അറബിക്/ഇസ്‌ലാമിയ കോളേജുകള്‍ / പ്രതിസന്ധികളും പ്രതിവിധികളും
മുസ്‌ലിം സമുദായത്തെ മതബോധമുള്ള സമൂഹമായി വളര്‍ത്തിയെടുക്കുന്നതിന്ന് നേതൃത്വം നല്‍കാന്‍ കെല്‍പ്പുറ്റ മതപണ്ഡിതരെ വാര്‍ത്തെടുക്കുക എന്ന ഉദാത്തമായ ലക്ഷ്യത്തോടെയാണ് പതിനാറാം നൂറ്റാണ്ട് മുതല്‍ തന്നെ പള്ളിദര്‍സുകള്‍ക്ക് ബീജാവാപം നല്‍കിയത്. മാറിവരുന്ന തലമുറയുടെ ആവശ്യങ്ങള്‍ നിര്‍വഹിക്കുന്നതിന്ന് പള്ളി ദര്‍സുകള്‍ പര്യാപ്തമല്ല എന്ന തിരിച്ചറിവില്‍നിന്നാണ് അറബിക് കോളേജുകളുടെ ആവിര്‍ഭാവം. ഈ അര്‍ഥത്തില്‍ പള്ളിദര്‍സുകളും അറബിക് കോളേജുകളും അതതു കാലത്ത് നല്‍കിയ സംഭാവനകളെ ഒട്ടും തന്നെ കുറച്ചു കാണുക സാധ്യമല്ല. കാലഘട്ടത്തിന്റെ സവിശേഷതകള്‍ ഉള്‍ക്കൊണ്ടും സമുദായത്തിന്റെ ദുരവസ്ഥയില്‍ മനംനൊന്തും അക്കാലത്തെ സമുദായ സ്‌നേഹികളായ നേതാക്കള്‍ ഉണര്‍ന്നു ചിന്തിച്ചതിന്റെയും ദൈവഭയത്താല്‍ നടപടികള്‍ സ്വീകരിച്ചതിന്റെയും ഫലമായി തന്നെയാണ് മത ഭൗതിക വിദ്യാഭ്യാസത്തെ സമന്വയിപ്പിച്ചു കൊണ്ടുള്ള പാഠ്യപദ്ധതി ആവിഷ്‌കരിച്ച് അറബിക്കോളേജുകള്‍ തുടങ്ങിയതും വിശ്വോത്തര പണ്ഡിതരെ വാര്‍ത്തെടുക്കാന്‍ സാധിച്ചതും. ആലിയാ കോളേജ്, റൗദത്തുല്‍ ഉലൂം അറബിക് കോളേജ്, വാഴക്കാട് ദാറുല്‍ ഉലൂം, ശാന്തപുരം ഇസ്‌ലാമിയാ കോളേജ്, തിരൂര്‍ക്കാട് ഇലാഹിയാ കോളേജ്, ചേന്ദമംഗല്ലൂര്‍ ഇസ്‌ലാഹിയാ കോളേജ് തുടങ്ങിയവ ഈ ഗണത്തില്‍ എടുത്തുപറയത്തക്ക സേവനങ്ങള്‍ അര്‍പ്പിച്ചവയാണ്.
