Prabodhanm Weekly

Pages

Search

2013 ജൂണ്‍ 14

തിരു-കൊച്ചിയിലെ മുസ്‌ലിം മഹതികള്‍-5, അഡ്വ. എ. നഫീസത്ത് ബീവി / സ്ത്രീ മുന്നേറ്റത്തിന്റെ അനന്യ മാതൃക

സദ്റുദ്ദീന്‍ വാഴക്കാട് / ഫീച്ചര്‍

ഉദാത്തമായൊരു ലക്ഷ്യം കൗമാരത്തിലേ മനസ്സില്‍ സൂക്ഷിക്കുകയും അത് നേടിയെടുക്കാന്‍ നിശ്ചയദാര്‍ഢ്യത്തോടെ മുന്നോട്ടുപോവുകയും പ്രതിസന്ധികളെ അസാമാന്യമായ ഇഛാശക്തിയോടെ നേരിടുകയും ചെയ്ത ധീര വ്യക്തിത്വമാണ് അഡ്വ. എ. നഫീസത്ത് ബീവി. പ്രതികൂല സാഹചര്യങ്ങളോട് പൊരുതി ഉന്നത വിദ്യാഭ്യാസം നേടുകയും പാരമ്പര്യത്തിന്റെ വിലക്കുകള്‍ വകവെക്കാതെ പൊതു പ്രവര്‍ത്തനരംഗത്ത് വരികയും ചെയ്ത നഫീസത്ത് ബീവി, വക്കീല്‍, രാഷ്ട്രീയ പ്രവര്‍ത്തക, എം.എല്‍.എ, ഡെപ്യൂട്ടി സ്പീക്കര്‍, കെ.പി.സി.സി-എ.ഐ.സി.സി അംഗം തുടങ്ങിയ മേഖലകളിലെല്ലാം തന്റേതായ സംഭാവനകള്‍ അര്‍പ്പിച്ചു. ഉയര്‍ന്ന വിദ്യാഭ്യാസവും രാഷ്ട്രീയ പ്രവര്‍ത്തനവും അവര്‍ക്ക് പാരമ്പര്യമായി കൈവന്നതല്ല, സ്വന്തം പരിശ്രമത്തിലൂടെ നേടിയെടുത്തതാണ്. 1930-'40 കാലത്ത്, ഗര്‍ഭിണിയായ ഒരു മുസ്‌ലിം പെണ്‍കുട്ടി കോളേജില്‍ പഠിക്കാന്‍ പോകുന്നത്, കൈകുഞ്ഞിനെയുമെടുത്ത് വെല്ലൂര്‍ മെഡിക്കല്‍ കോളേജില്‍ എം.ബി.ബി.എസ് എന്‍ട്രന്‍സ് പരീക്ഷ എഴുതുന്നത്, ഒരു കുട്ടിയുണ്ടെന്ന കാരണത്താല്‍ മെഡിസിന് അഡ്മിഷന്‍ കിട്ടാതെ വന്നപ്പോള്‍, ഡിഗ്രിയും തുടര്‍ന്ന് എല്‍.എല്‍.ബിയും പഠിച്ച് സനദെടുത്ത് വക്കീലാകുന്നത് ഇഛാശക്തിയുടെ അടയാളം തന്നെയാണ്. അങ്ങനെ, അനാഥത്വം, ദാരിദ്ര്യം, എതിര്‍പ്പുകള്‍, വിവാഹം, കുടുംബജീവിതം, പ്രസവം തുടങ്ങിയവയൊന്നും ഉന്നത വിദ്യാഭ്യാസത്തിനും പൊതു പ്രവര്‍ത്തനത്തിനും തടസ്സമല്ലെന്ന് സ്വജീവിതം കൊണ്ട് തെളിയിച്ച നഫീസത്ത് ബീവി പുതുതലമുറയിലെ പെണ്‍കുട്ടികള്‍ക്ക് പോലും മാതൃകയാണ്. സ്ത്രീശാക്തീകരണത്തെ സംബന്ധിച്ച അര്‍ഥപൂര്‍ണമായ സന്ദേശമാണ് നഫീസത്ത് ബീവിയുടെ ജീവിതം. ആലപ്പുഴയെന്ന കമ്യൂണിസ്റ്റ് മണ്ണില്‍, പാര്‍ട്ടിയുടെ അതികായനായ ടി.