Prabodhanm Weekly

Pages

Search

2013 ജൂലായ് 5

ചോദ്യോത്തരം

മുജീബ്‌


ഖിലാഫത്ത് സംസ്ഥാപനം
 കെ. ഫൈസല്‍ വെള്ളയില്‍, കോഴിക്കോട്
എന്താണ് മനുഷ്യന്റെ ഖിലാഫത്ത്? ഇസ്‌ലാമില്‍, മനുഷ്യന്റെ ഖിലാഫത്തിന് വേണ്ടി പ്രവര്‍ത്തിക്കാന്‍ അല്ലാഹു പറഞ്ഞിട്ടുണ്ടോ? ഖിലാഫത്തിന് വേണ്ടി പ്രവര്‍ത്തിക്കുന്ന ഏതെങ്കിലും രാഷ്ട്രീയ പാര്‍ട്ടികള്‍ ഇന്ത്യയിലുണ്ടോ? ഇല്ലെങ്കില്‍ ഖിലാഫത്തിന് വേണ്ടി പ്രവര്‍ത്തിക്കുന്ന ഒരു പാര്‍ട്ടി ആര്‍ക്കാണ് രൂപീകരിക്കാന്‍ പറ്റുക? കേരളത്തിലെ ഇപ്പോഴുള്ള രാഷ്ട്രീയ പാര്‍ട്ടികളിലും ഇസ്‌ലാമിക മത സംഘടനകളിലും ആരാണ്, ഏത് വിഭാഗമാണ് ഖിലാഫത്ത് എന്ന ലക്ഷ്യം മുന്നോട്ടുവെക്കുന്നത്?

'ഭൂമിയില്‍ ഞാനൊരു ഖലീഫയെ ഏര്‍പ്പെടുത്താന്‍ പോകുന്നു' എന്ന് അല്ലാഹു മലക്കുളോട് പറഞ്ഞ സന്ദര്‍ഭം ഖുര്‍ആന്‍ രണ്ടാം അധ്യായത്തില്‍ ഓര്‍മിപ്പിക്കുന്നുണ്ട്. അങ്ങനെ അല്ലാഹു സൃഷ്ടിച്ച ആദ്യ പിതാവാണ് ആദം. ആദമും അദ്ദേഹത്തിന്റെ സന്തതികളും ഭൂമിയില്‍ അല്ലാഹുവിന്റെ ഖലീഫമാരായി നിശ്ചയിക്കപ്പെടുകയും ചെയ്തു. ഇവിടെ ഖലീഫ എന്നതിന്റെ വിവക്ഷ പ്രതിനിധി എന്നാണ്. സ്രഷ്ടാവായ അല്ലാഹുവിന്റെ കല്‍പനകളും നിരോധങ്ങളും നടപ്പാക്കുകയാണ് പ്രതിനിധി എന്ന നിലയില്‍ മനുഷ്യന്റെ ജോലി. ആ കല്‍പനകളും നിരോധങ്ങളും അഥവാ സന്മാര്‍ഗം ആദമിനു അല്ലാഹു അറിയിച്ചുകൊടുക്കുമെന്ന് ഭൂമിയിലേക്ക് നിയോഗിക്കുമ്പോഴേ പറഞ്ഞിരുന്നു. അതുപ്രകാരം ആദം പ്രഥമ സന്മാര്‍ഗ ദര്‍ശകനായി. പിന്നീട് അദ്ദേഹത്തിന്റെ സന്തതികളായ മനുഷ്യര്‍ക്ക് അവശ്യ സന്ദര്‍ഭങ്ങളിലൊക്കെ സന്മാര്‍ഗം കാണിക്കാനും അതിലേക്ക് ക്ഷണിക്കാനുമായി അല്ലാഹു പ്രവാചകന്മാരെ അയച്ചുകൊണ്ടേയിരുന്നു. മുഹമ്മദ് നബി(സ)യുടെ നിയോഗം വരെയും പ്രവാചക പരമ്പര തുടര്‍ന്നു. സന്മാര്‍ഗവും ദുര്‍മാര്‍ഗവും തിരിച്ചറിയാനുള്ള ശേഷി മനുഷ്യര്‍ക്ക് ജന്മസിദ്ധമാണ്. ഈ സിദ്ധി ഉപയോഗിച്ച് പ്രവാചകന്മാരിലൂടെ ലഭിച്ച സന്മാര്‍ഗം സ്വീകരിച്ചവരൊക്കെ അല്ലാഹുവിന്റെ ഖലീഫമാര്‍ (പ്രതിനിധികള്‍) ആണ്. അല്ലാത്തവരോ? അല്ലാഹുവിന്റെ സൃഷ്ടികള്‍ മാത്രം. തങ്ങളുടെ വീഴ്ച കൊണ്ടല്ല സൃഷ്ടികള്‍ സത്യം കണ്ടെത്താതെ പോയതെങ്കില്‍ അവരെ അല്ലാഹു ശിക്ഷിക്കുകയില്ലെന്നാണ് ഖുര്‍ആന്‍ വ്യക്തമാക്കിയിട്ടുള്ളത്. സത്യം തിരിച്ചറിഞ്ഞിട്ടും അത് സ്വീകരിക്കാതെ നിഷേധികളും ധിക്കാരികളുമായി ജീവിച്ചവര്‍ ഖിലാഫത്തിന്റെ താല്‍പര്യം പൂര്‍ത്തീകരിക്കാത്തവരാണ്. അവരെ ജഗന്നിയന്താവ് ശിക്ഷിക്കും.
