കാഴ്ചക്കുറവ് സൃഷ്ടിക്കുന്ന കള്ളത്തരങ്ങള്‍
സമകാലിക മലയാളം വാരികയില്‍ പ്രസിദ്ധീകരിച്ച 'എഴുത്തുകാരന്റെ ചോരക്കൊതി' എന്ന
ഹമീദ് ചേന്ദമംഗല്ലൂരിന്റെ ലേഖനത്തിന് കെ.പി രാമനുണ്ണിയുടെ മറുപടി
മഞ്ഞപ്പിത്തം ബാധിച്ചവര്‍ കാണുന്നതെല്ലാം മഞ്ഞളിച്ചിരിക്കുമെന്നൊരു പറച്ചില്‍ പ്രചാരത്തിലുണ്ടല്ലോ. എന്നാല്‍, അതിനെയെല്ലാം കടത്തിവെട്ടുന്ന വിലക്ഷണമായ കാഴ്ചയാണ് ഹമീദ് ചേന്ദമംഗല്ലൂരിന്റെ ദീനം പ്രബോധനത്തില്‍ പ്രസിദ്ധീകരിച്ച 'നിന്ദയുടെ നാനാര്‍ഥങ്ങള്‍' (ലക്കം 20) എന്ന എന്റെ ലേഖനത്തില്‍ നിന്ന് ഉണ്ടാക്കിയെടുത്തിരിക്കുന്നത്.
കേരളീയ നെയ്പോളിസത്തിന്റെ ഉദ്ഘാടകനാണ് ഞാനെന്ന കിന്നരി, ശബ്ദമില്ലാത്ത ശബ്ദം എന്ന സമകാലിക മലയാളത്തിലെ കോളത്തിലൂടെ (2012 നവംബര്‍ 23) അദ്ദേഹം എനിക്ക് ചാര്‍ത്തിത്തന്നിരിക്കുകയാണ്. പ്രവാചകനിന്ദക്കെതിരെ ചോരക്കളി വേണമെന്നിടത്താണ് രാമനുണ്ണി നില്‍ക്കുന്നതെന്ന് ഹമീദ് ആരോപിക്കുന്നു. കഠാരയുടെ മൂര്‍ച്ച കൂട്ടാന്‍ മുസ്ലിംകളോടുള്ള ആഹ്വാനമാണ് എന്റേതെന്ന് അദ്ദേഹം അധിക്ഷേപിക്കുന്നു. പോരാ, മതതീവ്രവാദികളില്‍ അങ്കക്കലി കോരിയിടാന്‍ തൂലികയേന്തുന്ന ഈയുള്ളവന്‍ ചരിത്രബോധമില്ലാത്തവനാണെന്നും വിധി കല്‍പ്പിക്കുന്നു.
ഇങ്ങനെ ഒരു എഴുത്തുകാരനെ കൊന്ന് കുഴിച്ചുമൂടാന്‍ അദ്ദേഹം അവലംബിക്കുന്ന ഉപാദാനങ്ങള്‍ എന്താണെന്നല്ലേ? ആദ്യമായി ആനയെ കണ്ടാലും പൂനയായി മനസ്സിലാക്കാനുള്ള സ്വന്തം വീക്ഷണവൈകൃതം തന്നെ. രണ്ടാമതായി, എന്റെ ലേഖനത്തിലെ പാതിയിലേറെ ഭാഗങ്ങള്‍ പരാമര്‍ശിക്കാതെ മറച്ചുവെക്കുക എന്ന കടുത്ത കള്ളത്തരം. മൂന്നാമതായി, സന്ദര്‍ഭത്തില്‍ നിന്ന് അടര്‍ത്തിയെടുത്ത് ചില വാചകങ്ങള്‍ ദുര്‍വ്യാഖ്യാനം ചെയ്യുക എന്ന വഞ്ചനയും. ഇതില്‍ രണ്ടാമത്തെയും മൂന്നാമത്തെയും കാര്യങ്ങള്‍ വായനക്കാര്‍ക്ക് സമക്ഷം തുറന്നുകാട്ടിയതിന് ശേഷം ഹമീദ് ചേന്ദമംഗല്ലൂരിന്റെ വീക്ഷണപരമായ പാപ്പരത്തങ്ങളിലേക്ക് കടക്കാം.
