Prabodhanm Weekly

Pages

Search

2013 ജൂണ്‍ 14

'ഭീകരതയോടുള്ള യുദ്ധ'ത്തിന്റെ ആദ്യ ഇരകള്‍ സ്ത്രീകള്‍

അഭിമുഖം / സല്‍മാ യാഖൂബ് / ശഹീന്‍ കെ. മൊയ്തുണ്ണി

ദേശീയതലത്തില്‍ അവിശ്വാസമോ രോഷമോ ഉണ്ടാക്കാനിടയുള്ള ഗൗരവതരമാര്‍ന്ന ചര്‍ച്ചകളില്‍ ക്രിയാത്മകമായി ഇടപെടാന്‍ കഴിയുന്ന വനിതാ ആക്ടിവിസ്റ്റുകളെയോ രാഷ്ട്രീയ പ്രവര്‍ത്തകരെയോ പൊതുവെ കാണാനിടവരാറില്ല. ആണുങ്ങളുടെ സ്ഥിതിയും മെച്ചമല്ല. ചര്‍ച്ച നടക്കുന്നത് വീരശൂരരുടെ 'സിംഹക്കൂട്ടി'ലാണെന്ന് കണ്ടാല്‍ അവരും പതുക്കെ പിന്‍വലിയും. ചര്‍ച്ചയുടെ 'സൗഹൃദാന്തരീക്ഷം' ആണ് അവര്‍ക്കും പഥ്യം. ഇത്തരക്കാരില്‍ പെടുന്നില്ല ബ്രിട്ടനിലെ റെസ്‌പെക്ട് പാര്‍ട്ടിയുടെ മുന്‍ നേതാവും ബേമിംഗ് ഹാം കൗണ്‍സിലറുമായിരുന്ന സല്‍മാ യാഖൂബ്.
ബി.ബി.സി ടെലിവിഷനിലെ 'ക്വസ്റ്റ്യന്‍ ടൈം' പരിപാടിയാണ് രംഗം. അഫ്ഗാനിലെ യുദ്ധവും അനുബന്ധ വിഷയങ്ങളുമാണ് ചര്‍ച്ച. ചര്‍ച്ചക്ക് ഇരിക്കുന്നതാകട്ടെ ബ്രിട്ടീഷ് ടെലിവിഷന്‍ ചരിത്രത്തില്‍ തന്നെ ഏറ്റവും അസന്തുലിതമായി ക്രമീകരിച്ച ഒരു പാനല്‍. പാനലില്‍ അഞ്ച് പേരാണുള്ളത്. സല്‍മാ യാഖൂബിന് പുറമെ മുന്‍ ചീഫ് ഓഫ് സ്റ്റാഫ് ജനറല്‍ റിച്ചാര്‍ഡ് ഡാനറ്റ്, പ്രതിരോധമന്ത്രി ബില്‍ റാമല്‍, ടോറി മന്ത്രി വില്യം ഹേഗ്, ബോസ്‌നിയയിലെ മുന്‍ നാറ്റോ കൊളോണിയല്‍ ഗവര്‍ണര്‍ പാഡി ആഷ്ഡൗണ്‍, പത്രപ്രവര്‍ത്തകന്‍ പിയേഴ്‌സ് മോര്‍ഗന്‍. അവസാനം പറഞ്ഞ നാലു പേരും കടുത്ത യുദ്ധാനുകൂലികള്‍. സംവാദം സംഘടിപ്പിക്കാന്‍ ബി.ബി.സി തെരഞ്ഞെടുത്ത സ്ഥലമോ, വൂറ്റണ്‍ ബസെറ്റ് എന്ന ചെറു നഗരവും. അഫ്ഗാനില്‍ കൊല്ലപ്പെട്ട ബ്രിട്ടീഷ് പട്ടാളക്കാരുടെ മൃതദേഹങ്ങള്‍ വഹിച്ചുള്ള വിലാപയാത്രക്ക് വന്‍ ജനാവലി ഒത്തുകൂടി പേരെടുത്ത നഗരം. നഗരവാസികളാണ് 'ലൈവ് ഓഡിയന്‍സ്.' മൊത്തത്തില്‍ എല്ലാം പ്രതികൂലം. സംവാദം കഴിഞ്ഞപ്പോള്‍ അതില്‍ ജയിച്ചത് സല്‍മാ യാഖൂബാണെന്ന് ഏത് നിഷ്പക്ഷമതിയും സമ്മതിച്ചുപോകുമായിരുന്നു. സദസ്സിന്റെ പിന്തുണയും സല്‍മക്ക് ലഭിച്ചു. ഗവണ്‍മെന്റിന്റെ അഫ്ഗാന്‍ നയത്തെ തുറന്ന് കാട്ടുന്നതായിരുന്നു സല്‍മയുടെ ചോദ്യശരങ്ങളും വാചാലമായ സംസാരവും. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍നിന്ന് അനുകൂലമായി ഒട്ടനവധി പ്രതികരണങ്ങള്‍ ലഭിച്ചു, മുന്‍ സൈനികരില്‍നിന്നു വരെ. ജനമനസ്സുകളോട് നേരിട്ട് സംവദിക്കാനുള്ള അവസരമായി ബി.ബി.സി വെച്ചു നീട്ടിയ ഈ വെല്ലുവിളിയെ സല്‍മ സ്വീകരിക്കുകയായിരുന്നു. യുദ്ധാനുകൂല കൂട്ടുകെട്ടിന് അത് വന്‍ തിരിച്ചടിയാവുകയും ചെയ്തു. ഹിജാബ് ധരിച്ച, മൂന്ന് കുട്ടികളുടെ മാതാവായ ഈ യുവതി യുദ്ധാനുകൂല വലതുപക്ഷവുമായി ഒറ്റക്ക് നേരിട്ട് ഏറ്റുമുട്ടിയത് ബ്രിട്ടനിലെ മുസ്‌ലിം സമൂഹത്തിന് നല്‍കിയ ആത്മവിശ്വാസം വളരെ വലുതായിരുന്നു.
2001 സെപ്റ്റംബര്‍ 11-ന് അമേരിക്കയിലുണ്ടായ ഭീകരാക്രമണത്തെ തുടര്‍ന്ന് അമേരിക്കന്‍ പ്രസിഡന്റ് ജോര്‍ജ് ബുഷ് അഫ്ഗാനില്‍ അധിനിവേശം നടത്താന്‍ തീരുമാനിച്ചതാണ് സല്‍മയുടെ ജീവിതത്തില്‍ വഴിത്തിരിവായത്. അതേത്തുടര്‍ന്ന്, ബിരുദധാരിയും പരിശീലനം ലഭിച്ച സൈക്കോ തെറാപിസ്റ്റുമായ അവര്‍ രാഷ്ട്രീയത്തില്‍ സജീവമായി. തൊള്ളായിരത്തി അറുപതുകളില്‍ ബ്രിട്ടനില്‍ കുടിയേറിയ പാകിസ്താനി ദമ്പതികളായ മുഹമ്മദിന്റെയും ഗുല്‍സര്‍ദാ യാഖൂബിന്റെയും മകളായ സല്‍മക്ക് തന്റെ കുടുംബം പ്രതിനിധാനം ചെയ്യുന്ന തൊഴിലാളി വര്‍ഗത്തെ വഞ്ചിച്ചതിന് ലേബര്‍ പാര്‍ട്ടിയോട് അടങ്ങാത്ത അമര്‍ഷമുണ്ട്. യുദ്ധമായാലും മുസ്‌ലിംകളെ പിശാചുവത്കരിക്കലായാലും ബഹു സാംസ്‌കാരികതക്കെതിരിലുള്ള കടന്നുകയറ്റമായാലും ഭീമമായ ധനിക-ദരിദ്ര അന്തരത്തിന്റെ പ്രശ്‌നമായാലും എല്ലാറ്റിലും കൃത്യമായ നിലപാടെടുക്കുന്നതില്‍ പരാജയപ്പെട്ട കക്ഷിയായാണ് അവരതിനെ കാണുന്നത്.
യൂറോപ്പിലെ ഹിജാബ് ധരിച്ച ആദ്യ രാഷ്ട്രീയക്കാരിയാണ് സല്‍മാ യാഖൂബ്. താന്‍ വിശ്വസിക്കുന്ന എന്തു കാര്യത്തിനും അവര്‍ ധീരതയോടെ എഴുന്നേറ്റു നില്‍ക്കും. എത്ര കടുത്ത എതിര്‍പ്പ് നേരിട്ടാലും അതൊന്നും ലവലേശം വകവെക്കുകയില്ല. ബ്രിട്ടനിലെ മുസ്‌ലിം ഏഷ്യന്‍ സമൂഹത്തില്‍ കാണുന്ന വാര്‍പ്പു മാതൃകകളോട് അവര്‍ ഏറ്റുമുട്ടിയിട്ടുണ്ട്, എതിര്‍പക്ഷത്തുള്ളവരുടെ പോലും ആദരം അവര്‍ പിടിച്ചുപറ്റിയിട്ടുമുണ്ട്. സിറ്റി കൗണ്‍സിലര്‍ ആയിരിക്കുമ്പോള്‍ അവര്‍ക്ക് വിശ്രമമില്ലാത്ത ദിനങ്ങളായിരുന്നു. മതവും വംശവുമൊന്നും നോക്കാതെ എല്ലാവര്‍ക്കും വേണ്ടി ഓടി നടക്കുന്ന ഒരു കൗണ്‍സിലറെയാണ് ജനങ്ങള്‍ക്ക് പരിചയമുള്ളത്. നിഖാബിന് വേണ്ടിയും സ്ത്രീകളുടെ അവകാശങ്ങള്‍ക്ക് വേണ്ടിയും സകല യുദ്ധങ്ങള്‍ക്കെതിരെയും അവര്‍ ശബ്ദമില്ലാത്തവരുടെ ശബ്ദമായി നിലകൊണ്ടു. ഈയടുത്താണ് അവര്‍ മ്യാന്മറിലെ മുസ്‌ലിംകള്‍ക്ക് വേണ്ടി ശബ്ദിച്ചത്. ബ്രിട്ടീഷ് രാഷ്ട്രീയക്കാര്‍ ആ വിഷയം അവഗണിച്ചിട്ടതായിരുന്നു. ബ്രിട്ടീഷ് മുസ്‌ലിംകള്‍ക്കാകട്ടെ എന്തു ചെയ്യണമെന്ന് നിശ്ചയവുമില്ലായിരുന്നു. ഈ പ്രശ്‌നത്തില്‍ അവരെ ബോധവത്കരിക്കാന്‍ സല്‍മക്ക് കഴിഞ്ഞു. 'ബ്രിട്ടീഷ് പൊതുസമൂഹത്തിലെ ഏറ്റവും പ്രമുഖയായ മുസ്‌ലിം വനിത' എന്നാണ് ഗാര്‍ഡിയന്‍ പത്രം അവരെ വിശേഷിപ്പിച്ചത്. 2006-ല്‍ ഹാര്‍വേഴ്‌സ് ബസാര്‍ മാഗസിന്‍, ഭാവി ബ്രിട്ടനെ രൂപപ്പെടുത്തുന്ന മുപ്പത് പ്രമുഖ വനിതകളെ എണ്ണിയപ്പോള്‍ അവരിലൊരാള്‍ സല്‍മയായിരുന്നു.
2005-ല്‍ ബേമിംഗ് ഹാം - സാര്‍ക്ക് ബ്രൂക്ക്-സ്മാള്‍ ഹീത്ത് പാര്‍ലമെന്റ് മണ്ഡലത്തില്‍ അവര്‍ റെസ്‌പെക്ട് പാര്‍ട്ടി സ്ഥാനാര്‍ഥിയായി മത്സരിച്ചു. മുസ്‌ലിം അസോസിയേഷന്‍ ഓഫ് ബ്രിട്ടന്‍ എന്ന കൂട്ടായ്മയുടെ പിന്തുണയും ഉണ്ടായിരുന്നു. ലേബര്‍ പാര്‍ട്ടിയിലെ റോജര്‍ ഗോഡ്‌സിഫ്ഫായിരുന്നു എതിരാളി. ലിബറല്‍ ഡമോക്രാറ്റ്-കണ്‍സര്‍വേറ്റീവ് സ്ഥാനാര്‍ഥികളെ പിന്തള്ളി രണ്ടാം സ്ഥാനത്തെത്താന്‍ സല്‍മക്ക് കഴിഞ്ഞു; 27.5 ശതമാനം വോട്ടോടെ. തെരഞ്ഞെടുപ്പ് പ്രചാരണകാലത്ത് അല്‍ ഗുറബാ എന്ന നിരോധിത തീവ്രവാദ ഗ്രൂപ്പിന്റെ വക വധഭീഷണിയുണ്ടായിരുന്നു സല്‍മക്ക്. തെരഞ്ഞെടുപ്പ് പോസ്റ്ററുകളെല്ലാം 'കാഫിര്‍' എന്നെഴുതി ആ സംഘം വികൃതമാക്കി. പൊതു പ്രവര്‍ത്തനം നടത്തിയതിനും ചര്‍ച്ചുകളുമായും സിനഗോഗുകളുമായും സഹകരിച്ചതിനുമാണ് മുസ്‌ലിം സ്ത്രീ എന്ന നിലക്ക് താന്‍ ടാര്‍ഗറ്റ് ചെയ്യപ്പെട്ടതെന്ന് സല്‍മ കരുതുന്നു.
ജമാഅത്തെ ഇസ്‌ലാമി കുറ്റിപ്പുറത്ത് സംഘടിപ്പിച്ച വനിതാ സമ്മേളനത്തിലേക്കും എസ്.ഐ.ഒ ശാന്തപുരത്ത് നടത്തിയ അക്കാദമിക് കോണ്‍ഫറന്‍സിലേക്കും സല്‍മ ക്ഷണിക്കപ്പെട്ടിരുന്നെങ്കിലും, രണ്ട് സന്ദര്‍ഭങ്ങളിലും അവര്‍ക്ക് കോണ്‍ഫറന്‍സ് വിസ അനുവദിച്ചു കിട്ടിയില്ല. പാക് വംശജയായതാവാം കാരണം. ശേഷം 2011-ല്‍ ബൈറൂത്തിലെ അമേരിക്കന്‍ യൂനിവേഴ്‌സിറ്റിയില്‍ വെച്ച് എനിക്കവരെയും ഭര്‍ത്താവ് ഡോ. അകീല്‍ ചൗധരിയെയും കാണാന്‍ അവസരമുണ്ടായി. 'സ്ത്രീകളും പ്രതിരോധവും' എന്ന വിഷയത്തില്‍ സംസാരിക്കാന്‍ വന്നതായിരുന്നു അവര്‍. ഏതുവിധേനയും ഇന്ത്യയില്‍ വരാന്‍ ശ്രമിക്കാമെന്ന് അന്നവര്‍ ഏറ്റു. 2013 മെയ് 17-ന് രാവിലെ നെടുമ്പാശ്ശേരി വിമാനത്താവളത്തില്‍ ഭര്‍ത്താവിനോടൊപ്പം വന്നിറങ്ങിയപ്പോള്‍ ആ വാഗ്ദാനം സല്‍മാ യാഖൂബ് പൂര്‍ത്തീകരിക്കുകയായിരുന്നു. സോളിഡാരിറ്റി കോഴിക്കോട്ട് സംഘടിപ്പിച്ച 'യൂത്ത് സ്പ്രിംഗി'ല്‍ ഭാഗഭാക്കാകാനായിരുന്നു ഈ കന്നി ഇന്ത്യന്‍ യാത്ര.
സല്‍മയോട് ചോദിക്കേണ്ട താമസമേയുള്ളൂ, ഉത്തരങ്ങള്‍ കൃത്യം കൃത്യമായി തുരുതുരാ വന്നുകൊണ്ടിരിക്കും, അസാമാന്യ വേഗതയില്‍. ബി.ബി.സിയിലും മറ്റു ചാനലുകളിലുമുള്ള പാനലിസ്റ്റുകള്‍ അവര്‍ക്കൊപ്പം ഓടിയെത്താന്‍ കിതച്ചത് വെറുതെയല്ല.

