Prabodhanm Weekly

Pages

Search

2012 ഡിസംബര്‍ 29

സാമൂഹിക പ്രശ്നങ്ങള്‍ പരിഹരിക്കാന്‍ മതസംഘടനകള്‍ ഒന്നിച്ചുനില്‍ക്കണം

ടി.പി അബ്ദുല്ലക്കോയ മദനി / സദ്റുദ്ദീന്‍ വാഴക്കാട്

കേരള നദ്വത്തുല്‍ മുജാഹിദീന്റെ എട്ടാം സംസ്ഥാന സമ്മേളനത്തിന്റെ 
പശ്ചാത്തലത്തില്‍ സംസ്ഥാന
പ്രസിഡന്റ് ടി.പി അബ്ദുല്ലക്കോയ മദനി സംസാരിക്കുന്നു

കേരളീയ മുസ്ലിം നവോത്ഥാനത്തില്‍ മുഖ്യ പങ്ക് വഹിച്ച കേരള നദ്വത്തുല്‍ മുജാഹിദീന്റെ എട്ടാം സംസ്ഥാന സമ്മേളനം കോഴിക്കോട്ട് നടക്കുകയാണല്ലോ. എന്താണ് മുജാഹിദ് പ്രസ്ഥാനം നിര്‍വഹിക്കുന്ന നവോത്ഥാന ദൌത്യം?
ആദര്‍ശ-വിശ്വാസങ്ങളെയും ആരാധന-അനുഷ്ഠാനങ്ങളെയും സംബന്ധിച്ച് മുസ്ലിം സമൂഹത്തെ ഇടക്കിടക്ക് ഓര്‍മപ്പെടുത്തേണ്ടത് അനിവാര്യമാണ്. കാലാന്തരത്തില്‍ മുസ്ലിം സമൂഹത്തിലുണ്ടാകാനിടയുള്ള വ്യതിചലനങ്ങള്‍ സത്യവും അസത്യവും തിരിച്ചറിയാനാകാത്തവിധം എതിര്‍ദിശയിലായിരിക്കും പലപ്പോഴും. അത്തരം ഘട്ടങ്ങളില്‍ വഴിതെറ്റിയ സമൂഹത്തെ ഇസ്ലാമിന്റെ നേര്‍വഴിയിലേക്ക് തിരിച്ചുനടത്താനാണ് പ്രവാചകന്മാര്‍ ആഗതരായത്. പ്രവാചകന്മാര്‍ക്ക് ലഭിച്ച സന്മാര്‍ഗം എന്നും ഒന്നുതന്നെയായിരുന്നു; ഏകദൈവവിശ്വാസം അഥവാ തൌഹീദ്. ഇതില്‍ യാതൊരു മാറ്റവും ഉണ്ടാകാന്‍ പാടില്ല. എന്നാല്‍, കാലക്രമത്തില്‍ അനുയായികള്‍ തന്നെ ആദര്‍ശത്തെ വികൃതമാക്കും. ഏകദൈവവിശ്വാസത്തിന് കളങ്കമേല്‍ക്കുകയും ശിര്‍ക്ക് കടന്നുവരികയും ചെയ്യും. ഇത് തിരുത്താന്‍ പിന്നെയും വന്നുകൊണ്ടിരുന്ന പ്രവാചക പരമ്പര മുഹമ്മദ് നബിയില്‍ അവസാനിച്ചു. അവര്‍ നടത്തിയ ദഅ്വത്തിന്റെ തുടര്‍ച്ചയാണ് നവോത്ഥാനം. മുഹമ്മദ് നബിയുടെ കാലശേഷം ഖലീഫമാരും സ്വഹാബിമാരും താബിഉകളുമാണ് മുസ്ലിം സമുദായത്തെ വൈകല്യങ്ങളില്‍നിന്ന് രക്ഷിച്ച് മുന്നോട്ട് നയിച്ചത്. പിന്നീട് വിവിധ കാലഘട്ടങ്ങളില്‍ പലരും ഈ ദൌത്യം നിര്‍വഹിച്ചു. അതിലെ തിളക്കമുള്ള അധ്യായങ്ങളാണ് ഇമാം അഹ്മദുബ്നു ഹമ്പല്‍, ശൈഖുല്‍ ഇസ്ലാം ഇബ്നു തൈമിയ്യ, മുഹമ്മദ് ബിന്‍ അബ്ദില്‍ വഹാബ്, സയ്യിദ് റശീദ് രിദ തുടങ്ങിയവരുടെ പ്രവര്‍ത്തനങ്ങള്‍. അവരുടെയൊക്കെ ദൌത്യത്തിന്റെ തുടര്‍ച്ചയാണ് കേരളത്തില്‍ മക്തി തങ്ങളും വക്കം മൌലവിയും മുസ്ലിം ഐക്യ സംഘവും അതിന്റെ തുടര്‍ച്ചയായി കേരള ജംഇയ്യത്തുല്‍ ഉലമായും കേരള നദ്വത്തുല്‍ മുജാഹിദീനും നിര്‍വഹിച്ചുവരുന്നത്.

നവോത്ഥാന പ്രവര്‍ത്തനങ്ങള്‍ക്ക് മുജാഹിദ് പ്രസ്ഥാനം സ്വീകരിക്കുന്ന അടിസ്ഥാനങ്ങള്‍ എന്തൊക്കെയാണ്?
വഴിതെറ്റിയ മുസ്ലിം സമൂഹത്തെ നേര്‍വഴിയിലാക്കാനുള്ള ശ്രമങ്ങള്‍ക്ക് മാനദണ്ഡമായി സ്വീകരിക്കേണ്ടത് അല്ലാഹുവിന്റെ ഗ്രന്ഥവും (കിതാബ്) പ്രവാചകന്റെ ചര്യയും (സുന്നത്ത്) മാത്രമാണ്. കിതാബിലേക്കും സുന്നത്തിലേക്കും ജനങ്ങളെ കൊണ്ടുവരലാണ് നവോത്ഥാനം. പാശ്ചാത്യ സംസ്കാരത്തില്‍ വ്യവഹരിക്കപ്പെടുന്ന റിനൈസന്‍സ് അല്ല നാം പറയുന്ന നവോത്ഥാനം. പാശ്ചാത്യന്റേത് ഭൌതികാധിഷ്ഠിതമാണ്. ഇസ്ലാമിക നവോത്ഥാനം ഖുര്‍ആനും സുന്നത്തുമടിസ്ഥാനമാക്കിയുള്ള ആത്മീയ ദൌത്യമാണ്. 'നിങ്ങള്‍ക്ക് രണ്ട് കാര്യങ്ങള്‍ തന്നിട്ടാണ് ഞാന്‍ പോകുന്നത്, അല്ലാഹുവിന്റെ ഗ്രന്ഥവും റസൂലിന്റെ ചര്യയും' എന്ന് നബി പറഞ്ഞത് വളരെ അര്‍ഥവത്താണ്.
നബി(സ)ക്കു ശേഷമുള്ള മൂന്ന് ശ്രേഷ്ഠ നൂറ്റാണ്ടുകളിലെ സച്ചരിതരായ (സലഫുസ്സ്വാലിഹ്) വ്യക്തിത്വങ്ങളാണ് നമുക്ക് മാതൃക. ആദ്യ മൂന്നു നൂറ്റാണ്ടുകളിലാണ് അനുകരണീയ വ്യക്തിത്വങ്ങളെല്ലാം ഏറക്കുറെ ഉണ്ടായിട്ടുള്ളത്. തൊട്ടടുത്ത നൂറ്റാണ്ടിലും ചിലര്‍ രംഗത്തു വന്നിട്ടുണ്ട്. അവരുടെ പ്രവര്‍ത്തനങ്ങളാണ് നാം മാതൃകയായി സ്വീകരിക്കേണ്ടത്. പിന്നീട് പലതരം നിക്ഷിപ്ത താല്‍പര്യങ്ങള്‍ മുസ്ലിം സമൂഹത്തില്‍ കടന്നുവന്നത് കാണാന്‍ കഴിയും. രാജാക്കന്മാര്‍ തങ്ങളുടെ ഇംഗിതത്തിനനുസരിച്ച് മതത്തെ വ്യാഖ്യാനിച്ചു. അവരുടെ താല്‍പര്യത്തിന് വഴങ്ങാത്ത പണ്ഡിതന്മാരെ പീഡിപ്പിക്കുകയും ജയിലിലടക്കുകയും ചെയ്തിട്ടുണ്ട്. എന്നാല്‍, ഭരണകൂട താല്‍പര്യത്തിനനുസരിച്ച് മതത്തെ വളച്ചൊടിക്കുകയും വ്യാഖ്യാനിക്കുകയും ചെയ്യുന്നത് ഒരിക്കലും ശരിയായ രീതിയല്ല. ആ ചിന്തയാണ് നവോത്ഥാന നായകന്മാരെ നയിച്ചിരുന്നത്. അതുകൊണ്ടാണവര്‍ക്ക് പീഡനങ്ങള്‍ ഏല്‍ക്കേണ്ടിവന്നത്. നവോത്ഥാന നായകര്‍ക്കും പ്രസ്ഥാനങ്ങള്‍ക്കും പ്രയാസങ്ങള്‍ ധാരാളമുണ്ടാകും. വളരെ സുഗമമായ വഴിയിലൂടെ അവര്‍ക്ക് സഞ്ചരിക്കാനാവില്ല. അതേസമയം മറ്റു മത വിഭാഗങ്ങള്‍ക്കൊന്നുമില്ലാത്ത വിധം മുസ്ലിം സമൂഹത്തിന് ഭരണ-രാഷ്ട്രീയ നേതൃത്വം ലഭിക്കുകയും ചെയ്തിട്ടുണ്ട്. രാജ്യത്തിന്റെ ഭരണം ഏറ്റെടുക്കാന്‍ നവോത്ഥാന നായകരോട് ജനങ്ങള്‍ പലപ്പോഴും ആവശ്യപ്പെട്ടിട്ടുണ്ട്. അവരത് സ്വീകരിച്ചോ ഇല്ലയോ എന്നത് മറ്റൊരു കാര്യം. നവോത്ഥാന നായകരുടെ മാര്‍ഗനിര്‍ദേശങ്ങള്‍ക്കനുസരിച്ച് ഭരണകൂടങ്ങള്‍ പ്രവര്‍ത്തിച്ച സുവര്‍ണകാലഘട്ടവും ചരിത്രത്തിലുണ്ടായിട്ടുണ്ട്.

