Prabodhanm Weekly

Pages

Search

2013 ജൂണ്‍ 14

പരിസ്ഥിതി സംരക്ഷണത്തിന് ഒരു ഖുര്‍ആനിക മുഖവുര

അബ്ദുല്ലത്വീഫ് കൊടുവള്ളി / ലേഖനം

പ്രപഞ്ച സ്രഷ്ടാവും നാഥനുമായ അല്ലാഹുവെ മാത്രം ആരാധിക്കുക, അവനുമാത്രം വഴിപ്പെടുക (ഇബാദത്ത്), ഭൗതിക ലോകത്തെവിടെയും അവന്റെ ഹിതാഹിതങ്ങള്‍ മാനിച്ചുമാത്രം ജീവിക്കുക, അവന്റെ പ്രാതിനിധ്യം (ഖിലാഫത്ത്) ഏറ്റെടുത്തുകൊണ്ട് ഭൂമിയുടെ പരിപാലനം (ഇമാറത്തുല്‍ അര്‍ദ്) നിര്‍വഹിക്കുക ഇതായിരുന്നു പ്രഥമ മനുഷ്യരും ആദി മാതാപിതാക്കളുമായ ആദം-ഹവ്വാ ദമ്പതികള്‍ക്ക് അല്ലാഹു നല്‍കിയ നിര്‍ദേശം.
അല്ലാഹു ഏകന്‍ മാത്രമാണെന്ന പരമസത്യം പ്രപഞ്ചത്തില്‍നിന്ന് വായിച്ചെടുക്കാന്‍ കഴിയുന്ന പ്രകൃതിയാണ് മനുഷ്യന് അല്ലാഹു നല്‍കിയത്. 'അല്ലാഹു ഏതൊരു പ്രകൃതിയില്‍ മനുഷ്യരെ സൃഷ്ടിച്ചുവോ ആ പ്രകൃതി' എന്ന് ഖുര്‍ആന്‍ ഭാഷ്യം. ഏകദൈവവിശ്വാസം മനുഷ്യപ്രകൃതിയുടെ സ്വാഭാവിക താല്‍പര്യമാണെന്നു സാരം. ഇതിനു വിരുദ്ധമായ ബഹുദൈവവിശ്വാസത്തെ ഖുര്‍ആന്‍ 'ളുല്‍മ്' (അക്രമം) എന്ന് വ്യവഹരിച്ചിരിക്കുന്നത് അതിന്റെ അസ്വാഭാവികതയും പ്രകൃതിവിരുദ്ധതയും കാരണമാണ്. ഇതോടൊപ്പം, ഭൗതിക ലോകവുമായി ബന്ധപ്പെട്ട മനുഷ്യരുടെ ഇടപെടലുകള്‍ 'ഫസാദി'ല്‍ നിന്ന് മുക്തമായിരിക്കണമെന്നും നിര്‍ദേശമുണ്ട്. എല്ലാ അര്‍ഥത്തിലും സംസ്‌കൃതമായ ഭൂതലത്തിലായിരുന്നു മനുഷ്യവാസം.
ആദിമ മനുഷ്യ സമൂഹം ഇബാദത്തും ഇമാറത്തുല്‍ അര്‍ദും അഥവാ ഖിലാഫത്തും ഭംഗിയായി നിര്‍വഹിച്ചുപോന്നു. ''മനുഷ്യര്‍ ഒറ്റ സമുദായമായിരുന്നു. അനന്തരം (അവര്‍ ഭിന്നിച്ചപ്പോള്‍ വിശ്വാസികള്‍ക്ക്) സന്തോഷവാര്‍ത്ത അറിയിക്കാനും, (നിഷേധികള്‍ക്ക്) താക്കീത് നല്‍കാനുമായി അല്ലാഹു പ്രവാചകന്മാരെ നിയോഗിച്ചു'' (അല്‍ബഖറ 213). ''മനുഷ്യര്‍ ഒരൊറ്റ സമുദായമായിരുന്നു. എന്നിട്ടവര്‍ ഭിന്നിച്ചു'' (യൂനുസ് 19).
മാനവ സമൂഹത്തിന്റെ ആദര്‍ശപരമായ ഏകസ്വരത നഷ്ടപ്പെട്ട് ഭിന്നതയുണ്ടായപ്പോള്‍ അതുവഴി, അതുവരെ ലോകത്തിന് പരിചയമില്ലാത്ത 'ളുല്‍മും' 'ഫസാദു'മുണ്ടായി.

