Prabodhanm Weekly

Pages

Search

2013 ജൂണ്‍ 14

തുര്‍ക്കി പ്രതാപ കാലത്തേക്ക് മടങ്ങുന്നു, ചിലര്‍ നിലവിളിക്കുന്നു

സബാഹ് കോഡൂര്‍ / അന്തര്‍ദേശീയം

ലോകമെമ്പാടും ഭരണകൂടങ്ങള്‍ക്കെതിരെ ശബ്ദമുയര്‍ന്നപ്പോള്‍ കുരച്ചു ചാടാന്‍ കാരണം കിട്ടാതിരുന്ന തുര്‍ക്കി പ്രതിപക്ഷം ഇപ്പോള്‍ തുള്ളിതുടങ്ങിയിരിക്കുന്നു. അധികാരികള്‍ ജനങ്ങള്‍ക്കെതിരെ തിരിയുമ്പോഴാണ് ജനങ്ങള്‍ ഇളകുക. എന്നാല്‍ ഇവിടെ കാര്യം മറിച്ചാണ്. തുര്‍ക്കിയെ ലോകത്തെ പതിനാറാമത് സാമ്പത്തിക ശക്തിയാക്കി വളര്‍ത്തിയതും പത്തു കൊല്ലം കൊണ്ട് പത്താം സ്ഥാനത്തേക്ക് എത്തിക്കുമെന്ന് പ്രഖ്യാപിച്ചതും അവര്‍ക്കങ്ങു പിടിക്കുന്നില്ല. പതിനായിരം കിലോമീറ്റര്‍ വേഗതയിലുള്ള ട്രെയിന്‍ തുടങ്ങുമെന്ന് ഭരണകൂടം പറഞ്ഞതും, ആളോഹരി വരുമാനം രണ്ടിരട്ടി വര്‍ധിച്ചതും കയറ്റുമതി 30 ബില്ല്യനില്‍ നിന്ന് 114-ലേക്ക് ഉയര്‍ന്നതും റിപ്പബ്ലിക്കന്‍ പാര്‍ട്ടിയുടെ തിരിച്ചുവരവിനു തടസ്സം നില്‍ക്കുമെന്ന് അവര്‍ക്ക് ശരിക്കും അറിയാം. ഐ എം എഫിലെ കട ബാധ്യത കോടിക്കണക്കിനായിരുന്നു. എല്ലാം ഒറ്റ ഇരുപ്പില്‍ ഉര്‍ദുഗാന്‍ എണ്ണിക്കൊടുത്തു. ഐ.എം എഫുകാര്‍ക്ക് തന്നെ ഒരു സംശയം. ഈ പഹയന്‍ എവിടന്നോ കട്ട് കൊണ്ടുവന്നതാണോ എന്ന്. കട്ടതല്ല, കക്കാതെ ഒരുക്കൂട്ടി വെച്ചതാണ്. ഇതെല്ലാം കണ്ട് കലി ഇളകി നില്‍ക്കുന്ന റിപ്പബ്ലിക്ക് മൂരാച്ചികള്‍ക്ക് അടിക്കാന്‍ ഒരു ചെറിയ ചൂരല്‍ വീണു കിട്ടി. തഖ്‌സീം പാര്‍ക്കിലെ വിരലില്‍ എണ്ണാവുന്ന മരങ്ങള്‍ മുറിച്ചു അവിടെ വ്യാപാര സമുച്ചയം പണിയാന്‍ പോകുന്നു സര്‍ക്കാര്‍. തുര്‍ക്കി മഹാരാജ്യത്ത് അനേകം പാര്‍ക്കുകള്‍ ഉണ്ട്. എന്നാല്‍ മേപ്പടി പാര്‍ക്കില്‍ അടിപിടിയും കൊല്ലും കൊലയും സ്ഥിര സംഭവമാണ്. വര്‍ഷങ്ങള്‍ക്ക് മുമ്പ് അവിടെ റാലി നടത്തുന്നത് തന്നെ തടഞ്ഞിരുന്നു. എന്നിട്ടും തീര്‍ന്നില്ല പ്രശ്‌നങ്ങള്‍.
പാര്‍ക്ക് ഇല്ലാതാക്കാനുള്ള പരിപാടിയൊന്നുമല്ല ഉര്‍ദുഗാന്‍ ചെയ്യുന്നത്. 2002 മുതലുള്ള ഭരണ കാലയളവില്‍ 160 പാര്‍ക്കുകള്‍ അദ്ദേഹം പണിതിട്ടുണ്ട്. പിന്നെ, മരം മുറിക്കാനാണോ അങ്ങോര്‍ക്കിഷ്ടം? അല്ല, ഇക്കാലയളവില്‍ 2 ബില്യന്‍ മരങ്ങള്‍ നട്ടു പിടിപ്പിച്ചു. ഈ പറഞ്ഞ പാര്‍ക്കുകളിലും മരത്തിന്റെ ചുവട്ടിലും ഇരുന്നു തന്നെയാണ് ഇപ്പോള്‍ അവമ്മാര്‍ പ്രതിഷേധം നടത്തുന്നത്.
