Prabodhanm Weekly

Pages

Search

2013 ജൂലായ് 5

കത്തുകള്‍

പ്രബോധനം

അബൂ ശക്കീല്‍ കവിയൂര്‍ /
അല്ലാഹു ഒരാളെ നേര്‍മാര്‍ഗത്തിലാക്കാന്‍ തീരുമാനിച്ചാല്‍ ഏതെല്ലാം തരത്തിലാണ് അവനത് നടപ്പിലാക്കുക എന്നതിന്റെ നേര്‍ കാഴ്ചയായി ലക്കം 2806-ല്‍ വന്ന 'നബിയേ മാപ്പ്...' എന്ന വ്യക്തിചിത്രം.
ഇസ്‌ലാമിനെയും പ്രവാചകനെയും അധിക്ഷേപിക്കാനായി സിനിമയിലും മറ്റും അരയും തലയും മുറുക്കി രംഗത്ത് വന്ന ആ മനുഷ്യന്‍, റൗദാ ശരീഫിന്റെ ഓരത്ത് നിന്ന് വിതുമ്പുമ്പോള്‍ നാമും അറിയാതെ വിതുമ്പിപ്പോവുന്നു.

അബ്ദുര്‍റഹ്മാന്‍ വീരാജ്‌പേട്ട /
ജൂണ്‍ ഏഴിലെ ലക്കത്തില്‍ ഷബീര്‍ കൊടിയത്തൂര്‍ എഴുതിയ 'ബംഗളുരുവിലേക്ക് വണ്ടി കയറുമ്പോള്‍' എന്ന കത്താണ് ഇതെഴുതാന്‍ പ്രേരകം. ഉന്നത പഠനത്തിന് വേണ്ടി ബംഗളുരുവിലേക്ക് പോകുന്ന കുട്ടികള്‍ മാത്രമല്ല, കേരളത്തിനകത്തുള്ള കുട്ടികളും പല കാരണവശാലും വഴിതെറ്റുന്നുണ്ട്. ലൈംഗിക അരാജകത്വവും കുത്തഴിഞ്ഞ ജീവിതവും ബംഗളുരു കാമ്പസുകളുടെ കുത്തകയുമല്ല. നമ്മുടെ നാടിനെ മൊത്തം ഗ്രസിച്ച വ്യാധിയാണത്. വിദ്യാര്‍ഥികള്‍ ഇന്ന് സമൂഹത്തിന്റെയോ രക്ഷിതാക്കളുടെയോ നിയന്ത്രണത്തിലല്ല ഉള്ളത് എന്നത് വാസ്തവമാണ്. പഠനത്തിനായി പുറത്തേക്ക് അയക്കുന്ന മക്കളുടെ സുഹൃദ് ബന്ധത്തെക്കുറിച്ചും പഠനാന്തരീക്ഷത്തെക്കുറിച്ചും രക്ഷിതാക്കള്‍ക്ക് നല്ല ധാരണ വേണം. നമ്മുടെ മക്കള്‍ പഠിക്കുന്നത് ധാര്‍മിക നിലവാരം തൂത്തെറിഞ്ഞ് കൊണ്ടാവരുത് എന്ന് നമ്മള്‍ തീരുമാനിക്കണം.

