Prabodhanm Weekly

Pages

Search

2013 ജൂലായ് 5

സകാത്തും കേരളത്തിന്റെ വികസനവും

സി.പി ഹബീബ് റഹ്മാന്‍

വിശുദ്ധി, വളര്‍ച്ച എന്നൊക്കെയാണ് സകാത്ത് എന്ന പദത്തിന്റെ അര്‍ഥം. മാനവികവും സാമൂഹികവും രാഷ്ട്രീയവുമായ മൂല്യങ്ങള്‍ ഉള്‍ക്കൊള്ളുന്ന സുപ്രധാനമായ ഒരു പ്രവര്‍ത്തനമാണ് സകാത്ത്. സകാത്ത് പ്രവര്‍ത്തനം ശക്തിപ്പെടുത്തുന്നതിലൂടെ സാമൂഹിക പുരോഗതിയും ദാരിദ്ര്യനിര്‍മാര്‍ജനവുമാണ് ഇസ്‌ലാം ലക്ഷ്യം വെക്കുന്നത്. പണം ധനികരില്‍ കേന്ദ്രീകരിക്കുന്നതിന് പകരം ദരിദ്രരിലേക്ക് എത്തുന്നതിന് ഇസ്‌ലാം നിശ്ചയിച്ച ജൈവിക പ്രവൃത്തിയാണത്. സമ്പത്ത് ഒരു ഭാഗത്ത് കേന്ദ്രീകരിക്കുന്നതിന് പകരം എല്ലാ വിഭാഗങ്ങളിലേക്കും ആവശ്യാനുസരണം എത്തിച്ചേരുന്നതിലൂടെ സാമ്പത്തിക വ്യവസ്ഥയുടെ ബാലന്‍സിംഗ് സാധ്യമാകുന്നു. അിശേ ജീ്‌ലൃ്യേ കിേെൃൗാലി േഎന്നാണ് സകാത്ത് വിശേഷിപ്പിക്കപ്പെടുന്നത്. സകാത്തിന്റെ ഗുണഭോക്താക്കളാകുന്നതിലൂടെ സമൂഹത്തിലെ പിന്നാക്ക വിഭാഗങ്ങള്‍ക്ക് സാമ്പത്തിക പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടുന്നതിനും അവരുടെ കഴിവുകള്‍ കാര്യക്ഷമമായി ഉപയോഗിക്കുന്നതിനും അവസരം ലഭിക്കുന്നു.
കേരളത്തിലെ സകാത്ത് പ്രവര്‍ത്തനങ്ങള്‍ കൂടുതല്‍ പ്രതീക്ഷയുണര്‍ത്തുന്ന രീതിയില്‍ മുന്നേറുന്നുണ്ടെങ്കിലും ഇനിയും കൂടുതല്‍ ദൂരം സഞ്ചരിക്കേണ്ടതുണ്ട്. നവോത്ഥാന പ്രസ്ഥാനങ്ങള്‍ അവയുടെ പരിഷ്‌കരണ പ്രവര്‍ത്തനങ്ങളുടെ ഭാഗമായാണ് കേരളത്തില്‍ സംഘടിത സകാത്ത് സംരംഭങ്ങള്‍ക്ക് രൂപം നല്‍കിയത്. സകാത്ത് സംഘടിതമായി ശേഖരിക്കുകയും ആവശ്യക്കാര്‍ക്ക് എത്തിച്ചുകൊടുക്കുകയും സകാത്തിന്റെ പേരില്‍ തെരുവില്‍ അലയുന്നത് അവസാനിപ്പിക്കുകയും ചെയ്യുകയെന്ന ലക്ഷ്യത്തിനപ്പുറത്ത് കാലാനുസൃതമായ ലക്ഷ്യങ്ങള്‍ മുന്‍നിര്‍ത്തി മുന്നോട്ടുപോകാന്‍ സംഘടിത സകാത്ത് സംരംഭങ്ങള്‍ വേണ്ടത്ര ശ്രദ്ധിച്ചിട്ടില്ല. കേരളത്തില്‍ പ്രവര്‍ത്തിക്കുന്ന ആയിരത്തിലധികം പ്രാദേശിക സകാത്ത് സംരംഭങ്ങളില്‍ 75 ശതമാനത്തിലധികം കാലാനുസൃതമായ പുരോഗതി കൈവരിക്കാത്തവയാണ്. 1975-ന് ശേഷമാണ് കേരളത്തില്‍ വ്യാപകമായ സംഘടിത സകാത്ത് പ്രവര്‍ത്തനങ്ങള്‍ക്ക് തുടക്കം കുറിച്ചത്. 2006-ന് മുമ്പാണ് കേരളത്തിലെ 72 ശതമാനം സകാത്ത് കമ്മിറ്റികളും നിലവില്‍വന്നത്. 4 ശതമാനം പ്രാദേശിക സകാത്ത് സംരംഭങ്ങള്‍ ഓരോ വര്‍ഷവും 8 ലക്ഷത്തിന് മുകളില്‍ സകാത്ത് സംഭരിക്കുമ്പോള്‍ 29 ശതമാനം സകാത്ത് ഘടകങ്ങള്‍ 2 ലക്ഷത്തിനും 8 ലക്ഷത്തിനും ഇടക്കാണ് സകാത്ത് സംഭരിക്കുന്നത്. 67 ശതമാനം പ്രാദേശിക സകാത്ത് സംരംഭങ്ങളും 2 ലക്ഷത്തില്‍ താഴെയാണ് ഓരോ വര്‍ഷവും സകാത്ത് സംഭരിക്കുന്നത്. ഈ 67 ശതമാനത്തില്‍ 27 ശതമാനം സംരംഭങ്ങളും 50,000 രൂപയില്‍ താഴെയാണ് സകാത്ത് സംഭരിക്കുന്നത് (ബൈത്തുസ്സകാത്ത് കേരള സര്‍വേ 2012).