പരിഷ്കരണ പ്രവര്‍ത്തനങ്ങളില്‍ മുജാഹിദ് പ്രസ്ഥാനം ഊന്നല്‍ നല്‍കുന്നത് ഏതൊക്കെ മേഖലകള്‍ക്കാണ്?
വിശ്വാസരംഗം ശുദ്ധീകരിക്കുന്നതിനും ആരാധനകളും ആചാരങ്ങളും പ്രമാണപരമാകുന്നതിനുമാണ് സലഫി പ്രസ്ഥാനം ഊന്നല്‍ നല്‍കുന്നത്. കറകളഞ്ഞ തൌഹീദ്-ഏകദൈവ വിശ്വാസം- ഉള്‍ക്കൊള്ളുകയും പ്രചരിപ്പിക്കുകയും ശിര്‍ക്കിനെ-ബഹുദൈവാരാധന- ശക്തമായി എതിര്‍ക്കുകയും ചെയ്യുന്നവരാണ് സലഫികള്‍. അതില്‍ യാതൊരു വിട്ടുവീഴ്ചക്കും ഒരുക്കമല്ല. വിശ്വാസം ശുദ്ധീകരിക്കപ്പെട്ട ശേഷമേ മറ്റേതൊരു കാര്യവും പരിഗണിക്കാന്‍ പാടുള്ളൂ. നബി(സ)യുടെ പ്രബോധനം ഇതിന്റെ ഏറ്റവും വലിയ തെളിവാണ്. നബി(സ) പ്രബോധനം ആരംഭിച്ച് പതിനൊന്ന് വര്‍ഷം കഴിഞ്ഞ ശേഷമാണ് നമസ്കാരം നിര്‍ബന്ധമാക്കുന്നത്. മുസ്ലിമിനെയും അമുസ്ലിമിനെയും വേര്‍തിരിക്കുന്ന, ദീനിലെ ഏറ്റവും പ്രധാന ആരാധനയാണ് നമസ്കാരം. 'ഒരാള്‍ നമസ്കരിക്കട്ടെ, വിശ്വാസം പിന്നീട് ശരിയായിക്കൊള്ളും' എന്ന കാഴ്ചപ്പാട് ഇസ്ലാമികമല്ല. വിശ്വാസം സംസ്കരിക്കപ്പെട്ട ശേഷമേ സല്‍ക്കര്‍മങ്ങള്‍ പോലും പൂര്‍ണവും സ്വീകാര്യവുമാവുകയുള്ളൂ. പതിനൊന്ന് വര്‍ഷങ്ങള്‍ക്ക് ശേഷം നമസ്കാരം നിര്‍ബന്ധമാക്കാനുള്ള കാരണമിതാണ്. പിന്നെയും വര്‍ഷങ്ങള്‍ കഴിഞ്ഞാണ് മറ്റു പല നിയമങ്ങളും വരുന്നത്. സലഫികള്‍ പ്രബോധന രംഗത്ത് സ്വീകരിക്കുന്ന മുന്‍ഗണനാക്രമവും ഇതുതന്നെയാണ്. വിശ്വാസ-ആരാധനാ മേഖലകളിലെ അനിസ്ലാമികതകള്‍ക്കെതിരെ ഏറ്റവും ശക്തമായി പൊരുതിയിട്ടുള്ളവരാണ് സലഫികള്‍.

