Prabodhanm Weekly

Pages

Search

2013 ജൂണ്‍ 14

ഫിഖ്ഹിന്റെ ചരിത്രം 7 / ഇമാം ശാഫിഈയുടെ സംഭാവനകള്‍

പഠനം / ഡോ. മുഹമ്മദ് ഹമീദുല്ല

ഇമാം അബൂഹനീഫയുടെ കിതാബുര്‍റഅ്‌യ്, കിതാബുല്‍ ഉസ്വൂല്‍ എന്ന പേരില്‍ അദ്ദേഹത്തിന്റെ ശിഷ്യന്മാരായ അബൂയൂസുഫും മുഹമ്മദ്ബ്‌നു ഹസന്‍ ശൈബാനിയും എഴുതിയ രണ്ട് പുസ്തകങ്ങള്‍ നമുക്ക് ലഭിച്ചിട്ടില്ല എന്ന് നേരത്തെ സൂചിപ്പിച്ചു. ഈ വിഷയകമായി നമുക്ക് ലഭിച്ച ആദ്യത്തെ ലിഖിത കൃതി ഇമാം ശാഫിഈയുടേതാണ്. ഇമാം ശൈബാനിയുടെ ശിഷ്യനാണ് ശാഫിഈ. ഒരേസമയം വിവിധ പാരമ്പര്യങ്ങളുമായി ബന്ധം പുലര്‍ത്തി എന്നതാണ് ഇമാം ശാഫിഈയുടെ പ്രത്യേകത. അദ്ദേഹം ജനിക്കുന്നത് ഹി. 150 ല്‍; ഇമാം അബൂഹനീഫ മരിച്ച അതേ വര്‍ഷം. അതിനാല്‍ ഇമാം ശാഫിഈക്ക് ഇമാം അബൂഹനീഫയില്‍നിന്ന് നേരിട്ട് പഠിക്കാന്‍ അവസരം ലഭിച്ചിട്ടില്ല. എന്നാല്‍ അബൂഹനീഫയുടെ പ്രഗത്ഭ ശിഷ്യന്മാരിലൊരാളായ മുഹമ്മദ് ശൈബാനിയുടെ കീഴില്‍ വര്‍ഷങ്ങളോളം ശാഫിഈ പഠനം നടത്തിയിട്ടുണ്ട്. അതുപോലെ മദീനയില്‍ ഇമാം മാലികിന്റെയും ശിഷ്യനായിരുന്നു അദ്ദേഹം വര്‍ഷങ്ങളോളം. തത്ത്വശാസ്ത്രം, വചനശാസ്ത്രം, തര്‍ക്കശാസ്ത്രം എന്നിവ അദ്ദേഹം പഠിച്ചു. മുഅ്തസിലി വിഭാഗം കത്തിനില്‍ക്കുന്ന കാലമാണ്. അവരുമായും അദ്ദേഹം സംവാദങ്ങളില്‍ ഏര്‍പ്പെട്ടു. ഇങ്ങനെ ഒരുപാട് പ്രത്യേകതകള്‍ മേളിച്ച വ്യക്തിത്വമായിരുന്നു ശാഫിഈയുടേത്. ഇതുവഴി ഇസ്‌ലാമിന് പല രീതിയില്‍ സേവനം ചെയ്യാന്‍ അദ്ദേഹത്തിന് സാധിച്ചു. ആ സേവനങ്ങളിലൊന്നാണ്, മുസ്‌ലിംകളില്‍ പലതരം ചിന്താധാരകളെ പ്രതിനിധീകരിക്കുന്നവരെ പരസ്പരം ബന്ധിപ്പിക്കുന്ന കണ്ണിയായി അദ്ദേഹം വര്‍ത്തിച്ചു എന്നത്.
