Prabodhanm Weekly

Pages

Search

2013 ജൂലായ് 5

ബൈത്തുസ്സകാത്ത് കേരള ജനക്ഷേമ പദ്ധതികളുടെ 13 വര്‍ഷങ്ങള്‍

സി.പി.എച്ച്

വിശ്വാസികള്‍ക്ക് വിശുദ്ധിയും വളര്‍ച്ചയും നല്‍കുന്ന ഇസ്‌ലാമിലെ സുപ്രധാന ഇബാദത്തായ സകാത്തിനെ സാമൂഹിക സുരക്ഷയുടെയും ദാരിദ്ര്യനിര്‍മാര്‍ജനത്തിന്റെയും സാമൂഹിക പുരോഗതിയുടെയും മുഖ്യഘടകമായി ഉയര്‍ത്തിക്കൊണ്ടുവന്ന് ദരിദ്ര ജനവിഭാഗങ്ങളിലും പിന്നാക്ക മേഖലകളിലും ആശ്വാസത്തിന്റെ കാരുണ്യ പെരുമഴ തീര്‍ക്കുകയാണ് ബൈത്തുസകാത്ത്.
2000 ഒക്‌ടോബറില്‍ കോഴിക്കോട് ഹിറാ സെന്റര്‍ കേന്ദ്രീകരിച്ചാണ് ബൈത്തു സകാത്ത് കേരള പ്രവര്‍ത്തനം ആരംഭിച്ചത്. കഴിഞ്ഞ പതിമൂന്ന് വര്‍ഷത്തിനിടയില്‍ പതിനായിരത്തിലധികം സകാത്ത് ദായകരില്‍ നിന്ന് സകാത്ത് ശേഖരിച്ച് 8500-ല്‍ അധികം ഗുണഭോക്താക്കള്‍ക്ക് വിവിധ മേഖലകളില്‍ വിനിയോഗിക്കാന്‍ ബൈത്തുസകാത്തിന് സാധിച്ചിട്ടുണ്ട്. 2000-01 വര്‍ഷത്തില്‍ 5,53,089 രൂപയുടെ സകാത്ത് ശേഖരിച്ച് ആരംഭിച്ച ഈ സംരംഭം 2011-'12 ല്‍ ഒരു കോടി 80 ലക്ഷവും 2012-'13 ല്‍ മൂന്ന് കോടി രൂപയും ശേഖരിച്ച് ചെലവഴിച്ചു.
കഴിഞ്ഞ 13 വര്‍ഷങ്ങളില്‍ 272 വീടുകളുടെ നിര്‍മാണത്തിന് പൂര്‍ണ സഹായം, 1704 വീടുകളുടെ നിര്‍മാണത്തിന് ഭാഗിക സഹായം, 1246 വിദ്യാര്‍ഥികള്‍ക്ക് പ്രഫഷണല്‍, ഡിഗ്രി, പി.ജി, ഡിപ്ലോമ കോഴ്‌സുകള്‍ക്ക് സ്‌കോളര്‍ഷിപ്പ്, 794 പേര്‍ക്ക് വ്യക്തിഗത ഗ്രൂപ്പ് തൊഴില്‍ പദ്ധതികള്‍, 2097 വ്യക്തികള്‍ക്ക് ചികിത്സാ സഹായം, 1142 വ്യക്തികള്‍ക്ക് കടബാധ്യത തീര്‍ക്കുന്നതിനുള്ള സഹായം, കുടിവെള്ളം, പെന്‍ഷന്‍, ടോയ്‌ലറ്റ് നിര്‍മാണം എന്നീ മേഖലകളില്‍ നിരവധി പദ്ധതികള്‍ ബൈത്തുസകാത്ത് നടപ്പിലാക്കിയിട്ടുണ്ട്.
