Prabodhanm Weekly

Pages

Search

2013 ജൂണ്‍ 14

മാപ്പിള സമുദായം ഒരു തിരിച്ചറിവിന്റെ പോരിശകള്‍

പുസ്തകം ജമീല്‍ അഹ്മദ്

ഒരു സമുദായം അതിന്റെ മുന്‍കാലം അന്വേഷിക്കുന്നു എന്നത് ആഹ്ലാദകരമായ അറിവാണ്. ലോകത്തിനു മുഴുവന്‍ ഒരേയൊരു ചരിത്രമാണുള്ളതെന്നും ആ മേലാളചരിത്രമാണ് ഏക ശരിയെന്നും ധരിച്ചുവശായ അറിവധികാരങ്ങളെ തകര്‍ക്കാന്‍ ഇത്തരം ശ്രമങ്ങള്‍ അനിവാര്യമാണെന്നതാണ് ആ ആഹ്ലാദത്തിന് കാരണം. വ്യക്തിക്കെന്നപോലെ സമൂഹത്തിനും സമുദായത്തിനും വ്യത്യസ്തമായ ഇന്നലെകള്‍ ഉണ്ട്. അവക്ക് പലവിധത്തിലുള്ള വായനകളും സാധ്യമാണ്. എല്ലാ വായനകള്‍ക്കും അതീതയാഥാര്‍ഥ്യമായ സത്യം സ്ഥായിയാണെങ്കില്‍തന്നെയും ഓരോ വായനയും വിലപ്പെട്ടതും അതതിന്റെ രാഷ്ട്രീയം പേറുന്നതുമാണ്. അതുകൊണ്ടുതന്നെ ചരിത്രം ആര് കാണുന്നു, ആര് എഴുതുന്നു എന്നിവ പ്രധാനമാകുന്നു. മാപ്പിളമാരെക്കുറിച്ചുള്ള ചരിത്രം മറ്റാരെഴുതുന്നതിനെക്കാളും സാധുവാകുക മാപ്പിള എഴുതുമ്പോള്‍ തന്നെയാണ്. കാരണം, ഭൂതകാലം രൂപപ്പെടുത്തിയെടുത്ത വസ്തുതയാണ് വര്‍ത്തമാനകാലത്തിലെ സാമുദായികസ്വത്വമെന്ന തിരിച്ചറിവുണ്ടാകാന്‍ ഈ ചരിത്രാന്വേഷണങ്ങള്‍ കാരണമാകുന്നു.
വര്‍ത്തമാനത്തില്‍ നിന്നുകൊണ്ട് ഭൂതകാലത്തെ വായിക്കുകയാണ് ചരിത്രരചന. സമകാലത്തിന്റെ ആശയങ്ങള്‍ക്കും നിലപാടുകള്‍ക്കും സാധുത ചമയ്ക്കാനുള്ള ഒരേര്‍പ്പാടുകൂടിയാണത്. അങ്ങനെ ചരിത്രം അധീശവര്‍ഗത്തിനും അരികുചേര്‍ക്കപ്പെട്ടവര്‍ക്കും കീഴാളര്‍ക്കും അനിവാര്യമായി വരുന്നു. അധികാരിവര്‍ഗത്തിന്റെ അഹന്തക്കെതിരെ നിലനില്‍ക്കുന്നവര്‍ എന്ന നിലയില്‍, മൂല്യവത്തായ വര്‍ത്തമാനത്തെ സ്വരൂപിക്കാന്‍ പണിയെടുക്കുന്നവര്‍ എന്ന നിലയില്‍ അരികുചേര്‍ക്കപ്പെട്ടവരുടെയും കീഴാളരുടെയും ചരിത്രപാഠങ്ങള്‍ക്കൊപ്പം നില്‍ക്കാന്‍ നാം നിര്‍ബന്ധിതരാണ്. അതുകൊണ്ടാണ് ഇന്നത്തെ സാഹചര്യത്തില്‍ ഏറെ പറഞ്ഞുകഴിഞ്ഞ കാര്യങ്ങളുടെ സമാഹാരമായിട്ടുകൂടി 'മാപ്പിള സമുദായം ചരിത്രം സംസ്‌കാരം' എന്ന ഗ്രന്ഥവായന പ്രസക്തമാകുന്നത്. ഒരു ജീവിതം മുഴുവന്‍ ഗവേഷണപഠനങ്ങള്‍ക്കായി നീക്കിവെച്ച് ചരിത്രമായി മാറിയ ടി. മുഹമ്മദ് എന്ന പണ്ഡിതന്റെ രചനയാണിത് എന്ന സന്തോഷം അതിനും താഴെയാണ്. ഭാരതീയ സംസ്‌കാരത്തിന്റെ അടിയൊഴുക്കുകള്‍ ചികഞ്ഞുകൊണ്ടുള്ള അദ്ദേഹത്തിന്റെ ഗവേഷണത്തെക്കാളേറെ അതിനാല്‍ ഈ ഗ്രന്ഥം സര്‍വകാല പ്രസക്തവും അനിവാര്യവുമാണ്.