അക്കാലത്ത്, ഇന്നത്തെപ്പോലെ തന്നെ, മുസ്‌ലിംകളില്‍ ഒരു വിഭാഗം യാഥാസ്ഥിതികരും മറ്റേ വിഭാഗം പുരോഗമനാശയക്കാരുമായിരുന്നു. ഇങ്ങനെ വിരുദ്ധാഭിപ്രായങ്ങളുള്ള ജനവിഭാഗങ്ങളെ നമുക്ക് എല്ലാ ദേശങ്ങളിലും സംസ്‌കാരങ്ങളിലും കാണാവുന്നതാണ്. ഇമാം ശാഫിഈ ജീവിച്ചിരുന്ന കാലത്ത് ചിലയാളുകള്‍ ഹദീസുകള്‍ ശേഖരിക്കുന്നതിലും പഠിക്കുന്നതിലും അതീവ ശുഷ്‌കാന്തി പുലര്‍ത്തുന്നവരായിരുന്നു. ചിലര്‍ക്ക് നിയമ കാര്യങ്ങളിലായിരുന്നു താല്‍പര്യം. തത്ത്വചിന്തയുടെയും തര്‍ക്കശാസ്ത്രത്തിന്റെയുമൊക്കെ സഹായത്തോടെ അവര്‍ നിയമാവിഷ്‌കാരങ്ങള്‍ക്ക് ശ്രമിച്ചുകൊണ്ടിരുന്നു. ഹദീസ് പഠനത്തില്‍നിന്ന് കുറച്ചൊക്കെ അവരുടെ ശ്രദ്ധ തെറ്റുകയും ചെയ്തിരുന്നു.
ഈ വ്യത്യസ്ത രീതികള്‍ കാരണം ഇമാം ശാഫിഈയുടെ കാലത്ത് ഹദീസിന്റെ ആളുകളും (അഹ്‌ലുല്‍ഹദീസ്) യുക്തിചിന്തയുടെ ആളുകളും (അഹ്‌ലുര്‍റഅ്‌യ്) തമ്മില്‍ രൂക്ഷമായ വാഗ്വാദങ്ങള്‍ പൊട്ടിപ്പുറപ്പെട്ടു. ഹദീസ് ശേഖരണത്തിലും അതിന്റെ പഠനത്തിലുമാണ് അഹ്‌ലുല്‍ ഹദീസിന്റെ മുഖ്യശ്രദ്ധ. സാധര്‍മ്യ(ഖിയാസ്)ത്തിലൂടെയും അനുമാന (ഇസ്തിന്‍ബാത്വ്)ത്തിലൂടെയും ഇസ്‌ലാമിക നിയമസംഹിതക്ക് വികാസം നല്‍കാന്‍ ശ്രമിക്കുന്ന നിയമവിശാരദന്മാരായിരുന്നു അഹ്‌ലുര്‍റഅ്‌യ്. ഇരുകൂട്ടരും ഭിന്ന ദിശകളിലേക്കാണ് സമൂഹത്തെ പിടിച്ച്‌വലിച്ചുകൊണ്ടിരുന്നത്. കാരണം ചിന്തക്കും അനുമാനത്തിനും പ്രാമുഖ്യം നല്‍കുന്ന വിഭാഗത്തിന് ഹദീസില്‍ വേണ്ടത്ര പിടിപാടുണ്ടായിരുന്നില്ല. എല്ലാ ചോദ്യങ്ങള്‍ക്കും ഹദീസില്‍ ഉത്തരമുണ്ടാവില്ലെന്നായിരുന്നു അവരുടെ നിഗമനം. അതിനാല്‍ യുക്തിയും സാധര്‍മ്യ(ഖിയാസ്) രീതിശാസ്ത്രവുമുപയോഗിച്ച് അവര്‍ പുതിയ വിധിപ്രസ്താവങ്ങള്‍ നടത്തിക്കൊണ്ടിരുന്നു. യഥാര്‍ഥത്തില്‍ ഇവരുന്നയിച്ച ചില പ്രശ്‌നങ്ങള്‍ക്ക് ഹദീസുകളില്‍ ഉത്തരങ്ങളുണ്ടായിരുന്നു. അതവര്‍ കണ്ടിരുന്നില്ല. അതിനാല്‍ ഹദീസ് പക്ഷക്കാര്‍ യുക്തിചിന്തയുടെ ആളുകളെ മതഭ്രഷ്ടരായി മുദ്രകുത്തി. പ്രവാചകചര്യയെ അവഗണിച്ചു എന്നതായിരുന്നു അവര്‍ക്ക് മേല്‍ ചാര്‍ത്തപ്പെട്ട കുറ്റം. യഥാര്‍ഥത്തില്‍ സ്വതന്ത്രാന്വേഷണം നടത്തിയവര്‍ പ്രവാചകചര്യയെ മനഃപൂര്‍വം അവഗണിച്ചതായിരുന്നില്ല. തദ്‌വിഷയകമായ ഹദീസ് അവര്‍ക്ക് അറിയാമായിരുന്നില്ല എന്നേ അതിന് അര്‍ഥമുണ്ടായിരുന്നുള്ളൂ.
