Prabodhanm Weekly

Pages

Search

2012 ഡിസംബര്‍ 29

കേരള മുസ്ലിമിന്റെ നാട്ടുമുറ്റം

ബഷീര്‍ തൃപ്പനച്ചി

മതകലാലയങ്ങളില്‍ നിന്നിറങ്ങുന്ന സുവനീറുകള്‍ക്ക് നാം പരിചയിച്ച ചില ചിട്ടവട്ടങ്ങളും പതിവ് ഉള്ളടക്കങ്ങളുമുണ്ട്. വിദ്യാര്‍ഥികളുടെ എഴുത്തു പരിശീലന കളരിയും സ്ഥാപന ചരിത്രങ്ങളും ചിത്രങ്ങളും എതിര്‍ വീക്ഷണക്കാരെ പരിഹസിക്കുന്ന ലേഖനങ്ങളും പിന്നെ ചില സാംസ്കാരിക മത-രാഷ്ട്രീയ നേതാക്കളെ ഉള്‍പ്പെടുത്തിയുള്ള ചര്‍ച്ചയുമാണത്. സ്ഥാപനങ്ങളോടുള്ള പ്രതിബദ്ധത കാരണം വില കൊടുത്തുവാങ്ങുന്നുവെന്നല്ലാതെ സൂക്ഷിച്ച് വെക്കാനും ഗൌരവ വായനക്കും അതിലെന്തെങ്കിലുമുണ്ടാകുമെന്ന് ആരും വിചാരിക്കാറുമില്ല. ഈ വായനാനുഭവത്തെ തിരുത്തുന്ന സുവനീറുകള്‍ അപൂര്‍വമാണ്. ഇസ്ലാമിക കര്‍മശാസ്ത്രത്തെ മാത്രം പ്രമേയമാക്കി വര്‍ഷങ്ങള്‍ക്ക് മുമ്പ് ശാന്തപുരം അല്‍ജാമിഅ വിദ്യാര്‍ഥികള്‍ പുറത്തിറക്കിയ മാഗസിനാണൊരു മാതൃക. ഒരു പുസ്തകം പോലെ റഫറന്‍സായി സൂക്ഷിച്ച് വെക്കാവുന്ന അത്തരമൊന്നാണ് ഇസ്ലാമിക മഹല്ല് കേന്ദ്ര വിഷയമാക്കി കാപ്പാട് ഇസ്ലാമിക് അക്കാദമി അതിന്റെ പ്രഥമ സനദ്ദാന സമ്മേളനത്തോടനുബന്ധിച്ച് പ്രസിദ്ധീകരിച്ച മൂന്നൂറ് പേജുള്ള 'കേരള മുസ്ലിമിന്റെ നാട്ടുമുറ്റം' എന്ന സുവനീര്‍.
സംഘടനാ കേന്ദ്രിതമായ കേരളീയ മതകലാലയങ്ങളുടെ എഴുത്ത്/വായനാ അതിര്‍വരമ്പുകളെ കുറിച്ച നമ്മുടെ മുന്‍ധാരണകളെയാണ് മാഗസിന്‍ ആദ്യമായി മാറ്റി വരക്കുന്നത്. എല്ലാ മുസ്ലിം പ്രസിദ്ധീകരണങ്ങളിലെയും സംഘടനകളിലെയും ശ്രദ്ധേയരായ എഴുത്തുകാര്‍ സുവനീറില്‍ ഇടംപിടിച്ചിട്ടുണ്ട്. ഒരു പൊതുചര്‍ച്ചക്ക് വേണ്ടി സ്വന്തം സംഘടനാ നേതാക്കള്‍ക്ക് ശേഷം പരിധി നിശ്ചയിച്ച് പരിമിതമായ ഇടമനുവദിക്കുന്ന ചര്‍ച്ച/എഴുത്ത് ഇടങ്ങളിലെ നടപ്പുശീലങ്ങളെയും നിയന്ത്രണ രേഖകളെയും ഔട്ട്ലൈനിന് പുറത്ത് നിര്‍ത്തി മഹല്ലിനെ കുറിച്ചുള്ള ചര്‍ച്ച തുടങ്ങുന്നത് തന്നെ ശൈഖ് മുഹമ്മദ് കാരകുന്നിന്റെ സാമാന്യം ദീര്‍ഘമായ ലേഖനത്തോടുകൂടിയാണ്. കേരള മുസ്ലിമിന്റെ നാട്ടുമുറ്റമാണ് മഹല്ലുകള്‍. പുതിയ കാലത്തെ സാമൂഹ്യമായ മുന്നൊരുക്കങ്ങള്‍ക്ക് മഹല്ലുകളെ എങ്ങനെ ചലനാത്മകമായി സജ്ജമാക്കാമെന്നാണ് സംഘടനാ നേതാക്കള്‍ ചര്‍ച്ച ചെയ്യുന്നത്. ഡോ. ഹുസൈന്‍ മടവൂര്‍, ഡോ. ഫസല്‍ ഗഫൂര്‍, ഡോ. എ.പി അബ്ദുല്‍ ഹകീം അസ്ഹരി, നജീബ് മൌലവി, റഫീഖ് സകരിയാ ഫൈസി, അബ്ദുര്‍റഷീദ് റഹ്മാനി തുടങ്ങിയവര്‍ നിലപാടുകള്‍ തുറന്നെഴുതുന്നു. സംഘടനാ വ്യത്യസ്തകളോടൊപ്പം തന്നെ മുസ്ലിം മഹല്ലിനെ കുറിച്ചുള്ള എല്ലാവരുടെയും സ്വപ്നങ്ങളും കാഴ്ചപ്പാടുകളും ഒന്നായി മാറുന്നുവെന്നതാണ് ഈ ചര്‍ച്ചയുടെയും തുടര്‍ന്നുള്ള ലേഖനങ്ങളുടെയും പ്രാധാന്യം.
'അത് പള്ളിയില്‍ പോയി പറഞ്ഞാല്‍ മതി' എന്ന ഒരു പ്രയോഗം ഇപ്പോഴും മലബാറിലുണ്ട്. പള്ളി എല്ലാത്തിന്റെയും കേന്ദ്രമാണെന്നും, ഏതു കാര്യവും പള്ളിയില്‍ പറഞ്ഞാല്‍ അവിടെ നിന്നൊരു പരിഹാരമുണ്ടാകുമെന്നുമുള്ള ആശയമാണ് ആ പദപ്രയോഗം സൂചിപ്പിക്കുന്നത്. മഹല്ലിന്റെ കേന്ദ്രമായ പള്ളിയുടെ ആ ചരിത്ര ദൌത്യത്തിലേക്ക് അതിനെ തിരിച്ച് നടത്താനുള്ള സംരംഭങ്ങളും പദ്ധതികളുമാണ് സുവനീര്‍ ചര്‍ച്ച ചെയ്യുന്നത്. വ്യത്യസ്ത മഹല്ലുകളുടെ കോര്‍ഡിനേഷന്‍, ബാങ്കിന്റെ സമയ ഏകീകരണം, ഖാദി മദ്റസാധ്യാപക ശമ്പള വ്യവസ്ഥകള്‍, ഖുത്വുബ പരിശീലനം, ഫാമിലി കൌണ്‍സലിംഗ്, പ്രീ മാര്യേജ് കൌണ്‍സലിംഗ്, ലഹരി-സാമൂഹ്യ തിന്മകള്‍ക്കെതിരെ മഹല്ല് കൂട്ടായ്മ, മഹല്ല് കമ്മറ്റിയിലെ സ്ത്രീ പ്രാതിനിധ്യം, വിദ്യാഭ്യാസ ഗൈഡന്‍സ് സെന്റര്‍, സ്കോളര്‍ഷിപ്പുകള്‍, കരിയര്‍ ഗൈഡന്‍സ്, തൊഴില്‍ സംരംഭങ്ങള്‍, ഗള്‍ഫ് പണത്തിന്റെ ശരിയായ ഉപയോഗം, സ്ത്രീധനം, വിവാഹ ധൂര്‍ത്ത്, ഖാദിയുടെ മേല്‍നോട്ടത്തിലുള്ള സംഘടിത സകാത്ത് വ്യവസ്ഥ, പലിശരഹിതനിധി, പള്ളിയോട് ചേര്‍ന്ന കോണ്‍ഫറന്‍സ് ഹാള്‍, കളിമുറ്റം. വഖഫ് സ്വത്തുക്കളുടെ ഉപയോഗം, റിലീഫ് സെല്‍, ദഅ്വാ സെല്‍, റസിഡന്‍ഷ്യല്‍ കമ്മറ്റികള്‍, മദ്റസാ വിദ്യാഭ്യാസത്തിനപ്പുറമുള്ള മത പഠനവേദികള്‍, കള്‍ച്ചറല്‍ സെന്ററുകള്‍, ക്ളബുകള്‍, ഇതര മതസ്ഥരെ പങ്കെടുപ്പിച്ചുള്ള മതതാരതമ്യപഠന കേന്ദ്രങ്ങള്‍... ഇങ്ങനെ മഹല്ലിന് സാധ്യമാകുന്ന ഒട്ടനവധി സംരംഭങ്ങളെയും സാധ്യതകളെയും കുറിച്ച് വ്യത്യസ്ത വീക്ഷണക്കാര്‍ മനസ് തുറന്നെഴുതുന്നു.
മാഗസിന്‍ സമിതി തന്നെ രേഖപ്പെടുത്തിയത് പോലെ 'ജീര്‍ണതകളുടെ മാറാല പിടിച്ച ചിലതുണ്ട്. അവ മാമൂലുകളാവാം. കാഴ്ചപ്പാടുകളാവാം ചില നടപ്പു ശീലങ്ങളാവാം. അവ പൊളിച്ചുകളഞ്ഞേ തീരൂ.' അത്തരമൊരു തിരിച്ചറിവിന്റെ തുടക്കമായി ഈ സുവനീറിനെ അടയാളപ്പെടുത്താം.
മുസ്ലിം ലോകത്തിന്റെ പുതിയ വായനയെയും ചിന്താലോകത്തെയും പരിചയപ്പെടുത്താനുള്ള ചെറിയ ശ്രമവും സുവനീറിലുണ്ട്. സിയാവുദ്ദീന്‍ സര്‍ദാര്‍, ഖുര്‍ഷിദ് അഹ്മദ്, അക്തര്‍ അല്‍വാസി, അസ്ഗറലി എഞ്ചിനീയര്‍ എന്നിവരുടെ നിരീക്ഷണങ്ങളാണതില്‍ ശ്രദ്ധേയമായത്.
ഉള്ളടക്കം പോലെ കെട്ടുംമട്ടും കവര്‍ പേജുമെല്ലാം മനോഹരമാക്കാന്‍ എഡിറ്റോറിയല്‍ സമിതിക്ക് സാധിച്ചിരിക്കുന്നു. വരുംകാലങ്ങളില്‍ ഇതര മതകലാലയങ്ങളുടെ മാഗസിനുകളുടെ ഉള്ളടക്കത്തെയും രൂപത്തെയും സ്വാധീനിക്കാനായാല്‍ കാപ്പാട് ഇസ്ലാമിക് അക്കാദമിയുടെ സുവനീറിന്റെ അണിയറ ശില്‍പികള്‍ക്ക് അഭിമാനിക്കാം, ഒരു നല്ല മാതൃകക്ക് തുടക്കം കുറിച്ചതില്‍.

Comments

Other Post

ഖുര്‍ആന്‍ ബോധനം

Quran