ഇ-ഹല്‍ഖകള്‍ വളരുന്നു
രാവിലെ സുബ്ഹ് നമസ്‌കരിച്ച് ഒരു കട്ടന്‍ ചായയും കുടിച്ച് ഹല്‍ഖയില്‍ പങ്കെടുക്കുന്നവരുണ്ട്. മഗ്‌രിബിന് ശേഷം ഇശാഅ് നമസ്‌കാരം വരെയുള്ള ഹല്‍ഖാ യോഗത്തില്‍ പങ്കെടുക്കുന്നു വേറൊരു കൂട്ടര്‍. ഇവിടെയിതാ തീര്‍ത്തും വ്യത്യസ്തമായ മറ്റൊരു കൂട്ടം ഹല്‍ഖകള്‍. നാസിം സ്വിറ്റ്‌സര്‍ലാന്റിലെ സൂറിച്ചിലിരുന്ന് ഭാര്യ നല്‍കിയ ചായ കുടിച്ചു കൊണ്ടിരിക്കെ ഫിന്‍ലാന്റിലെ സ്വന്തം ഷോപ്പിലിരുന്ന് ഖുര്‍ആന്‍ ക്ലാസ് എടുത്തു കൊണ്ടിരിക്കുന്ന പ്രവര്‍ത്തകനെ ശ്രദ്ധിക്കുന്നു. ശേഷം ജപ്പാനിലെയും യമനിലെയും ലണ്ടനിലെയും പ്രവര്‍ത്തകരുമായി കൂടിയാലോചനകള്‍ നടത്തുന്നു. കാനഡയിലിരിക്കുന്ന നാസിമും അമേരിക്കയിലിരിക്കുന്ന സെക്രട്ടറിയും ഈ രണ്ട് രാജ്യങ്ങളിലുമായി ചിതറിക്കിടക്കുന്ന പ്രവര്‍ത്തകരും ചേരുന്ന മറ്റൊരു വാരാന്തയോഗവും നടക്കുന്നു.
തികച്ചും വ്യത്യസ്തമായ ഒരു കൂട്ടം ഹല്‍ഖകളെ കുറിച്ചാണ് ഈ കുറിപ്പ്. ബംഗളൂരു ജമാഅത്തെ ഇസ്‌ലാമി മലയാളി വിഭാഗം ഏരിയക്കു കീഴിലുള്ള പതിമൂന്ന് പുരുഷ ഹല്‍ഖകളില്‍ മൂന്നെണ്ണം ഇതുപോലുള്ളതാണ്. ആറ് വനിതാ ഹല്‍ഖകളില്‍ ഒന്നും ഇങ്ങനെ തന്നെ. നമുക്കവയെ ഇ-ഹല്‍ഖകള്‍ എന്നുവിളിക്കാം. ലോകത്തിലെ ഗള്‍ഫ് ഒഴികെയുള്ള രാജ്യങ്ങളില്‍ താമസിക്കുന്ന, സ്വന്തമായി ഘടനകളില്ലാത്ത പ്രദേശങ്ങളിലുള്ള, ജമാഅത്ത്/എസ്.ഐ.ഒ/സോളിഡാരിറ്റി പ്രവര്‍ത്തകരെ സംഘടിപ്പിച്ചാണ് ബംഗളൂരു ഏരിയ ഈ വിപ്ലവം സാധ്യമാക്കിയത്. സാങ്കേതികവിദ്യയുടെ വ്യാപനത്തെയും പൊതുലഭ്യതയെയും ഉപയോഗപ്പെടുത്തിയാണ് ഇവ പ്രവര്‍ത്തിക്കുന്നത്. ചൈന, ജപ്പാന്‍, സുഡാന്‍, ബ്രിട്ടന്‍, യമന്‍, ഫിന്‍ലാന്റ്, സ്വിറ്റ്‌സര്‍ലാന്റ്, കാനഡ, അമേരിക്ക, ഫിലിപ്പൈന്‍സ്, ഇറാഖ്, ടാന്‍സാനിയ, സിംഗപ്പൂര്‍, മലേഷ്യ, ഇന്തോനേഷ്യ, സ്വീഡന്‍, ജര്‍മനി തുടങ്ങി വിവിധ രാജ്യങ്ങളില്‍ ജോലി ആവശ്യാര്‍ഥവും പഠനാവശ്യാര്‍ഥവും ജീവിക്കുന്ന മലയാളികളായ ഇസ്‌ലാമിക പ്രവര്‍ത്തകരാണ് ഇ-ഹല്‍ഖകളില്‍ പങ്കെടുക്കുന്നത്.
അകലങ്ങളില്‍ ഇരിക്കെ തന്നെ സ്‌നേഹബന്ധവും ആത്മബന്ധവും സ്ഥാപിക്കാനാവുന്ന തരത്തില്‍ സാങ്കേതികവിദ്യകള്‍ ജനങ്ങളുടെ ജീവിതത്തില്‍ ഇഴുകിച്ചേര്‍ന്നിട്ടുള്ള ഇക്കാലത്ത് അത്തരം സങ്കേതങ്ങളെയും നമ്മുടെ രീതികളെയും ചേര്‍ത്ത് തുന്നുകയായിരുന്നു ബംഗളൂരു ഏരിയ. നേരത്തെ ഒരൊറ്റ ഹല്‍ഖയായാണ് തുടങ്ങിയത്. വെര്‍ച്വല്‍ ഹല്‍ഖയെന്ന പേരില്‍ തുടങ്ങിയപ്പോള്‍ അതിന്റെ ആദ്യ പ്രസിഡന്റായത് ചൈനയില്‍ ജോലി ചെയ്തിരുന്ന കോഴിക്കോട്ടുകാരന്‍ ലുഖ്മാന്‍ ആയിരുന്നു. സെക്രട്ടറി ഫ്രാന്‍സില്‍ ഗവേഷണ വിദ്യാര്‍ഥിയായിരുന്ന മലപ്പുറത്തുകാരന്‍ സയൂബും.