'ളുല്‍മ്' പദവിശകലനം
'ഒരു വസ്തുവെ അതിനുമാത്രം അവകാശപ്പെട്ട സ്ഥാനമോ സമയമോ തെറ്റിയോ, അളവുകൂടിയോ അളവു കുറഞ്ഞോ ഉപയോഗിക്കുക' എന്നാണ് 'ളുല്‍മ്' എന്ന പദത്തിന്റെ അര്‍ഥം. 'ളലംത്തുസ്സിഖാഅ' എന്നാല്‍ അസമയത്ത് കുടിച്ചു എന്നാണര്‍ഥം. 'ളലീം' എന്നാല്‍ അസമയത്ത് കുടിച്ച പാല്‍. 'ളലംത്തുല്‍ അര്‍ദ' എന്നാല്‍ അസ്ഥാനത്ത് ഞാന്‍ നിലം കുഴിച്ചു. 'മള്‌ലൂമഃ' എന്നാല്‍ അസ്ഥാനത്ത് കുഴിച്ച കുഴിയില്‍നിന്ന് നീക്കം ചെയ്ത മണ്ണ്.

പാരിസ്ഥിതിക 'ഫസാദ്'
'ഒരു വസ്തു സന്തുലിതമായ അവസ്ഥയില്‍നിന്ന് കുറഞ്ഞോ കൂടുതലോ ആയ അളവില്‍ തെറ്റുക' എന്നത്രെ ഫസാദിന്റെ അര്‍ഥം. 'ളുല്‍മും' 'ഫസാദും' ഇല്ലാത്ത അഥവാ ആത്മീയമായും ഭൗതികമായും സംസ്‌കരണം നടന്ന ഒരു ലോകത്തേക്കായിരുന്നു ആദം-ഹവ്വാ ദമ്പതിമാരുടെ ആഗമനം. അതുകൊണ്ടുതന്നെ എല്ലാ പ്രവാചകന്മാരോടും ഈ രണ്ടു മേഖലയിലെയും വിശുദ്ധി കാത്തുസൂക്ഷിക്കാന്‍ നിര്‍ദേശിക്കുകയുണ്ടായി.
ഭൗമ പരിസ്ഥിതിയെ ദോഷകരമായി ബാധിക്കുന്ന ഇടപെടലുകളെ ഖുര്‍ആന്‍ 'ഫസാദ്' എന്നാണ് വ്യവഹരിക്കുന്നത്. മനുഷ്യര്‍ക്ക് സംഭവിക്കുന്ന ധാര്‍മിക ദുഷിപ്പ് ഭൗതികമായ നാശത്തിന് കാരണമാകുമെന്ന് ഊന്നിപ്പറയുംവിധമാണ് ഖുര്‍ആന്റെ പ്രയോഗം. ''ആകാശ ഭൂമികളില്‍ അല്ലാഹുവല്ലാത്ത വല്ല ദൈവങ്ങളുമുണ്ടായിരുന്നുവെങ്കില്‍ അത് രണ്ടും തകരാറാവുമായിരുന്നു'' (അമ്പിയാഅ്:22). ഭൗതിക ലോകത്തിന്റെ സര്‍വനാശമാണ് ഇവിടെ മൗലികാശയം.
ഭൂമിയുടെ പാരിസ്ഥിതിക ഘടനകളെ തകര്‍ക്കുന്നവിധം മനുഷ്യരുടെ ഭാഗത്തുനിന്നുണ്ടാവുന്ന ഇടപെടലുകളെക്കുറിച്ച് ഖുര്‍ആന്‍ പറയുന്നു: ''മനുഷ്യരുടെ കൈകള്‍ പ്രവര്‍ത്തിച്ചത് നിമിത്തം കരയിലും കടലിലും കുഴപ്പം വെളിപ്പെട്ടിരിക്കുന്നു. അവര്‍ പ്രവര്‍ത്തിച്ചതില്‍ ചിലതിന്റെ ഫലം അവരെ ആസ്വദിപ്പിക്കാന്‍ വേണ്ടിയത്രെ അത്. അവര്‍ ഒരുവേള മടങ്ങിയേക്കാം'' (റൂം:41).
കാര്‍ഷിക വിളകളുടെ ശോഷണം, ദൗര്‍ലഭ്യം, ജീവജാലങ്ങളുടെ തിരോധാനം, നാശം തുടങ്ങി വിവിധ രീതികളില്‍ കരയിലും കടലിലും നടക്കുന്ന 'ഫസാദു'കളാണ് ഇവിടെ വിവക്ഷ. മനുഷ്യരുടെ തെറ്റായ പ്രവര്‍ത്തനങ്ങളാണ് ഇതിലേക്ക് നയിക്കുക. 'ജനങ്ങളുടെ കരങ്ങള്‍ സമ്പാദിച്ചതുകൊണ്ട്' എന്ന പ്രയോഗം മനുഷ്യരുടെ കര്‍തൃത്വപരമായ ഉത്തരവാദിത്വത്തിന് അടിവരയിടുന്നു. 'ളഹറല്‍ ഫസാദു' (കുഴപ്പം വെളിപ്പെട്ടിരിക്കുന്നു) എന്ന് ഭൂതകാലക്രിയ ഉപയോഗിച്ചുകൊണ്ട്, 'ഫസാദ്' എന്നോ സംഭവിച്ചു കഴിഞ്ഞു എന്ന് മനുഷ്യരെ ബോധ്യപ്പെടുത്തുകയാണ്. ആത്മീയമായും ഭൗതികമായും സംസ്‌കരണം നടന്ന് കഴിഞ്ഞ ഭൂമിയില്‍ പ്രസ്തുത രണ്ടു മേഖലകളിലും മനുഷ്യന്‍ കൃത്രിമം കാണിച്ചത് മുതല്‍ ഈ 'ഫസാദും,' 'ളുല്‍മും' സംഭവിച്ചു കഴിഞ്ഞിരുന്നു.

