Prabodhanm Weekly

Pages

Search

2013 ജൂലായ് 5

സ്ത്രീകളുടെ 'ചോയ്‌സും' പര്‍ദാവിവാദവും

ജെനി റൊവീന

ഇന്ത്യാവിഷനിലെ ഫൗസിയ മുസ്ത്വഫ, മലപ്പുറത്തെ കുറിച്ചുള്ള ഒരു പരിപാടിയില്‍, പര്‍ദ ഒരു പ്രാകൃത വസ്ത്രമാണ് എന്ന് പറഞ്ഞതുമുതല്‍, ഫേസ്ബുക്കില്‍ നിരവധി ചൂടേറിയ ചര്‍ച്ചകള്‍ നടക്കുന്നത് നമുക്ക് കാണാന്‍ കഴിഞ്ഞു. മലപ്പുറത്തെയും, മുസ്‌ലിം സ്ത്രീകളെയും, സമുദായത്തെയും കുറിച്ച് കാലാകാലമായി കേരളത്തിന്റെ ഹിന്ദു (സവര്‍ണ) പൊതുബോധത്തില്‍ നിലനിന്ന് പോരുന്ന ഹിംസാത്മകമായ കാഴ്ചപ്പാടുകളാണ് ഇന്ത്യാവിഷനിലെ ഈ പരിപാടിയിലൂടെ മുന്നോട്ടുവന്നത്. ഫേസ്ബുക്ക് പോലെയുള്ള പുത്തനിടങ്ങള്‍ ഉണ്ടായിരുന്നില്ലെങ്കില്‍ ഇതിനെയൊന്നും ഇത്ര വിപുലമായ രീതിയില്‍ ചോദ്യം ചെയ്യാന്‍ നമുക്ക് കഴിയുമായിരുന്നില്ല. ഇത്തരം നവമാധ്യമങ്ങളിലൂടെ, ഈ പരിപാടിക്ക് ശേഷം, പൊതുമാധ്യമങ്ങള്‍ പൊതുവെ തഴയുന്ന നിരവധി ചോദ്യങ്ങളും ആശയങ്ങളും അറിവുകളും പുറത്തുവന്നു. മതവിശ്വാസം, ആധുനികയുക്തി, സെക്യുലര്‍-ലിബറല്‍ ചട്ടക്കൂടുകളുടെ പരിമിതികള്‍ എന്നിങ്ങനെ നിരവധി വിഷയങ്ങളിലേക്ക് ചര്‍ച്ച നീങ്ങുന്നത് കാണാമായിരുന്നു. ചില പുരുഷന്മാര്‍ തീര്‍ത്തും അശ്ലീലമായ രീതിയില്‍ അഭിപ്രായങ്ങള്‍ മുന്നോട്ടുവെച്ച് ചര്‍ച്ചയുടെ ഗൗരവം കെടുത്താന്‍ സഹായിച്ചെങ്കിലും, മറ്റനവധി പുരുഷന്മാരും, നിരവധി മുസ്‌ലിം സ്ത്രീകളും ഈ ചര്‍ച്ചയിലിടപെട്ട് സംസാരിക്കുകയും, തങ്ങളെ കുറിച്ചുള്ള വാര്‍പ്പുമാതൃകകളെ ശക്തമായി പ്രതിരോധിക്കുകയും ചെയ്യുന്നത് കാണാമായിരുന്നു.
