Prabodhanm Weekly

Pages

Search

2013 ജൂലായ് 5

രക്തസാക്ഷികളുടെ താഴ്‌വരയില്‍....2

പി.പി അബ്ദുല്ലത്വീഫ് പൂളപ്പൊയില്‍



                                 സമര്‍പ്പണത്തിന്റെ അപൂര്‍വ മാതൃക

മദീനയിലേക്കാദ്യമായി ഹിജ്‌റപോയവരില്‍ പെട്ടതിനാല്‍ മുഹാജിറുകളുടെ നേതാവായിട്ടായിരുന്നു സാലിം(റ) അറിയപ്പെട്ടത്. അല്ലാഹുവിനോട് അതിയായ സ്‌നേഹബന്ധം കാത്തുസൂക്ഷിച്ച സാലിമി(റ)ന്റെ വാള്‍ യുദ്ധത്തില്‍ കൊടുങ്കാറ്റായി വീശി. ഇടത് കൈയില്‍ മുഹാജിറുകളുടെ പതാക പിടിച്ച് വലതുകൈകൊണ്ട് യുദ്ധം ചെയ്തുകൊണ്ടിരിക്കെ ശത്രുവിന്റെ വെട്ടാല്‍ ഇടതു കൈ ഛേദിക്കപ്പെട്ടു. നിലത്തുവീഴാതെ പതാക അദ്ദേഹം വലതു കൈയിലേക്ക് മാറ്റി. വലതുകൈയും ഛേദിക്കപ്പെട്ട് സാലിം(റ) തറയില്‍ വീണു. മരണത്തിന്റെ തൊട്ട് മുമ്പ് സാലിമി(റ)ന്റെ അടുത്തെത്തിയ അബ്ദുല്ലാഹിബ്‌നു ഉമര്‍(റ) കാണുന്നത് 'ഇതിനുമുമ്പ് എത്രയോ പ്രവാചകന്മാര്‍ കടന്നുപോയിരിക്കുന്നു. നിരവധി ഭക്തന്മാര്‍ അവരോടൊപ്പം യുദ്ധം ചെയ്തിട്ടുണ്ട്. അല്ലാഹുവിന്റെ മാര്‍ഗത്തില്‍ നേരിടേണ്ടിവന്ന വിപത്തുകളെച്ചൊല്ലി അവര്‍ മനസ്സിടിഞ്ഞവരായിട്ടില്ല. ദൗര്‍ബല്യം കാണിച്ചിട്ടുമില്ല. അസത്യത്തിനു മുമ്പില്‍ തലകുനിച്ചിട്ടുമില്ല. ഈവിധമുള്ള സഹനശീലരെ അല്ലാഹു സ്‌നേഹിക്കുന്നു' എന്ന ആലുഇംറാനിലെ 146- ാമത്തെ സൂക്തം പാരായണം ചെയ്യുന്നതായിട്ടാണ്.
യുദ്ധം വിജയിച്ച മുസ്‌ലിംകള്‍ യുദ്ധക്കളത്തില്‍ മരിച്ചവരെയും പരിക്കുപറ്റിയവരെയും തെരയുന്നതിനിടയിലാണ് ഇനിയും ജീവന്‍ നിലനില്‍ക്കുന്ന സാലിമി(റ)നെ കാണുന്നത്. സാലിം അവരോട് ചോദിച്ചു: ''അബൂ ഹുദൈഫ എവിടെയാണ്?'' അദ്ദേഹം ഇന്നിടത്ത് രക്തസാക്ഷ്യം വഹിച്ചിരിക്കുന്നു എന്ന് അറിയിച്ചപ്പോള്‍ സാലിം പറഞ്ഞു: ''എങ്കില്‍ എന്നെയും