പുത്തന്‍ മാധ്യമകൂട്ടായ്മയുടെ അരുണോദയം
ഹജ്ജിലെ നേര്‍കാഴ്ചകള്‍-3
ലോകത്തിന്റെ നാനാഭാഗങ്ങളില്‍നിന്നുള്ള 250 ലേറെ മാധ്യമ പ്രവര്‍ത്തകരാണ് സുഊദി സാംസ്കാരിക, വാര്‍ത്താവിനിമയ മന്ത്രാലയത്തിന്റെ അതിഥികളായി ഇത്തവണ ഹജ്ജിനെത്തിയത്. അസോസിയേറ്റഡ് പ്രസ്, ബി.ബി.സി, എ.എഫ്.പി, റോയിട്ടേഴ്സ്, ഡി.പി.എ, സ്കൈ ന്യൂസ്, അല്‍ജസീറ, അല്‍അറബിയ തുടങ്ങി നിരവധി പാശ്ചാത്യ പൌരസ്ത്യ മാധ്യമ സ്ഥാപനങ്ങളുടെ പ്രതിനിധികള്‍. ഇവര്‍ക്കൊപ്പം, ഏതാനും വര്‍ഷങ്ങള്‍ക്കുള്ളില്‍ ഉദയം ചെയ്ത് വന്‍പ്രചാരം നേടിയ നിരവധി ഇസ്ലാമിക ചാനലുകളുടെ തലവന്മാരെയും പുണ്യഭൂമിയില്‍ കണ്ടു. രണ്ടു ലക്ഷത്തോളം ഹാജിമാരെ അയച്ച ഇന്ത്യയില്‍നിന്ന്, ഒരു മാധ്യമ പ്രവര്‍ത്തകനും പക്ഷേ ഈ സംഘത്തിലുണ്ടായിരുന്നില്ല. 57 മുസ്ലിം രാഷ്ട്രങ്ങളുടെ വേദിയായ ഓര്‍ഗനൈസേഷന്‍ ഓഫ് ഇസ്ലാമിക് കോ-ഓപറേഷന്റെ (ഒ.ഐ.സി) മീഡിയാ വിഭാഗമായ ഇന്റര്‍നാഷ്ണല്‍ ഇസ്ലാമിക് ന്യൂസ് ഏജന്‍സിയുടെ പ്രതിനിധിയെന്ന നിലയില്‍ ഈ ലേഖകന്‍ മാത്രമാണ് ഇന്ത്യയില്‍ നിന്ന് ഈ സംഘത്തിലുണ്ടായിരുന്നത്.
അറഫയിലും മിനയിലും മന്ത്രാലയത്തിന്റെ വിശാലമായ കേന്ദ്രങ്ങളില്‍ ഹജ്ജ് റിപ്പോര്‍ട്ട് ചെയ്യുന്നതിന് അതിവിപുലമായ സന്നാഹങ്ങളാണ് ഒരുക്കിയിരുന്നത്. സാംസ്കാരിക, വാര്‍ത്താവിതരണ മന്ത്രി ഡോ. അബ്ദുല്‍ അസീസ് ഖ്വാജയും സഹമന്ത്രിമാരും മറ്റ് ഉന്നത ഉദ്യോഗസ്ഥരും എല്ലാറ്റിനും നേതൃത്വമേകിയും സുഖവിവരങ്ങളാരാഞ്ഞും സൌകര്യങ്ങളൊരുക്കിയും നിറഞ്ഞുനിന്നു. ഭക്ഷണശാലയില്‍ പരിചാരകരുടെ റോളിലും പല വകുപ്പുമേധാവികളെയും കാണാനായി. ലോകത്തിന്റെ നാനാഭാഗങ്ങളില്‍നിന്നുമുള്ള പത്രപ്രസിദ്ധീകരണങ്ങളുടെയും റേഡിയോ, ടെലിവിഷനുകളുടെയും വാര്‍ത്താ ഏജന്‍സികളുടെയും ലേഖകരും പത്രാധിപരും മേധാവികളും വരെ സംഘത്തിലുണ്ടായിരുന്നു. ഇവര്‍ക്കെല്ലാം മതപരമായ സംശയനിവാരണങ്ങള്‍ വരുത്തുകയും നമസ്കാരത്തിന് നേതൃത്വമേകുകയും ചെയ്ത പ്രശസ്ത ഖുര്‍ആന്‍ ഖാരിഉം ഇന്റര്‍നാഷ്ണല്‍ ഹോളി ഖുര്‍ആന്‍ മെമ്മറൈസേഷന്‍ ഓര്‍ഗനൈസേഷന്‍സ് സെക്രട്ടറി ജനറലുമായ ഡോ. അബ്ദുല്ല ബസ്ഫര്‍ പ്രത്യേക ശ്രദ്ധ നേടി.