'നവോത്ഥാനത്തിന്റെ ഒരു നൂറ്റാണ്ട്' എന്ന സമ്മേളന പ്രമേയത്തിലൂടെ എന്ത് സന്ദേശമാണ് നല്‍കാനുദ്ദേശിക്കുന്നത്?
നവോത്ഥാന ദൌത്യത്തിന് വിധേയമാകുന്ന സമൂഹത്തെ കഴിഞ്ഞകാലം ഓര്‍മിപ്പിക്കുകയെന്നത് അടിസ്ഥാനപരമായ ഒരു ആവശ്യമാണ്. ജീവിക്കുന്ന ഇന്നില്‍ നിന്നല്ല നാം പാഠമുള്‍ക്കൊള്ളേണ്ടത്; ഇന്നലെകളുടെ അനുഭവങ്ങളില്‍നിന്നാണ്. അതില്‍ നിന്നാണ് നാളെക്കു വേണ്ടിയുള്ള പ്രവര്‍ത്തനങ്ങള്‍ രൂപപ്പെടുത്തേണ്ടത്. അതാണ് 'നവോത്ഥാനത്തിന്റെ ഒരു നൂറ്റാണ്ട്' എന്ന പ്രമേയം നല്‍കുന്ന സന്ദേശം. കേരളത്തിലെ നവോത്ഥാന ശ്രമങ്ങള്‍ ജനകീയമാക്കിയ സനാഉല്ല മക്തി തങ്ങള്‍ മരണപ്പെട്ട 1912 മുതലുള്ള കാലം മുന്‍നിര്‍ത്തിയാണ് ഒരു നൂറ്റാണ്ട് എന്ന് പ്രയോഗിച്ചിരിക്കുന്നത്. കേരളീയ മുസ്ലിം സമൂഹത്തിന്റെ നവോത്ഥാന ചരിത്രവും അതില്‍ മഹത്തായ പങ്കുവഹിച്ചിട്ടുള്ള മുജാഹിദ് പ്രസ്ഥാനത്തിന്റെ ചരിത്രവും പുതിയ മുസ്ലിം തലമുറയെ പഠിപ്പിക്കുകയാണ് ഇതിലൂടെ.
പ്രവാചകന്മാര്‍ക്കും മുന്‍ഗാമികളായ നവോത്ഥാന നായകര്‍ക്കും നേരിടേണ്ടിവന്നതുപോലുള്ള പീഡനങ്ങളും പ്രയാസങ്ങളും കേരളത്തിലെ സലഫീ പ്രസ്ഥാനത്തിനും ആദ്യകാലങ്ങളില്‍ വളരെയേറെ അനുഭവിക്കേണ്ടിവന്നിട്ടുണ്ട്. ഒരുപാട് ത്യാഗങ്ങള്‍ സഹിച്ചാണ് മുന്‍ഗാമികള്‍ ഇതിനെ വളര്‍ത്തിയത്. മുന്നില്‍ നടന്നവര്‍ക്കാണ് പ്രതിബന്ധങ്ങള്‍ തട്ടിമാറ്റേണ്ടിയിരുന്നത്. പിന്നില്‍ നടന്നവര്‍ക്ക് ഇതൊന്നും പ്രശ്നമല്ല. അത്തരം മുന്‍ഗാമികളോട് പിന്നില്‍ നടക്കുന്നവര്‍ കടപ്പെട്ടിരിക്കുന്നു. അവരുടെ ചരിത്രം മാറ്റി നിര്‍ത്തി ഒരു ആധുനിക ചരിത്രം ഉണ്ടാക്കാനാണ് പുതിയ ആളുകള്‍ ശ്രമിക്കുന്നത്. സ്വന്തം കാലടിയില്‍ നിന്ന് ചരിത്രം രചിക്കാനാണ് അവരുടെ ശ്രമം. അതുണ്ടാകാന്‍ പാടില്ലാത്തതാണ്. കടന്നുവന്ന വഴികള്‍ അവര്‍ വിസ്മരിക്കരുത്. യുവാക്കളെയാണ് ഈ രോഗം ഏറ്റവും വേഗത്തില്‍ ബാധിക്കുക. ചുറ്റുഭാഗത്തുള്ള മര്‍ദങ്ങളാണ്, സ്വന്തം അനുഭവങ്ങളാണ് യുവാക്കളെ പ്രതികരിപ്പിക്കുന്നത്. ചരിത്രത്തിന്റെ മര്‍ദമല്ല. നിലവിലുള്ള അനുഭവങ്ങളില്‍ മാത്രം നാം കാര്യങ്ങളെ കാണരുത്. ഇന്ന് പ്രതിയോഗികള്‍ പോലും മുജാഹിദ് പ്രസ്ഥാനത്തോട് കടപ്പെട്ടിരിക്കുന്നു. ഇപ്പോള്‍ വളര്‍ന്നുവരുന്ന സംഘടനകളൊന്നും മുജാഹിദ് പ്രസ്ഥാനം വെട്ടിതെളിച്ച വഴി മറക്കാന്‍ പാടില്ലാത്തതാണ്. വിശ്വാസ-ആരാധനാ മണ്ഡലങ്ങളിലെ സംസ്കരണ പ്രവര്‍ത്തനങ്ങളെ ഇകഴ്ത്തുകയും വിദ്യാഭ്യാസപരവും മറ്റുമായ ചില മേഖലകളിലെ ചിലരുടെ വളര്‍ച്ചയെ പുകഴ്ത്തുകയും ചെയ്യുന്ന ഒരു ശൈലി അറിയാതെ വന്നുപോകുന്നുണ്ട്. എന്നാല്‍, അത്തരം വിഭാഗങ്ങളുടെ വളര്‍ച്ചക്ക് സഹായിക്കുന്ന പടവുകള്‍ സൃഷ്ടിച്ചത് മുജാഹിദ് പ്രസ്ഥാനമാണെന്നത് മറക്കരുത്. ഈ സമ്മേളനത്തിലൂടെ പരിവര്‍ത്തനങ്ങളുടെ, ത്യാഗങ്ങളുടെ, രക്തസാക്ഷികളുടെ ചരിത്രമുള്ള, കഴിഞ്ഞ ഒരു നൂറ്റാണ്ടുകാലം കേരളമുസ്ലിംകളെ പഠിപ്പിക്കാനാണ് ശ്രമിക്കുന്നത്. ഞങ്ങളോടൊപ്പമുള്ള പുതിയ തലമുറയെയും ഇത് ഓര്‍മിപ്പിക്കുന്നു. ശൂന്യതയില്‍നിന്ന് ഒരു പുതിയ ലോകം പടുത്തുയര്‍ത്താന്‍ ആരും ശ്രമിക്കരുത്.

