ഭീകരതക്ക് ജാമ്യം മാത്രമല്ല, പാര്‍ട്ടി ടിക്കറ്റും...
മക്കാ മസ്ജിദ് സ്ഫോടനക്കേസില്‍ ജയിലിലായ കൊടുംകുറ്റവാളി ലോകേഷ് ശര്‍മക്കും ദേവേന്ദര്‍ ഗുപ്തക്കും ഹൈദരാബാദിലെ പ്രത്യേക കോടതി ഇക്കഴിഞ്ഞ നവംബര്‍ 26-ന് ജാമ്യം നല്‍കിയത് ആരെങ്കിലും ശ്രദ്ധിച്ചോ ആവോ? മക്കാ മസ്ജിദ് കേസില്‍ കിട്ടിയ ഈ ജാമ്യം ശേഷിച്ച മറ്റു ചില കേസുകളുടെ വിചാരണ പൂര്‍ത്തിയാവാത്ത സാഹചര്യത്തില്‍ ഹൈക്കോടതി ഡിവിഷന്‍ ബെഞ്ച് സ്റേ ചെയ്തെങ്കിലും ഭീകരതയുമായി ബന്ധപ്പെട്ട കേസുകളില്‍ ഇത്ര ഉദാരമായി ജാമ്യം കിട്ടുമെന്ന വിവരം അത്ഭുതപ്പെടുത്തുന്നതായിരുന്നു. വെറും 50,000 രൂപ ജാമ്യത്തുക കെട്ടിവെക്കണമെന്നതും പാസ്പോര്‍ട്ട് കോടതിയില്‍ സമര്‍പ്പിക്കണമെന്നതും മാത്രമായിരുന്നു ഉപാധികള്‍. ഈ ലോകേഷ് ശര്‍മ തന്നെയാണ് സ്വാധ്വി പ്രഗ്യാസിംഗിനൊപ്പം പിടിയിലായ, ഇന്ത്യയിലെ ഹിന്ദുത്വ ഭീകരശൃംഖലയിലെ സുപ്രധാന കണ്ണികളിലൊരാളെന്നു തിരിച്ചറിയുക. കേവലമായ ഗൂഢാലോചന എന്നതിനേക്കാളുപരി കുറ്റകൃത്യത്തില്‍ നേരിട്ടു പങ്കെടുത്തവര്‍ കൂടിയായിരുന്നു ലോകേഷ് ശര്‍മയും ദേവേന്ദര്‍ ഗുപ്തയും. ലഫ്. കേണല്‍ പ്രസാദ് പുരോഹിത് നയിച്ച പഴയ അഭിനവ് ഭാരത് സംഘത്തിലെ സുപ്രധാന കണ്ണികളായിരുന്നു ഇവര്‍. ഏറ്റവുമൊടുവില്‍ കഴിഞ്ഞ ആഴ്ച ഉജ്ജയിനില്‍ നിന്ന് പിടിയിലായ ധാന്‍സിംഗും രാജേന്ദര്‍ ചൌധരി എന്ന പഹല്‍വാനും ഇതേ സംഘത്തിലാണ് ഉള്‍പ്പെടുന്നത്. അന്താരാഷ്ട്ര മാനമുള്ള ഭീകരാക്രമണ കേസിലടക്കം പ്രതികളായിരിക്കവെയാണ് സാധാരണ ക്രിമിനല്‍ കേസുകളുടെ നടപടിക്രമമനുസരിച്ച് ഇരുവര്‍ക്കും ഹൈദരാബാദിലെ മെട്രോപോളിറ്റന്‍ മജിസ്ട്രേറ്റ് കോടതി ജാമ്യം നല്‍കിയത്. ഈ ശൃംഖലയെ സാകൂതം വീക്ഷിക്കുന്ന ഏതൊരാള്‍ക്കും എളുപ്പം തിരിച്ചറിയാനാവുന്ന കാര്യമാണ് ഏറ്റവും ചുരുങ്ങിയത് മാലേഗാവ്, സംഝോത, ഹൈദരാബാദ്, അജ്മീര്‍ സ്ഫോടനങ്ങളെങ്കിലും പരസ്പരം ബന്ധപ്പെട്ടു കിടക്കുന്നവയാണെന്ന്. ആര്‍.എസ്.എസ് പ്രചാരകരുമായ കല്‍സാംഗ്രെയും ഡാങ്കെയും അടക്കമുള്ള മുഖ്യപ്രതികളെ നിയമത്തിനു മുമ്പില്‍ കൊണ്ടുവരാന്‍ കഴിഞ്ഞിട്ടില്ലെന്നിരിക്കെ കൂട്ടുപ്രതികളെ വിട്ടയച്ചാല്‍ നിയമവാഴ്ചയെ അത് ബാധിക്കില്ലെന്നും ഇരുവരും തെളിവുകളെ സ്വാധീനിക്കില്ലെന്നും ഒരു മെട്രോപോളിറ്റന്‍ ജഡ്ജി വിലയിരുത്തിയതിന്റെ യുക്തി അസാധാരണമായിരുന്നില്ലേ? ഇത്രക്ക് ഭീകരമായ ഒരു കേസില്‍ ജാമ്യാപേക്ഷയുമായി ശര്‍മക്കും ഗുപ്തക്കും ഹൈക്കോടതിയിലേക്കു പോലും പോകേണ്ടിവന്നില്ല എന്നത് അതിനേക്കാളേറെ അമ്പരപ്പിക്കുന്നതായിരുന്നില്ലേ?
