ചാലപ്പുറം കോണ്‍ഗ്രസ്സും പെരുന്ന കോണ്‍ഗ്രസ്സും
മുമ്പ്, പ്രമാദമായ 'അഞ്ചാം മന്ത്രിക്കാല'ത്ത് ഊഹാപോഹങ്ങള്‍ക്ക് വിരാമമിട്ട്, മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി തന്റെ മന്ത്രിസഭയുടെ പുനഃസംഘടന പ്രഖ്യാപിച്ച സന്ദര്‍ഭം. പലവിധ പ്രതികരണങ്ങളുമായി പലതരം നേതാക്കള്‍ ടെലിവിഷന്‍ ചാനലുകളില്‍ പ്രത്യക്ഷപ്പെട്ടു തുടങ്ങി. അക്കൂട്ടത്തില്‍ ഏറ്റവും രോഷാകുലനായി കണ്ടത് നായര്‍ സര്‍വീസ് സൊസൈറ്റിയുടെ ജനറല്‍ സെക്രട്ടറി ജി. സുകുമാരന്‍ നായരെയായിരുന്നു. മഞ്ഞളാംകുഴി അലി അഞ്ചാം മന്ത്രിയായത് മാത്രമല്ല അദ്ദേഹത്തെ വെകിളി പിടിപ്പിച്ചത്; കറുത്ത നായരായ തിരുവഞ്ചൂര്‍ രാധാകൃഷ്ണനെ ആഭ്യന്തര വകുപ്പ് ഏല്‍പിച്ചത് കൂടിയാണ്. നായന്മാര്‍ താക്കോല്‍ സ്ഥാനങ്ങളില്‍ വരുന്നില്ല എന്നതായിരുന്നു അടുത്ത ദിവസം വരെ സുകുമാരന്‍ നായരുടെ പരാതി. അതിനാല്‍ തന്നെ, ആഭ്യന്തര വകുപ്പ് എന്ന വിശേഷപ്പെട്ട താക്കോല്‍ സ്ഥാനം ഒരു കോട്ടയം നായരെ ഏല്‍പിച്ചതില്‍ സുകുമാരന്‍ നായര്‍ സംതൃപ്തനാകുമെന്നായിരുന്നു മാലോകരെല്ലാം വിചാരിച്ചത്. എന്നാല്‍, തിരുവഞ്ചൂരിനെതിരെയും ഉമ്മന്‍ ചാണ്ടിക്കെതിരെയും പൊട്ടിത്തെറിക്കുന്ന സുകുമാരന്‍ നായരെയാണ് പ്രേക്ഷകര്‍ കണ്ടത്. 'ഇയാള്‍ ഉമ്മന്‍ ചാണ്ടിയുടെ വിശ്വസ്തനായ ആള്‍ മാത്രമാണ്' എന്നതായിരുന്നു സുകുമാരന്‍ നായര്‍ ആവര്‍ത്തിച്ചു പറഞ്ഞുകൊണ്ടിരുന്ന കാര്യം. മുഖ്യമന്ത്രി നേതൃത്വം നല്‍കുന്ന മന്ത്രിസഭയിലെ ഒരംഗം മുഖ്യമന്ത്രിയുടെ വിശ്വസ്തനായി എന്നത് യഥാര്‍ഥത്തില്‍ ഒരു അപരാധമല്ല; അങ്ങനെ ആയില്ലെങ്കില്‍ അതാണ് പ്രശ്‌നം. എന്നിട്ടും സുകുമാരന്‍ നായര്‍ ഇത് ആവര്‍ത്തിച്ചു ഉച്ചത്തില്‍ പറഞ്ഞു കൊണ്ടിരുന്നതിന്റെ അര്‍ഥമെന്താണ്? മന്ത്രിസഭാംഗങ്ങള്‍ പെരുന്നയില്‍ നിന്നുള്ള ആജ്ഞകള്‍ അനുസരിക്കുന്ന, എന്‍.എസ്.എസിന്റെ വിശ്വസ്തനായിരിക്കണം എന്നതാണ് കാലങ്ങളായി ഇവിടെയുള്ള നാട്ടുനടപ്പ്. മുഖ്യമന്ത്രിയുടെ വിശ്വസ്തനല്ല, പെരുന്നക്ക് പ്രിയപ്പെട്ടവനാണ് മന്ത്രിയാവേണ്ടത് എന്നാണ് സുകുമാരന്‍ നായര്‍ പറയാതെ പറയുന്നത്. മറ്റൊരര്‍ഥത്തില്‍, കാലങ്ങളായുള്ള രീതി വേണ്ടത് പോലെ നടപ്പിലാക്കപ്പെടാത്തതിലുള്ള അദ്ദേഹത്തിന്റെ കുണ്ഠിതമാണ് ടെലിവിഷന്‍ ചാനലുകളിലൂടെ പുറത്തുവന്നത്.
