Prabodhanm Weekly

Pages

Search

2013 ജൂണ്‍ 14

പെണ്ണുങ്ങളുള്ള സോളിഡാരിറ്റിക്ക് ഇനി എത്ര നാള്‍?

ഡോ. റുബീന ഷക്കീബ് \ വടകര

കേരളത്തിലെ ഉറങ്ങിക്കിടന്ന സമര യൗവനത്തിന് നവോന്മേഷമേകി കാലത്തിനു മേല്‍ വിപ്ലവ മുദ്ര പതിപ്പിച്ചുകൊണ്ട് പത്തു വയസ്സ് പൂര്‍ത്തിയാക്കിയ സോളിഡാരിറ്റിക്ക് അഭിവാദ്യങ്ങള്‍. യുവജന സംഘടനാ അജണ്ടകളിലെ പതിവു പഴഞ്ചന്‍ ചേരുവകള്‍ പാടെ നിരാകരിച്ച് തനതു ശൈലിയിലൂടെ പുതിയൊരു കാല്‍വെപ്പ് നടത്തിയപ്പോള്‍ കേരളത്തിന്റെ വര്‍ത്തമാനത്തിനും ഭാവിക്കും എന്നത്തേക്കും ഓര്‍ത്തുവെക്കാന്‍ പാകത്തിലുള്ള നന്മയുടെ കുറെ വീണ്ടെടുപ്പുകളാണ് സോളിഡാരിറ്റി സമ്മാനിച്ചത്.
സമൂഹത്തില്‍ പരമ്പരാഗതമായി വേരുറച്ചുപോയ പല ധാരണ(പ്പിശകു)കള്‍ക്കും തിരുത്തു നല്‍കി സാമൂഹിക പ്രക്രിയയില്‍ വിപ്ലവകരമായ ഇടപെടലാണ് സംഘടന കാഴ്ചവെച്ചത്. പക്ഷേ, സോളിഡാരിറ്റി കാലത്തിന്റെ ചുവരെഴുത്തുകള്‍ പൂര്‍ണാര്‍ഥത്തില്‍ ഉള്‍ക്കൊള്ളാതെ പോകുന്നുവോ? ജനസംഖ്യയുടെ പാതിയിലധികം പെണ്ണുങ്ങളുള്ള നാട്ടില്‍ സോളിഡാരിറ്റി പോലുള്ള ഒരു പ്രസ്ഥാനം പെണ്ണിന് പ്രവേശം നിഷേധിക്കുമ്പോള്‍ നാം മോചിതരാവാന്‍ ശ്രമിക്കുന്ന സാമ്പ്രദായികതയുടെ തടവറയില്‍ സ്വയം ബന്ധിക്കപ്പെടുന്ന കാഴ്ചയാണ് സമൂഹം കണ്ടുകൊണ്ടിരിക്കുന്നത്. സദസ് നിറക്കുകയെന്ന ദൗത്യനിര്‍വഹണത്തിനുമപ്പുറം ക്രിയാത്മക പങ്കാളിത്തം ആഗ്രഹിക്കുന്ന പെണ്ണിന് നേരെ അംഗത്വത്തിന്റെ വാതായനങ്ങള്‍ ഇനിയും കൊട്ടിയടക്കുന്നത് നീതിയാവില്ല. പ്രശ്‌നം പ്രത്യയശാസ്ത്രപരമല്ല എന്നു വ്യക്തം. പ്രായോഗിക തലത്തില്‍ ചില വിഷമതകള്‍ അംഗീകരിച്ചുകൊണ്ടുതന്നെ, ചില കോണുകളില്‍ നിന്നുയരുന്ന കേവല വിമര്‍ശങ്ങള്‍ക്കുള്ള മറുപടി എന്നതിനപ്പുറം ഇക്കാര്യത്തില്‍ സാധ്യമാവുന്ന തരത്തിലുള്ള ഒരു മാറ്റം അനിവാര്യമത്രെ.
യൂത്ത് സ്പ്രിംഗ് ഇതിലേക്കുള്ള ഒരു ചുവടുവെപ്പാകുമെന്ന് പ്രത്യാശിക്കട്ടെ. ഉദ്ഘാടനത്തിലും സമാപനത്തിലും മുഖ്യ അതിഥികളായി വനിതകളെത്തന്നെ നിശ്ചയിച്ചത് വെറും യാദൃഛികമാവാന്‍ തരമില്ല. ഇനി, സോളിഡാരിറ്റിയുള്ള കേരളത്തിന് ഇരുപത് വയസ്സാകുമ്പോള്‍ പെണ്ണുങ്ങളുള്ള സോളിഡാരിറ്റിക്ക് പത്തു വയസ്സും ആവട്ടെ!