കഴിഞ്ഞ 62 വര്‍ഷത്തെ പ്രവര്‍ത്തനങ്ങളിലൂടെ എന്താണ് പ്രസ്ഥാനം നേടിയത്, കേരളത്തിലെ ഇസ്ലാഹി മൂവ്മെന്റിന്റെ സംഭാവനകള്‍ എന്തൊക്കെയാണ്?
നേടിയ ചരിത്രമേ ഞങ്ങള്‍ക്ക് പറയാനുള്ളൂ. ഒന്നും ഞങ്ങള്‍ക്ക് നഷ്ടപ്പെട്ടിട്ടില്ല. ഒന്നാമത്തേത് അന്ധവിശ്വാസങ്ങളില്‍നിന്ന് ജനങ്ങളെ മോചിപ്പിക്കാനായതുതന്നെ. ശിര്‍ക്കില്‍നിന്ന് സമൂഹത്തെ രക്ഷപ്പെടുത്താന്‍ കഴിഞ്ഞു. ശിര്‍ക്കിന്റെ ആളുകള്‍ തന്നെ തൌഹീദിനെ തിരിച്ചറിയുന്ന അവസ്ഥയുണ്ടായി. മറ്റു പല കാരണങ്ങള്‍ക്കൊണ്ടും അതിലേക്ക് കടന്നുവരാനോ പ്രഖ്യാപിക്കാനോ അവര്‍ തയാറാകുന്നില്ല എന്നല്ലാതെ, എന്താണ് തൌഹീദ്, എന്താണ് ശിര്‍ക്ക് എന്നവര്‍ക്ക് മനസ്സിലാക്കിക്കൊടുക്കാന്‍ സലഫി പ്രസ്ഥാത്തിന് സാധിച്ചിട്ടുണ്ട്. ഒരു വിഷയത്തില്‍ മുജാഹിദുകളുടെ നിലപാടെന്താണെന്ന് ചോദിച്ചാല്‍ ഇവിടത്തെ സുന്നികള്‍ വരെ അതെന്താണെന്ന് പറയും. മുജാഹിദുകളുടെ ഏറ്റവും വലിയ പ്രതിയോഗികളായ ഇവിടത്തെ സുന്നികള്‍ക്കു വരെ തൌഹീദിന്റെ ആശയം പഠിപ്പിക്കാന്‍ കഴിഞ്ഞുവെന്നത് വലിയ സംഭാവനയാണ്. അവരത് സ്വീകരിച്ചോ ഇല്ലയോ എന്നത് മറ്റൊരു വിഷയമാണ്.
രണ്ടാമത്തേത് സുന്നത്തിനെ പഠിപ്പിക്കുകയും സ്ഥാപിക്കുകയും ചെയ്തതാണ്. നബി(സ)യുടെ ഒരൊറ്റ ഹദീസ് പോലും അറിയാത്തവരായിരുന്നു ഇവിടത്തെ 99 ശതമാനം മുസ്ലിംകളും. ഇത് അതിശയോക്തിയോടെ പറയുന്നതല്ല. ഹദീസ് അഥവാ നബിയുടെ സുന്നത്ത് പഠിക്കാനുള്ളതല്ല എന്ന് വിശ്വസിച്ച സമൂഹത്തിന്റെ മുമ്പിലാണ് ഹദീസ് പഠനം വ്യാപകമാക്കുകയും സുന്നത്തിനെ പ്രാധാന്യപൂര്‍വം പുനഃസ്ഥാപിക്കുകയും ചെയ്തത്. ഹദീസിനെ ഇവിടത്തെ ജനതക്ക് ആദ്യമായി മനസ്സിലാക്കിക്കൊടുത്തത് മുജാഹിദ് പ്രസ്ഥാനമാണ്. അതിന് മുമ്പ് സുന്നത്ത് എന്താണെന്ന് അറിയുമായിരുന്നില്ല. ചെയ്താല്‍ കൂലിയുള്ളതും ഉപേക്ഷിച്ചാല്‍ കുറ്റമില്ലാത്തതും എന്നാണ് സുന്നത്തിനെക്കുറിച്ച് പറഞ്ഞുവന്നത്. നബിചര്യയാണ് സുന്നത്ത്, അതനുസരിച്ചാണ് ജീവിക്കേണ്ടത് എന്ന് പഠിപ്പിച്ചത് മുജാഹിദ് പ്രസ്ഥാനമാണ്.
ഖുര്‍ആന്‍ പഠനരംഗത്ത് വിപ്ളവകരമായ മാറ്റങ്ങള്‍ ഉണ്ടാക്കിയതും ഈ പ്രസ്ഥാനമാണ്. വിദ്യാഭ്യാസ വളര്‍ച്ചയിലെ പങ്കാണ് മറ്റൊന്ന്. സമൂഹത്തിന് അക്ഷരജ്ഞാനമുണ്ടാക്കാന്‍ വമ്പിച്ച ത്യാഗം സഹിച്ച പ്രസ്ഥാനമാണിത്. ഇത്, മറ്റൊരാള്‍ക്കും അവകാശപ്പെടാന്‍ കഴിയില്ല. അഹങ്കാരത്തോടെ പറയുന്നതല്ല ഇത്. ചരിത്രത്തിന്റെ സത്യം ഓര്‍മപ്പെടുത്തുകയാണ്. മുസ്ലിം സ്ത്രീകളുടെ വിദ്യാഭ്യാസ വളര്‍ച്ചയും ദീനീ ഉണര്‍വുകളും വളരെ പ്രധാനപ്പെട്ട സംഭാവനയാണ്. സ്ത്രീകളുടെ പള്ളിപ്രവേശം ഉള്‍പ്പെടെയുള്ള കാര്യങ്ങളും ഓര്‍ക്കണം. ദീന്‍ അനുവദിച്ചുകൊടുത്ത കാര്യങ്ങള്‍ സ്ത്രീകള്‍ക്ക് നേടിക്കൊടുക്കാന്‍ എത്രകാലം ഈ പ്രസ്ഥാനം കഠിനാധ്വാനം ചെയ്തിട്ടുണ്ട്.
ചികിത്സാ രംഗത്ത് സമുദായത്തിന്റെ സമീപനം മാറ്റിയതാണ് മറ്റൊന്ന്. എല്ലാ രോഗങ്ങള്‍ക്കും മരുന്നുണ്ട്, അതുകൊണ്ട് ചികിത്സിക്കണം എന്ന് പഠിപ്പിച്ച പ്രവാചകന്റെ അനുയായികള്‍,ലോകത്തുള്ള എല്ലാ മന്ത്രവാദങ്ങളും ഏറ്റെടുത്ത് ഇസ്ലാമീകരിച്ച് നടക്കുകയായിരുന്നു. ലോകത്ത് ഏറ്റവും കൂടുതല്‍ ബഹുദൈവാരാധനയുള്ള രാജ്യമാണിത്. അതിന്റെ ചില ഭാഗങ്ങള്‍ മുസ്ലിം സമുദായവും ഏറ്റെടുത്തു. പിശാച് സേവക്കു പകരം ജിന്ന് സേവ, പ്രേതബാധക്കു പകരം റൂഹാനി എന്നിങ്ങനെ പേരുകള്‍ മാറ്റുക മാത്രമാണ് ചെയ്തിരുന്നത്. ഇങ്ങനെ പൌരോഹിത്യത്തിന്റെയും 'സിദ്ധന്മാ'രുടെയും വരുമാന മാര്‍ഗമാക്കി മുസ്ലിം സമുദായത്തെ മാറ്റിയിരുന്നു. ഇതില്‍നിന്ന് അവരെ തിരിച്ചുകൊണ്ടുവന്ന് നിര്‍ഭയരാക്കി. ചികിത്സക്ക് മരുന്ന് ഉപയോഗിക്കാനും അല്ലാഹുവില്‍ തവക്കുലാക്കാനും അവരെ പഠിപ്പിച്ചു.

കേരളീയ മുസ്ലിംകളുടെ രാഷ്ട്രീയ മുന്നേറ്റത്തില്‍ മുജാഹിദ് പ്രസ്ഥാനം എന്ത് സംഭാവനയാണ് അര്‍പ്പിച്ചിട്ടുള്ളത്? എന്താണ് പ്രസ്ഥാനത്തിന്റെ രാഷ്ട്രീയ സമീപനം?
മുസ്ലിംകള്‍ അരാഷ്ട്രീയ വാദികളാകണമെന്ന കാഴ്ചപ്പാട് ഇസ്ലാമികമല്ലല്ലോ. അത്തരമൊരു നിലപാട് മുജാഹിദ് പ്രസ്ഥാനത്തിനില്ല. മുസ്ലിംകളുടെ രാഷ്ട്രീയ ശാക്തീകരണത്തിലും പ്രസ്ഥാനം അതിന്റേതായ പങ്കുവഹിച്ചിട്ടുണ്ട്. ഭരിക്കുന്നവര്‍ക്ക് പിന്തുണ നല്‍കുകയെന്ന അന്ധമായ ശൈലിയുണ്ടായിരുന്നു നേരത്തെ. അതിനെതിരെ സ്വതന്ത്ര ചിന്ത ഉണ്ടാക്കിയതില്‍ പ്രസ്ഥാനം ഇടപെട്ടിട്ടുണ്ട്. സ്വാതന്ത്യ്രത്തിന് വേണ്ടിയുള്ള സമരത്തില്‍ ഇതിന്റെ ആദ്യ തലമുറ പങ്കുവഹിച്ചിട്ടുണ്ട്. അതിനു ശേഷം രാഷ്ട്രീയ നിലനില്‍പിനു വേണ്ടിയുള്ള സംഘടിത ശ്രമങ്ങളില്‍ പ്രസ്ഥാനത്തിന്റെ പങ്ക് വളരെ വലുതാണ്.

