Prabodhanm Weekly

Pages

Search

2013 ജൂലായ് 5

നിങ്ങളുടെ ജീവിതം ഇന്‍ഷുര്‍ ചെയ്യാനാവില്ല

മുഹമ്മദുല്‍ ഗസ്സാലി

ലോകത്തിന്റെ കടിഞ്ഞാണ്‍ അല്ലാഹുവില്‍ നിന്ന് ഒരിക്കലും  നഷ്ടപ്പെടുകയില്ലെന്ന വിശ്വാസം ഒരാള്‍ക്കുണ്ടായാല്‍ അതവനെ വലിയ തോതില്‍ സമാധാനചിത്തനാക്കും. എന്തൊക്കെ സംഭവിച്ചാലും, അവസ്ഥകള്‍ കീഴ്‌മേല്‍ മറിഞ്ഞാലും  അത്യുന്നതമായ ഒരു നിശ്ചയത്തിന്റെ ഭാഗമാണതെന്ന് അവന്‍ മനസ്സിലാക്കും. ''അല്ലാഹു അവന്റെ കാര്യം നടപ്പിലാക്കുക തന്നെ ചെയ്യും. പക്ഷേ, അധിക മനുഷ്യരും അതറിയുന്നില്ല'' (യൂസുഫ് 21).
നാം ചെയ്യേണ്ടത് നാം ചെയ്യുക, ഭാവിഭാഗധേയം സ്രഷ്ടാവില്‍ ഭരമേല്‍പ്പിക്കുക. ഇതാണ് ഈ സൂക്തം ഉണര്‍ത്തുന്നത്. അഥവാ നമ്മുടെ കഴിവിന് അപ്പുറത്തുള്ള കാര്യങ്ങളോര്‍ത്ത് അസ്വസ്ഥനാകേണ്ടതില്ലെന്ന്. ചിലപ്പോള്‍ മനുഷ്യന്‍  നഷ്ടപ്പെട്ടതോര്‍ത്ത് ദുഃഖിതനാകും. മറ്റു ചിലപ്പോള്‍ തന്റെ വീഴ്ചകള്‍ കാരണം അവന്‍ കടുത്ത ആക്ഷേപത്തിന് വിധേയനാകും. എന്നാല്‍, തീരുമാനങ്ങള്‍ തന്റെ പരിധിക്കും കഴിവിനുമപ്പുറത്താണെന്ന് മനസ്സിലാക്കിയാല്‍ ദഃുഖത്തിനോ അസ്വസ്ഥതക്കോ ഉത്കണ്ഠക്കോ സ്ഥാനമുണ്ടാവുകയില്ല.
ഐഹിക ലോകത്തെ ദൃഢമനസ്സോടെ ധീരമായി  വരവേല്‍ക്കേണ്ടതുണ്ട്. അല്ലാഹുവുമായുള്ള ബന്ധം വേര്‍പിരിയുകയും, വേലിയേറ്റമുണ്ടാകുമ്പോള്‍ ആഞ്ഞടിക്കുന്ന തിരമാലകളെ - ചിലരതില്‍ കുടുങ്ങി  മരിക്കുന്നു, ചിലര്‍ രക്ഷപ്പെടുന്നു-  പോലെ സംഭവങ്ങളെ കാണുകയുമാണെങ്കില്‍ മനസ്സ് ശൂന്യമായിത്തീരും. എല്ലാം ദൈവത്തിങ്കല്‍ നിന്നുള്ളതാണെന്ന ദൃഢവിശ്വാസം മനുഷ്യനെ ഇന്നിനെയും നാളെയെയും ധീരമായി നേരിടാനും പ്രാപ്തനാക്കും. മരണത്തെയും ഭൗതിക നഷ്ടങ്ങളെയും പുഞ്ചിരിയോടെ വരവേല്‍ക്കാനും സാധിക്കും. അല്ലാഹു പറഞ്ഞു: ''അവരോട് പറയുക: അല്ലാഹു വിധിച്ചതല്ലാതെ ഒന്നും തന്നെ ഞങ്ങള്‍ക്കു സംഭവിക്കുന്നതല്ല. അല്ലാഹു മാത്രമാകുന്നു ഞങ്ങളുടെ രക്ഷകന്‍. വിശ്വാസികള്‍ അവനില്‍ മാത്രം ഭരമേല്‍പ്പിച്ചുകൊള്ളട്ടെ. അവരോട് പറയുക, ഞങ്ങളെ സംബന്ധിച്ച് നിങ്ങള്‍ക്കു പ്രതീക്ഷിക്കാനുള്ളത് രണ്ട് നന്മകളിലൊരു നന്മയല്ലാതെ മറ്റെന്താണ്?'' (അത്തൗബ 51-52). യുദ്ധത്തില്‍ ജയം അല്ലെങ്കില്‍ മരണം ഇതാണ് ഇവിടെ സൂചിപ്പിക്കുന്നത്.  