Prabodhanm Weekly

Pages

Search

2013 ജൂലായ് 5

മുസ്‌ലിം വിദ്യാര്‍ഥിനികള്‍ സംസാരിക്കുമ്പോള്‍ സംഭവിക്കുന്നത്

ഉമ്മുല്‍ഫായിസ

 

രേഷ്മ കൊട്ടക്കാട്ട് എഴുതിയ 'ലോകത്തെ നയിക്കാന്‍ ഇസ്‌ലാമിനെ അനുവദിക്കുക'  (പ്രബോധനം, ജൂണ്‍ 21) എന്ന പ്രതികരണമാണ് ഈ ഒരു കുറിപ്പിനാധാരം. ഫേസ്ബുക്ക് അടക്കമുള്ള നവ മാധ്യമങ്ങളില്‍ നന്നായി വായിക്കപ്പെടുകയും ചര്‍ച്ച ചെയ്യപ്പെടുകയും ചെയ്ത, എ.കെ ഫാസിലയും നൗഷാബ നാസും (പ്രബോധനം, ലക്കം 2804) തങ്ങളുടെ കാമ്പസ് അനുഭവങ്ങളെ മുന്‍നിര്‍ത്തി എഴുതിയ ലേഖനങ്ങളോടാണ് അവര്‍ പ്രതികരിച്ചിരിക്കുന്നത്. രണ്ടിലെയും ചില വീക്ഷണങ്ങളോടുള്ള എതിര്‍പ്പാണ് അവര്‍ ലേഖനത്തിലൂടെ സൂചിപ്പിക്കാന്‍ ശ്രമിക്കുന്നത്. മര്‍മ പ്രധാനപ്രശ്‌നം ആയി അവര്‍ ചൂണ്ടിക്കാണിക്കുന്നത് 'തലമറക്കുന്നതും പര്‍ദ ധരിക്കുന്നതും ആണ് ഇന്ന് മുസ്‌ലിം സ്ത്രീ നേരിടുന്ന വലിയ പ്രശ്‌നം' ആയി ലേഖകര്‍  കരുതുന്നത് എന്നാണ്. മഫ്തയും പര്‍ദയും  അല്ല അറിവും കഴിവും യോഗ്യതയും ആണ്  മുസ്‌ലിം സ്ത്രീയെ ആദരവിനും അംഗീകാരത്തിനും അര്‍ഹയാക്കുന്നതെന്നും രേഷ്മ കൊട്ടക്കാട്  വാദിക്കുന്നു.  ഫാസിലയും നൗഷാബയും എഴുതിയ ലേഖനങ്ങളെ ഒരാള്‍ക്ക് ഇങ്ങനെയും വായിക്കാന്‍ പറ്റും. അതിനുള്ള അവകാശം അംഗീകരിച്ചു കൊണ്ടും ബഹുമാനിച്ചു കൊണ്ടും  തന്നെയാണ് ഈ വിയോജനക്കുറിപ്പ്. ലേഖികയെ സംബന്ധിച്ചേടത്തോളം ഫാസിലയും നൗഷാബയും അവരുടെ ജീവിത അനുഭവം മുന്നില്‍വെച്ച് പറഞ്ഞ കാര്യങ്ങള്‍ 'വലിയ പ്രശ്‌നം' അല്ല. കാരണം അവരുടെ വീക്ഷണം അനുസരിച്ച് അറിവ്, കഴിവ്, യോഗ്യത, യുക്തി ഇവയിലൂടെ  ഇസ്‌ലാമിനെ പരിചയപ്പെടുത്തലാണ് പ്രധാനം. അവരോടു ഖുര്‍ആനില്‍ നിന്ന് തന്നെ ചില സൂക്തങ്ങള്‍ വിശദീകരിക്കുകയാണ് ചെയ്യേണ്ടതെന്നും അതിലൂടെ യുക്തിസഹമായി അത് വിശദീകരിക്കണമെന്നും പറയുന്നു. അത് സമര്‍ഥിക്കാന്‍ കമല സുറയ്യ, യിവോണ്‍ റിഡ്‌ലി, ആയിഷ ബായി  ഇവരുടെ അനുഭവങ്ങള്‍ നല്‍കുന്നുമുണ്ട്.