വ്യക്തിപരമാകാം ആദ്യം. ബേമിംഗ്ഹാമിലെ ഒരു കുടിയേറ്റ കുടുംബത്തിലാണല്ലോ താങ്കള്‍ ജനിച്ചതും വളര്‍ന്നതും. മത സ്വാധീനം, ആദ്യകാല അനുഭവങ്ങള്‍ എന്തൊക്കെയായിരുന്നു?
ഞാനല്‍പം ആണത്തമുള്ള പെണ്‍കുട്ടി(tomboy) യായിരുന്നു. എന്നെക്കാള്‍ ഒരു വയസ്സ് മാത്രം ഇളപ്പമുള്ള ഒരു സഹോദരനുണ്ടായിരുന്നു എനിക്ക്. കുരുത്തം കെട്ട ഇരട്ടകളെപ്പോലെ ഞങ്ങള്‍ വിഹരിച്ചു. ഞാനും അവനും കൂടി സൈക്കിളോടിക്കും. ആണ്‍ കുട്ടികളോടൊപ്പം ഫുട്‌ബോളും ക്രിക്കറ്റും കളിക്കും. പത്ത് വയസ്സായപ്പോള്‍ ഇതൊക്കെ നിന്നു. ഒരു പാകിസ്താനി പെണ്‍കുട്ടിക്ക് ചെയ്യാവുന്നതല്ലല്ലോ ഇതൊന്നും. ജമാഅത്തെ ഇസ്‌ലാമിയുമായി ബന്ധമുള്ളവരായിരുന്നു എന്റെ മാതാപിതാക്കള്‍. പിതാവ് ജമാഅത്തിന്റെ പ്രാദേശിക നേതാവായിരുന്നു. മാതാവ് വനിതാ ഖുര്‍ആന്‍ ക്ലാസ് സംഘാടകയും. പിതാവില്‍ നിന്ന് തഫ്ഹീമുല്‍ ഖുര്‍ആന്‍ വായിച്ച് കേട്ടാണ് ഞാന്‍ വളര്‍ന്നത്. ആ ഖുര്‍ആന്‍ പാഠങ്ങളാണ് മതജീവിതത്തില്‍ മാത്രമല്ല തുടര്‍ന്ന് രാഷ്ട്രീയ ജീവിതത്തിലും എന്റെ വഴികാട്ടി.
ബ്രിട്ടനില്‍ ഏഷ്യന്‍ സമൂഹങ്ങള്‍ക്ക് നേരെ ധാരാളം വര്‍ണവെറിയന്‍ അതിക്രമങ്ങള്‍ നടക്കുന്ന കാലമായിരുന്നു. ഇസ്‌ലാമിക സ്വത്വവും പൈതൃകവും സംരക്ഷിക്കുക എന്നതിലായിരുന്നു കുടിയേറ്റ മുസ്‌ലിം സമൂഹത്തിന്റെ മുഖ്യ ഊന്നല്‍. സ്‌കൂള്‍ പഠനം പൂര്‍ത്തിയാക്കിയ ഒരു പെണ്‍കുട്ടിക്ക് രണ്ടാലൊന്നാണ് ചെയ്യാനുണ്ടായിരുന്നത്. ഒന്നുകില്‍ വിവാഹിതയാവുക, അല്ലെങ്കില്‍ വല്ല തുന്നല്‍ പണിക്കും പോവുക. അതിനാല്‍ യൂനിവേഴ്‌സിറ്റിയിലേക്ക് പോകാന്‍ എനിക്കും സഹോദരിക്കും യുദ്ധം തന്നെ ചെയ്യേണ്ടിവന്നു. മനശ്ശാസ്ത്രത്തിലാണ് എനിക്ക് ബിരുദം. സൈക്കോ തെറാപ്പിയില്‍ ബിരുദാനന്തര ബിരുദവും. ആ തൊഴില്‍ ഞാനിപ്പോഴും ചെയ്യുന്നുണ്ട്.

