Prabodhanm Weekly

Pages

Search

2012 ഡിസംബര്‍ 29

ഇമെയില്‍ വിവാദത്തില്‍ സംഭവിച്ചത്?

അബൂ ഇഹ്സാന്‍ വടകര

ഏറെ കോളിളക്കം സൃഷ്ടിച്ച ഇമെയില്‍ വിവാദം ഇപ്പോള്‍ എവിടെയെത്തി നില്‍ക്കുന്നു? ഇമെയില്‍ വിവരങ്ങള്‍ ലഭ്യമാക്കാന്‍ ഉത്തരവിട്ട പോലീസ് മേധാവിക്കെതിരെയും മറ്റും നടപടിയില്ലാതെ, ഔദ്യോഗിക വിവരങ്ങള്‍ ചോര്‍ത്തിയെന്ന പേരില്‍ വകുപ്പിലെ എസ്.ഐക്കെതിരെയും സഹായിച്ചവര്‍ക്കെതിരെയും മാത്രമാണോ അന്വേഷണം നടക്കുന്നത്? അതുതന്നെ വ്യാജരേഖയുണ്ടാക്കി മാധ്യമങ്ങള്‍ക്ക് നല്‍കിയെന്ന മട്ടില്‍ മാറ്റിമറിക്കപ്പെട്ടോ? വിവാദ ഉത്തരവും ഗൂഗ്ള്‍ എന്ന ഇമെയില്‍ സേവനദാതാവിന് അയച്ച കത്തും സത്യമാണെന്ന് അംഗീകരിച്ച മുഖ്യമന്ത്രി 'സിമി ബന്ധമുള്ളവര്‍' എന്ന കത്തിലെ പരാമര്‍ശം ബന്ധപ്പെട്ട ഉദ്യോഗസ്ഥന് സംഭവിച്ച പാകപ്പിഴയാണെന്നും മറ്റും വിവാദസമയത്ത് വിശദീകരിച്ചിരുന്നല്ലോ. അപ്പോള്‍ ഈ വിഷയത്തില്‍ പിന്നീട് നടന്ന സംഭവവികാസങ്ങള്‍ എങ്ങനെയാണ്? സര്‍ക്കാര്‍ അയച്ചുകൊടുത്ത സംശയപ്പട്ടികയില്‍ സ്വന്തം നേതാക്കളുടെയും അനുഭാവികളുടെയും പേരുകളുണ്ടായിട്ടും ഭരണത്തിലുള്ള മുസ്ലിം ലീഗും അവരുടെ പത്രവും ആര്‍ജവമില്ലാതെ സര്‍ക്കാര്‍ ഭാഷ്യത്തിന്റെ പ്രചാരകരാവുന്നതായി കാണുന്നു. ലീഗിന്റെ തീരുമാനങ്ങളും ആഗ്രഹങ്ങളും നടപ്പിലാകുന്ന ഭരണമാണിതെന്ന് പറയുമ്പോഴും ഈ വിഷയങ്ങളില്‍ കാണിക്കുന്ന സമുദായവിരുദ്ധത ഗൌരവതരമല്ലേ? ബാബരി മുതല്‍ ഫലസ്ത്വീന്‍ വരെയുള്ള വിഷയങ്ങളില്‍ സ്വീകരിച്ച നിസ്സഹായത കൊണ്ടെന്ന് വിശദീകരിക്കാവുന്ന മൌനത്തേക്കാള്‍ വിമര്‍ശിക്കപ്പെടേണ്ടതല്ലേ ഇമെയില്‍ വിവാദത്തിലുള്ള ലീഗിന്റെ നിലപാട്?