എന്നാല്‍, സമൂഹം അഭിമുഖീകരിക്കുന്ന പുതിയ വെല്ലുവിളികളെ നേരിടാനും ശാസ്ത്ര സാങ്കേതിക വളര്‍ച്ചക്കനുസരിച്ചുയരാനും ഈ സംവിധാനങ്ങള്‍ക്ക് സാധിക്കാതെ വന്നു എന്നത് സ്വാഭാവികം മാത്രമായി കാണാവുന്നതാണ്. വൈജ്ഞാനിക വളര്‍ച്ചയും ശാസ്ത്ര സാങ്കേതിക പുരോഗതിയും തങ്ങളുടെ മുന്നില്‍ തുറന്നു തന്ന സാധ്യതകളില്‍ അഭിരമിക്കുന്ന, അത്തരം നേട്ടങ്ങള്‍ കൈമുതലാക്കിയ പുതുതലമുറയുടെ ഭാഗമായ മുസ്‌ലിം യുവതയെ ആകര്‍ഷിക്കാനോ പിടിച്ചു നിര്‍ത്താനോ ഈ സംവിധാനങ്ങള്‍ അപര്യാപ്തമായിത്തീരുന്നു എന്നതാണ് പിന്നീടുള്ള അനുഭവങ്ങള്‍ തെളിയിക്കുന്നത്. അതിനാല്‍ തന്നെ വിദ്യാര്‍ഥികളുടെ ദൗര്‍ലഭ്യവും പ്രവേശനം നേടിയ വിദ്യാര്‍ഥികളെ പിടിച്ചുനിര്‍ത്താന്‍ സാധിക്കാത്തതുമാണ് ഈ രംഗം അനുഭവിക്കുന്ന ഏറ്റവും വലിയ പ്രതിസന്ധി.
തൊഴില്‍ സാധ്യത ഉറപ്പുവരുത്തത്തക്കവിധത്തിലുള്ള അഫ്‌സലുല്‍ ഉലമാ കോഴ്‌സുകള്‍ നടത്തുന്ന കോളേജുകളായാലും, മറ്റു അംഗീകൃത ഡിഗ്രികള്‍ കരസ്ഥമാക്കാന്‍ സഹായകമായ വിധത്തില്‍ ആര്‍ട്‌സ് ആന്റ് ഇസ്‌ലാമിക് കോഴ്‌സുകള്‍ നടത്തുന്ന കോളേജുകളായാലും ഇതു രണ്ടുമല്ലാത്ത കോളേജുകളായാലും ഈ പ്രതിസന്ധി നേരിടുന്നുണ്ട് എന്നതാണ് വസ്തുത. വിവിധ സംഘടനകള്‍ മത്സരബുദ്ധിയോടെയാണ് അറബിക് കോളേജുകള്‍ ആരംഭിച്ചിരുന്നത്. എന്നാല്‍, സമുദായ നേതൃത്വത്തിന്റെ (സംഘടനാ നേതാക്കളുടെ) ദീര്‍ഘദൃഷ്ടിയില്ലായ്മയും ഒരു പരിധിവരെ വേണ്ടവിധത്തില്‍ ഈ രംഗത്ത് ഉത്തരവാദിത്വം നിറവേറ്റാന്‍ സാധിക്കാത്തതുമാണ് ഈ പ്രതിസന്ധികളുടെ ആഴം വര്‍ധിപ്പിക്കുന്നത്. പ്രതിസന്ധിക്ക് ആക്കം കൂട്ടിയ കാരണങ്ങളെ ഇങ്ങനെ സംഗ്രഹിക്കാം.
ആവശ്യങ്ങള്‍ വിലയിരുത്തിയല്ല (Need assessment) സ്ഥാപനങ്ങള്‍ തുടങ്ങിയത്.
സംഘടനാ നേതൃത്വം ശക്തമാണെങ്കില്‍ പോലും, ഒരോ പ്രദേശത്തെയും പ്രാദേശിക നേതാക്കളുടെ കഴിവിനും അറിവിനും കാഴ്ചപ്പാടിനും താല്‍പര്യത്തിനും അനുസൃതമായി തോന്നിയ പോലെ സ്ഥാപനങ്ങളും കോഴ്‌സുകളും ആരംഭിക്കുകയാണുണ്ടായത്. അവക്ക് കേന്ദ്രീകൃത സ്വഭാവം ഉണ്ടായിരുന്നില്ല.