'ഫസാദി'ന്റെ കാരണം
മനുഷ്യരുടെ ഇടപെടലുകളും പ്രവര്‍ത്തനങ്ങളും കേവല ഭൗതികമാവുമ്പോഴാണ് 'ഫസാദ്' സംഭവിക്കുന്നത്. നമ്മുടെ എല്ലാ പാരിസ്ഥിതിക ഇടപെടലുകളും ആത്മീയ പ്രചോദിതമാവണം. അല്‍അഅ്‌റാഫിലെ 55, 56 സൂക്തങ്ങള്‍ ഈ ആശയത്തിന്റെ വാചാലമായ പ്രകാശനമാണ്. ''നിങ്ങള്‍ നിങ്ങളുടെ രക്ഷിതാവിനോട് താഴ്മയോടെയും രഹസ്യമായും പ്രാര്‍ഥിക്കുക. പരിധിവിട്ടുപോകുന്നവരെ അല്ലാഹു ഇഷ്ടപ്പെടുകയില്ലതന്നെ. ഭൂമിയുടെ സംസ്‌കരണം നടന്നു കഴിഞ്ഞിരിക്കെ നിങ്ങള്‍ അവിടെ നാശമുണ്ടാക്കരുത്. ഭയപ്പാടോടെയും പ്രതീക്ഷയോടെയും നിങ്ങള്‍ അവനെ വിളിച്ചു പ്രാര്‍ഥിക്കുകയും ചെയ്യുക. തീര്‍ച്ചയായും അല്ലാഹുവിന്റെ കാരുണ്യം സല്‍ക്കര്‍മകാരികള്‍ക്ക് സമീപസ്ഥമാകുന്നു.''
പ്രകൃതിയില്‍ അല്ലാഹു വെച്ച വ്യവസ്ഥ തകിടം മറിച്ച് മനുഷ്യന്‍ സ്വന്തം ഇഷ്ടം നടപ്പാക്കുമ്പോഴാണ് ഫസാദുണ്ടാകുന്നത്. ഭക്ഷ്യോപയോഗത്തിനായി അല്ലാഹു സൃഷ്ടിച്ച വസ്തുക്കളില്‍നിന്ന് ലഹരിയുണ്ടാക്കുന്നത് ഉദാഹരണം. ''ഈന്തപ്പനകളുടെയും മുന്തിരിവള്ളികളുടെയും ഫലങ്ങളില്‍നിന്നും (നിങ്ങള്‍ക്ക് നാം പാനീയം നല്‍കുന്നു) അതില്‍ നിന്ന് (നിഷിദ്ധമായ) ലഹരി പദാര്‍ഥവും ഉത്തമമായ ആഹാരവും നിങ്ങളുണ്ടാക്കുന്നു'' (അന്നഹ്ല്‍ 67).
സ്ത്രീ-പുരുഷന്മാര്‍ തമ്മില്‍ ലൈംഗികബന്ധം എന്ന പ്രകൃതി വ്യവസ്ഥ തകിടം മറിച്ച തന്റെ ജനതയോട് ലൂത്വ് നബി പറയുന്നത് കാണുക: ''നിങ്ങള്‍ ലോകരില്‍ നിന്ന് ആണുങ്ങളുടെ അടുക്കല്‍ ചെല്ലുകയും, നിങ്ങളുടെ രക്ഷിതാവ് നിങ്ങള്‍ക്ക് വേണ്ടി സൃഷ്ടിച്ചുതന്നിട്ടുള്ള നിങ്ങളുടെ ഇണകളെ വിട്ടുകളയുകയുമാണോ?'' (അശ്ശുഅറാഅ് 165,166).
പാര്‍പ്പിടങ്ങള്‍ പാര്‍ക്കാന്‍ എന്നതിനപ്പുറം പൊങ്ങച്ചത്തിനായപ്പോള്‍ ഫസാദിന്റെ ദുരന്തങ്ങളെപ്പറ്റി ആദ് സമുദായത്തെ ഹൂദ് നബി താക്കീത് ചെയ്തു: ''വൃഥാ പൊങ്ങച്ചം കാണിക്കാനായി എല്ലാ കുന്നിന്‍ പ്രദേശങ്ങളിലും നിങ്ങള്‍ പ്രതാപ ചിഹ്നങ്ങള്‍ (ഗോപുരങ്ങള്‍) കെട്ടിപ്പൊക്കുകയാണോ? നിങ്ങള്‍ക്ക് എന്നെന്നും താമസിക്കാമെന്ന ഭാവേന നിങ്ങള്‍ മഹാ സൗധങ്ങള്‍ ഉണ്ടാക്കുകയുമാണോ?'' (അശ്ശുഅറാഅ് 128,129).