ഈ രണ്ട് വിരുദ്ധ പക്ഷങ്ങളെയും സ്വാംശീകരിച്ച പണ്ഡിതനായിരുന്നു ഇമാം ശാഫിഈ. അദ്ദേഹം ഹദീസ് പഠിച്ചത് അക്കാലത്തെ അഗ്രഗണ്യരായ ഗുരുക്കന്മാരില്‍നിന്ന്. നിയമശാസ്ത്രം പഠിച്ചത് സാധര്‍മ്യ രീതിശാസ്ത്രത്തിന്റെ പ്രമുഖരായ വക്താക്കളില്‍നിന്നും. തത്ത്വശാസ്ത്രത്തിലും തര്‍ക്കശാസ്ത്രത്തിലുമൊക്കെ അദ്ദേഹം വ്യുത്പത്തി നേടുകയും ചെയ്തു. അങ്ങനെ ഈ രണ്ട് ചിന്താധാരകളെയും ബന്ധിപ്പിക്കുന്ന കണ്ണിയായി അദ്ദേഹം നിലകൊണ്ടു. ഒരു ആശയ സമന്വയത്തിലേക്കാണ് അത് എത്തിച്ചേര്‍ന്നത്. ഈ വിരുദ്ധധാരകളെ സമന്വയിപ്പിച്ചു എന്നതാണ് അദ്ദേഹത്തിന്റെ വലിയ സംഭാവന. ഹദീസില്‍ അഗാധമായ അറിവ്. അതോടൊപ്പം സാധര്‍മ്യരീതിശാസ്ത്രത്തിലും നിയമനിര്‍ധാരണത്തിലും ഇജ്തിഹാദിലുമെല്ലാം ആരെയും പിന്നിലാക്കുന്ന വൈദഗ്ധ്യം. ഈ രണ്ട് പക്ഷക്കാരെയും തൃപ്തിപ്പെടുത്താനും അദ്ദേഹത്തിന് കഴിഞ്ഞു.
ഇമാം ശാഫിഈയുടെ മറ്റൊരു സംഭാവന കിതാബുര്‍റിസാല എന്ന കൃതിയാണ്. മുസ്‌ലിംകള്‍ക്കിടയില്‍ ചിന്താപരമായ ഐക്യം സാധിക്കാനാണ് ഇത് രചിക്കപ്പെട്ടത്. ഇസ്‌ലാമിക നിയമ നിര്‍ധാരണ ശാസ്ത്രത്തില്‍ നമുക്ക് ലഭിച്ചിട്ടുള്ള ഏറ്റവും പുരാതനമായ കൃതിയുമാണിത്. ഇതിന്റെ രചനയിലൂടെ ഇമാം ശാഫിഈ പുതിയൊരു ജ്ഞാനശാസ്ത്രത്തിന് അസ്ഥിവാരമിടുകയായിരുന്നു. നൂറ്റാണ്ടുകള്‍ കഴിഞ്ഞിട്ടും ഈ കൃതിയിലെ തത്ത്വങ്ങളും നിരീക്ഷണങ്ങളും ഇന്നും പ്രസക്തമായി നിലനില്‍ക്കുന്നു.