വൈജ്ഞാനിക മേഖലയില്‍ അതി ധ്രുതഗതിയില്‍ വന്നുകൊണ്ടിരിക്കുന്ന മാറ്റങ്ങളെയോ ശാസ്ത്ര സാങ്കേതിക പുരോഗതിക്കനുസരിച്ച് സമൂഹം നേരിടാന്‍ പോകുന്ന വെല്ലുവിളികളെയോ ഒട്ടും ഗൗനിച്ചുകൊണ്ടായിരുന്നില്ല സ്ഥാപനത്തിലെ പഠന ബോധന രീതികളും കോഴ്‌സുകളും രൂപകല്‍പന നടത്തിയിരുന്നത്.
ഇന്നിപ്പോള്‍ പല കോഴ്‌സുകളിലും അധ്യാപകരെക്കാള്‍ കുറവാണ് വിദ്യാര്‍ഥികളുടെ എണ്ണം.
ഉത്തരവാദപ്പെട്ടവര്‍ ഒട്ടും ശ്രദ്ധിച്ചില്ല എന്നോ, നിരുത്തരവാദപരമായി പെരുമാറിയെന്നോ അടച്ചാേക്ഷപിക്കുകയല്ല. മറ്റു മേഖലകളിലെന്ന പോലെ വിദ്യാഭ്യാസ മേഖലയിലും ചടുലമായ കാല്‍വെപ്പുകള്‍ നടത്തിയോ എന്ന സംശയം പങ്കുവെക്കുക മാത്രമാണ് ചെയ്യുന്നത്. യുവതലമുറയെ ആകര്‍ഷിക്കത്തക്ക വിധം അവരുടെ ജീവിത വീക്ഷണത്തെയും ത്വരയെയും അഡ്രസ്സു ചെയ്തു കൊണ്ട് മതവിദ്യാഭ്യാസ മേഖലയെ കൈകാര്യം ചെയ്യാന്‍, നേതൃത്വം നല്‍കുന്നവര്‍ക്ക് സാധിച്ചിട്ടില്ല. ഈ പ്രതിസന്ധി സൃഷ്ടിക്കുന്ന മൂര്‍ത്തമായ പ്രശ്‌നങ്ങള്‍ ഇവയാണ്.
പലപ്പോഴും തന്റെ കരിയറിനനുസരിച്ച് താന്‍ തെരഞ്ഞെടുത്ത ഒരു കോഴ്‌സ് എന്ന നിലയിലല്ല അധിക വിദ്യാര്‍ഥികളും ഇത്തരം സ്ഥാപനങ്ങളിലെത്തിച്ചേരുന്നത്.
സ്ഥാപനത്തില്‍ ചേര്‍ന്ന് കുറച്ചു കഴിയുമ്പോള്‍ ഭാവിയെ കുറിച്ച് ആശാവഹമായ ഒരു ചിത്രം ലഭിക്കുന്നില്ല എന്നു മാത്രമല്ല, തന്റെ ഭാവി ഇരുളടഞ്ഞതായി കാണുകയോ നൈരാശ്യം പിടികൂടുകയോ ചെയ്യുന്നു.
കൃത്യമായ സ്ഥിതി വിവരക്കണക്കുകളുടെ അടിസ്ഥാനത്തില്‍ സാധ്യതകള്‍ വിലയിരുത്തികൊണ്ടല്ല പല സ്ഥാപനങ്ങളും ആരംഭിച്ചിരിക്കുന്നത്.
പഠിതാക്കളുടെ ലഭ്യതയെ കുറിച്ചോ പഠനാനന്തരമുള്ള തൊഴില്‍ സാധ്യതയെ കുറിച്ചോ മറ്റു സേവനതുറകളെ കുറിച്ചോ സ്ഥിതിവിവരക്കണക്കോ രൂപരേഖയോ ഇല്ല.
സ്ഥാപനത്തില്‍ ചേരുമ്പോഴോ ചേര്‍ന്നതിനു ശേഷമോ തന്റെ അഭിരുചിക്കനുസരിച്ച് പഠന വിഷയങ്ങള്‍ തെരഞ്ഞെടുക്കാനോ കോഴ്‌സുകള്‍ തെരഞ്ഞെടുക്കാനോ വര്‍ഷങ്ങള്‍ നഷ്ടപ്പെടുത്താതെതന്നെ കോഴ്‌സുകളിലോ പഠന വിഷയങ്ങളിലോ മാറ്റങ്ങള്‍ വരുത്താനോ വിദ്യാര്‍ഥിക്ക് അവസരം ലഭിക്കുന്നില്ല.
