ഇനിയെങ്കിലും കണ്ണുതുറക്കുമോ?
കഴിഞ്ഞ ജൂണ്‍ അവസാന നാളുകളില്‍ ഉത്തരാഖണ്ഡിലുണ്ടായ മേഘസ്‌ഫോടനവും പ്രളയവും സൃഷ്ടിച്ച നാശനഷ്ടങ്ങള്‍ ഇനിയും തിട്ടപ്പെടുത്താനായിട്ടില്ല. ആള്‍നാശം പോലും ആയിരത്തില്‍ പരം, പതിനായിരം കവിയും എന്നിങ്ങനെ ഏകദേശ കണക്കുകളാണ് പ്രചരിച്ചുകൊണ്ടിരിക്കുന്നത്. പട്ടണങ്ങളിലും ഉള്‍ഗ്രാമങ്ങളിലും വനാന്തരങ്ങളിലുമായി ആയിരക്കണക്കിനാളുകള്‍ ഒറ്റപ്പെട്ടിരിക്കുകയാണ്. കേരളമുള്‍പ്പെടെ ഇതര സംസ്ഥാനങ്ങളില്‍ നിന്നുള്ള തീര്‍ഥാടകരും സഞ്ചാരികളുമാണതില്‍ വലിയൊരു ഭാഗം. ബദരീനാഥ്, കേദാര്‍ നാഥ്, ഗംഗോത്രി, രുദ്രപ്രയാഗ് തുടങ്ങിയ ഹൈന്ദവ പുണ്യ സ്ഥലങ്ങളടക്കം നിരവധി ജനവാസ കേന്ദ്രങ്ങള്‍ പാടെ തകര്‍ന്നിരിക്കുന്നു. ചളിമണ്ണ് അടിഞ്ഞുകൂടിക്കിടക്കുന്ന ക്ഷേത്രങ്ങളും കടകമ്പോളങ്ങളും കെട്ടിടങ്ങളും ടൂറിസ്റ്റ് സ്‌പോട്ടുകളുമെല്ലാം പൂര്‍വസ്ഥിതിയിലാക്കി തീര്‍ഥാടകര്‍ക്ക് തുറന്നുകൊടുക്കാന്‍ ഒരു വര്‍ഷത്തിലേറെ കാലം അധ്വാനിക്കേണ്ടിവരുമെന്നാണ് കണക്കാക്കപ്പെടുന്നത്. റോഡ്-വാര്‍ത്താ വിനിമയം, വൈദ്യുതി തുടങ്ങിയ അടിസ്ഥാന സൗകര്യങ്ങളൊക്കെ താറുമാറായിരിക്കുന്നു. ദുരന്തത്തെ അതിജയിച്ചവര്‍ക്ക് ജീവന്‍ മാത്രമേ രക്ഷിക്കാനായിട്ടുള്ളൂ. ഭക്ഷണം, വസ്ത്രം, പാര്‍പ്പിടം, രോഗചികിത്സ എന്നീ മൗലികാവശ്യങ്ങളെല്ലാം ഉത്തരമില്ലാ ചോദ്യങ്ങളായി അവരെ തുറിച്ചു നോക്കുകയാണ്.