രിസാല എന്ന വാക്കിന്റെ അര്‍ഥം കത്ത് എന്നാണ്. പുസ്തകത്തിന് ഈ പേരിടാന്‍ ഒരു കാരണമുണ്ട്. നിയമത്തിന്റെ നിദാന തത്ത്വങ്ങളെക്കുറിച്ച് എഴുതിത്തരണമെന്ന് ഒരു ശിഷ്യന്‍ ആവശ്യപ്പെട്ടതനുസരിച്ച് ഒരു കത്തിന്റെ രൂപത്തില്‍ തയാറാക്കിയതാണ് ഈ കൃതി. കത്താണെങ്കിലും നൂറ്റിഅമ്പതോളം പേജുണ്ട്. എന്താണ് നിയമം? എങ്ങനെയാണ് അത് നിര്‍മിക്കപ്പെടുന്നത്? അതിന്റെ സ്രോതസ്സുകള്‍ ഏതെല്ലാം? സ്രോതസുകളില്‍ കാണുന്ന വ്യത്യാസങ്ങള്‍ക്ക് പരിഹാരമെന്ത്? എങ്ങനെ ഒരു പുതിയ നിയമം നിര്‍മിക്കാം? പഴയ നിയമം എങ്ങനെ റദ്ദു ചെയ്യാം? പ്രമാണ പാഠങ്ങളെ എങ്ങനെ വ്യാഖ്യാനിക്കാം? ഈ ചോദ്യങ്ങള്‍ക്ക് ഉത്തരം കണ്ടെത്തുകയാണ് ഇമാം ശാഫിഈ ഈ പുസ്തകത്തില്‍. ഭാഷാനിയമങ്ങള്‍, ഛന്ദശ്ശാസ്ത്രം, അലങ്കാരശാസ്ത്രം തുടങ്ങിയവ വരെ ഉദാഹരണങ്ങള്‍ സഹിതം ഇതില്‍ ചര്‍ച്ചയാകുന്നുണ്ട്. എതിര്‍വാദങ്ങള്‍ക്ക് പണ്ഡിതോചിതമായി മറുപടി നല്‍കുകയും ചെയ്യുന്നു.
ശാഫിഈയുടെ കാലത്ത് മുഅ്തസിലികള്‍ അവരുടെ സ്വാധീനത്തിന്റെയും സ്വീകാര്യതയുടെയും പാരമ്യത്തിലായിരുന്നു. എല്ലാ ഹദീസുകളും ആധികാരികമല്ലെന്ന, ഒരുതരം നിസ്സാരവല്‍ക്കരിക്കുന്ന നിലപാടിലായിരുന്നു അവര്‍. എന്നാല്‍ ഇക്കൂട്ടര്‍ ഹദീസിനെ മൊത്തമായി നിഷേധിക്കുന്നവരാണ് എന്ന ധാരണയാണ് പരന്നത്. ഇതൊരു ദുഷ്പ്രചാരണം മാത്രമാണ്. അബൂഹുസൈന്‍ അല്‍ ബസ്വരിയുടെ ഒരു പുസ്തകത്തെക്കുറിച്ച് നാം നേരത്തെ പറഞ്ഞു. അതൊരു മുഅ്തസിലി പണ്ഡിതനാണ് ക്രോഡീകരിച്ചത്. പ്രവാചക വചനങ്ങളുടെ ആധികാരികത നിശ്ചയിക്കാനുതകുന്ന ചില തത്ത്വങ്ങളും രീതികളുമാണ് അതില്‍ വിശദീകരിക്കുന്നത്. ഏതൊരു സുന്നി പണ്ഡിതനും ആ തത്ത്വങ്ങളെ നിരാകരിക്കാന്‍ കഴിയില്ല. എങ്കില്‍, മുഅ്തസിലികള്‍ മുഴുവന്‍ ഹദീസുകളെയും തള്ളുന്നവരാണ് എന്ന് പ്രചരിപ്പിക്കുന്നതില്‍ എന്ത് ന്യായമാണുള്ളത്?