ടെലിവിഷന്‍ തുറക്കുമ്പോള്‍ ഇന്ന് സുകുമാരന്‍ നായര്‍ എന്താണ് പറഞ്ഞതെന്ന് സാധാരണക്കാരന്‍ അന്വേഷിക്കുന്ന അവസ്ഥയിലേക്ക് മലയാള വിവാദ വ്യവസായത്തെ സമ്പന്നമാക്കാന്‍ എന്‍.എസ്.എസ് തലവന് സാധിച്ചിട്ടുണ്ട്. മലയാളിയുടെ സാംസ്‌കാരിക ബോധത്തെ പരിഹസിച്ചും അവഹേളിച്ചും കൊണ്ടാണ് അദ്ദേഹത്തിന്റെ തിരുവരുളുകള്‍ ഓരോ ദിവസവും പുറത്തുവരുന്നത്. രാഷ്ട്രീയ അഹന്തയുടെയും ധാര്‍ഷ്ട്യത്തിന്റെയും വിശ്വരൂപമായി ഒരു മനുഷ്യന്‍ ഉറഞ്ഞുതുള്ളുന്നതിന്റെയും പത്രമാധ്യമങ്ങള്‍ അതിന് പ്രചാരം നല്‍കുന്നതിന്റെയും കെട്ടുകാഴ്ചകളാണ് കഴിഞ്ഞ ഏതാനും മാസങ്ങളായി കേരളം കാണുന്നത്. അശ്ലീലമായ ഈ ആഭാസത്തിനെതിരെ പ്രതികരിക്കാനുള്ള ആര്‍ജവം കേരളീയ സാംസ്‌കാരികത ഇനിയും തെളിയിക്കേണ്ടതുണ്ട്. സാധാരണ ഗതിയില്‍ പത്രമാധ്യമങ്ങളില്‍ പ്രത്യക്ഷപ്പെടാറുള്ള രാഷ്ട്രീയ ഹാസ്യം പോലും എന്‍.എസ്.എസിന്റെ കാര്യത്തില്‍ പാടില്ല എന്നതാണല്ലോ ചന്ദ്രിക പത്രത്തില്‍ വന്ന ഒരു കുറിപ്പുമായി ബന്ധപ്പെട്ട വിവാദം തെളിയിച്ചത്. അതിനെതിരെ എന്‍.എസ്.എസ് ചില ദൃശ്യമാധ്യമങ്ങളുടെ സഹായത്തോടെ പ്രചാരണം കെട്ടഴിച്ചു വിട്ടപ്പോള്‍ ലീഗിന്റെ മുട്ടു വിറച്ചതും നേതാക്കള്‍ ക്യൂവായി നിന്ന് ഖേദം പറഞ്ഞതും നാം കണ്ടു.