മുഹമ്മദ് നബിയെ അവഹേളിക്കല്‍ ലോകത്ത് അടിക്കടി അരങ്ങേറിക്കൊണ്ടിരിക്കുമ്പോള്‍ അതിനോട് മുസ്ലിംകള്‍ എങ്ങനെ പ്രതികരിക്കണമെന്നതിനെപ്പറ്റി ഞാനെന്റെ ലേഖനത്തില്‍ വ്യക്തമായ നിലപാടെടുക്കുന്നുണ്ട്-
'അംബാസഡര്‍മാരെ കൊല്ലലും തെരുവീഥികള്‍ ചുട്ടുകരിക്കലുമെല്ലാം മുഹമ്മദ് നബി പഠിപ്പിക്കുകയും മാതൃക സൃഷ്ടിക്കുകയും ചെയ്ത കാരുണ്യപാഠങ്ങള്‍ക്ക് കടക വിരുദ്ധമാണെന്ന കാര്യത്തില്‍ സംശയമില്ല. പ്രവാചകന് വേണ്ടി പ്രവാചകന്റെ ആത്മവത്തയെ കശാപ്പാക്കുന്നതിന് തുല്യമായിരിക്കും അത്തരം പ്രവൃത്തികള്‍. സമാധാനപരമായ പ്രതിഷേധങ്ങളും സത്യപ്രചാരണങ്ങളും തന്നെയാണ് തീര്‍ച്ചയായും വേണ്ടതും തത്ത്വത്തില്‍ ശരിയായിട്ടുള്ളതും.'
മേല്‍പറഞ്ഞ പ്രഖ്യാപനങ്ങള്‍ നിന്ദയുടെ നാനാര്‍ഥങ്ങള്‍ എന്ന ലേഖനത്തില്‍ ഏതു കണ്ണുപൊട്ടനും കാണാവുന്ന തരത്തില്‍ എഴുതിവെച്ചിട്ടുള്ളതാണ്. ഇങ്ങനെയുള്ള ഉദ്ദേശ്യശുദ്ധി കാണാതെയും കണ്ടില്ലെന്ന് നടിച്ചും കഠാരയുടെ മൂര്‍ച്ച കൂട്ടാനാണ് മുസ്ലിംകളോട് ഞാന്‍ ആഹ്വാനം ചെയ്യുന്നതെന്ന് ഹമീദ് ചേന്ദമംഗല്ലൂര്‍ കണ്ടെത്തുന്നത് തികഞ്ഞ സത്യവിരുദ്ധത തന്നെ.
മുസ്ലിംകളെ അന്യവല്‍ക്കരിച്ചും അവഹേളിച്ചും പ്രകോപിപ്പിക്കുകയും, അത്തരം പ്രകോപനങ്ങളില്‍ നിന്ന് ഇസ്ലാമോഫോബിയ ഉണ്ടാക്കിയെടുക്കുകയും അങ്ങനെ ക്ളാഷ് ഓഫ് സിവിലൈസേഷന്‍ ഭൂമിയില്‍ അവതീര്‍ണമാക്കുകയും ചെയ്യുക എന്നത് വലതുപക്ഷശക്തികളുടെ ഒരു ഹിഡന്‍ അജണ്ടയാണ്. അടിച്ചമര്‍ത്തപ്പെടുന്നവരെ സഹികെടുത്തി അവരില്‍ ആക്രമണത്വര വളര്‍ത്തി ആ ആക്രമണത്വരയുടെ പേരില്‍ കൂടുതല്‍ മര്‍ദനങ്ങള്‍ അഴിച്ചുവിടുക എന്നതും പുതിയ ഭരണകൂട ഭീകരതകളുടെ തന്ത്രമാണ്. ഈ തന്ത്രത്തെ സഹായിക്കാനെന്നോണമാണ് കുത്തക മാധ്യമങ്ങള്‍ ചില ജനവിഭാഗങ്ങളുടെയും സമുദായങ്ങളുടെയും രോദനങ്ങളെ നിരന്തരം തമസ്കരിച്ച് ഗതികെടുത്തി അവര്‍ മുഷ്ടി ചുരുട്ടുമ്പോള്‍ മാത്രം അതിനെ വെണ്ടക്കയാക്കുന്നത്. ഹമീദ് പരാമര്‍ശിക്കുന്ന മഹാത്മജിയുടെ സത്യഗ്രഹസമരകാലത്ത് ബ്രിട്ടീഷുകാര്‍ പുലര്‍ത്തിയതിന്റെ നൂറിലൊന്ന് നീതിബോധം പോലും ഇന്നത്തെ കുത്തക സഹായ സഹകരണ സംഘങ്ങളായ ഭരണകൂടങ്ങള്‍ക്കോ അവരുടെ വൈതാളികര്‍ക്കോ ഇല്ലെന്ന് ഓര്‍ക്കണം. ഇന്ത്യന്‍ ഭരണകൂടത്തിനും ഇല്ല. അതിനാലാണ് ഒറീസയിലെയും ചത്തീസ്ഗഢിലെയും ആദിവാസികളുടെ ജന്തുസഹജമായ ജീവിതസാഹചര്യങ്ങള്‍ ഭാരതസര്‍ക്കാര്‍ ഇത്രകാലം തിരിഞ്ഞുനോക്കാത്തത്. ഒടുവില്‍ പാവങ്ങളുടെ ഇരിക്കക്കൂരകള്‍ ഖനിവ്യവസായികള്‍ക്ക് കൈമാറുമ്പോഴുള്ള നിലവിളി പോലും ശ്രദ്ധിക്കാതെ അവരെ മാവോവാദികളുടെ ഭീകരതകളിലേക്ക് എറിഞ്ഞുകൊടുത്തത്. ഇറോം ഷര്‍മിള നിരാഹാരമനുഷ്ഠിക്കുന്ന മണിപ്പൂര്‍ പ്രശ്നത്തിലുള്ള കേന്ദ്രഗവണ്‍മെന്റിന്റെ സമീപനവും വ്യത്യസ്തമായിരുന്നില്ല.
ഇതേ പോലെത്തന്നെയാണ് നിരന്തരമായ മുഹമ്മദ് നബി അവഹേളന പരിപാടികളിലും പല ഭരണകൂടങ്ങളും മിക്ക പത്രമാധ്യമങ്ങളും ആവിഷ്കാര സ്വാതന്ത്യ്രക്കാരെ (ദുരുദ്ദേശ്യത്തിന്റെ ആവിഷ്കാര സ്വാതന്ത്യ്രക്കാരെ) ബോധവല്‍ക്കരിക്കുകയോ നിയന്ത്രിക്കുകയോ ചെയ്യുന്നതിന് പകരം മുസ്ലിംകള്‍ എന്തെങ്കിലും പ്രശ്നമുണ്ടാക്കുന്നുണ്ടോ എന്ന് മാത്രം കണ്ണില്‍ എണ്ണയൊഴിച്ച് നോക്കിയിരിക്കുന്നത്. പ്രശ്നമുണ്ടാക്കുന്നില്ലെങ്കില്‍ പ്രശ്നമുണ്ടാക്കുന്നത് വരെയുള്ള ഹെവി ഡോസുകള്‍ നല്‍കാനും ആളുകള്‍ തയാറാണ്. ഡാനിഷ് കാര്‍ട്ടൂണ്‍ മലാത്തിയോനാണെങ്കില്‍ ഇന്നസെന്‍സ് ഓഫ് മുസ്ലിംസ് പൊട്ടാസ്യം സയനൈഡാണെന്ന് മനസ്സിലാക്കണം.
പ്രവാചകനിന്ദകള്‍ക്ക് പിറകിലുള്ള ഇത്തരം ജുഗുപ്സകളിലേക്കും അതുണ്ടാക്കുന്ന ദുര്യോഗങ്ങളിലേക്കും ശ്രദ്ധ തിരിച്ചതിന്റെ പേരിലാണ് എന്റെ ചില വാചകങ്ങള്‍ അടര്‍ത്തിയെടുത്ത് ഹമീദ് ദുര്‍വ്യാഖ്യാനം ചെയ്തിരിക്കുന്നത്, എന്നെ ചോരക്കൊതിയനാക്കി ചിത്രീകരിച്ചിരിക്കുന്നത്. ഇത്തരം അഭ്യാസങ്ങള്‍ അനുവദിക്കുകയാണെങ്കില്‍ ആര്‍ക്കും ഏത് എഴുത്തുകാരനെയും എത്രയും അവഹേളിക്കാവുന്നതാണ്. ആത്മഹത്യ ഇന്ത്യന്‍ ശിക്ഷാനിയമ പ്രകാരം കുറ്റകൃത്യമാണല്ലോ. എന്നുവെച്ച് ഒരു വിദ്യാര്‍ഥിയുടെ ആത്മഹത്യക്ക് പിന്നില്‍ മാതാപിതാക്കളുടെ ക്രൂരതയുണ്ടെന്ന് വെളിപ്പെടുത്തുന്നത് ആത്മഹത്യയെ ന്യായീകരിക്കുന്ന ശവാസക്തിയാണെന്ന് വിധികല്‍പ്പിക്കാന്‍ കഴിയുമോ? അതുപോലെയാണ് ഹമീദ് എനിക്ക് നേരെ ഉയര്‍ത്തുന്ന നികൃഷ്ടമായ ആരോപണങ്ങളും.