കേരളത്തിന്റെ ചെറുഭൂമികയില്‍ നൂറ്റാണ്ടുകള്‍ പിന്നിട്ട മാപ്പിളസമുദായം അധികാരത്തിന്റെയും അധഃസ്ഥിതിയുടെയും സന്ദിഗ്ധതകള്‍ പലവട്ടം കടന്നുപോന്നവരാണ്. കയറ്റിറക്കങ്ങളുടെ ആ കഴിഞ്ഞകാലത്തെ സത്യസന്ധമായി കുറിച്ചുവെക്കാനുള്ള ശ്രമങ്ങളും പലവുരു ഉണ്ടായിട്ടുണ്ട്. കേരളത്തിന്റെതന്നെ ഇന്നലെകളെ പ്രതിപാദിക്കുന്ന, കണ്ടെടുക്കപ്പെട്ട ആദ്യ ഗ്രന്ഥം ഈ സമുദായം രചിച്ചുനല്‍കിയതാണെന്നതിലേറെ തെളിവ് അതിനാവശ്യമില്ല. ശൈഖ് സൈനുദ്ദീന്‍ മഖ്ദൂം രണ്ടാമന്റെ തുഹ്ഫത്തുല്‍ മുജാഹിദീന്‍ ഫീ ബഅളി അഖ്ബാറില്‍ ബുര്‍ത്തുഗാലിയ്യീന്‍ എന്ന ചെറുപുസ്തകം കേരളത്തിലെ മുസ്‌ലിംകളുടെ ആഗമചരിത്രം പ്രതിപാദിക്കുന്നു എന്നതുകൊണ്ടു മാത്രമല്ല ശ്രദ്ധേയമായത്, ഈ നാടിന്റെ മുഖ്യധാരയിലേക്ക് മുസ്‌ലിംകളെ ചേര്‍ത്തുവെക്കാന്‍ അനായാസമായി അന്നേ മാപ്പിളമാര്‍ക്ക് കഴിഞ്ഞിരുന്നു എന്നതുകൊണ്ടുകൂടിയാണ്. പോര്‍ച്ചുഗീസുകാരുടെ അധിനിവേശത്തിനും അക്രമത്തിനുമെതിരെ ജിഹാദു ചെയ്യുന്നവര്‍ക്കുള്ള സ്വര്‍ഗീയസമ്മാനങ്ങള്‍ വിവരിക്കുന്ന ഒരു മതാത്മക ഗ്രന്ഥത്തിന്റെ ആമുഖ അധ്യായങ്ങളില്‍ കേരളത്തിലെ സ്വസമുദായത്തിന്റെ മുന്‍കാല ചരിത്രംകൂടി വിശദമാക്കുന്നതില്‍ ശൈഖ് സൈനുദ്ദീന്‍ കാണിക്കുന്ന ഔചിത്യമാണ് ശ്രദ്ധേയം. ജിഹാദിനുള്ള ആഹ്വാനം, രക്തസാക്ഷിയുടെ മരണാനന്തരജീവിതത്തിലെ പ്രതിഫലത്തിന്റെ വിവരണങ്ങള്‍ എന്നിവ പോലെ പ്രധാനമാണ് താന്‍ ജീവിക്കുന്ന സമുദായത്തിന്റെ പൂര്‍വചരിത്രം അന്വേഷിക്കല്‍ എന്ന ബോധമാണ് ആ ഔചിത്യം. മാപ്പിള ചരിത്രരചനാ പാരമ്പര്യം എന്ന് വിശേഷിപ്പിക്കാവുന്ന ആ രീതിശാസ്ത്രത്തിന്റെ തുടര്‍ച്ചയാണ് ടി.എം തന്റെ ഗവേഷണത്തിലൂടെ സാധ്യമാക്കുന്നത്.