എറണാകുളം ജില്ലയിലെ വൈപ്പിന്‍ തെക്കന്‍ മാലിപ്പുറം കോളനിയിലെ ചതുപ്പുനിലങ്ങളില്‍ ദുഃസ്സഹമായ ജീവിത ചുറ്റുപാടില്‍ പ്ലാസ്റ്റിക് ഷീറ്റുകള്‍ കൊണ്ടും പട്ടിക കൊണ്ടും മറച്ച്, ചോര്‍ന്നൊലിക്കുന്ന വീടുകളില്‍ പ്രയാസപ്പെട്ട് ജീവിതം തള്ളിനീക്കിയിരുന്നവര്‍ക്ക് ആശ്വാസത്തിന്റെ തണല്‍ വിരിച്ച് ബൈത്തുസകാത്ത് കേരള മാതൃകയാവുകയാണ്. കോളനിയിലെ ഏറ്റവും ദുര്‍ബലമായ 12 വീടുകളുടെ പുനര്‍നിര്‍മാണം ബൈത്തുസകാത്ത് ഏറ്റെടുത്ത് പൂര്‍ത്തീകരിച്ചു കൊണ്ടിരിക്കുന്നു. മലപ്പുറം ജില്ലയിലെ നാരോക്കാവ് മുണ്ടപ്പെട്ടി കോളനിയില്‍ അങ്ങേയറ്റം ജീര്‍ണാവസ്ഥയിലായിരുന്ന 12 വീടുകളും 14 ടോയ്‌ലറ്റുകളും ബൈത്തുസ്സകാത്ത് ഏറ്റെടുത്ത് പൂര്‍ത്തീകരിച്ചുവരുന്നു.
കഴിഞ്ഞ മൂന്ന് വര്‍ഷങ്ങളിലായി തൊഴില്‍, വിദ്യാഭ്യാസം, ഭവന നിര്‍മാണ മേഖലയില്‍ കൂടുതല്‍ ശ്രദ്ധ കേന്ദ്രീകരിച്ചിരിക്കുകയാണ്. 2012-13 വര്‍ഷത്തില്‍ 42 ശതമാനം ഫണ്ട് ഭവനനിര്‍മാണത്തിനും 31 ശതമാനം തൊഴില്‍ മേഖലയിലും 10 ശതമാനം വിദ്യാഭ്യാസ മേഖലയിലുമാണ് ചെലവഴിച്ചത്. കഴിഞ്ഞ രണ്ട് വര്‍ഷങ്ങളിലായി 45 വ്യക്തികള്‍ക്ക് ഓട്ടോറിക്ഷ, 28 റീട്ടെയില്‍ ബിസിനസ് യൂനിറ്റ്, 20 ടൈലറിംഗ് ആന്റ് ഗാര്‍മെന്റ്‌സ് യൂനിറ്റ്, കുട നിര്‍മാണ യൂനിറ്റ്, കന്നുകാലി ഫാം, വികലാംഗര്‍ക്ക് നാല് ചക്രബൈക്കുകള്‍, ചപ്പാത്തി നിര്‍മാണ യൂനിറ്റ്, മത്സ്യബന്ധന ബോട്ടുകള്‍, ബാഗ് നിര്‍മാണ യൂനിറ്റ്, ഫര്‍ണിച്ചര്‍ നിര്‍മാണ യൂനിറ്റ്, ആട് ഫാം, മുയല്‍ ഫാം, കാട ഫാം, പൗള്‍ട്രി ഫാം, ഹോളോബ്രിക്‌സ് നിര്‍മാണ യൂനിറ്റ്, കാറ്ററിംഗ് യൂനിറ്റ്, മത്സ്യ വില്‍പ്പനക്ക് ബൈക്കുകള്‍, ഫോര്‍വീല്‍ വാഹനം തുടങ്ങിയ നിരവധി പദ്ധതികളാണ് ബൈത്തുസകാത്ത് ആവിഷ്‌കരിച്ചത്.