വി തോമസിനെതിരെ മത്സരിച്ച് ജയിച്ച നഫീസത്ത് ബീവിക്ക് രാഷ്ട്രീയത്തില്‍ ഉയരങ്ങളിലെത്താനുള്ള പ്രതിഭയുണ്ടായിരുന്നിട്ടും കോണ്‍ഗ്രസ്സിനകത്തെ ഗ്രൂപ്പിസത്തിന്റെയും അധികാരക്കൊതിയുടെയും പുരുഷമേധാവിത്വത്തിന്റെയും ബലിയാടായി മാറാനായിരുന്നു വിധി. കോണ്‍ഗ്രസ് നേതൃത്വം, പ്രതിഭാധനയായ ഈ മുസ്‌ലിം സ്ത്രീയെ ക്രൂരമായി അവഗണിച്ചു. എന്നാല്‍, അധികാരവും സ്ഥാനമാനങ്ങളും പിടിച്ചടക്കാന്‍ വേണ്ടി വൃത്തികെട്ട രാഷ്ട്രീയ കളികള്‍ക്ക് നില്‍ക്കാതെ വ്യക്തിത്വ വിശുദ്ധി കാത്തുസൂക്ഷിക്കാനാണ് നഫീസത്ത് ബീവി ശ്രമിച്ചത്. തിരുവനന്തപുരത്തെ വസതിയില്‍ രണ്ടാഴ്ചകള്‍ക്ക് മുമ്പ് അവരെ സന്ദര്‍ശിക്കുമ്പോള്‍ ഏറെ ക്ഷീണിതയാണെങ്കിലും പത്രത്തില്‍ നിന്നാണെന്നറിഞ്ഞപ്പോള്‍ വലിയ താല്‍പര്യത്തോടെയാണ് സംസാരിച്ചത്.
കുടുംബം, വിദ്യാഭ്യാസം
കൊല്ലത്തെ അറിയപ്പെടുന്ന ലായര്‍(lawyer) കുടുംബാംഗമായ അബ്ദുല്‍ കരീമിന്റെയും ആലപ്പുഴ ജില്ലയിലെ മാവേലിക്കര താലൂക്കില്‍ ഭരണിക്കാവ് പഞ്ചായത്തിലെ കട്ടച്ചിറ പുത്തന്‍പുരയില്‍ ഹവ്വാ ഉമ്മയുടെയും മൂത്ത മകളായി 1924 മാര്‍ച്ച് 22-നാണ് നഫീസത്ത് ബീവിയുടെ ജനനം. അറിയപ്പെടുന്ന ജവുളിക്കടക്കാരനായിരുന്ന പിതാവ്, രാഷ്ട്രീയാവബോധവും സാമൂഹിക ബന്ധങ്ങളും പുരോഗമന കാഴ്ചപ്പാടുമുള്ള വ്യക്തിയായിരുന്നു. ഇ.വി നീലകണ്ഠ പിള്ളയുടെ കൂട്ടുകാരനായിരുന്നു അദ്ദേഹം. കുട്ടികള്‍ക്ക് നല്ല വിദ്യാഭ്യാസം നല്‍കണമെന്ന് ആഗ്രഹിച്ചിരുന്ന പിതാവ്, അസുഖബാധിതനായി 1936-ല്‍, നഫീസത്ത് ബീവിയുടെ 12-ാംവയസ്സില്‍ മരണപ്പെട്ടു. മാവേലിക്കരയിലെ പാരമ്പര്യവും പ്രമാണിത്വവുമുള്ള തറവാട്ടുകാരിയായിരുന്നു മാതാവ്. പതിയാരത്ത് പുത്തന്‍പുരയില്‍ കുടുംബത്തിന് സ്വന്തമായി കുതിരകളുണ്ടായിരുന്നു. പൊതുരംഗത്ത് അറിയപ്പെടുന്ന വ്യക്തിത്വമായിരുന്നു ഹവ്വാ ഉമ്മയുടെ പിതാവ് മുഹമ്മദ് കുഞ്ഞ്. പോലീസില്‍ സ്വാധീനമുണ്ടായിരുന്ന അദ്ദേഹം കേസുകള്‍ നടത്തിയിരുന്നു.
