Prabodhanm Weekly

Pages

Search

2013 ജൂലായ് 5

സകാത്തിന്റെ ദര്‍ശനം

ഖാലിദ് മൂസ നദ്‌വി

അല്ലാഹു ഏകനാണ്, എല്ലാ അധികാരങ്ങളും മൗലികമായി അവനില്‍ നിക്ഷിപ്തമാണ്, അവനെ മാത്രമേ ആരാധിക്കാവൂ എന്നതില്‍ നിന്നാണ് ഇസ്‌ലാമിന്റെ ആത്മീയ ദര്‍ശനം ഉത്ഭവിക്കുന്നത്. 'അവനാണ് ഹാകിം' (നിയമദാതാവ്) എന്ന കാഴ്ചപ്പാടാണ് ഇസ്‌ലാമിന്റെ രാഷ്ട്രീയ ദര്‍ശനമായി വികസിച്ചത്. അവനാണ് വിഭവദാതാവ് (റാസിഖ്) എന്ന സത്യം സാമ്പത്തിക ദര്‍ശനമായും വികസിച്ചു വന്നു.
ഇസ്‌ലാമിക സമ്പദ് ദര്‍ശനത്തിന്റെ ഭാഗമാണ് 'സകാത്ത്'. സകാത്ത് എന്ന ഏക ബാധ്യതയല്ല ഇസ്‌ലാം ചുമത്തുന്നത്. ഇസ്‌ലാമിന്റെ സമ്പദ് ദര്‍ശനത്തിന്റെ പല അധ്യായങ്ങളില്‍ ഒരു അധ്യായം മാത്രമാണ് സകാത്ത്. സകാത്ത് ദര്‍ശനമായി മനസ്സിലാക്കുകയും തൗഹീദുമായുള്ള അതിന്റെ ബന്ധം ദൃഢീകരിക്കപ്പെടുകയും ചെയ്യുന്നതിലൂടെ മാത്രമേ ഭൂമിയില്‍ അതിനു വേരുകള്‍ ആഴ്ത്താന്‍ സാധിക്കുകയുള്ളൂ.
തൗഹീദിന്റെ സമ്പദ് ദര്‍ശനവും ശിര്‍ക്കിന്റെ (ബഹുദൈവികത) സമ്പദ് ദര്‍ശനവും തമ്മിലുള്ള സംഘര്‍ഷത്തിന് ഏറെ പഴക്കമുണ്ട്. ശുഐബ് നബി(അ) ശിര്‍ക്കിന്റെ അടിസ്ഥാനത്തിലുള്ള സമ്പദ്ഘടനയോട് ഏറ്റുമുട്ടിയ പ്രവാചകനാണ്. അദ്ദേഹവും ജനതയും തമ്മിലുള്ള സംവാദം ഖുര്‍ആനില്‍ ഇങ്ങനെ വായിക്കാം. ''ഹേ! ശുഐബേ, നമ്മുടെ പൂര്‍വികര്‍ ആരാധിച്ചുകൊണ്ടിരുന്ന ദൈവങ്ങളെയൊക്കെ നമ്മള്‍ ഉപേക്ഷിക്കണമെന്ന് നിന്നെ പഠിപ്പിക്കുന്നത് നിന്റെ നമസ്‌കാരമാണോ? അഥവാ നമ്മുടെ ധനം നമ്മുടെ ഇഷ്ടാനുസാരം കൈകാര്യം ചെയ്യാന്‍ സ്വാതന്ത്ര്യമില്ലെന്ന് പഠിപ്പിക്കുന്നത്? ഓ, നീ വലിയ വിവേകശാലിയും സന്മാര്‍ഗകുതുകിയും തന്നെ!'' (ഹൂദ്  87).
തൗഹീദീ ദര്‍ശനത്തിന്റെ ഇരുമുഖങ്ങളാണ് ഈ സംവാദത്തില്‍ വെളിപ്പെടുന്നത്. ഒന്ന്, ആരാധനാ ദര്‍ശനം. രണ്ട്, സമ്പദ് ദര്‍ശനം. 'ധനം നമ്മുടെ ഇഷ്ടാനുസാരം' എന്ന ശിര്‍ക്കിലായിരുന്നു ശുഐബിന്റെ ജനത. 'അല്ലാഹുവിന്റെ ഇഷ്ടാനുസാരം' എന്ന തൗഹീദിലേക്കാണ് അവരെ ശുഐബ് നബി ക്ഷണിച്ചത്.