വാസ്തവത്തില്‍ ഫൗസിയയുടെ പ്രോഗ്രാമിന് ശേഷമുണ്ടായ ഇന്റര്‍നെറ്റ്-സംവാദങ്ങള്‍, പൊതു ഇടങ്ങളെ കൂടുതല്‍ ആള്‍ക്കാര്‍ക്ക് വേണ്ടി തുറന്ന് കൊടുക്കുന്ന നവമാധ്യമങ്ങളുടെ (New media) പ്രത്യേകതയാണ് വെളിപ്പെടുത്തുന്നത്. സ്വാതന്ത്ര്യത്തിന്റെ ഏറ്റവും വലിയ തെളിവായിട്ടാണ് വ്യക്തിപരമായ തെരഞ്ഞെടുപ്പ് അല്ലെങ്കില്‍ 'ചോയ്‌സ്' (Choice) എന്നതിനെ എല്ലാവരും കാണുന്നത്. ജാതി, അടിമത്തം എന്നിങ്ങനെയുള്ള ചൂഷണാത്മകമായ വ്യവസ്ഥകളില്‍നിന്നും സ്വാതന്ത്ര്യം നേടാന്‍ ശ്രമിക്കുന്നവരുടെ സമരങ്ങളോട് താരതമ്യം ചെയ്തുകൊണ്ടാണ് വ്യക്തിപരമായ തെരഞ്ഞെടുപ്പുകള്‍ കാണപ്പെടുന്നത്. അങ്ങനെ വ്യവസ്ഥകളോടുള്ള സമരങ്ങളും, വ്യവസ്ഥകള്‍ക്കുള്ളില്‍ ഉള്ളവരുടെ വ്യക്തിഗതമായ സ്വാതന്ത്ര്യങ്ങളും ഒരേ പ്രാധാന്യത്തോടെ വീക്ഷിക്കപ്പെടുന്നു. ആണ്‍കോയ്മയുടെ സാമൂഹിക-സാംസ്‌കാരിക ഘടനകളെ മാറ്റിമറിക്കാന്‍ വേണ്ടി നിലകൊള്ളുന്ന ഫെമിനിസ്റ്റ് രാഷ്ട്രീയവും പലപ്പോഴും സ്ത്രീകളുടെ വ്യക്തിപരമായ സ്വാതന്ത്ര്യത്തിനു വേണ്ടിയുള്ള സമരങ്ങളിലേക്ക് ചുരുങ്ങുന്നു. ഇങ്ങനെ വ്യക്തി സ്വാതന്ത്ര്യത്തിലൂന്നിയ ഒരു സ്ത്രീപക്ഷം, പലപ്പോഴും, സമുദായങ്ങളുടെ സാമൂഹികമായ നിലപാടുകളോട് കലഹിച്ചുകൊണ്ടാണ് നിലകൊള്ളുന്നത്. ഇതിലൂടെ സമുദായങ്ങള്‍ സ്ത്രീയുടെ സ്വാതന്ത്ര്യത്തിനെതിരെ നിലകൊള്ളുന്ന ഒരു പ്രശ്‌നമായിത്തീരുന്നു. ഇന്ന് വളരെ സാധാരണമായി തീര്‍ന്നിരിക്കുന്ന ഇത്തരം കാഴ്ചപ്പാടുകള്‍ നിരവധി പ്രശ്‌നങ്ങളുയര്‍ത്തുന്നു.
നമ്മള്‍ ആദ്യം തന്നെ ആലോചിക്കേണ്ടത്, നിരവധി സാമുദായിക-സാംസ്‌കാരിക ഘടനകള്‍ക്കുള്ളില്‍ നിലനില്‍ക്കുന്ന ഒരു വ്യക്തിക്ക് ഇത്തരം ഘടനകള്‍ക്കപ്പുറം നീങ്ങിക്കൊണ്ട് എന്തെങ്കിലും തെരഞ്ഞെടുക്കാന്‍ കഴിയുമോ എന്നാണ്. അതുപോലെ, വ്യക്തിപരവും സ്വതന്ത്രവുമായ തെരഞ്ഞെടുപ്പുകള്‍ പലപ്പോഴും ഒരു കാലഘട്ടത്തിലെ അധീശമായ പ്രത്യയശാസ്ത്രങ്ങള്‍ക്കുള്ളില്‍ തന്നെയല്ലേ ഉണ്ടാകുന്നത് എന്ന ചോദ്യവും പ്രധാനമാണ്. മാത്രമല്ല, സ്വാതന്ത്ര്യം, ചോയ്‌സ് എന്നൊക്കെ നമ്മള്‍ ഇന്ന് സ്വതന്ത്രമായി പറയുമ്പോള്‍ ഇവയെല്ലാം ചരിത്രപരമായി നിര്‍മിക്കപ്പെട്ട മൂല്യങ്ങളാണെന്നും നാം മറന്നുപോകുന്നു. വാസ്തവത്തില്‍ നാമിന്നു വാഴ്ത്തുന്ന ചോയ്‌സുകളുടെ രാഷ്ട്രീയത്തെ കുറിച്ച് കൂടുതല്‍ ചിന്തിച്ചാല്‍, പാശ്ചാത്യാധുനികതയുടെ സെക്യുലര്‍-ലിബറല്‍ വ്യവസ്ഥകള്‍ക്കുള്ളിലാണ് ഇവ സ്ഥിതിചെയ്യുന്നത് എന്ന് മനസ്സിലാകും. ഇങ്ങനെയൊരു വ്യവസ്ഥയുടെ ആവശ്യതകള്‍ ഈ സ്വാതന്ത്ര്യത്തെ വലിയ തോതില്‍ നിയന്ത്രിക്കുകയും പരിമിതപ്പെടുത്തുകയും ചെയ്യുന്നുണ്ട്. ഇസ്‌ലാമിക വ്യവഹാരങ്ങളുടെ വെളിച്ചത്തില്‍ ഇത്തരം പരിമിതികളിലേക്ക് നമ്മുടെ ശ്രദ്ധ ക്ഷണിക്കാന്‍ ഏറ്റവും പ്രവര്‍ത്തിച്ചിട്ടുള്ള തലാല്‍ അസദ് എന്ന ചിന്തകന്‍ തന്റെ 'Free Speech, Blasphemy and Secular Criticism' എന്ന ലേഖനത്തില്‍ 'വശീകരണം' എന്ന സംഗതിയെ മുന്‍നിര്‍ത്തിയാണ് ഇത്തരം പ്രവണതകളിലേക്കു വിരല്‍ ചൂണ്ടുന്നത്.