വക്കം മൌലവിയെയും കേരളത്തിലെ ഇസ്ലാഹി മൂവ്മെന്റിനെയും ലോക സലഫി പ്രസ്ഥാനത്തിലെ ഈജിപ്ഷ്യന്‍ ധാരയും സയ്യിദ് റശീദ് രിദയും എത്രത്തോളം സ്വാധീനിച്ചിട്ടുണ്ട്?
തീര്‍ച്ചയായും അവരുടെ സ്വാധീനമുണ്ടായിട്ടുണ്ട്. എന്നാല്‍, അവരെ സ്വാധീനിച്ചത് ആരാണെന്നതും പ്രധാനമാണ്. മുഹമ്മദ് അബ്ദില്‍ വഹാബിന്റെ പ്രവര്‍ത്തനങ്ങളാണ് മുഹമ്മദ് ബ്നു അബ്ദുവിനെയും റശീദ് രിദയെയും സ്വാധീനിച്ചത്. മുഹമ്മദ് അബ്ദില്‍ വഹാബിന്റെ സലഫി ആശയങ്ങള്‍ ഈജിപ്ത് വഴിയാണ് കേരളത്തിലെത്തിയത്. ജമാലുദ്ദീന്‍ അഫ്ഗാനിയുടെ അല്‍ ഉര്‍വത്തുല്‍ വുസ്ഖയും റശീദ് രിദായുടെ അല്‍മനാറുമൊക്കെയാണ് സലഫീ ആശയങ്ങള്‍ ഇവിടേക്ക് എത്തിച്ചത്. അതിനാല്‍, സലഫിയ്യത്തുതന്നെയാണ് കേരളത്തിലെ ഇസ്ലാഹി പ്രസ്ഥാനത്തെ രൂപപ്പെടുത്തിയത്. ഓരോ പ്രദേശത്തിനും അനുസരിച്ച് ചില മാറ്റങ്ങള്‍ അതില്‍ കാണാം. എന്നാല്‍ തൌഹീദ് അടിസ്ഥാനപരമായി ഒന്നുതന്നെയാണ്. അതുകൊണ്ട് സലഫീ പ്രബോധനത്തിലും മാറ്റങ്ങളില്ല.

വക്കം മൌലവിയും ഐക്യസംഘവും രൂപപ്പെടുത്തിയ ആശയങ്ങളില്‍നിന്നും അജണ്ടകളില്‍നിന്നും പിന്നീട് രൂപംകൊണ്ട കേരള നദ്വത്തുല്‍ മുജാഹിദീന് എത്രത്തോളം മുന്നോട്ടുപോകാന്‍ കഴിഞ്ഞിട്ടുണ്ട്?
വളരെയേറെ മുന്നോട്ടുപോകാന്‍ കഴിഞ്ഞിട്ടുണ്ട്. മുസ്ലിം ഐക്യസംഘം കെ.എന്‍.എമ്മിനെ പോലെ അജണ്ടയും സംഘടിത രൂപവും ഉണ്ടായിരുന്ന സംഘടനയല്ല. പ്രാദേശികമായ അഭിപ്രായ വ്യത്യാസങ്ങള്‍ തീര്‍ക്കാനും മുതലാളിമാര്‍ തമ്മിലുള്ള ഭിന്നിപ്പും മറ്റും പരിഹരിക്കാനുമാണ് ഐക്യസംഘം രൂപീകരിച്ചത്.
കേരള ജംഇയ്യത്തുല്‍ ഉലമയും കേരള നദ്വത്തുല്‍ മുജാഹിദീനും രൂപീകരിക്കപ്പെട്ടതോടെയാണ് വ്യവസ്ഥാപിതമായ സംഘടിത നവോത്ഥാന മുന്നേറ്റം ഉണ്ടായത്. കഴിഞ്ഞ 60 വര്‍ഷങ്ങള്‍ അതിന്റെ സുവര്‍ണ കാലമാണ്. കെ.എന്‍.എം രൂപീകരിക്കപ്പെട്ടതിന് ശേഷം നവോത്ഥാന പ്രവര്‍ത്തനങ്ങള്‍ക്ക് വലിയ മാനങ്ങള്‍ ഉണ്ടായി. പണ്ഡിതന്മാരില്‍ മാത്രം ഒതുങ്ങിനിന്നിരുന്ന പ്രബോധനം, പ്രവാചക കാലത്തുണ്ടായിരുന്ന പോലെ വിശ്വാസികള്‍ ജനകീയമായി ഏറ്റെടുക്കാന്‍ തുടങ്ങി. ലോകത്ത് ഈ ദൌത്യം ഇങ്ങനെ നിര്‍വഹിച്ച ഒരു പ്രസ്ഥാനത്തെ വേറെ കാണാന്‍ കഴിയില്ല. ഭൌതികതാല്‍പര്യങ്ങളില്ലാതെ വിശ്വാസ സംസ്കരണവും ഖുര്‍ആനിലേക്കും സുന്നത്തിലേക്കും തിരിച്ചുപോവുക എന്ന നബിയുടെ ആഹ്വാനവും ഈ പ്രസ്ഥാനം പ്രയോഗവത്കരിച്ചു. പ്രമാണങ്ങളിലൂടെ പ്രശ്നങ്ങളെ കാണാന്‍ സമൂഹത്തെ പഠിപ്പിക്കുകയും ചിന്തിപ്പിക്കുകയും ചെയ്തു.

അറുപത് വര്‍ഷങ്ങള്‍ക്ക് മുമ്പുള്ള കേരളീയ മുസ്ലിം സമൂഹമല്ല ഇപ്പോഴുള്ളത്. 1990കളോടെ വലിയ മാറ്റങ്ങള്‍ മുസ്ലിം സമൂഹത്തിലുണ്ടായിട്ടുണ്ട്. വിദ്യാഭ്യാസം, സാമ്പത്തികം, ജീവിത വീക്ഷണം, ഇസ്ലാമിക ബോധം തുടങ്ങിയവയിലെല്ലാം വലിയ പരിവര്‍ത്തനങ്ങളുണ്ടായി. പരിഷ്കരണ പ്രസ്ഥാനങ്ങള്‍ ഇടപെടേണ്ട ഒട്ടേറെ പുതിയ പ്രശ്നങ്ങള്‍ സമുദായത്തിലുണ്ടായിട്ടുണ്ട്. ഇതനുസരിച്ച് പുതിയ അജണ്ടകള്‍ രൂപപ്പെടുത്താന്‍ മുജാഹിദ് പ്രസ്ഥാനത്തിന് എത്രത്തോളം സാധിച്ചിട്ടുണ്ട്?
ഒരു മാറ്റവുമില്ലാതെ തൌഹീദ് പ്രബോധനം ചെയ്യുകയെന്നതാണ് സലഫി പ്രസ്ഥാനത്തിന്റെ പ്രഥമ ദൌത്യം. അവിടെ മാറ്റത്തെക്കുറിച്ച ചിന്തയില്ല. മനുഷ്യ സമൂഹത്തിന്റെ ചരിത്രത്തില്‍ എന്നും നിര്‍വഹിക്കപ്പെട്ടത് ഇതുതന്നെയാണ്. രണ്ടാമത്തേതാണ് സുന്നത്തിന്റെ സ്ഥാപനം. എന്നാല്‍, മറ്റു പ്രശ്നങ്ങളില്‍ കാലത്തിനൊപ്പം നില്‍ക്കുന്നവരാണ് മുജാഹിദുകള്‍. ഒരു പിന്തിരിപ്പന്‍ ആശയവും മുജാഹിദുകള്‍ക്കില്ല. ഞങ്ങളാണ് മുന്നില്‍ നടന്നത്. വിദ്യാഭ്യാസ മേഖല ഉദാഹരണം. കാലത്തിനനുസരിച്ച മാറ്റങ്ങളും പരിഷ്കരണങ്ങളും ആ രംഗത്ത് നടക്കുന്നുണ്ട്. എന്നാല്‍, മതരംഗത്ത് യാതൊരു വിട്ടുവീഴ്ചയും മാറ്റവുമില്ലാതെ നാം മുന്നോട്ടുപോകും. ഏതെങ്കിലുമൊരു ഘട്ടത്തില്‍ തൌഹീദി പ്രബോധനത്തിന് രണ്ടാം സ്ഥാനം നല്‍കണം എന്ന അഭിപ്രായം ഉയര്‍ന്നുവന്നാല്‍ അത് അംഗീകരിക്കാനാകില്ല. സാമൂഹിക ക്ഷേമ പ്രവര്‍ത്തനങ്ങള്‍ വിപുലീകരിച്ചു നടത്തി ജനങ്ങളെ വശീകരിച്ചുകൊണ്ടാകണം തൌഹീദ് പറയേണ്ടത് എന്ന ആശയം കടന്നുവന്നപ്പോള്‍തന്നെ അതിനെ പ്രതിരോധിച്ചു. ആ മാര്‍ഗം ഇസ്ലാമിന്റേതല്ല എന്ന് അതിലേക്ക് ആകര്‍ഷിക്കപ്പെട്ടവരെ ഞങ്ങള്‍ താക്കീതു ചെയ്തു. പ്രീണിപ്പിച്ചോ പ്രലോഭിപ്പിച്ചോ അല്ല തൌഹീദ് പ്രചരിപ്പിക്കേണ്ടത്. ഇതാണ് മുജാഹിദ് പ്രസ്ഥാനം തീവ്ര സമീപനം സ്വീകരിക്കുന്നു എന്ന വിമര്‍ശനത്തിന്റെ കാരണം.