ഒട്ടുവളരെ സംഘടനകളും ഉപ വിഭാഗങ്ങളുമൊക്കെയായി ധാരാളം മുസ്‌ലിംകള്‍ പാര്‍ക്കുന്ന ഇടമാണല്ലോ ബേമിംഗ് ഹാം. 9/11-നു ശേഷം അവിടത്തെ മുസ്‌ലിം സമൂഹത്തിന്റെ സ്വഭാവം എന്താണ്?
90 ശതമാനം മുസ്‌ലിംകളെയും നമുക്ക് സുന്നികളെന്ന് വിളിക്കാം. ബാക്കി 10 ശതമാനം ശീഈകളും. ഇതൊരു ചരിത്രപരമായ വസ്തുത മാത്രം. ബേമിംഗ് ഹാമില്‍ സുന്നി-ശീഈ എന്നതല്ല പ്രശ്‌നം. അത് ആത്മവിശ്വാസവുമായി ബന്ധപ്പെട്ടതാണ്. 9/11-നു ശേഷം മുസ്‌ലിംകളില്‍ ഒട്ടേറെ പേരുടെ ആത്മവിശ്വാസം ചോര്‍ന്നുപോയി. താനീ രാഷ്ട്രത്തിന്റെ ഭാഗമാണ് എന്ന ധാരണയും ചോദ്യം ചെയ്യപ്പെടുകയാണ്. ബ്രിട്ടീഷ് മുസ്‌ലിം നിരന്തരം അഭിമുഖീകരിക്കുന്ന ഒരു ചോദ്യമുണ്ട്: 'നീയൊരു ബ്രിട്ടീഷുകാരനാണോ അതോ മുസ്‌ലിമോ?' മുസ്‌ലിമാവുകയെന്നതും ബ്രിട്ടീഷുകാരനാവുകയെന്നതും ഒട്ടും പൊരുത്തമില്ലാത്ത കാര്യങ്ങളാണെന്ന് തോന്നും ഇത് കേട്ടാല്‍. 'നീയൊരു സ്ത്രീയാണോ, അതോ മുസ്‌ലിമോ?' എന്ന ചോദിക്കും പോലെയുള്ള അസംബന്ധമാണിത്. രണ്ടും ഒന്നിച്ച് പോകുന്നതാണെന്നത് എല്ലാവര്‍ക്കും അറിയുന്നതല്ലേ.
നമ്മള്‍ ഇന്നാട്ടുകാരല്ലല്ലോ, അതിനാല്‍ എതിരഭിപ്രായങ്ങളൊന്നും പറയാന്‍ പോകേണ്ട എന്ന നിലപാടാണ് ആദ്യകാല കുടിയേറ്റ തലമുറക്ക് ഉണ്ടായിരുന്നത്. പക്ഷേ ഞങ്ങള്‍ അങ്ങനെയല്ല. ഞങ്ങള്‍ ബ്രിട്ടീഷ് പൗരന്മാരാണല്ലോ. ഞങ്ങളുടെ പേരിലാണ് ഭരണകൂടം പലതും ചെയ്തു കൂട്ടുന്നത്. പക്ഷേ, അതൊക്കെ വിളിച്ചു പറഞ്ഞാല്‍ കൂറില്ലാത്തവര്‍ എന്ന പഴി കേള്‍ക്കേണ്ടിവരും. അപ്പോള്‍ എന്നെ പോലുള്ള ആളുകള്‍ക്ക് ഇതൊരു വെല്ലുവിളിയായി ഏറ്റെടുത്ത് ഇങ്ങനെ പറയാനുള്ള സ്വാതന്ത്ര്യത്തിന് വേണ്ടി നിലകൊള്ളേണ്ടിവന്നു: 'നോക്കൂ, ഞങ്ങള്‍ ഇറാഖികളെക്കുറിച്ച് പറയുന്നു, അഫ്ഗാനികളെക്കുറിച്ച് പറയുന്നു, ഒരു പെരും നുണയുടെ പേരില്‍ അങ്ങോട്ട് അയക്കപ്പെട്ട് കൊല്ലപ്പെടുന്ന നമ്മുടെ പട്ടാളക്കാരെക്കുറിച്ച് പറയുന്നു. ഇതൊന്നും നമ്മുടെ നാടിനോടുള്ള കൂറില്ലായ്മയല്ല. ഞങ്ങള്‍ ദേശക്കൂറുള്ള, പ്രതിബദ്ധതയുള്ള പൗരന്മാരാണ്. രാജ്യത്തിന്റെ നന്മക്ക് വേണ്ടി, ലോകത്തിന്റെ സുസ്ഥിതിക്ക് വേണ്ടിയാണ് ഞങ്ങള്‍ സംസാരിക്കുന്നത്.'
എപ്പോഴും മുറുകെ പിടിച്ചിരിക്കേണ്ട ഒരു ആശയമാണിത്. പക്ഷേ പുറമെക്ക് കാണും പോലെ അത്ര എളുപ്പമല്ല അത്. ഇവിടെയൊരു വൈരുധ്യമുണ്ട്. നമ്മള്‍ മധ്യ പൗരസ്ത്യ ദേശത്തെ സ്വാതന്ത്ര്യത്തെക്കുറിച്ച് സംസാരിച്ചുകൊണ്ടേയിരിക്കുന്നു. പക്ഷേ, പാശ്ചാത്യ ദേശത്ത്, ബ്രിട്ടനില്‍, അമേരിക്കയില്‍ തന്നെയും ജനാധിപത്യത്തിന്റെ അവസ്ഥയെന്താണ്? ഈ നാടുകളില്‍ ജനാധിപത്യം വികൃതമാക്കപ്പെട്ടിരിക്കുന്നു. പാശ്ചാത്യ ഗവണ്‍മെന്റുകളുടെ പല നീക്കങ്ങളും ജനാധിപത്യ മൂല്യങ്ങളെ ചോര്‍ത്തിക്കളഞ്ഞിരിക്കുന്നു.