ഭാരതീയ തത്ത്വചിന്തയുടെ മുഖ്യ പ്രതിപാദനങ്ങളിലൊന്നായ അദൈ്വതചിന്തയുടെ ആശയപരമായ വേരുകള്‍ ശങ്കരന്‍ കണ്ടെത്തിയത് ഇസ്‌ലാമിന്റെ ഏകത്വ ദര്‍ശനങ്ങളില്‍ നിന്നാണ് എന്ന നിരീക്ഷണം അവതരിപ്പിക്കുന്നതാണ് ഈ ഗ്രന്ഥത്തിലെ ആദ്യത്തെ അധ്യായം. മാപ്പിളമാരുടെ ചരിത്രം പ്രസ്താവിക്കുന്ന ഒരു ഗ്രന്ഥത്തിനെന്തിന് ഇത്തരമൊരു തുടക്കം എന്ന സംശയം സാധുവാണ്. എന്നാല്‍ ടി. മുഹമ്മദ് എന്ന മതതാരതമ്യ ഗവേഷകന്റെ സ്വാഭാവികമായ ഉദ്യമമല്ല അത്, മറിച്ച് മാപ്പിളസമുദായത്തിന്റെ ധൈഷണികമായ സാംസ്‌കാരികാടിത്തറ സ്ഥാപിക്കാനുള്ള ശ്രമമായാണ് അതിനെ മനസ്സിലാക്കേണ്ടത്. ശൈഖ് സൈനുദ്ദീന്‍ മഖ്ദൂമിന്റെ ചരിത്രരചനാ രീതിയുടെ മറ്റൊരു തലമാണിത്. അറിവാണ് അധികാരം. സവര്‍ണ ഹൈന്ദവ തത്ത്വശാസ്ത്രം കീഴാളരുടെമേല്‍ നൂറ്റാണ്ടുകളായി പുലര്‍ത്തിയ അധികാരത്തിന്റെ അടിത്തറതന്നെ ശങ്കരന്റെ സിദ്ധാന്തങ്ങളായിരുന്നു. എന്നാല്‍, കീഴാളരുടെ വിമോചനം കേരളചരിത്രത്തില്‍ സാധ്യമാക്കിയ സാംസ്‌കാരിക സാന്നിധ്യമാണ് മാപ്പിള പാരമ്പര്യം. ശങ്കരന്റെ അറിവധികാരം പോലും തങ്ങളുടെ അടിസ്ഥാനാശയങ്ങളുടെ അസ്ഥാനത്തുള്ള ആവിഷ്‌കാരമാണെന്ന തിരിച്ചറിവ് ഈ ഒരൊറ്റ അധ്യായത്തില്‍ ടി. മുഹമ്മദ് പരോക്ഷമായി വിന്യസിക്കുന്നു. 'ഭാരതീയ സംസ്‌കാരത്തിന്റെ അടിയൊഴുക്കുകള്‍' എന്ന പഠനത്തിന്റെയും മറ്റൊരു വായനയാണിത്. ധൈഷണിക ചരിത്രരചന (ഇന്റലക്ച്വല്‍ ഹിസ്റ്റോറിയോഗ്രാഫി) എന്ന പുതിയ സങ്കേതത്തിന്റെ വിനിമയക്രമം ഈ രചനാസങ്കേതത്തില്‍ ദര്‍ശിക്കാന്‍ കഴിയും, 1978-ല്‍ എഴുതിത്തുടങ്ങിയ തുടര്‍ലേഖനങ്ങളുടെ സമാഹാരമാണിതെങ്കില്‍ പോലും.
ചരിത്രം അതെഴുതപ്പെടുന്ന കാലത്തെ സാധൂകരിക്കുന്നു എന്ന നടേപ്രസ്താവത്തെ ഇവിടെ വിശദീകരിക്കാമെന്നു തോന്നുന്നു. പ്രബോധനം മാസികയില്‍ ഈ തുടര്‍ ചരിത്രരചന ടി.എം നടത്തുന്ന 1978-'83 കാലത്തെ ഇന്ത്യയുടെ, വിശേഷിച്ച് കേരളത്തിന്റെ സാമൂഹിക-രാഷ്ട്രീയ പശ്ചാത്തലം പരിശോധിക്കേണ്ടതുണ്ട്. ബ്രിട്ടീഷുകാര്‍ ഇന്ത്യയില്‍ ഉപേക്ഷിച്ചുപോയ സ്വാതന്ത്ര്യം എന്ന പഴം അത്രയും മധുരവും ഭംഗിയുമുള്ളതല്ലെന്ന തിരിച്ചറിവാണ് അടിയന്തരാവസ്ഥ സാധാരണക്കാരിലുണ്ടാക്കിയത്. ജനാധിപത്യം എന്ന മഹത്തായ സംവിധാനം ഏതൊരു നിമിഷത്തിലും എത്രയും പെട്ടെന്ന് കടുത്ത ഏകാധിപത്യത്തിലേക്ക് വഴിതുറക്കുമെന്ന് അവര്‍ ഞെട്ടലോടെ മനസ്സിലാക്കി. മധുവിധു തീര്‍ന്ന ആ ഭാരതസ്വാതന്ത്ര്യത്തിന്റെ മഹത്തായ നിരാശാകാലത്താണ് ആധുനിക മലയാള സാഹിത്യം അതിന്റെ തീവ്രമായ അനുഭവലോകങ്ങളെ ഘടനാപരമായും ആശയപരമായും ആവിഷ്‌കരിച്ചത്. വൈലോപ്പിള്ളി മുതല്‍ എന്‍.വി വരെ ഈ ആപച്ഛങ്ക നിറഞ്ഞ രാഷ്ട്രീയഭാവിയില്‍ അസ്വസ്ഥരായിരുന്നുവെന്ന് ഇന്ന് തെളിയുന്നുണ്ട്.