വളരെ കൃത്യമായ ഒരു തൊഴില്‍ മേഖല കണ്ടു കൊണ്ട് പഠനം മുന്നോട്ട് നയിക്കാന്‍ സാധിക്കുന്നില്ല.
വിദ്യാഭ്യാസ രംഗത്തെ പരിഷ്‌കരണങ്ങളും മാറ്റങ്ങളും ഓടുന്ന വണ്ടി റിപ്പയര്‍ ചെയ്യുന്ന പോലെയാണെന്നും നിര്‍ത്തിവെച്ച് കേടുതീര്‍ക്കാന്‍ സാധിക്കുകയില്ലയെന്നും ഓര്‍ക്കേണ്ടതുണ്ട്. ഇതൊന്നും ഏതെങ്കിലും ഒറ്റമൂലികള്‍ കൊണ്ട് സുഖപ്പെടുത്താവുന്ന പ്രശ്‌നങ്ങളുമല്ല. കൂട്ടായ ചിന്തയും വിശദമായ ചര്‍ച്ചയും അനിവാര്യമാണിവിടെ. ഈ വഴിക്കു ചിന്തിക്കുമ്പോള്‍ താഴെ പറയുന്ന ചില പരിഹാരമാര്‍ഗങ്ങളാണ് മുന്നോട്ടു വെക്കാനുള്ളത്.
സംഘടനകള്‍ സംസ്ഥാനതലത്തില്‍ സംസ്ഥാന അധ്യക്ഷന്റെ മേല്‍നോട്ടത്തില്‍ ശക്തമായ ഒരു വിദ്യാഭ്യാസ വകുപ്പ് രൂപീകരിക്കുക.
പൊതുവായ വിദ്യാഭ്യാസ നയപരിപാടികള്‍ ഈ വകുപ്പാണ് വികസിപ്പിക്കേണ്ടത്. അതിനാല്‍ ഈ വകുപ്പിനു കീഴില്‍ ഒരു വിദ്യാഭ്യാസ ഗവേഷണ വിംഗും അഡ്മിനിസ്‌ട്രേറ്റീവ് വിംഗും അക്കാദമിക വിംഗും പ്രവര്‍ത്തിക്കണം.
ഈ വിദ്യാഭ്യാസ വകുപ്പിനു കീഴില്‍ സാധ്യതയും ആവശ്യവുമനുസരിച്ച് ഒന്നോ ഏറിയാല്‍ രണ്ടോ ജാമിഅകള്‍ (യൂനിവേഴ്‌സിറ്റികള്‍) സ്ഥാപിക്കുക. വിദ്യാഭ്യാസ വകുപ്പിനു കീഴിലാണെങ്കിലും ഒരു പരിധിവരെ സ്വയംഭരണാധികാരം ഈ സര്‍വകലാശാലകള്‍ക്ക് നല്‍കാവുന്നതാണ്. നിലവിലുള്ളതും മേലില്‍ ആരംഭിക്കുന്നതുമായ എല്ലാ ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളും ഈ യൂനിവേഴ്‌സിറ്റികളില്‍ അഫിലിയേറ്റ് ചെയ്തിരിക്കണം.
നിലവിലുള്ള കോളേജുകളെയും കോഴ്‌സുകളെയും കുറിച്ച് കൃത്യവും വ്യക്തവുമായ പഠനം നടത്തി വസ്തുതകള്‍ ശേഖരിച്ച് എവിടെയെല്ലാം ഏതെല്ലാം കോഴ്‌സുകളാണ് തുടരേണ്ടത് എന്നതിനെ കുറിച്ച് വ്യക്തമായ ധാരണ ഉണ്ടാക്കുക.