ഖലീഫക്ക് മറ്റൊരര്‍ഥം കൂടിയുണ്ട്. അല്ലാഹുവിന്റെ സൃഷ്ടികളായ മനുഷ്യരില്‍ നീതി സംസ്ഥാപിക്കാനും വിധിവിലക്കുകള്‍ നടപ്പാക്കാനും അവരില്‍നിന്ന് തന്നെ തെരഞ്ഞെടുക്കപ്പെടുന്ന ഭരണാധികാരി എന്നതാണത്. ഇസ്രാഈല്യരില്‍ ഈ ചുമതല നിര്‍വഹിച്ചിരുന്നത് പ്രവാചകന്മാര്‍ തന്നെയായിരുന്നു. മുഹമ്മദ് നബിയോടെ പ്രവാചകത്വ പരമ്പര അവസാനിച്ചു, തുടര്‍ന്ന് ആ ദൗത്യം നിര്‍വഹിക്കുക ഖലീഫമാരായിരിക്കും എന്ന് നബി(സ) പറഞ്ഞിട്ടുണ്ട്. ഒരു നേതാവിന്റെ കീഴില്‍ സംഘടിത സമൂഹമായിട്ടല്ലാതെ വിശ്വാസികളെ ഖുര്‍ആനോ പ്രവാചകനോ വിഭാവനം ചെയ്തിട്ടില്ല. അതുകൊണ്ടാണ് ഉമ്മത്തു മുസ്‌ലിമ(മുസ്‌ലിം സമൂഹം) എന്ന പ്രയോഗം, അതിന്റെ നായകന്‍ ഇമാമും. ഇമാമിന്റെ കീഴില്‍ സംഘടിത സമൂഹമായി മുസ്‌ലിംകള്‍ നിലകൊള്ളുന്ന അവസ്ഥയാണ് അഹ്‌ലുസ്സുന്നത്ത് വല്‍ ജമാഅത്ത്. ഇങ്ങനെ സാമൂഹിക ജീവിതം നയിക്കുമ്പോള്‍ അതില്‍നിന്ന് വിട്ടുനില്‍ക്കാനോ വേറിട്ടുപോവാനോ ആര്‍ക്കും അധികാരവും അവകാശവുമില്ല. അത്തരക്കാര്‍ വധാര്‍ഹരാണെന്നാണ് നബിവചനം. ഇമാമിനെ ബൈഅത്ത് ചെയ്യാതെ ഒരാള്‍ മരണപ്പെട്ടാല്‍ അയാള്‍ ജാഹിലിയ്യ മരണമാണ് മരിക്കുന്നതെന്നും തിരുമേനി സംശയാതീതമായി വ്യക്തമാക്കിയിരിക്കുന്നു. വിശ്വസിക്കുകയും സല്‍ക്കര്‍മങ്ങള്‍ പ്രവര്‍ത്തിക്കുകയും ചെയ്യുന്നവര്‍ക്ക് അല്ലാഹു ഖിലാഫത്ത് നല്‍കുമെന്നതും അല്ലാഹുവിന്റെ വാഗ്ദാനമാണ് (സൂറത്തുന്നൂര്‍ 55-ാം സൂക്തം). നബിക്ക് ശേഷം ഇരുപതാം നൂറ്റാണ്ടിന്റെ ആദ്യ ദശകം വരെയും മുസ്‌ലിം ലോകത്ത് ഖിലാഫത്ത് നിലനിന്നു-അബൂബക്ര്‍, ഉമര്‍, ഉസ്മാന്‍, അലി(റ) എന്നിവര്‍ക്ക് ശേഷം ഖിലാഫത്ത് കുടുംബവാഴ്ചയിലേക്ക് വഴുതിപ്പോയെങ്കിലും. അവസാനത്തെ ഉസ്മാനിയാ ഖലീഫയെ പുറത്താക്കി മുസ്ത്വഫാ കമാല്‍ അത്താത്തുര്‍ക്ക് തുര്‍ക്കിയെ സെക്യുലര്‍ റിപ്പബ്ലിക്കാക്കിയതോടെ ഖിലാഫത്ത് കഥാവശേഷമായി. എന്നുവെച്ച് അത് പുനഃസ്ഥാപിക്കേണ്ടതില്ല എന്നല്ല. സത്യത്തിലേക്ക് ജനങ്ങളെ ക്ഷണിക്കുകയും നന്മ സ്ഥാപിക്കുകയും തിന്മ തടയുകയും ചെയ്യാന്‍ ഭരമേല്‍പിക്കപ്പെട്ട സംഘടിത സമൂഹമെന്ന നിലയില്‍ അവരെ നയിക്കാന്‍ ഖലീഫ വേണം; അദ്ദേഹം നീതിയുടെ സംസ്ഥാപനത്തിന് നേതൃത്വം നല്‍കുകയും വേണം. ഇരുപതാം നൂറ്റാണ്ടില്‍ രംഗപ്രവേശം ചെയ്ത ഇസ്‌ലാമിക പ്രസ്ഥാനങ്ങളായ ഇഖ്‌വാനുല്‍ മുസ്‌ലിമൂനും ജമാഅത്തെ ഇസ്‌ലാമിയും മനുഷ്യാടിമത്തത്തില്‍ നിന്ന് മനുഷ്യരെ മോചിപ്പിച്ച് ദൈവികാടിമത്തത്തിലേക്ക് അവരെ നയിക്കാനും ഭൂമിയില്‍ അക്രമത്തിനും അനീതിക്കും പൈശാചികാധിപത്യത്തിനും പകരം സ്വാതന്ത്ര്യവും നീതിയും സംസ്ഥാപിക്കാനും ചുമതലപ്പെട്ട ഖിലാഫത്ത് ലക്ഷ്യമാക്കിയാണ് സമാധാനപരമായി പ്രവര്‍ത്തിക്കുന്നത്. ഇന്ത്യയില്‍ ഇന്ന് പ്രവര്‍ത്തിക്കുന്ന രാഷ്ട്രീയമോ മതപരമോ ആയ ഒരു മുസ്‌ലിം സംഘടനയും ഖിലാഫത്തിന്റ പുനഃസ്ഥാപനം ലക്ഷ്യമാക്കുന്നില്ല. എന്നാല്‍ ഇരുപതുകളുടെ തുടക്കത്തില്‍ ലോക ഇസ്‌ലാമിക ഖിലാഫത്ത് തകര്‍ക്കപ്പെട്ടപ്പോള്‍ അതിനെതിരെ ഇന്ത്യയില്‍ രാജ്യവ്യാപകമായി ആരംഭിച്ച പ്രക്ഷോഭത്തിന്റെ പേര്‍ തന്നെ ഖിലാഫത്ത് പ്രസ്ഥാനം എന്നായിരുന്നു. അന്ന് നിലവിലിരുന്ന മുസ്‌ലിം സംഘടനകള്‍ ഒന്നടങ്കം അതില്‍ പങ്കാളികളുമായിരുന്നു. ഗാന്ധിജിയുടെ നേതൃത്വത്തില്‍ ഇന്ത്യന്‍ നാഷ്‌നല്‍ കോണ്‍ഗ്രസ് ഖിലാഫത്ത് പ്രക്ഷോഭത്തെ പിന്തുണക്കുകയും ചെയ്തിരുന്നു. മതേതര ജനാധിപത്യ ഇന്ത്യയില്‍ ഇസ്‌ലാമിന്റെ സമ്പൂര്‍ണ ജീവിതദര്‍ശനം പരിചയപ്പെടുത്താനും തദ്വാര ദൈവിക സന്മാര്‍ഗത്തിലേക്ക് മനുഷ്യരെ ക്ഷണിക്കാനും പ്രതിജ്ഞാബദ്ധമായ ഇന്ത്യന്‍ ജമാഅത്തെ ഇസ്‌ലാമി നിരീശ്വര, നിര്‍മത, മുതലാളിത്ത, സാമ്രാജ്യത്വ, മാര്‍ക്‌സിസ്റ്റ് മനുഷ്യനിര്‍മിത പ്രസ്ഥാനങ്ങള്‍ക്ക് ലോകത്ത് സ്വാതന്ത്ര്യമോ ശാന്തിയോ നീതിയോ സ്ഥാപിക്കാനാവില്ലെന്ന് അനുഭവങ്ങളുടെ വെളിച്ചത്തില്‍ ദൃഢമായി വിശ്വസിക്കുന്നു. യഥാര്‍ഥ ഖിലാഫത്തിന്റെ പുനഃസ്ഥാപനത്തിലൂടെയല്ലാതെ സമത്വ സുന്ദരമായ ലോകം നിലവില്‍ വരികയില്ലെന്നും ചൂണ്ടിക്കാട്ടുന്നു.