വിദ്യാഭ്യാസ മേഖലയില്‍ കൂടുതല്‍ ശ്രദ്ധ കേന്ദ്രീകരിക്കുന്നതിന്റെ ഭാഗമായി ജനറല്‍ സ്‌കോളര്‍ഷിപ്പ്, മത്സര പരീക്ഷാ പരിശീലന സ്‌കോളര്‍ഷിപ്പ്, തൊഴില്‍ പരിശീലന സ്‌കോളര്‍ഷിപ്പ് തുടങ്ങിയ പദ്ധതികള്‍ ആവിഷ്‌കരിച്ചു. മത്സര പരീക്ഷ പരിശീലനത്തിന്റെ ഭാഗമായി സിവില്‍ സര്‍വീസ് പരീക്ഷക്ക് ദല്‍ഹിയില്‍ പരിശീലനം നേടുന്നതിന് പത്ത് വിദ്യാര്‍ഥികള്‍ക്ക് സ്‌കോളര്‍ഷിപ്പ് (ഓരോ വിദ്യാര്‍ഥിക്കും ഒന്നര ലക്ഷത്തിലധികം രൂപ) അനുവദിച്ചു. പാവപ്പെട്ട കുടുംബങ്ങളിലെ വിദ്യാര്‍ഥികള്‍ക്ക് പെട്ടെന്ന് തൊഴില്‍ നേടുന്നതിനാണ് ഹ്രസ്വകാല തൊഴില്‍ പരിശീലന സ്‌കോളര്‍ഷിപ്പുകള്‍ ആവിഷ്‌കരിച്ചിരിക്കുന്നത്.
കേരളത്തിലെ സംഘടിത സകാത്ത് സംരംഭങ്ങള്‍ക്ക് ദിശ നിര്‍ണയിക്കുന്നതില്‍ ബൈത്തുസകാത്ത് അതീവ ശ്രദ്ധ പുലര്‍ത്തുന്നുണ്ട്. കേരളത്തില്‍ പ്രവര്‍ത്തിക്കുന്ന ആയിരത്തോളം വരുന്ന പ്രാദേശിക സകാത്ത് സംരംഭങ്ങള്‍ക്ക് മാതൃകയായി വ്യത്യസ്ത പദ്ധതികളും പരിപാടികളും ബൈത്തുസകാത്ത് ആവിഷ്‌കരിച്ചിട്ടുണ്ട്. സകാത്ത് സംരംഭങ്ങളുടെ പ്രവര്‍ത്തനം വിലയിരുത്തി ഓരോ വര്‍ഷവും  സര്‍വെ, പരിശീലന പരിപാടികള്‍ തുടങ്ങിയവ സംഘടിപ്പിക്കുന്നു. സര്‍വെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ ഓരോ ജില്ലയിലെയും പ്രാദേശിക സകാത്ത് സംരംഭങ്ങളുടെ പ്രവര്‍ത്തനങ്ങള്‍ വിപുലീകരിക്കുന്നതിനും സജീവമാക്കുന്നതിനും പ്രായോഗിക പരിശീലന പരിപാടികളും ബൈത്തുസകാത്ത് ലക്ഷ്യം വെക്കുന്നുണ്ട്.
സകാത്തിന്റെ പ്രചാരണം, സംഭരണം, വിതരണം എന്നീ മേഖലയില്‍ ശാസ്ത്രീയ രീതി വളര്‍ത്തിയെടുക്കുന്നതിന് ബൈത്തുസകാത്ത് സജീവ ശ്രദ്ധ പുലര്‍ത്തുന്നുണ്ട്. കൂടുതല്‍ മേഖലകളിലേക്ക് സകാത്ത് പ്രവര്‍ത്തനം വ്യാപിപ്പിക്കുന്നതിനും കൂടുതല്‍ സകാത്ത് ദായകരെ കണ്ടെത്തുന്നതിനും വിപുലമായ പ്രചാരണ സംവിധാനങ്ങള്‍ ബൈത്തുസകാത്ത് ആവിഷ്‌കരിച്ചിട്ടുണ്ട്.