മക്കളുടെ വിദ്യാഭ്യാസത്തിലും ഇസ്‌ലാമിക വേഷത്തിലും ഏറെ തല്‍പരനായിരുന്നു പിതാവ് അബ്ദുല്‍ കരീം. ഫുള്‍ക്കൈ കുപ്പായവും തലയില്‍ തട്ടവുമിട്ടേ പെണ്‍കുട്ടികള്‍ പുറത്തുപോകാവൂ എന്ന് അദ്ദേഹത്തിന് നിര്‍ബന്ധമായിരുന്നു. നഫീസത്ത് ബീവി കൊച്ചു കുട്ടിയായിരിക്കെ സ്‌കൂളില്‍ പോയത് കൈനീളമുള്ള കുപ്പായവും തലയില്‍ തട്ടവും ഇട്ടുതന്നെ. എന്നാല്‍, കൂടെ പഠിക്കുന്ന നായര്‍ പെണ്‍കുട്ടികളെ കണ്ട് അവരെ പോലെ മുടി വിടര്‍ത്തിയിട്ട് നടക്കാന്‍ നഫീസത്ത് ബീവിക്കും ആഗ്രഹം തോന്നി. വീട്ടില്‍നിന്ന് തലമറച്ച് പുറത്തിറങ്ങിയിരുന്ന ബീവി, സ്‌കൂളിലെത്തുമ്പോള്‍ അത് മാറ്റി നായര്‍ പെണ്‍കുട്ടികളെ പോലെ നടക്കും. സ്‌കൂള്‍ വിട്ട് വീട്ടിലെത്തുമ്പോള്‍ തലമറക്കുകയും ചെയ്യും. ഇതു പക്ഷേ ഇടക്കുവെച്ച് പിതാവ് പിടികൂടി. അന്ന് പിതാവിന് കൊടുത്ത വാക്കാണ്, തലമറക്കാതെ ഇനി പുറത്തിറങ്ങില്ല എന്നത്. അതിപ്പോഴും നഫീസത്ത് ബീവി പാലിക്കുന്നു.
കൊല്ലം മലയാളി മന്ദിരം സ്‌കൂളിലാണ് സെക്കന്റ് ഫോം വരെ നഫീസത്ത് ബീവി പഠിച്ചത്. ആ സന്ദര്‍ഭത്തിലാണ് വാപ്പയുടെ മരണം. അമ്മാവന്മാരുടെ കൂടെ നിന്നും ഉമ്മയുടെ വീട്ടില്‍ താമസിച്ചും സിക്‌സ്ത് ഫോം വരെ പഠിച്ചു. തുടര്‍ന്ന് കറ്റാണം പോപ്പ് പയസ്-XI ഇംഗ്ലീഷ് ഹൈസ്‌കൂളില്‍നിന്ന് ഇ.എസ്.എല്‍.സി പൂര്‍ത്തിയാക്കി. ഉമ്മയുടെ എതിര്‍പ്പുകള്‍ നേരിട്ടുകൊണ്ടാണ് നഫീസത്ത് ബീവി പഠനം മുന്നോട്ടു കൊണ്ടുപോയത്. പഠിക്കാന്‍ പോകുന്നത് വലിയ തെറ്റാണെന്നായിരുന്നു ഉമ്മയുടെ ധാരണ. മകളെ വേഗം കെട്ടിച്ചയക്കണമെന്നും ഉമ്മ ആഗ്രഹിച്ചിരുന്നു. ഹൈസ്‌കൂള്‍ പഠനം വിജയകരമായി പൂര്‍ത്തീകരിച്ച നഫീസത്ത് ബീവി ഇന്റര്‍മീഡിയറ്റിന് ചേരണമെന്ന് തീരുമാനിച്ചെങ്കിലും ഉമ്മ ശക്തമായി എതിര്‍ത്തു. നഫീസത്ത് ബീവിയെ വഴക്കു പറഞ്ഞ് പിന്തിരിപ്പിക്കാന്‍ ശ്രമിച്ചു. പക്ഷേ, അവര്‍ വഴങ്ങിയില്ല. തുടര്‍ന്ന് പഠിക്കണമെന്ന തീരുമാനത്തില്‍ വാശിയോടെ ഉറച്ചുനിന്നു. ഒടുവില്‍ അവരുടെ നിശ്ചയദാര്‍ഢ്യം വിജയിച്ചു, ഉമ്മ സമ്മതം മൂളി.