പെയ്ഡ് വഅള്!
 എന്‍.പി അബ്ദുല്‍ കരീം ചേന്ദമംഗല്ലൂര്‍
തെക്കന്‍ കേരളത്തിലെ ചില പണ്ഡിതന്മാര്‍ മലബാര്‍ മേഖലകളില്‍ വന്‍ സംഖ്യ വാങ്ങി മതപ്രഭാഷണം നടത്തുന്നത് ഈയിടെയായി വ്യാപകമായി കാണപ്പെടുന്നു. ഒരു ദിവസത്തെ പരിപാടിക്ക് ഇരുപതിനായിരം രൂപ മുതല്‍ മേല്‍പോട്ടാണ് ഫീസ്. വന്‍കിട വ്യാപാരികളും ബിസിനസുകാരും രാഷ്ട്രീയക്കാരും മതസംഘടനാ വക്താക്കളും നടത്തുന്ന കമ്മിറ്റിയാണ് ഇത്തരം വഅള് പരമ്പരക്ക് പിന്നില്‍. സംഘാടകര്‍ക്കും നല്ലൊരു സംഖ്യ കമീഷനായും ബാലന്‍സായും കിട്ടുന്നണ്ടെന്നാണറിവ്. ഇത്തരം ഫീസ് വെച്ചുള്ള മതപ്രഭാഷണങ്ങള്‍ക്ക് ഇസ്‌ലാമിക പ്രമാണങ്ങളില്‍ തെളിവുണ്ടോ? ഇല്ലെങ്കില്‍ ഈ 'കച്ചവട വഅളി'നെ എതിര്‍ക്കേണ്ടത് പണ്ഡിതന്മാരുടെയും സമൂഹത്തിന്റെയും ബാധ്യതയല്ലേ?
കഥാ പ്രസംഗം പോലെ മതപ്രസംഗവും ഒരു കലയാക്കി, വന്‍ സംഖ്യ ഫീസ് നിശ്ചയിച്ചു വമ്പിച്ച പ്രചാരണ പ്രഘോഷങ്ങളോടെ നടത്തുന്ന പതിവ് പുതിയതല്ല. ദക്ഷിണ കേരളത്തില്‍ നിന്നുള്ള ചിലരായിരുന്നു നാലര പതിറ്റാണ്ട് മുമ്പ് ഈ പെയ്ഡ് വഅളിന് തുടക്കമിട്ടത്. ഇന്നിപ്പോള്‍ വടക്കും തെക്കുമൊക്കെ ഭീമമായ ഫീസ് ഈടാക്കി മതോപദേശം വില്‍ക്കുന്നവരുണ്ട്. സാമാന്യമായി പറഞ്ഞാല്‍ യാഥാസ്ഥിതിക സംഘടനകളോ മഹല്ലുകളോ ആണ് ഇത്തരക്കാരെ പ്രോത്സാഹിപ്പിക്കുന്നത്. സീഡി പ്രചാരത്തില്‍ വന്നതോടെ സീഡി കച്ചവടക്കാരും ഇതിന്റെ പ്രചാരകരും ഗുണഭോക്താക്കളുമായിത്തീര്‍ന്നിരിക്കുന്നു. കേവലം ഭൗതിക താല്‍പര്യങ്ങള്‍ക്കും പണത്തിനും വേണ്ടി നടത്തുന്ന മതപ്രഭാഷണങ്ങള്‍ സമൂഹത്തില്‍ മതബോധമോ ധാര്‍മികബോധമോ വളര്‍ത്തുന്നതില്‍ കാര്യമായ പങ്കൊന്നും വഹിക്കാത്തതില്‍ അത്ഭുതമില്ല. സമുദായത്തില്‍ ആശങ്കാജനകമായി പെരുകുന്ന തിന്മകളും കുറ്റകൃത്യങ്ങളും നിയന്ത്രിക്കപ്പെടാനും ഈ അധരവ്യായാമം ഉതകുന്നില്ല. ലക്ഷ്യം പണമാവുമ്പോള്‍, അതുണ്ടാക്കാനുള്ള അവിഹിത മാര്‍ഗങ്ങള്‍ക്കെതിരെ ശബ്ദിക്കാന്‍ മതപ്രഭാഷണ തൊഴിലാളികള്‍ക്ക് കഴിയില്ലല്ലോ. ശ്രോതാക്കളെ പ്രബുദ്ധരും അറിവുള്ളവരുമാക്കണമെന്ന ആത്മാര്‍ഥ വികാരത്താല്‍ പ്രചോദിതരായി നടത്തുന്ന മതോപദേശങ്ങളേ ഇസ്‌ലാം പ്രോത്സാഹിപ്പിക്കുന്നുള്ളൂ. അല്ലാത്തത് വെറും തൊഴിലോ കലാപരിപാടിയോ ആണ്. അത് ശരിയോ തെറ്റോ എന്ന കാര്യം ഉള്ളടക്കത്തെ ആശ്രയിച്ചിരിക്കുന്നു.