ഭരണ-രാഷ്ട്രീയ നേതൃത്വത്തിലുള്ള ജാതി-സമുദായ ശക്തികളുടെ ഇടപെടല്‍ പുതിയ കാര്യമല്ല. യു.ഡി.എഫ് അധികാരത്തിലുള്ള ഘട്ടങ്ങളിലെല്ലാം ഇത് താരതമ്യേന ശക്തവുമാണ്. എന്നല്ല, വിവിധ ജാതി, മത, സമുദായ ശക്തികളുടെ വളരെ അയഞ്ഞ ഒരു കോണ്‍ഫഡറേഷനാണ് ഒരര്‍ഥത്തില്‍ യു.ഡി.എഫ്. മറ്റൊരര്‍ഥത്തില്‍, നമ്മുടെ സാമൂഹിക ഘടനയുടെ ഒരു പരിഛേദം തന്നെയാണ് ഈ രാഷ്ട്രീയ മുന്നണി. ചില ഇടതുപക്ഷ, സെക്യുലര്‍ ബുദ്ധിജീവി നാട്യക്കാര്‍ സ്ഥിരം പറയാറുള്ളത് പോലെ സമുദായ ശക്തികളുടെ രാഷ്ട്രീയ ഇടപെടല്‍ അത്ര പ്രതിലോമപരമായ കാര്യമൊന്നുമല്ല. കാരണം, വിവിധ സമുദായ സംഘടനകളുടെയും ആചാര്യന്മാരുടെയും നേതൃത്വത്തില്‍ അതാത് സമുദായങ്ങളില്‍ നടന്ന നവോത്ഥാന, സാംസ്‌കാരിക, വിദ്യാഭ്യാസ പ്രവര്‍ത്തനങ്ങളാണ് ആധുനിക കേരളത്തെ രൂപപ്പെടുത്തുന്നതില്‍ പ്രധാന പങ്കുവഹിച്ചത്. അത്തരം സംഘടനകളെയും സമുദായങ്ങളെയും രാഷ്ട്രീയ തീരുമാനങ്ങളുടെ അയലത്ത് അടുപ്പിക്കാന്‍ പാടില്ല എന്നത് സെക്യുലര്‍ തീവ്രവാദമാണ്. സമുദായങ്ങളും ജാതികളും നിറഞ്ഞ നമ്മുടെ സാമൂഹിക ഘടനയെ യഥാവിധി പ്രതിനിധീകരിക്കാത്ത കാഴ്ചപ്പാടാണത്. അതിനാല്‍ തന്നെ, നമ്മുടെ സാമൂഹിക യാഥാര്‍ഥ്യങ്ങളോട് കൂടുതല്‍ ജൈവികമായ അടുപ്പം പുലര്‍ത്തുന്ന രാഷ്ട്രീയ സംവിധാനമാണ് യു.ഡി.എഫ് എന്നു പറയാന്‍ കഴിയും. വിവിധ സമുദായ സംഘടനകളെ സാമാന്യം തൃപ്തിപ്പെടുത്തിക്കൊണ്ട് മുന്നോട്ട് പോവാനുള്ള അതിന്റെ ശേഷിയും മെയ്‌വഴക്കവും രസാവഹമായ രാഷ്ട്രീയ കാഴ്ചയാണ്. എന്നാല്‍, സമുദായ സംഘടനകളുടെ നിലനില്‍പിനെയും രാഷ്ട്രീയ ഇടപെടലിനെയും ചോദ്യം ചെയ്യുന്ന ഇടതുപക്ഷവും സി.പി.എമ്മും തരാതരം ഇത് ഉപയോഗപ്പെടുത്തിയിട്ടുണ്ട് എന്നതാണ് യാഥാര്‍ഥ്യം. ഇ.എം.എസിന്റെ നേതൃത്വത്തിലുള്ള ഒന്നാം മന്ത്രിസഭ മുതല്‍ തുടങ്ങിയതാണ് അത്. കേരളാ പുലയര്‍ മഹാസഭ (കെ.പി.എം.എസ്) എന്ന ജാതി സംഘടനയുടെ സൃഷ്ടിപ്പില്‍ തന്നെ സി.പി.ഐക്ക് പങ്കുണ്ട് എന്നതും ഒരു യാഥാര്‍ഥ്യമാണ്.