ഒരു വ്യക്തിയുടെ ഉള്ളിലേക്ക് ഏറ്റവും ആഴത്തില്‍ കൈകടത്തി, അവരെ അവരില്‍നിന്ന് തന്നെ മാറ്റിയെടുക്കുന്ന 'വശീകരണം' (Seduction) എന്ന പ്രക്രിയയെ ലിബറല്‍ സമൂഹങ്ങള്‍ തങ്ങളുടെ വ്യക്തി സ്വാതന്ത്ര്യത്തിലേക്കുള്ള കൈകടത്തലായി ഒരിക്കലും കാണുന്നില്ല. കാരണം, ഇത്തരം സമൂഹങ്ങള്‍ക്ക് പ്രധാനമാകുന്നത് മറ്റു ചില സ്വാതന്ത്ര്യങ്ങളാണ്. അവയെല്ലാം തന്നെ സ്വകാര്യസ്വത്തിനു മുകളിലുള്ള കൈകടത്തലുകളെ/ആക്രമണങ്ങളെ സംബന്ധിച്ചുള്ളവയാണ്. സ്വാതന്ത്ര്യം എന്ന ആശയം പലപ്പോഴും ഇതിനോടു ബന്ധപ്പെടുത്തിയാണ് ഇവിടെ കാണപ്പെടുന്നത്. അതുകൊണ്ടുതന്നെ ഇത്തരം സമൂഹങ്ങളില്‍ ഒരാളെ വശീകരിച്ച് അയാളുടെ മനസ്സുമാറ്റിയെടുക്കുക എന്നത് ഒരു തെറ്റല്ല. എന്നാല്‍ അതേസമയം ഒരാളുടെ ശരീരം മറ്റൊരാളുടെ ലൈംഗിക സുഖത്തിന് വേണ്ടി കീഴ്‌പ്പെടുത്തുക എന്നത്-ആ ശരീരം കൈയേറുക എന്നത്-ഇവിടെ ഗൗരവമേറിയ ഒരു കുറ്റകൃത്യമാണ്. കാരണം ഈ കടന്നുകയറ്റം വ്യക്തിയിലൂടെ അവരുടെ സ്വത്തവകാശങ്ങളെ ലംഘിക്കാന്‍ കഴിവുള്ളതാണ്. വശീകരണത്തിലൂടെ ഉണ്ടാകുന്ന കൈകടത്തലുകള്‍ക്ക് ഇങ്ങനെയൊരു ഫലമുണ്ടാകാന്‍ വഴിയില്ല.
തലാല്‍ അസദ് വാദിക്കുന്നത് ഇങ്ങനെയാണ്. ഇതില്‍നിന്ന് വ്യത്യസ്തമായി മറ്റു പല സമൂഹങ്ങളും, ഇസ്‌ലാമികമായ കാഴ്ചപ്പാടുകളും ഇത്തരം വശീകരണ തന്ത്രങ്ങളെ വളരെ ഗൗരവപരമായാണ് കാണുന്നത്. അതുകൊണ്ടാണ് ഇസ്‌ലാമിക ചിന്തയില്‍ 'വശീകരണം' എന്നത് ലൈംഗികതയോട് ബന്ധപ്പെട്ട ഒരു സംഗതി മാത്രമായി തീരാത്തത്. തലാല്‍ അസദ് ചൂണ്ടിക്കാണിക്കുന്നതുപോലെ ഖുര്‍ആനില്‍ തന്നെ വശീകരണത്തെ കുറിച്ച് പറയുന്ന നിരവധി വാക്കുകള്‍ കണ്ടെത്താന്‍ കഴിയും. ഇത്തരം വശീകരണങ്ങള്‍ സാമൂഹികമായ അസ്ഥിരാവസ്ഥയിലേക്ക് നയിക്കുമെന്നും അതുകൊണ്ടുതന്നെ ഇവയെ വളരെ അപകടകരമായ ഒരു കാര്യമായാണ് ഇസ്‌ലാമിക പണ്ഡിതന്മാര്‍ കാണുന്നതെന്നുമാണ് അസദ് പറയുന്നത്. വിശ്വാസത്തെയും, വ്യക്തിയെയും, വശീകരണത്തെയും കുറിച്ചുള്ള ഇസ്‌ലാമികമായ കാഴ്ചപ്പാടുകളെ വായിച്ചുകൊണ്ടാണ് തലാല്‍ അസദ് തന്റെ വാദങ്ങള്‍ മുന്നോട്ടുവെക്കുന്നത്.