ഉന്നത വിദ്യാഭ്യാസത്തിന്റെ ലക്ഷ്യവും ആവശ്യകതയും കണക്കിലെടുത്ത് മതപണ്ഡിതരെ വാര്‍ത്തെടുക്കാന്‍ എത്ര സ്ഥാപനങ്ങള്‍ സംസ്ഥാനത്ത് ആവശ്യമുണ്ട് എന്ന് തിട്ടപ്പെടുത്തുക.
എല്ലാവരും മത പണ്ഡിതരും ഡിഗ്രി ഹോള്‍ഡേഴ്‌സും ആകേണ്ടതില്ല. അതിനാല്‍ മതപണ്ഡിതരെ വാര്‍ത്തെടുക്കാന്‍ അത്തരത്തിലുള്ള സ്ഥാപനങ്ങള്‍ അതിന്റേതായ വ്യതിരിക്തതയോടു കൂടിയും അതല്ലാത്തവ അംഗീകൃത സര്‍വകലാശാലാ ഡിഗ്രി കരസ്ഥമാക്കാന്‍ സഹായിക്കുമാറ് സര്‍ക്കാര്‍ അംഗീകൃത അഫിലിയേഷനോടു കൂടിയും ഉള്ള കേളേജുകളായി തരംതിരിക്കുക.
ഉസ്വൂലുദ്ദീന്‍ കോഴ്‌സുകളും അഫിലിയേറ്റഡ് കോളേജുകളിലെ ഡിഗ്രി കോഴ്‌സുകളും തെരഞ്ഞെടുക്കാന്‍ സാധിക്കുമാറ് പത്താംതരം പാസ്സായവരെ മാത്രം ചേര്‍ത്തു പഠിപ്പിക്കുന്ന ഒരു പ്രിപ്പറേറ്ററി കോഴ്‌സ് സാധ്യമാകുന്ന എല്ലാ കോളേജുകളിലും തുടങ്ങാവുന്നതാണ്. അടിസ്ഥാന മതപാഠ വിഷയങ്ങള്‍ക്ക് പ്രാമുഖ്യം നല്‍കുന്ന ഈ കോഴ്‌സില്‍ ചേരുന്നവര്‍ക്ക് സംസ്ഥാന ഓപ്പന്‍ സ്‌കൂളി(Kerala State Open School)ന്റെയോ ദേശീയ ഓപ്പന്‍ സ്‌കൂളി(National Institute of Open School)ന്റെയോ സഹായത്തോടെ പ്ലസ്ടു എഴുതാന്‍ സൗകര്യം ഏര്‍പ്പെടുത്തുക. കഴിയുന്നതും വര്‍ഷം നഷ്ടപ്പെടാത്ത വിധത്തിലാവണം പാഠ്യപദ്ധതി രൂപകല്‍പന ചെയ്യേണ്ടത്.
