പി.കെ അബ്ദുല്‍ ഖാദര്‍, വി.പി ആഇശ
ഇസ്‌ലാമിക പ്രസ്ഥാനരംഗത്ത് സജീവരായിരുന്ന എന്റെ മാതാപിതാക്കളായ അബ്ദുല്‍ ഖാദര്‍ (73), വി.പി ആഇശ (65) എന്നിവര്‍ ഒരേ ദിവസം ഭൗതികജീവിതത്തോട് വിടവാങ്ങി. മരണാസന്നനായി കിടക്കുകയായിരുന്ന ഉപ്പയെ പരിചരിക്കുകയും മരണവേളയില്‍ അദ്ദേഹത്തിന് പരിശുദ്ധ കലിമ ചൊല്ലി കൊടുക്കുകയും പിന്നീട് മരണത്തിന് സാക്ഷ്യം വഹിക്കുകയും ചെയ്ത ശേഷം വീട്ടിലേക്ക് എത്തിയ ഉടനെ നെഞ്ചുവേദനയെ തുടര്‍ന്ന് ഉമ്മയും അല്ലാഹുവിലേക്ക് യാത്രയാവുകയായിരുന്നു. സ്‌നേഹത്തിന്റെ രണ്ട് നിറകുടങ്ങളാണ് ഒരേ ദിവസം മണിക്കൂറുകളുടെ വ്യത്യാസത്തില്‍ ഞങ്ങള്‍ക്ക് നഷ്ടപ്പെട്ടത്. പിതാവ് അബ്ദുല്‍ ഖാദര്‍ തിരുവനന്തപുരം അട്ടക്കുളങ്ങരയിലെ നാസിമായും തുടര്‍ന്ന് കുറച്ചുകാലം താമസം അഴിക്കോടായതിനാല്‍ അവിടത്തെ പ്രാദേശിക സെക്രട്ടറിയായും സേവനമനുഷ്ഠിച്ചിട്ടുണ്ട്. സ്വദേശം തൃശൂരാണ്. ജോലി സംബന്ധമായാണ് കുടുംബസമേതം തിരുവനന്തപുരത്തേക്ക് താമസം മാറ്റിയത്. തുടര്‍ന്ന് ഇവിടത്തെ പ്രസ്ഥാന പ്രവര്‍ത്തനങ്ങളില്‍ സജീവമാവുകയായിരുന്നു. റീജ്യണല്‍ ടെലികമ്യൂണിക്കേഷന്‍ ട്രെയിനിംഗ് സെന്ററില്‍നിന്നും ഇന്‍സ്ട്രക്ടറായി 1996-ലാണ് പിതാവ് റിട്ടയര്‍ ചെയ്തത്. മരണ ശേഷം പാളയത്തും അട്ടക്കുളങ്ങരയിലും നടന്ന അനുസ്മരണയോഗങ്ങളില്‍ പിതാവിന്റെ സഹപ്രവര്‍ത്തകര്‍ അദ്ദേഹം ജീവിതത്തില്‍ പാലിച്ചുപോന്നിരുന്ന സമയനിഷ്ഠയെക്കുറിച്ചും പ്രസ്ഥാന സജീവതയെക്കുറിച്ചും ഊന്നിപ്പറയുകയുണ്ടായി. ഉമ്മ വി.പി ആഇശയുടെ സ്വദേശം മലപ്പുറം ജില്ലയിലെ എടയൂരാണ്. മര്‍ഹൂം ഹാജി സാഹിബ് ഉമ്മയുടെ എളാപ്പയാണ്. ഞങ്ങള്‍ നാല് മക്കളാണുള്ളത്. മെഹറുന്നീസ, മുംതാസ്, ഫൈസല്‍, ഷെഫീക്. പി.കെ റഹീം സാഹിബ് ഉപ്പയുടെ സഹോദരനാണ്.
മെഹറുന്നീസ സലിം
മോയിന്‍ കുട്ടി മൗലവി
കീഴുപറമ്പ് തൃക്കളയൂരിലെ വി. മോയിന്‍ കുട്ടി മൗലവി (79) അല്ലാഹുവിങ്കലേക്ക് യാത്രയായി. 19 കൊല്ലമായി രോഗബാധിതനായിരുന്നു. തൃക്കളയൂരിലും പരിസര പ്രദേശങ്ങളിലും താന്‍ ജോലി നോക്കിയ നാടുകളിലും ഇസ്‌ലാമിക പ്രസ്ഥാനത്തിന് മേല്‍വിലാസമുണ്ടാക്കുന്നതില്‍ കാര്യമായ പങ്കുവഹിച്ചു. ഔപചാരിക വിദ്യാഭ്യാസം നേരത്തെ അവസാനിപ്പിക്കേണ്ടിവന്നെങ്കിലും വായനയിലൂടെയും പഠനത്തിലൂടെയും പണ്ഡിതനായും മികച്ച പ്രഭാഷകനായും അദ്ദേഹം വളര്‍ന്നു.