ഉത്തരാഖണ്ഡിന്റെ സങ്കീര്‍ണമായ ഭൂപ്രകൃതി മൂലം രക്ഷാപ്രവര്‍ത്തനവും ദുരിതാശ്വാസ നടപടികളും ഏറെ ക്ലേശകരമാണ്. പതിനായിരത്തോളം ഇന്ത്യന്‍ സൈനികരും ഇന്തോ - ടിബറ്റന്‍ പോലീസുകാരുമാണ് ഇപ്പോള്‍ ഹെലികോപ്റ്ററുകളുടെ സഹായത്തോടെ രക്ഷാപ്രവര്‍ത്തനത്തിലേര്‍പ്പെട്ടിരിക്കുന്നത്. ആയിരക്കണക്കിനാളുകളെ മരണവക്ത്രത്തില്‍നിന്ന് ജീവിതത്തിലേക്ക് മോചിപ്പിക്കാന്‍ അവരുടെ ത്യാഗോജ്ജ്വലവും പ്രശംസനീയവുമായ സേവനത്തിനു കഴിഞ്ഞിരിക്കുന്നു. ഹെലികോപ്റ്റര്‍ ഉപയോഗിച്ചുള്ള രക്ഷാപ്രവര്‍ത്തനത്തിന്റെ പരിമിതി ഊഹിക്കാവുന്നതാണ്. ഇതിനു പുറമെ പ്രകൃതി അതിന്റെ താണ്ഡവം അവസാനിപ്പിച്ചിട്ടില്ല. അതിനാല്‍ പലപ്പോഴും രക്ഷാ പ്രവര്‍ത്തനം നിര്‍ത്തിവെക്കേണ്ടിവരുന്നുമുണ്ട്. അതിനിടെ ഹെലികോപ്റ്റര്‍ തകര്‍ന്ന് 20 രക്ഷാദൂതന്മാര്‍ ദാരുണമായി കൊല്ലപ്പെട്ട മറ്റൊരത്യാഹിതവും നാം കേള്‍ക്കേണ്ടിവന്നിരിക്കുന്നു. മണ്ണിടിച്ചിലും ജലപാതവും പലയിടത്തും ആവര്‍ത്തിക്കുകയാണ്. അങ്ങിങ്ങായി കുടുങ്ങിക്കിടക്കുന്ന എല്ലാവരെയും രക്ഷിക്കാന്‍ രണ്ടാഴ്ചയെങ്കിലും സമയമെടുക്കുമെന്നാണ് വിദഗ്ധര്‍ അഭിപ്രായപ്പെടുന്നത്. അതുവരെ ആ സഹോദരങ്ങള്‍ ജീവനോടെ ഇരിക്കണേ എന്നു പ്രാര്‍ഥിക്കാനേ നമുക്ക് കഴിയൂ. സന്നദ്ധ സേവകര്‍ക്ക് കടന്നുചെന്ന് ദുരിതബാധിതരെ സഹായിക്കാന്‍ സാധ്യമാകുന്ന സാഹചര്യമല്ല ഉത്തരാഖണ്ഡിലേത്. വിവിധ സംസ്ഥാന സര്‍ക്കാറുകളയച്ച രക്ഷാപ്രവര്‍ത്തകരെ അങ്ങോട്ടു പ്രവേശിക്കാന്‍ ഉത്തരാഖണ്ഡ് ഗവണ്‍മെന്റ് അനുവദിച്ചിട്ടുമില്ല. എങ്കിലും എല്ലാ ഇന്ത്യക്കാരുടെയും മനസ്സ് രക്ഷാ സൈനികരോടൊപ്പമുണ്ട്. ദുരന്തത്തിനിരയായവരുടെ ദുഃഖത്തില്‍ ഞങ്ങളും പങ്കുചേരുകയാണ്. ദുരിതാശ്വാസ ഫണ്ടിലേക്കുള്ള ഉദാരമായ സംഭാവനകളിലൂടെ നമുക്കീപങ്കുചേരല്‍ ക്രിയാത്മകമായ രക്ഷാ പ്രവര്‍ത്തനത്തിന്റെ ഭാഗമാക്കാന്‍ കഴിയും.
പ്രകൃതികോപങ്ങള്‍ തടഞ്ഞുനിര്‍ത്താന്‍ ആരാലും സാധ്യമല്ല. എന്നാല്‍, ആപത് സാധ്യത കാലേകൂട്ടി കാണാനും ആവശ്യമായ മുന്‍കരുതലെടുക്കാനുമുള്ള സാങ്കേതിക സൗകര്യങ്ങള്‍ ആധുനിക ശാസ്ത്രം നല്‍കിയിട്ടുണ്ട്. മുന്നറിയിപ്പ് നല്‍കിയും രക്ഷാ മാര്‍ഗങ്ങളൊരുക്കിയും ആഘാത മേഖലകളില്‍ നിന്ന് ആളുകളെ മാറ്റിപ്പാര്‍പ്പിച്ചുമൊക്കെ വലിയൊരളവോളം ജനങ്ങളെ ദുരിതബാധയില്‍നിന്ന് രക്ഷിക്കാന്‍ കഴിയും. അതിവൃഷ്ടിക്കും മലയിടിച്ചിലിനും സാധ്യതയേറിയ ഭൂപ്രദേശമാണ് ഉത്തരാഖണ്ഡ്. അവിടെ വര്‍ഷാന്തം നൂറിലേറെ പേര്‍ പ്രകൃതി വിപത്തില്‍ മരണമടയാറുണ്ട്. സംസ്ഥാനത്തെ 101 ഗ്രാമങ്ങള്‍ അതിജാഗ്രത ആവശ്യപ്പെടുന്ന പരിസ്ഥിതി ദുര്‍ബല പ്രദേശങ്ങളാണെന്ന് സി.എ.ജി റിപ്പോര്‍ട്ട് ചെയ്തിരുന്നു. സംസ്ഥാനത്തെ പരിസ്ഥിതി നശീകരണത്തിനെതിരെ കേന്ദ്ര പരിസ്ഥിതി മന്ത്രാലയം കഴിഞ്ഞ വര്‍ഷം മുന്നറിയിപ്പ് നല്‍കിയതാണ്. എന്നിട്ടൊന്നും അത്യാഹിതങ്ങള്‍ മുന്‍കൂട്ടി കാണുകയും നിവാരണ മാര്‍ഗങ്ങളാവിഷ്‌കരിക്കുകയും ചെയ്യുന്ന ഒരു സംവിധാനവും സംസ്ഥാനം ഇതുവരെ ഏര്‍പ്പെടുത്തിയിട്ടില്ല. എന്നു മാത്രമല്ല, ഭഗീരഥി നദിയുടെ 135 കി.മീ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ പാടില്ലാത്ത ഇക്കോ സെന്‍സിറ്റീവ് ഏരിയയായി പ്രഖ്യാപിച്ച 1986-ലെ കേന്ദ്ര പരിസ്ഥിതി നിയമം വികസനത്തിനും സാമ്പത്തിക പുരോഗതിക്കും വിരുദ്ധം എന്നു പറഞ്ഞ് ഉത്തരാഖണ്ഡ് നിയമസഭ തള്ളിക്കളയുകയും ചെയ്തു. സ്വാതന്ത്ര്യപൂര്‍വ ബ്രിട്ടീഷ് ഗവണ്‍മെന്റ് ആരംഭിച്ച വനനശീകരണവും കുന്നിടിക്കലും വികസനത്തിന്റെ പേരില്‍ നിര്‍ബാധം തുടരുകയാണ്. ഈ രീതിയിലുള്ള വികസനം വന്‍ ദുരന്തങ്ങള്‍ക്കിടയാക്കുമെന്ന പ്രകൃതിവാദികളുടെ മുറവിളികള്‍ വികസന വിരോധികളുടെ വൃഥാ ജല്‍പനങ്ങളായി അവഗണിക്കപ്പെട്ടു.
