Prabodhanm Weekly

Pages

Search

2013 ജൂണ്‍ 14

വരുംകാലങ്ങളിലേക്കും വെളിച്ചം വീശിയ മഹാ മനീഷികള്‍

ഒ.പി അബ്ദുസ്സലാം / തര്‍ബിയത്ത്‌

ഇസ്‌ലാമിക സേവനവും പ്രചാരണവും സംസ്‌കരണ പ്രവര്‍ത്തനവും ജീവിതലക്ഷ്യമായി സ്വീകരിച്ചവര്‍ തുടക്കം മുതല്‍ ഒടുക്കം വരെ കൊടും പരീക്ഷണങ്ങള്‍ നേരിടേണ്ടിവരും. ചിലപ്പോള്‍ പ്രീണനമാണെങ്കില്‍ മറ്റു ചിലപ്പോള്‍ പീഡനമായിരിക്കും. നന്മയുടെ രാജപാത വെട്ടിത്തെളിയിക്കാനുള്ള നിരന്തര പരിശ്രമങ്ങള്‍ നടത്തിയ പ്രവാചകന്മാരുടെയും സത്യസാക്ഷികളായ അനുയായി വൃന്ദങ്ങളുടെയും ജീവിതത്തിലെ ഏടുകള്‍ അതിന് സാക്ഷ്യം വഹിക്കുന്നു. ഒഴുക്കിനൊത്ത് നീന്താതെയും കാറ്റിനൊത്ത് ആടാതെയും ഇഛാശക്തിയുടെ കൊടിപ്പടം വാനോളം ഉയര്‍ത്തിപ്പിടിച്ച ആ മഹാ മനീഷികള്‍ എക്കാലത്തെയും സത്യത്തിന്റെ പ്രചാരകര്‍ക്ക് തൂവെളിച്ചം പ്രസരിപ്പിക്കുന്ന വെള്ളിനക്ഷത്രങ്ങളത്രെ.
ഇഛാശക്തിയുടെ അത്യുത്ഭൂത മാതൃക ലോകത്തിന് കാഴ്ച വെച്ച പ്രവാചകന്‍ യൂസുഫിന്റെ സംഭവബഹുലമായ ജീവിതം ഖുര്‍ആന്‍ വിശ്വാസികള്‍ക്കായി തുറന്നുവെച്ചിട്ടുണ്ട്. 111 സൂക്തങ്ങളുള്ള ഒരധ്യായം ഏതാണ്ട് മുഴുവനായി തന്നെ അദ്ദേഹത്തിന്റെ ജീവിത പഥങ്ങളെ അങ്ങേയറ്റം ആകര്‍ഷകമായാണ് അനാവരണം ചെയ്തിരിക്കുന്നത്. അധ്യായത്തിന്റെ പേരു തന്നെ യൂസുഫ് എന്നാണ്.
യൂസുഫ് ഒരു പ്രത്യേക സാഹചര്യത്തില്‍ ഈജിപ്തിലെ അസീസ് എന്ന പ്രഭുവിന്റെ വീട്ടിലെത്തി. അന്ന് അദ്ദേഹത്തിന് പത്തൊമ്പതോ ഇരുപതോ വയസ്സായിരുന്നു. എന്നാല്‍, സൗന്ദര്യത്തിന്റെ താഴികക്കുടമായ യൂസുഫില്‍ അസീസിന്റെ ഭാര്യ അനുരക്തയായി. ആഗ്രഹപൂര്‍ത്തിക്കുള്ള പ്രഭ്വിയുടെ അടവുകള്‍ പക്ഷേ ഒന്നിനു പിറകെ ഒന്നായി പരാജയപ്പെട്ടു. യൂസുഫ് എന്ന യുവാവിന്റെ തകര്‍ക്കാനാവാത്ത ഇഛാശക്തിക്ക് മുമ്പില്‍ ഇളിഭ്യയായ പ്രഭ്വി (ഇവരുടെ പേര്‍ സുലൈഖയാണെന്ന് പൊതുവെ വിശ്വസിക്കപ്പെടുന്നു) പിന്നെ പ്രതികാരത്തിന്റെ ചാട്ടുളികള്‍ എറിയുകയായിരുന്നു. സമൂഹത്തിന്റെ മുമ്പില്‍ യൂസുഫിനെ മാനം കെടുത്തുകയും പരസ്യമായി അപഹസിക്കുകയും ചെയ്തു. അത് കൊണ്ടും മതിയാക്കാതെ നീണ്ട ഒമ്പത് വര്‍ഷം അദ്ദേഹത്തെ ജയിലിലുമടച്ചു.