ഭീകരതയുടെ കാര്യത്തിലെ മാധ്യമവേട്ടയും നീതിവാഴ്ചയും ഇപ്പോഴും ഇരട്ടത്താപ്പ് അവസാനിപ്പിച്ചിട്ടില്ലെന്ന് തോന്നിക്കുന്ന രണ്ട് സന്ദര്‍ഭങ്ങളെങ്കിലും പിന്നെയുമുണ്ടായി. ഉമാഭാരതിയുടെ ഭോപാല്‍ ജയില്‍ സന്ദര്‍ശനമായിരുന്നു ഇതിലൊന്ന്. തന്റെ പഴയ എ.ബി.വി.പി സുഹൃത്തും സംഘ്പരിവാര്‍ സഹയാത്രികയുമായ സ്വാധ്വി പ്രഗ്യാ സിംഗിനെ സന്ദര്‍ശിച്ചതിനു ശേഷം ഉമാഭാരതി നടത്തിയ വാര്‍ത്താ സമ്മേളനമാണ് ഭീകരതയുടെ കാര്യത്തില്‍ ഇന്ത്യന്‍ രാഷ്ട്രീയത്തിന് രണ്ട് മതമുണ്ടെന്ന ആരോപണത്തിന് അടിവരയിട്ടത്. സ്വാധ്വിയുടെ കുറ്റമായിരുന്നില്ല അവരുടെ മതമായിരുന്നു ഈ സന്ദര്‍ശനത്തിന്റെ പ്രേരണ. ആരോഗ്യകാരണങ്ങളാണ് ഭീകരാക്രമണ കേസിലെ പ്രതികളുടെ കാര്യത്തില്‍ പ്രധാനപ്പെട്ടതെങ്കില്‍ കര്‍ണാടക ഭരിക്കുന്ന ബി.ജെ.പി സര്‍ക്കാര്‍ തന്നെയല്ലേ സ്വാധ്വിയുടെതിനെ അപേക്ഷിച്ച് അങ്ങേയറ്റം ദുര്‍ബലമായ ബാംഗ്ളൂര്‍ സ്ഫോടന കേസില്‍ ഒരു രാഷ്ട്രീയ നേതാവിനെ ജയിലിലിട്ടു കൊല്ലാക്കൊല നടത്തുന്നത്? ഇതേ പ്രഗ്യാ സിംഗിനു വേണ്ടി മുന്‍ ഉപപ്രധാനമന്ത്രി എല്‍.കെ അദ്വാനി ഇടപെട്ട് പ്രധാനമന്ത്രിയെ കൊണ്ട് മറുപടി പറയിച്ച പഴയ കുതന്ത്രത്തിന്റെ ഭാഗമായിരുന്നു ഉമയുടെ സന്ദര്‍ശനവും. പ്രഗ്യാ സിംഗിന് ജയിലില്‍ വെച്ച് ക്യാന്‍സര്‍ പിടിപെട്ടിട്ടുണ്ടെന്നും പരസഹായമില്ലാതെ എഴുന്നേറ്റ് നില്‍ക്കാനാവില്ലെന്നുമാണ് ഉമാഭാരതി നല്‍കിയ വക്കാലത്ത്. ജയിലധികൃതര്‍ പ്രഗ്യയെ വല്ലാതെ പീഡിപ്പിക്കുന്നുണ്ടെന്നും മുന്‍ മധ്യപ്രദേശ് മുഖ്യമന്ത്രി കൂടിയായ ഉമ കുറ്റപ്പെടുത്തി. അടുത്ത തെരഞ്ഞെടുപ്പില്‍ പ്രഗ്യക്ക് പാര്‍ട്ടിയുടെ ടിക്കറ്റ് കൊടുക്കുമെന്നു കൂടി ഉമാഭാരതി പ്രഖ്യാപിച്ചതായി സകാല്‍ പത്രം റിപ്പോര്‍ട്ടു ചെയ്യുന്നു. എങ്ങനെയുണ്ട് ഭീകരതയോടുള്ള ബി.ജെ.പിയുടെ വിരോധം? ഈ സന്യാസിനിയെ രണ്ട് പേര്‍ താങ്ങിയിരുത്തിയ ഒരു ചിത്രവും അന്ന് ദൈനിക് ഭാസ്കര്‍ പോലുള്ള മാധ്യമങ്ങള്‍ പുറത്തുവിട്ടിരുന്നു. സഹതാപ തരംഗത്തിന്റെ സുനാമിയായിരുന്നു ഹിന്ദി പത്രങ്ങളില്‍ അടിച്ചു വീശിയത്.