മലബാറിലെ മാപ്പിളമാരെ സംബന്ധിച്ചേടത്തോളം ഇക്കാലം ഒരു കലങ്ങിത്തെളിയലായിരുന്നു. അങ്ങനെ, രാഷ്ട്രീയമായും സാംസ്‌കാരികമായും മതപരമായും ഒരര്‍ഥത്തില്‍ അടിയന്തരാവസ്ഥ അവര്‍ക്ക് ഗുണമായിത്തീര്‍ന്നു. മറുവശത്ത് മൗലികമായ അസ്ഥിവാരത്തില്‍ ഇസ്‌ലാമിനെ വിശദീകരിക്കാന്‍ ആധുനികസന്നാഹങ്ങളുമായി പ്രവര്‍ത്തിക്കുന്ന സമാന്തര ഇസ്‌ലാമിക ചലനങ്ങളെ അടിയന്തരാവസ്ഥ സമ്മര്‍ദത്തിലാക്കി. കേരളത്തില്‍ അതിന്റെ ഇരയാക്കപ്പെട്ട ഇസ്‌ലാമിക പ്രസ്ഥാനത്തിന് ആശയപരമായ നേതൃത്വം നല്‍കുന്നയാള്‍ കൂടിയായിരുന്നു ടി.എം. അക്കാരണംകൊണ്ടുതന്നെ ജയില്‍ശിക്ഷയടക്കമുള്ള ഭരണകൂട നടപടികളുടെയും ഇരയായ ചരിത്രകാരനാണ് ഈ ഗ്രന്ഥത്തിന്റെ രചയിതാവെന്നത് പ്രസ്താവ്യമാണ്. മാത്രമല്ല അദ്ദേഹത്തിന്റെ ജയില്‍വാസാനന്തര രചനകളില്‍ പ്രധാനവുമാണിത്. 'ഭാരതീയ സംസ്‌കാരത്തിന്റെ അടിയൊഴുക്കുകള്‍' (1976 -'77) എന്ന ഗവേഷണ പഠനത്തിന്റെ തുടര്‍ച്ച എന്ന നിലയില്‍ ഈ ചരിത്രസമാഹരണത്തെ കാണേണ്ടതങ്ങെനയാണ്.
മാപ്പിളപ്പാട്ടിന്റെയും മാപ്പിളക്കലകളുടെയും ജനകീയവത്കരണത്തിന്റെ കാലംകൂടിയായിരുന്നു അത്. 1921 ലവസാനിച്ച മാപ്പിളപ്പോരാട്ടങ്ങളുടെ ഫലമായുണ്ടായ കിഴിവുകളെ മറികടന്ന് അമ്പതുവര്‍ഷംകൊണ്ട് തുന്നിക്കൂട്ടിയെടുത്ത സ്വത്വബോധത്തെ പൊതുസമൂഹത്തിനുമുമ്പില്‍ പലവിധത്തില്‍ ആവിഷ്‌കരിക്കുകയായിരുന്നു മാപ്പിളമാര്‍. മതഭ്രാന്തരും അപരിഷ്‌കാരികളുമായ അസംസ്‌കൃത ആള്‍ക്കൂട്ടം എന്ന മുന്‍വിധികളെ മാറ്റിമറിച്ച് ആധുനികതയുടെ മുഖ്യധാരയിലേക്ക് കടന്നുകയറാന്‍ മാപ്പിളമാര്‍ കഠിനപ്രയത്‌നം ചെയ്യുകയായിരുന്നു ഖിലാഫത്തുസമരത്തിനുശേഷമുള്ള അഞ്ചു പതിറ്റാണ്ടുകളില്‍. ആ ആധുനികവത്കരണത്തിന്റെ പ്രധാനപ്പെട്ട ഒരിനമായിരുന്നു മാപ്പിള സംസ്‌കാരത്തിന്റെ മുദ്രകളെ സ്ഥാപിക്കുകയെന്നത്. 1947-ല്‍ ടി. ഉബൈദിന്റെ കോഴിക്കോട്ടെ സാഹിത്യപരിഷത്ത് പ്രസംഗം മുതല്‍ മാപ്പിളകലകളുടെ സ്റ്റേജ് അവതരണങ്ങള്‍ വരെ ഈ സാംസ്‌കാരിക വെളിപ്പെടല്‍ തുടര്‍ന്നു. ഗള്‍ഫിലേക്കുള്ള പ്രവാസത്തിന്റെ ഫലം കണ്ടുതുടങ്ങിയ കാലം കൂടിയായിരുന്നു എഴുപതുകളുടെ അന്ത്യവര്‍ഷങ്ങള്‍. അത് മറ്റൊരുവശത്തുനിന്ന് ഈ ഉയിര്‍പ്പിനു പിന്തുണയേകി. ഭാരതീയ സംസ്‌കാരത്തില്‍ തങ്ങളുടെ ഇടവും സ്ഥാനവും അടയാളപ്പെടുത്തി മാറിനില്‍ക്കുകയല്ല, താനുള്‍ക്കൊള്ളുന്ന സമുദായത്തിന്റെ ഘടനാപരമായ സംവിധാനങ്ങളെ സ്ഥാപിക്കുക എന്നതും അപ്പോള്‍ ഒരു ചരിത്രകാരന്റെ ധൈഷണികമായ ബാധ്യതയായിത്തീരുന്നു. അതിനാല്‍ ടി.എമ്മിന് മാപ്പിള സമുദായത്തെക്കുറിച്ച് പഠിക്കാതിരിക്കാനും എഴുതാതിരിക്കാനും കഴിയുമായിരുന്നില്ല.