ഈ മേഖലയില്‍ ശാഫിഈയുടെ സംഭാവനയെന്ത് എന്ന് നോക്കാം. ഒരു നിയമം പ്രതിപാദിച്ചിട്ടുള്ള, അല്ലെങ്കില്‍ ഒരു നിയമം നിര്‍ധാരണം ചെയ്‌തെടുക്കാന്‍ പറ്റുന്ന ഒരു ഹദീസ് സ്വീകാര്യമാവണമെങ്കില്‍ അത് ഒന്നിലധികം റിപ്പോര്‍ട്ടര്‍മാര്‍ ഉദ്ധരിച്ചിരിക്കണം എന്നതാണ് മുഅ്തസിലി കാഴ്ച്ചപ്പാട്. ഹദീസ് റിപ്പോര്‍ട്ടര്‍ ഒരാള്‍ മാത്രമായിപ്പോയാല്‍ അത് സ്വീകാര്യമല്ല. അത് അയാള്‍ വിശ്വസിക്കാന്‍ കൊള്ളാത്തവനായത് കൊണ്ടൊന്നുമല്ല. ഒരു പ്രസ്താവം ശരിയെന്ന് ഉറപ്പിക്കാന്‍ നിയമത്തില്‍ രണ്ട് പേരുടെ സാക്ഷ്യം വേണം എന്നുള്ളത് കൊണ്ടാണ്. ഈ വാദം മറ്റു മുസ്‌ലിം നിയമജ്ഞര്‍ അംഗീകരിച്ചിട്ടില്ല. ശാഫിഈയും മറ്റു പണ്ഡിതന്മാരും ഈ വാദത്തെ ശക്തിയുക്തം ഖണ്ഡിച്ചു. ഏവര്‍ക്കും ബോധ്യപ്പെടുന്ന മറുപടിയായിരുന്നു അവരുടേത്. ഹദീസ് ഉദ്ധരിച്ചത് ഒരൊറ്റ ആള്‍ (ആഹാദ്) മാത്രമായിപ്പോയാല്‍ അത് ദുര്‍ബലമാണ് എന്ന മുഅ്തസിലിയന്‍ വാദം അതോടെ ദുര്‍ബലമാവുകയും ജനങ്ങള്‍ അത്തരം ഹദീസുകള്‍ സ്വീകരിക്കാന്‍ തുടങ്ങുകയും ചെയ്തു. ഇമാം ശാഫിഈ തന്റെ വാദമുഖങ്ങള്‍ സ്ഥാപിക്കാനായി ഇസ്‌ലാമിക ചരിത്രത്തില്‍നിന്ന് ഒട്ടേറെ സംഭവങ്ങള്‍ നിരത്തുന്നുണ്ട്. ഉദാഹരണത്തിന്, നമസ്‌കരിക്കാന്‍ തിരിഞ്ഞുനില്‍ക്കേണ്ട ഖിബ്‌ല ജറൂസലമില്‍നിന്ന് മക്കയിലെ കഅ്ബയിലേക്ക് മാറ്റിയിട്ടുണ്ടെന്ന വിവരം അറിയിക്കാനായി ഒരിക്കല്‍ പ്രവാചകന്‍ ഒരാളെ പറഞ്ഞയച്ചു. അദ്ദേഹം നാടാകെ സഞ്ചരിച്ച് ഈ വാര്‍ത്ത വിളംബരം ചെയ്തു. ജനം അപ്രകാരം പ്രവര്‍ത്തിച്ചു. വാര്‍ത്ത എത്തിച്ചത് ഒരാളാണെന്നത് ആരും പ്രശ്‌നമാക്കിയില്ലല്ലോ. രണ്ടാളുണ്ടെങ്കിലേ ഒരു വിവരം സ്വീകരിക്കാവൂ എന്ന നിബന്ധന പ്രവാചകന്റെ കാലത്ത് ഇല്ലെങ്കില്‍ മുഅ്തസിലീ വാദം നാം സ്വീകരിക്കേണ്ടതില്ലെന്ന് ഇമാം ശാഫിഈ വാദിച്ചു.