ഉത്തരാഖണ്ഡിലേത് ഏറെക്കുറെ വിളിച്ചുവരുത്തിയ വിനയാണെന്നാണീ വസ്തുതകളില്‍ നിന്ന് വ്യക്തമാകുന്നത്. 1400 വര്‍ഷം മുമ്പ് വിശുദ്ധ ഖുര്‍ആന്‍ മനുഷ്യ വര്‍ഗത്തെ ഓര്‍മിപ്പിച്ചിട്ടുണ്ട്: ''മര്‍ത്യകരങ്ങള്‍ ചെയ്തുകൂട്ടിയതിന്റെ ഫലമായി കരയിലും കടലിലും വിനാശമുളവാകുന്നു, തങ്ങള്‍ പ്രവര്‍ത്തിച്ച ചിലതിന്റെ പരിണതി അവരനുഭവിക്കാന്‍; എന്നിട്ടെങ്കിലും അത്തരം ചെയ്തികളില്‍നിന്ന് മനുഷ്യര്‍ മടങ്ങിയെങ്കിലോ?'' (30:41). ദുരിതാനുഭവങ്ങളുടെ വെളിച്ചത്തില്‍ വിനാശ ചെയ്തികളില്‍നിന്ന് പിന്മാറാനുള്ള ഖുര്‍ആനികാഹ്വാനം നാം കേരളീയര്‍ പ്രത്യേകം ശ്രദ്ധിക്കേണ്ടതാണ്. ഹിമാലയം പോലെ പാരിസ്ഥിതിക പ്രാധാന്യമുള്ള മേഖലയാണ് സഹ്യസാനുക്കളും. ഈ പ്രദേശത്ത് വനനശീകരണവും കുടിയേറ്റവും അണക്കെട്ടുകളും മറ്റു വന്‍കിട നിര്‍മാണ പ്രവര്‍ത്തനങ്ങളും കര്‍ശനമായി നിയന്ത്രിക്കണമെന്നും ഇപ്പോഴത്തെ നിലതുടര്‍ന്നാല്‍ വന്‍ പാരിസ്ഥിതിക ദുരന്തത്തിനിടയാകുമെന്നും ഗാഡ്ഗില്‍ കമ്മിറ്റി റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. പക്ഷേ, സംസ്ഥാന സര്‍ക്കാറും ചില തല്‍പര ഗ്രൂപ്പുകളും ഈ റിപ്പോര്‍ട്ട് സ്വീകരിക്കാന്‍ തയാറായിട്ടില്ല. മലയോര വികസനത്തിനും കുടിയേറ്റ കര്‍ഷകരുടെ സുരക്ഷക്കും എതിരാണതെന്നാണവരുടെ വാദം. വനങ്ങള്‍ വെട്ടി വെളുപ്പിച്ച് കൃഷിയിറക്കിയും കുന്നിടിച്ച് സ്ഥാപനങ്ങളും റിസോര്‍ട്ടുകളും കെട്ടിപ്പൊക്കിയും നടത്തുന്ന വികസനം നാടിന്റെ നിലനില്‍പിനു നേരെ ഉയര്‍ത്തുന്ന വന്‍ ഭീഷണിയാണെന്ന സത്യത്തിലേക്ക് ഉത്തരവാദപ്പെട്ടവര്‍ ഇനിയെങ്കിലും കണ്ണു തുറക്കുമോ? ഇല്ലെങ്കില്‍ തുറപ്പിക്കാനുള്ള ശ്രമം പാരിസ്ഥിതിക പ്രവര്‍ത്തകര്‍ തുടര്‍ന്നേ പറ്റൂ. പ്രകൃതി ദൂഷണത്തിന്റെ ദുരിതങ്ങള്‍ പേറേണ്ടിവരിക അതിന്റെ ദൂഷകര്‍ മാത്രമല്ല; നാടു മുഴുവനാണ്. അത്തരം നീക്കങ്ങള്‍ക്കെതിരെ മുഴുവന്‍ ജനങ്ങളും ജാഗ്രത പുലര്‍ത്തേണ്ടതുണ്ട്. ''അതിക്രമകാരികളായവരെ മാത്രമായിട്ടല്ലാതെ സമൂഹത്തെയാകെ ദുരിതത്തിലാഴ്ത്തുന്ന ദുഷ്‌ചെയ്തികള്‍ സൂക്ഷിക്കുവിന്‍'' (വിശുദ്ധ ഖുര്‍ആന്‍ 8:25).
Comments