പൌരന്മാരുടെ സ്വകാര്യതയിലേക്ക് കടന്നുകയറുക, അങ്ങനെ ലഭിക്കുന്ന വിവരങ്ങള്‍ രാഷ്ട്രങ്ങള്‍ക്കിടയില്‍ കൈമാറുക, മതന്യൂനപക്ഷങ്ങളുടെ വിശിഷ്യാ രാജ്യത്തെ ഏറ്റവും വലിയ ന്യൂനപക്ഷത്തിന്റെ ദേശക്കൂറും പ്രതിബദ്ധതയും സംശയപൂര്‍വം സദാ നിരീക്ഷണവിധേയമാക്കി എവിടെയോ എപ്പോഴോ ആരോ നടത്തുന്ന ഭീകരകൃത്യങ്ങളുടെ പേരില്‍ അവരുടെ യുവാക്കളെ പിടികൂടി കുറ്റപത്ര സമര്‍പ്പണമോ വിചാരണയോ കൂടാതെ അനിശ്ചിതകാലം കാരാഗൃഹങ്ങളിലടക്കുക, തീവ്രവാദവും ഭീകരതയും ആരോപിച്ചുള്ള വ്യാജ ഏറ്റുമുട്ടല്‍ സംഭവങ്ങളിലൂടെ നിരപരാധികളുടെ ജീവനെടുക്കുക തുടങ്ങിയ മനുഷ്യാവകാശ വിരുദ്ധവും ജനാധിപത്യ ധ്വംസനപരവുമായ സമീപനമാണ് കുറച്ചുകാലമായി ഇന്ത്യയിലെ കേന്ദ്ര-സംസ്ഥാന സര്‍ക്കാറുകള്‍ സ്വീകരിച്ചുകൊണ്ടിരിക്കുന്നത്. ഇതില്‍ പലതും സുപ്രീംകോടതിയുടെ നിശിത വിമര്‍ശനം പോലും ക്ഷണിച്ചുവരുത്തിയതാണ്. പോലീസും അന്വേഷണ ഏജന്‍സികളും പൊക്കുന്നവരെ മുഴുവന്‍ ഒരു തെളിവുമില്ലാതെ മാധ്യമങ്ങള്‍ തീവ്രവാദികളും ഭീകരരുമായി മുദ്രകുത്തുന്നതിലൂടെ അവര്‍ പിന്നീടെപ്പോഴോ കുറ്റമുക്തരായി പുറത്തുവന്നാലും ശിഷ്ട ജീവിതം ദുസ്സഹമായിത്തീരുന്നു. എന്നിട്ടും സര്‍ക്കാറിന്റെ നയത്തില്‍ കാതലായ ഒരു മാറ്റവും ദൃശ്യമല്ല.
ഈ സാഹചര്യത്തിലാണ്, കേരളത്തിലെ വിവിധ ജീവിതതുറകളില്‍ പെട്ട 258 മുസ്ലിം പേരുകളുടെ പേരില്‍ 'സിമി' ബന്ധം ആരോപിച്ച ഇമെയില്‍ വിലാസങ്ങളും ബന്ധപ്പെട്ട വിവരങ്ങളും ചോര്‍ത്താനുള്ള പോലീസിന്റെ ശ്രമം മാധ്യമം ആഴ്ചപ്പതിപ്പ് അനാവരണം ചെയ്തത്. അറിയപ്പെട്ട ലീഗ് നേതാക്കള്‍ ഉള്‍പ്പെടെയുണ്ടായിരുന്നു പട്ടികയില്‍. സംഭവം ഒച്ചപ്പാടായെന്ന് കണ്ടപ്പോള്‍ മുഖം രക്ഷിക്കാന്‍ പെട്ടെന്ന് മുഖ്യമന്ത്രി നടത്തിയ കരണം മറിച്ചിലാണ് 268 പേരുകളില്‍നിന്ന് അമുസ്ലിം പേരുകള്‍ വിട്ടുകളഞ്ഞത് വര്‍ഗീയവൈരം വളര്‍ത്താനുള്ള ശ്രമമാണെന്നാരോപിച്ച് വാദിയെ പ്രതിയാക്കിയതും സംഭവത്തിന്റെ ഗതിമാറ്റിയതും. മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി വാര്‍ത്താ സമ്മേളനത്തില്‍ ഇക്കാര്യം പറഞ്ഞതിന്റെ പിറ്റേ ദിവസം തന്നെ മാധ്യമം പട്ടിക പൂര്‍ണ രൂപത്തില്‍ പ്രസിദ്ധീകരിക്കുകയും വിഷയത്തിന്റെ മര്‍മത്തില്‍നിന്ന് ഒളിച്ചോടാനുള്ള ശ്രമം കുത്സിതമാണെന്ന് ചൂണ്ടിക്കാട്ടുകയും ചെയ്തെങ്കിലും വീണത് വിദ്യയാക്കുന്നവിദ്യയാണ് സര്‍ക്കാര്‍ പിന്നെയും തുടര്‍ന്നത്. മാത്രമല്ല, ബിജു സലിം എന്ന പോലീസ് ഉദ്യോഗസ്ഥനാണ് രേഖ പുറത്തുവിട്ടതെന്നാരോപിച്ച് അയാളെ സര്‍വീസില്‍നിന്ന് സസ്പെന്റ് ചെയ്യുകയും ഒപ്പം രേഖ ചോര്‍ത്തുന്നതില്‍ പങ്ക് ആരോപിച്ച് അഡ്വ. ഷാജഹാനെയും പോലീസുകാരന് കൃത്രിമ മെഡിക്കല്‍ സര്‍ട്ടിഫിക്കറ്റ് നല്‍കാന്‍ പ്രേരിപ്പിച്ചു എന്ന കുറ്റം ചുമത്തി ഡോ. ദസ്തഗീറിനെയും കൂടി പ്രതികളാക്കുകയും ചെയ്തു. ക്രൈം ബ്രാഞ്ച് അറസ്റ് ചെയ്ത ഇവരെല്ലാം ഇപ്പോള്‍ ജാമ്യത്തിലായിട്ടുണ്ട്. സംഭവത്തിന് ഒരു വര്‍ഷം തികയാനിരിക്കെ കേസന്വേഷണം പൂര്‍ത്തിയാവുകയോ അന്തിമ കുറ്റപത്രം സമര്‍പ്പിക്കപ്പെടുകയോ ചെയ്തിട്ടില്ലെന്നാണറിവ്. ന്യൂനപക്ഷ സമുദായത്തിന്റെ രാജ്യക്കൂറ് സംശയാസ്പദമാക്കുന്ന ഇത്തരം നടപടികളില്‍നിന്ന് കേന്ദ്ര-സംസ്ഥാന സര്‍ക്കാറുകള്‍ പിന്തിരിയുകയാണ് മതേതര ജനാധിപത്യ മുഖമുദ്രക്ക് എന്തെങ്കിലും അര്‍ഥമുണ്ടെങ്കില്‍ വേണ്ടത്. മറിച്ചുള്ള നീക്കം അപലപനീയവും പ്രതിഷേധാര്‍ഹവുമാണ്. സര്‍ക്കാറുകളില്‍ മുസ്ലിം ലീഗിന്റെ പങ്കാളിത്തം ഇത്തരം നീതിരഹിതമായ നീക്കങ്ങള്‍ക്ക് മറയും പ്രോത്സാഹനവുമാവുന്നു എന്നതാണനുഭവം. തങ്ങള്‍ക്ക് പങ്കാളിത്തമുള്ള ഒരു സര്‍ക്കാറും മുസ്ലിംകളുടെ നേരെ അനീതിപരമായി പെരുമാറില്ലെന്ന പരിഹാസ്യമായ അന്ധവിശ്വാസമാണ് ലീഗ് വളര്‍ത്താന്‍ ശ്രമിക്കുന്നത്. അതു പക്ഷേ, ജനങ്ങളും സമുദായവും തിരിച്ചറിഞ്ഞു എന്ന തോന്നല്‍ പാര്‍ട്ടിക്കുണ്ടായതിന്റെ സൂചനയാവാം ഒടുവിലത്തെ നാഷ്നല്‍ എക്സിക്യൂട്ടീവ് പ്രമേയങ്ങള്‍.