ഹജ്ജിന്റെ വിശ്വമാനവികമുഖം ദര്‍ശിക്കാന്‍ കഴിഞ്ഞതിന്റെ അവാച്യമായ അനുഭൂതിയാണ് മാധ്യമ പ്രമുഖര്‍ക്കെല്ലാം പങ്കുവെക്കാനുണ്ടായിരുന്നത്. ലോകത്തിന്റെ നാനാഭാഗങ്ങളിലെ മാധ്യമ പ്രവര്‍ത്തകര്‍ക്ക് പരസ്പരം ഇടപഴകാനും ആശയവിനിമയം നടത്താനും ഉള്ളുതുറന്നു സംവദിക്കാനും ലഭിച്ച അവസരം മാത്രമായിരുന്നില്ല അവര്‍ക്ക് ഹജ്ജ്. പ്രത്യുത, മാധ്യമ രംഗത്തെ ഏറ്റവും പുതിയ പ്രവണതകള്‍ പൊതുവിലും ഇസ്ലാമിക നവജാഗരണത്തില്‍ മാധ്യമങ്ങള്‍ നല്‍കുന്ന സംഭാവനകള്‍ പ്രത്യേകിച്ചും അടുത്തറിയാനും ആശയങ്ങള്‍ പങ്കുവെക്കാനും ഇസ്ലാമിക മാധ്യമ രംഗത്ത് സഹകരണത്തിന്റെ പുത്തന്‍ കൂട്ടായ്മകള്‍ രൂപപ്പെടുത്താനും ഹജ്ജ് സുവര്‍ണാവസരമായതായി അവര്‍ ചൂണ്ടിക്കാട്ടി.
ന്യൂസിലാന്റിലെ വോയ്സ് ഓഫ് ഇസ്ലാം ടെലിവിഷന്‍ ചെയര്‍മാന്‍ മുഹമ്മദ് തോംസണ്‍, സ്പെയ്നിലെ കൊര്‍ഡോവ ചാനല്‍ ഡയറക്ടര്‍ യാസീന്‍ പുയര്‍ടാസ് അഗുലെറെ എന്നിവര്‍ ഇക്കൂട്ടത്തിലുണ്ടായിരുന്നു. ശാസ്ത്രവിജ്ഞാനീയങ്ങളില്‍ നേടിയ അവഗാഹം മനുഷ്യനെ ദൈവത്തിലേക്കെത്തിക്കുമെന്ന മഹദ്വചനമാണ് തന്റെ കാര്യത്തില്‍ അന്വര്‍ഥമായതെന്ന് യാസീന്‍ പറയുന്നു. സ്പെയ്നിലെ പ്രഥമ ഇസ്ലാമിക ചാനലായ കൊര്‍ഡോവക്ക് അഞ്ചുലക്ഷം പ്രേക്ഷകരുണ്ട്. ഹജ്ജില്‍ അനുഭവപ്പെട്ട രീതിയിലുള്ള അനുഭൂതി പകരുന്ന മറ്റൊന്നും ലോകത്ത് ഇല്ലെന്ന് യാസീന്‍ പറയുന്നു. എല്ലാ താല്‍പര്യങ്ങളും ആഡംബര ഉടയാടകളും മാറ്റിവെച്ച് അല്ലാഹുവിനെ പ്രീതിപ്പെടുത്താന്‍ വിശ്വാസികള്‍ മത്സരിക്കുന്ന ചേതോഹര ദൃശ്യം ലോകത്ത് മറ്റൊരു മതത്തിനും ഇസത്തിനും കാഴ്ചവെക്കാനാവില്ലെന് അദ്ദേഹം ചൂണ്ടിക്കാട്ടി. ലോകമുസ്ലിംകളെ ഒന്നിപ്പിക്കുന്ന, വിശ്വമാനവികതയുടെ ഉദാത്ത ഭാവമാണ് ഹജ്ജെന്ന് മുഹമ്മദ് തോംസണ്‍ പറഞ്ഞു. തങ്ങളുടെ മാതാപിതാക്കള്‍ക്കും കുടുംബങ്ങള്‍ക്കും ഇസ്ലാമിന്റെ പൊന്‍വെളിച്ചമേകാന്‍ കനിയണമെന്നുകൂടി പ്രപഞ്ചനാഥനോട് കേണപേക്ഷിച്ചാണ് യാസീനും തോംസണും പുണ്യഭൂമി വിട്ടത്.
ഹജ്ജിന്റെ വിശ്വമാനവിക മുഖത്തെയും ഏകീകരണ ശക്തിയെയും കുറിച്ചുതന്നെയാണ് ഏറ്റവും കൂടുതല്‍ മുസ്ലിംകളുള്ള രാജ്യമായ ഇന്തോനേഷ്യയുടെ വാര്‍ത്താ ഏജന്‍സിയായ അന്താരയുടെ വിദേശ മാധ്യമ വിഭാഗം മേധാവി മുഹമ്മദ് അന്തോണിക്കും ശ്രീലങ്കന്‍ നാഷ്ണല്‍ ടെലിവിഷന്‍ (രൂപവാണി കോര്‍പറേഷന്‍) അസിസ്റന്റ് ഡയറക്ടര്‍ ഉമര്‍ ലബ്ബ യഅ്ഖൂബിനും പറയാനുള്ളത്. ആഗോള മുസ്ലിം മാധ്യമ പ്രമുഖരുമായി ഉറ്റ സമ്പര്‍ക്കത്തിന് ലഭിച്ച അവസരം തങ്ങളുടെ രാജ്യത്തെ മാധ്യമ പ്രവര്‍ത്തന രംഗത്ത് ഗുണപരമായി ഉപയോഗപ്പെടുത്തുമെന്ന് ഇരുവരും പറഞ്ഞു. അത്യാധുനിക ഐ.ടി സങ്കേതങ്ങള്‍ ഇസ്ലാമിക പ്രബോധനരംഗത്ത് ഉപയോഗപ്പെടുത്തുന്നതിന്റെ അനന്ത സാധ്യതകള്‍ ആരായാന്‍കൂടി ഹജ്ജ് അവസരമൊരുക്കിയതായി നൈജീരിയന്‍ സര്‍ക്കാര്‍ റേഡിയോ ആയ വോയ്സ് ഓഫ് നൈജീരിയയുടെ ഐ.ടി വിഭാഗം മേധാവി മുഹമ്മദ് ഉസ്മാന്‍ പറഞ്ഞു. മധ്യേഷ്യയിലെ വിഖ്യാത ഇസ്ലാമിക പണ്ഡിതനും എഴുത്തുകാരനുമായ ഉസ്ബക്കിസ്താനിലെ ഡോ. നിഅ്മത്തുല്ല ഇബ്രാഹിമും പ്രശസ്ത ഈജിപ്ഷ്യന്‍ കവി മുഹമ്മദ് അബ്ദുല്‍ ഹസീബ് അല്‍ദീബും ഹജ്ജിന്റെ ഏകീകരണശക്തി അപാരമാണെന്ന് സാക്ഷ്യപ്പെടുത്തുന്നു. ഇത്തവണത്തെ കിംഗ് അബ്ദുല്‍ അസീസ് അന്താരാഷ്ട്ര പരിഭാഷാ അവാര്‍ഡ് നേടിയ ഡോ. നിഅ്മത്തുല്ല നിരവധി കനപ്പെട്ട ഇസ്ലാമിക ഗ്രന്ഥങ്ങളുടെ രചയിതാവും പരിഭാഷകനുമാണ്.
* * *
മക്ക മെട്രോയിലേക്ക് സ്വാഗതം...
ജംറയുടെ നിര്‍ഗമന പാതയില്‍ ടിക്കറ്റ് പരിശോധിച്ച് റെയില്‍വെ സ്റേഷനിലേക്ക് തീര്‍ഥാടകരെ കടത്തിവിടുന്ന തിരക്കിലായിരുന്നു അസസ് കണ്‍ട്രോള്‍ ഏജന്റ് ആലപ്പുഴക്കാരന്‍ മുഹമ്മദ് ശമീര്‍. ഒരു ഗെയിറ്റില്‍ 40 പേര്‍ വീതം ഈ ജോലിയിലേര്‍പ്പെട്ടവര്‍ നാലായിരം വരുമെന്ന് അദ്ദേഹം പറഞ്ഞു. പത്ത് ദിവസത്തെ സീസണ്‍ ജോലിക്ക് നിയോഗിക്കപ്പെട്ടവരില്‍ ധാരാളം മലയാളികളുമുണ്ട്. മശായിര്‍ റെയില്‍വെ നിര്‍മിച്ച ചൈനീസ് റെയില്‍വെ കമ്പനിയില്‍നിന്ന് ഓപറേഷന്‍, മെയിന്റനന്‍സ് ജോലികള്‍ ഏറ്റെടുത്തു നടത്തുന്ന അല്‍മലികി കമ്പനിയാണ് ഇവര്‍ക്ക് പരിശീലനവും നിയമനവും നല്‍കിയത്.