കോളേജ് വിദ്യാഭ്യാസം നേടണമെന്ന നഫീസത്ത് ബീവിയുടെ വാശിക്ക്, പിതാവിന്റെ ആഗ്രഹത്തിനുപരിയായി പ്രത്യേകമായൊരു കാരണമുണ്ട്. വാപ്പക്ക് രണ്ട് സഹോദരിമാരുണ്ടായിരുന്നു. അവരില്‍ ഒരാളുടെ മകനെ കൊണ്ട് നഫീസത്ത് ബീവിയെ കല്യാണം കഴിപ്പിക്കണമെന്ന് വാപ്പ ആഗ്രഹിക്കുകയും ധാരണയിലെത്തുകയും ചെയ്തിരുന്നു. വാപ്പ മരിച്ചപ്പോള്‍, ജവുളിക്കടയുടെ പേരില്‍ കുറച്ചു കടബാധ്യത ഉണ്ടായിരുന്നു. കട വിറ്റ് ബാധ്യതകള്‍ തീര്‍ത്തു. മിച്ചം വന്ന പണം ഉപയോഗിച്ച് നഫീസത്തു ബീവിയുടെ കല്യാണം നടത്താന്‍ ഉമ്മ തീരുമാനിച്ചു. മുന്‍ധാരണ പ്രകാരം വാപ്പയുടെ സഹോദരിയെ സമീപിച്ചെങ്കിലും അവര്‍ ഒഴിഞ്ഞുമാറി. ഈ അനുഭവം നഫീസത്ത്ബീവിയെ കൊണ്ട് ഒരു ദൃഢപ്രതിജ്ഞയെടുപ്പിച്ചു; 'ഉയര്‍ന്നു പഠിക്കണം, വാപ്പ ആഗ്രഹിച്ച പോലെ ഒരു ബി.എക്കാരനെ വിവാഹം കഴിക്കണം, അതുവരെ പഠനം തുടരണം'.
തിരുവനന്തപുരം വിമന്‍സ് കോളേജില്‍ ഇന്റര്‍മീഡിയറ്റിന് ചേരാനായിരുന്നു നഫീസത്ത് ബീവിയുടെ ആഗ്രഹം. പ്രവേശന തീയതിയുടെ തലേ രാത്രിയില്‍ മാത്രമാണ് ഉമ്മയുടെ അനുവാദം ലഭിച്ചത്. രാവിലെ നിശ്ചിത സമയത്ത് ആലപ്പുഴയിലെ കറ്റാണത്തു നിന്ന് തിരുവനന്തപുരത്തെത്തുക ഏറെ പ്രയാസമായിരുന്നു. രാത്രി, ചൂട്ടും കെട്ടി ഉപ്പാപ്പയോടൊപ്പം അഞ്ചാറ് മൈല്‍ നടന്ന് ആയിരംതെങ്ങിലെത്തി. പായയും തലയിണയും വസ്ത്രങ്ങളടങ്ങിയ ബാഗും ചുമന്നുകൊണ്ടായിരുന്നു നടത്തം. ആയിരംതെങ്ങില്‍ നിന്ന് രാത്രി ബോട്ട് കയറി. രാവിലെയാണ് കൊല്ലത്ത് എത്തിയത്. അവിടെ നിന്ന് ട്രെയിനില്‍ തിരുവനന്തപുരത്തേക്ക്. തന്നെ പാതിരാത്രി കൊണ്ടുപോകാന്‍ തയാറായ ഉപ്പാപ്പയോടുള്ള കടപ്പാടിനെക്കുറിച്ച് നഫീസത്ത് ബീവി വാചാലയാകാറുണ്ട്.