സെക്യുലര്‍ ക്രഡന്‍ഷ്യല്‍ നഷ്ടപ്പെടുമെന്ന ഭീതി
ഹാറൂണ്‍ തങ്ങള്‍ കിളികൊല്ലൂര്‍

അമുസ്ലിം വായനക്കാരുടെ കൈകളിലെത്തുന്ന പ്രസിദ്ധീകരണമാണ് മാധ്യമം ആഴ്ചപ്പതിപ്പ്. ഇസ്ലാമിക മൂല്യങ്ങളുടെ ശക്തമായ നീരസത്തിലധിഷ്ഠിതമോ ഇസ്ലാംവിരുദ്ധമോ പലപ്പോഴും നക്സലിസം തുടങ്ങിയ ചിന്താധാരകളെ ഗ്ളോറിഫൈ ചെയ്യുന്നതോ ആയ ആഖ്യാനങ്ങളല്ലാതെ അതിന്റെ താളുകളില്‍ മഷി പുരളപ്പെടാറില്ല. എന്തിന്, പ്രസ്തുത പ്രസിദ്ധീകരണത്തിന്റെ പിന്‍നിരശക്തിയായ ജമാഅത്തെ ഇസ്ലാമിയും അതിന്റെ സ്ഥാപകാചാര്യനായ സയ്യിദ് അബുല്‍ അഅ്ലാ മൌദൂദിയും പ്രതിനിധാനം ചെയ്യുന്ന ഇസ്ലാം അതികഠിനമായി വിമര്‍ശിക്കപ്പെടുകയും നിരന്തരം വേട്ടയാടപ്പെടുകയും ചെയ്തിട്ടുപോലും തങ്ങളുടെ സെക്യുലര്‍ ക്രഡന്‍ഷ്യലിന് പോറലേല്‍ക്കുമെന്ന് ഭയന്ന് പത്രം അവര്‍ക്കെതിരെ 'കമ' എന്ന് ഉരിയാടാന്‍ വിസമ്മതിക്കുന്നു. അതിനാല്‍ തന്നെ സയ്യിദ് അബുല്‍ അഅ്ലാ മൌദൂദി മഹാഭൂരിഭാഗം വരുന്ന അമുസ്ലിം വായനക്കാരെ സംബന്ധിച്ചേടത്തോളം ഉസാമാ ബിന്‍ലാദിനെപ്പോലുള്ള തീവ്രവാദിയും അദ്ദേഹത്തിന്റെ പ്രസ്ഥാനം മധ്യേ അമേരിക്കയില്‍ ഒരു ഘട്ടത്തില്‍ സജീവമായിരുന്ന ക്ളൂക്ളസ്ക്ളാന്‍ മൂവ്മെന്റ് പോലെ ഭീകരവുമാണ് ('ഇവരുടെ വിവരക്കേട് പറയുന്നതെന്താണ്' തേജസ് ദിനപത്രം, നവംബര്‍ 13). ഈ വിമര്‍ശനങ്ങളെ പ്രസ്ഥാനം എങ്ങനെ നോക്കിക്കാണുന്നു?