ഒരു സാമൂഹിക സേവന സംരംഭം എന്ന നിലയില്‍ സാമൂഹിക പുരോഗതിയുടെ മുഖ്യ ഉപകരണമായി സകാത്തിനെ മാറ്റുകയെന്ന ദീര്‍ഘകാല ലക്ഷ്യം ഇല്ലാത്തതിനാല്‍ നിലവിലെ സംഘടിത സകാത്ത് സംരംഭങ്ങള്‍ അനുഭവിക്കുന്ന പ്രതിസന്ധി വലുതാണ്. മുസ്‌ലിം സംഘടനകളും മഹല്ലുകളും സംഘടിത സകാത്ത് സംരംഭങ്ങള്‍ക്ക് വെവ്വേറെ നേതൃത്വം നല്‍കുന്നതിനാല്‍, മുസ്‌ലിംകള്‍ക്ക് സ്വാധീനമുള്ള പ്രദേശങ്ങളില്‍ ഒന്നിലധികം പ്രാദേശിക സകാത്ത് സംരംഭങ്ങള്‍ പ്രവര്‍ത്തിക്കുന്നുണ്ട്. ഓരോ പ്രദേശത്തും സകാത്ത് ദായകരുടെ വര്‍ധിച്ച പങ്കാളിത്തം ഇതുമൂലം ലഭിക്കുന്നുമുണ്ട്. അതേസമയം ഒരു ദീനിബാധ്യത എന്നതിനപ്പുറത്ത് പ്രദേശത്തിന്റെ ആവശ്യങ്ങള്‍ മുന്‍നിര്‍ത്തി മുന്‍ഗണനാക്രമത്തില്‍ പ്രവര്‍ത്തനങ്ങള്‍ ആവിഷ്‌കരിക്കുന്നതില്‍ വേണ്ടത്ര ശ്രദ്ധചെലുത്തിയിട്ടില്ല.
ഭവനനിര്‍മാണം, ചികിത്സ. തൊഴില്‍, വിദ്യാഭ്യാസം, കുടിവെള്ളം, റേഷന്‍, പെന്‍ഷന്‍, വിവാഹധനസഹായം, ടോയ്‌ലറ്റ് നിര്‍മാണം, കടം വീട്ടല്‍ തുടങ്ങിയ മേഖലകളിലാണ് ഭൂരിഭാഗം സംഘടിത സകാത്ത് സംരംഭങ്ങളും സകാത്ത് വിനിയോഗിക്കുന്നത്. പുതുവിശ്വാസികളുടെ സംരക്ഷണത്തിനും ഇസ്‌ലാമിക പ്രവര്‍ത്തനങ്ങള്‍ക്കും പണം വിനിയോഗിക്കുന്ന സംരംഭങ്ങളുമുണ്ട്. ഭൂരിഭാഗം സകാത്ത് സംരംഭങ്ങളും റമദാന്‍ കേന്ദ്രീകരിച്ച് പ്രവര്‍ത്തനങ്ങള്‍ ക്രമീകരിക്കുന്നവയാണ്. സകാത്ത് സംഭരണത്തിലും വിതരണത്തിലും സാമ്പ്രദായിക രീതികളാണ് അവ പിന്തുടരുന്നത്. പുതിയ ദായകരെ കണ്ടെത്തുന്നതിനും പുതിയ മേഖലകളിലേക്ക് പ്രവര്‍ത്തനം വ്യാപിപ്പിക്കുന്നതിനും  ഗുണഭോക്താക്കളുടെ പുരോഗതി വിലയിരുത്തുന്നതിനും വേണ്ടത്ര ആസൂത്രണമോ സംവിധാനമോ ഇല്ല. സകാത്ത് സംരംഭങ്ങളെക്കുറിച്ച് ബൈത്തുസ്സകാത്ത് കേരള നടത്തിയ സര്‍വേ പ്രകാരം കൃത്യമായ ടാര്‍ഗറ്റ് നിശ്ചയിച്ച് പ്രവര്‍ത്തിക്കുന്ന സംരംഭങ്ങള്‍ 26 ശതമാനമാണ്. ഓരോ വര്‍ഷവും പ്രോജക്ട് തയാറാക്കി പ്രവര്‍ത്തിക്കുന്നവ 17 ശതമാനവും പുതിയ മേഖല കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്നവ 24 ശതമാനവും. ഗുണഭോക്താക്കളുടെ ജീവിതായോധന പുരോഗതി 28 ശതമാനം സംരംഭങ്ങളേ വിലയിരുത്തുന്നുള്ളൂ.
സകാത്ത് പ്രചാരണങ്ങളിലും സാമ്പ്രദായിക രീതികള്‍ പിന്തുടരുന്നവയാണ് ഭൂരിഭാഗം സംരംഭങ്ങളും. നോട്ടീസ്, ബ്രോഷര്‍, ബുക്ക് ലെറ്റ്, പള്ളികള്‍ കേന്ദ്രീകരിച്ചുള്ള ബോധവല്‍ക്കരണം തുടങ്ങിയവയാണ് മുഖ്യമായ പ്രചാരണ രീതികള്‍. പുതിയ കാലത്തെ പ്രചാരണ രീതികളും സോഷ്യല്‍ മീഡിയയും ഓണ്‍ലൈന്‍ സംവിധാനങ്ങളും പ്രചാരണത്തിന് ഉപയോഗിക്കുന്നത് അപൂര്‍വം. വിദ്യാഭ്യാസ പുരോഗമന പ്രവര്‍ത്തനങ്ങളുടെ ഫലമായി മികച്ച പ്രഫഷനലുകളും സംരംഭകരും സകാത്ത് ദായകരായി ഉയര്‍ന്നുവന്നിട്ടുണ്ട് ഇടക്കാലത്ത്. അവരിലേക്ക് കൂടി ചെന്നെത്താന്‍ പുതിയ പ്രചാരണ മാര്‍ഗങ്ങള്‍ അനിവാര്യമാണ്.
ഓരോ വര്‍ഷവും ശേഖരിക്കപ്പെടുന്ന സകാത്ത് നിശ്ചിതകാലയളവില്‍ അര്‍ഹരായവര്‍ക്ക് എത്തിക്കാന്‍ ജാഗ്രത കാണിക്കുന്നുണ്ടെങ്കിലും, അതത് പ്രദേശത്തിന്റെ സാമൂഹിക ചുറ്റുപാടുകള്‍ പഠിച്ച് ആവശ്യങ്ങളെ മുന്‍ഗണനാക്രമത്തില്‍ നിശ്ചയിച്ച് അവ പൂര്‍ത്തീകരിക്കപ്പെടുന്നുണ്ട് എന്ന് ഉറപ്പു വരുത്താന്‍ പല സകാത്ത് സംരംഭങ്ങളിലും സംവിധാനമില്ല. ആവശ്യമായ ഫണ്ട് ലഭ്യമല്ലാത്തതും ശാസ്ത്രീയമായ പ്രവര്‍ത്തന രീതി ആവിഷ്‌കരിക്കാത്തതും ഇതിന് അടിസ്ഥാന കാരണങ്ങളാണ്.
കേരളത്തിലെ സംഘടിത സകാത്ത് സംരംഭങ്ങളുടെ പ്രവര്‍ത്തന ശൈലിയില്‍ വലിയ മാറ്റങ്ങള്‍ വരുത്തിയെങ്കില്‍ മാത്രമേ അതിനെ കാര്യക്ഷമമാക്കാന്‍ സാധിക്കൂ. താഴെ പറയുന്ന മേഖലകള്‍ മുന്‍നിര്‍ത്തി സംഘടിത സകാത്ത് സംരംഭങ്ങളുടെ പ്രവര്‍ത്തന രീതികള്‍ പുനരാവിഷ്‌കരിക്കേണ്ടതുണ്ട്.

