Prabodhanm Weekly

Pages

Search

2012 ഡിസംബര്‍ 29

സഞ്ചാരവഴികളിലൂടെ

പി.എ.എം ഹനീഫ്

അദൃശ്യമാക്കപ്പെട്ട സാംസ്കാരിക അടരുകള്‍ തേടിയുള്ള 
തനിമയുടെ സാംസ്കാരിക സഞ്ചാരത്തെക്കുറിച്ച്

സഞ്ചാരങ്ങള്‍ മനുഷ്യ സംസ്കൃതിയുടെ പുരോഗതിയെ കുറിക്കുന്നു. ആദി മനുഷ്യന്‍ തൊട്ട്, പുതിയ നൂറ്റാണ്ടിലും സഞ്ചാരങ്ങളാണ് മാനവ സംസ്കൃതിയുടെ ജീവിത താളത്തെ വെളിവാക്കുന്നത്. ഹസ്രത് ഇബ്റാഹീമിന്റെ പലായന ചരിത്രങ്ങള്‍ സത്യസംസ്കാരങ്ങളുടെ വെളിപ്പെടുത്തലുകളുമാണ്. മനുഷ്യ ചരിത്രത്തില്‍ നാഗരികതകളുടെ എല്ലാം മുറിച്ചു മുന്നേറ്റങ്ങളിലും സഞ്ചാരങ്ങളിലൂടെ മനുഷ്യന്‍ ആര്‍ജിച്ച പുത്തന്‍ അറിവുകളും സാംസ്കാരിക അവബോധങ്ങളും പുതിയ നൂറ്റാണ്ടുകളുടെ ഊര്‍ജ്ജ സ്രോതസുകളാകുന്നു. സകലവിധ ഇതിഹാസങ്ങളിലും വേദഗ്രന്ഥങ്ങളിലും 'സഞ്ചാരം' പുത്തന്‍ ഉപമകള്‍ മനുഷ്യനെ പഠിപ്പിക്കുന്നു. സഞ്ചാര വേളയിലാണ് ഒരാള്‍ അപരനെ-സഹയാത്രികനെ-അകമറിഞ്ഞ് പരിചയപ്പെടുന്നതെന്ന് ഹദീസുകള്‍ വെളിപ്പെടുത്തുന്നു. നന്മ-തിന്മകളുടെ ഉഗ്രസംഘട്ടനങ്ങള്‍ വെളിവാക്കുന്ന 'മഹാഭാരതം' ഇതിഹാസ കഥയില്‍ പാണ്ഡവരുടെ സഞ്ചാരങ്ങളിലൂടെയാണ് അവര്‍ നവീനമായി സകല വിശദാംശങ്ങളും ആര്‍ജിക്കുന്നത്. ഇലിയഡും ഒഡീസിയും കാരമസോവ് സഹോദരരും 'പാവങ്ങളി'ലെ ഡി-മെത്രാനും സഞ്ചാരങ്ങളിലൂടെ പുത്തന്‍ അനുഭവങ്ങള്‍ വെളിവാക്കുന്നു.
ഇന്ത്യയില്‍ സഞ്ചാരികളായെത്തിയ ഗവേഷണ കുതുകികള്‍ ഓരോ ഗ്രാമ മൂലകളിലും കണ്ടെത്തിയ മണ്‍മറഞ്ഞു കിടന്ന സാംസ്കാരിക ചിഹ്നങ്ങള്‍ മികച്ച ജനപദങ്ങളുടെ ജീവിതവും സംസ്കാരവുമാണെന്ന് വിളിച്ചു പറഞ്ഞു. സെന്റ് തോമസിന്റെ സഞ്ചാരങ്ങള്‍, മാലിക് ബ്നു ദീനാറും സംഘവും സഞ്ചരിച്ച വഴികള്‍, ആദി ശങ്കരന്റെ യാത്രകളൊക്കെയും കേരളത്തിന്റെ സാംസ്കാരിക ഉള്ളടക്കങ്ങളെ വേര്‍തിരിച്ചു കാട്ടുന്നു.
പക്ഷേ, ഇനിയും നാം കണ്ടെത്താത്ത സാംസ്കാരിക അടരുകള്‍ കേരളത്തിന്റെ പലേ മൂലകളിലും ചിതല്‍ കയറിയോ പൊടിമൂടിയോ അദൃശ്യമായിരിക്കുന്നു. രാഷ്ട്രീയ-സാംസ്കാരിക സംഘങ്ങള്‍ പുത്തന്‍ യാത്രകളിലൂടെ വോട്ടുബാങ്കുകളെ മാത്രം ലക്ഷ്യം വെക്കുമ്പോള്‍ സത്യം പലേ ഇടങ്ങളിലും തിരിച്ചറിയാതെ അവശേഷിക്കുന്നു. തനിമ ഒരു സാംസ്കാരിക സഞ്ചാരം എന്ന ആശയം മുന്നോട്ടു വെക്കുന്നതു തന്നെ ഇനിയും അറിയപ്പെടാത്ത സാംസ്കാരിക അടരുകളെ പൊടിതട്ടി മുഴുവന്‍ കേരളീയര്‍ക്കും വെളിപ്പെടുത്തുവാനാകുന്നു.