മുസ്ലിം സംഘടനകളോ കൂട്ടായ്മകളോ ഏത് പ്രസിദ്ധീകരണം ഇറക്കിയാലും അത് മതപരമോ സാമുദായികമോ മാത്രമേ ആകാവൂ എന്ന് ആരാണ്, എപ്പോഴാണ് തീരുമാനിച്ചത്? മറ്റേത് സമുദായക്കാരെയും സംഘടനകളെയും പോലെ മതേതരവും എല്ലാ വിഭാഗം വായനക്കാരെയും ഉന്നം വെച്ചുള്ളതുമായ പ്രസിദ്ധീകരണങ്ങളിറക്കാന്‍ അവര്‍ക്കും സ്വാതന്ത്യ്രവും അവകാശവുമുണ്ട്. എന്തിറക്കുമ്പോഴും ധാര്‍മിക പരിധികള്‍ പാലിച്ചിരിക്കണമെന്നേയുള്ളൂ.
ഇസ്ലാമിനെയും പ്രവാചകനെയും വിശുദ്ധ ഖുര്‍ആനെയും സമഗ്രമായി പരിചയപ്പെടുത്തുകയും പ്രതിരോധിക്കുകയും ചെയ്യുന്ന പുസ്തകങ്ങള്‍ ജമാഅത്തെ ഇസ്ലാമി മലയാളത്തിലടക്കം യഥേഷ്ടം പുറത്തിറക്കിയിട്ടുണ്ട്. അവയില്‍ പലതും അമുസ്ലിംകളിലെത്തുകയും എത്തിക്കുകയും ചെയ്തിട്ടുമുണ്ട്. ഇപ്പോഴും ആ ദൌത്യം യഥോചിതം തുടരുന്നു. പോരാത്തതിന് ഇസ്ലാമിക പരിഹാരങ്ങളും ആരോപണങ്ങള്‍ക്കുള്ള മറുപടികളും ഉള്‍ക്കൊള്ളുന്ന മലയാളത്തിലെ ഏറ്റവും പ്രചാരമുള്ള പ്രസിദ്ധീകരണം ജമാഅത്തിന്റെ പ്രബോധനം വാരികയാണ്. അതിന് അമുസ്ലിംകളിലും വായനക്കാരുണ്ട്. ഇതിനെല്ലാം പുറമെ കാല്‍ നൂറ്റാണ്ടുകാലമായി മാധ്യമം പത്രം നിറവേറ്റുന്ന ന്യൂനപക്ഷാവകാശ സംരക്ഷണ ദൌത്യം ആരെയും ബോധ്യപ്പെടുത്തേണ്ടതില്ല. സാമ്രാജ്യത്വത്തിനും ഫാഷിസത്തിനും ഭരണകൂട ഭീകരതക്കും കലാ-സാഹിത്യ രംഗങ്ങളിലെ അപഥ സഞ്ചാരത്തിനുമെതിരെയും, മനുഷ്യാവകാശങ്ങള്‍ക്കും പരിസ്ഥിതി സംരക്ഷണത്തിനും ദലിത് -അധഃസ്ഥിത വിഭാഗങ്ങളുടെ ന്യായമായ താല്‍പര്യങ്ങള്‍ക്കുവേണ്ടി ശബ്ദമുയര്‍ത്താനും ആ രംഗങ്ങളില്‍ പ്രവര്‍ത്തിക്കുന്നവര്‍ക്ക് വേദിയൊരുക്കാനും വേണ്ടിയാണ് മാധ്യമം ആഴ്ചപ്പതിപ്പ് ഇതഃപര്യന്തം ശ്രമിച്ചത്. ഇക്കാര്യങ്ങളിലൊക്കെ വിവിധ ചിന്താഗതിക്കാരും സമുദായക്കാരുമായ എഴുത്തുകാരുടെയും ബുദ്ധിജീവികളുടെയും സജീവ സഹകരണവും അതിന് ലഭിക്കുന്നു. അക്കൂട്ടത്തില്‍ നക്സലൈറ്റുകളും മുന്‍ നക്സലൈറ്റുകളുമുണ്ടാവാം. അവരാരും ഇസ്ലാമിനെയോ മുഹമ്മദ് നബിയെയോ അധിക്ഷേപിക്കുന്ന ലേഖനങ്ങളൊന്നും ആഴ്ചപ്പതിപ്പില്‍ എഴുതിയിട്ടില്ല. അതേസമയം കമ്യൂണിസ്റ് പ്രസ്ഥാനത്തെ വിമര്‍ശനവിധേയമാക്കിയിട്ടുണ്ട്; അതിന്റെ അപചയങ്ങള്‍ ചൂണ്ടിക്കാട്ടിയിട്ടുമുണ്ട്. ഇതിന്റെ പേരില്‍ സി.പി.എമ്മാണ് കടുത്ത രോഷം പ്രകടിപ്പിച്ചിട്ടുള്ളതും.
ശക്തമായ സാമൂഹിക ഇടപെടലാണ് മാധ്യമം ആഴ്ചപ്പതിപ്പ് നടത്തിവന്നിട്ടുള്ളത്. അത് ഇസ്ലാമിക വീക്ഷണത്തില്‍ അഭികാമ്യമല്ലെന്ന് ഒരിക്കലും തോന്നിയിട്ടില്ല. എന്നാല്‍, മൌദൂദിക്കോ ഇസ്ലാമിക പ്രസ്ഥാനത്തിനോ പ്രതിരോധം തീര്‍ക്കാനും പ്രത്യാക്രമണം നടത്താനും ഈ പ്രസിദ്ധീകരണത്തെ തന്നെ ഉപയോഗിച്ചുകൊള്ളണമെന്ന് അതിന്റെ ശില്‍പികള്‍ കരുതിയിട്ടില്ല. സ്യൂഡോ സെക്യുലരിസ്റുകളും മുസ്ലിം സാമുദായിക വാദികളും ഇസ്ലാമിക പ്രസ്ഥാനത്തിനെതിരെ നിരന്തരം തുടരുന്ന ആക്രമണം മാധ്യമം ആഴ്ചപ്പതിപ്പ് കൂടി ഇടപെട്ടതുകൊണ്ട് അവസാനിക്കാന്‍ പോകുന്നതുമല്ല. അതേസമയം അറബ് വസന്തത്തോടെ അത്തരം ആക്രമണങ്ങള്‍ക്ക് മൂര്‍ച്ച കുറഞ്ഞിട്ടുണ്ടെന്ന വസ്തുതയും കാണാതിരുന്നുകൂടാ. സമ്പൂര്‍ണ മതേതരത്വം ലോകമാകെ തിരിച്ചടി നേരിടുന്ന കാലത്ത്, സെക്യുലര്‍ ക്രഡന്‍ഷ്യന്‍ നഷ്ടപ്പെടുന്നതിനെച്ചൊല്ലി ഒരു വേവലാതിയും ജമാഅത്തെ ഇസ്ലാമിക്കില്ല.