എന്നാല്‍ ഇതിനു നേരെ വിപരീതമായി ഇത്തരത്തിലുള്ള കൈകടത്തലുകളെ അസ്വാതന്ത്ര്യത്തിന്റെ ലക്ഷണമായി കാണാതെ അതിനെ സ്വാതന്ത്ര്യത്തിന്റെ തന്നെ ആവശ്യമായാണ് സെക്യുലര്‍ ലിബറല്‍ കാഴ്ചപ്പാടുകള്‍ കാണുന്നത്. മാത്രമല്ല, ഇത്തരം വശീകരണങ്ങള്‍ക്ക് കീഴെ ഉണ്ടായിവരുന്ന 'തെരഞ്ഞെടുപ്പും,' 'വ്യക്തിസ്വാതന്ത്ര്യവുമെല്ലാം' ആധുനിക വ്യവസ്ഥക്ക് അതിപ്രധാനമാണ്. ലിബറല്‍ മൂല്യങ്ങളിലേക്കും, വ്യവസ്ഥകളിലേക്കും, അവര്‍ നിര്‍മിക്കുന്ന ഉല്‍പ്പന്നങ്ങളിലേക്കും, കാമനകളിലേക്കും, രാഷ്ട്രീയ സ്ഥാനങ്ങളിലേക്കും വ്യക്തികളെ പലതരത്തില്‍ വശീകരിച്ചെടുക്കുക എന്നത് സെക്യുലര്‍, ലിബറല്‍ സമുദായങ്ങളുടെ അടിസ്ഥാനപരമായ ആവശ്യമാണ്. ഇത്തരം വശീകരണങ്ങളിലൂടെയാണ്, ഉല്‍പ്പന്നങ്ങളുടെയും ലാഭങ്ങളുടെയും ഈ ലോകം ചലനാത്മകമാവുന്നത്.
തലാല്‍ അസദിന്റെ ചിന്തകളെ മുന്നോട്ടുകൊണ്ടുപോയി, ഫെമിനിസത്തിന്റെ ലിബറല്‍ വേരുകളെ അപനിര്‍മിക്കാന്‍ ശ്രമിക്കുന്ന സബാ മഹ്മൂദിന്റെ പഠനങ്ങള്‍ ഒരു കാര്യം വ്യക്തമാക്കുന്നു. അതുതന്നെയാണ് ഈ ചര്‍ച്ചക്ക് ഏറ്റവും പ്രധാനപ്പെട്ട വസ്തുതയും: ആധുനിക സമൂഹത്തിന്റെ കേന്ദ്രസ്ഥാനത്ത് നില്‍ക്കുന്ന സ്വതന്ത്രയായ (ഒന്നിന്റെയും അടിമയല്ലാത്ത) എന്തും തെരഞ്ഞെടുക്കാന്‍ സ്വാതന്ത്ര്യമുള്ള സ്ത്രീ-ഇതേ സ്ത്രീയെ തന്നെയാണ് പൊതുസംവാദങ്ങളിലും, ഫെമിനിസ്റ്റു വ്യവഹാരങ്ങളിലും നമ്മള്‍ സ്ഥിരം കണ്ടുമുട്ടുന്നത് - വാസ്തവത്തില്‍ ലിബറല്‍ വ്യവസ്ഥയുടെ വശീകരണ യുക്തിയെ കൂടിയാണ് പ്രതിനിധാനം ചെയ്യുന്നത്. അവളുടെ സ്വാതന്ത്ര്യത്തിന്റെ പരിമിതികള്‍ ഉണ്ടാക്കിയെടുക്കുന്നതും ഇതുതന്നെയാണ്.