അദ്ദേഹത്തിനരികിലേക്ക് നീക്കിക്കിടത്തുക. അദ്ദേഹത്തിന്റെ ചാരത്താണ് എന്നെയും മറമാടേണ്ടത്.'' അബൂ ഹുദൈഫ(റ)യുടെ മൃതശരീരം അവര്‍ സാലിമി(റ)ന്റെ അടുത്തേക്ക് നീക്കിക്കിടത്തിക്കൊണ്ട് പറഞ്ഞു: ''അബൂ ഹുദൈഫ ഇതാ താങ്കളോടൊപ്പമുണ്ട്''. ഇത് കേട്ട സാലിമി(റ)ന്റെ മുഖത്ത് ഒരു പുഞ്ചിരി വിരിഞ്ഞു. ആ നിമിഷം തന്നെ അദ്ദേഹം ആത്മസംതൃപ്തിയുടെ അവസാന ശ്വാസവും വലിച്ചു. അദ്ദേഹത്തിനറിയാമായിരുന്നു താനും തന്റെ സഹോദരനും എന്താണ് ആഗ്രഹിച്ചിരുന്നതെന്ന്. ഒരുമിച്ച് ഇസ്‌ലാമിനെ ആശ്ലേഷിച്ചു, ഒരുമിച്ച് ജീവിച്ചു, ഒരുമിച്ച് രക്തസാക്ഷികളുമായി. തന്നെ കൊതിപ്പിച്ച ആ മഹാഭാഗ്യവും ദൈവനിശ്ചയത്തിന്റെ സൗന്ദര്യവും ഒരുമിച്ചുചേര്‍ന്ന സന്ദര്‍ഭമായിരുന്നു അത്. അടിമ-യജമാന ബന്ധത്തില്‍ നിന്ന് ഇസ്‌ലാമിലെ സുന്ദരമായ സാഹോദര്യത്തിനും രക്തസാക്ഷ്യത്തിനും കൊതിപ്പിക്കുന്ന മാതൃകകളായി അല്ലാഹുവിന്റെ സ്വര്‍ഗത്തിലേക്ക് ആ സഹോദരങ്ങള്‍ ഒരുമിച്ചു യാത്രയായി. ആ അതുല്യ സഹോദരങ്ങളുടെ ഭൗതികശരീരം അടക്കപ്പെട്ടതും ഈ മണ്ണിലാണ്.
ഉമര്‍(റ) കുത്തേറ്റ് മരണശയ്യയില്‍ കിടക്കുമ്പോള്‍ തനിക്ക് ശേഷം ആരെ, പേര്‍ഷ്യ മുതല്‍ കിഴക്ക് ചൈനയുടെ അതിരുവരെയും, പടിഞ്ഞാറ് ഈജിപ്തും ആഫ്രിക്കയും വരെയും, വടക്ക് കാസ്പിയന്‍ കടല്‍ മുതല്‍ തെക്ക് സുഡാനും യമനും വരെയും നീണ്ടു നില്‍ക്കുന്ന പ്രവിശാലമായ ഇസ്‌ലാമിക സാമ്രാജ്യത്തിന്റെ അമരക്കാരനാക്കുമെന്ന ചിന്തയില്‍ പറഞ്ഞു: 'സാലിം മൗലാ അബീ ഹുദൈഫ ജീവിച്ചിരുന്നെങ്കില്‍ ഞാനദ്ദേഹത്തെ എന്റെ പിന്‍ഗാമിയാക്കുമായിരുന്നു'. അടിമ-യജമാന വ്യവസ്ഥയില്‍ മനുഷ്യന്റെ മഹത്വം അളന്നിരുന്ന കാലത്ത് സകല അടിമകളുടെയും അടിമത്തത്തില്‍ നിന്നും മോചിതനായി ഇസ്‌ലാമിക സാഹോദര്യത്തിന്റെയും സ്‌നേഹത്തിന്റെയും മധു ആവോളം നുകര്‍ന്ന് നേതാവും ജേതാവുമായ സാലിം(റ), കാലം കരുതിവെച്ച ഭൗതികലോകത്തിലെ അധികാരസ്ഥാനങ്ങള്‍ക്ക് കാത്തുനില്‍ക്കാതെ താന്‍ കൊതിച്ച സ്വര്‍ഗത്തിലേക്ക് പോയി.