ഉര്‍ദുഗാനും മുര്‍സിയും കേരളവും
പി.വി ഉമ്മര്‍ കോയ കല്ലായി, കോഴിക്കോട്

'ഉര്‍ദുഗാനും മുര്‍സിയും കേരളത്തെ പഠിപ്പിക്കുന്നത്' എന്ന തലക്കെട്ടില്‍ പി.സി ജലീല്‍ ചന്ദ്രികയില്‍ (2012 ഡിസംബര്‍ 2) എഴുതിയ ലേഖനത്തില്‍, വിപ്ളവത്തിന്റെ പ്രകമ്പനങ്ങളില്ലാതെ തുര്‍ക്കി നേടിയ വിജയത്തെ ആഘോഷിക്കാന്‍ കേരളക്കരയില്‍ ആളില്ലെന്നും ജമാഅത്തെ ഇസ്ലാമിയുടെയും പോഷക സംഘടനകളുടെയും ഗ്രാമാന്തരങ്ങള്‍ നിറഞ്ഞ ഫ്ളക്സ് ബോര്‍ഡുകള്‍ കേരളത്തില്‍ നിന്നാരൊക്കെയോ ഈജിപ്തില്‍ വസന്തം വിരിയിച്ചു എന്ന പ്രതീതിയുണ്ടാക്കുന്നുവെന്നും എഴുതിയിരിക്കുന്നു. മതേതരത്വത്തിന് മേല്‍ മത രാഷ്ട്രവാദം നേടിയ ചരിത്രപരമായ വിജയം എന്ന് അതിനെ ലേഖകന്‍ വിശേഷിപ്പിക്കുകയും ചെയ്യുന്നു. മുജീബിന്റെ പ്രതികരണം?


സ്വഛാധിപത്യത്തിനും സാമ്രാജ്യത്വ പാദസേവക്കും മനുഷ്യാവകാശ നിഷേധത്തിനുമെതിരെ നൈതിക രാഷ്ട്രീയം നേടിയ ഐതിഹാസിക വിജയമായിട്ടാണ് അറബ് വസന്തത്തെ നേരെ ചൊവ്വെ ചിന്തിക്കുന്നവരൊക്കെ വിലയിരുത്തുന്നത്. ഇക്കാരണത്താല്‍ തന്നെയാണ് ഇന്ത്യയിലെ ഇസ്ലാമിക പ്രസ്ഥാനവും അതിന്റെ പോഷക സംഘടനകളും സംഭവത്തെ ആഘോഷമാക്കുന്നതും. ലോകത്തെവിടെയായാലും മനുഷ്യാവകാശങ്ങളുടെയും സ്വാതന്ത്യ്രത്തിന്റെയും വിജയത്തില്‍ മുസ്ലിം ആഹ്ളാദിക്കാതിരിക്കില്ല. തുര്‍ക്കിയില്‍ കമാലിസ്റ് തീവ്ര മതേതരത്വത്തിനു മേല്‍ എ.കെ.പിയുടെ മൂല്യാധിഷ്ഠിത മതനിരപേക്ഷ രാഷ്ട്രീയത്തിന്റെ വിജയവും ഇന്ത്യയിലെ ഇസ്ലാമിക പ്രസ്ഥാനം സ്വാഗതം ചെയ്തിട്ടുണ്ട്. എന്നാല്‍, തത്ത്വരഹിതവും മൂല്യനിരാസപരവുമായ കപട മതേതര വാദികളുടെ തൊഴുത്തില്‍ സ്വയം കെട്ടിയിട്ടവരുടെ ധര്‍മസങ്കടം മനസിലാക്കാന്‍ ബുദ്ധിമുട്ടില്ല. അവര്‍ അതില്‍ നിന്ന് മോചിതരായില്ലെങ്കില്‍ വിനാശകാലേ വിപരീത ബുദ്ധി എന്നേ പറയാനുള്ളൂ.