പ്രവര്‍ത്തന മേഖല/ രീതി
പ്രാദേശികമായും സംസ്ഥാനതലത്തിലും സകാത്ത് സംരംഭങ്ങള്‍ കൂടുതല്‍ വികസിക്കേണ്ടതുണ്ട്. സകാത്ത് സംരംഭങ്ങള്‍ വ്യാപകമാവുന്നതോടെ സകാത്തിന്റെ ജനകീയവല്‍ക്കരണവും സാധ്യമാവും. അങ്ങനെ കൂടുതല്‍ ദായകരെ സകാത്ത് പ്രവര്‍ത്തനങ്ങളില്‍ പങ്കാളികളാക്കാം. അതേ സമയം പ്രാദേശിക സകാത്ത് സംരംഭങ്ങള്‍ക്ക് പ്രദേശത്തിന്റെയും സമൂഹത്തിന്റെയും വലിയ ലക്ഷ്യങ്ങള്‍ മുന്‍നിര്‍ത്തി പദ്ധതികള്‍ ആവിഷ്‌കരിക്കുമ്പോള്‍ പ്രയാസങ്ങള്‍ നേരിട്ടേക്കാം. സംസ്ഥാനതലത്തില്‍ പ്രവര്‍ത്തിക്കുന്ന സകാത്ത് സംരംഭങ്ങള്‍ക്ക് സംസ്ഥാനത്തിന്റെ വലിയ ലക്ഷ്യങ്ങള്‍ മുന്‍നിര്‍ത്തി പദ്ധതികള്‍ ആവിഷ്‌കരിക്കാനും ധനം സമാഹരിക്കാനും സാധ്യമാവും. ദല്‍ഹി കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന 'സകാത്ത് ഫൗണ്ടേഷന്‍ ഓഫ് ഇന്ത്യ'യുടെ മുഖ്യപ്രവര്‍ത്തനം, സിവില്‍ സര്‍വീസ് പരീക്ഷാ പരിശീലനത്തിനുള്ള സ്‌കോളര്‍ഷിപ്പ് പദ്ധതിയാണ്.
കേരളത്തിലെ സംഘടിത സകാത്ത് സംരംഭങ്ങളുടെ പ്രവര്‍ത്തനങ്ങളെ വിലയിരുത്തുമ്പോള്‍ 'ബൈത്തുസകാത്ത് കേരള'യെപോലുള്ള സംസ്ഥാനതല സകാത്ത് സംരംഭങ്ങളും പ്രദേശിക സകാത്ത് സംരംഭങ്ങളും തമ്മിലുള്ള യോജിച്ച പ്രവര്‍ത്തനം അനിവാര്യമാണ്. ദീര്‍ഘകാല ലക്ഷ്യം മുന്‍നിര്‍ത്തി കേരളത്തിന്റെ സാമൂഹിക പുരോഗതിക്കനിവാര്യമായ രീതിയില്‍ സകാത്ത് പ്രവര്‍ത്തനങ്ങള്‍ക്ക് ദിശ നിര്‍ണയിക്കുന്നതിന് ബൈത്തുസകാത്തിന് സാധിക്കും. ഇത്തരം ലക്ഷ്യങ്ങള്‍ മുന്‍നിര്‍ത്തി പ്രാദേശിക സകാത്ത് സംരംഭങ്ങളുടെ പ്രവര്‍ത്തനങ്ങള്‍ക്ക് ദിശ നിര്‍ണയിക്കാനും ആവശ്യമായ പരിശീലനവും സഹായവും നല്‍കാനും സംസ്ഥാനതല സകാത്ത് സംരംഭങ്ങള്‍ക്ക് സാധിക്കും. പ്രോജക്റ്റ് പ്ലാനിംഗ്, ട്രെയ്‌നിംഗ്, മൂല്യനിര്‍ണയം, സാമ്പത്തിക സഹകരണം തുടങ്ങിയ മേഖലകളില്‍ ബൈത്തുസ്സകാത്തും പ്രാദേശിക സകാത്ത് സംരംഭങ്ങളും തമ്മിലുള്ള സഹകരണം സാധ്യമാണ്. ഈ സഹകരണം സാധ്യമായാല്‍ ഗുണഭോക്താക്കളുടെ ആവശ്യങ്ങള്‍ പൂര്‍ത്തീകരിക്കപ്പെടുന്ന രീതിയില്‍ പദ്ധതികള്‍ ആവിഷ്‌കരിക്കാനും സകാത്ത് സംരംഭങ്ങളുടെ സജീവത നിലനിര്‍ത്താനും അത് വലിയ അളവില്‍ സഹായകമാവും.