 

എന്‍.പി അബ്ദുല്‍ കരീം ചേന്ദമംഗല്ലൂര്‍ /

സ്പ്രിംഗ്: അവസരോചിതമായ വസന്തം

സോളിഡാരിറ്റി നടത്തിയ പുതിയകാലത്തെ പോരാട്ടങ്ങളെയും സേവനങ്ങളെയും കോര്‍ത്തിണക്കി ഒരുക്കിയ സ്പ്രിംഗ്, പഴയ കാലത്തിന്റെ അടയാളങ്ങളെ പുതിയ കാലത്തെ ചുവടുവെപ്പുകളോടൊപ്പം കൂട്ടിച്ചേര്‍ത്ത് ഇഴപിരിയാത്ത ബന്ധങ്ങളുടെ കാല്‍പനിക സംവേദനമായി മാറി. സാമ്രാജ്യത്വത്തിന്റെ നുകത്തില്‍ നിന്ന് കുതറാന്‍ കഴിയാത്ത യുവജന സംഘടനകള്‍ ആള്‍ക്കൂട്ടങ്ങളുടെ വേദിയായി മാറുമ്പോഴും സോളിഡാരിറ്റി നടത്തിയ വേറിട്ട നടത്തം സേവന തല്‍പരര്‍ക്കും പോരാളികള്‍ക്കും ഉണര്‍ത്തുപാട്ടായി. സ്പ്രിംഗിനോടനുബന്ധിച്ച് നടത്തിയ, കേരളത്തിലെ 14 ജില്ലകളില്‍ നിന്ന് തെരഞ്ഞെടുത്ത ജനപ്രതിനിധികളുടെ സംഗമം തികച്ചും വ്യതിരിക്തമായി. സമൂഹത്തിലെ അടിസ്ഥാന വര്‍ഗത്തോടൊപ്പം ചേര്‍ന്ന് അവര്‍ക്ക് വേണ്ടി വാര്‍ഡ് പ്രതിനിധികളും കൗണ്‍സിലര്‍മാരും നടത്തിയ ജനക്ഷേമ പ്രവര്‍ത്തനങ്ങള്‍ സദസ്സില്‍ നിരത്തിയത് വേറിട്ട അനുഭവം തന്നെ.
സ്വയം ഓഡിറ്റിംഗിന് വിധേയരായി പോരായ്മകള്‍ തിരുത്താന്‍ സംഘടന കാണിക്കുന്ന ആത്മധൈര്യം മാതൃകയില്ലാത്തതാണ്.

 

മുഹമ്മദ് കാടേരി /

'സ്ത്രീകളുടെ സ്വത്തവകാശം: തിരുത്തപ്പെടേണ്ട പൊതുബോധം'