ലിബറല്‍ വശീകരണ യുക്തി ആധുനിക സ്ത്രീശരീരത്തിനുള്ളിലേക്ക് ചുരുക്കിയെഴുതപ്പെടുമ്പോള്‍, അല്ലെങ്കില്‍ ഇങ്ങനെയൊരു കാഴ്ചപ്പാടിനെ അടയാളപ്പെടുത്താന്‍ ആധുനിക സ്ത്രീശരീരങ്ങള്‍ ഉപയോഗിക്കപ്പെടുമ്പോഴാണ് ലിബറല്‍ വ്യവസ്ഥ പൂര്‍ണമാകുന്നത്. സ്വാതന്ത്ര്യം, ചോയ്‌സ് എന്നിങ്ങനെയുള്ള സംഗതികളുടെ പേരില്‍, ഇങ്ങനെയൊരു പ്രത്യയശാസ്ത്ര യുക്തി പേറിനില്‍ക്കുന്ന, വിവസ്ത്രയായി വശീകരിക്കുന്ന ഒരു സ്ത്രീശരീരം ലിബറല്‍ വ്യവസ്ഥക്ക് അതിപ്രധാനമാകുന്നതും ഇതുകൊണ്ടാണ്. എല്ലാവരും, എപ്പോഴും പറയുന്നതുപോലെ ഉല്‍പ്പന്നങ്ങള്‍ വില്‍ക്കാന്‍ മാത്രമല്ല ഇവള്‍ ഉപയോഗിക്കപ്പെടുന്നത്. പകരം വശീകരണത്തിന്റെ ആകര്‍ഷണത്തിലൂന്നിയ ഒരു സ്ത്രീ ശരീരത്തെയാണ് ഇതുല്‍പ്പാദിക്കുന്നത്. ഇങ്ങനെയൊരു ആകര്‍ഷണത്തിനു പ്രാധാന്യം കൊടുത്തുകൊണ്ട് തങ്ങളുടെ അടിസ്ഥാന വികാരങ്ങളെയും, ചിന്തകളെയും, ലൈംഗികതയെയും, ബുദ്ധിപരവും, ഭൗതികവുമായ എല്ലാ കാഴ്ചപ്പാടുകളെയും തിട്ടപ്പെടുത്തുന്ന വ്യക്തികളെയാണ് ഇങ്ങനെയൊരു സ്ത്രീ ശരീരം നിര്‍മിച്ചെടുക്കാന്‍ സഹായിക്കുന്നത്. ആധുനിക സമൂഹങ്ങളില്‍ സ്ത്രീ കച്ചവട ചരക്കാവുന്നതിനെ കുറിച്ച് പറയുന്ന ഫെമിനിസ്റ്റുകള്‍ പോലും ഈ പ്രക്രിയയുടെ ലിബറല്‍ വേരുകള്‍ അന്വേഷിക്കാന്‍ തയാറല്ല.
അതുകൊണ്ടുതന്നെയാണ് ലിബറല്‍ വ്യവസ്ഥകള്‍ ആവശ്യപ്പെടുന്ന 'വശീകരണം' നിരാകരിച്ചുകൊണ്ട്, ഇസ്‌ലാമിന്റെ വ്യവസ്ഥകളും, വിശ്വാസങ്ങളും പ്രകാരം ശരീരം മറച്ച് പിടിക്കുന്ന സ്ത്രീകള്‍ ലോകമെമ്പാടും ഇത്രമാത്രം ആക്രമിക്കപ്പെടുന്നത്. സാധാരണ ചര്‍ച്ചകള്‍തോറും പറയപ്പെടുന്നതുപോലെ ഇസ്‌ലാമിന്റെ സ്വാതന്ത്ര്യമില്ലായ്മയോ/സ്വാതന്ത്ര്യമോ അല്ല അവള്‍ അടയാളപ്പെടുത്തുന്നത്. പകരം, ലിബറല്‍ സ്വാതന്ത്ര്യത്തിന്റെ അടിസ്ഥാന യുക്തിക്കപ്പുറം നിലകൊള്ളാനുള്ള കഴിവിന്റെയും, ശക്തിയുടെയും അതിനപ്പുറമുള്ള ഒരു ലോക ജീവിത വീക്ഷണത്തിന്റെയും യുക്തിയുടെയും പ്രതീകമാവുമ്പോഴാണ് പര്‍ദ എല്ലാവരെയും ഇത്രമാത്രം അലോസരപ്പെടുത്തുന്ന വസ്തുവായി മാറുന്നത്.