പദ്ധതികള്‍
കേരളത്തിന്റെ സവിശേഷ സാഹചര്യത്തില്‍ സകാത്ത് പദ്ധതികള്‍ നിര്‍ണയിക്കുന്നതിലും നടപ്പാക്കുന്നതിലും നവീന രീതികള്‍ ആവിഷ്‌കരിക്കേണ്ടതുണ്ട്. ഇന്ത്യയുടെ മറ്റു ഭാഗങ്ങളെ അപേക്ഷിച്ച് സാമൂഹിക സാമ്പത്തിക വിദ്യാഭ്യാസ മേഖലയില്‍ മുസ്‌ലിം സമൂഹം സ്തുത്യര്‍ഹമായ നേട്ടം കൈവരിച്ചിട്ടുണ്ടെങ്കിലും, പിന്തള്ളപ്പെട്ടുപോകുന്ന ജനവിഭാഗങ്ങള്‍ ഓരോ പ്രദേശത്തുമുണ്ട് എന്നതാണ് യാഥാര്‍ഥ്യം. ജീവിത നിലവാരം ഉയര്‍ന്നതോടെ ആരോഗ്യ വിദ്യാഭ്യാസ തൊഴില്‍ മേഖലയില്‍ പിന്തള്ളപ്പെട്ടു പോകുന്നവര്‍ വര്‍ധിക്കുകയാണ്. കേരളത്തിന്റെ സാമ്പത്തിക നട്ടെല്ലായി പ്രവര്‍ത്തിക്കുന്ന ഗള്‍ഫ് തൊഴില്‍ മേഖലയുടെ പച്ചപ്പ് അനുദിനം കുറഞ്ഞുകൊണ്ടിരിക്കെ കൂടുതല്‍ സ്ഥിരതയുള്ള പദ്ധതികള്‍ ആവിഷ്‌കരിക്കാന്‍ സകാത്ത് സംരംഭങ്ങള്‍ക്ക് സാധിക്കേണ്ടതുണ്ട്.
ഭൂമിശാസ്ത്രപരമായി കേരളത്തിലെ തീരദേശ മേഖലകളും തോട്ടംതൊഴിലാളി മേഖലകളും വലിയ പിന്നാക്കാവസ്ഥ അനുഭവിക്കുന്നുണ്ട്. ആരോഗ്യ വിദ്യാഭ്യാസ മേഖലകളിലും ദുരിതമനുഭവിക്കുന്നവരുടെ എണ്ണം വര്‍ധിക്കുകയാണ്. അതിനാല്‍ കൂടുതല്‍ ഗൗരവതരമായ ചര്‍ച്ച സകാത്ത് പദ്ധതികളെക്കുറിച്ച് അനിവാര്യമാണ്. കുറെയേറെ ഗുണഭോക്താക്കളിലേക്ക് സകാത്ത് എത്തിക്കുക എന്നതിനപ്പുറം, നിര്‍ണിത കാലംകൊണ്ട് ഒരു പ്രദേശത്തെ സ്വയം പര്യാപ്തമാക്കുക എന്നതായിരിക്കണം സകാത്ത് സംരംഭങ്ങളുടെ ലക്ഷ്യം. അടുത്ത പത്തു വര്‍ഷത്തേക്ക് ഏകീകൃത ലക്ഷ്യം നിര്‍ണയിച്ച് കേരളത്തിലെ സംഘടിത സകാത്ത് സംരംഭങ്ങള്‍ സകാത്ത് സംഭരണവും വിതരണവും നിര്‍വഹിച്ചാല്‍ ഭവന, തൊഴില്‍, ആരോഗ്യ, വിദ്യാഭ്യാസ മേഖലകളില്‍ സുസ്ഥിരമായ അടിത്തറ കെട്ടിപ്പടുക്കാന്‍ മുസ്‌ലിം സമുദായത്തിന് സാധ്യമാവും.