തുടക്കത്തില്‍ വാരാന്ത യോഗങ്ങള്‍ ഒരു വലിയ വെല്ലുവിളിയായിരുന്നു. ആദ്യം കേവലം ജിമെയിലില്‍ ഗ്രൂപ്പ് ചാറ്റായി തുടങ്ങി പിന്നീട് ബൈലക്‌സില്‍ ഓഡിയോ കോണ്‍ഫ്രന്‍സ് വഴി ആയി മീറ്റിങ്ങുകള്‍ (ബൈലക്‌സ് എന്നത് ഓഡിയോ കോണ്‍ഫ്രന്‍സിനുള്ള ഒരു സോഫ്റ്റ്‌വെയര്‍ ആണ്). ആദ്യത്തെ നാസിം തെരഞ്ഞെടുപ്പ് വളരെ രസകരമായിരുന്നു. പരസ്പരം അറിയാത്ത ആളുകള്‍ തമ്മില്‍ പരസ്പരം കാണാതെ നിര്‍ദ്ദേശിക്കുകയും പിന്താങ്ങുകയും ചെയ്തപ്പോഴും, നിര്‍ദ്ദേശിക്കപ്പെട്ട ആളെ യോഗത്തില്‍ നിന്ന് പുറത്ത് നിര്‍ത്താന്‍ ചാറ്റില്‍ നിന്ന് പുറത്ത് നിര്‍ത്തിയതും പിന്നീട് തിരിച്ചുവിളിക്കാനാവാതെ പ്രയാസപ്പെട്ടതുമെല്ലാം ഓര്‍ക്കുന്നു. ശേഷം ഗൂഗിള്‍ ഹാങ്ങ് ഔട്ട് തുടങ്ങിയപ്പോള്‍ വീഡിയോ കോണ്‍ഫ്രന്‍സ് വഴിയായി മീറ്റിങ്ങുകള്‍. എല്ലാവരും പരസ്പരം കണ്ട് കൊണ്ട് തന്നെ ഹല്‍ഖാ യോഗം നടത്തി തുടങ്ങി. അപ്പോഴും ചില പ്രശ്‌നങ്ങള്‍. ചൈന പോലുള്ള രാജ്യങ്ങള്‍ ഹാങ്ങ് ഔട്ട് അനുവദിച്ചിരുന്നില്ല. പിന്നീട് oovoo എന്ന സോഫ്റ്റ്‌വെയര്‍ ഉപയോഗിച്ചായി ചൈന ഉള്‍പ്പെടുന്ന ഹല്‍ഖയുടെ വാരാന്തയോഗങ്ങള്‍. അടുത്ത പ്രശ്‌നം സമയമായിരുന്നു. കാനഡയും ചൈനയും യമനും യൂറോപ്പും തമ്മിലുള്ള സമയ വ്യത്യാസം വലിയ പ്രയാസങ്ങള്‍ സൃഷ്ടിച്ചു. പലര്‍ക്കും പാതിരാത്രിയിലാണ് മീറ്റിങ്ങെങ്കില്‍, ചിലര്‍ക്കത് അതി രാവിലെയും നട്ടുച്ചക്കും ഒക്കെ ആയിരുന്നു. എന്നിട്ടും, അകലങ്ങളില്‍ നില്‍ക്കെ തന്നെ സ്വയം അറിയാതെ മനസ്സുകള്‍ അടുത്തു പോയ ഈ ഇസ്‌ലാമിക പ്രവര്‍ത്തക കൂട്ടായ്മ അതിനെയെല്ലാം അതിജീവിച്ചു.
പ്രധാനമായും തര്‍ബിയത്തും പഠനവും തന്നെയാണ് ഈ ഹല്‍ഖകളുടെ അജണ്ട. ബംഗളൂരുവിലെ ഹിറ സെന്ററില്‍ നിന്ന് നടത്തിയ പ്രത്യേക ക്ലാസുകളും ഇക്കാലയളവില്‍ ഉണ്ടായിരുന്നു. രണ്ട് 'പൊതു യോഗവും' ഈ ഹല്‍ഖയുടെ നേതൃത്വത്തില്‍ നടന്നു. കാനഡയിലെ ശൈഖ് അഹ്മദ് കുട്ടിയായിരുന്നു പൊതുയോഗത്തിലെ പ്രസംഗകന്‍. ഹാങ്ങ് ഔട്ടില്‍ നിന്ന് നേരിട്ട് യൂടൂബിലേക്ക് velicham online വഴി പ്രസംഗത്തെ കണക്റ്റ് ചെയ്താണ് പൊതുയോഗം സാധ്യമാക്കിയത്. ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ ജീവിക്കുന്ന ഇതര മുസ്‌ലിം സഹോദരന്മാരെ ലക്ഷ്യം വെച്ചായിരുന്നു ഈ വെര്‍ച്വല്‍ പൊതുയോഗം നടത്തിയത്.
ഓണ്‍ലൈന്‍ ഖുര്‍ആന്‍ ക്ലാസുകള്‍, ഖുര്‍ആന്‍ പഠന ക്ലാസുകള്‍, മദ്‌റസകള്‍, പൊതുപരിപാടികള്‍ എന്നിവയൊക്കെ ഇ-ഹല്‍ഖകളുടെ (E-Halqa) ഭാവിപരിപാടികളില്‍ ഉള്‍പ്പെടുന്നുണ്ട്.
കൂടുതല്‍ വിവരങ്ങള്‍ക്ക്:
[email protected]
[email protected], [email protected]
Comments