പലപ്പോഴും ഇത്തരം അടിസ്ഥാന വിഷയങ്ങളിലേക്ക് പോകാതെ ലിബറല്‍ വ്യവസ്ഥയുടെ മൂല്യങ്ങളെ പുനരുല്‍പാദിപ്പിക്കുന്ന ചര്‍ച്ചകളാണ് ഇസ്‌ലാമിക ഫെമിനിസം പോലെയുള്ള വ്യവഹാരങ്ങള്‍ പോലും നടത്തിപോരുന്നത്. ഈയടുത്ത് നടന്ന FEMEN എന്ന സംഘടനയുടെ പ്രവര്‍ത്തനങ്ങള്‍ക്ക് എതിരെയുള്ള പ്രതിഷേധങ്ങളിലും ഇത്തരം വാദങ്ങള്‍ക്കാണ് പലരും പ്രാധാന്യം നല്‍കിയത്. തുനീഷ്യയില്‍ തുടങ്ങിയ ഇസ്‌ലാമികമായ അറബ് വസന്തത്തിനെതിരെയുള്ള ലിബറല്‍ ആധുനികതയുടെ തിരിച്ചടിയും, പ്രതിരോധവുമാണ് ആമിന ടൈലറിന്റെ നഗ്നശരീരം എന്ന് നാം തിരിച്ചറിയേണ്ടതുണ്ട്. ഇതിലൂടെ FEMEN' നും അതിനുചുറ്റും പ്രവര്‍ത്തിക്കുന്ന വ്യവഹാരങ്ങളും തിരിച്ചുപിടിക്കാന്‍ ശ്രമിക്കുന്നത് പാശ്ചാത്യ സെക്യുലര്‍ ലിബറല്‍ മൂല്യങ്ങളുടെ ആധിപത്യം തന്നെയാണ്. അപ്പോള്‍, അതേ മൂല്യങ്ങളില്‍നിന്ന് കൊണ്ട്, പര്‍ദ എന്റെ 'ചോയ്‌സാണ്' എന്നും മറ്റും പറഞ്ഞുകൊണ്ട് ഇതിനെ എതിര്‍ക്കുന്നവര്‍ വാസ്തവത്തില്‍ FEMEN മുന്നോട്ട് വെക്കുന്ന പ്രത്യയശാസ്ത്ര പദ്ധതിയെ ശക്തിപ്പെടുത്തുകയാണ് ചെയ്യുന്നത്. വാസ്തവത്തില്‍, അധീശസ്ഥാനങ്ങളില്ലാത്ത 'അപര'വത്കരിക്കപ്പെട്ട സ്ത്രീകള്‍ക്ക് വേണ്ടത് ഫെമിനിസത്തിന്റെ പുതിയൊരു ഫോര്‍മാറ്റോ (Format) രൂപമോ അല്ല. നിലവിലുള്ള സ്ത്രീ രാഷ്ട്രീയത്തെ ആഴത്തില്‍ അപനിര്‍മിച്ചുകൊണ്ട്, അതിനെ മാറ്റി ചിന്തിക്കാനുള്ള ഒരു നീക്കമാണ് ഇപ്പോള്‍ അത്യാവശ്യം. കാരണം, ഇന്നത്തെ അധീശ സ്ത്രീപക്ഷങ്ങളുടെ തത്ത്വങ്ങള്‍ ഏറ്റവുമധികം പരീക്ഷിക്കപ്പെടുന്നത് അവ 'അപര' സ്ത്രീപക്ഷങ്ങളെ നേരിടാന്‍ ശ്രമിക്കുമ്പോഴാണ്. കാരണം 'അപര' സ്ത്രീപക്ഷങ്ങള്‍ക്ക് തങ്ങളുടെ മാത്രം വ്യക്തിസ്വാതന്ത്ര്യത്തിലും, ചോയ്‌സിലും മറ്റുമൂന്നിയ ഒരു രാഷ്ട്രീയം തീര്‍ത്തും അപ്രസക്തമാണ്.
അതേസമയം അധികാര പക്ഷത്ത് നില്‍ക്കുന്ന സ്ത്രീകള്‍ക്ക്-വെളുത്ത സ്ത്രീകള്‍, പാശ്ചാത്യ സ്ത്രീകള്‍, സവര്‍ണ സ്ത്രീകള്‍-തങ്ങളുടെ മാത്രം വ്യക്തിപരമായ സ്വത്വത്തിലൂന്നിയ ഒരു ലിബറല്‍ രാഷ്ട്രീയം തീര്‍ത്തും സ്വീകാര്യമാകുന്നതില്‍ യാതൊരു അത്ഭുതവുമില്ല.