ഉസ്വൂലുദ്ദീന്‍ തെരഞ്ഞെടുക്കുന്നവര്‍ക്ക് തനിക്ക് ഇഷ്ടപ്പെട്ട വിഷയത്തില്‍ പി.ജി എടുക്കാനും സ്‌പെഷ്യലൈസ് ചെയ്യാനും സാധിക്കുമാറ് വിഷയ സമുച്ചയങ്ങളുടെ ഗ്രൂപ്പുകള്‍ ഡിഗ്രി തലത്തില്‍ തന്നെ തിരിക്കാം. പൊതു കോളേജുകളില്‍ സയന്‍സ്, ഹുമാനിറ്റീസ്, കൊമേഴ്‌സ് എന്നെല്ലാം പറയുന്ന പോലെ ഖുര്‍ആനിലോ ശരീഅത്തിലോ ഹദീസിലോ ഫിഖ്ഹിലോ ഇസ്‌ലാമിക സാമ്പത്തിക ശാസ്ത്രത്തിലോ ഭാവിയില്‍ സ്‌പെഷ്യലൈസ് ചെയ്യാന്‍ സാധിക്കുന്ന വിധത്തില്‍ എല്ലാറ്റിനും ആവശ്യമായ പൊതു വിഷയങ്ങളും ഓരോന്നിനും പ്രത്യേകം വേണ്ടുന്ന കോര്‍ വിഷയങ്ങളും അടങ്ങുന്ന തരത്തില്‍ ഈ ഗ്രൂപ്പുകള്‍ക്ക് രൂപം നല്‍കാവുന്നതാണ്. ഇത്തരത്തിലുള്ള ഡിഗ്രി കോഴ്‌സുകള്‍ സംസ്ഥാനത്തില്‍ ഏതെല്ലാം, എത്ര വീതം എന്നു കണക്കാക്കി അതിനനുസരിച്ച് കോഴ്‌സുകള്‍ തുടങ്ങാന്‍ അനുമതി നല്‍കുന്നതു സംസ്ഥാന വിദ്യാഭ്യാസ വകുപ്പായിരിക്കണം. വിഷയ ഗ്രൂപ്പുകളും പാഠ്യപദ്ധതിയും സിലബസും പഠന സാമഗ്രികളും മറ്റും നിശ്ചയിക്കുന്നതും വികസിപ്പിക്കുന്നതും യൂനിവേഴ്‌സിറ്റി (ജാമിഅകള്‍) ആയിരിക്കും. അതിനാവശ്യമായ അക്കാദമിക വിംഗുകള്‍ യൂനിവേഴ്‌സിറ്റികളില്‍ ഉണ്ടായിരിക്കണം.
ഈ വിധത്തില്‍ ഉസ്വൂലുദ്ദീന്‍ പഠിക്കുന്ന പഠിതാക്കള്‍ക്ക് പഠനം മുന്നോട്ടു കൊണ്ടുപോകാനാവശ്യമായ സംവിധാനങ്ങള്‍ കേരളത്തിലും കേരളത്തിനു പുറത്തും അന്തര്‍ദേശീയ തലത്തിലും ഉറപ്പുവരുത്തുകയും അതിനാവശ്യമായ സഹായ സംവിധാനങ്ങള്‍ ഒരുക്കുകയും കുട്ടികള്‍ക്ക് വ്യക്തമായ ലക്ഷ്യബോധം നല്‍കുകയും വേണം.
ഉസ്വൂലുദ്ദീന്‍ തുടരാന്‍ ആഗ്രഹിക്കാത്ത കുട്ടികള്‍ക്ക് സര്‍ക്കാര്‍ അംഗീകൃത ഡിഗ്രികള്‍ കരസ്ഥമാക്കാന്‍ അഫിലിയേറ്റഡ് കോളേജുകളില്‍ ചേരാന്‍ സാധിക്കുമാറ് ആവശ്യവും സാഹചര്യവുമനുസരിച്ച് നിലവിലുള്ള സ്ഥാപനങ്ങളിലോ അല്ലാതെയോ അഫിലിയേറ്റഡ് കോളേജുകള്‍ ആരംഭിക്കുക. ഈ കോളേജുകളില്‍ കാലഘട്ടത്തിന്റെ തേട്ടത്തിനനുസരിച്ച കോഴ്‌സുകള്‍ തുടങ്ങാന്‍ ശ്രദ്ധിക്കുന്നതോടൊപ്പം പ്രിപ്പറേറ്ററി കോഴ്‌സു പൂര്‍ത്തിയാക്കിയവര്‍ക്ക് പ്രവേശനത്തില്‍ മുന്‍ഗണന നല്‍കുകയും ചെയ്യുക.