പൊതു മണ്ഡലത്തില്‍ നില്‍ക്കുന്ന മുസ്‌ലിം സ്ത്രീ എന്ന നിലക്ക് താങ്കള്‍ ടാര്‍ഗറ്റ് ചെയ്യപ്പെടുന്നുണ്ടല്ലോ. ആ അനുഭവങ്ങളെക്കുറിച്ച്?
മത - സെക്യുലര്‍ മൗലികവാദികളുടെ ആക്രമണം എനിക്ക് നേരിടേണ്ടിവന്നിട്ടുണ്ട്. മതയാഥാസ്ഥിതികര്‍ക്ക് സ്ത്രീകള്‍ രണ്ടാംതരം പൗരന്മാരാണെന്ന ധാരണയാണുള്ളത്. സെക്യുലര്‍ തീവ്രവാദികള്‍ക്കാകട്ടെ, മുസ്‌ലിം സ്ത്രീകള്‍ ഇസ്‌ലാമിക വസ്ത്രധാരണ രീതി സ്വീകരിക്കുന്നതിലുള്ള അന്ധമായ വിദ്വേഷവും. അവര്‍ കുറെകൂടി സഹിഷ്ണുത പുലര്‍ത്തിയിരുന്നെങ്കില്‍ എന്ന് ആഗ്രഹിച്ചുപോകാറുണ്ട്. ആത്യന്തിക നിലപാടുകളാണ് ഇരു കൂട്ടര്‍ക്കും. പക്ഷേ, അത് എന്റെ പ്രവര്‍ത്തനങ്ങള്‍ക്ക് തടസ്സമാകുന്നില്ല.

മുസ്‌ലിം സ്ത്രീ രാഷ്ട്രീയത്തിലോ പ്രതിരോധ പ്രവര്‍ത്തനങ്ങളിലോ ഇടപെടേണ്ടതില്ല എന്നാണല്ലോ പരമ്പരാഗത പൊതുബോധം. ഇതിനെ എങ്ങനെ നേരിടും?
യഥാര്‍ഥത്തില്‍ അമേരിക്കയുടെ 'ഭീകരതയോടുള്ള യുദ്ധ'ത്തിന്റെ ഒന്നാമത്തെ ഇരകള്‍ സ്ത്രീകളാണ്. അഫ്ഗാനിലെ മുസ്‌ലിം സ്ത്രീകളെ വിമോചിപ്പിക്കല്‍ തന്റെ ദൗത്യമാണെന്ന് അങ്ങോട്ട് അധിനിവേശസേനയെ പറഞ്ഞയക്കുമ്പോള്‍ യു.എസ് പ്രസിഡന്റ് ജോര്‍ജ് ബുഷ് പറയുന്നുണ്ടല്ലോ. അപ്പോള്‍ ഈ നവ സാമ്രാജ്യത്വം ഇസ്‌ലാമുമായും മുസ്‌ലിം സ്ത്രീകളുമായും ആഴത്തില്‍ ബന്ധപ്പെട്ടു നില്‍ക്കുന്നു. പിന്നെ ഞങ്ങള്‍ സ്ത്രീകള്‍ക്കെങ്ങനെ മിണ്ടാതിരിക്കാനാവും? ഇത്തരം സന്ദര്‍ഭങ്ങളില്‍ മിണ്ടാതിരിക്കുക എന്നത് 'ഭീകരതയോടുള്ള യുദ്ധ'ത്തില്‍ പങ്കാളിയാവുന്നതിന് തുല്യമാണ്. അത്തരം പ്രതിരോധങ്ങളില്‍ സ്ത്രീകള്‍ ഒഴിച്ചുകൂടാനാവാത്ത ഘടകമാണ്. സ്ത്രീകളുടെ അഭാവത്തില്‍ പ്രതിരോധ സമരങ്ങള്‍ അപൂര്‍ണമായിരിക്കും. അവ പരാജയപ്പെടുകയും ചെയ്യും.

ഈ കാലത്ത് തന്നെയാണ് മുഖ്യ യൂറോപ്യന്‍ രാഷ്ട്രങ്ങളില്‍ നിഖാബും മിനാരവും നിരോധിക്കണം തുടങ്ങിയ ആവശ്യങ്ങളുയരുന്നത്. ഈ സംഭവ വികാസങ്ങളെ നവ സാമ്രാജ്യത്വ നീക്കങ്ങളുമായി താങ്കള്‍ എങ്ങനെ ബന്ധപ്പെടുത്തുന്നു?
തങ്ങള്‍ മറ്റുള്ളവരെക്കാള്‍ ഉയര്‍ന്നവരാണ് എന്ന യൂറോപ്യന്‍ മനോഭാവവുമായാണ് ഇതിന് ബന്ധം. യൂറോ കേന്ദ്രിത തിയറികള്‍ എല്ലാം തന്നെ 'ഞങ്ങള്‍ ഉയരെ' എന്ന മനോഭാവത്തെ അന്ധമായി പൊക്കിപ്പിടിക്കുന്നുണ്ട്. ഇങ്ങനെ ഉയരെ നിന്ന് നോക്കുമ്പോള്‍ മുസ്‌ലിം സ്ത്രീകള്‍ പീഡിപ്പിക്കപ്പെടുന്നതായി അവര്‍ക്ക് തോന്നുന്നു. ഇവരെ തങ്ങളുടേതായ രീതിയില്‍ മോചിപ്പിക്കേണ്ടത് തങ്ങളുടെ ബാധ്യതയാണെന്ന് വെള്ള സ്ത്രീവാദികള്‍ ഉറച്ചുവിശ്വസിക്കുകയും ചെയ്യുന്നു. ഹിജാബിനെ വലതുപക്ഷ ദേശീയവാദികള്‍ കാണുന്നത്, പൊതുമണ്ഡലത്തെ മലിനീകരിക്കുന്ന ഒന്നായാണ്. അതിനാല്‍, ഹിജാബ് നിര്‍ബന്ധമാക്കിയ രാജ്യങ്ങളേക്കാള്‍ കൂടുതലുണ്ട് ഇന്ന് ഹിജാബ് നിരോധിച്ച രാജ്യങ്ങള്‍. പാരീസിലെ വേള്‍ഡ് സോഷ്യല്‍ ഫോറത്തില്‍ പ്രസംഗിക്കാന്‍ എന്നെ നിശ്ചയിച്ചിരുന്നതാണ്. പക്ഷേ, സെക്യുലര്‍ ലിബറലുകള്‍ എന്നെ തടയണമെന്ന് മുറവിളി കൂട്ടി. ഞാന്‍ ഹിജാബ് ധരിക്കുന്നതാണ് കാരണം. ഈ ലിബറലുകള്‍ എന്ന് പറഞ്ഞു നടക്കുന്നവര്‍ എത്രയധികം പരസ്പര വിരുദ്ധമായ ഐഡിയോളജിയാണ് കൊണ്ടു നടക്കുന്നതെന്ന് നോക്കൂ.
ഒരു വനിതാ ആക്ടിവിസ്റ്റ്
എന്ന നിലക്കുള്ള അനുഭവങ്ങള്‍?
വനിതാ ആക്ടിവിസ്റ്റാവുക ഒരിക്കലും എളുപ്പമല്ല. നിങ്ങള്‍ക്ക് രണ്ട് ജോലികളുണ്ട്. ഒന്ന്, കുട്ടികളെ നോക്കി വളര്‍ത്തുക, വീട്ടുജോലികള്‍ ചെയ്യുക. രണ്ട്, നീതിക്ക് വേണ്ടിയുള്ള പ്രവര്‍ത്തനങ്ങളില്‍ വ്യാപൃതയാവുക. പോരാട്ട പ്രവര്‍ത്തനങ്ങള്‍ എളുപ്പമാണെന്ന് ആരാണ് പറഞ്ഞത്. അത്തരമൊരു പോരാട്ടത്തിന്റെ ഭാഗമായി മാറുമ്പോള്‍ നിങ്ങള്‍ക്ക് ചിലതെങ്കിലും ബലികഴിക്കേണ്ടിവരും. ഞാന്‍ എന്റെ ജോലിയാണ് ബലി കൊടുത്തത്. കുട്ടികളെ നോക്കി വളര്‍ത്തലും നീതിക്കായി പോരാടലും ബലി കൊടുക്കേണ്ട ഓപ്ഷനുകള്‍ അല്ലല്ലോ. നിങ്ങള്‍ക്കൊരിക്കലും എല്ലാം ഉണ്ടാവുകയില്ല. ഒരിക്കല്‍ ഞാന്‍ ഒരു പൊതു പരിപാടിയില്‍ പ്രസംഗിക്കാന്‍ പോയി. എന്റെ മൂന്നാമത്തെ മകനെ ഗര്‍ഭം ധരിച്ച സമയമാണ്. പരിപാടിയില്‍ ജോര്‍ജ് ഗല്ലോവെ എനിക്ക് മുമ്പ് പ്രസംഗിക്കേണ്ടിയിരുന്നതാണ്. അദ്ദേഹം എന്നോട് ആദ്യം പ്രസംഗിക്കാന്‍ പറഞ്ഞു. ഞാന്‍ ഏത് നിമിഷവും പ്രസവിച്ചേക്കുമെന്ന് അദ്ദേഹത്തിന് തോന്നിയത്രെ. എന്റെ ഏറ്റവും വലിയ പിന്‍ബലം എന്റെ ഭര്‍ത്താവാണ്. ഡോക്ടറെന്ന നിലക്ക് ഒരുപാട് ജോലിത്തിരക്കുകള്‍ ഉണ്ടെങ്കിലും, അദ്ദേഹം മക്കളെ പഠിക്കാനും മറ്റും സഹായിക്കും. ഞാന്‍ കാമ്പയിന്‍ തിരക്കുകളിലായിരിക്കുമ്പോള്‍ വീട്ടുജോലികള്‍ ചെയ്യും. പക്ഷേ, എന്റെ യഥാര്‍ഥ പ്രചോദനം അതൊന്നുമല്ല; നാളെ എന്റെ പരലോക ജീവിതം നന്നായിത്തീരാന്‍ ഇതെല്ലാം പ്രയോജനപ്പെടുമല്ലോ എന്ന ചിന്തയാണ്.
മുസ്‌ലിം സ്ത്രീകള്‍ മനസ്സിലാക്കേണ്ട ഒരു സത്യമുണ്ട്. വളരെയേറെ വേദനിച്ചും അധ്വാനിച്ചുമാണ് അവര്‍ ഒരു മനുഷ്യക്കുഞ്ഞിനെ വളര്‍ത്തിക്കൊണ്ട് വരുന്നത്. അതിനാല്‍ ആ മനുഷ്യന്റെ ജീവനും അഭിമാനവും സംരക്ഷിക്കുക എന്നത് വളരെ സ്വാഭാവികമായിത്തന്നെ അവളുടെയും ബാധ്യതയായിത്തീരുന്നു. ഇവിടെ പ്രതിരോധം ഒരു ജീവിതശൈലിയായി മാറുകയാണ്.