സ്വന്തം സമുദായത്തെ കുറിച്ചോ, സമുദായം അനുഭവിക്കുന്ന പ്രശ്‌നങ്ങളെ കുറിച്ചോ ഇവര്‍ക്ക് യാതൊരു കാരണവശാലും ആലോചിക്കേണ്ട ആവശ്യമില്ല. കാരണം, തങ്ങള്‍ നില്‍ക്കുന്ന അധീശ സമുദായങ്ങളുടെ അധികാരങ്ങളെ കുറിച്ച്  പറയാതിരിക്കുക എന്നത് തന്നെയാണ് ഇത്തരം സമുദായങ്ങളുടെ അധികാരം നിലനിര്‍ത്താന്‍ അത്യാവശ്യം. അതുകൊണ്ട് തന്നെ ഇത്തരം ചോദ്യങ്ങളിലേക്ക് കടക്കാത്ത വ്യക്തിസ്വാതന്ത്ര്യത്തിലധിഷ്ഠിതമായ (സ്ത്രീ സ്വാതന്ത്ര്യത്തിന്റെ പേരില്‍) ഒരു രാഷ്ട്രീയം എല്ലാവര്‍ക്കും സ്വീകാര്യമായി തീരുന്നു. അങ്ങനെ, ഒരു ദിവസം മൂന്ന് ദലിത് സ്ത്രീകള്‍ ബലാല്‍സംഗം ചെയ്യപ്പെടുന്ന ഒരു രാജ്യത്ത് സവര്‍ണ സ്ത്രീകള്‍ നിരന്തരം അവര്‍ പൊതുവിടങ്ങളില്‍ അനുഭവിക്കുന്ന ലൈംഗിക പീഡനങ്ങളുടെ പേരില്‍ (Sexual Harassment) സംഘടിക്കുന്നു. ഇതുതന്നെയാണ് ദല്‍ഹിയിലെ റേപ്പിനെതിരെയുള്ള പ്രക്ഷോഭത്തിലും നാം കണ്ടത്. അതുകൊണ്ട് തന്നെയാണ് പേരു പുറത്തുവിടാത്ത, റേപ്പ് ചെയ്യപ്പെട്ട പെണ്‍കുട്ടി വളരെ പാവപ്പെട്ട ഒരു ഒ.ബി.സി കുടുംബത്തില്‍ നിന്നാണ് എന്നുപലരും അറിയാതെ പോയത്. ജാതി, വര്‍ഗം എന്നിങ്ങനെയുള്ള വ്യവസ്ഥകളെ കുറിച്ച് പറയാന്‍ വിസമ്മതിക്കുന്ന രാഷ്ട്രീയം, കീഴാള സ്ത്രീകളെ ക്രൂരമായി ആക്രമിക്കുന്ന അധികാര വ്യവസ്ഥകളെ ചോദ്യം ചെയ്യാതെ വിടുന്നു. ഇതുതന്നെയാണ് കേരളത്തിലും ഫെമിനിസം ചെയ്യുന്നത്. കേരളത്തിലെ സ്ത്രീകള്‍ അനുഭവിക്കുന്ന നിരവധി അടിസ്ഥാനപരമായ പ്രശ്‌നങ്ങളെ അഭിസംബോധന ചെയ്യാതെ, രാത്രി വഴിയില്‍ നടക്കാനുള്ള സ്വാതന്ത്ര്യത്തിനു വേണ്ടിയാണിവിടെ ഫെമിനിസ്റ്റുകള്‍ പൊരുതുന്നത്. ഇതുകൊണ്ടാണ് സൂര്യനെല്ലി പെണ്‍കുട്ടിയെ പോലുള്ള പേര് വെളിപ്പെടുത്താത്ത സ്ത്രീകളെയും, റഹാനയെ പോലെ സമുദായത്തിനെതിരെ വ്യക്തി സ്വാതന്ത്ര്യത്തിനുവേണ്ടി നിലകൊള്ളുന്ന മുസ്‌ലിം സ്ത്രീകളെയും ഇവര്‍ക്ക് പ്രധാനമാകുന്നത്. സി.പി.എം നിരന്തരം ആക്രമിക്കുന്ന ദലിത് സ്ത്രീയായ ചിത്രലേഖയെ ഈ രാഷ്ട്രീയത്തിന്റെ ഭാഗമാക്കാന്‍ ദലിത് ബഹുജന സ്ത്രീകള്‍ കഷ്ടപ്പെടേണ്ടിവരുന്നതും ഇതുകൊണ്ടാണ്. 'ലൗ ജിഹാദ്' എന്ന കള്ളക്കഥയുടെ വംശീയവും, ലിംഗപരവുമായ ആക്രമണം സ്ത്രീ രാഷ്ട്രീയത്തിന് ഒട്ടുംതന്നെ പ്രധാനമാകാത്തതും ഇതുകൊണ്ടാണ്.