അദ്ദേഹത്തിന്റെ ചരിത്രം പല പ്രദേശങ്ങളിലെയും ഇസ്‌ലാമിക പ്രസ്ഥാനത്തിന്റെ ചരിത്രം കൂടിയാണ്. ഓമശ്ശേരിയില്‍ ഒ.പി അബ്ദുസ്സലാം മൗലവി, ബീരാന്‍ കുട്ടി ഹാജി, അബ്ദുര്‍റഹ്മാന്‍ തറുവായ് എന്നിവരോടൊപ്പം ഇസ്‌ലാമിക പ്രസ്ഥാനത്തിന്റെ രൂപീകരണ കാലം തൊട്ടേ അദ്ദേഹം പ്രവര്‍ത്തന രംഗത്തുണ്ടായിരുന്നു. പിന്നീടാണ് തൃക്കളയൂരിലെ പള്ളിയുടെയും മദ്‌റസയുടെയും ചുമതലയേല്‍ക്കുന്നത്. അയല്‍പ്രദേശമായ വാലില്ലാപുഴയില്‍ പ്രസ്ഥാനത്തിന്റെ ഘടകം രൂപീകരിക്കുന്നതിലും നേതൃപരമായ പങ്കുവഹിച്ചു. വെസ്റ്റ് ചേന്ദമംഗല്ലൂര്‍, പണിക്കരപ്പുറായ, അരിപ്ര എന്നീ പ്രദേശങ്ങളില്‍ ജോലി നോക്കുമ്പോഴും പ്രസ്ഥാന പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം കൊടുക്കാന്‍ മൗലവി മുന്‍പന്തിയിലുണ്ടായിരുന്നു. ഓമശ്ശേരി, കീഴുപറമ്പ്, വാഴക്കാട്, ചേന്ദമംഗല്ലൂര്‍, കടന്നമണ്ണ പ്രാദേശിക ജമാഅത്തുകളില്‍ പ്രവര്‍ത്തകനായും അമീറായും അദ്ദേഹം സേവനമനുഷ്ഠിക്കുകയുണ്ടായി. മതവിദ്യാഭ്യാസം കാര്യമായൊന്നും നേടാന്‍ കഴിയാതിരുന്നിട്ടും ഒരു നോട്ട് പോലും തയാറാക്കാതെ മൗലവി പഠനാര്‍ഹമായ ഖുത്വ്ബകളും സ്റ്റഡീ ക്ലാസുകളും നടത്തിയിരുന്നത് പഴയ തലമുറ ഇന്നും അത്ഭുതത്തോടെ ഓര്‍ക്കുന്നു. ഭാര്യയെയും ആറ് മക്കളെയും ഇസ്‌ലാമിക പ്രവര്‍ത്തകരായി വളര്‍ത്താന്‍ അദ്ദേഹത്തിന് കഴിഞ്ഞു.
വി. ശരീഫ് തൃക്കളയൂര്‍
ഹമീദ് മാസ്റ്റര്‍ പുത്തന്‍ചിറ
1960-ല്‍ കോഴിക്കോട് മൂഴിക്കലില്‍ നടന്ന ജമാഅത്തെ ഇസ്‌ലാമിയുടെ സംസ്ഥാന സമ്മേളനത്തില്‍ വെച്ചാണ് ഹമീദ് മാസ്റ്ററെ കാണുന്നത്. ഇരുപതോളം പേര്‍ തൃശൂര്‍ ജില്ലയില്‍ നിന്നുണ്ടായിരുന്നു. അടിയന്തരാവസ്ഥയില്‍ അദ്ദേഹം അറസ്റ്റ് ചെയ്യപ്പെട്ടിരുന്നു. ഇരിങ്ങാലക്കുട ജയിലില്‍ മാസ്റ്ററുടെയും അബ്ദുസ്സലാം മൗലവിയുടെയും താടി വടിപ്പിച്ചതിന് മാള അലി മാഷും വര്‍ഗീസ് ചേട്ടനും നല്‍കിയ പരാതി രണ്ട് പോലീസുകാര്‍ സസ്‌പെന്റ് ചെയ്യപ്പെടുന്നതില്‍ കലാശിച്ചു. യോഗങ്ങളിലെല്ലാം കൃത്യത പുലര്‍ത്തുമായിരുന്നു. ഏറ്റവും ഒടുവില്‍ രോഗശയ്യയിലായിരിക്കുമ്പോള്‍ പത്തിരിപ്പാലയില്‍ ജമാഅത്ത് അംഗങ്ങളുടെ യോഗത്തില്‍ വാശിപിടിച്ചാണ് പങ്കെടുത്തത്. മാളയുടെയും ഇരിങ്ങാലക്കുടയുടെയും സമീപ പ്രദേശങ്ങളില്‍ പ്രസ്ഥാന പ്രവര്‍ത്തനം വ്യാപിപ്പിക്കുന്നതില്‍ മാസ്റ്ററുടെ പങ്ക് വളരെ വലുതാണ്. ഭാര്യ ആഇശ ടീച്ചര്‍ മൂന്ന് വര്‍ഷം മുമ്പാണ് മരണപ്പെട്ടത്. കുടുംബം മുഴുവന്‍ പ്രസ്ഥാനവത്കരിക്കുന്നതില്‍ മാസ്റ്ററുടെ സമീപനം മാതൃകാപരമാണ്. മക്കള്‍: ഹൈദ്രോസ്, അസ്മാബി, ജുവൈരിയ, നജ്മ, ഫൗസിയ.
പി.കെ റഹീം
Comments