ഹാജിമാരുടെ പുണ്യഭൂമിയിലെ യാത്രയാണ് സുഊദി അധികൃതര്‍ക്ക് ഇപ്പോഴും ഒരു കീറാമുട്ടിയായിരിക്കുന്നത്. ഇരുപതിനായിരത്തിലേറെ ബസുകള്‍ ഏര്‍പ്പാട് ചെയ്തിട്ടുണ്ടെങ്കിലും അവ സൃഷ്ടിക്കുന്ന സമയ നഷ്ടവും ഗതാഗതക്കുരുക്കും തെല്ലൊന്നുമല്ല. മശായിര്‍ ട്രെയിന്‍ പൂര്‍ണതോതില്‍ പ്രവര്‍ത്തനക്ഷമമായതോടെ, ഇതിന് ഭാഗികമായ പരിഹാരമായി. ജംറയില്‍നിന്ന് ട്രെയിനിലുള്ള യാത്ര ചേതോഹരമായ ഒരനുഭവമായിരുന്നു. മിനയിലും മുസ്ദലിഫയിലും അറഫയിലും മൂന്ന് വീതം മൊത്തം ഒമ്പതു സ്റേഷനുകളാണുള്ളത്. സ്റേഷനുകളില്‍ കയറാനും ഇറങ്ങാനുമടക്കം ജംറ സ്റേഷന്‍ മുതല്‍ അറഫ വരെയുള്ള യാത്രക്ക് വേണ്ടിവന്നത് 20 മിനിറ്റ്. പടുവൃദ്ധര്‍ പോലും യാത്ര ആസ്വദിക്കുന്നതുകണ്ടു. ജംറയിലെ മലമുകളിലെ സ്റേഷനിലേക്ക് എസ്കലേറ്റര്‍. സൌദിയ വിമാനത്തില്‍ കയറിയ പ്രതീതിയായിരുന്നു ട്രെയിനില്‍. ട്രെയിനിലേക്ക് കയറുമ്പോള്‍ മര്‍ഹബന്‍ ബിക അലാ മക്ക മെട്രോ എന്ന വരവേല്‍ക്കല്‍. ഓരോ സ്റേഷനിലെത്തുമ്പോഴും അതേക്കുറിച്ചും അടുത്ത സ്റേഷനെക്കുറിച്ചും ഇംഗ്ളീഷിലും അറബിയിലും ലളിത ഭാഷയില്‍ അനൌണ്‍സ്മെന്റ്. ഇരുവശങ്ങളിലും ബെഞ്ച് പോലുള്ള സീറ്റും ഇടയില്‍ നില്‍ക്കാന്‍ ധാരാളം സ്ഥലവും. എല്ലാം ഓട്ടോമാറ്റിക് സംവിധാനം. ഹജ്ജില്‍ പ്രതീക്ഷിച്ച പ്രയാസങ്ങള്‍ പകുതി കണ്ട് കുറക്കുന്നതായിരുന്നു ട്രെയിന്‍ സൌകര്യമെന്ന് അബുദാബിയിലെ ആശുപത്രിയില്‍ ജോലി ചെയ്യുന്ന ഹൈദരാബാദുകാരന്‍ മുഹമ്മദ് റഅ്ഫത്തുല്ല പറഞ്ഞു. ഒരു ഹാജിക്ക് 250 റിയാല്‍ എന്ന നിരക്കില്‍ 5.4 ലക്ഷം പേര്‍ക്കുള്ള ടിക്കറ്റാണ് വില്‍പനയായത്. സുഊദിയടക്കം ജി.സി.സി രാജ്യങ്ങളില്‍നിന്നുള്ള തീര്‍ഥാടകര്‍ക്കൊപ്പം, ഇത്തവണ ട്രെയിന്‍ യാത്രാ സൌകര്യം ലഭിച്ച ചുരുക്കം വിദേശ ഹാജിമാരില്‍ തുര്‍ക്കിയിലെയും ഇന്ത്യ ഉള്‍പ്പെടെ ദക്ഷിണേഷ്യന്‍ രാജ്യങ്ങളിലെയും ഹാജിമാരുമുള്‍പ്പെടുന്നു. ടിക്കറ്റെടുക്കാത്തവര്‍ ട്രെയിന്‍ സേവനം ഉപയോഗപ്പെടുത്തിയ സംഭവങ്ങള്‍ മൂലം മലയാളികളടക്കം ടിക്കറ്റെടുത്ത ഒട്ടനവധി ഹാജിമാര്‍ക്ക് ട്രെയിന്‍ സൌകര്യം ലഭിക്കാതെ പോയത് കല്ലുകടിയായി. മിനാ സ്റേഷനിലെ തിരക്കില്‍ ഏതാനും പേര്‍ക്ക് നിസ്സാര പരിക്കേറ്റതു മാത്രമായിരുന്നു ഇത്തവണത്തെ ഹജ്ജില്‍ പേരിനെങ്കിലുമുള്ള അനിഷ്ടസംഭവം.