അല്ലാഹു 'റാസിഖ്' (വിഭവദാതാവ്) ആണ്. മുഴുവന്‍ വിഭവങ്ങളുടെയും മേലധികാരി അവനാണ്. ദൈവതാല്‍പര്യത്തിന് വിധേയനാകാന്‍ ഓരോ സമ്പന്നനും ബാധ്യസ്ഥനാണ്. മുതലാളിത്തം മൂലധന താല്‍പര്യത്തിന് വഴങ്ങുന്ന ജനതയെയാണ് സൃഷ്ടിക്കുന്നത്. ആഗോള സമ്പദ്ഘടന ഇന്ന് മുതലാളിത്തമാകുന്ന ശിര്‍ക്കന്‍ വ്യവസ്ഥക്ക് വിധേയമാണ്. അവിടെ ദരിദ്രന് പൗരത്വമില്ല. ജനങ്ങള്‍ക്ക് പൊതുവായ അവകാശങ്ങളില്ല. വായു, വെള്ളം, വിറക്, ഭൂമി, വനം തുടങ്ങിയവയെല്ലാം തന്നെ മുതലാളിത്ത മേല്‍ക്കോയ്മക്ക് വിധേയപ്പെട്ടിരിക്കണം. ഈ മേല്‍ക്കോയ്മയെ തകര്‍ക്കുകയാണ് സാമ്പത്തിക തൗഹീദിന്റെ വിപ്ലവ ഉന്നം.
സാമ്പത്തിക വിഷയത്തിലെ ദൈവ താല്‍പര്യം എന്നത് കൊണ്ട് ഇസ്‌ലാം ഉദ്ദേശിക്കുന്നത് ആരാധനാലയ നിലവറകളിലെ നിക്ഷേപ വര്‍ധനവല്ല. ഒരു ആരാധനാലയത്തോടൊപ്പവും ഒരു നിലവറയും ഇസ്‌ലാം സ്ഥാപിച്ചിട്ടില്ല. ദൈനംദിനം  ലക്ഷങ്ങള്‍ ആരാധനക്കെത്തുന്ന മക്കയിലെ പള്ളിയിലും മദീനാ പള്ളിയിലും ഒരു നേര്‍ച്ചക്കുറ്റി പോലും ഇസ്‌ലാം സ്ഥാപിച്ചിട്ടില്ല. തൗഹീദ് മുമ്പോട്ട് വെക്കുന്ന ധനത്തിലെ ദൈവതാല്‍പര്യം മൗലികമായി ജനതാല്‍പര്യം തന്നെയാണ്. ധനത്തിലെ ദൈവാധികാരപ്രയോഗം ജനാധികാരത്തെയാണ് ഉറപ്പു വരുത്തുന്നത്. അഥവാ മുതലാളിത്തം ധനത്തില്‍ മൂലധന ശക്തികളുടെ ആധിപത്യം ഉറപ്പിക്കുമ്പോള്‍ തൗഹീദ് ധനത്തില്‍ ജനതാല്‍പര്യം രാഷ്ട്രീയമായിത്തന്നെ സാക്ഷാല്‍ക്കരിക്കുകയാണ് ചെയ്യുന്നത്.
ജനതാല്‍പര്യം നിഷേധിക്കാന്‍ ഒരുമ്പെട്ട തോട്ടം മുതലാളിയുടെ ഒരു കഥയുണ്ട് ഖുര്‍ആനില്‍. 18-ാം അധ്യായമായ അല്‍ കഹ്ഫിലാണ് അതുള്ളത്. തോട്ടം മുതലാളി ധനാഢ്യത പ്രകടിപ്പിച്ചു. സുഹൃത്തിന്റെ മുമ്പാകെ തന്റെ ധനദര്‍ശനം അവതരിപ്പിച്ചു. 