കോളേജില്‍ അഡ്മിഷന്‍ കിട്ടാന്‍ പ്രയാസമുണ്ടായില്ലെങ്കിലും തുടര്‍ന്നുള്ള ജീവിതം അത്ര സുഖകരമായിരുന്നില്ല. ഗവണ്‍മെന്റ് ഹോസ്റ്റലിലെ താമസം വലിയ പ്രശ്‌നമായി. സമ്പന്നരായിരുന്നു അവിടത്തെ താമസക്കാരധികവും. അവരുടെ മോടി കൂടിയ ജീവിതത്തിനും പണത്തിന്റെ പളപളപ്പിനും മുന്നില്‍ നഫീസത്ത് ബീവിക്ക് പിടിച്ചുനില്‍ക്കാനായില്ല. പഴയതും തുന്നിക്കൂട്ടിയതുമായ ഒന്ന് രണ്ട് തുണികളും മെത്തപ്പായയും തലയിണയും മാത്രമാണ് നഫീസത്ത് ബീവിക്കുണ്ടായിരുന്നത്. അതുമായി 'പണക്കാരികള്‍ക്കിടയില്‍' ജീവിക്കാനായില്ല. അതുകൊണ്ട് ഗവണ്‍മെന്റ് ഗേള്‍സ് ഹോസ്റ്റല്‍ വിട്ട് അവര്‍ 'എസ്.എന്‍.വി സദന'ത്തില്‍ താമസിച്ചു. മാസത്തില്‍ പത്ത് രൂപയായിരുന്നു അവിടത്തെ ചെലവ്. സാധാരണ ജീവിതവും ഭക്ഷണവും. പണക്കാരുടെയും സാധാരണക്കാരുടെയും മക്കള്‍ ഒരുപോലെ ജീവിച്ചിരുന്നു അന്ന് 'എസ്.എന്‍.വി സദന'ത്തില്‍.
ആനന്ദവല്ലിയമ്മ, കമലമ്മ, പാര്‍വതിയമ്മ തുടങ്ങിയവരായിരുന്നു അന്ന് നഫീസത്ത് ബീവിയുടെ അധ്യാപികമാര്‍. പ്രിന്‍സിപ്പല്‍ മിസ് നിരീദി. ബയോളജി, കെമിസ്ട്രി, ലോജിക് എന്നിവയായിരുന്നു ഇന്റര്‍മീഡിയറ്റിന് പ്രധാന വിഷയങ്ങള്‍. രണ്ടാം വര്‍ഷത്തെ പബ്ലിക് പരീക്ഷ മാര്‍ച്ചിലായിരുന്നു. പരീക്ഷയില്‍ പക്ഷേ, നഫീസത്ത് ബീവി തോറ്റു. അടുത്ത സെപ്റ്റംബറിലും മാര്‍ച്ചിലും വീണ്ടുമെഴുതി, തോറ്റു. മൂന്നു തവണ ഇന്റര്‍മീഡിയറ്റ് പരീക്ഷ തോറ്റിട്ടും പക്ഷേ, നഫീസത്ത് ബീവി പിന്‍വാങ്ങാന്‍ സന്നദ്ധയായില്ല. നാലാം തവണയും പരീക്ഷയെഴുതി മികച്ച വിജയം നേടി. കെമിസ്ട്രിക്കും ലോജിക്കിനും ഡിസ്റ്റിംഗ്ഷനും ബയോളജിക്ക് ഫസ്റ്റ് ക്ലാസും കിട്ടി.