റഹിം കരിപ്പോടി /
ലീഗിപ്പോള്‍ പഴയ ലീഗല്ല

സവര്‍ണരുടെ ലക്ഷ്യങ്ങളും രീതികളും വിശകലനം ചെയ്ത സീതിയുടെ ലേഖനം 'ചാലപ്പുറം കോണ്‍ഗ്രസില്‍നിന്ന് പെരുന്ന കോണ്‍ഗ്രസ്സിലേക്ക്' (ലക്കം 2805) വായിച്ചു. ലേഖനത്തില്‍ ലീഗിനെ കൊച്ചാക്കിയ രീതി ബാലിശമായിപ്പോയി. ലീഗിപ്പോള്‍ പഴയ ലീഗല്ല. സംസ്ഥാന ഭരണത്തില്‍ പങ്കാളിയായ ലീഗ് സാമുദായികമായും പ്രാദേശികമായും  നേടേണ്ട അര്‍ഹമായ കാര്യങ്ങളും വികസന പ്രവര്‍ത്തനങ്ങളും നേടിയെടുത്തിട്ടുണ്ട്. സവര്‍ണ താല്‍പര്യങ്ങളുടെ ആഴവും പരപ്പും അവര്‍ നന്നായി മനസ്സിലാക്കിയിട്ടുമുണ്ട്.
ജമാഅത്തിനെപോലെ ഒരു ഇസ്‌ലാമിക -അക്കാദമിക സംഘടനയല്ലല്ലോ ലീഗ്. അക്കാദമിക, സാമ്പത്തിക മേഖലകളില്‍ കുതിപ്പുണ്ടാക്കും പോലെ രാഷ്ട്രീയ രംഗത്താവില്ല. ഭരണത്തിന്റെ ആദ്യകാലങ്ങളിലും തൊട്ടുപിന്നെയും കോണ്‍ഗ്രസ്സിലെ സവര്‍ണ നേതാക്കളുടെ മുസ്‌ലിം വിരുദ്ധ നിലപാടുകളും ഉദ്യോഗസ്ഥ മേധാവികളുടെ സവര്‍ണാനുകൂല പ്രവര്‍ത്തനങ്ങളും ലീഗിന്റെ പ്രവര്‍ത്തനങ്ങളെ ബാധിച്ചു എന്നത് ശരി. അന്ന് ലീഗിന്റെ ശക്തി പരിമിതവും അണികളുടെ ഭരണ പരിജ്ഞാനം ശുഷ്‌കവുമായിരുന്നു. ലീഗിന്റെ താലൂക്ക് തല പ്രവര്‍ത്തകര്‍ക്ക് പോലും സര്‍ക്കാര്‍ യന്ത്രം ചലിക്കുന്ന രീതികളെപ്പറ്റി അറിവില്ലായിരുന്നു. പോരാത്തതിന് ആ സമയങ്ങളില്‍ ബുദ്ധിജീവികളുടെയും നിയമ വിദഗ്ധരുടെയും പ്രഫഷണലുകളുടെയും വിദഗ്ധ സമിതിയുണ്ടാക്കി സമുദായ താല്‍പര്യങ്ങള്‍ സംരക്ഷിക്കേണ്ടതിനെപ്പറ്റി പാര്‍ട്ടിയെ ഉപദേശിക്കാന്‍ ഒരു ചട്ടക്കൂടുണ്ടാക്കാനും ലീഗ് മിനക്കെട്ടില്ല. ഭരണ പരിചയത്തിന്റെ അഭാവമായിരുന്നു അതിന് കാരണം. ലേഖകന്‍ എഴുതിയതുപോലെ ലീഗ് ഒരിക്കലും 'സ്വയം മയങ്ങിയും മറ്റുള്ളവരാല്‍ മയക്കപ്പെട്ടും' കിടന്നിരുന്നില്ല.
ഭരണ പരിചയം നേടിയ ശേഷം അവര്‍ ബുദ്ധിപൂര്‍വം പ്രവര്‍ത്തിക്കുന്നത് നാം കാണുന്നു. ഇനിയും ഒരുപാട് മുന്നേറാന്‍ ഉണ്ടെങ്കിലും മറ്റു സംസ്ഥാനങ്ങളിലെ സമുദായ നേതൃത്വത്തിന്റെ പ്രവര്‍ത്തനങ്ങളുമായി തട്ടിച്ചു നോക്കുമ്പോള്‍ ലീഗിനെ പ്രശംസിക്കാതിരിക്കാന്‍ വയ്യ.