തീക്ഷ്ണമായ പരീക്ഷണ പര്‍വങ്ങള്‍ താണ്ടിയ യൂസുഫ് പ്രവാചകന്റെ അത്യസാധാരണമായ വ്യക്തിത്വത്തിനും അനുപമമായ ഇഛാശക്തിക്കും മാറ്റുകൂട്ടുന്ന സുപ്രധാനമായ ചില ഘടകങ്ങളുണ്ട്.
ഒന്ന്, ഇന്നത്തെ യൂറോപ്യന്‍ രാജ്യങ്ങളെ പോലെ ലൈംഗികാരാജകത്വവും അധാര്‍മികതയും പുരാതന ഈജിപ്തിലും കൊടികുത്തി വാഴുകയായിരുന്നു. ഈയൊരു സാഹചര്യത്തില്‍ സുലൈഖയുമായി യൂസുഫ് അവിഹിതബന്ധം സ്ഥാപിച്ചാല്‍ ഈജിപ്തുകാര്‍ അതൊരു മഹാ പാപമായി കരുതുമായിരുന്നില്ല.
രണ്ട്, പ്രഭുവിന്റെ ഭാര്യ അതിസുന്ദരിയും സമൂഹത്തില്‍ പ്രശസ്തയുമായിരുന്നു. ഈ രണ്ട് കാര്യങ്ങളും യുവാക്കളെ ആകര്‍ഷിക്കുന്ന ഘടകങ്ങളാണ്.
മൂന്ന്, യൂസുഫ് അവിവാഹിതനും നല്ല ആരോഗ്യവാനും യുവകോമളനുമാണ്.
നാല്, അഭ്യര്‍ഥനയും സമ്മര്‍ദവും പ്രഭ്വിയുടെ ഭാഗത്ത് നിന്നായതിനാല്‍ സ്ത്രീപീഡനമെന്ന പ്രശ്‌നം ഉത്ഭവിക്കുന്നില്ല.
അഞ്ച്, പ്രഭുവിന്റേതാണ് വീടെങ്കിലും അവിടത്തെ ഭരണവും നിയന്ത്രണവും പ്രഭ്വിക്കുതന്നെയായിരുന്നു. ഈ അവസ്ഥയില്‍ കാര്യക്കാരിയായ ഗൃഹനാഥയുടെ ആഗ്രഹങ്ങള്‍ ധിക്കരിക്കുന്നത് അഭംഗിയാണെന്ന് കരുതുന്ന ഒരു സാമൂഹിക മനസ്സാണ് ഈജിപ്തിലുണ്ടായിരുന്നത്.
ഈവിധം പാപം ചെയ്യാനുള്ള അനുകൂല സാഹചര്യം എല്ലാ അര്‍ഥത്തിലും ഒത്തുവന്നിട്ടും, പിടിക്കപ്പെടാനോ ശിക്ഷിക്കപ്പെടാനോ ഉള്ള പഴുത് ഒട്ടുമില്ലെന്ന് തിട്ടമായിട്ടും ഒരാള്‍ പാപകൃത്യത്തെക്കുറിച്ച് ചിന്തിക്കുക പോലും ചെയ്യുന്നില്ലെങ്കില്‍ അതൊരു മഹാ സംഭവം തന്നെയാണ്. അല്ലാഹുവിലുള്ള സുദൃഢ വിശ്വാസത്തിന്റെ ഉലയില്‍ ഊതിക്കാച്ചിയെടുത്ത ഇഛാശക്തിയും ദൃഢനിശ്ചയവും വേണ്ട അളവില്‍ സ്വായത്തമാക്കിയവര്‍ക്കേ ഈ സവിശേഷ ഗുണം സമാര്‍ജിക്കാനാവൂ. ഇതുതന്നെയാണ് യൂസുഫ് നബിയെ വ്യത്യസ്തനാക്കുന്നത്.
പ്രയാസങ്ങളുടെ കനല്‍പഥങ്ങളില്‍ സഞ്ചരിച്ച് വിശ്വാസികള്‍ക്കാകമാനം വഴിയും വെളിച്ചവും കാണിച്ചുതന്ന നബിതിരുമേനിയുടെ നിശ്ചയദാര്‍ഢ്യവും ഇഛാശക്തിയും ആരെയും പറഞ്ഞറിയിക്കേണ്ടതില്ല. മക്കയിലെ അവിശ്വാസികള്‍ ഭൗതിക സുഖസൗകര്യങ്ങളുടെ വന്‍ ഓഫറുകള്‍ വെച്ചുനീട്ടിയപ്പോള്‍, സൂര്യനെ വലതു കൈയിലും ചന്ദ്രനെ ഇടതു കൈയിലും വെച്ചുതന്നാലും ഈ സത്യപ്രസ്ഥാനത്തെ കൈയൊഴിക്കില്ലെന്ന് സധൈര്യം പ്രഖ്യാപിച്ച മുഹമ്മദ് നബിക്ക് തുല്യനായി മുഹമ്മദ് നബി മാത്രമേയുള്ളൂ. വിശുദ്ധ ഖുര്‍ആന്റെ അനുഗൃഹീത തണലില്‍ നടന്നുനീങ്ങിയ സ്വഹാബിവര്യന്മാരും ചരിത്രത്തിന്റെ ദശാസന്ധികളില്‍ പലപ്പോഴായി രംഗത്ത് വന്ന ഇമാമുമാര്‍, ഗവേഷകര്‍, പരിഷ്‌കര്‍ത്താക്കള്‍, നവോത്ഥാന നായകര്‍ എന്നിവരും വിളിപ്പാടകലെ ആധുനിക ഇസ്‌ലാമിക പ്രസ്ഥാനങ്ങളുടെ മുമ്പേ നടന്ന ശൈഖ് ഹസനുല്‍ ബന്നാ, ശൈഖ് ഹസനുല്‍ ഹുദൈബി, സയ്യിദ് ഖുത്വ്ബ്, മൗലാനാ മൗദൂദി തുടങ്ങിയ മഹാന്മാരും ഉയര്‍ത്തിക്കാണിച്ച ഇഛാശക്തിക്ക് ഉദാഹരണങ്ങളില്ല. വിശ്വസിക്കുന്ന ആദര്‍ശ സാംസ്‌കാരിക മൂല്യങ്ങളില്‍ കടുകിട വിട്ടുവീഴ്ച ചെയ്യാന്‍ ആ സാത്വികര്‍ തയാറായില്ലെന്ന് കണ്ടപ്പോള്‍ പിശാചിന്റെ കുഴലൂത്തുകാര്‍ അവര്‍ക്ക് സമ്മാനിച്ചത് വെടിയുണ്ടകളും ജയിലറകളും ക്രൂര പീഡനങ്ങളും കൊലക്കയറുകളുമായിരുന്നു.
മരിക്കുന്നതിന്റെ ഒരു വര്‍ഷം മുമ്പ് 1972-ല്‍ ഹജ്ജിനെത്തിയ ശൈഖ് ഹസനുല്‍ ഹുദൈബി (അല്‍ ഇഖ്‌വാനുല്‍ മുസ്‌ലിമൂന്റെ 1950 മുതല്‍ 1973 വരെയുള്ള അല്‍ മുര്‍ശിദുല്‍ ആം ആയിരുന്നു)യെ നേരില്‍ കാണാന്‍ മിനായിലെ അദ്ദേഹത്തിന്റെ തമ്പിലെത്തിയപ്പോള്‍ അദ്ദേഹം പറഞ്ഞ അര്‍ഥവത്തായ വാക്കുകള്‍ ഇന്നും മനസ്സില്‍ മായാതെ കിടപ്പുണ്ട്. 'മക്കളേ, കാപട്യം കലരാതെ ഇഛാശക്തിയോടെ മുന്നോട്ട് നീങ്ങുക. പ്രഭാതം വളരെയൊന്നും അകലെയല്ല. ആദര്‍ശത്തിനു വേണ്ടി നിങ്ങളുടെ രക്തമോ കണ്ണുനീരോ ഈ ഭൂമിയില്‍ ഇറ്റുവീണിട്ടുണ്ടെങ്കില്‍ എന്നെങ്കിലും അതിനു ഫലം കാണാതിരിക്കില്ല. ഓര്‍ക്കുക, പരീക്ഷണം വേഷം മാറി വരുന്ന അനുഗ്രഹങ്ങളാണ്.'
ജമാല്‍ അബ്ദുന്നാസിറിന്റെ ജയിലറകളില്‍ ദീര്‍ഘകാലം ക്രൂര മര്‍ദനങ്ങളേറ്റ് എല്ലും തൊലിയുമായ ആ വന്ദ്യവയോധികന്‍ പിന്നീട് സൂറ അല്‍ ബഖറ അധ്യായത്തിലെ 214-ാമത്തെ സൂക്തം ഓതിക്കേള്‍പിച്ചു. ഇഛാശക്തിയുടെ ആള്‍രൂപമായ അദ്ദേഹത്തിന്റെ പ്രകാശപൂര്‍ണമായ കണ്ണുകള്‍ സജലങ്ങളായി. തമ്പിലെത്തിച്ചേര്‍ന്ന ഞങ്ങളും വിതുമ്പിപ്പോയി. അടുത്തിടെ അറബ് രാഷ്ട്രങ്ങളില്‍ ആഞ്ഞുവീശിയ മുല്ലപ്പൂ വസന്തത്തിന്റെ പശ്ചാത്തലത്തില്‍, പണ്ഡിത ശ്രേഷ്ഠനും തികഞ്ഞ ദൈവഭക്തനുമായ ശൈഖ് ഹസനുല്‍ ഹുദൈബിയുടെ വാക്കുകള്‍ ഒരു ദീര്‍ഘദര്‍ശനം തന്നെയായി മനസ്സിലാക്കുന്നു.

Comments

Other Post

ഖുര്‍ആന്‍ ബോധനം

അല്‍ കഹ്ഫ് 66-73
എ.വൈ.ആര്‍