ദാരുണമായ മനുഷ്യ ദുരന്തം
രക്തരൂഷിതമായ സിറിയന്‍ പ്രക്ഷോഭം മൂന്നാം വയസ്സിലേക്ക് കടന്നിരിക്കുന്നു. 2011 ഫെബ്രുവരിയിലാണ് അറബ് വസന്തക്കാറ്റ് സിറിയയിലെത്തിയത്. ബശ്ശാറുല്‍ അസദിന്റെ സ്വേഛാധിപത്യ ഭരണത്തിനെതിരെ അന്നാരംഭിച്ച ജനകീയ പ്രക്ഷോഭം മറ്റേതൊരു സ്വേഛാധിപതിയെയും പോലെ ഉരുക്കുമുഷ്ടികൊണ്ട് അടിച്ചമര്‍ത്താനാണ് അദ്ദേഹവും ശ്രമിച്ചത്. പക്ഷേ പ്രക്ഷോഭം സായുധസമരമായി പരിണമിക്കുകയായിരുന്നു അതിന്റെ ഫലം. ജനങ്ങളും സൈന്യവും തമ്മിലുള്ള ഭീകരമായ ഏറ്റുമുട്ടല്‍ കഥകള്‍ മാധ്യമങ്ങളില്‍ നിറഞ്ഞു. ഇന്ന് വിമതസേന ഒരു പട്ടണം പിടിച്ചടക്കുന്നു. അടുത്ത ദിവസം സര്‍ക്കാര്‍ സേന അത് തിരിച്ചുപിടിക്കുന്നു. അതിനിടെ പാര്‍പ്പിടങ്ങളും ആതുരാലയങ്ങളും ആരാധനാലയങ്ങളും വിദ്യാലയങ്ങളുമുള്‍പ്പെടെയുള്ള നിര്‍മിതികള്‍ നിരന്തരം ഇടിച്ചുനിരത്തപ്പെടുന്നു. വീടും ഉപജീവനവും നഷ്ടപ്പെട്ട ജനലക്ഷങ്ങള്‍ എങ്ങോട്ടെന്നില്ലാതെ ജീവനും കൊണ്ടോടുന്നു. എഴുപതിനായിരത്തിലേറെ പേര്‍ ഇതിനകം കൊല്ലപ്പെട്ടു കഴിഞ്ഞു.
സമാധാനം സ്ഥാപിക്കാന്‍ ഫലപ്രദമായ നീക്കങ്ങളൊന്നും ആരും നടത്തുന്നില്ല എന്നത് ഏറെ ഖേദകരമാണ്. വന്‍ശക്തികള്‍ പ്രേക്ഷകരായി കണ്ടുനില്‍ക്കുകയാണ്. ഓരോരുത്തരും അവരവരുടെ ഫയല്‍വാന് ഊറ്റം പകരുന്നു. മത്സരം മുറുകട്ടെ, തങ്ങളിടപെടാതെ തന്നെ പരിസമാപ്തിയിലെത്തട്ടെ എന്നതാണവരുടെ പ്രത്യക്ഷ നിലപാട്. എന്നാല്‍ നാറ്റോ ശക്തികള്‍ പരോക്ഷമായി വിമതസേനയെ സഹായിക്കുന്നുണ്ട്. റഷ്യ ഏറെക്കുറെ പരസ്യമായിത്തന്നെ ബശ്ശാറിനെയും സഹായിക്കുന്നു. എല്ലാവര്‍ക്കും സമാധാനത്തെക്കാള്‍ പ്രധാനം അവരവരുടെ താല്‍പര്യങ്ങളാണ്. അയല്‍ക്കാരായ അറബ് മുസ്‌ലിം രാജ്യങ്ങളും കാഴ്ചക്കാര്‍ തന്നെ. വലിയ വലിയ വാചകങ്ങള്‍ എത്ര വേണമെങ്കിലും ചെലവഴിക്കാം. പക്ഷേ പ്രായോഗിക നടപടികള്‍ക്കൊന്നും സാധ്യമല്ല. ഇത്തരം സംഘര്‍ഷങ്ങളിലിടപെട്ട് പരിഹാരമുണ്ടാക്കാനുള്ള മനോവീര്യമോ സാങ്കേതിക വൈദഗ്ധ്യമോ നയതന്ത്ര ശേഷിയോ അവര്‍ക്കില്ല. 'സമാധാനം' എന്നാര്‍ത്തുവിളിക്കുമ്പോഴും പലരുടെയും ഉള്ളില്‍ രണ്ടു മനസ്സാണ്. ഒന്ന്, റഷ്യയോടും ഇറാനോടും ചങ്ങാത്തം പുലര്‍ത്തുന്ന ശിയാ നേതാവ് അധികാര ഭ്രഷ്ടനാകണം. രണ്ട്, അറബ് വസന്തം തങ്ങളുടെ നാടുകളിലേക്ക് പടരാതെ സിറിയയില്‍ കെട്ടടങ്ങണം. അറബ് ലോകത്ത് തങ്ങളുടെ ഏക സുഹൃത്തായ ബശ്ശാറുല്‍ അസദ് എങ്ങനെയും അതിജയിക്കുകതന്നെ വേണമെന്നാണ് ഇറാന്റെ ആഗ്രഹം.
