത്രമേ ഒരാള്‍ ഐശ്വര്യവാനാണെന്ന് പറയാനൊക്കൂ. ഈ പരിഗണനവെച്ച് മാസാന്ത വരുമാനങ്ങള്‍ വര്‍ഷാവസാനം കണക്കാക്കി വര്‍ഷത്തിലൊരിക്കല്‍ സകാത്ത് നല്‍കുന്ന രീതിയാണ് പണ്ഡിതന്മാര്‍ അംഗീകരിച്ചിട്ടുള്ളത്. എന്നാല്‍ സാധാരണ വരുമാനത്തിനുപരി ഇടക്ക് ലഭിക്കുന്ന വലിയ വരുമാനങ്ങള്‍ക്ക് സകാത്ത് നല്‍കാന്‍ ഇങ്ങനെ ഒരു വര്‍ഷം കാത്തിരിക്കാതെ അവ ലഭ്യമാകുന്ന മുറക്ക് തന്നെ സകാത്ത് നല്‍കുന്നത് ന്യായമായ രീതിയാണ് .

Comments

ഖുര്‍ആന്‍ ബോധനം

ഖുര്‍ആന്‍ ബോധനം
എ.വൈ.ആര്‍