Prabodhanm Weekly

Pages

Search

2012 ഡിസംബര്‍ 29

ടി. മുഹമ്മദ്

നാസര്‍ ചുള്ളിപ്പാറ

പ്രസ്ഥാനത്തിന്റെ ആദ്യകാല പ്രവര്‍ത്തകരിലൊരാളും ജമാഅത്തെ ഇസ്ലാമി അംഗവുമായിരുന്ന മലപ്പുറം തിരൂരങ്ങാടി ചുള്ളിപ്പാറ മുഹമ്മദ് സാഹിബ് (82) അല്ലാഹുവിങ്കലേക്ക് യാത്രയായി. പ്രസ്ഥാന മാര്‍ഗത്തില്‍ ഒട്ടനവധി പരീക്ഷണങ്ങള്‍ക്ക് വിധേയനായ മുഹമ്മദ് സാഹിബ് പുതിയ പ്രവര്‍ത്തകര്‍ക്ക് നല്ല പാഠങ്ങള്‍ പകര്‍ന്നു നല്‍കിക്കൊണ്ടാണ് ഭൌതിക ജീവിതത്തോട് വിട വാങ്ങിയത്.
ദിശാബോധമില്ലാതെ വില കുറഞ്ഞ രാഷ്ട്രീയ പ്രവര്‍ത്തനവുമായി നടന്നിരുന്ന ഒരു കൂട്ടം യുവാക്കളെ നേരായ ദിശയിലേക്ക് തിരിച്ചു വിടുകയും ഇസ്ലാമിക പ്രസ്ഥാനത്തിന്റെ സജീവ പ്രവര്‍ത്തകരാക്കി മാറ്റുകയും ചെയ്തു എന്ന് മാത്രമല്ല, തിരൂരങ്ങാടി ഏരിയയിലെ ഏറ്റവും ശക്തമായ ഒരു പ്രസ്ഥാന ഘടകമായി തന്റെ ഘടകത്തെ വളര്‍ത്താനും മുഹമ്മദ് സാഹിബിന് സാധിച്ചു. ഇന്ന് ചുള്ളിപ്പാറയില്‍ പ്രസ്ഥാനത്തിന് ഒരു ജുമുഅ മസ്ജിദ് അടക്കമുള്ള സംരംഭങ്ങള്‍ ഭംഗിയായി പ്രവര്‍ത്തിക്കുന്നത് കണ്ട് സംതൃപ്തിയോടെയാണ് അദ്ദേഹം കണ്ണടച്ചത്.
വളരെ ചെറുപ്പത്തില്‍ തന്നെ അനാഥനായ മുഹമ്മദ് സാഹിബ് തിരൂരങ്ങാടി യതീംഖാനയിലെ ആദ്യ ബാച്ചിലെ അന്തേവാസിയായിരുന്നു. പ്രാഥമിക വിദ്യാഭ്യാസം പൂര്‍ത്തിയാക്കാതെ യതീംഖാനയോട് വിട പറഞ്ഞെങ്കിലും കുട്ടിക്കാലം മുതലേ പുരോഗമന ചിന്താഗതിക്കാരനായി മാറാന്‍ യതീംഖാനാ ജീവിതം അദ്ദേഹത്തിന് പ്രചോദനമായി. പരന്ന വായനയും ചിന്തയും അദ്ദേഹത്തെ ഒരു നല്ല പ്രബോധകനാക്കി മാറ്റി. ഏത് ആശയക്കാരുമായി സംവദിക്കാനും സംസാരിക്കാനും അദ്ദേഹത്തിന് ഒരു മടിയുമുണ്ടായില്ല. നര്‍മത്തില്‍ ചാലിച്ചു ഉരുളക്കുപ്പേരി കൊടുത്തുള്ള അദ്ദേഹത്തിന്റെ സംവാദങ്ങള്‍ ഇതര ആശയക്കാരിലും അദ്ദേഹത്തെ പ്രിയങ്കരനാക്കി. അങ്ങാടികളിലും ചായമക്കാനികളിലും നടക്കുന്ന അദ്ദേഹത്തിന്റെ സംസാരങ്ങള്‍ കേള്‍ക്കാന്‍ ആളുകള്‍ കൂടുമായിരുന്നു.