കമല സുറയ്യ, യിവോണ്‍ റിഡ്‌ലി, ആയിഷ ബായി ഇവരൊക്കെ കഴിവും യോഗ്യതയും കൊണ്ടാണ് ഇസ്‌ലാമിനെ പരിചയപ്പെടുത്തിയത്. അല്ലാതെ പര്‍ദ, ഹിജാബ് തുടങ്ങിയ പ്രശ്‌നം ഉന്നയിച്ചല്ല എന്നാണ് അവര്‍ വാദിക്കുന്നത്. ഈ വാദത്തിനു നിരവധി പരിമിതികള്‍ ഉണ്ട്. അറിഞ്ഞിടത്തോളം കമല സുരയ്യയോ യിവോണ്‍ റിഡ്‌ലിയോ ഹിജാബ്  ധരിച്ചതിന്റെ പേരില്‍ നിരന്തരമായ പ്രശ്‌നങ്ങള്‍ അനുഭവിച്ചിട്ടില്ല. സുരയ്യയും റിഡ്‌ലിയും ഏറെ  വിമര്‍ശിക്കപ്പെടാറുള്ളത് മതംമാറ്റം കൊണ്ടാണ്. അപ്പോള്‍ ഈ ഉദാഹരണം തെറ്റായ ഒരു സാഹചര്യത്തില്‍ ആണ് കൊടുത്തിരിക്കുന്നത്. കാമ്പസുകളില്‍  ഒരു മുസ്‌ലിം പെണ്‍കുട്ടി ഹിജാബ് അണിഞ്ഞതിന്റെ പേരില്‍ അവഹേളിക്കപ്പെടുമ്പോള്‍ തന്റെ അറിവും യോഗ്യതയും ഉപയോഗിച്ച് പ്രതികരിക്കുന്നതിനെ വിമര്‍ശിക്കാന്‍ പ്രസ്തുത ഉദാഹരണങ്ങള്‍ അപര്യാപ്തമാണ്. മാത്രമല്ല ഇതില്‍ നിന്ന് വ്യത്യസ്തമായി അവഹേളനങ്ങള്‍ക്കെതിരെ പ്രതികരിക്കുക എന്ന വിഷയത്തില്‍  യിവോണ്‍ റിഡ്‌ലി തന്നെ ഒരു നല്ല ഉദാഹരണമാണ്. വര്‍ഷങ്ങള്‍ക്ക്മുമ്പ് അവര്‍ കേരളത്തില്‍ വന്നപ്പോള്‍ അവരുടെ ഒരു പത്രസമ്മേളനം വരികള്‍ക്കിടയില്‍ നിന്ന് അടര്‍ത്തിയെടുത്തു താലിബാന്‍ അനുകൂലമെന്നു തെറ്റായി റിപ്പോര്‍ട്ട് ചെയ്ത ദേശാഭിമാനിക്കെതിരെ അവര്‍ പ്രസംഗിക്കുകയും കേസ് ഫയല്‍ ചെയ്യാന്‍ ആലോചിക്കുകയും ചെയ്തിരുന്നു. കാമ്പസുകളില്‍ തങ്ങളെ പിന്തുടരുന്ന ഇതേ 'ദേശാഭിമാനികളെ' റിഡ്‌ലിയുടെ അതേ മാതൃക ഉപയോഗിച്ചു ഫാസിലയും നൗഷാബയും എതിര്‍ക്കുമ്പോള്‍  അവരോട് ഐക്യദാര്‍ഢ്യം പ്രകടിപ്പിക്കുന്നതിനുപകരം അവരുടെ അനുഭവത്തെ തന്നെ നിരാകരിച്ചു പരോക്ഷമായി അവരെ അറിവും യോഗ്യതയുമില്ലാത്തവരായി ചിത്രീകരിക്കുകയാണോ നാം ചെയ്യേണ്ടത്? മുസ്‌ലിം  വിദ്യാര്‍ഥിനികള്‍ തങ്ങള്‍ നടത്തുന്ന ചെറുത്തു നില്‍പ്പുകള്‍ അവരുടെ അനുഭവങ്ങള്‍ മുന്‍നിര്‍ത്തി വിശദീകരിക്കുന്ന ധാരാളം എഴുത്തുകള്‍ ലോക വ്യാപകമായി തന്നെ പുറത്തുവരുന്ന കാലമാണിത്. ലൈല അഹ്മദിന്റെ Quiet Revolution: Veil's Resurgence from Middle East to America തുടങ്ങുന്നത് തന്നെ കാമ്പസുകളിലെ ഹിജാബ് ധരിക്കുന്ന പെണ്‍കുട്ടികളെ കുറിച്ചുള്ള വിവരണത്തിലൂടെയാണ്. ഹിജാബ് എന്നത് മുസ്‌ലിം പെണ്‍കുട്ടികളുടെ ഒരു വലിയ  സാമൂഹിക അനുഭവം എന്ന നിലയില്‍ അത് ധരിക്കുന്നവര്‍ അതിനെ കുറിച്ച് സംസാരിക്കുന്നത് ഒരു രാഷ്ട്രീയ കാര്യം ആയി തന്നെയാണ് ലൈല അഹ്മദിനെ പോലുള്ള ഒരു സെക്യുലര്‍ മുസ്‌ലിം ഫെമിനിസ്റ്റ് വിവരിക്കുന്നത്. മാത്രമല്ല ഹിജാബിനെ കുറിച്ച് Visibly Muslim എന്ന പുസ്തകം എഴുതിയ എമ്മ ടാര്‍ലോ തന്റെ പഠനത്തില്‍ ചൂണ്ടിക്കാണിക്കുന്നത് ഇന്ത്യ പോലെ മുസ്‌ലിംകള്‍ ന്യൂനപക്ഷമായ സാമൂഹിക സാഹചര്യങ്ങളില്‍ ഹിജാബ് ഒരു മതഭക്തിയുടെ കാര്യം മാത്രമല്ല, മേല്‍ക്കോയ്മ സാംസ്‌കാരിക ചിഹ്നങ്ങളില്‍ നിന്ന് മാറി നടക്കാന്‍ കൂടി  മുസ്‌ലിം സ്ത്രീകള്‍ക്ക് ഇടം നല്‍കുന്നുവെന്നാണ്.
ഇനി മറ്റൊരു രീതിയില്‍ ആലോചിച്ചാല്‍, കേരളത്തിലെ തന്നെ നിരവധി കാമ്പസുകളില്‍ ഹിജാബ് ധരിച്ചതിന്റെ പേരില്‍ മുസ്‌ലിം വിദ്യാര്‍ഥിനികള്‍ വിവേചനത്തിന് ഇരയാവുന്നത് 'അറിവും കഴിവും' എന്ന പ്രശ്‌നം കൊണ്ട് മാത്രമാണോ? അങ്ങനെയെങ്കില്‍ ഇന്ത്യയില്‍ (സച്ചാര്‍ സമിതി  പറയുന്നപോലെ) താരതമ്യേനെ നിരക്ഷരരായ മുസ്‌ലിംകള്‍ വിവേചനത്തിന് ഇരയാകുന്ന എല്ലാ പ്രശ്‌നങ്ങള്‍ക്കും (സ്‌ഫോടനങ്ങള്‍ അടക്കം) കാരണം അറിവിന്റെയും കഴിവിന്റെയും കുറവാണെന്ന് പറയാന്‍ പറ്റുമോ? അതല്ല, ഫാസിലയും നൗഷാബയും തങ്ങളുടെ എഴുത്തില്‍ സൂചിപ്പിച്ചതുപോലെ ഇസ്‌ലാമോഫോബിയയും മതേതര കാമ്പസിനെ കുറിച്ച സങ്കല്‍പ്പവും ഒക്കെ നാം പരിഗണിക്കേണ്ട വിഷയങ്ങളല്ലേ? ഇനി  ആയിഷബായിയുടെ വിജയത്തിനു കാരണം മാന്യ സഹോദരി പറയുമ്പോലെ 'അറിവും കഴിവും' ആയിരുന്നെങ്കില്‍ പ്രസ്തുത കലാലയത്തില്‍തന്നെ  അത് പ്രകടിപ്പിക്കാനുള്ള ജനാധിപത്യ അന്തരീക്ഷവും നിലനിന്നിരുന്നു എന്ന് വേണം കരുതാന്‍. ഇന്നത്തെ കാമ്പസുകള്‍  എത്രത്തോളം മുസ്‌ലിം സ്ത്രീയുടെ അറിവും കഴിവും പ്രകടിപ്പിക്കാന്‍ സാധ്യമാകുന്ന ഇടങ്ങളാണ് എന്ന അന്വേഷണവും കൂടി നാം നടത്തേണ്ടതുണ്ട്. അറിവും കഴിവും