'ഈ സമ്പത്ത് എന്നെങ്കിലും നശിക്കുമെന്ന് ഞാന്‍ കരുതുന്നില്ല' എന്നായിരുന്നു ആ ദര്‍ശനത്തിന്റെ കാതല്‍. സുഹൃത്ത് അയാളെ ഓര്‍മിപ്പിച്ചത് 'അല്ലാഹുവിന് പങ്കാളിയെ വെക്കരുത്' എന്നായിരുന്നു. തന്റെ ദര്‍ശനത്തെ കാറ്റില്‍ പറത്തി തോട്ടം നശിച്ചപ്പോള്‍ മുതലാളി വിലപിച്ചത് 'ഹാ! കഷ്ടം, ഞാന്‍ എന്റെ ദൈവത്തിന് ആരെയും പങ്കാളിയാക്കിയിട്ടില്ലായിരുന്നുവെങ്കില്‍' എന്നായിരുന്നു. രക്ഷാധികാരം അല്ലാഹുവിന് മാത്രം എന്ന പ്രസ്താവനയോടെയാണ് പ്രസ്തുത വിവരണത്തിന് അല്ലാഹു വിരാമം കുറിക്കുന്നത് (അല്‍കഹ്ഫ് 42-44).
ധനദര്‍ശനത്തിലെ തൗഹീദും ശിര്‍ക്കും എന്താണെന്ന് പഠിക്കാന്‍ പ്രസ്തുത വിവരണം ഏറെ സഹായകമാണ്. ധനസ്രോതസ്സുകളെ തനിക്കാക്കി സ്വകാര്യവത്കരിക്കുന്നതിനു പകരം ദൈവത്തിനാക്കി പൊതുവല്‍ക്കരിക്കുന്നിടത്താണ് തൗഹീദിന്റെ പ്രയോഗം നാം കാണുന്നത്. അല്‍ഖലം അധ്യായത്തിലെ 17 മുതല്‍ 33 വരെയുള്ള വാക്യങ്ങള്‍ മറ്റൊരു തോട്ടം മുതലാളി സമൂഹത്തെ വിശകലനം ചെയ്യുന്നുണ്ട്. അവരുടെ നിലപാട് തങ്ങളുടെ തോട്ടങ്ങളില്‍ ദരിദ്രര്‍ക്ക് പ്രവേശനമില്ല എന്നായിരുന്നു. അവരുടെ തോട്ടം തുടര്‍ന്ന് സര്‍വനാശമടഞ്ഞു. പിന്നീട് അവരുടെ വിലാപമായി ഖുര്‍ആന്‍ പറയുന്നത്, 'ഞങ്ങള്‍ അക്രമികളായിപ്പോയി, പരിധി വിട്ടുപോയി' എന്നാണ്. കൊടിയ അക്രമം ശിര്‍ക്കാണെന്ന് ഖുര്‍ആന്‍ വേറെ പഠിപ്പിക്കുന്നുണ്ട്.
സകാത്ത് നല്‍കാതിരിക്കല്‍ മുശ്‌രിക്കുകളുടെ ലക്ഷണമാണെന്ന് വിശുദ്ധ ഖുര്‍ആന്‍ അധ്യായം 41 (ഫുസ്സ്വിലത്ത്) 6,7 വാക്യങ്ങളില്‍ വെളിപ്പെടുത്തിയിട്ടുണ്ട്.
തൗഹീദീ ദര്‍ശനത്തില്‍കൂടി വേണം സകാത്ത് എന്ന ധനത്തിലെ പൊതു ഓഹരിയെ സമീപിക്കാന്‍. കറന്‍സി, ബിസിനസ്, ശമ്പളം, കൂലി തുടങ്ങിയ വരുമാനങ്ങള്‍ക്ക് സകാത്ത് ബാധകമാവുമ്പോള്‍ ആ ഓഹരി രണ്ടര ശതമാനമാണ്. കൃഷി ഉല്‍പന്നം, വാടക വരുമാനം, ഫാക്ടറി ഉല്‍പന്നം, ട്രാന്‍സ്‌പോര്‍ട്ട് വരുമാനം എന്നിങ്ങനെ അടിസ്ഥാന മൂലധനം സകാത്ത് വിമുക്തമാക്കപ്പെടുന്ന വരുമാനങ്ങള്‍ക്ക് മാത്രം സകാത്ത് ബാധകമാവുന്നിടത്ത് ആ ഓഹരി 5 ശതമാനമാണ്. ഈ രണ്ടരയും 5-ഉം ദൈവത്തിന് ഹിതമായ പൊതു ഓഹരിയാണ്. അതിന്റെ നിഷേധം ദൈവാധികാര നിഷേധമാണ്. പ്രയോഗത്തിലത് സാമൂഹിക പുരോഗതിക്കെതിരായ പ്രതിലോമ നിലപാടുമാണ്.