രണ്ടായാലും വിശ്വാസിക്ക് നന്മ മാത്രമാണ്. അല്ലാഹുവിങ്കല്‍ പുണ്യകരവുമാണ്.  മതമില്ലാത്തവനാണെങ്കിലോ യുദ്ധത്തില്‍ വിജയം വരിച്ചാലും പരാജയപ്പെട്ടാലും അവന്‍ രണ്ട് ശിക്ഷകള്‍ക്കിടയിലാണ്: ഒന്നുങ്കില്‍ നരകം അല്ലെങ്കില്‍ ഭൗതികലോകം. ''നിങ്ങളുടെ കാര്യത്തില്‍ ഞങ്ങള്‍ പ്രതീക്ഷിക്കുന്നതോ, അല്ലാഹു നേരിട്ടോ ഞങ്ങളുടെ കരങ്ങളാലോ നിങ്ങളെ ശിക്ഷിക്കും എന്നതത്രെ. ശരി, ഇനി നിങ്ങള്‍ കാത്തിരുന്നുകൊള്ളുക. നിങ്ങളോടൊപ്പം ഞങ്ങളും കാത്തിരിക്കാം'' (അത്തൗബ 52).
ഖദ്‌റിനെ, വിധിവിശ്വാസത്തെ സംബന്ധിച്ച വിശ്വാസിയുടെ നിലപാട് ഇതാണ്.  മിക്കയാളും ഈ യാഥാര്‍ഥ്യത്തെ കുറിച്ച് അജ്ഞരോ അതിനെ നിഷേധിക്കുന്നവരോ ആണ്.  അവരെന്നും ദുഃഖം പേറിയും ചിന്താനിമഗ്‌നരായും കര്‍മങ്ങളിലേര്‍പ്പെട്ടുകൊണ്ടിരിക്കും. വന്ന് ഭവിച്ചതിനെ കുറിച്ചല്ല അവര്‍ ദുഃഖിച്ചും ചിന്താനിമഗ്‌നരായും നില്‍ക്കുന്നത്; വരാന്‍പോകുന്നതിനെ കുറിച്ചോര്‍ത്താണ്. ഭാവന എത്രയാണ് അവരെ വ്യാകുലരാക്കുന്നത്! സ്വത്ത് നാശത്തിന്റെയും മരണഭീതിയുടെയും പ്രേതം അവരെ പിന്തുടരുന്നു. എവിടെവെച്ചും ഏത് സമയവും താന്‍ അക്രമത്തിനും ചതിക്കും ഇരയായേക്കുമോ എന്ന തോന്നലുണ്ടാകുന്നു.
ഡേല്‍ കാര്‍നേഗ് പറഞ്ഞു: ''പക്വതയെത്തിയ ധാരാളമാളുകള്‍ കുട്ടികളെ പോലെ ഭയപ്പെടുന്നതായി കാണാം. യാഥാര്‍ഥ്യങ്ങളെ ശരിയായി ഉള്‍ക്കൊണ്ട് ചിന്തകളെ അനിയന്ത്രിതമായി വിലസാന്‍ അനുവദിക്കാതിരുന്നാല്‍ ആ അവസ്ഥയില്‍ നിന്ന് രക്ഷപ്പെടാം.''