യുദ്ധം അതിന്റെ അവസാനത്തോടടുക്കുമ്പോള്‍ ശേഷിക്കുന്ന പോരാളികള്‍ വിജയത്തിനായുള്ള അവസാന ത്യാഗവും ചെയ്തുകൊണ്ടിരുന്നു. ഖുര്‍ആന്‍ മനപ്പാഠമാക്കിയ അമ്മാറുബ്‌നു യാസിര്‍(റ) യുദ്ധക്കളം മുഴങ്ങുമാറുച്ചത്തില്‍ വിളിച്ചു പറഞ്ഞുകൊണ്ടിരുന്നു. 'ഖുര്‍ആന്റെ ആള്‍ക്കാരേ, നിങ്ങളുടെ കര്‍മങ്ങള്‍കൊണ്ട് ഖുര്‍ആനെ സുന്ദരമാക്കൂ.' ഖാലിദുബ്‌നുല്‍ വലീദ് 'വാ മുഹമ്മദാ' എന്നത് യുദ്ധത്തിലെ മുദ്രാവാക്യമായി പ്രഖ്യാപിച്ചു. 'വാ മുഹമ്മദാ' എന്നുകേള്‍ക്കുമ്പോഴേക്കും മുസ്‌ലിംകള്‍ കൂടുതല്‍ ശൗര്യത്തോടെ യുദ്ധക്കളത്തില്‍ ആവേശഭരിതരായി. മുസ്‌ലിംകളുടെ ഈ ആഞ്ഞടിക്കലില്‍ പിടിച്ചു നില്‍ക്കാനാകാതെ വലിയ ചുറ്റുമതിലിനാല്‍ സുരക്ഷിതമാക്കപ്പെട്ട തോട്ടത്തിലേക്ക് മുസൈലിമയുടെ സൈന്യം കയറി. ഉള്ളില്‍ പ്രവേശിക്കാനാകാതെ മുസ്‌ലിംകള്‍ തോട്ടത്തിന് പുറത്തും. അകത്ത് പ്രവേശിക്കാതെ യുദ്ധം അവസാനിക്കില്ലെന്നിരിക്കെ ഉള്ളില്‍ പ്രവേശിക്കാനെന്തു വഴി എന്ന് ആലോചിക്കുമ്പോഴാണ് വളരെ വിചിത്രമായ ആശയവുമായി അല്‍ബറാഅ് ബ്‌നു മാലിക്(റ) എന്ന സ്വഹാബി മുന്നോട്ട് വന്നത്. 'എന്നെ പടച്ചട്ടയുടെ മുകളില്‍ ഇരുത്തുക, എന്നിട്ട് കുന്തത്തിന്റെ മുനകുത്തി പടച്ചട്ട ഉയര്‍ത്തുക, മതിലിനോളം ഉയര്‍ന്നാല്‍ എന്നെ തോട്ടത്തിനകത്തേക്ക് തള്ളുക. അങ്ങനെ ഞാന്‍ തോട്ടത്തിന്റെ വാതില്‍ തുറന്ന് തരും.' അകത്തുള്ള വമ്പന്‍ ശത്രു സൈന്യത്തിന്റെ വായിലേക്ക് ബറാഅ്(റ)നെ എറിഞ്ഞുകൊടുക്കാന്‍ സ്വഹാബികള്‍ സന്നദ്ധമായില്ല. പക്ഷേ ബറാഅ്(റ)വിന്റെ നിര്‍ബന്ധത്തിന് മുന്നില്‍ അവര്‍ക്കു വഴങ്ങേണ്ടിവന്നു. മനുഷ്യന്റെ ഭൗതിക കണക്കുകൂട്ടലുകള്‍ക്കപ്പുറത്തുള്ള