ഇസ്‌ലാം ഏറ്റവും വലിയ പാതകമായി കാണുന്ന 'ബഹുദൈവത്വം' എന്ന 'ളുല്‍മി'ന്റെ പേരിലല്ല, 'ഫസാദി'ന്റെ പേരിലാണ് അല്ലാഹു സമൂഹങ്ങളെ നശിപ്പിച്ചതെന്ന് ഹൂദ്:117-ാം സൂക്തത്തിന്റെ വെളിച്ചത്തില്‍ ഖുര്‍ആന്‍ വ്യാഖ്യാതാക്കള്‍ വിശദീകരിച്ചിട്ടുണ്ട്. ഇമാം റാസി എഴുതുന്നു: ''ഈ സൂക്തത്തിലെ 'ളുല്‍മ്' എന്നതിന്റെ ഒരു വിവക്ഷ ബഹുദൈവത്വം എന്നാണ്. 'തീര്‍ച്ചയായും 'ശിര്‍ക്ക്' മഹാ അക്രമം (ളുല്‍മ്) ആകുന്നു (ലുഖ്മാന്‍:13). എന്ന സൂക്തത്തില്‍ 'ശിര്‍കി'നെ 'ളുല്‍മ്' എന്ന് വ്യവഹരിച്ചിരിക്കുന്നു. ബഹുദൈവവിശ്വാസികള്‍ തങ്ങള്‍ക്കിടയിലെ വ്യവഹാരങ്ങളില്‍ നന്മ പ്രവര്‍ത്തിക്കുന്നവരാണെങ്കില്‍, ബഹുദൈവവിശ്വാസികളായി എന്നതുകൊണ്ടുമാത്രം അല്ലാഹു അവരെ നശിപ്പിക്കുകയില്ല. അതായത്, ഒരു സമൂഹം ബഹുദൈവാശയക്കാരോ സത്യനിഷേധികളോ ആയി എന്നതുകൊണ്ടുമാത്രം അല്ലാഹു അവരെ വേരോടെ നശിപ്പിക്കുകയില്ല. അതേസമയം, ഭൗതിക വ്യവഹാരങ്ങളില്‍ തെറ്റുപ്രവര്‍ത്തിക്കുകയും അന്യരെ പീഡിപ്പിക്കുകയും ഉപദ്രവഹിക്കുകയുമാണെങ്കില്‍ അവര്‍ ഭൗതിക ലോകത്ത് ശിക്ഷാവിധേയരാവും. അല്ലാഹുവിനുള്ള അവകാശങ്ങള്‍ വിട്ടുവീഴ്ചയിലും ഉദാരതയിലും, മനുഷ്യരുടെ അവകാശങ്ങള്‍ കുടുസ്സിലും പിശുക്കിലുമാണ് (നീക്കുപോക്കില്ലെന്നര്‍ഥം) സ്ഥാപിതമായിട്ടുള്ളത്'' (തഫ്‌സീര്‍ റാസി). അധികാരം സത്യനിഷേധത്തോടൊപ്പം നിലനില്‍ക്കാം, അക്രമത്തോടൊപ്പം നിലനില്‍ക്കുകയില്ല. ഇതാണ് ഈ സൂക്തത്തിന്റെ അഹ്‌ലുസ്സുന്നത്ത് വ്യാഖ്യാനം. ''തിന്മ കാണുന്ന ജനം അത് മാറ്റിയെടുക്കാന്‍ ശ്രമിച്ചില്ലെങ്കില്‍ അല്ലാഹു ആ സമൂഹത്തിലെ തിന്മ ചെയ്യാത്തവരുള്‍പ്പെടെയുള്ളവരെ ശിക്ഷിച്ചു എന്നുവരാം'' (നബിവചനം). ഏതു മേഖലയിലും നന്മ കല്‍പ്പിക്കുകയും തിന്മ തടയുകയും ചെയ്യുന്ന ഒരു വിഭാഗത്തിന്റെ സാന്നിധ്യമാണ് ഭൂമിയില്‍ മാനവ ജീവിതത്തിന്റെ നൈരന്തര്യം ഉറപ്പുവരുത്തുന്നത്. ''ഭൂമിയില്‍ നാശമുണ്ടാക്കുന്നതില്‍നിന്ന് (ജനങ്ങളെ) തടയുന്ന, (നന്മയുടെ) പാരമ്പര്യമുള്ള ഒരു വിഭാഗം നിങ്ങള്‍ക്കു മുമ്പുള്ള തലമുറകളില്‍നിന്ന് എന്തുകൊണ്ട് ഉണ്ടായില്ല? അവരില്‍നിന്ന് നാം രക്ഷപ്പെടുത്തിയെടുത്ത കൂട്ടത്തില്‍പെട്ട ചുരുക്കം ചിലരൊഴികെ...'' (ഹൂദ് 116).