സമുദായങ്ങള്‍ സംഘടിക്കുന്നതിനെയോ അവരുടെ ന്യായമായ അവകാശങ്ങള്‍ ചോദിച്ചു വാങ്ങുന്നതിനെയോ ആര്‍ക്കും എതിര്‍ക്കാന്‍ കഴിയില്ല. മറ്റൊരര്‍ഥത്തില്‍, നമ്മുടെ ജനാധിപത്യത്തെ കൂടുതല്‍ ശക്തിപ്പെടുത്തുകയും സൂക്ഷ്മമാക്കുകയും ചെയ്യുന്നതില്‍ അത്തരം സംഘടനകള്‍ക്ക് വലിയ പങ്കുണ്ട്. എന്നാല്‍, അടുത്ത കാലത്തായി സമുദായ സംഘടനകള്‍ നടത്തിക്കൊണ്ടിരിക്കുന്ന ഇടപെടലുകള്‍, നമ്മുടെ സാമൂഹിക ആരോഗ്യത്തെയും മതാന്തര സൗഹൃദങ്ങളെയും തകര്‍ക്കുന്ന തരത്തിലേക്ക് വളരുന്നുവെന്നതാണ് ആശങ്കാകരമായിട്ടുള്ളത്. പ്രത്യേകിച്ച് പുതിയ യു.ഡി.എഫ് സര്‍ക്കാര്‍ അധികാരത്തില്‍ വന്നതുമുതലാണ് ഈ ഇടപെടലുകള്‍ പരിധി വിടുന്ന നില വന്നത്. അതിനാകട്ടെ സാമൂഹികവും രാഷ്ട്രീയവുമായ ഒട്ടേറെ കാരണങ്ങളുണ്ട്.
നമ്മുടെ ജനാധിപത്യത്തെക്കുറിച്ച് നാമെത്ര ഊറ്റം കൊള്ളുമ്പോഴും പ്രയോഗത്തില്‍ നിലനില്‍ക്കുന്ന ഒരു യാഥാര്‍ഥ്യമുണ്ട്. അത് നമ്മുടെ ജനാധിപത്യം, സവര്‍ണര്‍ക്ക് വേണ്ടി സവര്‍ണര്‍ നടത്തുന്ന സവര്‍ണരുടെ ഒരു ഏര്‍പ്പാടാണ് എന്നതാണ്. ഇതാകട്ടെ, ഇന്ത്യയുടെ കാര്യത്തിലോ ജനാധിപത്യത്തിന്റെ കാര്യത്തിലോ മാത്രം നിലനില്‍ക്കുന്ന യാഥാര്‍ഥ്യവുമല്ല. സാമൂഹികമായ മേല്‍ക്കോയ്മയുള്ള വംശങ്ങളും ജാതികളുമാണ് എല്ലാ ഭരണ വ്യവസ്ഥകളിലും ആധിപത്യം പുലര്‍ത്തുക. ഒരു മനുഷ്യന് മറ്റൊരു മനുഷ്യനെക്കാള്‍ പ്രാധാന്യമില്ല എന്നു കരുതുന്ന, ആധിപത്യത്തിന്റെ സര്‍വരൂപങ്ങളെയും തകര്‍ത്തുകളയുന്ന, മനുഷ്യനെ ഏകകമായി കാണാന്‍ കഴിയുന്ന പ്രത്യയശാസ്ത്ര ഊര്‍ജമുള്ളപ്പോഴേ ഈ ആധിപത്യ ഘടനയെ തകര്‍ക്കാന്‍ കഴിയുകയുള്ളൂ. അല്ലാത്തിടത്തെല്ലാം സാംസ്‌കാരിക, വംശീയ മേല്‍ക്കോയ്മാ വിഭാഗം മറ്റുള്ളവരുടെ മേല്‍ ആധിപത്യം പുലര്‍ത്തുക തന്നെ ചെയ്യും. എല്ലാ അടിമത്തങ്ങളെയും ഭേദിക്കുന്നുവെന്നവകാശപ്പെടുന്ന കമ്യൂണിസ്റ്റ് വ്യവസ്ഥകളില്‍ പോലും അതാണ് സംഭവിച്ചത്. അതുകൊണ്ടാണ് റഷ്യന്‍ കമ്യൂണിസം പ്രയോഗത്തില്‍ സ്ലാവ് വംശീയതയായി മാറിയത്. ചൈനീസ് കമ്യൂണിസം ഹാന്‍ വംശീയതയും യുഗോസ്ലാവ്യന്‍ കമ്യൂണിസം സെര്‍ബ് ഓര്‍ത്തഡോക്‌സ് വംശീയതയും ഇന്ത്യന്‍ കമ്യൂണിസം സവര്‍ണ കമ്യൂണിസവുമായത്. സവര്‍ണ വരേണ്യതയുടെ നേതൃത്വത്തില്‍ രൂപപ്പെട്ട ദേശീയ പ്രസ്ഥാനമാണ് ആധുനിക ഇന്ത്യന്‍ ദേശ രാഷ്ട്രത്തെ രൂപപ്പെടുത്തുന്നത്. സ്വാഭാവികമായും അതിന്റെ ഏറ്റവും പ്രധാനപ്പെട്ട പ്രായോജകര്‍ അവര്‍ തന്നെയാണ്. ദലിത്, മുസ്‌ലിം, അവര്‍ണ, ന്യൂനപക്ഷ സ്വത്വങ്ങളെയെല്ലാം മാറ്റിനിര്‍ത്തിക്കൊണ്ടാണ് അത് വളര്‍ന്നതും വികസിച്ചതും. അതുകൊണ്ടാണ്, ദേശീയ പ്രസ്ഥാനത്തിന്റെ മുന്നണിപ്പടയായ കോണ്‍ഗ്രസിന്റെ മുന്‍നിര നേതാവായിരുന്നിട്ടു പോലും മുഹമ്മദ് അബ്ദുറഹ്മാന്‍ സാഹിബ് പലപ്പോഴും തിരസ്‌കരിക്കപ്പെട്ടത്. ദേശീയ പ്രസ്ഥാനത്തിന്റെ ജിഹ്വയായി മാതൃഭൂമി നിലനില്‍ക്കെ തന്നെ പ്രയാസപ്പെട്ട് അദ്ദേഹത്തിന് അല്‍ അമീന്‍ തുടങ്ങേണ്ടിവന്നത് അതിനാലാണ്. ചാലപ്പുറം കോണ്‍ഗ്രസ് എന്നൊരു പ്രയോഗം തന്നെയുണ്ടായത്, കേരളത്തിലെ കോണ്‍ഗ്രസ് പ്രസ്ഥാനത്തെ ആവാഹിച്ച സവര്‍ണ ബാധയെ കുറിക്കാനാണ്.
മാറി മാറി വന്ന മുഴുവന്‍ മുന്നണി ഭരണ സംവിധാനങ്ങളെയും സ്വാധീനിക്കുന്നതിലും നിര്‍ണയിക്കുന്നതിലും ഈ സവര്‍ണ നേതൃത്വത്തിന് വലിയ പങ്കുണ്ടായിരുന്നു. കേരളത്തില്‍ എന്‍.എസ്.എസ് നേതൃത്വത്തിലുള്ള നായര്‍ സമുദായമാണ് ഇതിന്റെ ആനുകൂല്യം ഏറ്റവും കൂടുതല്‍ അനുഭവിച്ചത്. യഥാര്‍ഥത്തില്‍ ഇത് ഒരു ശൂദ്ര സമുദായമാണെങ്കിലും, ശൂദ്രരിലെ മുന്നാക്കക്കാര്‍ എന്ന നിലയില്‍ സവര്‍ണ വരേണ്യ സ്ഥാനത്താണ് അവര്‍ എന്നും സ്വയം സ്ഥാനപ്പെടുത്തിയത്. കേരളത്തിലെ ബ്രാഹ്മണ, ക്ഷത്രിയ വിഭാഗങ്ങള്‍ ജനസംഖ്യാപരമായി തന്നെ അത്ര ശക്തമല്ലാത്തതും അവര്‍ക്ക് അനുകൂല ഘടകമായി. മൊത്തത്തില്‍ ദേശീയ സവര്‍ണ മുഖ്യധാരയുടെ കേരളത്തിലെ നേരവകാശികളായിരുന്നു നായര്‍ സമുദായം. സംസ്ഥാന രൂപീകരണത്തിന് ശേഷമുള്ള എല്ലാ അധികാര ഘടനകളിലും മന്ത്രിസഭകളിലും