ഗുജറാത്ത് കലാപക്കേസ്
സഹായിക്കാന്‍ മുസ്ലിംകളുണ്ടായില്ല?
പി.എ.എസ് എറിയാട്

"ഗുജറാത്ത് കലാപത്തെക്കുറിച്ചും മറ്റും മുസ്ലിംകള്‍ വാതോരാതെ സംസാരിക്കുമെങ്കിലും കലാപവുമായി ബന്ധപ്പെട്ട കേസുകളില്‍ അവര്‍ സഹായിച്ചില്ല. മുസ്ലിംകളല്ലാത്ത ഞാനും ടീസ്റയും മറ്റുമാണ് ഇരകള്‍ക്കു വേണ്ടി പ്രവര്‍ത്തിക്കുന്നത്. മുസ്ലിം സമ്പന്നരും രാഷ്ട്രീയക്കാരും ഇതൊന്നും തങ്ങളുടെ കാര്യമല്ലെന്ന മട്ടിലാണ് പെരുമാറുന്നത്'' (ശബാബ് വാരിക, കെ. മുജീബുര്‍റഹ്മാന്‍ ആര്‍.ബി ശ്രീകുമാറുമായുള്ള അഭിമുഖത്തില്‍നിന്ന്). പ്രതികരണം?

മുസ്ലിം സമ്പന്നരിലും രാഷ്ട്രീയക്കാരിലും വലിയൊരു വിഭാഗം സ്വന്തം താല്‍പര്യങ്ങളില്‍ മാത്രം കുരുങ്ങിക്കിടക്കുന്നവരും ഹിന്ദുത്വവാദികളെ ആവശ്യത്തിലധികം പേടിക്കുന്നവരും സ്വന്തം മതേതര പ്രതിഛായ തകരുന്നതില്‍ ഉത്കണ്ഠയുള്ളവരുമാണ്. അത്തരക്കാര്‍ ഗുജറാത്ത് കലാപത്തിലെ ഇരകളെ തിരിഞ്ഞുനോക്കാത്തതില്‍ അത്ഭുതമില്ല. തീവ്രവാദികളും ഹിന്ദുത്വവാദികളും നിരന്തരം അഴിച്ചുവിടുന്ന മനഃശാസ്ത്ര യുദ്ധത്തിന്റെ ലക്ഷ്യം തന്നെ മുസ്ലിംകളെ ഭീരുക്കളും സമുദായത്തിന്റെ അസ്തിത്വവും വ്യക്തിത്വവും നിലനിര്‍ത്തുന്നതില്‍ വിമുഖരുമാക്കുക എന്നുള്ളതാണ്. അതിലവര്‍ ഒരളവോളം വിജയിക്കുന്നില്ല എന്നും പറയാനാവില്ല. ഇത്രത്തോളം പോയില്ലെങ്കിലും തങ്ങളുടെ ഇടപെടല്‍ ഗുണത്തേക്കാളേറെ ദോഷം ചെയ്യുമെന്ന കണക്കുകൂട്ടലില്‍ കരുതലോടെ മാത്രം ഇടപെടുന്നവരും മുസ്ലിംകളിലുണ്ട്.
എന്നാല്‍, ജമാഅത്തെ ഇസ്ലാമിയുടെ ഗുജറാത്ത് ഘടകം മുഹമ്മദ് ശഫീഅ് മദനിയുടെ നേതൃത്വത്തില്‍ തുടക്കം മുതല്‍ ഇസ്ലാമിക് റിലീഫ് കമ്മിറ്റി രൂപവത്കരിച്ച് കലാപബാധിതരുടെ ദുരിതാശ്വാസത്തിനും പുനരധിവാസത്തിനും കേസുകളുടെ നടത്തിപ്പിനും വേണ്ടി രംഗത്തുണ്ട്. കലാപത്തില്‍ തകര്‍ക്കപ്പെട്ട അഞ്ഞൂറോളം പള്ളികളും മതസ്ഥാപനങ്ങളും സര്‍ക്കാര്‍ പുനര്‍നിര്‍മിക്കണമെന്ന ചരിത്രവിധി കോടതയില്‍നിന്ന് നേടിയെടുത്തത് ഇസ്ലാമിക് റിലീഫ് കമ്മിറ്റിയാണ്. അക്രമികള്‍ ചിലരെങ്കിലും ശിക്ഷിക്കപ്പെടാനും കേസുകളുടെ കാര്യക്ഷമമായ നടത്തിപ്പ് വഴിയൊരുക്കി.

Comments

Other Post

ഖുര്‍ആന്‍ ബോധനം

Quran