എന്നാല്‍, എഴുത്തുകാരന്റെ ചോരക്കൊതിയെന്ന തലക്കെട്ടിന് കീഴില്‍ അര്‍ഥശൂന്യമായ വാദങ്ങള്‍ നിരത്തുന്ന അദ്ദേഹം ലേഖനത്തിന്റെ അവസാനത്തില്‍ തീര്‍ത്തും നിയമവിരുദ്ധമായൊരു കൃത്യം ചെയ്യുന്നുണ്ട് എന്നതാണ് രസകരം. ഇന്ത്യന്‍ ശിക്ഷാനിയമത്തിന്റെ 153 എ, 295 എ, 298 വകുപ്പു പ്രകാരം ഏതെങ്കിലും മതവിഭാഗങ്ങളുടെ വികാരങ്ങള്‍ വ്രണപ്പെടുത്തി സമുദായ സംഘര്‍ഷങ്ങള്‍ക്ക് ഇടവരുത്തുന്നത് മൂന്ന് വര്‍ഷം തടവും കൂട്ടത്തില്‍ പിഴയും വിധിക്കാവുന്ന വലിയ കുറ്റമാണ്.
മുഹമ്മദ് നബിയെ വഷളായ രീതിയില്‍ ദുര്‍മാര്‍ഗിയായി ചിത്രീകരിക്കുന്ന ഇന്നസെന്‍സ് ഓഫ് മുസ്ലിംസ് പോലൊരു സിനിമയെടുക്കുന്നത് ഇന്ത്യന്‍ നിയമമനുസരിച്ച് ഒരു മതവിഭാഗത്തെ വ്രണപ്പെടുത്തുന്നതും അങ്ങനെ സാമുദായിക സ്പര്‍ധയിലേക്ക് നയിക്കുന്നതുമായ പ്രവര്‍ത്തനമാണ്. അതുകൊണ്ടാണ് യൂട്യൂബിലൂടെയുള്ള സിനിമയുടെ പ്രചാരണം സര്‍ക്കാര്‍ തടഞ്ഞത്. ഹമീദ് ചേന്ദമംഗല്ലൂരാകട്ടെ 'മതവിഷയമുള്‍പ്പെടെ ഏത് കാര്യത്തിലുമുള്ള അഭിപ്രായപ്രകടനങ്ങളുടെ മേല്‍ നടത്തപ്പെടുന്ന കൈയേറ്റം അന്തിമവിശകലനത്തില്‍ മറ്റെല്ലാ അഭിപ്രായ പ്രകടനങ്ങളുടെയും ഗളഹസ്തത്തിലാണ് ചെന്നെത്തുക' എന്ന ശഹ്ലാഖാന്‍ സാള്‍ട്ടറുടെ അഭിപ്രായം നബിനിന്ദാ സിനിമയുടെ ന്യായീകരണത്തിനായി ഉദ്ധരിച്ചു കൊണ്ട് സമുദായ സ്പര്‍ധയുണ്ടാക്കുന്ന ഇന്നസെന്‍സ് ഓഫ് മുസ്ലിംസ് പോലുള്ള കലാഭാസങ്ങളുടെ സൃഷ്ടിയെ പ്രോത്സാഹിപ്പിക്കുകയും അങ്ങനെ മതകലഹങ്ങളുടെ സൂത്രധാരനാവുകയും ചെയ്യുന്നു.
അഹിംസാത്മകമായ പ്രതിഷേധത്തിലൂടെ ബ്രിട്ടീഷുകാരെ മുട്ടുകുത്തിച്ച മഹാത്മജിയെ തന്റെ ലേഖനത്തില്‍ ഹമീദ് പുകഴ്ത്തുന്നുണ്ടല്ലോ. തന്റെ ഒരു കണ്ണ് ഹിന്ദുവാണെങ്കില്‍ മറ്റേ കണ്ണ് മുസ്ലിമാണെന്ന് പ്രസ്താവിച്ച അദ്ദേഹം ഇന്ത്യയിലെ സാമുദായിക മൈത്രിക്ക് പരമപ്രാധാന്യമാണ് കല്‍പ്പിച്ചിരുന്നതെന്ന് ഓര്‍ക്കണം. നവഖാലിയിലടക്കം ഓരോ സന്ദര്‍ഭങ്ങളിലും ഗാന്ധിജി ഈ നയം മുറുകെ പിടിക്കുകയും ചെയ്തു. മഹാത്മജി ഇന്ന് ജീവിച്ചിരുന്നെങ്കില്‍ സമകാലിക മലയാള ലേഖനത്തിലെ അവസാന ഖണ്ഡിക ചൂണ്ടിക്കാണിച്ച് അദ്ദേഹം ഹമീദിനെതിരെ കേസ് കൊടുക്കുമായിരുന്നു എന്ന കാര്യത്തില്‍ യതൊരു സംശയവുമില്ല.
എന്താണ് ദൌര്‍ഭാഗ്യകരമായ ഇത്തരം അവസ്ഥാവിശേഷങ്ങള്‍ക്കുള്ള യഥാര്‍ഥ കാരണം? എന്തുകൊണ്ടാണ് ഏറിയ പ്രാഗത്ഭ്യവും ഓര്‍മശക്തിയും തെളിഞ്ഞ ഭാഷയും കൈവശമുള്ള ഹമീദ് ചേന്ദമംഗല്ലൂര്‍ ഇങ്ങനെയെല്ലാം ചെയ്തുപോകുന്നത്?
അദ്ദേഹത്തിലുള്ള അടിസ്ഥാനപരമായ ചില വീക്ഷണവൈകല്യങ്ങളെ ഇഴപിരിച്ചു കൊണ്ട് മാത്രമേ ഇതിനുള്ള ശരിയുത്തരം കണ്ടെത്താനാകൂ. ജ്ഞാനോദയജന്യമായ മുഖ്യധാരാ പാശ്ചാത്യ ആധുനികതയുടെ ഏറ്റവും യാന്ത്രികവും വൈപരീത്യകലുഷവുമായ പ്രത്യയശാസ്ത്ര തടവറയില്‍ പെട്ടുപോയതാണ് ഹമീദ് ചേന്ദമംഗല്ലൂരിന്റെ പ്രശ്നമെന്ന് അദ്ദേഹത്തിന്റെ മിക്ക നിരീക്ഷണങ്ങളും സൂചിപ്പിക്കാറുണ്ട്. മതങ്ങളുടെ ജനകീയവും സാമൂഹിക ശാസ്ത്രപരവും നൈതികവുമായ അടിത്തറകള്‍ പരിശോധിക്കാതെ അവയെല്ലാം അന്ധവിശ്വാസങ്ങളും അപകടങ്ങളുമാണെന്ന് അദ്ദേഹം വിശ്വസിക്കുന്നു.
എന്നാല്‍, ഇത്തരത്തിലുള്ള മുഖ്യധാരാ പാശ്ചാത്യ ആധുനികതയുടെ ഇടുങ്ങിയ വൈപരീത്യ-പദാര്‍ഥവാദ യുക്തികളുടെ വിനാശകാരിത്വം ചിന്തിക്കുന്ന മസ്തിഷ്ക്കങ്ങളെല്ലാം തിരിച്ചറിഞ്ഞുകൊണ്ടിരിക്കുന്ന കാലമാണിത്. സകല അപമാനവീകരണങ്ങള്‍ക്കും മുതലാളിത്ത ഭീകരതകള്‍ക്കും സോഷ്യലിസ്റ് ദൌത്യപരാജയങ്ങള്‍ക്കും പിറകില്‍ പ്രവര്‍ത്തിച്ചതും പ്രവര്‍ത്തിച്ചു കൊണ്ടിരിക്കുന്നതും ഈ കൂടോത്രമാണത്രെ. അതിനാലാണ് പാശ്ചാത്യ മുഖ്യധാരാ ആധുനികതയുടെ യാന്ത്രികതയോട് കണക്കുതീര്‍ത്തുകൊണ്ടല്ലാതെ മാര്‍ക്സിസത്തിനോ ഇടതുപക്ഷ ചിന്തകള്‍ക്കോ മുന്നോട്ട് പോകാനാകില്ലെന്ന് കേരളത്തിലെ ഏറ്റവും ഉണര്‍ന്ന ചിന്തകനായ ബി. രാജീവന്‍ പറഞ്ഞുവെച്ചിട്ടുള്ളത്.