അവരുടെ ആധിപത്യമായിരുന്നു. കഷ്ടിച്ച് പതിനൊന്ന് ശതമാനം മാത്രം വരുന്നു ഈ ജാതി സമൂഹം അനുപാതത്തിന്റെ എത്രയോ അധികം ആനുകൂല്യങ്ങളും സ്ഥാനമാനങ്ങളും കാലങ്ങളായി അനുഭവിച്ചു വരികയായിരുന്നു. ഇതിന് നേരെയുണ്ടാവുന്ന ഏത് ഇലയനക്കത്തെയും മുളയിലേ നുള്ളിക്കളയാനുള്ള ശേഷിയും ഔദ്യോഗിക പിന്തുണയും അവര്‍ക്ക് വേണ്ടതിലധികം ഉണ്ടായിരുന്നു. സമുദായത്തിന് എന്തെങ്കിലും തിരിച്ചടികള്‍ ഉണ്ടായിട്ടുണ്ടെങ്കില്‍ അത് സമുദായത്തിനകത്ത് തന്നെയുണ്ടായിരുന്ന അത്യാചാരങ്ങളുടെ പേരിലാണ്. എന്‍.എസ്.എസ് സ്ഥാപകനായ മന്നത്ത് പത്മനാഭന്‍ തന്നെ ഒരിക്കല്‍ പറഞ്ഞതു പോലെ, താലികെട്ട്, കുതിരകെട്ട്, കേസുകെട്ട്, വെടിക്കെട്ട് എന്ന 'നാലുകെട്ടി'ല്‍ ഒതുങ്ങിപ്പോയി എന്നതായിരുന്നു നായര്‍ സമുദായത്തിന്റെ ഒരുകാലത്തെ ദുരന്തം. മന്നത്ത് അടക്കമുള്ള സമുദായ നേതാക്കളുടെ പരിശ്രമ ഫലമായി സമുദായത്തിനകത്ത് പരിവര്‍ത്തനങ്ങള്‍ കൊണ്ടുവരാന്‍ കഴിഞ്ഞു. സാമൂഹിക അധികാര ശ്രേണിയിലെ അവരുടെ പദവി ഉയരുകയും ചെയ്തു. സംസ്ഥാന രൂപീകരണം തൊട്ട് ഇങ്ങോട്ട് വിഘ്‌നമില്ലാതെ തുടരുന്ന അധികാര സുഖമായിരുന്നു അത്.
ഈ അധികാര സുഖം അനുഭവിച്ച് വളര്‍ന്നവരാണ് പുതിയ എന്‍.എസ്.എസ് നേതൃത്വം. എന്നാല്‍, പഴയത് പോലെ അധികാരം വിഘ്‌നങ്ങളില്ലാതെ കുത്തകയാക്കി വെക്കാന്‍ പറ്റുന്ന സാമൂഹിക സാഹചര്യമല്ല ഇന്ന് നിലവിലുള്ളത്. ഒന്നാമതായി, സമുദായത്തിന്റെ പഴയ പ്രതാപമൊന്നും ഇന്ന് നിലനിര്‍ത്താന്‍ അതിന് സാധിക്കുന്നില്ല. കേരളത്തിലെ പിന്നാക്കമായ മുസ്‌ലിം സമൂഹം പോലും മെഡിക്കല്‍ കോളേജുകളടക്കം പുതിയ വിദ്യാഭ്യാസ സ്ഥാപനങ്ങളുമായി മുന്നോട്ട് പോയപ്പോള്‍ അതുപോലൊന്ന് സ്ഥാപിച്ചു നടത്താന്‍ എന്‍.എസ്.എസിന് സാധിച്ചിട്ടില്ല. പഴയ കാലത്ത് സര്‍ക്കാറില്‍ നിന്ന് പലവഴിയില്‍ നേടിയെടുത്ത സ്ഥാപനങ്ങളും സ്വത്തുക്കളും നോക്കി നടത്താനല്ലാതെ പുതിയ സംരംഭങ്ങളിലേക്ക് ഇറങ്ങാനുള്ള ശേഷി അതിന് ഇന്ന് ഇല്ല. എന്നാല്‍, ഈ രംഗത്ത് ക്രിസ്ത്യന്‍, മുസ്‌ലിം ന്യൂനപക്ഷങ്ങള്‍ മികച്ച മുന്നേറ്റങ്ങള്‍ നടത്തുകയും ചെയ്യുന്നുണ്ട്. സമുദായത്തിനായി പുതുതായി ഗൗരവത്തില്‍ ഒന്നും ചെയ്യാന്‍ കഴിയാത്തത് എന്‍.