മറ്റൊരു ഉദാഹരണവും അദ്ദേഹം നല്‍കി. മദീനയില്‍ മദ്യനിരോധനം നിലവില്‍ വന്ന സന്ദര്‍ഭം. ഈ വിവരം അറിയിക്കാനായി പ്രവാചകന്‍ ഒരാളെ നിയോഗിച്ചു. പ്രവാചക ശിഷ്യനായ അനസ്(റ) തന്റെ കുട്ടിക്കാലത്ത് നടന്ന ഈ സംഭവം വിവരിച്ചിട്ടുണ്ട്. ബുഖാരി ഈ സംഭവം തന്റെ കൃതിയില്‍ ചേര്‍ത്തിരിക്കുന്നു. അനസ് പറയുന്നു: 'മദ്യനിരോധനം വിളംബരം ചെയ്യുന്ന ദൂതന്‍ ഞങ്ങളുടെ വീടിന്റെ സമീപമെത്തി. അപ്പോള്‍ ഞങ്ങള്‍ അതിഥികള്‍ക്ക് മദ്യം ഒഴിച്ചുകൊടുക്കുകയായിരുന്നു. വിളംബരം കേട്ടയുടനെ എന്റെ പിതാവ് എന്നോട് പറഞ്ഞു, ഉടനടി മദ്യം നശിപ്പിച്ചുകളയാന്‍. ഒരു ചുറ്റികയെടുത്ത് അദ്ദേഹം മദ്യക്കുടുക്ക അടിച്ചുപൊട്ടിച്ചു. മദ്യം കുടിച്ചുകൊണ്ടിരുന്നവര്‍ മദ്യക്കപ്പുകള്‍ ദൂരെയെറിഞ്ഞു.' ഇവിടെ ഒരാളുടെ വിളംബരം കേട്ടാണല്ലോ ഇതൊക്കെ ചെയ്യുന്നത്.
ഇമാം ശാഫിഈയുടെ കാലത്ത് പാരമ്പര്യവാദികള്‍ ഹദീസുകള്‍ പഠിക്കുകയും അവ പിന്‍തലമുറകള്‍ക്ക് പകര്‍ന്നുകൊടുക്കുകയും മാത്രമാണ് ചെയ്തിരുന്നത്. തത്ത്വശാസ്ത്രം, യുക്തിശാസ്ത്രം, തര്‍ക്കശാസ്ത്രം തുടങ്ങിയ പഠനശാഖകളെയൊന്നും അവര്‍ ശ്രദ്ധിച്ചിരുന്നില്ല. അങ്ങനെ കടുത്ത അക്ഷരപൂജകരായി അവര്‍ പരിണമിച്ചു. മറുവശത്ത് സ്വതന്ത്രാന്വേഷകരാവട്ടെ, തങ്ങള്‍ ചര്‍ച്ച ചെയ്യുന്ന വിഷയത്തില്‍ വല്ല പ്രവാചക വചനവും വന്നിട്ടുണ്ടോ എന്നുപോലും നോക്കാതെ സ്വന്തമായി വിധിപ്രസ്താവങ്ങള്‍ നടത്തിക്കൊണ്ടിരുന്നു. ഇമാം ശാഫിഈയുടെ സ്വാധീനഫലമായി, പാരമ്പര്യവാദികള്‍ വിവിധ തലക്കെട്ടുകളിലായി ഹദീസുകള്‍ എഴുതിവെക്കാന്‍ തുടങ്ങി. ഒരേ വിഷയത്തില്‍വന്ന വിവിധ ഹദീസുകള്‍ ഒരൊറ്റ ശീര്‍ഷകത്തിന്റെ കീഴിലാക്കി. ഇതുവഴി ഓരോ ഹദീസിനെയും കാലക്രമമനുസരിച്ച് ക്രോഡീകരിക്കാന്‍ കഴിഞ്ഞു. ഈ ക്രമീകരണത്തിലൂടെ ഏത് ഹദീസ് ഏത് ഹദീസിനെ റദ്ദ് ചെയ്തു എന്ന് തീരുമാനിക്കാന്‍ കഴിയുമായിരുന്നു. സ്വതന്ത്ര ചിന്തകരാകട്ടെ ഹദീസ് നന്നായി പഠിക്കാന്‍ തുടങ്ങുകയും ചെയ്തു. ഇങ്ങനെ ഇസ്‌ലാമിക നിയമത്തിന് പുതിയൊരു വികാസവും ചൈതന്യവും പകര്‍ന്നു കിട്ടുന്നത് ഇമാം ശാഫിഈയുടെ സ്വാധീനഫലമായാണ്.
(തുടരും)

Comments

Other Post

ഖുര്‍ആന്‍ ബോധനം

അല്‍ കഹ്ഫ് 66-73
എ.വൈ.ആര്‍