താല്‍പര്യങ്ങളുടെ ഏറ്റുമുട്ടല്‍ സൃഷ്ടിക്കുന്ന കപടനിഷ്പക്ഷത സിറിയന്‍ ആഭ്യന്തര യുദ്ധം അഭംഗുരം തുടരാനുള്ള അനുവാദമായിത്തീരുകയാണ്. രണ്ടേകാല്‍ കോടി ജനങ്ങളുള്ള സിറിയയില്‍ നിന്ന് 25 ലക്ഷം പൗരന്മാര്‍ ഇതിനകം നാടുവിട്ടുവെന്നാണ് കണക്ക്. തുര്‍ക്കിയും ഇറാഖും ജോര്‍ദാനും ലബനാനും ഇസ്രയേലുമാണ് സിറിയയുടെ അതിര്‍ത്തി രാജ്യങ്ങള്‍. ഈ രാജ്യങ്ങളിലേക്കെല്ലാം അഭയാര്‍ഥികള്‍ പ്രവഹിക്കുന്നുണ്ട്. അഭയാര്‍ഥികളെ ഏറ്റുവാങ്ങേണ്ടിവന്നവരില്‍ ഒന്നാം സ്ഥാനം തുര്‍ക്കിക്കാണ്. 12 ലക്ഷം സിറിയക്കാരാണ് തുര്‍ക്കിയിലെത്തിയത്. തുര്‍ക്കിക്ക് തുടക്കം മുതലേ സിറിയന്‍ വിപ്ലവകാരികളോട് അനുഭാവമുണ്ട്. ഇസ്തംബൂളിലാണ് വിമതസേനയുടെ ഹെഡ്ക്വാര്‍ട്ടേഴ്‌സ് പ്രവര്‍ത്തിക്കുന്നത്. സാമ്പത്തികമായി മെച്ചപ്പെട്ട തുര്‍ക്കി സ്വന്തം വിഭവങ്ങളും യു.എന്‍ എയ്ഡും ഉപയോഗിച്ച് അഭയാര്‍ഥികളെ ഭേദപ്പെട്ട നിലയില്‍ പോറ്റുന്നുണ്ട്. ക്യാമ്പുകള്‍ സ്ഥാപിച്ചിട്ടുള്ളത് അതിര്‍ത്തി പ്രദേശത്താണെങ്കിലും സ്വതന്ത്രമായി സഞ്ചരിക്കാനും, സൗകര്യമുണ്ടെങ്കില്‍ എവിടെ വേണമെങ്കിലും വീട് വാടകക്കെടുത്ത് താമസിക്കാനും അഭയാര്‍ഥികള്‍ക്ക് സ്വാതന്ത്ര്യമുണ്ട്. ഏഴരക്കോടി ജനസംഖ്യയുള്ള തുര്‍ക്കിക്ക് ഈ 12 ലക്ഷത്തെ-അവരുടെ സംഖ്യ ദിനേന വര്‍ധിച്ചുവരികയാണ്-എത്രകാലം ഇങ്ങനെ പോറ്റാനാകും? കാലം ചെല്ലുമ്പോള്‍ അഭയാര്‍ഥിഭാരം ദുര്‍വഹമാവുകയും സങ്കീര്‍ണമായ പ്രശ്‌നങ്ങള്‍ സൃഷ്ടിക്കപ്പെടുകയും ചെയ്യുമെന്നുറപ്പാണ്. അഭയാര്‍ഥി പ്രവാഹത്തില്‍ രണ്ടാം സ്ഥാനം പണ്ടേ അവശമായ ജോര്‍ദാനാണ്. ആറു ലക്ഷത്തോളം സിറിയക്കാര്‍ ഇപ്പോള്‍ അവിടെ എത്തിക്കഴിഞ്ഞിരിക്കുന്നു. ഭക്ഷണവും മരുന്നും മാത്രമല്ല, ആവശ്യത്തിന് കുടിവെള്ളം പോലും കിട്ടാതെ നരകിക്കുകയാണവരെന്ന് യു.എന്‍ ദുരിതാശ്വാസ പ്രവര്‍ത്തകര്‍ പരിതപിക്കുന്നു. അവര്‍ക്ക് ലഭിച്ച ഫണ്ടുകളൊക്കെ തീര്‍ന്നുപോയത്രെ. അഭയാര്‍ഥികളെ സംരക്ഷിക്കാന്‍ അന്താരാഷ്ട്ര സമൂഹത്തോട് 700 മില്യന്‍ ഡോളര്‍ സഹായമാവശ്യപ്പെട്ടിരിക്കുകയാണ് ജോര്‍ദാന്‍. ലക്ഷങ്ങള്‍ വരുന്ന ഫലസ്ത്വീന്‍ അഭയാര്‍ഥികള്‍ നേരത്തെ തന്നെ ജോര്‍ദാനിലുണ്ടെന്നോര്‍ക്കണം. പ്രശ്‌നപരിഹാരം നീണ്ടുപോയാല്‍ വ്യത്യസ്ത വിഭാഗങ്ങളില്‍പെട്ട അഭയാര്‍ഥികളുടെ ഭീമമായ സാന്നിധ്യം സൃഷ്ടിക്കുന്ന പ്രശ്‌നങ്ങള്‍ ഊഹിക്കാവുന്നതേയുള്ളൂ.