പാരിസ്ഥിതിക പ്രത്യാഘാതങ്ങള്‍
പ്രകൃതിയില്‍ സഹജമായ സന്തുലിതത്വത്തെ തകിടം മറിക്കുന്ന ഇടപെടലുകള്‍ മനുഷ്യരുടെ ഭാഗത്തുനിന്ന് ഉണ്ടാവുന്നത് പരിസ്ഥിതിയില്‍ അതീവ ഗുരുതരമായ പ്രത്യാഘാതങ്ങളുണ്ടാക്കും. ഭൂമിയില്‍ അല്ലാഹുവെ ധിക്കരിക്കുന്നത് ഭൂമിയില്‍ കുഴപ്പമുണ്ടാക്കലാണ്. കാരണം, ആകാശ ഭൂമികളിലെ നന്മ ദൈവാനുസരണത്തിലധിഷ്ഠിതമാണ്. ''ഭൂമിയില്‍ അല്ലാഹുവിന്റെ ഒരു നിയമം നടപ്പിലാക്കപ്പെടുന്നതാണ് നാല്‍പ്പത് ദിവസം മഴ ലഭിക്കുന്നതിനേക്കാള്‍ ഭൂവാസികള്‍ക്ക് ഏറെ പ്രിയങ്കരം'' (അബൂദാവൂദ്) എന്ന നബിവചനത്തിന്റെ ആശയമതാണ്. അല്ലാഹുവിന്റെ നിയമനിര്‍ദേശങ്ങള്‍ പാലിക്കപ്പെടുമ്പോള്‍ നിഷിദ്ധങ്ങള്‍ ചെയ്യുന്നതില്‍നിന്ന് അധിക ജനങ്ങളും രക്ഷപ്പെടും. പാപങ്ങള്‍ വര്‍ജിക്കുമ്പോള്‍ ആകാശ ഭൂമികളില്‍ വര്‍ധമാനമായ തോതില്‍ അനുഗ്രഹങ്ങള്‍ വന്നുനിറയും. നബി(സ) പറയുന്നു: ''കുറ്റവാളി മരിക്കുമ്പോള്‍ മനുഷ്യരും നാടുകളും പക്ഷി മൃഗാദികളും മരങ്ങളും അയാളില്‍നിന്ന് രക്ഷപ്പെടുന്നു.'' (ഇബ്‌നുകസീര്‍, റൂം:41 ന്റെ വ്യാഖ്യാനം കാണുക).