എസ്.എസിന്റേതടക്കമുള്ള സമുദായ നേതൃത്വത്തിന്റെ വിശ്വാസ്യതയെ ചോദ്യം ചെയ്യുന്നുണ്ട്. സമുദായാംഗങ്ങള്‍ക്കിടയില്‍ നേരിടുന്ന വിശ്വാസ്യതാ പ്രതിസന്ധിയെ മറികടക്കുകയെന്ന ഉദ്ദേശ്യത്തിലാണ് ഇടക്കിടെ വിഷം നിറഞ്ഞ പ്രസ്താവനകള്‍ നടത്തി വിവാദം സൃഷ്ടിച്ചുകൊണ്ടിരിക്കുന്നത്. മികച്ച മാധ്യമപിന്തുണയുണ്ടെങ്കില്‍ വാഗ്താണ്ഡവങ്ങളിലൂടെ ജീവിച്ചു പോകാമെന്നാണ് അതിന്റെ നേതൃത്വം ഇപ്പോള്‍ വിചാരിക്കുന്നത്.
സവര്‍ണ വരേണ്യ നേതൃത്വത്തിന്റെ ആക്രോശങ്ങള്‍ക്ക് മറ്റു ചില കാരണങ്ങളുമുണ്ട്. ഇത്രയും കാലം അനസ്യൂതമായി, തടസ്സങ്ങളൊന്നുമില്ലാതെ കൊണ്ടു നടന്നിരുന്ന അധികാര ആസ്വാദനം പഴയതു പോലെ എളുപ്പമല്ല എന്നതാണ് അതിലൊന്ന്. പിന്നാക്ക വിഭാഗങ്ങളും മുസ്‌ലിംകളടക്കമുള്ള ന്യൂനപക്ഷങ്ങളും കൂടുതല്‍ രാഷ്ട്രീയ തിരിച്ചറിവ് നേടിയിരിക്കുന്നു. തങ്ങളുടെ അവകാശങ്ങളെക്കുറിച്ച് തിരിച്ചറിവുള്ള, അത് നേടിയെടുക്കാന്‍ ഇഛാശക്തിയുള്ള തലമുറ വളര്‍ന്നു വരുന്നുണ്ട്. കേരള ചരിത്രത്തില്‍ ആദ്യമായി, 36 അംഗങ്ങളുമായി, മുസ്‌ലിം സമുദായത്തിന് ജനസംഖ്യാനുപാതിക പ്രാതിനിധ്യമുള്ള അസംബ്ലിയാണ് നിലവിലുള്ളത്. ഇത് മുസ്‌ലിം സമുദായത്തിന്റെ രാഷ്ട്രീയ ഉണര്‍വിന്റെ ഒരു സൂചകമാണ്. മുസ്‌ലിം സമുദായത്തിനകത്ത് വിദ്യാസമ്പന്നരും ചെറുപ്പക്കാരുമായ പ്രബലമായ ഒരു മധ്യവര്‍ഗം രൂപപ്പെട്ടതും ശ്രദ്ധിക്കേണ്ടതാണ്. ഈ മധ്യവര്‍ഗം സൃഷ്ടിക്കുന്ന സമ്മര്‍ദങ്ങളെ അവഗണിക്കാന്‍ മുസ്‌ലിം ലീഗിന് കഴിയില്ല. അഥവാ, അങ്ങനെ അവഗണിക്കുന്ന പക്ഷം, ലീഗ് തന്നെ ഇല്ലാതാവുകയാണ് ചെയ്യുക. മുമ്പ് ഇത്തരം സമ്മര്‍ദങ്ങളെയും ആവശ്യങ്ങളെയും അവഗണിച്ച് മുന്നോട്ടുപോവാന്‍ ലീഗിന് കഴിയുമായിരുന്നു. എന്നാല്‍, ഇന്ന് സമുദായത്തിനകത്ത് നിന്ന് തന്നെ രൂപപ്പെട്ട പുതിയ രാഷ്ട്രീയ മുന്‍കൈകകള്‍ ലീഗിന് വെല്ലുവിളി ഉയര്‍ത്തുന്നുണ്ട്. സമുദായത്തിന്റെ അഭിലാഷങ്ങളെയും ആവശ്യങ്ങളെയും അവഗണിച്ചാല്‍ തങ്ങളുടെ രാഷ്ട്രീയ ഭൂമിക നഷ്ടപ്പെടുമെന്ന് ലീഗിന് അറിയാം. അതിനാല്‍, ഗുണപരമായി എന്തെങ്കിലും ചെയ്യേണ്ടത് അവരുടെ നിലനില്‍പിന്റെ ആവശ്യമാണ്. സ്വയം മയങ്ങിയും മറ്റുള്ളവരാല്‍ മയക്കപ്പെട്ടും കിടന്നിരുന്ന മുമ്പത്തെ അവസ്ഥയില്‍ നിന്ന് ലീഗ് പതുക്കെയാണെങ്കിലും മാറാന്‍ കാരണമിതാണ്. തങ്ങള്‍ കൈകാര്യം ചെയ്യുന്ന വകുപ്പുകളില്‍ സാമാന്യം നന്നായി പെര്‍ഫോം ചെയ്യാന്‍ ലീഗ് മന്ത്രിമാര്‍ പരിശ്രമിക്കുന്നതിന്റെ കാരണവും ഇതു തന്നെ. കാലങ്ങളായി, തങ്ങളുടെ ഭരണകാലങ്ങളില്‍ പോലും അവഗണിക്കപ്പെട്ടിരുന്ന സമുദായങ്ങളെയും പ്രദേശങ്ങളെയും പരിഗണിക്കാന്‍ ലീഗ് ശ്രമിച്ചപ്പോഴാണ് ന്യൂനപക്ഷ പ്രീണനമെന്ന് പഴി ഉയര്‍ന്നുവന്നത്. അതായത്, തങ്ങളുടെ കക്ഷത്ത് നില്‍ക്കുന്ന ഒരു ലീഗിനെയായിരുന്നു സവര്‍ണ വരേണ്യതക്ക് വേണ്ടിയിരുന്നത്. കക്ഷത്ത് നിന്ന് വഴുതി, സ്വതന്ത്രമായി നടക്കാന്‍ ലീഗ് ഓങ്ങുമ്പോഴാണ് പ്രീണന വാദവും വിവാദങ്ങളും ഉയരുന്നത്.
അതിനാല്‍ ഇത് ചരിത്രപരമായ അനിവാര്യതയാണ്. പിന്നാക്ക വിഭാഗങ്ങളുടെ തിരിച്ചറിവിനെയും ഉണര്‍വിനെയും അംഗീകരിക്കാന്‍ കഴിയാത്ത സവര്‍ണ പൊതുധാരയുടെ വിമ്മിട്ടങ്ങളാണ് ജാതി അട്ടഹാസങ്ങളായി പുറത്തുവരുന്നത്. അതും പിന്നാക്ക വിഭാഗങ്ങളുടെ തിരിച്ചറിവും തമ്മിലുള്ള ചരിത്രപരമായ സംഘര്‍ഷത്തിന്റെ പൊട്ടലും ചീറ്റലുമാണ് ഇന്ന് അന്തരീക്ഷത്തില്‍ ഉയരുന്ന വിവാദങ്ങള്‍ പ്രതിഫലിപ്പിക്കുന്നത്. പക്ഷേ, അത് സാമാന്യ മര്യാദയുടെ സീമകള്‍ ലംഘിക്കുന്നില്ല എന്ന് ഉറപ്പു വരുത്തേണ്ടത് എല്ലാവരുടെയും ആവശ്യമാണ്. ചരിത്രപരമായ ഒരു സംഘര്‍ഷത്തിന്റെ മാന്യതയും ആഴവും അതിനുണ്ടെന്ന് മനസ്സിലാക്കി പെരുമാറുന്നതാണ് ഭാവിയില്‍ വിരലു കടിക്കാതിരിക്കാന്‍ എല്ലാവര്‍ക്കും നല്ലത്.
Comments