ഇങ്ങനെയൊരു രാഷ്ട്രീയം നമ്മുടെ രാജ്യത്തെ അധീശസ്ത്രീപക്ഷമായി തീരുമ്പോള്‍, സെക്യുലര്‍-ലിബറല്‍ വ്യവസ്ഥയുടെ പ്രത്യയശാസ്ത്രങ്ങളുപയോഗിച്ച് നിരവധി അധികാരഘടനകള്‍ക്കുള്ളില്‍ അടിച്ചമര്‍ത്തപ്പെടുന്ന കീഴാള സ്ത്രീകള്‍ക്ക് അവരുടേതായ പ്രശ്‌നങ്ങളെ കുറിച്ച് പറയാന്‍ തന്നെ കഴിയാതെ പോകുന്നു. കാരണം സ്ത്രീ പ്രശ്‌നങ്ങള്‍ പറയുക എന്നത് തന്നെ സമുദായത്തിനതീതമായി ഉയര്‍ന്ന്, അതിനെ തള്ളിപ്പറഞ്ഞ്, വ്യക്തി സ്വാതന്ത്ര്യത്തിന് വേണ്ടി നിലകൊള്ളുക എന്നതായിത്തീര്‍ന്നിരിക്കുന്നു. മുസ്‌ലിം സ്ത്രീകള്‍ മാത്രമല്ല ദലിത്-ആദിവാസി-ബഹുജന സ്ത്രീകളും ഇതേ പ്രശ്‌നമാണ് അഭിമുഖീകരിക്കുന്നത്.
ഇതുതന്നെയാണ് കേരളത്തിലെ പര്‍ദാ വിവാദങ്ങളും വ്യക്തമായി പുറത്തുകൊണ്ടുവരുന്നത്. ഫൗസിയ മുസ്ത്വഫ ധരിച്ചത് പോലുള്ള ചുരിദാറും, ഷാളും (പിന്നെ സാരിയും) മാത്രമാണ് പരിഷ്‌കൃത വേഷങ്ങള്‍. അതു ധരിക്കുന്നവര്‍ മാത്രമാണ് സ്ത്രീകള്‍. അവര്‍ക്ക് മാത്രമേ സ്ത്രീപക്ഷ വ്യവഹാരങ്ങള്‍ നിര്‍മിക്കാന്‍ കഴിയുകയുള്ളൂ. ബാക്കിയെല്ലാവരും പുരുഷവ്യവസ്ഥയുടെ അടിമകളാണ്. അവര്‍ക്ക് സംസാരിക്കണമെങ്കില്‍ ആദ്യമവര്‍ സ്വന്തം സമുദായത്തെ തള്ളിപ്പറയണം, തങ്ങളുടെ വിശ്വാസങ്ങള്‍ അനുഷ്ഠിക്കുന്ന വസ്ത്രങ്ങള്‍ ഊരിയെറിയണം. ഇതൊന്നുമില്ലാതെ അവര്‍ ശബ്ദിച്ചുപോകരുത്. ശബ്ദിച്ചാല്‍ ഈ ലോകത്തിന്റെ തന്നെ സ്വാതന്ത്ര്യവും, ലിബറല്‍ അന്തരീക്ഷവും തകരും. ഇവരുടെ ഈ ഭയമാണ് പകുതി ചര്‍ച്ചകളെയും ഇത്ര ഹിംസാത്മകമാക്കുന്നത്. ഈ ഭയം നമ്മള്‍ തിരിച്ചറിയണം. ഇതിനെതിരെ നമ്മള്‍ ഉറക്കെയുറക്കെ ലിബറല്‍ വാദങ്ങള്‍ ഉപയോഗിക്കാതെ തന്നെ സംസാരിക്കണം. ഇത്തരം വാദങ്ങള്‍ക്കപ്പുറത്താണ് നമ്മുടെയെല്ലാവരുടെയും സ്വാതന്ത്ര്യമെന്നത് നമ്മള്‍ വ്യക്തമായി മനസ്സിലാക്കണം.
 
(മിറാന്‍ഡ ഹൗസ് ഡല്‍ഹി യൂനിവേഴ്‌സിറ്റി അസി. പ്രഫസറാണ് ലേഖിക)

Comments

ഖുര്‍ആന്‍ ബോധനം

ഖുര്‍ആന്‍ ബോധനം
എ.വൈ.ആര്‍