ടി. മുഹമ്മദിനെ സംബന്ധിച്ചേടത്തോളം മറ്റൊരു അനിവാര്യഘടകവും ഈ ചരിത്രപഠനങ്ങള്‍ക്കു പിന്നിലുണ്ടാകാം. അടിയന്തരാവസ്ഥക്കാലത്ത് ജയിലില്‍ ഇടതുപക്ഷത്തിന്റെയും ഹൈന്ദവതയുടെയും ഇസ്‌ലാമിന്റെയും സവിശേഷമായ ഒരു സഹവാസംകൂടി സംഭവിച്ചു. മുമ്പ് എഴുത്തുകളിലൂടെ അന്യമായവര്‍ സമീപസ്ഥമായി സൗഹൃദത്തിലാകുന്ന ഘടകം അവരുടെ ധൈഷണിക വ്യാപാരങ്ങളെ സ്വാധീനിക്കുക സ്വാഭാവികം തന്നെ. ദ്രാവിഡ നിരീശ്വര രാഷ്ട്രീയത്തിന്റെ സൈദ്ധാന്തികനായ അടിയാര്‍ 1978-ല്‍ ജയില്‍ മോചിതനാവുകയും 1988-ല്‍ അബ്ദുല്ലാ അടിയാരായി മാറുകയും ചെയ്തതങ്ങനെയാണ്. ഈ സ്വാധീനത്തിന്റെ ഉല്‍പന്നമായിരുന്നു ടി.എമ്മിന്റെ 'ഭാരതീയ സംസ്‌കാരത്തിന്റെ അടിയൊഴുക്കുകള്‍' എന്ന ഗവേഷണവും മാപ്പിള സംസ്‌കാരത്തെക്കുറിച്ചുള്ള ഈ അന്വേഷണവും എന്ന് ഇന്ന് നാം മനസ്സിലാക്കുന്നു. ആദ്യ പുസ്തകത്തിലൂടെ അദ്ദേഹം ഹൈന്ദവ ചിന്തകരോടും രണ്ടാമത്തെ പഠനത്തിലൂടെ കേരളത്തിലെ കമ്യൂണിസ്റ്റുകാരോടും സംവദിക്കുന്നു. അതല്ലെങ്കില്‍, ഹൈന്ദവ - കമ്യൂണിസ്റ്റ് മൗലികചിന്തകരോടുള്ള സംസാരങ്ങളിലൂടെ തന്റെതന്നെ ഉള്ളിലൂറിയ ആശയക്കുഴപ്പങ്ങളെ അദ്ദേഹം ഈ പുസ്തകരചനകളിലൂടെ പരിഹരിക്കുന്നുവെന്നും വരാം. അതുകൊണ്ടുതന്നെ ഈ പുസ്തകത്തില്‍ എഴുത്തുകാരന്റെ സ്വന്തം വാക്യങ്ങളെക്കാളധികം ഉദ്ധരണികളെ വായനക്കാര്‍ക്ക് നേരിടേണ്ടിവരുന്നുണ്ട്. ചിലപ്പോഴെങ്കിലും വിഷയത്തെ ഉദ്ധരണികളില്‍ നിന്ന് ഉദ്ധരണികളിലേക്ക് കൈമാറിക്കൊണ്ട് ഗവേഷകന്‍ മാറിനില്‍ക്കുന്നുവെന്നുപോലും തോന്നും. മറുപടികളുടെ ഈ സംസ്ഥാപനം കേരളത്തിലെ ഹൈന്ദവരുടെയും കമ്യൂണിസ്റ്റുകളുടെയും ചില സംശയങ്ങളുടെ നേര്‍ക്കാണെന്നുകൂടി മനസ്സിലാക്കണം. രണ്ടാണ് ആ സംശയങ്ങള്‍, ഒന്ന് ടിപ്പുസുല്‍ത്താന്‍, മറ്റേത് മാപ്പിള സമരങ്ങള്‍.