സകാത്ത് ഓഹരി മിനിമമാണ്. സകാത്തിനു പുറമെ ഫൈഅ്, ഗനീമ, സ്വദഖ, ഹദ്‌യ, കഫ്ഫാറ, ഫിദ്‌യ തുടങ്ങിയ നിരവധി ഓഹരികള്‍ ഖുര്‍ആന്‍ നിശ്ചയിച്ചത് വേറെയുമുണ്ട്. ഫിത്വ്ര്‍ സകാത്ത്, ഉദ്ഹിയ്യത്ത് തുടങ്ങിയവയും പൊതു സമൂഹത്തിന് പ്രയോജനം ചെയ്യുന്ന ഓഹരികള്‍ തന്നെയാണ്. വളരെ വിപുലമായ മറ്റൊരു ഓഹരിയാണ് ഇന്‍ഫാഖ്. അതിനു പരിധിയില്ല. സമൂഹത്തിന്റെ ആവശ്യം പൂര്‍ത്തീകരിക്കുന്നതിന് എത്ര അളവില്‍ വേണ്ടതുണ്ടോ അത്രയും അളവില്‍ ഇന്‍ഫാഖ് ചെയ്യാന്‍ ഇസ്‌ലാമിക സമൂഹം ബാധ്യസ്ഥമാണ്. ആ വാക്കിന് 'ചെലവഴിക്കല്‍' എന്നാണ് ഭാഷാര്‍ഥം.  
തൗഹീദീ ദര്‍ശനത്തിലൂടെ ഇന്‍ഫാഖ് മനസ്സിലാക്കപ്പെടുമ്പോള്‍ മാത്രമാണ് അതിന്റെ പ്രയോജനം സമൂഹത്തില്‍ ലഭിക്കുകയുള്ളൂ. അല്‍ബഖറ അധ്യായത്തിലെ 3-ാം വാക്യത്തില്‍ അദൃശ്യ വിശ്വാസം, നമസ്‌കാരം, ഇന്‍ഫാഖ് എന്നീ മൂന്ന് കാര്യങ്ങളും ഒരേ ശൃംഖലയില്‍ ചേര്‍ത്തുവെച്ചത് കാണാം. അതില്‍ നിന്നു തന്നെ അതിന്റെ മൗലിക സ്വഭാവം ഗ്രഹിക്കാവുന്നതാണ്. പ്രസ്തുത അധ്യായത്തില്‍ തന്നെ ബിര്‍റ് (പുണ്യം) വിശദീകരിക്കുന്ന ഒരു ഭാഗമുണ്ട് (വാക്യം 177). അവിടെ സകാത്തിന്റെ മുന്നോടിയായി വിശ്വാസ കാര്യങ്ങള്‍ പറഞ്ഞതിന് തൊട്ടുടനെ 'ബന്ധുക്കള്‍ക്കും അനാഥര്‍ക്കും ദരിദ്രര്‍ക്കും വഴിയാധാരമായവര്‍ക്കും ചോദിച്ചു വരുന്നവര്‍ക്കും അടിമവിമോചന വഴിയിലും ധനം മനഃസന്തോഷത്തോടെ ചെലവഴിക്കുക' എന്ന കാര്യം പറഞ്ഞു വെച്ചതും ശ്രദ്ധേയമാണ്. സകാത്ത് എന്ന നിര്‍ണിത ഓഹരിക്കപ്പുറമുള്ള ബാധ്യതയാണ് ആ വാക്യത്തില്‍ വിശദീകരിച്ചതെന്ന് വാക്യഘടനകൊണ്ടു തന്നെ സുവ്യക്തമാണ്.