ചില നിര്‍ദേശങ്ങള്‍
1.     സര്‍ക്കാറുകള്‍ പഞ്ചവല്‍സര പദ്ധതികള്‍ ആവിഷ്‌കരിക്കുന്നതുപോലെ സംസ്ഥാനതലത്തിലെയും പ്രാദേശികതലത്തിലെയും സകാത്ത് സംരംഭങ്ങള്‍ വലിയ ലക്ഷ്യങ്ങള്‍ മുന്‍നിര്‍ത്തി ദീര്‍ഘകാല പദ്ധതികള്‍ ആവിഷ്‌കരിക്കുക. പഞ്ചവത്സര സകാത്ത് പദ്ധതികള്‍ എന്നു തന്നെ അതിന് പേര് നല്‍കാവുന്നതാണ്.
2. ഭവന നിര്‍മാണം, തൊഴില്‍, വിദ്യാഭ്യാസം, ചികിത്സ, കുടിവെള്ളം എന്നീ മേഖലകളിലാണ് നിലവില്‍ സകാത്ത് സംരംഭങ്ങള്‍ ശ്രദ്ധ കേന്ദ്രീകരിച്ചിരിക്കുന്നത്. ഇത്തരം മേഖലകളില്‍ കേന്ദ്ര സംസ്ഥാന സര്‍ക്കാറുകളുടെ പദ്ധതികള്‍ ധാരാളമുണ്ടെങ്കിലും, അവയെ വേണ്ടവിധം ഉപയോഗപ്പെടുത്തുന്നില്ല. പ്രാദേശിക സകാത്ത് സംരംഭങ്ങള്‍ക്കാവട്ടെ വ്യക്തികളുടെ ആവശ്യങ്ങളെ പൂര്‍ത്തീകരിക്കാന്‍ സാധിക്കുന്നുമില്ല. അപ്പോള്‍ സകാത്ത് സംരംഭങ്ങളുടെയും ഗുണഭോക്താവിന്റെയും പ്രാദേശിക സന്നദ്ധ സംഘടനകളുടെയും വിഹിതത്തിനൊപ്പം, സര്‍ക്കാര്‍ വിഹിതവും കൂടി ലഭ്യമാക്കി ഒരു പങ്കാളിത്ത സമീപനം (ജമൃശേരശുമീേൃ്യ മുുൃീമരവ) സകാത്ത് പദ്ധതികള്‍ക്ക് അനിവാര്യമാണ്.
3. തീരെ അവശതയനുഭവിക്കുന്നവരും നിരാലംബരുമായ വ്യക്തികള്‍ക്കുള്ള സഹായം (റേഷന്‍, പെന്‍ഷന്‍, ചികിത്സ) മുന്‍ഗണനാ ക്രമത്തില്‍ തന്നെ നിര്‍വഹിക്കപ്പെടണം. കേരളത്തിന്റെ സാഹചര്യം പരിഗണിക്കുമ്പോള്‍ ആകെ സകാത്ത് വിഹിതത്തിന്റെ 10 ശതമാനത്തില്‍ താഴെ മാത്രമാണ് ഇത്തരം പദ്ധതികള്‍ക്കുവേണ്ടി വിനിയോഗിക്കേണ്ടി വരുന്നത്. ബാക്കി 90 ശതമാനം സകാത്ത് വിഹിതം കൂടുതല്‍ ക്രിയാത്മകമായ രീതിയില്‍ വിനിയോഗിക്കണം.
നിലവിലെ സാഹചര്യത്തില്‍ മനുഷ്യ വിഭവങ്ങളുടെ വികാസം (ഹ്യൂമണ്‍ റിസോഴ്‌സ് ഡെവലപ്‌മെന്റ്) എന്ന മേഖലയിലാണ് കൂടുതല്‍ സകാത്ത് വിഹിതം ചെലവഴിക്കേണ്ടത്. നിലവില്‍ തൊഴില്‍ മേഖലയിലും വിദ്യാഭ്യാസ മേഖലയിലും സകാത്ത് ഫണ്ടുകള്‍ വിനിയോഗിക്കുന്നുണ്ടെങ്കിലും മികച്ച പ്ലാനിംഗോടെ സമുദായത്തിന്റെയും സമൂഹത്തിന്റെയും ഭാവി ലക്ഷ്യങ്ങള്‍ മുന്‍നിര്‍ത്തി ഈ മേഖലയിലെ പ്രവര്‍ത്തനങ്ങള്‍ പുനരാവിഷ്‌കരിക്കണം.