സഹിയ, ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് ഡെന്റല്‍ സയന്‍സ് ബംഗളുരു /
ബംഗളുരുവില്‍ വഴിതെറ്റിയവര്‍ ന്യൂനപക്ഷമാണ്

ഷബീര്‍ കൊടിയത്തൂര്‍ 2013 ജൂണ്‍ 7-ല്‍ എഴുതിയ പ്രതികരണം (ബംഗളുരുവിലേക്ക് വണ്ടി കയറുമ്പോള്‍) വായിച്ചു. അതില്‍ ചൂണ്ടിക്കാണിച്ച ചില പ്രയോഗങ്ങളോട് യോജിക്കാന്‍ കഴിയുന്നില്ല. 'ഇവിടങ്ങളില്‍ പഠിക്കാനെത്തുന്ന വിദ്യാര്‍ഥികളെ പറ്റി ഞെട്ടിക്കുന്ന കഥകളാണ് പറയാനുള്ളത്' പോലുള്ള പ്രയോഗങ്ങള്‍ അന്യ സംസ്ഥാനത്തെ വിദ്യാര്‍ഥികളെ മൊത്തത്തില്‍ ബാധിക്കുകയില്ലേ?
ലക്ഷ്യബോധത്തോടെ സദാചാര മൂല്യങ്ങള്‍ ഉയര്‍ത്തിപ്പിടിച്ച് കഠിനാധ്വാനം ചെയ്യുന്ന വിദ്യാര്‍ഥികള്‍ ഇവിടെ ഏറെയുണ്ടെന്ന കാര്യം വിസ്മരിക്കരുത്. വിദ്യാര്‍ഥികള്‍ ബംഗളുരു പോലെയുള്ള സ്ഥലങ്ങള്‍ തെരഞ്ഞെടുക്കുന്നത്, ചെയ്യാന്‍ ഉദ്ദേശിക്കുന്ന കോഴ്‌സുകള്‍ അതിന്റെ മികവോടെ പൂര്‍ത്തിയാക്കാന്‍ വേണ്ട ഘടകങ്ങള്‍ അവിടെ ലഭ്യമാണ് എന്നതുകൊണ്ടാണ്. അറിവ് നേടാന്‍ അത് ലഭ്യമാകുന്നിടത്തേക്ക് പോകാന്‍ നബി(സ) അനുവാദം നല്‍കിയിട്ടുണ്ട്. കത്തില്‍ പരാമര്‍ശിച്ച ധാര്‍മിക തകര്‍ച്ചയുള്ളവര്‍ മറ്റുള്ളവരെ അപേക്ഷിച്ച് ന്യൂനപക്ഷമാണ്. അവര്‍ സ്വദേശത്തായാലും വിദേശത്തായാലും ആ പ്രകൃതത്തില്‍ മാറ്റമുണ്ടാകണമെന്നില്ല.