പ്രസ്ഥാനത്തിന് ആദ്യകാലത്ത് തന്നെ ഘടകവും പ്രവര്‍ത്തകരും ഉണ്ടായിരുന്ന കോഴിക്കോട് ജില്ലയിലെ ചേളന്നൂരില്‍ വെച്ചാണ് അദ്ദേഹം ജമാഅത്തുമായി അടുക്കുന്നത്. അവിടെ ഒരു ബേക്കറിയില്‍ ബിസ്കറ്റ് കച്ചവടക്കാരനായി ജോലി നോക്കുകയായിരുന്നു അന്നദ്ദേഹം. ബേക്കറിയില്‍ നിന്നെടുക്കുന്ന ബിസ്ക്കറ്റുകള്‍ കുട്ടകളില്‍ ചുമന്ന് ചേളന്നൂരിനടുത്ത അങ്ങാടികളില്‍ വില്‍ക്കുകയായിരുന്നു പതിവ്. കൊട്ടയിലുള്ള ചരക്കുകളുടെ കൂടെ ഇസ്ലാമിക സാഹിത്യങ്ങളുമുണ്ടാകും. അനുയോജ്യമായവരെ കണ്ടെത്തി വായനക്ക് നല്‍കലും അദ്ദേഹത്തിന്റെ പതിവായിരുന്നു.
മുഹമ്മദ് സാഹിബ് തിരൂരങ്ങാടി മുത്തഫിഖ് ഹല്‍ഖാ നാസിമായി പ്രവര്‍ത്തിച്ചു കൊണ്ടിരുന്ന കാലത്താണ് പ്രഫ. എന്‍.കെ മുസ്ത്വഫാ കമാല്‍ പാഷയുടെ നേതൃത്വത്തില്‍ ഏതാനും ഇസ്ലാമിക പ്രവര്‍ത്തകരുടെ ചിന്തകളില്‍ കേരളാ ഇസ്ലാമിക് മിഷന്‍ എന്ന ആശയം രൂപപ്പെടുന്നത്. പ്രസ്ഥാനത്തിന്റെ ദഅ്വാ വിഭാഗമായി വളര്‍ന്ന കിമ്മി (ഗകങ) ന്റെ രൂപീകരണത്തില്‍ മുഹമ്മദ് സാഹിബും പങ്കാളിയായിരുന്നു. അക്കാലത്ത് കിമ്മിലേക്ക് വന്നിരുന്ന എഴുത്തുകള്‍ക്കുള്ള മറുപടികളും കുറിപ്പുകളും തയാറാക്കിയിരുന്നത് പാഷയും മുഹമ്മദ് സാഹിബും കൂടിയായിരുന്നു.
അകാലത്തില്‍ മരണപ്പെട്ടുപോയ ഒരു മകള്‍ മാത്രമാണ് അദ്ദേഹത്തിനുണ്ടായിരുന്നത്. മകളുടെ ഭര്‍ത്താവും അദ്ദേഹത്തിന്റെ പ്രവര്‍ത്തനത്തിലാകൃഷ്ടനായ മറ്റൊരു വ്യക്തിയും കൂടിച്ചേര്‍ന്ന് ഇസ്ലാമിക പഠനവേദി എന്ന പേരില്‍ ഒരു വേദി രൂപീകരിച്ചാണ് മഹല്ലില്‍ പ്രസ്ഥാന പ്രവര്‍ത്തനത്തിന് തുടക്കം കുറിക്കുന്നത്. ആ വേദിയുടെ കീഴില്‍ നടന്നുകൊണ്ടിരുന്ന ഖുര്‍ആന്‍ ക്ളാസുകളിലും സ്റഡീ ക്ളാസുകളിലും പങ്കെടുത്തുകൊണ്ടാണ് ആദ്യം പറഞ്ഞ ഞങ്ങള്‍ ഒരു കൂട്ടം യുവാക്കള്‍ പ്രസ്ഥാനത്തോടടുക്കുന്നത്. കെ.സി അബ്ദുല്ല മൌലവി, കെ.എന്‍ അബ്ദുല്ല മൌലവി, കൊണ്ടോട്ടി അബ്ദുര്‍റഹ്മാന്‍ സാഹിബ്, യു.കെ അബൂ സഹ്ല, കെ.എം അബ്ദുല്‍ അഹ്ദ് തങ്ങളടക്കമുള്ള ആദ്യ കാല നേതാക്കളുമായി അദ്ദേഹത്തിന് ആത്മബന്ധമുണ്ടായിരുന്നു.
അല്ലാഹു പരേതനെ മഗ്ഫിറത്തും മര്‍ഹമത്തും നല്‍കി അനുഗ്രഹിക്കുമാറാകട്ടെ - ആമീന്‍.

Comments

Other Post

ഖുര്‍ആന്‍ ബോധനം

Quran