വിദ്യാഭ്യാസ മേഖല
സ്വാശ്രയ കോളേജുകളുടെ കടന്നുവരവോടെ പ്രഫഷണല്‍ വിദ്യാഭ്യാസ രംഗത്തേക്ക് കൂടുതല്‍ വിദ്യാര്‍ഥികള്‍ എത്തിപ്പെടുന്നുണ്ടെങ്കിലും പഠനം പൂര്‍ത്തീകരിക്കുന്നതിനുള്ള സാമ്പത്തിക സ്രോതസ്സ് ബാങ്ക് ലോണുകള്‍ തന്നെയാണ്. ഭൂരിഭാഗം സകാത്ത് സംരംഭങ്ങളും സ്‌കോളര്‍ഷിപ്പ് സെല്ലുകളും വിദ്യാര്‍ഥികള്‍ക്ക് ചില സാമ്പത്തിക സഹായങ്ങളൊക്കെ നല്‍കുന്നുണ്ട്. ഇത്തരം സഹായങ്ങള്‍ വിദ്യാര്‍ഥിയുടെ ഓരോ വര്‍ഷത്തെയും പഠന ചെലവിന്റെ ചെറിയൊരു ശതമാനം മാത്രമാണ്. അക്കാദമികമായി ഉന്നത നിലവാരം പുലര്‍ത്തുന്ന വിദ്യാര്‍ഥികളിലേക്കല്ല ഇത്തരം സ്‌കോളര്‍ഷിപ്പുകള്‍ കൂടുതല്‍ എത്തുന്നത് എന്നതും ശ്രദ്ധിക്കപ്പെടണം. കേരളത്തില്‍ കരിയര്‍ പ്ലാനിംഗുമായി ബന്ധപ്പെട്ട് വിദ്യാര്‍ഥികളും രക്ഷിതാക്കളും എത്തിപ്പെട്ട അനിശ്ചിതാവസ്ഥ  ഇതിനൊരു കാരണമാണെങ്കിലും വിദ്യാഭ്യാസ മേഖലയില്‍ സകാത്ത് ഏത് രീതിയില്‍ ചെലവഴിക്കണം എന്നത് ഇനിയും നാം കൂടുതലായി ചര്‍ച്ച ചെയ്യണം. രാജ്യത്തെ സെന്‍ട്രല്‍ യൂണിവേഴ്‌സിറ്റികള്‍, ഐ.ഐ.എം, ഐ.ഐ.ടി, ഐ.ഐ.എസ്, ഐസര്‍, ദേശീയ ഇന്‍സ്റ്റിറ്റിയൂട്ടുകള്‍ തുടങ്ങിയ നൂറുകണക്കിന് സ്ഥാപനങ്ങളുണ്ടെങ്കിലും ഇത്തരം സ്ഥാപനങ്ങളില്‍ പ്രവേശനം നേടുന്ന മുസ്‌ലിം വിദ്യാര്‍ഥികള്‍ വളരെ കുറവാണ്. അതുപോലെ സിവില്‍ സര്‍വീസ്, യു.പി.എസ്.സി സ്റ്റാഫ് സെലക്ഷന്‍ പരീക്ഷ, യു.ജി.സി നെറ്റ് - ജെ.ആര്‍.എഫ്, മാനേജ്‌മെന്റ്, നിയമം, ജേര്‍ണലിസം, ഗവേഷണം തുടങ്ങിയ മേഖലകളിലും മുസ്‌ലിം പ്രാതിനിധ്യം കുറവാണ്. അതിനാല്‍ ഉന്നതസ്ഥാപനങ്ങളിലും സര്‍വീസുകളിലും എത്തിപ്പെടാന്‍ സഹായിക്കുന്ന പരിശീലന പരിപാടികള്‍ക്ക് സകാത്ത് ഫണ്ടുകള്‍ വിനിയോഗിച്ചാല്‍ അത് കൂടുതല്‍ ഗുണപ്രദമാവും.  
കേരളത്തില്‍ മുസ്‌ലിം മാനേജ്‌മെന്റുകള്‍ക്കു കീഴില്‍ നൂറു കണക്കിന് വിദ്യാഭ്യാസ സ്ഥാപനങ്ങളുണ്ട്. സ്ഥാപനങ്ങളില്‍ സകാത്തിനര്‍ഹരായ വിദ്യാര്‍ഥികള്‍ക്ക് നിശ്ചിത ശതമാനം സീറ്റുകള്‍ നീക്കിവെക്കുകയും വിദ്യാര്‍ഥികളുടെ പഠന ചെലവിന്റെ നിശ്ചിത ശതമാനം സകാത്ത് കമ്മറ്റികള്‍ വഹിക്കുകയും ചെയ്താല്‍ നേരത്തെ പറഞ്ഞ പങ്കാളിത്ത സമീപനം വഴി ധാരാളം കുട്ടികള്‍ക്ക് ഉന്നത വിദ്യാഭ്യാസ സൗകര്യം ഉറപ്പുവരുത്താന്‍ സാധിക്കും.
തൊഴില്‍ വിദ്യാഭ്യാസ മേഖലയിലും ഇത് പരീക്ഷിക്കാം. ദരിദ്ര കുടുംബങ്ങളിലെ വിദ്യാര്‍ഥികളെ പെട്ടെന്ന് തൊഴില്‍ ലഭ്യമാകുന്നതിനുള്ള ഹ്രസ്വകാല തൊഴില്‍ കോഴ്‌സുകളില്‍ ചേര്‍ക്കുന്നതിനും ഫണ്ടുകള്‍ വിനിയോഗിക്കേണ്ടതുണ്ട്. മുസ്‌ലിം മാനേജ്‌മെന്റുകള്‍ക്ക് കീഴിലെ ഐ.ടി.സികളും സകാത്ത് സംരംഭങ്ങളും സഹകരിച്ചുകൊണ്ട് ഒരു സ്‌കീം ആവിഷ്‌കരിക്കാവുന്നതാണ്.
മത വിദ്യാഭ്യാസ സ്ഥാപനങ്ങള്‍, ഇസ്‌ലാമിയാ കോളേജുകള്‍, ഇസ്‌ലാമിക് യൂണിവേഴ്‌സിറ്റികള്‍, സ്‌കൂളുകള്‍ തുടങ്ങിയവയുടെ അക്കാദമിക പുരോഗതിക്കും സകാത്ത് ഫണ്ടുകള്‍ വിനിയോഗിക്കേണ്ടതുണ്ട്. ചുരുക്കത്തില്‍ കേരളീയ സമൂഹം വിദ്യാഭ്യാസ മേഖലയില്‍ നേടിയെടുത്ത പുരോഗതിയെ ഉയരങ്ങളിലെത്തിക്കുന്നതിനുള്ള സംവിധാനമായിരിക്കണം നാം വിദ്യാഭ്യാസ മേഖലകളില്‍ ചെലവഴിക്കുന്ന സകാത്ത് ഫണ്ടുകള്‍. വിദ്യാഭ്യാസ മേഖലയില്‍ വൈവിധ്യപൂര്‍ണമായി മുന്നേറുന്നതു തന്നെയാണ് സമുദായത്തിന്റെയും സമൂഹത്തിന്റയും അടിസ്ഥാന ശക്തി.