ഉപര്യുക്ത ശീര്‍ഷകത്തില്‍ ശൈഖ് മുഹമ്മദ് കാരകുന്ന് എഴുതിയ ലേഖനം (പ്രബോധനം 2013 മെയ് 31) ഇസ്‌ലാമിക അനന്തരാവകാശം സംബന്ധിച്ച ചിലരുടെ തെറ്റിദ്ധാരണ തിരുത്താന്‍ പര്യാപ്തമാണ്. ഇസ്‌ലാമിക ദായധന ക്രമത്തില്‍ പുരുഷനു ലഭിക്കുന്നതിന്റെ പാതി മാത്രമേ എപ്പോഴും സ്ത്രീക്ക് ലഭിക്കുകയുള്ളൂവെന്ന വിമര്‍ശത്തെ ഉദാഹരണങ്ങള്‍ നിരത്തി ഖണ്ഡിക്കുന്നുണ്ട് ലേഖനം. എന്നാല്‍, ലേഖകന്റെ പക്കല്‍ നിന്നാണോ അവലംബ കൃതിയില്‍നിന്നാണോ എന്നറിയില്ല, ഉദാഹരണങ്ങള്‍ക്കിടയില്‍ പിശകുകള്‍ സംഭവിച്ചതായി കാണുന്നു.
ആകെ സ്വത്തായ 120 ലക്ഷം, അവകാശികളായ ഭര്‍ത്താവ്, മാതാവൊത്ത രണ്ട് സഹോദരന്മാര്‍, മാതാവൊത്ത രണ്ട് സഹോദരിമാര്‍ എന്നിവര്‍ക്കിടയില്‍ ഭാഗിച്ചപ്പോള്‍ മാതാവൊത്ത രണ്ട് സഹോദരന്മാരെ ശിഷ്ടാവകാശികളായി പരിഗണിച്ചതാണ് അതിലൊന്ന്. മാതാവ് വഴിക്കുള്ള പരേതന്റെ ബന്ധുക്കള്‍ ശിഷ്ടാവകാശികളുടെ (അസ്വബ) ഗണത്തില്‍ ഉള്‍പ്പെടുകയില്ലെന്നത് അനന്തരാവകാശ നിയമത്തില്‍ സുവിദിതമായ തത്ത്വമാണ്. പ്രസ്തുത ഉദാഹരണത്തില്‍ ആകെ സ്വത്തിന്റെ മൂന്നിലൊന്നി(40 ലക്ഷം)ല്‍ മാതാവൊത്ത സഹോദരീ സഹോദരന്മാര്‍ തുല്യ പങ്കാളികളാണെന്നതാണ് വസ്തുത. ഖുര്‍ആന്‍ വ്യക്തമാക്കിയ കാര്യമാണത്. അല്ലാഹു പറയുന്നു: ''അനന്തരാവകാശമെടുക്കപ്പെടുന്ന പുരുഷനോ സ്ത്രീയോ പിതാവും മക്കളുമില്ലാത്ത ആളായിരിക്കുകയും അവര്‍ക്ക് (മാതാവൊത്ത) ഒരു സഹോദരനോ സഹോദരിയോ ഉണ്ടായിരിക്കുകയും ചെയ്താല്‍ അവരില്‍ ഓരോരുത്തര്‍ക്കും ആറിലൊന്ന് ലഭിക്കുന്നതാണ്. ഇനി അവര്‍ അതിലധികം പേരുണ്ടെങ്കില്‍ അവര്‍ മൂന്നിലൊന്നില്‍ സമാവകാശികളായിരിക്കും'' (അന്നിസാഅ് 12). ഈവിധം വീതിച്ചു നല്‍കുമ്പോള്‍ സ്വത്തില്‍ ഒരു ഭാഗം (20 ലക്ഷം) ബാക്കി വരുന്നു. ഇത് ശിഷ്ടാവകാശികളുടെ അഭാവത്തില്‍ മേല്‍ അവകാശികള്‍ക്ക് തന്നെ നല്‍കണമെന്നാണ് നിയമം. അനന്തരാവകാശ നിയമത്തില്‍ ഇതിന് റദ്ദ് എന്നു പറയുന്നു. എന്നാല്‍, ഭാര്യ/ഭര്‍ത്താവ് എന്നിവര്‍ റദ്ദില്‍ പരിഗണനാര്‍ഹരല്ല. അതിനാല്‍ മാതാവൊത്ത സഹോദരീ സഹോദരന്മാര്‍ക്കു തന്നെ അത് തുല്യ അളവില്‍ ഭാഗിച്ചു നല്‍കുകയാണ് വേണ്ടത്. ഇതനുസരിച്ച് പ്രസ്തുത ഉദാഹരണത്തില്‍ അവകാശികള്‍ക്ക് ലഭിക്കുന്ന വിഹിതം ഇപ്രകാരമാണ്:
ഭര്‍ത്താവ് 1/2 (60 ലക്ഷം)
മാതാവൊത്ത 2 സഹോദരന്മാര്‍
മാതാവൊത്ത 2 സഹോദരിമാര്‍ 1/3 (40 ലക്ഷം) + റദ്ദ് (20 ലക്ഷം)
അതായത് മാതാവൊത്ത സഹോദരീ സഹോദരന്മാരില്‍ ഓരോരുത്തര്‍ക്കും 15 ലക്ഷം വീതം ലഭിക്കുന്നു. ഈ ഉദാഹരണത്തില്‍ സഹോദരന് ലഭിക്കുന്നതിന് സമാനമായ വിഹിതമാണ് സഹോദരിക്ക് ലഭിക്കുന്നത്.
എന്നാല്‍, മാതാവൊത്ത സഹോദരന്മാരുടെ സ്ഥാനത്ത് പൂര്‍ണ സഹോദരന്മാരോ പിതാവൊത്ത സഹോദരന്മാരോ ആയിരുന്നുവെങ്കില്‍ ലേഖകന്‍ അവതരിപ്പിച്ച കണക്ക് പൂര്‍ണമായും ശരിയാകുന്നു.
ഇതിന് തൊട്ടു താഴെ നല്‍കിയ ഉദാഹരണ(ആകെ സ്വത്ത് 48 ലക്ഷം)ത്തിലും ഓഹരികളുടെ നിര്‍ണയത്തില്‍ അപാകതയുണ്ട്. ഭാര്യക്ക് 12 ലക്ഷം, മാതാവിന് 8 ലക്ഷം, മാതാവൊത്ത രണ്ട് സഹോദരിമാര്‍ക്ക് 16 ലക്ഷം, മാതാവൊത്ത രണ്ട് സഹോദരന്മാര്‍ക്ക് 12 ലക്ഷം എന്നിങ്ങനെയാണ് ലേഖനത്തിലെ കണക്ക്. ശരിയായ കണക്ക് ഇപ്രകാരമാണ്: ഭാര്യ: 1/4 (12 ലക്ഷം), മാതാവ് 1/6 (8 ലക്ഷം)+ റദ്ദ് (4 ലക്ഷം). ആകെ 12 ലക്ഷം. മാതാവൊത്ത 4 സഹോദരീ സഹോദരന്മാര്‍ 1/3 (16 ലക്ഷം) + റദ്ദ് (8 ലക്ഷം). ആകെ 24 ലക്ഷം. ഓരോരുത്തര്‍ക്കും 6 ലക്ഷം വീതം. ഈ ഉദാഹരണത്തിലും സഹോദരന് തുല്യമായ വിഹിതം സഹോദരിക്ക് ലഭിക്കുന്നു.
പേജ് 35 രണ്ടാം ഖണ്ഡികയില്‍ 'ഏറ്റവും അടുത്ത ശിഷ്ടാവകാശിയായ പിതാവുള്ളതിനാല്‍ അകന്ന ശിഷ്ടാവകാശിയായ പൗത്രനെ പിതാവ് തടയുന്നു' എന്ന് പ്രസ്താവിച്ചത് ശരിയല്ല. ഏറ്റവും അടുത്ത ശിഷ്ടാവകാശി പിതാവല്ല; പൗത്രനാണ്. പിതാവും പൗത്രനും അവകാശികളായി വന്നാല്‍ പിതാവ് ഓഹരിക്കാരനും പൗത്രന്‍ ശിഷ്ടാവകാശിയുമാണ്. പിതാവിന്റെ ആറിലൊന്ന് കഴിച്ച് ബാക്കിയുള്ള സ്വത്ത് മുഴുവന്‍ പൗത്രനുള്ളതാണ്. ലേഖനത്തില്‍ പറഞ്ഞ ഉദാഹരണത്തില്‍ പൗത്രന് സ്വത്ത് ലഭിക്കാതിരുന്നത് പിതാവ് അവന്റെ അവകാശം തടഞ്ഞുവെച്ചത് കൊണ്ടല്ല, പ്രത്യുത അവന്‍ ശിഷ്ടാവകാശിയായത് കൊണ്ടാണ്. ഓഹരിക്കാര്‍ തങ്ങള്‍ക്ക് അവകാശപ്പെട്ട ഓഹരികള്‍ എടുത്ത ശേഷം ബാക്കിയുണ്ടെങ്കില്‍ ലഭിക്കുന്നയാളാണല്ലോ ശിഷ്ടാവകാശി. പ്രസ്തുത ഉദാഹരണത്തില്‍ ഓഹരിക്കാരുടെ വിഹിതം കഴിച്ച് സ്വത്ത് ബാക്കിയില്ലാത്തതിനാലാണ് പൗത്രന് അവകാശമൊന്നും ലഭിക്കാതെ പോയത്.