കേരളം മുഴുവന്‍ നെറ്റ്‌വര്‍ക്കുള്ള വിപുലമായ സംവിധാനമാണ് ബൈത്തുസ്സകാത്ത് കേരള. അതിനാല്‍ ഏറ്റവും അര്‍ഹരിലേക്കാണ്  നിങ്ങളുടെ സകാത്ത് എത്തിച്ചേരുന്നത്. കേരളത്തിലെയും മറുനാടുകളിലെയും മലയാളികള്‍ ഓരോ വര്‍ഷവും അവരുടെ സകാത്ത് ബൈത്തുസ്സക്കാത്തിനെ നേരിട്ടേല്‍പിക്കുകയോ ബൈത്തുസകാത്ത് അക്കൗണ്ടില്‍ നിക്ഷേപിക്കുകയോ ചെയ്യുന്നു. ഗുണഭോക്താക്കളെ തെരഞ്ഞെടുക്കുന്നതിന് തികച്ചും ശാസ്ത്രീയ രീതിയാണ് ബൈത്തുസകാത്ത് സ്വീകരിക്കുന്നത്. സകാത്ത് പദ്ധതികളിലേക്ക് അപേക്ഷ ക്ഷണിച്ചുള്ള പരസ്യം പ്രമുഖ പത്രങ്ങളിലും മാഗസിനുകളിലും പ്രസിദ്ധീകരിക്കുന്നു. കേരളത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്ന് ലഭിക്കുന്ന അപേക്ഷകള്‍ തരം തിരിച്ച് യോഗ്യരായ ആളുകളെക്കുറിച്ച് പ്രദേശത്ത് പോയി നേരിട്ടന്വേഷണം നടത്തുന്നു. അതിനു ശേഷം ഗുണഭോക്താക്കളുമായി അഭിമുഖം നടത്തി കൂടുതല്‍ വിവരങ്ങള്‍ ശേഖരിക്കുകയും ഏറ്റവും അര്‍ഹരായവരെ തെരഞ്ഞെടുക്കുകയും ചെയ്യുന്നു. ബൈത്തുസകാത്തിന്റെ പ്രാദേശിക സന്നദ്ധ പ്രവര്‍ത്തകരും പ്രാദേശിക സകാത്ത് കമ്മിറ്റികളും ഗുണഭോക്താക്കളെ തെരഞ്ഞെടുക്കുന്നതിന് കൂടുതല്‍ സഹായകരമാണ്.
കൂടുതല്‍ ഗുണഭോക്താക്കള്‍ക്ക് സഹായമെത്തിക്കുക എന്നതിനപ്പുറത്ത് ഗുണഭോക്താക്കളുടെ ആവശ്യങ്ങള്‍ പൂര്‍ത്തീകരിക്കപ്പെടുകയും അവരെ സ്വയംപര്യാപ്തരാക്കുകയും ചെയ്യുക എന്നതാണ് ബൈത്തുസകാത്തിന്റെ നയം. ഈ ലക്ഷ്യപൂര്‍ത്തീകരണത്തിന് സ്വയം പദ്ധതികള്‍ ആവിഷ്‌കരിക്കുന്നതോടൊപ്പം തന്നെ പ്രാദേശിക സകാത്ത് സംരംഭങ്ങളുമായി സഹകരിച്ച് പ്രവര്‍ത്തിക്കുന്നതിനും ബൈത്തുസകാത്ത് ശ്രദ്ധിക്കുന്നു. ബൈത്തുസകാത്ത് കേരളയുടെയും പ്രാദേശിക സകാത്ത് സംരംഭങ്ങളുടെയും ഗുണഭോക്താക്കളുടെയും സാമ്പത്തിക വിഹിതങ്ങള്‍ ഉള്‍പ്പെടുത്തി പ്രാദേശിക പിന്തുണയോടെ ഗുണഭോക്താവിന്റെ ആവശ്യം പങ്കാളിത്താടിസ്ഥാനത്തില്‍ പൂര്‍ത്തീകരിക്കുക എന്നതാണ് പദ്ധതിയുടെ ലക്ഷ്യം. പ്രാദേശിക സകാത്ത് സംരംഭങ്ങളുടെ പ്രവര്‍ത്തന സജീവതയും ഗുണമേന്മയും ഉറപ്പുവരുത്തുന്നതിന് ഇത്തരം പദ്ധതികള്‍ സഹായകരമാവും.