ഇവമ്മാര്‍ക്ക് കലിയിളകാന്‍ കാരണം വേറെയുമുണ്ട്. മദ്യം ഭാഗികമായി നിരോധിച്ചു, സിഗററ്റ് പൊതു സ്ഥലത്ത് പറ്റില്ലെന്നായി... ലോകത്ത് കൂടുതല്‍ വലിക്കാരുള്ളത് ഇവിടെയാണ്... ലെസ്ബിയന്‍സിനും സ്വവര്‍ഗ ഭ്രാന്തന്മാര്‍ക്കും തോന്നിയ പോലെ നടക്കാനുള്ള എല്‍ ജീ.ബി.ടി അവകാശത്തിനെതിരെ ഭരണകൂടം നിലകൊണ്ടു. ഇത്രയും പോരേ?
തീര്‍ന്നില്ല, 2002 മുതല്‍ എ.കെ പാര്‍ട്ടിയുടെ സമുന്നത നേതാവിന്റെ വോട്ടു ശതമാനം കുത്തനെ ഉയര്‍ന്നു. 34 ശതമാനത്തില്‍ നിന്ന് 2011 ആയപ്പോള്‍ 50 ശതമാനം വരെ എത്തി. ഇനി പിടിച്ചാ കിട്ടൂല. അപ്പൊ എന്തെങ്കിലും ഒന്ന് ചെയ്യേണ്ടേ. അത്രേയുള്ളൂ....
തുര്‍ക്കിയുടെ സാമ്പത്തിക തലസ്ഥാനമായ ഇസ്തംബൂള്‍ പട്ടണത്തിന്റെ ഒത്ത നടുവില്‍ നില്‍ക്കുന്ന തഖ്‌സീം പാര്‍ക്കിനടുത്താണ് ഇസ്തംബൂള്‍ മെട്രോയുടെ കേന്ദ്രം. പട്ടണത്തിലെ ജല വിതരണ കേന്ദ്രം ഇവിടെയായിരുന്നു. പിന്നീട് അത് സ്ഥലം മാറ്റി. വിതരണം എന്നര്‍ഥം വരുന്ന തഖ്‌സീം എന്ന അറബി വാക്കില്‍ നിന്നാണ് തഖ്‌സീം പാര്‍ക്കുണ്ടായത്. അതുണ്ടായതല്ല ഉണ്ടാക്കിയതാണ്. അതിനു മുമ്പ് അവിടെ എന്തായിരുന്നു എന്ന് പരതിയാല്‍ കാണാം. ഉസ്മാനി ഭരണത്തിന്റെ സൈനിക ആയുധ കേന്ദ്രമായിരുന്നു. 1740-ല്‍ നിര്‍മിച്ച കെട്ടിടം പിന്നീട് സ്റ്റേഡിയം ഗ്രൗണ്ട് ആക്കി മാറ്റി. 1940-ല്‍ അത് പൊളിച്ചു നീക്കി മുസ്ത്വഫ ഇസ്‌മെത്തിന്റെ കീഴിലുള്ള റിപ്പബ്ലിക്ക് പീപ്പിള്‍ ഭരണകൂടം, ഇപ്പോഴത്തെ പ്രതിപക്ഷം പാര്‍ക്ക് ആക്കി മാറ്റി. നല്ല കഥ. ഒരു ചരിത്ര സ്മാരകം പൊളിച്ചു പാര്‍ക്കുണ്ടാക്കിയവര്‍, ആ പാര്‍ക്ക് കൊണ്ട് രാജ്യത്തിന്റെ യുവജനം കേടു വന്നപ്പോള്‍ അത് മാറ്റി രാജ്യത്തിന്റെ പ്രതാപ കാലത്തെ ഓര്‍ക്കാന്‍ വീണ്ടുമൊരു സ്മാരകം പണിയുന്നവര്‍ക്ക് മേല്‍ കുതിര കയറുന്നു. അതും രാജ്യത്തിന്റെ വരുമാനത്തിലേക്ക് നല്ലൊരു മുതല്‍കൂട്ടായ വ്യാപാര സമുച്ചയം. തഖ്‌സീം ചത്വരം ഹോട്ടല്‍, റസ്റ്റോറന്റ്, ഷോപ്പിംഗ് മാള്‍ എന്നിവ കൊണ്ട് പ്രസിദ്ധമാണ്. അതിനിടക്ക് നാട്ടിലെ പയ്യന്‍സ് പാര്‍ക്കിലിരുന്നു അടിപിടി കൂടുന്നതിനേക്കാള്‍ നല്ലത് അത് ഒഴിവാക്കലാണ്.
ഉര്‍ദുഗാന്‍ ഭരണകൂടം അധാര്‍മികതക്കെതിരാണ്. അതുകൊണ്ടാണ് പൊതുസ്ഥലത്തെ ചുംബനവും അബോര്‍ഷനും എല്ലാം നിരോധിച്ചത്. രാജ്യത്തിന്റെ യുവത മദ്യപിച്ചു ലക്ക് കെട്ട് നടന്നു കൂടാ എന്ന് കഴിഞ്ഞ മാസം അദ്ദേഹം പറയാന്‍ കാരണം അതാണ്. മെയ് 28-നു തുടങ്ങിയ സമരം എന്നു തീരും എന്നറിയില്ല. എന്നായാലും ശുഭമായി ഉര്‍ദുഗാന്‍ ജയിക്കുമെന്നാണ് രാജ്യത്തിലെ മിക്ക നിരീക്ഷകരും പറയുന്നത്.

Comments

Other Post

ഖുര്‍ആന്‍ ബോധനം

അല്‍ കഹ്ഫ് 66-73
എ.വൈ.ആര്‍