ലോകത്തെ അറിയപ്പെടുന്ന ഇന്‍ഷുറന്‍സ് കമ്പനിയാണ് ലണ്ടനിലെ ലോയ്ഡ്‌സ് (ഘഹീ്യറ')െ. മനുഷ്യനിലൊളിഞ്ഞിരിക്കുന്ന ആശങ്ക മുതലെടുത്ത് അനന്തവിദൂര ഭാവിയില്‍ ഒരുപക്ഷേ സംഭവിക്കാനുള്ള സാധ്യതയുടെ പേരില്‍ കോടികളാണ് ഈ കമ്പനി ലാഭം കൊയ്യുന്നത്. അപകട ഭീതിയുളവാക്കി ആളുകളെ പണയം വെക്കുകയാണിവിടെ. ഒരു പക്ഷേ അതൊരിക്കലും സംഭവിക്കാത്തതായിരിക്കാം. പണയം വെക്കല്‍ എന്ന പേരിലല്ല അത് അറിയപ്പെടുന്നത്. ഇന്‍ഷുറന്‍സ് എന്നാണ് അതിനവര്‍ പേരിട്ടിരിക്കുന്നത്. ഇരുനൂറ് വര്‍ഷമായി ഈ കമ്പനി വിജയകരമായി പ്രവര്‍ത്തിക്കുന്നു. ജനങ്ങളുടെ ചിന്താഗതി മാറുന്നില്ലെങ്കില്‍ അഞ്ച് നൂറ്റാണ്ട് ഇങ്ങനെ പ്രവര്‍ത്തിക്കാനാകും.
ചെരിപ്പിനും കപ്പലിനുമൊക്കെ ഇന്‍ഷുറന്‍സുണ്ട്. നാം പേടിച്ച് കാത്തിരിക്കുന്നത് മിക്കവാറും സംഭവിക്കുകയില്ല. അജ്ഞാതമായ ഭാവിയെക്കുറിച്ച പേടി, അതില്‍ നഷ്ടങ്ങള്‍ പ്രതീക്ഷിക്കല്‍,  വരാനിരിക്കുന്ന പ്രയാസങ്ങള്‍ സഹിക്കാന്‍ കഴിയുകയില്ലെന്ന തോന്നല്‍ എന്നിവയാണ് ഇന്‍ഷുറന്‍സ് കമ്പനികളുടെ നിലനില്‍പിന്റെ രഹസ്യം. ലോകത്തിന്റെ മുക്കുമൂലകളില്‍ ഇത്തരം കമ്പനികളുടെ ബ്രാഞ്ചുകള്‍  തലപൊക്കാനും ഇതാണ് കാരണം. ജീവന്  ഭീഷണിയാണെന്ന് പേടിപ്പിച്ച്, യഥാര്‍ഥത്തില്‍ സംഭവിക്കാന്‍ പോകുന്നതിനും സംഭവിച്ചേക്കുമെന്ന് സങ്കല്‍പിക്കുന്നതിനുമിടയിലെ അന്തരം മുതലെടുത്താണ് ഈ സ്ഥാപനങ്ങള്‍ സ്വര്‍ണത്തിന്റെയും വെള്ളിയുടെയും കൂമ്പാരങ്ങള്‍ ഉടമപ്പെടുത്തുന്നത്.
കരയിലും കടലിലും മനുഷ്യന് നേരിട്ട അപകടങ്ങളുടെ കണക്കുകള്‍ നിരത്തി ഈ രോഗത്തെ ചികില്‍സിക്കാന്‍ ഡേല്‍ കാര്‍നേഗ് ശ്രമിക്കുന്നുണ്ട്. എന്നാല്‍, വിശ്വാസ മുക്തമായ മനസ്സുകളില്‍ നിന്ന് ഈ രോഗത്തെ പൂര്‍ണമായും പിഴുതെറിയുക സാധ്യമല്ലെന്ന് മനസ്സിലാക്കുക. ദൈവത്തെ സംബന്ധിച്ച് അബദ്ധജടിലമായ ധാരണകളാണ് ആധുനിക സംസ്‌കാരം വെച്ചുപുലര്‍ത്തുന്നത്. വിശ്വാസം വളരെ ദുര്‍ബലമാണ് അവിടെ. അതുവഴി ഉണ്ടായിത്തീരുന്ന രോഗങ്ങളെ തരംതാഴ്ന്ന മരുന്നുകളുപയോഗിച്ച് ചികിത്സിക്കുന്നു. അങ്ങനെ പണയത്തെ ഇന്‍ഷുറന്‍സ് എന്ന് വിളിക്കുന്നു. വിപത്തുക്കളും പ്രയാസങ്ങളും കുറഞ്ഞതായി,  ഭീതിപൂണ്ട് കഴിയുന്നവര്‍ക്ക് അപ്പോള്‍ തോന്നിത്തുടുങ്ങുന്നു.