കേരളത്തിന്റെ സാമൂഹിക പുരോഗതിയിലും ദാരിദ്ര്യനിര്‍മാര്‍ജനത്തിലും സകാത്ത് പ്രവര്‍ത്തനങ്ങള്‍ വലിയ പങ്കുവഹിക്കുന്നുണ്ടെങ്കിലും അവയെ അക്കാദമിക തലത്തില്‍ ഉയര്‍ത്തിക്കൊണ്ടുവരുന്നതിനും ബൈത്തുസകാത്ത് വലിയ പരിഗണന നല്‍കുന്നുണ്ട്. ഈ ലക്ഷ്യം വെച്ച് 2013 മെയ് 25-ന് കോഴിക്കോട് നടത്തിയ സകാത്ത് സെമിനാര്‍ ശ്രദ്ധേയമായിരുന്നു.
സമൂഹത്തിന്റെ നാനാ തുറകളില്‍ നിന്നും വലിയ പിന്തുണയാണ് ബൈത്തുസകാത്തിന് ലഭിക്കുന്നത്. സത്യസന്ധനും ജീവിത പ്രാരബ്ധങ്ങള്‍ അനുഭവിക്കുന്നവനുമായ കോഴിക്കോട്ടെ ഒരു ഓട്ടോറിക്ഷക്കാരന് കോഴിക്കോട് പോലീസ് ക്ലബ്ബില്‍ വെച്ച് നടത്തിയ ഓട്ടോറിക്ഷ വിതരണത്തില്‍ നിരവധി പ്രമുഖര്‍ പങ്കെടുത്തു. ഈ വര്‍ഷം തലശ്ശേരി, തിരൂര്‍, എറണാകുളം, കൊല്ലം എന്നീ കേന്ദ്രങ്ങളില്‍ നടന്ന സകാത്ത് പദ്ധതികളുടെ വിതരണത്തിലും മറ്റു പരിപാടികളിലും മന്ത്രിമാരായ ഇബ്‌റാഹീം കുഞ്ഞ്, സി.എന്‍ ബാലകൃഷ്ണന്‍, എം.ഐ ഷാനവാസ് എം.പി, സി. മമ്മുട്ടി എം.എല്‍.എ, എളമരം കരീം എം.എല്‍.എ, ഹൈബി ഈഡന്‍ എം.എല്‍.എ, കെ. ദാമോദരന്‍ എം.എല്‍.എ, ടി. ആരിഫലി, ഒ. അബ്ദുര്‍റഹ്മാന്‍, ഐ.പി പോള്‍, തേറമ്പില്‍ രാമകൃഷ്ണന്‍, കുഞ്ഞിമുഹമ്മദ് പറപ്പൂര്‍, ചെറിയമുണ്ടം അബ്ദുല്‍ ഹമീദ് മദനി, മുഹമ്മദ് ബാബു സേട്ട്, ഡോ. മൂസകുഞ്ഞി, സലാം വെഞ്ഞാറമൂട്, അഡ്വ. ഇബ്‌റാഹീം ഖാന്‍, എം.കെ മുഹമ്മദലി തുടങ്ങിയവര്‍ പങ്കെടുത്തു.

ബൈത്തുസ്സകാത്ത് കേരള
www.baithuzzakathkerala.org
P.B.No. 833, Hira Centre, Kozhikode - 673 004  Tel: 0495-2720752, 2722709
A/c Name: Baithuzzakath Kerala, A/c No.13890200007325

Federal Bank Ltd., S.M. Street, Kozhikode, IFSCode:FDRL0001389

Comments

ഖുര്‍ആന്‍ ബോധനം

ഖുര്‍ആന്‍ ബോധനം
എ.വൈ.ആര്‍