ഈ അവസ്ഥയില്‍ എല്ലാം നാഥനില്‍ അര്‍പ്പിച്ച് ബറാഅ്(റ) തോട്ടത്തിനകത്തേക്ക് ചാടി. വാതില്‍ തുറക്കാനുള്ള നിശ്ചയദാര്‍ഢ്യത്തിനു മുന്നില്‍ തന്റെ നേരെ ആര്‍ത്തലച്ചുവരുന്ന സൈന്യ സാഗരമോ, വാതിലിനടുത്തെത്തിയപ്പോഴേക്കും ആ മെലിഞ്ഞ ശരീരത്തില്‍ പതിച്ച 80-ഓളം വെട്ടുകളോ വിഘാതമായില്ല. ഇത്രയും വെട്ടും കുത്തും ഏറ്റിട്ടും, മുന്നിലുള്ളവരെ നേരിട്ടു കൊണ്ട് വാതില്‍ തുറക്കാനുള്ള കരുത്ത് ബറാഇനുണ്ടായി. തുറന്ന വാതിലൂടെ മുസ്‌ലിംസേന തോട്ടത്തിലേക്ക് ഇരച്ചുകയറി. അടിപതറിയ മുസൈലിമയുടെ സൈന്യം പിടിച്ചുനില്‍ക്കാന്‍ ശ്രമിച്ചു. മുസ്‌ലിംകള്‍ക്കെതിരെ സൈനികരെ ആവേശംകൊള്ളിച്ച് പ്രസംഗിച്ചുകൊണ്ടിരുന്ന മുസൈലിമയുടെ മന്ത്രി മുഹ്കമുബ്‌നു അല്‍ത്വുഫൈലിനെ, അബ്ദുര്‍റഹിമാന്‍ ബ്‌നു അബീബക്ര്‍(റ) കുന്തമെറിഞ്ഞ് വീഴ്ത്തി. ഇതിനിടയിലാണ് തന്റെ ജാഹിലിയ്യാ കാലത്തെ അക്രമത്തിന് പ്രായശ്ചിത്തം ചെയ്യാന്‍ തക്കം കാത്തിരുന്ന വഹ്ശി ഉഹ്ദില്‍ താന്‍ ഹംസ(റ)യെ കൊന്ന അതേ ചാട്ടുളി മുസൈലിമയുടെ നേരെ പ്രയോഗിച്ചത്. വഹ്ശിയുടെ ആയുധമേറ്റ് മുസൈലിമ വീഴുന്ന ആ സമയത്തുതന്നെ അബൂ ദജാന(റ)യുടെ വാളുകൊണ്ട് മുസൈലിമയുടെ തല തെറിച്ചു വീണു. മുസൈലിമയുടെ തല തെറിപ്പിച്ച അബൂ ദജാനയും അവിടെതന്നെ രക്തസാക്ഷ്യം വഹിച്ചു. നേതാവില്ലാത്ത മുസൈലിമയുടെ പട പിന്നെ പൂര്‍ണ പരാജയത്തിലേക്ക് വീഴുകയായിരുന്നു. ഒരു ലക്ഷം വരുന്ന മുസൈലിമയുടെ പക്ഷത്ത് നിന്ന് 21000 പേര്‍ കൊല്ലപ്പെട്ടപ്പോള്‍ 12,000 അംഗബലമുള്ള മുസ്‌ലിം പക്ഷത്ത് നിന്ന് ആയിരത്തോളം പേര്‍ (1200 എന്നും അഭിപ്രായമുണ്ട്) രക്തസാക്ഷികളായി. അവരെല്ലാവരും മറമാടപ്പെട്ടത് വിശാലമായ ഈ താഴ്‌വരയിലാണ്. ഒരു മഖ്ബറയില്‍ സ്വഹാബികള്‍ മാത്രവും മറ്റിടങ്ങളില്‍ രണ്ടുകൂട്ടരും ഇടകലര്‍ന്ന അവസ്ഥയിലുമാണ്.