സംതൃപ്ത കുടുംബജീവിതം നയിക്കുന്ന ഒരു വീട്ടമ്മ പൊതു മണ്ഡലത്തിലേക്ക് കടന്നുവന്നതിന്റെ പശ്ചാത്തലം എന്താണ്?
ബോസ്‌നിയന്‍ പ്രശ്‌നത്തെക്കുറിച്ച് ആദ്യം കേള്‍ക്കുമ്പോള്‍ ഞാന്‍ ഒരു രാഷ്ട്രീയ പ്രവര്‍ത്തനത്തിലും ഭാഗഭാക്കായിരുന്നില്ല. യൂറോപ്പിന്റെ ഒരു ഭാഗത്ത് തദ്ദേശീയര്‍ തന്നെയായ ഒരു വിഭാഗം മുസ്‌ലിംകളായതിന്റെ പേരില്‍ പീഡിപ്പിക്കപ്പെടുന്നു എന്നതാണ് എന്നില്‍ അനുരണനങ്ങള്‍ ഉണ്ടാക്കിയത്. ഹോളോകാസ്റ്റിനെക്കുറിച്ച് ഞാന്‍ ധാരാളം വായിച്ചിരുന്നു. കോണ്‍സണ്‍ട്രേഷന്‍ ക്യാമ്പുകളിലെ ബീഭത്സത എന്നെ നടുക്കി. അതാണ് ബോസ്‌നിയയില്‍ ആവര്‍ത്തിക്കുന്നതെന്ന് എനിക്ക് തോന്നി.
അങ്ങനെ ബോസ്‌നിയക്കാര്‍ക്ക് വേണ്ടിയുള്ള ഫണ്ട് പിരിവില്‍ ഞാന്‍ സജീവമായി. സംഭാവന നല്‍കാന്‍ ജനങ്ങളെ നിരന്തരം പ്രേരിപ്പിച്ചുകൊണ്ടിരുന്നു. ബോസ്‌നിയന്‍ യുദ്ധം അവസാനത്തോടടുക്കുമ്പോള്‍ ഞാന്‍ കൗണ്‍സലിംഗ് ചെയ്ത് തുടങ്ങിയിട്ടുണ്ട്. ഭീകരമായ അനുഭവങ്ങളിലൂടെ കടന്നുപോന്ന ചില ബോസ്‌നിയക്കാരും കൗണ്‍സലിംഗിന് എത്തിയിരുന്നു. എന്റെ കഴിവുകള്‍ ഈ നല്ല കാര്യത്തിന് ഉപയോഗപ്പെടുത്താന്‍ ഞാന്‍ തീരുമാനിച്ചു. ഇത്രയേറെ പീഡനങ്ങള്‍ക്കിരയായിട്ടും ബോസ്‌നിയന്‍ സമൂഹത്തിന്റെ ഇഛാശക്തിയും അഭിമാനബോധവും അവര്‍ നടത്തുന്ന ക്രിയാത്മക കാല്‍വെപ്പുകളും നമ്മെ വിനയാന്വിതരാക്കുന്നതായിരുന്നു.
ബോസ്‌നിയയില്‍ കാര്യങ്ങള്‍ എത്ര പെട്ടെന്നാണ് തകിടം മറിഞ്ഞത്. എത്രയോ കാലമായി ബോസ്‌നിയക്കാരും സെര്‍ബുകളും ഒന്നിച്ച് ജീവിച്ച് വരികയായിരുന്നു. അവരാണ് പെട്ടെന്ന് മുഖാമുഖം നിന്ന് പരസ്പരം ചാടിവീഴുന്നത്. 9/11 സംഭവിച്ചപ്പോള്‍ ബ്രിട്ടനില്‍ അന്തരീക്ഷം മാറിമറിയുന്നത് ഞങ്ങള്‍ക്ക് അനുഭവപ്പെട്ടു. മുസ്‌ലിംകള്‍ ധാരാളമായി സ്‌പോട്ട് വെളിച്ചത്തില്‍ നിര്‍ത്തപ്പെടാന്‍ തുടങ്ങി. തെരുവില്‍ വെച്ച് എനിക്ക് തുപ്പലേറ്റിട്ടുണ്ട്. മിണ്ടാതിരിക്കുന്നത് ഒരു ഓപ്ഷനല്ല എന്ന് എന്നെ ബോധ്യപ്പെടുത്തിയത് ഈ സംഭവമാണ്. ബോസ്‌നിയയില്‍ സംഭവിച്ചത് ഇവിടെയും സംഭവിക്കില്ലേ എന്ന് ഞങ്ങള്‍ ചര്‍ച്ച ചെയ്തു. വിദ്വേഷം നാല് ഭാഗത്ത് നിന്നും ചീറ്റിവരുമ്പോള്‍ ശരിക്കും ഞങ്ങള്‍ പേടിച്ചു. ഞങ്ങള്‍ ബോസ്‌നിയക്കാരെപ്പോലെ തദ്ദേശീയരല്ല, കുടിയേറ്റക്കാരാണ്. പോരാത്തതിന്, തീവ്രവാദികള്‍ അവസരം മുതലെടുത്തേക്കുമെന്ന ഭീഷണിയും. സ്വാഭാവികമായും പത്ത് വര്‍ഷം മുമ്പ് യൂറോപ്പില്‍ നടന്നത് ഞങ്ങള്‍ ആലോചിച്ചു പോയി.