മുഹമ്മദ് ഷാ എസ് /
മഫ്തയും വംശീയ മതേതരത്വവും
രേഷ്മ കൊട്ടക്കാട്ട് എഴുതിയ 'ലോകത്തെ നയിക്കാന്‍ ഇസ്‌ലാമിനെ അനുവദിക്കുക' എന്ന പ്രതികരണത്തോടുള്ള (ലക്കം 2806) വിയോജനമാണിത്. മഫ്തയുമായി ബന്ധപ്പെട്ട് ആഗോള വ്യാപകമായി നടക്കുന്ന സംവാദങ്ങളെയും അതിന്റെ രാഷ്ട്രീയത്തെയും മഫ്തയെ/ പര്‍ദയെക്കുറിച്ച് വളരെ 'സുരക്ഷിതമായ' എന്നാല്‍ 'ഇസ്‌ലാമികം' എന്ന് ഭാവിക്കുന്ന വ്യാഖ്യാനങ്ങളുയര്‍ത്തി മറികടക്കാന്‍ കഴിയുമെന്ന ലാഘവം രേഷ്മയുടെ പ്രതികരണത്തില്‍ വ്യക്തമാണ്. സാംസ്‌കാരികാടയാളങ്ങള്‍ നിര്‍വഹിക്കുന്ന അര്‍ഥോല്‍പാദനം, അതിന്റെ രാഷ്ട്രീയം എന്നിവ പൊതു മണ്ഡലങ്ങളില്‍ എങ്ങനെയൊക്കെ ഇടപെടുന്നു എന്ന് വളരെ വ്യക്തമായി നമ്മള്‍ അനുഭവിച്ചുകൊണ്ടിരിക്കുന്ന കാലമാണിത്. ''മുസ്‌ലിം സ്ത്രീ അംഗീകരിക്കപ്പെടുന്നതിന്റെ യഥാര്‍ഥ മാനദണ്ഡം വസ്ത്രധാരണ രീതിയോ 'വായാടിത്തമോ' അല്ല; അറിവാണ് യോഗ്യത. പര്‍ദ ധരിച്ചതുകൊണ്ട് അവള്‍ കാമ്പസില്‍ അവഹേളിക്കപ്പെട്ടില്ലല്ലോ.''
രേഷ്മയുടെ ഈ വാചകങ്ങള്‍ ഒരു മുസ്‌ലിം പെണ്ണില്‍ ഒരുപക്ഷേ, ഒരു തരത്തിലുള്ള വയലന്‍സ് തന്നെ ഉല്‍പാദിപ്പിച്ചേക്കാം. മതേതര കാമ്പസില്‍ ഒരു മുസ്‌ലിം പെണ്ണ് നിലനില്‍ക്കുന്നതിന്റെ സവിശേഷമായ അനുഭവങ്ങള്‍ ഇസ്‌ലാമിനോടും മുസ്‌ലിം സാംസ്‌കാരികതയോടും മതേതരത്വം പ്രത്യേകമായി വെച്ചുപുലര്‍ത്തുന്ന വംശീയമായ ഭീതിയുടെ ഉല്‍പന്നങ്ങള്‍ തന്നെയാണ്. മുസ്‌ലിം സ്ത്രീയുടെ അറിവില്ലായ്മയും യോഗ്യതയില്ലായ്മയുമാണ് അവളുടെ പ്രശ്‌നങ്ങളുടെ കാരണം എന്ന സവര്‍ണ വംശീയ യുക്തിയെ വളരെ പച്ചക്ക് പങ്കുവെക്കുന്ന ഈ വാചകങ്ങള്‍ ആരെയാണ് സഹായിക്കുക എന്നു പറയേണ്ടതില്ലല്ലോ. ലിബറല്‍ മതേതരത്വത്തിന്റെ നടുമുറ്റത്തു നിന്നുകൊണ്ട് മുസ്‌ലിം സാംസ്‌കാരികതയെ ഇസ്‌ലാമിക യുക്തി രൂപീകരിച്ച് റദ്ദ് ചെയ്യാന്‍ ശ്രമിക്കുന്നതിന്റെ അപകടം വിസ്തരിക്കേണ്ടതില്ല. പര്‍ദയും മഫ്തയും ധരിക്കുന്ന ഓരോ മുസ്‌ലിം പെണ്ണും  സാംസ്‌കാരിക സ്വത്വത്തില്‍ നിന്ന് മാറിനിന്നുകൊണ്ട് യുക്ത്യാധിഷ്ഠിത വ്യാഖ്യാനം രൂപപ്പെടുത്തണമെന്നും എങ്കിലേ ആധുനിക യുക്തി അതംഗീകരിക്കൂ എന്നുമുള്ള തീര്‍ത്തും അധീശപരമായ ധാരണ എവിടെ നിന്നാണ് വരിക എന്ന് വ്യക്തം.
രേഷ്മയുടെ ലേഖനം തുടങ്ങുന്നതു തന്നെ സാമൂഹികശാസ്ത്രപരമായ അപകടങ്ങള്‍ പുലര്‍ത്തിക്കൊണ്ടാണ്. 'കമ്യൂണിസ്റ്റ് ചിന്താഗതിയുള്ള കുടുംബത്തില്‍ ജനിച്ചുവളര്‍ന്നതിനാലാകണം, ഏതു വിഷയത്തിനകത്തും ഒരു രാഷ്ട്രീയം കണ്ടെത്താന്‍ ശ്രമിക്കാറുണ്ട്' എന്ന് പറഞ്ഞാണ് ലേഖനം തുടങ്ങുന്നത്. രാഷ്ട്രീയത്തെക്കുറിച്ച് വളരെ ആധുനികവും അധീശപരവുമായ സങ്കല്‍പനങ്ങളാണ് ഈ വാചകങ്ങള്‍ പേറുന്ന പ്രധാന അപകടം. മാര്‍ക്‌സിസ്റ്റ് രാഷ്ട്രീയത്തിന്റെ ജീര്‍ണതയിലൂടെ ഇസ്‌ലാമിനെ നോക്കിക്കാണാനുള്ള ശ്രമം തുടര്‍ന്നുടനീളം പ്രതിഫലിച്ചുകൊണ്ടിരിക്കുന്നു. മുസ്‌ലിം സാംസ്‌കാരികാടയാളങ്ങളെ രാഷ്ട്രീയരഹിതമായും മാര്‍ക്‌സിയന്‍ പിതൃ അധികാര മനോഭാവത്തിലൂടെയും കാണാന്‍ ശ്രമിക്കുന്നതുകൊണ്ടുതന്നെയാണ് രേഷ്മയുടെ കുറിപ്പ് മുസ്‌ലിം പെണ്ണിനെതിരെയുള്ള വംശീയമായ വയലന്‍സ് എന്ന് വിശേഷിപ്പിച്ചത്.