ഗനൂശി, മൗദൂദി, സയ്യിദ് ഖുത്വ്ബ്

 എ.വി അബ്ദുര്‍റസ്സാഖ്
തിരുവത്ര, ചാവക്കാട്
ആധുനിക രാഷ്ട്രീയ വ്യവഹാരത്തില്‍ സുപ്രധാനമായ ജനാധിപത്യം, മതേതരത്വം, പൗരാവകാശങ്ങള്‍, സിവില്‍ സമൂഹം തുടങ്ങിയ പരികല്‍പനകളെക്കുറിച്ച റാശിദുല്‍ ഗനൂശിയുടെ പഠനങ്ങള്‍ ഇസ്‌ലാമിക രാഷ്ട്രീയത്തെക്കുറിച്ച പരമ്പരാഗത ധാരണകളെ അട്ടിമറിച്ചു. മതേതരത്വവും ജനാധിപത്യവും പാശ്ചാത്യ രാഷ്ട്രീയ സിദ്ധാന്തങ്ങളായതുകൊണ്ട് അവ അനിസ്‌ലാമികവും ശിര്‍ക്കുമാണെന്ന് വ്യാഖ്യാനിച്ച മൗദൂദി, സയ്യിദ് ഖുത്വ്ബ് എന്നിവരുടെ നിലപാടുകളെ ഗനൂശി ചോദ്യം ചെയ്തു. ഇത്തരം വ്യാഖ്യാനങ്ങള്‍ ജനാധിപത്യത്തെക്കുറിച്ച വമ്പിച്ച തെറ്റിദ്ധാരണയാണെന്നും അവ ഇസ്‌ലാമിക പരിപ്രേക്ഷ്യത്തില്‍ പുനര്‍നിര്‍മിക്കയാണെന്നും ഗനൂശി നിരീക്ഷിച്ചു. വ്യാപകമായ എതിര്‍പ്പുകള്‍ നേരിട്ടെങ്കിലും പിന്നീട് വന്‍ സ്വീകാര്യതയാണ് ഗനൂശിയുടെ നിലപാടുകള്‍ക്ക് ലഭിച്ചത് (ഉയിര്‍പ്പ്, പ്രബോധനം സ്‌പെഷ്യല്‍ പതിപ്പ്, മുജീബുര്‍റഹ്മാന്‍ കിനാലൂര്‍).
പ്രായോഗികമല്ലാത്ത തത്ത്വം പറഞ്ഞ മൗദൂദിയുടെയും സയ്യിദ് ഖുത്വ്ബിന്റെയും നിലപാടുകള്‍ പ്രസംഗിച്ചു നടന്ന ജമാഅത്തിന്റെ രാഷ്ട്രീയ ഇസ്‌ലാമാണോ ശരി, പ്രായോഗികമായ തത്ത്വം പറഞ്ഞ് അധികാരത്തിലെത്തിയ ഗനൂശിയുടെ ഇസ്‌ലാമിന്റെ രാഷ്ട്രീയമാണോ ശരി?
ജനാധിപത്യത്തോടും മതേതരത്വത്തോടുമുള്ള ഇസ്‌ലാമിന്റെ സമീപനം വിശദീകരിച്ചപ്പോള്‍ മൗദൂദിയോ സയ്യിദ് ഖുത്വ്‌ബോ പാശ്ചാത്യ രാഷ്ട്രീയ സിദ്ധാന്തങ്ങളാണ് അതു രണ്ടുമെന്ന കാരണത്താലാണ് എതിര്‍ക്കുന്നതെന്ന് ഒരിക്കലും വാദിച്ചിട്ടില്ല. പ്രപഞ്ചനാഥനായ അല്ലാഹുവിന്റെ പരമാധികാരം നിഷേധിക്കുന്ന നിര്‍വചനവും വിവക്ഷയും രണ്ടിനും നല്‍കുന്നതിനാലാണെന്ന് വ്യക്തമാക്കാതിരുന്നിട്ടുമില്ല. ദൈവാധിപത്യത്തിന് വിധേയമായ ജനപ്രാതിനിധ്യത്തെ അഥവാ ഖിലാഫത്തിനെയാണ് ഇസ്‌ലാം അവതരിപ്പിക്കുന്നതെന്ന് മൗദൂദി ചൂണ്ടിക്കാണിച്ചതാണ്. ഏകാധിപത്യമോ സമഗ്രാധിപത്യമോ തിയോക്രസിയോ സ്വീകാര്യമല്ലെന്നും വ്യക്തമാക്കി. എത്രത്തോളമെന്നാല്‍ ചില പൂര്‍വിക പണ്ഡിതന്മാര്‍ ഇസ്‌ലാമിലെ ഖലീഫ ഖുറൈശിയായിരിക്കണെന്ന് ശഠിച്ചതിനെ പോലും മൗദൂദി നിരാകരിച്ചു. പകരം ജനങ്ങള്‍ തെഞ്ഞെടുക്കുന്ന നീഗ്രോ അടിമയായാല്‍ പോലും അയാളാവണം ഖലീഫ എന്നാണദ്ദേഹം പ്രമാണമുദ്ധരിച്ച് സമര്‍ഥിച്ചത്. 'ദ സ്ട്രഗ്ള്‍ വിത്തിന്‍ ഇസ്‌ലാം' എന്ന ബൃഹത് ഗ്രന്ഥത്തിലൂടെ മൗദൂദിയെ നിശിതമായി വിമര്‍ശിച്ച ഡോ. റഫീഖ് സകരിയ്യ പോലും ഇക്കാര്യത്തില്‍ അദ്ദേഹത്തെ പ്രശംസിച്ചതായി കാണാം. പൗരാവകാശങ്ങള്‍, സിവില്‍ സമൂഹം മുതലായ വിഷയങ്ങളിലാവട്ടെ ഇസ്‌ലാമിന്റെ അന്യാദൃശമായ മൂല്യങ്ങളെ ശക്തമായി സമര്‍ഥിച്ച ചിന്തകരാണ് മൗദൂദിയും സയ്യിദ് ഖുത്വ്ബും. ഇസ്‌ലാമിക ഭരണകൂടം എങ്ങനെ സ്ഥാപിതമാവും, ഇസ്‌ലാമിന്റെ ജീവിത വ്യവസ്ഥ (മൗദൂദി) ഇസ്‌ലാമിലെ സാമൂഹിക നീതി (സയ്യിദ് ഖുത്വ്ബ്) തുടങ്ങിയ കൃതികള്‍ ഇതിന് സ്പഷ്ടമായ സാക്ഷ്യം നല്‍കുന്നു. ഈ മൗലിക യാഥാര്‍ഥ്യങ്ങളെ തുനീഷ്യന്‍ ചിന്തകനായ റാശിദുല്‍ ഗനൂശി ചോദ്യം ചെയ്യുകയോ തന്റെ മുന്‍ഗാമികളെ തള്ളിപ്പറയുകയോ ചെയ്തിട്ടില്ല. അദ്ദേഹം തുനീഷ്യയുടെ പ്രത്യേക സാഹചര്യത്തില്‍ ഭിന്നമായ ശൈലിയില്‍ ഇസ്‌ലാമിക രാഷ്ട്രീയ വ്യവസ്ഥയെ അവതരിപ്പിക്കുന്നു എന്നു മാത്രം. സാഹചര്യങ്ങള്‍ തന്നെയാണ് ഗനൂശിയെ അധികാരത്തിലെത്തിച്ചതും. തത്ത്വങ്ങളില്‍ വിട്ടുവീഴ്ച ചെയ്ത് എങ്ങനെയും അധികാരത്തിലേറുക മൗദൂദി
യുടെ ലക്ഷ്യമല്ലായിരുന്നു. തെറ്റെന്ന് താന്‍ മനസ്സിലാക്കിയ പാശ്ചാത്യ ചിന്തകള്‍ക്കെതിരെയാണ് അദ്ദേഹം ആശയസമരം നടത്തിയത്.