വിവാഹവും തുടര്‍ പഠനവും
ഇന്റര്‍മീഡിയറ്റ് പൂര്‍ത്തിയായപ്പോഴാണ് നഫീസത്ത് ബീവിയുടെ വിവാഹം. ഭര്‍ത്താവ് ആലപ്പുഴക്കാരന്‍ അബ്ദുല്ലകുട്ടി, ബിരുദധാരി. തുടര്‍ന്ന് പഠിക്കണം എന്നതായിരുന്നു വിവാഹത്തിന് സമ്മതിക്കുമ്പോള്‍ നഫീസത്ത് ബീവി വെച്ച നിബന്ധന. മദ്രാസില്‍നിന്ന് ബിരുദമെടുത്ത ഭര്‍ത്താവും ഭര്‍ത്താവിന്റെ ഉപ്പ പി.എസ് അബ്ദുല്‍ ഖാദറും ആ നിബന്ധന അംഗീകരിച്ചു.
മെഡിസിന് ചേരണം എന്നതായിരുന്നു നഫീസത്ത് ബീവിയുടെ മോഹം. പക്ഷേ, ഇന്റര്‍മീഡിയറ്റിന് ഫിസിക്‌സ് പഠിച്ചിരുന്നില്ല. തദാവശ്യാര്‍ഥം വീണ്ടും വിമന്‍സ് കോളേജില്‍ ചേര്‍ന്ന് ഫിസിക്‌സ് പഠിച്ചു. മൂത്ത മകളെ ഗര്‍ഭം ധരിച്ച സമയമായിരുന്നു അത്. രണ്ട് വര്‍ഷത്തെ പഠനം ഒരു വര്‍ഷം കൊണ്ട് പൂര്‍ത്തിയാക്കി പരീക്ഷയെഴുതി പാസ്സായി. ഇതിനിടക്ക് പ്രസവവും നടന്നു. അത്രക്ക് ആവേശവും വാശിയുമായിരുന്നു പഠനത്തില്‍. ഭര്‍ത്താവിന്റെ പിന്തുണ ഏറെ സഹായകമാവുകയും ചെയ്തു. വെല്ലൂര്‍ ക്രിസ്ത്യന്‍ മെഡിക്കല്‍ കോളേജില്‍ മെഡിസിന് അപേക്ഷിച്ചു. 25 സീറ്റിന് 700 അപേക്ഷകള്‍. ഒരാഴ്ച നീണ്ട പരീക്ഷകളും ഇന്റര്‍വ്യൂവും. കൈക്കുഞ്ഞിനെയുമെടുത്തായിരുന്നു യാത്ര. മെഡിക്കല്‍ പ്രവേശനത്തിന് യോഗ്യതയുണ്ടായിരുന്നെങ്കിലും ഒരു കുട്ടി ഉണ്ടെന്ന കാരണത്താല്‍ തിരസ്‌കരിക്കപ്പെട്ടു. 'നിനക്ക് ഒരു കൊച്ചുണ്ടല്ലോ, അതിനെ വളര്‍ത്ത്, ഇങ്ങനെയുള്ളവര്‍ ഇടക്ക് വെച്ച് പഠനം ഇട്ടേച്ച് പോകും'-ഇതായിരുന്നു കോളേജ് അധികൃതരുടെ പ്രതികരണം. ഏറെ ദുഃഖത്തോടെ നഫീസത്ത് ബീവി തിരിച്ചുപോന്നു. ആ വാശിക്ക് മൂത്ത മകളെയും പിന്നീട് മകനെയും പഠിപ്പിച്ച് ഡോക്ടര്‍മാരാക്കുകയും ചെയ്തു.