പൊതു പ്രവര്‍ത്തനത്തിനെതിരെ യാഥാസ്ഥിതികത്വം ഉയര്‍ത്തുന്ന വെല്ലുവിളി നിത്യജീവിതത്തില്‍ വളരെ ശക്തം തന്നെയാണല്ലോ. ബേമിംഗ്ഹാമിനെക്കുറിച്ച് പറയുകയാണെങ്കില്‍ ഏഷ്യന്‍, ആഫ്രിക്കന്‍, അറബ് വംശജരിലൊക്കെ വേണ്ടത്ര പാരമ്പര്യ യാഥാസ്ഥിതിക വാദികളുണ്ട്. ചെറുതെങ്കിലും ഒരു സലഫി തലമുറയും അതിവേഗം വളര്‍ന്നുകൊണ്ടിരിക്കുന്നു?
ഈ യാഥാസ്ഥിതികതയെ നേരിടുകയെന്നതും പൊതു പ്രവര്‍ത്തന പങ്കാളിത്തത്തിലെ നെല്ലും പതിരും ചേറിയെടുക്കുക എന്നതും ഭാരിച്ച ഹെര്‍കൂലിയന്‍ ദൗത്യം തന്നെയാണ്. എന്നോട് പലപ്പോഴും കുടുംബക്കാരും പ്രായമായവരും ചോദിക്കാറുണ്ട്, 'ജനങ്ങള്‍ എന്ത് പറയും?'എന്ന്. ഇതൊരു വലിയ പ്രശ്‌നം തന്നെയാണ്. അല്ലാഹുവിനെ മാത്രമേ ഭയപ്പെടുന്നുള്ളൂ എന്നു നാം പറയാറുണ്ടെങ്കിലും, യഥാര്‍ഥത്തില്‍ നാം കൂടുതല്‍ ഭയപ്പെടുന്നത് ജനങ്ങളുടെ അഭിപ്രായങ്ങളെയാണ്. ഇറാഖ് യുദ്ധത്തിന്റെ സന്ദര്‍ഭത്തില്‍ ബ്രിട്ടന്റെ രണ്ടായിരം വര്‍ഷത്തെ ചരിത്രത്തിലെ ഏറ്റവും വലിയ പ്രതിഷേധ പ്രകടനങ്ങളിലൊന്ന് ഞങ്ങള്‍ സംഘടിപ്പിക്കുകയുണ്ടായി. അതിന്റെ മുഖ്യ സംഘാടകരിലൊരാളായിരുന്നു ഞാന്‍. പ്രകടനത്തിന് പോകാനും ബസില്‍ കേറാനുമൊക്കെ ഞാന്‍ ഉച്ചത്തില്‍ വിളിച്ചു പറഞ്ഞുകൊണ്ട് നടക്കുമ്പോള്‍ താടി വെച്ച ഒരു ചെറുപ്പക്കാരന്‍ എന്റെ അടുത്ത് വന്ന് പറഞ്ഞു, 'സഹോദരി, താങ്കള്‍ വീട്ടിലിരിക്കണമായിരുന്നു. ഇതുപോലുള്ള കാര്യങ്ങളില്‍ ഇടപെടുന്നത് ശരിയല്ല.' എനിക്ക് മറുപടി പറയാതിരിക്കാന്‍ കഴിഞ്ഞില്ല. 'സഹോദരാ, താങ്കള്‍ കയറാന്‍ പോകുന്ന ഈ ബസ്, താങ്കള്‍ പങ്കെടുക്കാന്‍ പോകുന്ന റാലി അത് രണ്ടും ഞാന്‍ സംഘടിപ്പിച്ചതാണ്. അതിനെപ്പറ്റി എന്തു പറയുന്നു?'
എന്നെ കൈയടിച്ച് പ്രോത്സാഹിപ്പിക്കുന്ന ചില പുരുഷന്മാരുണ്ട്. പക്ഷേ, അവര്‍ അവരുടെ ഭാര്യമാരെയോ പെണ്‍മക്കളെയോ താഴെ തട്ടിലുള്ള പ്രവര്‍ത്തനങ്ങള്‍ക്കായി കൊണ്ടുവരില്ല. ഞാനവരോട് ചോദിച്ചു: 'ഉഷാറായി എന്ന് നിങ്ങള്‍ എന്തിനാണ് എന്നോട് പറയുന്നത്? കാര്യം അങ്ങനെയാണെങ്കില്‍ നിങ്ങളുടെ ഭാര്യമാരെയും പെണ്‍മക്കളെയും ഇവിടെ കാണാത്തത് എന്തുകൊണ്ടാണ്?' ഇത്തരം കാപട്യങ്ങള്‍ അവസാനിപ്പിക്കേണ്ടതുണ്ട്.

ഒരു മുസ്‌ലിം സ്ത്രീ ബ്രിട്ടീഷ് രാഷ്ട്രീയത്തില്‍ സജീവമാകുന്നു എന്നതല്ല താങ്കള്‍ക്കെതിരെ ഉയര്‍ത്തിക്കൊണ്ടുവരുന്ന പ്രശ്‌നം; മറിച്ച്, ഒരു മുസ്‌ലിം സ്ത്രീയുടെ സ്വത്വവും വിശ്വാസവും ബ്രിട്ടീഷ് പൊതുജീവിതത്തിലേക്ക് വിനിമയം ചെയ്യുന്നു എന്നതാണ്. താങ്കളുടെ അനുഭവത്തില്‍, വിശ്വാസവും പ്രതിരോധവും എത്രമേല്‍ ബന്ധപ്പെട്ടിരിക്കുന്നു?
നീതിക്ക് വേണ്ടി നിലകൊള്ളുക, നന്മ കല്‍പിക്കുക, തിന്മ തടയുക തുടങ്ങിയ, ഖുര്‍ആനിലും നബിചര്യയിലും വന്ന കല്‍പനകള്‍ ഞാന്‍ വീണ്ടും ഓര്‍മിപ്പിക്കേണ്ട കാര്യമില്ലല്ലോ. ഈ ബാധ്യതക്ക് അല്ലാഹു ലിംഗഭേദമൊന്നും കല്‍പിച്ചിട്ടില്ല. ആണെന്നോ പെണ്ണെന്നോ ഇന്ന വംശക്കാരെന്നോ ഭേദമില്ലാതെ സകലര്‍ക്കും ബാധകമാണ് ഈ കല്‍പനകള്‍.
നിങ്ങളൊരു യുദ്ധവിരുദ്ധ കാമ്പയിന്‍ നടത്തുമ്പോള്‍, അല്ലെങ്കില്‍ സബ്‌സിഡി വെട്ടിക്കുറച്ചതിനെതിരെ പ്രക്ഷോഭം നടത്തുമ്പോള്‍ സെക്യുലര്‍ ലിബറലുകളും ഇടതുപക്ഷക്കാരുമൊക്കെ നിങ്ങളോട് സഹകരിക്കും. ഈ സന്ദര്‍ഭങ്ങളിലൊക്കെ നാം നമ്മുടെ വിശ്വാസം മറച്ചുവെക്കുകയാണ് ചെയ്യുക. കാരണം, വിശ്വാസത്തെക്കുറിച്ച് പറഞ്ഞാല്‍ ലിബറലുകളും ഇടതുപക്ഷക്കാരും നമ്മില്‍ നിന്ന് അകന്നുപോകും എന്ന തെറ്റായ ധാരണയാണ് നമുക്കുള്ളത്. അങ്ങനെയാവുമ്പോള്‍ ഇസ്‌ലാമോഫോബിയ എന്ന ദൂഷ്യവൃത്തത്തിന്റെ ഭാഗമായിത്തീരുകയാണ് അറിയാതെ നാമും. എല്ലാതരം സാമ്രാജ്യത്വവും, അത് പാശ്ചാത്യമാവട്ടെ സോഷ്യലിസത്തിന്റേതാവട്ടെ അറബ് സ്വേഛാധിപത്യത്തിന്റേതാവട്ടെ, അടിസ്ഥാനപരമായി ഇസ്‌ലാമിനെക്കുറിച്ച് ഭീതിജനിപ്പിക്കുന്നവയാണ്. അതിനാല്‍ നമ്മുടെ പ്രതിരോധ പോരാട്ടങ്ങളെ നാം നമ്മുടെ വിശ്വാസത്തില്‍ നിന്ന് മാറ്റിനിര്‍ത്തുന്നുവെങ്കില്‍ അത് നമ്മുടെ മര്‍ദകര്‍ നേടുന്ന വിജയമാണ്.