ഇങ്ങനെ ചേര്‍ന്നു പഠിക്കുന്ന കുട്ടികള്‍ മതപണ്ഡിതന്മാരാകാന്‍ ആഗ്രഹിക്കാത്തതിനാല്‍ അവര്‍ക്ക് മതഗ്രന്ഥങ്ങളോ അറബി ഭാഷയോ നിര്‍ബന്ധമാക്കേണ്ടതില്ല. ഇസ്‌ലാമിനെ കുറിച്ച് ഒരു പൊതു ധാരണയും കാഴ്ചപ്പാടും ലഭിക്കത്തക്ക വിധത്തില്‍ ഒട്ടും ഭാരമില്ലാത്ത തരത്തില്‍ ആഴ്ചയില്‍ മൂന്നു അവറോ മറ്റോ മോറല്‍ സയന്‍സ് വിഷയങ്ങള്‍ ഏര്‍പ്പെടുത്തിയാല്‍ മതിയാകും.
ഈ പ്രിപ്പറേറ്ററി കോഴ്‌സ് പൂര്‍ത്തിയാക്കിയവര്‍ക്കോ അറബി എടുത്തുകൊണ്ട് പ്ലസ്ടു പാസ്സായവര്‍ക്കോ ചേര്‍ന്നു പഠിക്കാവുന്ന വിധത്തില്‍ ഒരു മദ്‌റസാധ്യാപക പരിശീലന കോഴ്‌സിന് രൂപം നല്‍കിയാല്‍ മദ്‌റസാ വിദ്യാഭ്യാസരംഗം നേരിടുന്ന ഏറ്റവും വലിയ പ്രതിസന്ധി പരിഹരിക്കാനും പ്രിപ്പറേറ്ററി കോഴ്‌സുകളിലേക്ക് പഠിതാക്കളെ ആകര്‍ഷിക്കാനും സാധിക്കും. വിദ്യാഭ്യാസ മേഖല വേറിട്ടു നില്‍ക്കുന്നതല്ലാത്തതിനാലും പരസ്പര പൂരകങ്ങളായതിനാലും ഇത്തരത്തില്‍ സമഗ്രമായ ചില കാഴ്ചപ്പാടുകളും നിലപാടുകളും അനിവാര്യമാണ്. മദ്‌റസകളുടെ നയനിലപാടുകളും അക്കാദമിക നേതൃത്വവും അറബിക് കോളേജുകളുകളുടെ അനുമതിയും മറ്റു നയനിലപാടുകളും സംസ്ഥാന തലത്തിലും, അറബിക് കോളേജുകളുടെ അക്കാദമിക നേതൃത്വം ജാമിഅകളുടെ തലത്തിലും നിര്‍വഹിക്കേണ്ടതാണ്. എല്ലാ സ്ഥാപനങ്ങളുടെയും നടത്തിപ്പു മാത്രമേ പ്രാദേശിക സമിതികളെയോ ട്രസ്റ്റുകളെയോ ഏല്‍പിക്കാവൂ. അങ്ങനെ വന്നാല്‍ മെച്ചപ്പെട്ട സേവന വേതന വ്യവസ്ഥ നടപ്പിലാക്കാനും തദ്വാരാ കഴിവുറ്റ വ്യക്തിത്വങ്ങളെ മദ്‌റസാധ്യാപകന്മാരടക്കമുള്ള മേഖലകളിലേക്കാകര്‍ഷിക്കാനും സാധിക്കുന്നതാണ്.
മത പ്രബോധന രംഗത്തും മറ്റും ആവശ്യമായി വരുന്ന പണ്ഡിതന്മാരുടെയും മറ്റു പ്രഫഷനലുകളുടെയും ഏകദേശ കണക്ക് നിജപ്പെടുത്തി അതിനാനുപാതികമായിട്ടാണ് അറബിക് കോളേജുകളും കോഴ്‌സുകളും ആരംഭിക്കേണ്ടത്. ഭൂമിശാസ്ത്രപരമായ വ്യത്യാസങ്ങളും ലിംഗ സവിശേഷതകളും, കോഴ്‌സുകളും കോളേജുകളും ആരംഭിക്കുമ്പോള്‍ പരിഗണിക്കേണ്ടതാണ്.
[email protected]
Comments