സല്‍ക്കര്‍മങ്ങളുടെ രചനാത്മകത
അധര്‍മങ്ങള്‍ വിനാശകരമായ പാരിസ്ഥിതിക പ്രതികരണങ്ങള്‍ക്ക് കാരണമാകുന്നതുപോലെ, സല്‍ക്കര്‍മങ്ങള്‍ രചനാത്മകമായ പ്രതിഫലനങ്ങള്‍ക്കും വഴിയൊരുക്കും. നന്മകളുടെ ഇഹ-പര ക്ഷേമ മോക്ഷങ്ങളെക്കുറിച്ച് യഹൂദ-ക്രൈസ്തവ വിഭാഗങ്ങളെ മുന്‍നിര്‍ത്തി അല്ലാഹു പറയുന്നു: ''വേദക്കാര്‍ വിശ്വസിക്കുകയും സൂക്ഷ്മത പാലിക്കുകയും ചെയ്തിരുന്നുവെങ്കില്‍ അവരില്‍നിന്ന് അവരുടെ തിന്മകള്‍ നാം മായ്ച്ചുകളയുകയും അനുഗ്രഹപൂര്‍ണമായ സ്വര്‍ഗത്തോപ്പുകളില്‍ നാം അവരെ പ്രവേശിപ്പിക്കുകയും ചെയ്യുമായിരുന്നു. തൗറാത്തും, ഇഞ്ചീലും അവര്‍ക്ക് അവരുടെ രക്ഷിതാവിങ്കല്‍നിന്ന് അവതരിപ്പിക്കപ്പെട്ട സന്ദേശങ്ങളും അവര്‍ നേരാംവണ്ണം നിലനിര്‍ത്തിയിരുന്നെങ്കില്‍ തങ്ങളുടെ മുകള്‍ ഭാഗത്തുനിന്നും, കാലുകള്‍ക്ക് ചുവട്ടില്‍ നിന്നും അവര്‍ക്ക് ആഹാരം ലഭിക്കുമായിരുന്നു. അവരില്‍ തന്നെ മിതത്വം പാലിക്കുന്ന ഒരു സമൂഹമുണ്ട്. എന്നാല്‍ അവരില്‍ അധികപേരുടെയും പ്രവര്‍ത്തനങ്ങള്‍ വളരെ ചീത്ത തന്നെ'' (അല്‍മാഇദ: 65, 66).
''ആ നാടുകളിലുള്ളവര്‍ വിശ്വസിക്കുകയും, സൂക്ഷ്മത പാലിക്കുകയും ചെയ്തിരുന്നുവെങ്കില്‍ ആകാശത്തുനിന്നും ഭൂമിയില്‍ നിന്നും നാം അവര്‍ക്ക് അനുഗ്രഹങ്ങള്‍ തുറന്നു കൊടുക്കുമായിരുന്നു. പക്ഷേ അവര്‍ നിഷേധിച്ചു തള്ളുകയാണ് ചെയ്തത്. അപ്പോള്‍ അവര്‍ ചെയ്തുവെച്ചിരുന്നതിന്റെ ഫലമായി നാം അവരെ പിടികൂടി'' (അല്‍അഅ്‌റാഫ്:96).

Comments

Other Post

ഖുര്‍ആന്‍ ബോധനം

അല്‍ കഹ്ഫ് 66-73
എ.വൈ.ആര്‍