'റെസ്‌പെക്ട്' പാര്‍ട്ടി എന്ന ആശയം എപ്പോഴാണ് കടന്നുവരുന്നത്?
യുദ്ധവിരുദ്ധ പ്രതിഷേധങ്ങള്‍ നടന്ന ആ വര്‍ഷം തന്നെയായിരുന്നു ബ്രിട്ടനില്‍ പൊതു തെരഞ്ഞെടുപ്പ്. ബാലറ്റ് ബൂത്തിലേക്ക് പോകുമ്പോള്‍ ഞാന്‍ ചിന്തിക്കുകയായിരുന്നു- 'സകല മുഖ്യധാരാ പാര്‍ട്ടികളും യുദ്ധത്തിന് അനുകൂലമായിരുന്നു. പിന്നെ ഞാനാര്‍ക്ക് വോട്ട് ചെയ്യും?' എനിക്കാകെ മടുത്തു കഴിഞ്ഞിരുന്നു. മോശപ്പെട്ടവയില്‍ നിന്ന് താരതമ്യേന ഭേദമെന്ന് തോന്നുന്ന ഒന്ന് തെരഞ്ഞെടുക്കുകയേ നിവൃത്തിയുള്ളൂ. അപ്പോള്‍ എന്റെ ചിന്ത മറ്റൊരു വഴിക്ക് നീങ്ങി- 'എങ്കില്‍ നമുക്ക് ശരിക്കും വിശ്വസിക്കാവുന്ന ഒരു പാര്‍ട്ടിക്ക് എന്തുകൊണ്ട് വോട്ട് ചെയ്തുകൂടാ?' തുടക്കത്തിലത് ഭ്രാന്തന്‍ ആശയമെന്ന് തോന്നിച്ചിരുന്നു. യുദ്ധവിരുദ്ധ കൂട്ടായ്മകളുടെ സമവായത്തില്‍ എന്തുകൊണ്ട് ഒരു ദേശീയ പാര്‍ട്ടി ഉണ്ടാക്കിക്കൂടാ എന്ന ചിന്ത പിന്നെപ്പിന്നെ ശക്തമായി. യുദ്ധവിരുദ്ധത എന്ന ഒരൊറ്റ ആശയത്തിന്റെ പേരില്‍ പലതരം ആളുകളെ ഒന്നിപ്പിക്കാമെങ്കില്‍, മറ്റു വിഷയങ്ങളിലും അതായിക്കൂടേ? പെന്‍ഷന്‍, യൂനിവേഴ്‌സിറ്റി ഫീസ്, സ്വകാര്യവത്കരണം തുടങ്ങിയ ഒട്ടേറെ വിഷയങ്ങളില്‍ അഭിപ്രായൈക്യം സാധ്യമാണെന്ന് ഞങ്ങള്‍ കണ്ടെത്തി. അങ്ങനെയാണ് പല തരത്തിലുള്ള ആളുകളെ ഒരു കുടക്കീഴില്‍ കൊണ്ടുവന്ന് റെസ്‌പെക്ട് പാര്‍ട്ടിക്ക് ജന്മം നല്‍കുന്നത്.

താങ്കള്‍ ബ്രിട്ടീഷ് പാര്‍ലമെന്റിലേക്ക് മത്സരിച്ചിരുന്നു. കുറഞ്ഞ വോട്ടുകള്‍ക്കാണ് തോറ്റത്. ആത്മവിശ്വാസം വര്‍ധിപ്പിക്കുന്നതായിരുന്നോ ഈ പരീക്ഷണം?
തീര്‍ച്ചയായും. ഇഞ്ചോടിഞ്ച് പോരാട്ടമായിരുന്നു അത്. എതിരാളിയില്‍നിന്ന് 1600 വോട്ടുകള്‍ കൂടി പിടിച്ചെടുത്തിരുന്നെങ്കില്‍ ജയിക്കാമായിരുന്നു. ഇങ്ങനെയൊരു പോരാട്ടം മുമ്പുണ്ടായിട്ടുണ്ടാവില്ല. ഞങ്ങള്‍ ആദ്യമായി മത്സരിക്കുകയാണ്, അതാണെങ്കിലോ ലേബര്‍ പാര്‍ട്ടിയുടെ കോട്ടയിലും. ഒരു ബദല്‍ രാഷ്ട്രീയം സമര്‍പ്പിക്കുക എന്നതായിരുന്നു എന്നെ സംബന്ധിച്ചേടത്തോളം പ്രധാനം. യഥാര്‍ഥ രാഷ്ട്രീയ സംവാദം തെരഞ്ഞെടുപ്പ് വേളയില്‍ നടക്കുകയുണ്ടായില്ല. ഞങ്ങള്‍ റാലികളും മറ്റും നടത്തി, പക്ഷേ അവ അവഗണിക്കപ്പെട്ടു. പാര്‍ലമെന്റ് അംഗങ്ങളുടെ നിലപാടുകള്‍ പരിശോധിച്ചാല്‍ ജനാധിപത്യ പ്രക്രിയയുടെ ന്യൂനത നിങ്ങള്‍ക്ക് ബോധ്യമാകും. ഭൂരിപക്ഷം എം.പിമാരും യുദ്ധാനുകൂലികളായിരുന്നു. എന്നാല്‍, ബ്രിട്ടനിലെ ഭൂരിപക്ഷമാളുകളും യുദ്ധത്തിന് എതിരായിരുന്നു. അമേരിക്കയില്‍നിന്ന് വ്യത്യസ്തമായിരുന്നു ബ്രിട്ടനിലെ സ്ഥിതി. യുദ്ധം തുടങ്ങുന്നതിന് മുമ്പ് പോലും യുദ്ധവിരുദ്ധക്കാര്‍ക്ക് വ്യക്തമായ മേല്‍ക്കൈ ഉണ്ടായിരുന്നു ബ്രിട്ടനില്‍.
ലേബര്‍ പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കപ്പെട്ട ജോര്‍ജ് ഗാലോവ, റെസ്‌പെക്ട് പാര്‍ട്ടി ടിക്കറ്റില്‍ മത്സരിച്ച് വിജയിച്ചിരുന്നു. അങ്ങനെ പാര്‍ലമെന്റില്‍ പാര്‍ട്ടിക്ക് പ്രാതിനിധ്യമുണ്ടായി. 20 കൗണ്‍സിലര്‍മാരെയും ലഭിച്ചു. കേവലം രണ്ടു വര്‍ഷം പ്രായമായ ഒരു പാര്‍ട്ടിയെ സംബന്ധിച്ചേടത്തോളം അവിശ്വസനീയമായിരുന്നു ആ നേട്ടങ്ങള്‍. യഥാര്‍ഥ മാറ്റവും രാഷ്ട്രീയ സംവാദവും ജനം ആഗ്രഹിക്കുന്നു എന്നാണ് ഇത് തെളിയിച്ചത്.

പാര്‍ലമെന്റ് സീറ്റ് ലഭിച്ചില്ലെങ്കിലും താങ്കള്‍ സിറ്റി കൗണ്‍സിലറായി തെരഞ്ഞെടുക്കപ്പെടുകയുണ്ടായല്ലോ. എന്താണ് സിറ്റി കൗണ്‍സിലില്‍ ചെയ്തുകൊണ്ടിരുന്നത്? ബേമിംഗ്ഹാം സിറ്റി കൗണ്‍സിലിലെ ആദ്യത്തെ ഹിജാബ് ധാരിണിയാണല്ലോ താങ്കള്‍.
മുസ്‌ലിം സമുദായത്തിന്റെ പക്ഷത്ത് നിന്ന് നോക്കിയാല്‍ തികച്ചും അഭിമാനകരം തന്നെ ആ നേട്ടങ്ങള്‍. പക്ഷേ, ആ കോണിലൂടെ അതിനെ വിലയിരുത്തുന്നത് തീര്‍ത്തും അപ്രസക്തമാണെന്ന് തോന്നുന്നു. കാരണം ഞാനൊരു മുസ്‌ലിം സ്ഥാനാര്‍ഥിയായല്ല മത്സരിച്ചത്. റെസ്‌പെക്ട് പാര്‍ട്ടി സ്ഥാനാര്‍ഥിയായാണ്. ആഭ്യന്തരമായി സ്വകാര്യവത്കരണത്തിനെതിരെയും സാര്‍വദേശീയമായി മൂല്യനിഷ്ഠമായ ഒരു വിദേശനയത്തിന് വേണ്ടിയും നിലകൊള്ളുന്ന ആളുകളുടെ കൂട്ടായ്മയാണത്. തങ്ങളുടെ അഭിപ്രായങ്ങളെ പ്രതിനിധീകരിക്കുന്നവരെയാണ് അവര്‍ തെരഞ്ഞെടുത്തത്. അതാണ് എന്നെ ആവേശം കൊള്ളിക്കുന്നത്. ഹിജാബ് ധാരിണി എന്നതല്ല ഇവിടെ പ്രധാനം; ചില മൂല്യങ്ങള്‍ക്ക് വേണ്ടി നിലകൊള്ളുന്നു എന്നതാണ്. അതെച്ചൊല്ലിയാണ് ഞാന്‍ അഭിമാനിക്കുന്നതും.