നൂറ്റാണ്ടുകളുടെ പാരമ്പര്യമുള്ള മലബാറിലെ മാപ്പിളമാര്‍ ആധുനിക - മതേതര ചിന്താലോകത്തുനിന്ന് ഏറ്റവുമധികം പഴികേട്ട രണ്ടു ചരിത്രസന്ധികളാണ് മൈസൂര്‍ സുല്‍ത്താന്മാരുടെ മലബാര്‍ അധിനിവേശവും മലബാറിലെ മാപ്പിള പോരാട്ടങ്ങളും. വെള്ളപ്പട്ടാളത്തിന്റെ കൂലിയെഴുത്തുകാരുടെ ശ്രമഫലമായി കേരളത്തിലെ സവര്‍ണ ഹൈന്ദവമേഖലകളുടെ ചരിത്രയുക്തികളില്‍നിന്ന് ഉരുവംകൊണ്ടതാണ് ഈ രണ്ടു തോക്കിന്‍മുനകളും. സ്വാഭാവികമായും സവര്‍ണ ഹൈന്ദവ ഭയങ്ങളെയും സന്ദേഹങ്ങളെയും കടുകിട തെറ്റാതെ ഏറ്റെടുക്കുകയാണല്ലോ മതേതര മാര്‍ക്‌സിസ്റ്റ് സംവാദകരുടെ പതിവ്. ടിപ്പുസുല്‍ത്താനും അദ്ദേഹത്തിന്റെ കൈകാര്യകര്‍ത്താക്കളും മലബാറില്‍ ചെയ്തതിനും ചെയ്യാത്തതിനുമെല്ലാം മറുപടിപറയുന്ന പരിചകളുമേന്തി മാപ്പിള ചരിത്രകാരും അവരോടൊപ്പം നില്‍ക്കുന്നവരും പൊരുതേണ്ടിവന്നത് അങ്ങനെയാണ്. ടിപ്പുസുല്‍ത്താനുവേണ്ടിയുള്ള അത്തരം പ്രതിരോധങ്ങളെയെല്ലാം ക്രമത്തില്‍ കോര്‍ത്തുവെക്കുകമാത്രമാണ് ഈ പുസ്തകത്തിലെ മുഖ്യമായ ഒരു ഭാഗം. മാപ്പിളമാരെക്കുറിച്ചുള്ള പഠനത്തില്‍ ടിപ്പുവിന്റെ പ്രസക്തിയെന്ത് എന്ന ചോദ്യത്തിനുള്ള മറുപടികൂടിയാണിത്. കേരളത്തിലെ മാപ്പിളമാരുടെ ബൗദ്ധികവും സാംസ്‌കാരികവുമായ നിലനില്‍പിനെതിരെ മതേതര - സവര്‍ണ മേഖലകളില്‍ നിന്നുള്ള പ്രധാനപ്പെട്ട ഒരു ചോദ്യഭാഗത്തെ നേരിടുകയാണ് ആ അധ്യായങ്ങളിലൂടെ ടി.എം.
ഈ ഗ്രന്ഥത്തിന്റെ പകുതിയിലധികം ഭാഗം (പേജ് 154 മുതല്‍ 447 വരെ) മാപ്പിളമാരുടെ ബ്രിട്ടീഷ് വിരുദ്ധ പ്രക്ഷോഭചരിത്രത്തെ വിശദമാക്കുന്നവയാണ്. ഒരു മുസ്‌ലിം ഗവേഷകനില്‍ നിന്ന് ഇത്രയും ബൃഹത്തായ ഖിലാഫത്ത് പ്രക്ഷോഭ ചരിത്രപഠനം അതിനുമുമ്പ് മലയാളത്തിലുണ്ടായിട്ടില്ല. ശേഷം എഴുതപ്പെട്ട ചില പഠനങ്ങള്‍ പോലും ഇത്രയും വിശദാംശങ്ങളുള്ളതല്ല. അവയില്‍ എ.കെ കോഡൂര്‍ എന്ന ഗവേഷകന്‍ പ്രസിദ്ധീകരിച്ച ഖിലാഫത്ത് പ്രക്ഷോഭചരിത്രമാകട്ടെ ഇന്നും ലഭ്യമല്ല. കെ.കെ മുഹമ്മദ് അബ്ദുല്‍ കരീം, ഡോ. കെ.എം ബഹാവുദ്ദീന്‍ തുടങ്ങിയവരുടെ സംഭാവനകള്‍ ഇക്കൂട്ടത്തില്‍ എടുത്തുപറയേണ്ടവയാണ്. പ്രക്ഷോഭം നടക്കുന്ന കാലത്ത് അഞ്ചുവയസ്സു മാത്രമുള്ള ഒരു പയ്യന്‍ വളര്‍ന്നതുമുഴുവന്‍ ആ കടുത്ത നാളുകളുടെ ഫലമനുഭവിച്ചുകൊണ്ടുതന്നെയായിരിക്കണം. അതിനാല്‍, തന്നെ താനാക്കിയ ചരിത്രസന്ധിയെക്കുറിച്ച് ഒരു യഥാര്‍ഥ വിദ്യാര്‍ഥിക്ക് സ്വാഭാവികമായും താല്‍പര്യം തോന്നേണ്ടതുതന്നെയാണ്. എന്നാല്‍ അന്ന് ലഭ്യമായതു മുഴുവന്‍ മുന്‍വിധികളും രഹസ്യലക്ഷ്യങ്ങളും കുത്തിനിറച്ച ചരിത്രാഖ്യാനങ്ങള്‍ മാത്രമായിരുന്നു. ടിപ്പുവിനെയെന്നപോലെ മാപ്പിള സമരങ്ങളെയും ഹൈന്ദവവിരുദ്ധ മുന്നേറ്റമായി ആദ്യം എഴുതിവെച്ചത് ബ്രിട്ടീഷുകാര്‍ തന്നെയാണ്. ആ ചരിത്രത്തെ അതേപടി ഏറ്റെടുത്ത കേരളത്തിലെ സവര്‍ണ- മതേതര മേഖലകള്‍ മാപ്പിളമാരുടെ സകലമാന മുന്നേറ്റങ്ങളെയും ലഹളയെന്നും കലാപമെന്നും ഭയപ്പെടുത്തിക്കൊണ്ട് അകലെ നിറുത്തി.