മുസ്ലിം സമൂഹത്തിന്റെ ഐക്യത്തിന് സഹായകമാകുന്ന ഒട്ടേറെ കൂട്ടായ്മകള്‍ സമീപകാലത്ത് രൂപപ്പെടുന്നുണ്ട്. ഇതില്‍ കെ.എന്‍.എമ്മിന്റെ ക്രിയാത്മകമായ ഇടപെടലുകള്‍ പ്രതീക്ഷിക്കാമോ?
തൌഹീദിന്റെ പ്രബോധനവും സുന്നത്തിനെയും ബിദ്അത്തിനെയും വേര്‍തിരിച്ച് പഠിപ്പിക്കുകയും ചെയ്യുകയെന്ന അടിസ്ഥാന ദൌത്യത്തിനു ശേഷം, നാട്ടിലെ സാമൂഹിക പ്രശ്നങ്ങള്‍ പരിഹരിക്കാന്‍ ഒന്നിച്ചുനില്‍ക്കണം എന്ന കാര്യത്തില്‍ നമുക്ക് അഭിപ്രായ വ്യത്യാസമില്ല. മതപരമായ കാര്യങ്ങള്‍ പരിശോധിച്ചാല്‍, മുജാഹിദുകളും സുന്നികളും ജമാഅത്തുകാരും യോജിക്കുന്ന കാര്യങ്ങളാണ് മഹാ ഭൂരിപക്ഷം. ധാര്‍മിക-വിദ്യാഭ്യാസ-സാമൂഹിക സംസ്കരണ രംഗത്തുള്ള ഏതു പ്രവര്‍ത്തനത്തിനും നമുക്ക് യോജിച്ചു നിന്നു കൂടേ? വന്‍ പാപങ്ങളെ അംഗീകരിക്കുന്ന ആരും മുസ്ലിംകളിലില്ല. ഇത്തരം ജീര്‍ണതകള്‍ക്കെതിരെ ഒരുമിച്ചു പ്രവര്‍ത്തിക്കണം. ഇതില്‍ നിന്ന് ആര്‍ക്കാണ് മാറി നില്‍ക്കാനാവുക. ഇത്തരം വിഷയങ്ങളില്‍ പണ്ഡിതന്മാര്‍ കൂട്ടായി നേതൃത്വം നല്‍കിയാല്‍ വലിയ മാറ്റങ്ങള്‍ ഉണ്ടാകും. ഇത്രയേറെ മതവിദ്യാഭ്യാസം നല്‍കിയിട്ടും യുവാക്കള്‍ ക്രിമിനലുകളായി വളരുന്നു! മൂല്യമുള്ള മതപഠനം നാം വളര്‍ത്തിയെടുക്കണം. അസഹിഷ്ണുത കാണിക്കാതിരുന്നാല്‍, ഓരോ മഹല്ലിലും ഒന്നു കൂടിയിരുന്നാല്‍, സമൂഹത്തെ ബാധിക്കുന്ന പൊതു പ്രശ്നങ്ങളെ സംബന്ധിച്ച് കൂട്ടായി ചര്‍ച്ച ചെയ്താല്‍, പരിഹാരം നിര്‍ദേശിച്ചാല്‍ ഏറെ ഫലപ്രദമായിരിക്കും. ഇതിനൊരു വേദിയുണ്ടാകണം. മുമ്പ് ഉണ്ടാക്കിയ മുസ്ലിം സൌഹൃദവേദി നല്ല കാല്‍വെപ്പായിരുന്നു. പിന്നെ അതിന് തുടര്‍ച്ചയുണ്ടായില്ല. അത് മുന്നോട്ടുകൊണ്ടുപോകണം. കൃത്യമായ അജണ്ട നിര്‍ണയിക്കണം. തുടക്കം തന്നെ അലസിപ്പിരിയരുത്. പല സംയുക്ത യോഗങ്ങളിലും ഞാനത് പറയാറുണ്ട്. പൊതു അജണ്ട വളരെ വേഗത്തില്‍ രൂപപ്പെടുത്താനാകും.

സാമ്രാജ്യത്വ രാഷ്ട്രങ്ങളുടെ പിന്തുണയുള്ള സ്വേഛാധിപതികളെ താഴെയിറക്കിയ പുതിയ ജനകീയ വിപ്ളവങ്ങള്‍ മുസ്ലിം നാടുകളില്‍ നടക്കുകയാണ്. അറബ് വസന്തത്തെ കെ.എന്‍.എം എങ്ങനെ വിലയിരുത്തുന്നു?
അത്തരം വിഷയങ്ങളില്‍ ഞങ്ങള്‍ ധൃതിപ്പെട്ട് അഭിപ്രായങ്ങള്‍ പറയാറില്ല. ഇതില്‍ ഞങ്ങളില്‍ വിവിധ വീക്ഷണങ്ങളുള്ള ആളുകളുണ്ടാകും. ഇപ്പോള്‍ ചില അറബ് മുസ്ലിം നാടുകളില്‍ നടക്കുന്നത് വെറും ബാഹ്യമായ രാഷ്ട്രീയ മാറ്റങ്ങളാണ്. ഇസ്ലാമിന്റെ പേരിലൊന്നുമല്ല അത് വരുന്നത്. അതിനെ അനുകൂലിക്കണോ പ്രതിക്കൂട്ടിലാക്കണോ എന്നത് ചരിത്രം തീരുമാനിക്കേണ്ടതാണ്. ആ രാഷ്ട്രങ്ങളിലെല്ലാം യാത്ര ചെയ്തിട്ടുള്ള ആളാണ് ഞാന്‍. അവിടങ്ങളില്‍ എന്തെങ്കിലും തിരുത്തലുകള്‍ നടക്കണമെങ്കില്‍ ഒരുപാട് കാലമെടുക്കും. അവ്വിധമുള്ള തിരിച്ചുപോക്കാണ് അവിടെ നടന്നിരുന്നത്. ഇസ്ലാമിന്റെയും മുസ്ലിംകളുടെയും പേരില്‍ തന്നെയാണ് അതൊക്കെ സംഭവിച്ചിരുന്നത്. ഇപ്പോഴുണ്ടാകുന്ന രാഷ്ട്രീയ നീക്കങ്ങള്‍ ഓരോ രാജ്യത്തും പ്രത്യേകമാണ്, എല്ലായിടത്തും ഒന്നല്ല. അറബ് വസന്തം എന്നു പറഞ്ഞ് ലോക വ്യാപകമായി ചില താല്‍പര്യങ്ങളുടെ പേരില്‍ പിന്തുണ കൊടുക്കുകയാണ്. ഇസ്ലാമികമായ ഒന്നും എന്തായിരുന്നാലും ഈ മാറ്റത്തിനു പിന്നിലില്ല. ജനങ്ങള്‍ അധികാരത്തില്‍ വരുന്നു എന്ന ഒരു കാര്യം അതിലുണ്ട്. പാരമ്പര്യമായി അധികാരം കൈവശം വെച്ചവരായിരുന്നു അവിടങ്ങളിലെ സ്വേഛാധിപതികള്‍. അതെന്തായിരുന്നാലും നമുക്ക് മറക്കാന്‍ പറ്റില്ല. അവരെല്ലാം രാജ്യത്തെ ചൂഷണം ചെയ്ത് സുഖലോലുപരായി ജീവിച്ചവരാണ്. അതില്‍ നിന്നൊരു മാറ്റമുണ്ടായി എന്നത് ശരിയാണ്. ഇനി ബോധപൂര്‍വം മുന്നോട്ട് നയിക്കപ്പെട്ടാല്‍ നന്നായിത്തീരും. അതല്ല സോവിയറ്റ് റഷ്യയില്‍ സംഭവിച്ചതുപോലെ സാര്‍ ചക്രവര്‍ത്തിയില്‍നിന്ന് മറ്റു ചക്രവര്‍ത്തിമാരിലേക്ക് മാറിയാല്‍ അത് ഗുണകരമാകില്ല. അതുതന്നെയാണ് അവിടങ്ങളിലും സംഭവിക്കാന്‍ പോകുന്നത്. ഇപ്പോഴുണ്ടായ മാറ്റങ്ങളെ എങ്ങനെ ഉപയോഗപ്പെടുത്തുന്നു എന്നതാണ് പ്രധാനം.