42 ലക്ഷം ജനങ്ങളുള്ള ദുര്‍ബലമായ ലബനാനാണ് വര്‍ധിച്ച അഭയാര്‍ഥി പ്രവാഹം നേരിടേണ്ടിവന്ന മറ്റൊരു രാജ്യം. ആദ്യഘട്ടത്തില്‍ സിറിയന്‍ സഹോദരങ്ങളെ സൗമനസ്യത്തോടെ സ്വീകരിച്ച ലബനാന്റെ നിലപാടില്‍ ഇപ്പോള്‍ തന്നെ മാറ്റം വന്നുതുടങ്ങിയതായാണ് റിപ്പോര്‍ട്ട്. അവിടെയെത്തിയ അഞ്ചു ലക്ഷം അഭയാര്‍ഥികള്‍ക്ക്, തുര്‍ക്കി നല്‍കിയ സ്വാതന്ത്ര്യം ലബനാനും നല്‍കിയിട്ടുണ്ട്. അഭയാര്‍ഥികള്‍ കുറഞ്ഞ വേതനത്തിന് പണിയെടുത്ത് തങ്ങളുടെ തൊഴില്‍ സാധ്യത ഹനിക്കുന്നതില്‍ ദേശീയ തൊഴില്‍ സമൂഹം പ്രതിഷേധിച്ചുതുടങ്ങിയിരിക്കുന്നു. ഹിസ്ബുല്ല നേതൃത്വം നല്‍കുന്ന ലബനാന്‍ ശിയാക്കള്‍ ബശ്ശാറിന്റെ അനുകൂലികളാണ്. മറ്റുള്ളവര്‍ പൊതുവില്‍ വിമതരെയാണനുകൂലിക്കുന്നത്. ഇവര്‍ തമ്മില്‍ ഏറ്റുമുട്ടാനും തുടങ്ങിയിരിക്കുന്നു. ഇത് അഭയാര്‍ഥികളിലേക്കു വ്യാപിക്കാനും സ്ഥിതിഗതികള്‍ നിയന്ത്രണാതീതമാകാനുമുള്ള സാധ്യത ഏറെയാണ്. മൊത്തത്തില്‍ അതിഥികളും ആതിഥേയരും വന്‍ദുരന്തത്തിലേക്കാണ് നീങ്ങിക്കൊണ്ടിരിക്കുന്നത്. അതു തടയാന്‍ ഒന്നേ മാര്‍ഗമുള്ളൂ. സിറിയയിലെ ആഭ്യന്തര യുദ്ധം അവസാനിപ്പിക്കുക. അറബ് രാഷ്ട്രങ്ങള്‍ക്ക് അതിനു കഴിയില്ലെന്ന് അറബ് ലീഗ് തെളിയിച്ചുകഴിഞ്ഞു. പിന്നെയുള്ളത് ഇസ്‌ലാമിക രാഷ്ട്രങ്ങളുടെ കൂട്ടായ്മയാണ്. തനിച്ചുകഴിയില്ലെങ്കില്‍ അന്താരാഷ്ട്ര സമൂഹത്തിന്റെ സഹകരണം തേടിയെങ്കിലും അവരതിനു മുന്നിട്ടിറങ്ങേണ്ടതാണ്.
Comments