അബൂമിശ്അല്‍ മുള്ളന്‍കുന്ന് /
'സോളിഡാരിറ്റി ഖുത്വ്ബകള്‍'
കഴിഞ്ഞ പരിസ്ഥിതി ദിനത്തിന്റെ പശ്ചാത്തലത്തില്‍ മിക്ക പള്ളികളിലും നടത്തിയ ഖുത്വ്ബകളില്‍ പരിസ്ഥിതി സംബന്ധിച്ച കാര്യങ്ങളായിരുന്നു വിഷയമായത്. അതിന് നാട്ടില്‍ ചിലരുടെ തമാശേനയുള്ള പ്രതികരണം ഇപ്പോള്‍ പള്ളികളിലൊക്കെ 'സോളിഡാരിറ്റി ഖുത്വ്ബ' ആയിരിക്കുന്നുവെന്നാണ്.
സോളിഡാരിറ്റി ഉയര്‍ത്തിയ പ്രശ്‌നങ്ങള്‍ സ്വാഭാവികമായും, കാര്യങ്ങളെ വിശാല മനസ്‌കതയോടെ കാണുകയും ഇസ്‌ലാമിനെ സമഗ്ര ഭാവത്തില്‍ പഠിക്കുകയും ചെയ്യുന്ന ഖത്വീബുമാരെയും സ്വാധീനിക്കുകയുണ്ടായി. നമ്മുടെ മിമ്പറുകളില്‍ 'ദുനിയാവി'ന്റെ വൈവിധ്യമാര്‍ന്ന ഭാവങ്ങള്‍ ഇസ്‌ലാമിന്റെ നിലപാടുതറകളിലും പ്രമാണ പരിസരങ്ങളില്‍ നിന്ന് കൊണ്ടും വിശദീകരിക്കപ്പെട്ടു.
ദീന്‍ രാഷ്ട്രീയം കൂടി ചേര്‍ന്നതാണെന്ന 'വിശാല കാഴ്ചപ്പാടിന്റെ' വിശദീകരണത്തില്‍ ഭൂമിയും ആകാശവും കുടിവെള്ളവും വയലും കൃഷിയും തൊഴിലും തൊഴിലില്ലായ്മയും വലിയ അളവില്‍ പരാമര്‍ശിക്കപ്പെടുകയുണ്ടായി. സോളിഡാരിറ്റിയുടെ പത്ത് വര്‍ഷത്തെ സംഭാവനകള്‍ വിലയിരുത്തുമ്പോള്‍ പള്ളി മിമ്പറുകളിലെ ഈ മാറ്റവും അതില്‍ വരവ് വെക്കേണ്ടതാണ്.

Comments

ഖുര്‍ആന്‍ ബോധനം

ഖുര്‍ആന്‍ ബോധനം
എ.വൈ.ആര്‍