തൊഴില്‍മേഖല
സകാത്ത് സംരംഭങ്ങള്‍ കൂടുതല്‍ പ്രാധാന്യം നല്‍കേണ്ട മറ്റൊരു മേഖലയാണ് തൊഴില്‍. സകാത്തിനര്‍ഹനായ വ്യക്തിയെ സ്വയം പര്യാപ്തമാക്കുന്നതിലേക്ക് നയിക്കുന്ന സുപ്രധാന ഘടകം സുസ്ഥിരമായ തൊഴിലാണ്. കേരളത്തിലെ സകാത്ത് സംരംഭങ്ങള്‍ പല രീതിയില്‍ ഈ മേഖലയില്‍ പ്രവര്‍ത്തിക്കുന്നുണ്ടെങ്കിലും ഗുണഭോക്താക്കളുടെ തൊഴില്‍ മേഖലയിലെ പുരോഗതി ശാസ്ത്രീയമായി വിലയിരുത്താറില്ല പൊതുവെ.

ചില നിര്‍ദേശങ്ങള്‍
1.    പ്രഫഷണല്‍ ഡിഗ്രിയും സാങ്കേതിക പരിജ്ഞാനവും നേടിയ നിരവധിയാളുകള്‍ സമുദായത്തിലുണ്ടെങ്കിലും ഇവര്‍ക്ക് തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുന്നതില്‍ സര്‍ക്കാറുകളടക്കം ഇനിയും വേണ്ടത്ര വിജയിച്ചിട്ടില്ല. അതിനാല്‍ സകാത്തിനര്‍ഹരായ വിദ്യാസമ്പന്നരെ പ്രത്യേകം ലക്ഷ്യംവെച്ച് അവരുടെ താല്‍പര്യവും കഴിവും യോഗ്യതയും പരിഗണിച്ച് തൊഴില്‍ പദ്ധതികള്‍ ആവിഷ്‌കരിക്കണം. സംസ്ഥാനതലത്തിലെ സകാത്ത് സംരംഭങ്ങള്‍ക്കാണ് ഈ മേഖലയില്‍ കൂടുതല്‍ പദ്ധതികള്‍ ആവിഷ്‌ക്കരിക്കാനാവുക.
2. സ്ത്രീ തൊഴില്‍ മേഖലകളെ പരിപോഷിപ്പിക്കുന്ന പുതിയ പദ്ധതികള്‍ ആവിഷ്‌ക്കരിക്കുക. തീരപ്രദേശങ്ങളിലെയും തോട്ടം തൊഴിലാളി മേഖലകളിലെയും സ്ത്രീകള്‍ക്ക് വേണ്ടി പ്രത്യേകം പദ്ധതി ആവിഷ്‌കരിക്കണം. കോഴിക്കോട് നഗരത്തിലെ പിന്നാക്ക പ്രദേശമായ വെള്ളയില്‍ ബീച്ചില്‍ 2012 ല്‍ നടത്തിയ സര്‍വേ പ്രകാരം തൊഴിലെടുക്കുന്ന സ്ത്രീകള്‍ 2 ശതമാനത്തില്‍ താഴെയാണ്.
3. വ്യക്തികള്‍ക്കും ഗ്രൂപ്പുകള്‍ക്കും തൊഴില്‍ പദ്ധതികള്‍ അനുവദിക്കുമ്പോള്‍ പ്രസ്തുത മേഖലയിലെ അവരുടെ കഴിവുകള്‍ പരിശോധിക്കണം. ആവശ്യമായ പരിശീലനം നല്‍കണം.
4. സകാത്തിനര്‍ഹരായ വ്യക്തികള്‍ക്ക് ഹ്രസ്വകാല തൊഴില്‍ പരിശീലന കോഴ്‌സുകള്‍ നല്‍കുകയും, വിജയകരമായി പൂര്‍ത്തീകരിക്കുന്നവര്‍ക്ക് തൊഴില്‍ യൂണിറ്റ് ആരംഭിക്കുന്നതിന് സഹായം നല്‍കുകയും ചെയ്യുക.
5. സുസ്ഥിരമായ തൊഴില്‍ സംരംഭം എന്ന നിലക്ക് ഏതെങ്കിലും ഉല്‍പ്പന്നം ബ്രാന്റ് ചെയ്തു പുറത്തിറക്കുകയും സകാത്ത് ഗുണഭോക്താക്കളുടെ തൊഴില്‍ സ്ഥിരത ഉറപ്പ് വരുത്തുകയും ചെയ്യുക. ബിസിനസ്സ് സംരംഭകരുടെയും സകാത്ത് സംരംഭങ്ങളുടെയും സംയുക്ത പദ്ധതിയായി ഇത്  ആവിഷ്‌കരിക്കാം.