നഫീസത്ത് ബീവി പക്ഷേ തോററു കൊടുക്കാന്‍ തയാറായില്ല. ആലപ്പുഴ എസ്.ഡി കോളേജില്‍ ഡിഗ്രിക്ക് ചേര്‍ന്നു. സെക്കന്റ് ക്ലാസ്സോടെ വിജയിച്ചു. തുടര്‍ന്ന് എറണാകുളം ലോ കോളേജില്‍ നിയമപഠനം. ലോ കോളേജ് ആരംഭിച്ചിട്ടേ ഉണ്ടായിരുന്നുള്ളൂ. എഫ്.എല്ലിന് സെക്കന്റ് ക്ലാസ്സും ഫോര്‍ത്ത് റാങ്കും ലഭിച്ചു. സെക്കന്റ് ക്ലാസ്സോടെയാണ് ബി.എല്‍ പാസ്സായത്. ഈ സമയത്താണ് മകനെ പ്രസവിച്ചത്.

കോടതിയിലേക്ക്
ഒരുപാട് വൈതരണികള്‍ താണ്ടി നിയമപഠനം പൂര്‍ത്തിയാക്കിയ നഫീസത്ത് ബീവി, ബാര്‍ കൗണ്‍സില്‍ പരീക്ഷയെഴുതി പാസ്സായി. സനദ് എടുത്ത് വക്കീലായത് 1952 ഡിസംബര്‍ 13-ന്. ആലപ്പുഴ ബാറിലായിരുന്നു പ്രാക്ടീസ്. വിവാഹിതയും രണ്ട് മക്കളുടെ മാതാവുമായ ഒരു മുസ്‌ലിം സ്ത്രീ അഭിഭാഷകയുടെ ഗൗണ്‍ അണിഞ്ഞ് കോടതിയില്‍ വാദിക്കാനെത്തുന്നതും പുരുഷന്മാരായ വക്കീലന്മാരോട് ഏറ്റുമുട്ടുന്നതും ജനം വിസ്മയത്തോടെ നോക്കി നിന്നിരുന്നു. ജസ്റ്റിസ് ഫാത്വിമാബീവി മാത്രമാണ് നഫീസത്ത്ബീവിക്ക് മുമ്പേ വക്കീലായ മലയാളി മുസ്‌ലിം സ്ത്രീ. കോണ്‍ഗ്രസ് പ്രവര്‍ത്തകനായിരുന്ന അഡ്വ. ഡി. നാരായണപൈയുടെ ജൂനിയറായിട്ടായിരുന്നു പ്രാക്ടീസ്. പല കേസുകളും അവര്‍ വാദിച്ചു ജയിച്ചു. ഇന്നത്തെ പോലെയായിരുന്നില്ല അന്ന്, സീനിയര്‍ വക്കീലുമാര്‍ സഹായിക്കുകയും കേസുകള്‍ പഠിപ്പിച്ചുകൊടുക്കുകയും ചെയ്യുമായിരുന്നു. ഒരു ദിവസം വാദം കഴിഞ്ഞപ്പോള്‍ ആലപ്പുഴ പ്രിന്‍സിപ്പല്‍ മുന്‍സിഫ്, നഫീസത്ത് ബീവിയെ ചേംബറിലേക്ക് വിളിച്ച് അഭിനന്ദിച്ചു. 'സബ് ജഡ്ജിയാകാന്‍ അപേക്ഷിച്ചാല്‍ മതി, മുന്‍സിഫാകാന്‍ ശ്രമിക്കേണ്ട' എന്ന ഉപദേശവും അദ്ദേഹം നല്‍കി. പക്ഷേ, രാഷ്ട്രീയ പ്രവേശം നഫീസത്ത്ബീവിയുടെ ജീവിതം മറ്റൊരുവഴിക്ക് തിരിച്ചുവിട്ടു.


(തുടരും)
[email protected]

Comments

Other Post

ഖുര്‍ആന്‍ ബോധനം

അല്‍ കഹ്ഫ് 66-73
എ.വൈ.ആര്‍