ആശയപ്രചാരണ രംഗത്ത് സംഘടന പുലര്‍ത്തിയ തീവ്രവും പ്രകോപനപരവുമായ ശൈലി പലപ്പോഴും വിമര്‍ശനവിധേയമായിട്ടുണ്ട്. ഇപ്പോള്‍ പുറത്താക്കപ്പെട്ട ചില നേതാക്കള്‍ അതില്‍ ഏറെ മുന്നിലായിരുന്നു. സമീപകാലത്ത് കെ.എന്‍.എം നേരിടുന്ന പ്രതിസന്ധി കൂടി മുന്നില്‍ വെച്ച് പ്രബോധന ശൈലിയിലും ഇതര മുസ്ലിം സംഘടനകളോടുള്ള നയനിലപാടുകളിലും ഗുണകരമായ മാറ്റം പ്രതീക്ഷിക്കാമോ?
തെറ്റിദ്ധരിപ്പിക്കപ്പെടുന്നതുപോലെ ഒരു തീവ്ര ശൈലി മുജാഹിദ് പ്രസ്ഥാനത്തിനില്ല. ചെറിയ കാര്യങ്ങള്‍ പര്‍വതീകരിച്ച് ഞങ്ങള്‍ സമൂഹത്തില്‍ ഏറ്റുമുട്ടുകയാണെന്ന് ചിലര്‍ പറയാറുണ്ട്. അത് കാര്യങ്ങള്‍ അറിയാത്തതുകൊണ്ടാണ്. ഞങ്ങളെ സംബന്ധിച്ചേടത്തോളം തൌഹീദും സുന്നത്തും വളരെ തീവ്രമായിത്തന്നെ പറയേണ്ടതാണ്. സാമൂഹിക ജീവിതത്തിലെ ഞങ്ങളുടെ ഇടപെടലുകളാകട്ടെ വളരെ മാതൃകാപരവും നല്ലതുമാണ്. വിവാഹന്വേഷണ വേളയില്‍ മുജാഹിദുകളെക്കുറിച്ച് ദല്ലാളന്മാര്‍ പറയാറുണ്ട്; 'വളരെ നല്ല കുട്ടിയാണ്. പക്ഷേ മുജാഹിദാണ്.' സ്വഭാവത്തിലും പെരുമാറ്റത്തിലും നല്ലവരാണെന്നത് സമൂഹത്തിന്റെ അംഗീകാരമാണ്. അതേസമയം, 'പക്ഷേ, മുജാഹിദാണ്' എന്നത് ആദര്‍ശധീരതയെയാണ് കുറിക്കുന്നത്. തീവ്രതയെന്ന് ഇതിനെക്കുറിച്ച് പറഞ്ഞുകൂടാ.ഞാനും യുക്തിവാദി നേതാവ് യു. കലാനാഥനും ഒരേ സ്ഥാപനത്തില്‍ 25 വര്‍ഷത്തോളം ഒരുമിച്ച് ജോലി ചെയ്ത് ജീവിച്ചവരാണ്. ഏറ്റവും അടുപ്പമുള്ളവരായിരുന്നു ഞങ്ങള്‍. ഒരിക്കല്‍ അവര്‍ ഗവണ്‍മെന്റിന് ഒരു നിവേദനം നല്‍കി. അതില്‍ 75 ശതമാനവും മുജാഹിദുകള്‍ക്ക് യോജിക്കാവുന്നതായിരുന്നു. നമ്മള്‍ എതിര്‍ക്കുന്ന അന്ധവിശ്വാസങ്ങള്‍ തന്നെയാണ് അവര്‍ എതിര്‍ക്കുന്ന പലതും. ദൈവത്തിന്റെ അസ്തിത്വവും വിശ്വാസവും തുടങ്ങിയവയിലാണ് അവരോട് വിയോജിപ്പുള്ളത്. അദ്ദേഹവുമായുള്ള വ്യക്തിബന്ധത്തില്‍ ഒരു പ്രശ്നവും ഉണ്ടായിട്ടില്ല. മുജാഹിദുകള്‍ തീവ്ര സമീപനം ഉള്ളവരാണെന്ന് നിങ്ങള്‍ക്ക് എവിടെയും കാണാന്‍ കഴിയില്ല. കേരളത്തില്‍ മുസ്ലിം ഐക്യ ശ്രമം നടന്നിട്ട് മുജാഹിദുകള്‍ എവിടെയെങ്കിലും പിറകോട്ട് പോയിട്ടുണ്ടോ? മഹാന്മാരായ കെ.പി, സൈദ് മൌലവി, ശൈഖ് മൌലവി തുടങ്ങിയവരുടെ കാലം മുതലേ തുടരുന്നതാണിത്. എല്ലാ ഐക്യ ശ്രമങ്ങളുടെയും മുന്നില്‍ ഞങ്ങളുണ്ടായിട്ടുണ്ട്. 'ഞങ്ങളെ മാറ്റിനിര്‍ത്തണം, എങ്കിലേ ഐക്യമുണ്ടാകൂ' എന്നാണ് ചിലര്‍ പറഞ്ഞിരുന്നത്. ഞങ്ങളുടെ കൂടെ ഇരിക്കുന്നതിനും ഞങ്ങളോട് സലാം പറയുന്നതിനുമാണ് വിലക്കേര്‍പ്പെടുത്തിയത്. പിന്നെ ഞങ്ങള്‍ എങ്ങനെ തീവ്രവാദികളാകും? ഞങ്ങള്‍ തെറ്റായ ആശയങ്ങളെയാണ് എതിര്‍ത്തത്, വ്യക്തികളെയല്ല.