ഇസ്ലാമിക വികസന ബാങ്ക് (ഐ.ഡി.ബി) നേതൃത്വമേകുന്ന ബലിമാംസം പ്രയോജനപ്പെടുത്തുന്നതിനുള്ള പദ്ധതി ഏറ്റവും മികച്ച രീതിയിലാണ് ഇത്തവണയും നടപ്പിലാക്കിയത്. പത്ത് ലക്ഷത്തോളം ബലിമൃഗങ്ങളെയാണ് ഈ പദ്ധതിക്കുകീഴില്‍ അറുത്തത്. ബലിമൃഗങ്ങള്‍ രോഗവിമുക്തമാണെന്ന് ഉറപ്പുവരുത്തുന്നതിന് 700 വെറ്ററിനറി ഡോക്ടര്‍മാരെയും അറവുജോലിക്കായി 28,000 കശാപ്പുകാരെയും നിയോഗിച്ചിരുന്നു. ഇതാദ്യമായി, ജര്‍മനിയില്‍നിന്ന് ഹൈടെക് അറവുയന്ത്രവും പരിശീലകരുമെത്തി. ബലിമാംസത്തില്‍നിന്ന് ആദ്യമായി അയച്ചത് 7300 സിറിയന്‍ അഭയാര്‍ഥികള്‍ക്കായിരുന്നു 43 ടണ്‍. ശീതീകരിച്ച മാംസം 27 ദരിദ്ര രാജ്യങ്ങളിലേക്ക് അയക്കുന്നതിന് ഐ.ഡി.ബി നേതൃത്വം നല്‍കിവരികയാണിപ്പോള്‍.
ഏറ്റവും മികച്ച മിതശീതോഷ്ണ കാലാവസ്ഥക്കൊപ്പം രോഗമുക്തമായ അന്തരീക്ഷത്തിലായിരുന്നു ഇത്തവണത്തെ ഹജ്ജ്. മാരകരോഗം പടര്‍ന്നുപിടിച്ചെന്ന് വെളിപ്പെട്ട രണ്ട് രാജ്യങ്ങളില്‍നിന്നുള്ള ഹാജിമാര്‍ക്ക് ആദ്യമേ അനുമതി നിഷേധിച്ചിരുന്നു. ഹജ്ജ് വേളയില്‍ 3.63 ലക്ഷം ഹാജിമാര്‍ ആരോഗ്യ മന്ത്രാലയത്തിനു കീഴിലുള്ള ആരോഗ്യ കേന്ദ്രങ്ങളുടെ സേവനം ഉപയോഗപ്പെടുത്തുകയുണ്ടായി. ഹജ്ജ് സീസന്റെ തുടക്കത്തില്‍ മഹറം (രക്തബന്ധു) ഇല്ലാതെ എത്തിയ ആയിരത്തോളം നൈജീരിയന്‍ തീര്‍ഥാടകകളെ ജിദ്ദ എയര്‍പോര്‍ട്ടില്‍നിന്നുതന്നെ തിരിച്ചയച്ച സംഭവം, കുറ്റമറ്റ ഹജ് നടത്തിപ്പില്‍ നിയമലംഘനം പൊറുപ്പിക്കില്ലെന്ന സൌദിയുടെ ഉറച്ച നിലപാട് ഒരിക്കല്‍കൂടി ഉറക്കെ പ്രഖ്യാപിക്കുന്നതായിരുന്നു.
(അവസാനിച്ചു)
Comments