രക്തസാക്ഷികള്‍ അല്ലാഹുവിന്റെയടുക്കല്‍ ജീവിക്കുന്നവരാണെന്നതിനാല്‍ അവര്‍ അന്ത്യവിശ്രമം കൊള്ളുന്ന സ്ഥലം എന്നു പറയുന്നതിനേക്കാള്‍ ദീനിനെ നെഞ്ചിലേറ്റിയ ഒരു സംഘം എത്രമാത്രം അല്ലാഹുവിന്റെ ദീനിനെ സ്‌നേഹിച്ചിരുന്നുവെന്ന് നമ്മെ ബോധ്യപ്പെടുത്തിയ സ്ഥലമാണിത്. അവരുടെ നിശ്ചയദാര്‍ഢ്യത്തിന് മുന്നില്‍ ഭൗതികപൂജകരുടെ കണക്കുകൂട്ടലുകളും സ്വപ്നങ്ങളും കുഴിച്ചുമുടപ്പെട്ടതെങ്ങനെയെന്ന കഥ പറയുന്ന പ്രദേശം. ലോകത്തിന് പുതിയൊരു സംസ്‌കാരവും നാഗരികതയും സമര്‍പ്പിച്ചുകൊണ്ട് മനുഷ്യസമൂഹത്തിന്റെ ക്ഷേമൈശ്വര്യങ്ങള്‍ ഉറപ്പുവരുത്തേണ്ട ദൈവിക സന്ദേശം ഒരു പറ്റം സ്വാര്‍ഥ താല്‍പര്യക്കാര്‍ക്കുമുന്നില്‍ സ്തംഭിച്ചുപോകരുതായിരുന്നു.
ഇസ്‌ലാമിക ചരിത്രത്തിന്റെ ഗതി നിര്‍ണയിച്ച യുദ്ധമാണ് യമാമയുദ്ധം. അന്ത്യദിനംവരെയുള്ള മനുഷ്യര്‍ക്ക് വഴികാട്ടിയാകേണ്ട ഖുര്‍ആന്‍ ഹൃദയത്തില്‍ മാത്രം സംരക്ഷിക്കപ്പെട്ടിരുന്ന ഒരു സമയത്ത് ഖുര്‍ആന്‍ ഹൃദിസ്ഥമാക്കിയ എഴുപത് സ്വഹാബികള്‍ (അഞ്ഞൂറ് എന്നും അഭിപ്രായമുണ്ട്) ഒറ്റദിനം തന്നെ രക്തസാക്ഷികളായപ്പോള്‍ ഖുര്‍ആന്‍ ഗ്രന്ഥരൂപത്തിലേക്ക് പകര്‍ത്തിയെഴുതേണ്ട ആവശ്യകത ഇസ്‌ലാമിക ലോകത്തെ ബോധ്യപ്പെടുത്തിയത് യമാമയുദ്ധമാണ്.
പ്രതാപത്തിലേക്ക് വിരല്‍ ചൂണ്ടുന്ന അടയാളങ്ങള്‍ മായ്ക്കപ്പെടുകയും ചരിത്രത്തിലേക്കുള്ള കണ്ണികള്‍ മുറിക്കപ്പെടുകയും അതിന്റെ പഴുതിലൂടെ ഇഛാഭംഗം പേറുന്നവരാക്കി ഇസ്‌ലാമിക സമൂഹത്തെ മാറ്റുകയും ചെയ്യുന്ന ലോകത്ത് എത്ര പേര്‍ക്കറിയാം ഇസ്‌ലാമികപ്രസ്ഥാനത്തിന്റെ നായകന്‍ കത്തിച്ചുവെച്ച വെളിച്ചം കെടാതിരിക്കാന്‍ നമ്മുടെ പൂര്‍വ്വികര്‍ ചെയ്ത ത്യാഗങ്ങളും സമര്‍പ്പണങ്ങളും എത്രയായിരുന്നുവെന്ന്! (അവസാനിച്ചു)  

Comments

ഖുര്‍ആന്‍ ബോധനം

ഖുര്‍ആന്‍ ബോധനം
എ.വൈ.ആര്‍