കേരള നദ്വത്തുല്‍ മുജാഹിദീനില്‍ കഴിഞ്ഞ പത്തു വര്‍ഷങ്ങളിലായി ഉണ്ടായ ആഭ്യന്തര ശൈഥില്യം പ്രയാസകരമായ ഘട്ടത്തിലേക്ക് പ്രവേശിച്ചിരിക്കുകയാണിപ്പോള്‍. ഇപ്പോഴത്തെ വെല്ലുവിളികളെ എങ്ങനെയാണ് അതിജീവിക്കുക?
മുജാഹിദ് പ്രസ്ഥാനത്തിന് വെല്ലുവിളികളില്ലെന്നാണ് ഞങ്ങളുടെ വിശ്വാസം. പതിനായിരക്കണക്കിന് ആളുകളുള്ള ഒരു ജനകീയ സമിതിയാണിത്. ഏതെങ്കിലും നിലക്കുള്ള കേഡര്‍ സ്വഭാവത്തിലുള്ള സംഘടനയല്ല. ഇതിന്റെ ആദര്‍ശം മനസ്സിലാക്കി വന്നവര്‍ക്കെല്ലാം ഇതില്‍ അംഗത്വം കിട്ടും. മെമ്പര്‍ഷിപ്പ് ഇല്ലാതെയും ഇക്കൂട്ടത്തില്‍ ആളുകളുണ്ട്. മഹാഭൂരിപക്ഷവും അങ്ങനെയാണ്. ഇതില്‍ ഒരു പിഴച്ച സമീപനം, ഒരു തിരിച്ചുപോക്ക് നാം അനുവദിക്കില്ല. 'തിരിച്ചുപോക്ക്' എന്ന് പ്രയോഗിച്ചത് ബോധപൂര്‍വമാണ്. ജാഹിലിയ്യത്ത് നാം അനുഭവിച്ചതാണ്. അതിലേക്കിനി ഇതിനെ തിരിച്ചുകൊണ്ടുപോകാന്‍ പാടില്ല. അത് സമൂഹം സമ്മതിക്കില്ല. ഈ വിഷയത്തില്‍ സമൂഹം മൊത്തം ഞങ്ങളെ പിന്തുണക്കുകയാണ്. ചിലര്‍ താല്‍ക്കാലികമായ നേട്ടത്തിനു വേണ്ടി അവരെ പിന്തുണക്കുന്നുണ്ട്, അവര്‍ക്ക് കൈയടി നല്‍കുന്നുണ്ട്. അതിന്റെയൊക്കെ അനന്തരഫലം എന്തായിരിക്കും എന്ന് നമുക്കറിയാം. ഇങ്ങനെ പലര്‍ക്കും കൈയടി നല്‍കിയവര്‍ ഇന്നവരുടെ കൂടെയുണ്ടോ? എത്ര വാചാലതയുള്ളവര്‍, ജനങ്ങളെ ആകര്‍ഷിച്ചവര്‍ ഇവിടെ ഉണ്ടായിരുന്നു. അവരുടെ കൂടെയൊന്നും പക്ഷേ, ആളുണ്ടാകില്ല. മുജാഹിദ് പ്രസ്ഥാനത്തിന്റേത് സ്ഫുടം ചെയ്ത ആശയമാണ്. ഞങ്ങള്‍ക്കിപ്പോള്‍ ഒരു വെല്ലുവിളിയുമില്ല. നേതൃത്വത്തിലോ അണികളിലോ ഇല്ല. വളരെ താഴെ തട്ടില്‍ ചിലപ്പോള്‍ ഇതുണ്ടാകാം. അതിന് ചിലര്‍ പ്രോത്സാഹനം നല്‍കുന്നുണ്ടാകും. പക്ഷേ, അതൊന്നും ഈ പ്രസ്ഥാനത്തെ ബാധിക്കുകയില്ല.

അടുത്ത കാലത്ത് സംഘടനക്കകത്ത് ഉയര്‍ന്നുവന്ന ജിന്ന് വിവാദത്തെ എങ്ങനെ നോക്കിക്കാണുന്നു?
ശിര്‍ക്ക് പല സ്വഭാവത്തിലുണ്ട്. പല വഴികളിലൂടെയും അത് കടന്നുവരും. നമുക്ക് തന്നെ അറിയാനാകാത്ത ഒരുപാട് ശിര്‍ക്കുണ്ട്. അവിടെ ഒരു മാനദണ്ഡമേ ഞങ്ങള്‍ സ്വീകരിച്ചിട്ടുള്ളൂ. സ്രഷ്ടാവ് (ഖാലിഖ്) ഒന്നേയുള്ളൂ. ബാക്കിയെല്ലാം സൃഷ്ടി (മഖ്ലൂഖ്) ആണ്. വളരെ വ്യക്തമായ തിരിച്ചറിവാണിത്. സ്രഷ്ടാവിനെ മാത്രമേ ആരാധിക്കാന്‍ പാടുള്ളൂ. ആരാധനയുടെ രൂപത്തില്‍ വരുന്ന ഏത് തേട്ടങ്ങളും സഹായ അഭ്യര്‍ഥനകളും - മലയാളത്തില്‍ അതിന് എന്ത് പേര് പറഞ്ഞാലും ശരി- അതെല്ലാം അല്ലാഹുവോട് മാത്രമേ പാടുള്ളൂ. അവരോട് പറ്റുമോ, ഇവരോട് പറ്റുമോ എന്നൊന്നും ചോദിക്കുന്നതിലര്‍ഥമില്ല. മഹാനായ പ്രവാചകനെ പോലും ആരാധിക്കാന്‍ പാടില്ല. ആ ഒരു അവസ്ഥയെ ഉപരോധിച്ചു നിര്‍ത്തുകയാണ് നബി(സ) ചെയ്തത്. നബി(സ)യെ അമിതമായി ബഹുമാനിക്കുന്നതിനെതിരെ, മുന്‍ സമുദായങ്ങളുടെ മാര്‍ഗഭ്രംശം ചൂണ്ടിക്കാട്ടി താക്കീതു നല്‍കി. നബി(സ)യുടെ അവസ്ഥ ഇതാണെങ്കില്‍ മറ്റു സൃഷ്ടികളുടെ കാര്യം പറയേണ്ടതുണ്ടോ.
ഇപ്പോള്‍ ചിലര്‍ ജിന്ന് വിവാദമാക്കുന്നു അത്തരമൊരു വിഷയം തന്നെ ഇവിടെ വരുന്നില്ല. ജിന്നും മലക്കും എല്ലാം സൃഷ്ടികളാണ്. ഒരു സൃഷ്ടിയോടും അദൃശ്യമായ (ഗൈബിയ്യ്) സഹായം തേടാന്‍ പാടില്ല. ഇത് വിശദീകരിച്ചു കൊടുക്കേണ്ട ആവശ്യമില്ല. വളരെ വ്യക്തമാണ്. ഇയ്യാക്ക നഅ്ബുദു വഇയ്യാക്ക നസ്തഈന്‍ - ഈ പ്രതിജ്ഞ ചൊല്ലാന്‍ തയാറുണ്ടെങ്കിലേ യഥാര്‍ഥ മുസ്ലിമായി മുന്നോട്ടു പോകാന്‍ പറ്റൂ. ലാ ഇലാഹ ഇല്ലല്ലാഹ് പ്രഖ്യാപിക്കുന്നതോടെ ജീവിതാന്ത്യം വരെ മുറുകെ പിടിക്കേണ്ട പ്രതിജ്ഞയാണിത്. പിശാച് വഴിതെറ്റിക്കാന്‍ ശ്രമിക്കും. പിശാചിന് അനുയായികളുണ്ടാകും. ഉന്നതന്മാരായ പ്രവാചകന്‍മാരെയടക്കം വഴിപിഴപ്പിക്കാന്‍ ശ്രമിച്ചിട്ടുണ്ട്. അതിനെ അതിജീവിക്കുകയെന്നതാണ് ജിഹാദ്. അന്ധവിശ്വാസ അനാചാരങ്ങള്‍ തിരിച്ചുകൊണ്ടുവരാനുള്ള സംഘടിത ശ്രമങ്ങള്‍ ഇപ്പോള്‍ നടക്കുന്നുണ്ട്. അങ്ങനെയേ ഇസ്ലാമിനെ തകര്‍ക്കാന്‍ കഴിയൂ. ഇന്നത്തെ രീതിയില്‍ മുന്നേറിയാല്‍ ഇസ്ലാം ഏറ്റവും വലിയ ആദര്‍ശ പ്രസ്ഥാനമായി മാറും. ഭരണവും ആധിപത്യവുമല്ല ഞാനുദ്ദേശിക്കുന്നത്. സമൂഹം സ്വീകരിക്കുന്ന മതവും ആദര്‍ശവും ഇസ്ലാമായി മാറും.

Comments

Other Post

ഖുര്‍ആന്‍ ബോധനം

Quran