മുതലാളിത്തത്തിനു പകരം എന്ത്?
 സാലിം ചോലയില്‍, ചെര്‍പ്പുളശ്ശേരി
''മുതലാളിത്തത്തിനു പകരം എന്ത്? കുറെക്കാലമായി സോളിഡാരിറ്റി ഈ ചോദ്യത്തിന് ഉത്തരം പറഞ്ഞിരുന്നില്ല. അല്ലാഹുവിന്റെ ലോകത്ത് അല്ലാഹുവിന്റെ ഭരണം അഥവാ ഹുകൂമത്തെ ഇലാഹി എന്ന ഇസ്‌ലാമിക രാഷ്ട്രമെന്നാണ് നാര്‍ക്കോ അനാലിസിസിന് സോളിഡാരിററി പ്രഭൃതികളെ വിധേയമാക്കിയാല്‍ മണിമണിയായി ഉത്തരം പറയുക'' (മാതൃഭൂമി ആഴ്ചപ്പതിപ്പ്, 91:2, 'ആണുങ്ങളുടെ സോളിഡാരിറ്റി, അതിന്റെ ബുദ്ധിജീവികള്‍' എന്ന ലേഖനത്തില്‍ നിന്ന്). നാര്‍ക്കോ അനാലിസിസിന് വിധേയരാവാന്‍ സോളിഡാരിറ്റിക്കാര്‍ക്ക് ചങ്കൂറ്റമുണ്ടോ?