 

അബൂഹബീബ് വരോട്, ഒറ്റപ്പാലം/

'മനുഷ്യര്‍ കടം വാങ്ങി വീടുവെക്കുന്നു. പിന്നീട് ആജീവനാന്തം ആ കടം അടച്ച് സ്വന്തം എന്ന് കരുതപ്പെടുന്ന വീട്ടില്‍ വാടകക്കാരനായി കഴിയുന്നു.' പ്രശസ്ത ആര്‍ക്കിടെക്റ്റ് ലാറി ബേക്കറുടേതാണ് മുകളില്‍ ഉദ്ധരിച്ച വരികള്‍. വീടു നിര്‍മാണം ഇന്ന് മലയാളിക്ക് പൊങ്ങച്ച പ്രകടനത്തിന്റെ വേദിയാണ്. കടം വാങ്ങിയും പലിശക്കെടുത്തും വീടുപണി പൂര്‍ത്തിയാക്കുന്നവരാണധികവും. പിന്നീട് കടത്തില്‍ നിന്ന് കരകയറാന്‍ കഴിയാതെ വീട് വില്‍ക്കുന്നവരും കുറവല്ല. ഗള്‍ഫ് മലയാളികളുടെ സമ്പാദ്യത്തിന്റെ വലിയൊരു ഭാഗവും വിനിയോഗിക്കുന്നത് വീടു നിര്‍മാണത്തിനാണെന്നതാണ് വസ്തുത. അല്‍പം ഇഛാശക്തിയും ജാഗ്രതയും ഉണ്ടെങ്കില്‍ സമാധാനത്തിന്റെയും സന്തോഷത്തിന്റെയും കൊച്ചു ഗേഹം പണിയാന്‍ കഴിയും. മറ്റുള്ളവരിലേക്ക് നോക്കാതെ സ്വന്തം കീശയുടെ കനത്തിനനുസരിച്ച് പൊങ്ങച്ചത്തിന്റെയോ അഹങ്കാരത്തിന്റെയോ മാളിക പണിയാതെ ലാളിത്യത്തിന്റെ ഒതുങ്ങിയ വീടിന് പ്ലാന്‍ തയാറാക്കണം. സ്വന്തം വരുമാനം സഹധര്‍മിണിയെ അറിയിക്കുന്നതിനോടൊപ്പം സ്വന്തം നിലപാടിലേക്ക് അവരെയും കൂട്ടിക്കൊണ്ടുവരികയും വേണം. ആവശ്യം, അത്യാവശ്യം, അനാവശ്യം എന്നിവ തിരിച്ചറിയാന്‍ എല്ലാവര്‍ക്കും സാധിക്കേണ്ടിയിരിക്കുന്നു.


Comments

Other Post

ഖുര്‍ആന്‍ ബോധനം

അല്‍ കഹ്ഫ് 66-73
എ.വൈ.ആര്‍