ഉത്തര ദേശത്തെ കാസര്‍കോട് താലൂക്കില്‍ മൊഗ്രാല്‍ എന്ന ഗ്രാമം പാട്ടുകാരുടെ ദേശമാണ്. സന്ദേശ കാവ്യങ്ങള്‍ക്കും മുമ്പ് വിരചിതമായ 'പക്ഷിപ്പാട്ടു'കളുടെ കവികള്‍ ജീവിച്ചു മരിച്ച ഇടം. പക്ഷേ, മൊഗ്രാല്‍ ചരിത്രത്തിലൊരിടത്തും സവിശേഷമായി രേഖപ്പെടുത്തപ്പെട്ടിട്ടില്ല. 'അഷ്ടാംഗഹൃദയ'ത്തിന് മലയാള മൊഴിമാറ്റം നിര്‍വഹിച്ച കാസര്‍കോട് പട്ളയിലെ കുഞ്ഞുമാഹിന്‍ എന്ന വൈദ്യശ്രേഷ്ഠനെ ഇനിയും കേരളത്തിലെ അക്കാദമികളോ സാംസ്കാരിക മേലാളരോ അറിഞ്ഞിട്ടില്ല. അറിഞ്ഞവരൊട്ട് ആ പ്രതിഭാ ഔന്നത്യത്തെ ആദരിച്ചിട്ടുമില്ല. കവി ഉബൈദും മഞ്ചേശ്വരത്ത് ജീവിച്ചു മരിച്ച രാഷ്ട്രകവി ഗോവിന്ദപൈയും യക്ഷഗാന കലാരംഗത്തെ പോയ തലമുറയിലെ മഹാനടന്മാരും കേരളത്തില്‍ അറിയപ്പെടുന്നു പോലുമില്ല. ഇവര്‍ മിക്കവരും കേരളീയരായിരുന്നു. തലപ്പാടി മുതല്‍ കാസര്‍കോടുവരെ വിവിധ ഗ്രാമങ്ങളില്‍ ജീവിച്ചവര്‍.
അള്ളടാത്തു സ്വരൂപവും മഹാകവി പി യുടെ അച്ഛന്‍ ട്രസ്റിയുമായി പുകഴ്പെറ്റ മടിയന്‍ കുലോം ശില്‍പ സമുച്ചയ തെയ്യക്കാവ് കാഞ്ഞങ്ങാടിനടുത്ത് വെള്ളിക്കോത്തുണ്ട്. ആ ദേശവാസികളല്ലാതെ ആ ശില്‍പ സമുച്ചയങ്ങളെ കേരളം ആദരിച്ചിട്ടേയില്ല. വിദ്വാന്‍ പി. കേളു നായരും രസിക ശിരോമണി കോമന്‍ നായരും മഹാകവി കുട്ടമത്തും പുതിയ തലമുറക്ക് അറിയപ്പെടുന്നവരല്ല. കണ്ണൂരില്‍ ചിറക്കലും അറക്കല്‍ സ്വരൂപവുമൊക്കെ കെട്ടുകഥകളാല്‍ സമ്പന്നമായി പുത്തന്‍ കാലത്തിന് വര്‍ഗീയ വിഷക്കോപ്പകള്‍ പടുക്കാന്‍ പാകത്തിലാണ്. തലശ്ശേരിയിലെ പാട്ടു കുടുംബം മാളിയേക്കലും കൂത്തുപറമ്പിലെ ചാന്ദ്പാഷയും അടക്കം പുതിയ കാലം ഓര്‍ത്തെടുക്കേണ്ടവരെത്രയോ...
കോഴിക്കോട് സാംസ്കാരിക സഞ്ചാരം സമാപിക്കുമ്പോള്‍ കേരളീയ ചരിത്രത്തില്‍ സര്‍ഗാത്മക മുദ്രകള്‍ പതിപ്പിക്കേണ്ട നിരവധി അറിയപ്പെടാത്ത ഏടുകളും ചന്ദ്രഗിരി- തേജസ്വിനി- കാര്യങ്കോട്-പഴയങ്ങാടി-മയ്യഴിപ്പുഴകളിലെ ജലപ്രതീകാത്മകതകളും കാസര്‍കോട്ടെ വിഷവീര്യമുള്ള എന്‍ഡോസള്‍ഫാന്‍ മണ്ണും സഞ്ചാരികളുടെ മാറാപ്പിലുണ്ടാവും. കുഞ്ഞാലിമരക്കാര്‍ സ്മാരകവും സാമൂതിരി കോവിലകവും ചുറ്റി അണഞ്ഞുപോയ നടന പ്രതിഭകള്‍ നെല്ലിക്കോട് ഭാസ്കരനും കുഞ്ഞാണ്ടിയും ഒക്കെ സ്മരിക്കപ്പെടുമാറ് നഗര കേന്ദ്രങ്ങളില്‍ പ്രമുഖര്‍ പങ്കെടുക്കുന്ന സംഗമം ബേപ്പൂര്‍ വൈലാലില്‍ ബഷീര്‍ വിശ്രമിച്ചിരുന്ന മാങ്കോസ്റിന്‍ മരത്തണലില്‍ സമാപിക്കുമ്പോള്‍ "സാംസ്കാരിക സഞ്ചാരം'' ഒന്നാം ഘട്ടത്തിന് തിരശ്ശീല.
ഈ സര്‍ഗമുദ്ര ശേഷിപ്പുകളുമായി രണ്ടും മൂന്നുംവട്ട 'സഞ്ചാര'ത്തിലൂടെ അനന്തപുരിയിലെത്തുന്ന യാത്രാസംഘം പുതിയൊരു സാംസ്കാരിക വിപ്ളവത്തിന് വിളക്ക് കൊളുത്തുമെന്ന പ്രത്യാശയോടെ, മുഴുവന്‍ കലാസ്നേഹികളുടെയും കൂട്ടായ്മ 'സാംസ്കാരിക സഞ്ചാരം' ഒന്നാം ഘട്ടത്തിനുണ്ടാവണമെന്ന പ്രാര്‍ഥനകളോടെ.
(സാംസ്കാരിക സഞ്ചാരം ഡയറക്ടറാണ് ലേഖകന്‍))

Comments

Other Post

ഖുര്‍ആന്‍ ബോധനം

Quran