ഗസ്സയിലേക്ക് സഹായവുമായി പോയ തുര്‍ക്കി കപ്പല്‍ ആക്രമിക്കപ്പെട്ടപ്പോള്‍ ഫലസ്ത്വീനികള്‍ക്ക് വേണ്ടി ബ്രിട്ടനില്‍ ജനങ്ങളെ അണിനിരത്തുന്ന തിരക്കിലായിരുന്നു താങ്കള്‍. ഫലസ്ത്വീന്‍ ഐക്യദാര്‍ഢ്യ കാമ്പയിന്‍ ഇപ്പോള്‍ എങ്ങനെയാണ് മുന്നോട്ടു പോകുന്നത്, എന്തായിരിക്കും അതിന്റെ ഭാവി?
ബ്രിട്ടീഷുകാര്‍ എന്ന നിലക്ക് ഫലസ്ത്വീന്‍ പ്രശ്‌നത്തില്‍ ഞങ്ങള്‍ക്ക് മറ്റേതൊരു രാഷ്ട്രത്തേക്കാളും ഉത്തരവാദിത്വമുണ്ട്. കാരണം ബാല്‍ഫര്‍ പ്രഖ്യാപനത്തിലൂടെ പ്രശ്‌നത്തിന് തുടക്കമിട്ടത് ബ്രിട്ടനാണല്ലോ. ബ്രിട്ടനിലെ അന്തരീക്ഷം ക്രമേണ മാറിവരികയാണ്. പൊതുസമൂഹത്തില്‍ നിന്നും രാഷ്ട്രീയ വൃത്തങ്ങളില്‍ നിന്നും കടുത്ത എതിര്‍പ്പാണ് ഇപ്പോള്‍ സയണിസ്റ്റ് ലോബി നേരിട്ടുകൊണ്ടിരിക്കുന്നത്. ഉദാഹരണത്തിന്, 2004-ല്‍ ഒരു ഔദ്യോഗിക പാനല്‍ പുറത്തുവിട്ട റിപ്പോര്‍ട്ടില്‍, ബി.ബിസിയുടെ ഫലസ്ത്വീന്‍ റിപ്പോര്‍ട്ടുകള്‍ തീര്‍ത്തും പക്ഷപാതപരമാണെന്നും ഇസ്രയേല്‍ അനുകൂലമാണെന്നും കുറ്റപ്പെടുത്തിയിരുന്നു. ഈ വിമര്‍ശനത്തിന്റെ പ്രതിധ്വനി ബ്രിട്ടീഷ് പാര്‍ലമെന്റിലും മുഴങ്ങി. അമേരിക്കയിലോ ജര്‍മനിയിലോ നിങ്ങള്‍ക്കിക്കാര്യം ചിന്തിക്കാനേ കഴിയില്ല. ഫലസ്ത്വീനികളോടുള്ള ഇസ്രയേല്‍ ക്രൂരത ശക്തിപ്പെടുന്നതിനനുസരിച്ച് ഫലസ്ത്വീന്‍ ഐക്യദാര്‍ഢ്യ മുന്നേറ്റം പുതിയ ഉയരങ്ങളിലെത്തുമെന്ന് തീര്‍ച്ച.
ഫലസ്ത്വീനികളെപ്പോലെ ഇത്ര ഇഛാശക്തിയും കാലുറപ്പുമുള്ള ഒരു ജനതയെ ലോകചരിത്രത്തില്‍ നിങ്ങള്‍ക്ക് കണ്ടെത്താനായെന്ന് വരില്ല. ഞങ്ങള്‍ക്കിടയില്‍ ഒരു ചൊല്ലുണ്ട്- 'നമ്മള്‍ പറയാറുണ്ടായിരുന്നത് ഫലസ്ത്വീനികള്‍ ഹീറോകളെപ്പോലെ പോരാടുന്നു എന്നായിരുന്നു. ഇപ്പോള്‍ നാം പറയുന്നത് ഹീറോകള്‍ ഫലസ്ത്വീനികളെപ്പോലെ പോരാടുന്നു എന്നാണ്.'
തൊള്ളായിരത്തി എഴുപതുകളിലും എണ്‍പതുകളിലും ദക്ഷിണാഫ്രിക്കയിലെ സൊവേറ്റോ (Soweto) നഗരം വര്‍ണവിവേചനത്തിനെതിരെയുള്ള ഐതിഹാസിക പോരാട്ടത്തിന്റെ ആഗോള പ്രതീകമായിരുന്നു. ലോകത്തുടനീളം ഉയര്‍ന്നുവന്ന സൊവേറ്റോ ഐക്യദാര്‍ഢ്യ പ്രസ്ഥാനങ്ങളാണ് ദക്ഷിണാഫ്രിക്കയിലെ വര്‍ണവെറിയന്‍ ഭരണകൂടത്തെ ഒറ്റപ്പെടുത്തിയത്. അത്തരമൊരു ആഗോള പിന്തുണയും പിന്‍ബലവുമാണ് ഇന്ന് ഫലസ്ത്വീന്‍ വിമോചന മുന്നേറ്റത്തിന് ആവശ്യം.

ഈ സന്ദര്‍ശനവേളയില്‍ കേരളത്തിലെ ഇസ്‌ലാമിക പ്രസ്ഥാനത്തെയും സോളിഡാരിറ്റിയെയും അടുത്തറിയാന്‍ താങ്കള്‍ക്ക് അവസരം ലഭിച്ചു. എന്തു തോന്നുന്നു?
എനിക്കും ഭര്‍ത്താവ് അഖീലിനും മനസ്സില്‍ തട്ടിയ അനുഭവമാണ് ഞങ്ങളുടെ കേരള സന്ദര്‍ശനം. നിങ്ങളുടെ സ്‌നേഹവും ആതിഥ്യവും ഞങ്ങളെ അത്രയേറെ കീഴ്‌പ്പെടുത്തിക്കളഞ്ഞു. ഇത് ഞങ്ങള്‍ എന്നെന്നും ഓര്‍മയില്‍ സൂക്ഷിക്കും. മുസ്‌ലിം ലോകത്തും, ന്യൂനപക്ഷമായതിന്റെ പേരില്‍ ആത്മവിശ്വാസം നഷ്ടപ്പെട്ട് മുസ്‌ലിംകള്‍ പ്രതിരോധത്തിലായ പാശ്ചാത്യ ദേശങ്ങളിലുമെല്ലാം പറിച്ചു നടാവുന്ന മാതൃകയാണ് സോളിഡാരിറ്റി യൂത്ത് മൂവ്‌മെന്റ് സമര്‍പ്പിച്ചിരിക്കുന്നത്. നിങ്ങള്‍ പ്രശ്‌നങ്ങള്‍ ഏറ്റെടുക്കുന്ന രീതിയും അതിനു വേണ്ടി നടത്തുന്ന സമരങ്ങളും- അവ മുസ്‌ലിം പ്രശ്‌നങ്ങള്‍ മാത്രമല്ല- സവിശേഷ ശ്രദ്ധയര്‍ഹിക്കുന്നുണ്ട്. ലോകമെമ്പാടുമുള്ള മുസ്‌ലിംകളും ഇസ്‌ലാമിക പ്രസ്ഥാനങ്ങളും തുടര്‍ പ്രയാണത്തിന് സ്വീകരിക്കേണ്ട വഴിയും ഇതുതന്നെയാണ്. പാകിസ്താനിലെയും പാശ്ചാത്യ ദേശങ്ങളിലെയുമൊക്കെ ഇസ്‌ലാമിക പ്രസ്ഥാനങ്ങളില്‍ മൗലാനാ മൗദൂദിയുടെ പൈതൃകവും ചിന്തയും സ്തംഭിച്ച് നില്‍ക്കുന്നതായി തോന്നിയിട്ടുണ്ട്. പക്ഷേ, നിങ്ങള്‍ കേരളത്തില്‍ മൗലാനയുടെ ചിന്തകള്‍ക്ക് പുതിയ തുറസ്സും വികാസവും നല്‍കിയിരിക്കുകയാണ്. തീര്‍ച്ചയായും അതൊരു വലിയ നേട്ടം തന്നെ. ബ്രിട്ടനില്‍ തിരിച്ചെത്തിയാല്‍ സോളിഡാരിറ്റിയുടെ ദര്‍ശനവും നേട്ടങ്ങളും മുസ്‌ലിം നേതാക്കളുമായി ഞാന്‍ പങ്കുവെക്കും.

Comments

Other Post

ഖുര്‍ആന്‍ ബോധനം

അല്‍ കഹ്ഫ് 66-73
എ.വൈ.ആര്‍