ആടറിയുമോ അങ്ങാടി വാണിഭം എന്ന ചോദ്യം പ്രസക്തമാവുന്ന സന്ദര്‍ഭങ്ങളിലൊന്നാണിത്. നാര്‍ക്കോ അനാലിസിസിന് വിധേയനായവന്റെ മാനസികാവസ്ഥയില്‍ സ്ഥിരമായി കഴിയുന്നവര്‍ ഇങ്ങനെയൊക്കെ എഴുതിയില്ലെങ്കിലേ അത്ഭുതമുള്ളൂ. ഇസ്‌ലാമിക പ്രസ്ഥാനമായ ജമാഅത്തെ ഇസ്‌ലാമിയുടെ യുവജന വിഭാഗമാണ് സോളിഡാരിറ്റിയെന്ന് ലേഖനത്തിലുടനീളം ഉറപ്പിച്ചുപറഞ്ഞയാള്‍ക്ക് ജമാഅത്തിനെപ്പറ്റി ഒരു ചുക്കും അറിയില്ലെന്നാണോ കരുതേണ്ടത്? മുതലാളിത്തത്തിനും മാര്‍ക്‌സിസത്തിനും ബദലായി ഇസ്‌ലാമിനെ അവതരിപ്പിക്കുന്ന പ്രസ്ഥാനമാണ് ജമാഅത്തെ ഇസ്‌ലാമി എന്നത് നൂറു ശതമാനവും സംഘടനയോട് വിയോജിപ്പുള്ള ശത്രുക്കള്‍ പോലും സമ്മതിക്കുന്ന കാര്യമാണ്. സോളാഡിരിറ്റിക്കും അക്കാര്യത്തില്‍ മറ്റൊരു നിലപാടുണ്ടാവുക സാധ്യമല്ല. ദൈവത്തിന്റെ ഭൂമിയില്‍ ദൈവത്തിന്റെ വ്യവസ്ഥ എന്ന തത്ത്വം സ്ഥാപിക്കുക ലക്ഷ്യമല്ലെങ്കില്‍ ഇസ്‌ലാമിക പ്രസ്ഥാനം നിലവില്‍ വരുമായിരുന്നില്ല. ഇസ്‌ലാമിക പ്രസ്ഥാനത്തിന്റെ ഭാഗമല്ലെങ്കില്‍ സോളിഡാരിറ്റിയും നിലവില്‍ വരില്ലായിരുന്നു. സാമ്രാജ്യത്വത്തെയും അതിന്റെ ചിന്താപരമായ ഉല്‍പന്നങ്ങളെയും നഖശിഖാന്തം എതിര്‍ക്കാന്‍ സോളിഡാരിറ്റിക്കുള്ള പ്രേരണ കമ്യൂണിസമോ മാര്‍ക്‌സിസമോ അല്ല, ഇസ്‌ലാമാണ്; ഇസ്‌ലാം മാത്രമാണ്.

Comments

ഖുര്‍ആന്‍ ബോധനം

ഖുര്‍ആന്‍ ബോധനം
എ.വൈ.ആര്‍