മാത്രമല്ല, അത് പ്രകടിപ്പിക്കാന്‍ അനുവദിക്കാതെ തങ്ങളെ വെറും 'ഇരകള്‍' മാത്രമായി ചുരുക്കുന്ന  ഇന്നത്തെ  മതേതര കാമ്പസുകളുടെ  ജനാധിപത്യ വിരുദ്ധത കൂടിയാണ് ഫാസിലയും നൗഷാബയും തങ്ങളുടെ ലേഖനങ്ങളിലൂടെ ഉന്നയിച്ചത്. അത് കാണാതെ അവരുടെ എഴുത്തിനെ വെറും 'വായാടിത്ത'മായി മാത്രം ചുരുക്കിയെഴുതുന്നത് സംവാദവിരുദ്ധതയാണ്. മാത്രമല്ല 'വായാടിത്തം' എന്ന ഭാഷാപ്രയോഗം തന്നെ സ്ത്രീകളുടെ അറിവിനെയും കഴിവിനെയും യോഗ്യതയെയും കുറിച്ചുള്ള സാമൂഹിക മുന്‍ വിധികളുടെ ഉല്‍പ്പന്നമാണ്.
പിന്നെ രേഷ്മ ഉന്നയിച്ച ഒരു പ്രശ്‌നം, മുസ്‌ലിം സ്ത്രീകളെ പൊതുസമൂഹം അംഗീകരിക്കുമോ ഇല്ലയോ എന്നതാണ്. കാമ്പസ് പോലുള്ള പൊതുഇടങ്ങള്‍ എന്താണ് എന്നതിനെക്കുറിച്ച് ആലോചിക്കുമ്പോള്‍ പല കാരണങ്ങളാല്‍ പ്രസ്തുത ഇടങ്ങളില്‍ മുസ്‌ലിം വിദ്യാര്‍ഥിനികള്‍ അനുഭവിക്കുന്ന സന്തോഷങ്ങള്‍, സൗഹൃദങ്ങള്‍, പീഡനങ്ങള്‍, വിവേചനങ്ങള്‍, ശകാരങ്ങള്‍ ഒക്കെ കാമ്പസ്  അനുഭവത്തിന്റെ ഭാഗം തന്നെയാണ്. അതിനാല്‍ അവിടെ അനുഭവിക്കുന്ന കാര്യങ്ങളെ കുറിച്ച് വിമര്‍ശനാത്മകമായി വിലയിരുത്തി പറയുക എന്നത് മുദ്രാവാക്യം വിളിക്കുക, പോസ്റ്റര്‍ ഒട്ടിക്കുക, സംവാദം നടത്തുക, ഇലക്ഷനില്‍ മത്സരിക്കുക പോലുള്ള ഒരു കാമ്പസ് രാഷ്ട്രീയ പ്രവര്‍ത്തനമാണ്. ഇങ്ങനെ നോക്കിയാല്‍ ഫാസിലയുടെയും നൗഷാബയുടെയും ലേഖനങ്ങള്‍ അറിവിന്റെയും കഴിവിന്റെയും വെളിച്ചത്തില്‍ സംസാരിക്കുന്നത് കാമ്പസ് എന്ന പൊതുസമൂഹ അനുഭവത്തോട് തന്നെയല്ലെ? അതല്ല ഇങ്ങനെയുള്ള മുസ്‌ലിം സ്ത്രീകളൊക്കെ 'പൊതു സമൂഹം' എന്ന ഒരു സാങ്കല്‍പ്പിക സ്ഥാപനത്തില്‍നിന്ന് മാറി നില്‍ക്കുകയാണ് ചെയ്യുന്നതെന്ന് പറഞ്ഞാല്‍ പിന്നെ ആരാണ് അവിടെ പഠിക്കുന്നത്? അതുകൊണ്ടുതന്നെ പ്രസ്തുത ലേഖനങ്ങള്‍ പൊതുസമൂഹത്തിന്റെ ഭാഗമായി കാര്യങ്ങള്‍ ഉന്നയിക്കുക തന്നെയാണ് ചെയ്യുന്നത്.

(ദല്‍ഹി യൂനിവേഴ്‌സിറ്റിയില്‍ പൊളിറ്റിക്കല്‍ സയന്‍സ് വിദ്യാര്‍ഥിനിയാണ് ലേഖിക)

Comments

ഖുര്‍ആന്‍ ബോധനം

ഖുര്‍ആന്‍ ബോധനം
എ.വൈ.ആര്‍