മഹാരാഷ്ട്ര ഭീകരവിരുദ്ധ നിയമമായ മോക്ക പ്രകാരം മുംബൈയില്‍ വിചാരണ നേരിടുന്ന അധോലോക നേതാവ് രവി പൂജാരിയുടെ ഗുണ്ടകളിലൊരാളെ ആരോഗ്യപരമായ കാരണങ്ങളാല്‍ വിട്ടയക്കുന്നതിനെ കുറിച്ച് കഴിഞ്ഞ ദിവസം പ്രത്യേക കോടതി സര്‍ക്കാറിനോട് അഭിപ്രായം തേടിയതും ഇതോടൊപ്പം ചേര്‍ത്തു വായിക്കണം. എയിഡ്സ് ബാധിതനാണ് ഈ കുറ്റവാളി. ഈ വാര്‍ത്ത പ്രസിദ്ധീകരിച്ച പത്രം മാധ്യമധര്‍മത്തിന്റെ ഭാഗമായി പ്രതിയുടെ പേര് പറഞ്ഞിട്ടില്ല. പേര് പറയേണ്ട ആവശ്യവുമില്ല. പക്ഷേ മരണാസന്നനായ ഒരു പ്രതിയുടെ കാര്യത്തില്‍ നീതിപീഠത്തിന് കരുണ കാണിക്കാനാവുമെന്നതു മാത്രമാണ് ഇതിലടങ്ങിയ വിഷയം. നേരത്തെ പറഞ്ഞ ഹൈദരാബാദ് കോടതി വിധിയാകട്ടെ, കേസ് ഭീകരതയാണെങ്കില്‍ പോലും, എന്നല്ല അന്താരാഷ്ട്ര മാനങ്ങളുള്ള ഭീകരതയാണെങ്കില്‍ പോലും, പ്രതിയെ ജാമ്യത്തില്‍ വിട്ടയക്കാമെന്നും അര്‍ഥമാവുന്നു.
അബ്ദുന്നാസിര്‍ മഅ്ദനി എന്ന ഇരയുടെ കാര്യത്തില്‍ വേട്ടക്കാര്‍ കളംമാറിച്ചവിട്ടുന്ന ഇപ്പോഴത്തെ സാഹചര്യം നീതിയുടെ താല്‍പര്യമാണെന്ന് ആരെങ്കിലും തെറ്റിദ്ധരിച്ചുവെങ്കില്‍ അവനാണ് പമ്പരവിഡ്ഢി. കേരളത്തിലെ രാഷ്ട്രീയ നേതാക്കള്‍ അങ്ങനെ 'വെറുതെ കുമ്മായം തിന്നുന്ന' വകുപ്പില്‍ പെട്ടവരല്ല. മഅ്ദനിയുടെ മരണം ആസന്നമാണെന്ന് ഒന്നുകില്‍ ഇന്റലിജന്‍സിന്റെ റിപ്പോര്‍ട്ടു വന്നിട്ടുണ്ടാവും. അല്ലെങ്കില്‍ എങ്ങനെയൊക്കെ ആഞ്ഞുപിടിച്ചിട്ടും കേസ് വിധിപറഞ്ഞാല്‍ ചീറ്റിപ്പോകുന്ന അവസാനഘട്ടത്തിലേക്ക് എത്തിയിട്ടുണ്ടാവും. ഇനിയിപ്പോള്‍ രക്ഷകരായി അവതരിച്ച് പത്ത് വോട്ടുപിടിക്കാന്‍ നോക്കുകയല്ലേ ബുദ്ധി?
Comments