തന്റെ ചരിത്രരചനക്ക് ടി.എം ആധാരമാക്കുകയോ അപരസ്ഥാനത്തു നിറുത്തുകയോ ചെയ്യുന്ന ഗ്രന്ഥങ്ങളെ പരിശോധിച്ചാല്‍ ഇക്കാര്യത്തില്‍ കൂടുതല്‍ വെളിച്ചം ലഭിക്കും. ഈ ചരിത്രം രചിക്കുന്നതിനുമുമ്പ് മാപ്പിളസമുദായത്തെക്കുറിച്ചും അവരുടെ സമരസന്നാഹങ്ങളെക്കുറിച്ചുമുണ്ടായ പ്രധാന രചനകളെല്ലാം ഗവേഷകന്‍ മനസ്സിലാക്കിയിരിക്കുന്നു. അവ ഏതു വര്‍ഷത്തെ പതിപ്പാണ് എന്ന സൂചനകള്‍ പക്ഷേ, ഈ ഗ്രന്ഥത്തിലില്ല. മാപ്പിളമാരെക്കുറിച്ചുണ്ടായ മതേതര - സവര്‍ണ ഭയങ്ങളെയും അവയെ നേരിടാനുള്ള തുച്ഛമായ ശ്രമങ്ങളെയും ആ ഗ്രന്ഥങ്ങളുടെ പട്ടികതന്നെ വെളിപ്പെടുത്തും (അവയുടെ ആദ്യപ്രസാധന വര്‍ഷം ഈ ലേഖകന്‍ ശേഖരിച്ച് ബ്രാക്കറ്റില്‍ നല്‍കിയിരിക്കുന്നു). കെ. മാധവന്‍ നായരുടെ 'മലബാര്‍ കലാപം' (1932), കെ പി കേശവമേനോന്റെ 'കഴിഞ്ഞ കാലം' (1957) മോഴിക്കുന്നത്ത് ബ്രഹ്മദത്തന്‍ നമ്പൂതിരിപ്പാടിന്റെ 'ഖിലാഫത്ത് സ്മരണകള്‍' (1965), സെയ്തുമുഹമ്മദിന്റെ 'കേരള മുസ്‌ലിം ചരിത്രം' (1977), മുഹമ്മദ് അബ്ദുര്‍റഹിമാന്‍ (1978) എന്നിവയാണവ. സവര്‍ണ - മതേതര പക്ഷത്തുനിന്നുള്ള ഖിലാഫത്ത് സമരചരിത്രരചനകള്‍ക്കു ശേഷമാണ് മുസ്‌ലിംചരിത്രകാരന്മാരുടെ ഭാഗത്തുനിന്നുള്ള രചനകള്‍ പുറത്തുവന്നത്. അതുകൊണ്ടുതന്നെ ആധികാരികത നേടിക്കഴിഞ്ഞ ലിഖിത ചരിത്രത്തെയായിരുന്നു അവര്‍ക്ക് നേരിടേണ്ടിയിരുന്നത്. സമരത്തില്‍ സജീവമായി പങ്കെടുക്കുകയോ സാക്ഷിയാവുകയോ ചെയ്തവരുടെ അനുഭവങ്ങളും സര്‍ക്കാര്‍ രേഖകളും സഹിതം ഓരോ ആരോപണത്തെയും യുക്തിയുക്തം നിഷേധിച്ചും മാപ്പിളമാരുടെ പക്ഷത്തുനിന്ന് വസ്തുതകളെ സ്ഥാപിച്ചുമാണ് ടി.എമ്മിന്റെ ചരിത്രാഖ്യാനം മുന്നോട്ടുപോകുന്നത്.
'രണ്ടാംതരം വരെ മാത്രം പഠിച്ച ഒരാള്‍' എന്ന വിശേഷണം ടി. മുഹമ്മദ് എന്ന ഗവേഷകന് തന്റെ ചരിത്രമെഴുതിയ ഏതാണ്ടെല്ലാവരും ചാര്‍ത്തിക്കൊടുക്കുന്നുണ്ട്. ഒരു ഗവേഷകന്റെ സ്‌കോളര്‍ഷിപ്പിനെക്കുറിച്ച അന്ധമായ ആധുനികാവബോധമാണ് ആ ക്ഷമാപണങ്ങളുടെയെല്ലാം പിന്നില്‍. ടി. മുഹമ്മദാകട്ടെ അന്നത്തെ സാധാരണ മാപ്പിളയുടെ വിദ്യാഭ്യാസരീതികളെല്ലാം വേണ്ടുംവണ്ണം പൂര്‍ത്തീകരിച്ച ഒരാളാണെന്നതാണ് വസ്തുത. പള്ളിദര്‍സുകളില്‍ നിന്ന് മതവിദ്യാഭ്യാസത്തിന്റെ ഉന്നതതലവും അഫ്ദലുല്‍ ഉലമാ എന്ന ഔപചാരിക വിദ്യാഭ്യാസത്തിന്റെ ഫൈനല്‍ പരീക്ഷയും അദ്ദേഹം പാസായിട്ടുമുണ്ട്. ഒരു ശരാശരി മാപ്പിളയെ സംബന്ധിച്ചേടത്തോളം രണ്ടാംതരത്തിനപ്പുറം അന്നത്തെ കാലത്ത് ഒരാള്‍ പഠിക്കാതിരിക്കുന്നത് വലിയ കുറവൊന്നുമല്ല. ശരാശരിയില്‍ കവിഞ്ഞ ഒരു മാപ്പിളക്ക് അന്ന് ലഭിക്കേണ്ട വിദ്യാഭ്യാസം ടി.