ആലു ഇംറാന്‍ 92-ാം വാക്യം പറയുന്നത് അവരവരുടെ ഇഷ്ടധനം ചെലവഴിക്കുന്നതു വരെ പുണ്യം പ്രാപിക്കുകയില്ലെന്നാണ്. അപ്പോള്‍ 'ഇഷ്ടത്തോടെ ഇഷ്ടധനം ചെലവഴിക്കുക' എന്ന വളരെ വിപ്ലവകരമായ സാമ്പത്തിക ധര്‍മമാണ് ഇന്‍ഫാഖിന്റെ ഇനത്തില്‍ ഖുര്‍ആന്‍ സമര്‍പിക്കുന്നതെന്ന് വ്യക്തമാണ്.
അല്‍ഹദീദ് 10-ാം വാക്യത്തില്‍ ഇങ്ങനെ വായിക്കാം. ''ആകാശ ഭൂമികളുടെ അടിസ്ഥാനാവകാശം അല്ലാഹുവിനുള്ളതാണെന്നിരിക്കെ ദൈവമാര്‍ഗത്തില്‍ ചെലവഴിക്കാതിരിക്കാന്‍ നിങ്ങള്‍ക്കെന്തുണ്ട് ന്യായം?'' ധനത്തിന്റെ മേലുള്ള സമ്പൂര്‍ണ ദൈവാധികാരമാണ് ഈ വാക്യം വ്യക്തമായി പ്രഖ്യാപിക്കുന്നത്. ആ അധികാരത്തിന്റെ പ്രയോഗമാണ് ഇന്‍ഫാഖ് എന്ന് സന്ദര്‍ഭത്തില്‍ നിന്ന് മനസ്സിലാക്കാനാവും. എന്താണ് ചെലവഴിക്കേണ്ടത് എന്ന ചോദ്യത്തിന് മിച്ചമുള്ളതെല്ലാം ചെലവഴിക്കുക എന്ന ആഹ്വാനമാണ് ഖുര്‍ആന്‍ നല്‍കുന്നത് (ഖുര്‍ആന്‍ 2:219).
സകാത്ത് സമൂഹത്തില്‍ ഇപ്പോള്‍ ഭാഗികമായേ നിലനില്‍ക്കുന്നുള്ളൂ. ഇന്‍ഫാഖ് ഒരു പരിധി വരെ മറഞ്ഞ് കിടക്കുകയാണ്. അഥവാ ഇസ്‌ലാമിക സമ്പദ്‌വ്യവസ്ഥ തകിടം മറിഞ്ഞ് കിടക്കുകയാണ്. വിപ്ലവ പുരോഗമന സ്വഭാവമുള്ള ഇസ്‌ലാമിക കൂട്ടായ്മകള്‍ പോലും ഇതിനെ തൗഹീദീ പ്രശ്‌നമായി കാണുന്നില്ല എന്നതാണ് മുഖ്യ കാരണം. പ്രാര്‍ഥനാ വ്യതിയാനത്തെ നാം തിരുത്തിയത് തൗഹീദ്-ശിര്‍ക്ക് സംവാദത്തിലൂടെയാണ്. രാഷ്ട്രീയ വ്യതിചലനത്തെ ആധുനിക ഇസ്‌ലാമിക പ്രസ്ഥാനങ്ങള്‍ തിരുത്തിയതും തൗഹീദ്-ശിര്‍ക്ക് സംവാദം വഴിയാണ്. ധനമേഖലയിലെ കൊടിയ ശിര്‍ക്ക് കാണാതെ പോകുന്നത് അപരാധം തന്നെ. മുതലാളിത്ത യുഗത്തെ മൗലികമായി നേരിടേണ്ടത് സകാത്തിന്റെ ദര്‍ശനം ഉയര്‍ത്തിപ്പിടിച്ചുകൊണ്ടാണ്. ഇസ്‌ലാമിക സമൂഹത്തെ ആഭ്യന്തരമായും മനുഷ്യ സമൂഹത്തെ പൊതുവിലും ഈ ദര്‍ശനബോധ്യത്തിലേക്ക് കൊണ്ടുവരാന്‍ യത്‌നിക്കേണ്ടത് കാലഘട്ടത്തിന്റെ നവോത്ഥാന ധര്‍മമാണ്.

Comments

ഖുര്‍ആന്‍ ബോധനം

ഖുര്‍ആന്‍ ബോധനം
എ.വൈ.ആര്‍