ഭാവിയെ സംബന്ധിച്ച് ജാഗ്രത പുലര്‍ത്തേണ്ടതുണ്ട്. വിപത്തുകളേല്‍ക്കുന്നവര്‍ക്ക് നഷ്ടപരിഹാരം നല്‍കേണ്ടതുമുണ്ട്. എന്നാല്‍, വിശ്വാസ ദൗര്‍ബല്യത്താലുണ്ടാകുന്ന ഭീതിയെ ചൂഷണം ചെയ്ത് ഇന്‍ഷുറന്‍സ് കമ്പനിക്കാര്‍ നടത്തുന്ന കച്ചവടതന്ത്രങ്ങളാണ് പ്രശ്‌നം; അതുപോലെ ഭീരുക്കളില്‍ ആധിപത്യം ചെലുത്തുന്ന ഭീതിയും. ്രപപഞ്ചത്തിലാകമാനം ഒളിഞ്ഞിരിക്കുന്ന മരണം കാത്തിരിക്കുന്നവരായി ആ ഭീതി അവരെ മാറ്റുന്നു.
വിശ്വാസ ദൗര്‍ബല്യമുണ്ടാകുമ്പോള്‍, സംഭവിക്കാന്‍ പോകുന്ന കാര്യങ്ങളെ സംബന്ധിച്ച ദുര്‍വിചാരങ്ങള്‍ മനസ്സിനെ സ്വാധീനിക്കുക സ്വാഭാവികമാണ്. ദൈവത്തിലുള്ള ദൃഢ വിശ്വാസവും അവനിലുള്ള സമ്പൂര്‍ണ സമര്‍പ്പണവും അവന്റെ വിധിയിലുള്ള സംതൃപ്തിയും ഉണ്ടാകുമ്പോഴേ ഇതില്‍ നിന്ന് മോചനം സാധ്യമാകൂ. വന്നുഭവിക്കുന്ന സംഭവങ്ങള്‍ സന്തോഷമോ ദുഃഖമോ ഉണ്ടാക്കുന്നതാകട്ടെ, എല്ലാം ദൈവിക നിശ്ചയമാണെന്നും അതില്‍ നിന്ന് രക്ഷപ്പെടാന്‍ സാധ്യമല്ലെന്നുമുള്ള വിശ്വാസത്തോടെ അവയെ വരവേല്‍ക്കണം. അതാണ് ഇസ്‌ലാമിന്റെ ഉപദേശം. നബി (സ) പറഞ്ഞു: ''ദൈവവിധിയിലെ നന്മതിന്മകളില്‍ വിശ്വാസിക്കാതെ ഒരടിമയും വിശ്വാസിയാവുകയില്ല. തീര്‍ച്ചയായും തന്നെ ബാധിച്ചത് ഒഴിവാകുമായിരുന്നില്ലെന്നും ഒഴിവാക്കാന്‍ തീരുമാനിച്ചത്  വന്ന് ഭവിക്കുകയുമില്ലെന്നും മനസ്സിലാക്കുന്നതു വരെയും'' (തിര്‍മിദി). ഇങ്ങനെയുള്ള  വിചാരങ്ങള്‍ പ്രയാസങ്ങളില്‍ നിന്നും ദുഷിച്ച ചിന്തകളില്‍ നിന്നും മനുഷ്യന് മോചനവും ആശ്വാസവുമേകും.  പ്രവാചകന്‍ പറഞ്ഞു: ''അല്ലാഹുവിന്റെ തീരുമാനത്തെ തൃപ്തിപ്പെടുന്നതിലാണ് മനുഷ്യന്റെ സൗഭാഗ്യം. അല്ലാഹു തെരഞ്ഞെടുത്തത് ഒഴിവാക്കലും വിധിച്ചതിനോട് വെറുപ്പ് പ്രകടിപ്പിക്കലും ദൗര്‍ഭാഗ്യവുമാണ്'' (തിര്‍മിദി).
വിവ: അബ്ദുര്‍റഹ്മാന്‍ തുറക്കല്‍

Comments

ഖുര്‍ആന്‍ ബോധനം

ഖുര്‍ആന്‍ ബോധനം
എ.വൈ.ആര്‍