എം നേടിയിട്ടുമുണ്ട്. ചരിത്രകാരന്റെ തിരിച്ചറിവുകളും ബോധങ്ങളും രൂപീകരിക്കപ്പെട്ട കാലത്തിന്റെ അറിവുകളുടെ പശ്ചാത്തലം വിലയിരുത്താതെ, വായിക്കപ്പെടുന്ന കാലത്തിന്റെ അറിവുകളില്‍ എഴുത്തുകാരെ ചുരുക്കിയെടുക്കാനുള്ള ശാഠ്യം ഉപേക്ഷിച്ചുകൊണ്ടുമാത്രമേ ഈ ഗ്രന്ഥത്തെ വായിക്കാവൂ. മാപ്പിളയുടെ അറിവിനെയും അധികാരത്തെയും കുറിച്ച് ടി. മുഹമ്മദ് എന്ന പണ്ഡിതനുള്ള ചരിത്രപരമായ ശ്രദ്ധ അപ്പോഴേ തിരിച്ചറിയൂ. ഇന്ത്യയിലെ വിവിധ യൂനിവേഴ്‌സിറ്റികളില്‍ പല സാമൂഹിക വിഷയങ്ങളിലും കേമത്തത്തോടെ ഗവേഷണം നടത്തുന്ന ധാരാളം മാപ്പിളച്ചെറുപ്പക്കാര്‍ ഇന്നുണ്ട്. അവരുടെ ധൈഷണികമായ ധീരതയെക്കുറിച്ച് അവതാരികയില്‍ എം.ടി അന്‍സാരിയും സൂചിപ്പിക്കുന്നു. മാപ്പിള സമുദായം സ്വന്തം സ്വത്വത്തെ കണ്ടെത്തുന്ന ശ്രമങ്ങളുടെ ഫലംതന്നെയാണത്.
ജമാഅത്തെ ഇസ്‌ലാമി എന്ന ചിന്താപ്രസ്ഥാനത്തിന്റെ അമരത്തു നില്ക്കുന്ന, അതിന് ബുദ്ധിപരമായ നേതൃത്വം നല്‍കുന്ന ഒരാളെന്ന നിലക്ക് തന്റെ കാലികമായ തിരിച്ചറിവാണ് മാപ്പിളസമുദായത്തെക്കുറിച്ച ഒരു ലേഖനപരമ്പര പ്രബോധനത്തിലെഴുതാന്‍ 1978-ല്‍ ടി. മുഹമ്മദിനെ പ്രചോദിപ്പിച്ചത്. അതുപക്ഷേ, ഒരു ചരിത്രസഞ്ചയമായി പുതിയ തലമുറക്ക് തുന്നിക്കൂട്ടി നല്‍കാന്‍ ഇസ്‌ലാമിക് പബ്ലിഷിംഗ് ഹൗസ് മുപ്പത്തിയഞ്ച് വര്‍ഷം താമസിച്ചുപോയി. കെട്ടിലും മട്ടിലും ഉന്നത നിലവാരം പുലര്‍ത്തി ഉഷാറാക്കിയ ഈ പുസ്തകത്തിന്റെ ഇപ്പോഴത്തെ ചേല് ആ കാലതാമസത്തിന് മാപ്പുനല്‍കുന്നു. മാപ്പിള സംസ്‌കാരത്തിലും സ്വത്വത്തിലും ആ സമുദായം കാലങ്ങളായി സഹിച്ചുവന്ന അപരവത്കരണത്തിലും ധാരാളം പഠനങ്ങള്‍ നടക്കുന്ന ഇക്കാലത്ത് ഈ പ്രസാധനം അര്‍ഹിക്കുന്നതുതന്നെ. ടി. മുഹമ്മദ് എന്ന മഹാമനീഷിക്ക് അദ്ദേഹത്തിന്റെ മരണത്തിന്റെ കാല്‍നൂറ്റാണ്ട് പിന്നിടുമ്പോള്‍ നല്‍കാന്‍ കഴിയുന്ന ഏറ്റവും വലിയ ആദരവാണിത്. അതിനാല്‍, പിഴവുകളെല്ലാം പൊറുത്തുപോകട്ടെ. മാപ്പിള സമുദായത്തിന്റെ അതിജീവനത്തിന്റെ സാമൂഹികരേഖയായ ഈ ചരിത്രപുസ്തകം കാലാതിവര്‍ത്തിയാകട്ടെ.
[email protected]

മാപ്പിള സമുദായം ചരിത്രം സംസ്‌കാരം
- ടി. മുഹമ്മദ്
ഇസ്‌ലാമിക് പബ്ലിഷിംഗ് ഹൗസ്
പേജ് 456, വില 350 രൂപ

Comments

Other Post

ഖുര്‍ആന്‍ ബോധനം

അല്‍ കഹ്ഫ് 66-73
എ.വൈ.ആര്‍