ചികിത്സ
സകാത്ത് വിനിയോഗിക്കപ്പെടുന്ന സുപ്രധാന മേഖല ചികിത്സാരംഗമാണ്. മാരക രോഗങ്ങള്‍ക്ക് അടിപ്പെട്ടവര്‍ക്കാണ് സാധാരണ ചികിത്സാ സഹായം അനുവദിക്കാറുള്ളത്. താല്‍ക്കാലിക ആശ്വാസം എന്ന നിലയിലാണ് ചികിത്സാ സഹായങ്ങള്‍ നല്‍കി വരുന്നത്. കേരളത്തിലെ പ്രൈവറ്റ് ഹോസ്പിറ്റലുകളെ കോര്‍ത്തിണക്കി മാധ്യമം ഹെല്‍ത്ത് കെയര്‍ പദ്ധതി മോഡലില്‍ സകാത്ത് സംരംഭങ്ങളും ആശുപത്രികളും സംയുക്തമായി ചികിത്സാ പദ്ധതി ആവിഷ്‌കരിക്കുകയാണെങ്കില്‍ ഗുണഭോക്താക്കളുടെ ആവശ്യങ്ങള്‍ പൂര്‍ത്തീകരിക്കുംവിധം ഈ രംഗത്ത് വിജയകരമായി മുന്നോട്ടുപോകാനാവും.

സകാത്ത് ഇന്‍സ്റ്റിറ്റിയൂഷന്‍
കേരളത്തിലെ സകാത്ത് സംരംഭങ്ങളെ കോര്‍ത്തിണക്കാനും അവയുടെ പ്രവര്‍ത്തനങ്ങള്‍ക്ക് ദിശ നിര്‍ണയിക്കാനും സകാത്ത് ഇന്‍സ്റ്റിറ്റിയൂഷന്‍ അനിവാര്യമാണ്. സകാത്തിന്റെ ഓരോ വര്‍ഷത്തെയും ലക്ഷ്യങ്ങള്‍ നിര്‍ണയിക്കുക, പ്രവര്‍ത്തനങ്ങള്‍ അവലോകനം ചെയ്യുക, സകാത്ത് സംരംഭങ്ങള്‍ക്ക് ആവശ്യമായ പരിശീലനം നല്‍കുക, സകാത്ത് സംഭരണത്തിലും വിതരണത്തിലും നവീന രീതികള്‍ ആവിഷ്‌കരിക്കുക, സകാത്തിന്റെ പുതിയ മേഖലകളെക്കുറിച്ചും നിസാബിനെക്കുറിച്ചും കൃത്യമായ ധാരണ നല്‍കുക തുടങ്ങിയ വിപുലമായ പ്രവര്‍ത്തനങ്ങള്‍ നിര്‍വഹിക്കുന്ന സംവിധാനമായിരിക്കും അത്. കേരളത്തില്‍ പ്രവര്‍ത്തിക്കുന്ന ബൈത്തുസ്സകാത്ത് കേരളയെ അത്തരമൊരു നിലയിലേക്ക് വളര്‍ത്തിക്കൊണ്ടുവരാന്‍ കഴിയും. പാക്കിസ്ഥാനില്‍ പ്രവര്‍ത്തിക്കുന്ന സകാത്ത് ഫൗണ്ടേഷന്‍ ശരീഅത്തിന്റെ അടിസ്ഥാനത്തിലുള്ള കമ്പനിയായി പ്രവര്‍ത്തിക്കുകയും ശേഖരിക്കപ്പെടുന്ന സകാത്ത് ഷെയറിലേക്ക് മാറ്റുകയും സകാത്തിനര്‍ഹരായ വ്യക്തികള്‍ക്ക് അത് ഷെയര്‍ ആയിത്തന്നെ നല്‍കുകയും ചെയ്യുന്ന രീതി ആവിഷ്‌കരിച്ചിട്ടുണ്ട്. കേരളത്തിന്റെ സാമൂഹിക പുരോഗതിയില്‍ സകാത്തിന് വലിയ പങ്കുവഹിക്കാന്‍ സാധിക്കണമെങ്കില്‍ സാമ്പ്രദായിക രീതികളില്‍നിന്ന് പുറത്തുകടന്ന് നവീനരീതികള്‍ കണ്ടെത്തണം. സകാത്ത് സംരംഭങ്ങളുടെ ഊര്‍ജ്ജസ്വലതയും ഗവേഷണ തല്‍പ്പരതയുമാണ് ഈ സംരംഭങ്ങളെ മുന്നോട്ട് നയിക്കുന്നതിലെ മുഖ്യ ഘടകം.

Comments

ഖുര്‍ആന്‍ ബോധനം

ഖുര്‍ആന്‍ ബോധനം
എ.വൈ.ആര്‍