മതങ്ങളുടെയും അവ സൃഷ്ടിച്ചിട്ടുള്ള സങ്കല്‍പനങ്ങളുടെയും സൂക്ഷ്മ രാഷ്ട്രീയത്തെ അംഗീകരിച്ചുകൊണ്ട് ബി. രാജീവന്‍ ഇങ്ങനെ നിരീക്ഷിക്കുന്നു: 'മതനിരപേക്ഷവാദികളില്‍ മിക്കവരും മതത്തെ തള്ളിക്കളഞ്ഞ് മനുഷ്യനെ ഒരു റാഷണല്‍ അനിമല്‍ ആക്കി മാറ്റാനാണ് ശ്രമിക്കുന്നത്- രാഷ്ട്രീയം എന്ന് പറഞ്ഞാല്‍ ഭരണകൂടത്തിന്റെ നിയമങ്ങള്‍ മാത്രമാണെന്ന് ഇവര്‍ ധരിച്ചു വശായിരിക്കുന്നു. ഭരണകൂടത്തേക്കാള്‍ എത്രയോ വലുതാണ് ജീവിതം. ഭരണകൂടത്തിന്റെ അടിച്ചമര്‍ത്തലുകള്‍ക്കെതിരായ മനുഷ്യജീവിതത്തിന്റെ പല പ്രകാശനങ്ങളില്‍ ഒന്നായാണ് മതവിശ്വാസങ്ങളും മതസങ്കല്‍പങ്ങളും ആവിഷ്കൃതമാകുന്നത്. മനുഷ്യഭാവന പ്രവര്‍ത്തിക്കുന്ന സവിശേഷമായ ഇടങ്ങളാണവ.'
'മതത്തെ മനുഷ്യനെ മയക്കുന്ന കറുപ്പ് എന്ന യാന്ത്രികമായ സമവാക്യത്തില്‍ ചുരുക്കാതെ അതിന്റെ ധാര്‍മികമായ ഭാവശക്തിയെ പരിശോധിക്കാനുള്ള കെ. ദാമോദരന്റെ ശ്രമത്തെ' ആഹ്ളാദപൂര്‍വം സ്വീകരിക്കുമ്പോള്‍ സുനില്‍ പി. ഇളയിടവും സമാനമായ കണ്ടെത്തലുകളിലേക്ക് നീങ്ങുന്നുണ്ട്.
സച്ചിദാനന്ദന്റെ എക്കാലത്തെയും പ്രിയപ്പെട്ട വിഷയമായിരുന്നു ഹിന്ദുക്കള്‍ക്കും മുസ്ലിംകള്‍ക്കും തുല്യപങ്കാളിത്തമുണ്ടായിരുന്ന ഇന്ത്യയിലെ ഭക്തിപ്രസ്ഥാനവും അതിന്റെ വിപ്ളവകരമായ സംഭാവനകളും. വിശദാംശങ്ങളില്‍ തര്‍ക്കങ്ങള്‍ നിലനിര്‍ത്തുമ്പോഴും മതബോധത്തിന്റെ നൈതിക പ്രയോജനത്തെയും വിമോചനപോരാട്ടങ്ങളില്‍ മതവിശ്വാസികളുമായുള്ള സഹകരണത്തിന്റെ പ്രാധാന്യത്തെയും കെ.ഇ.എന്നും അംഗീകരിക്കുന്നു.
എല്ലാറ്റിനെയും തൊലിച്ച് തൊലിച്ച് ശൂന്യതയിലെത്തിക്കുന്ന ഡീകണ്‍ട്രക്ഷന്‍ സിദ്ധാന്തങ്ങള്‍ മടുത്ത് സഹസ്രാബ്ദങ്ങളായി മതങ്ങള്‍ ഉണ്ടാക്കിവെച്ച മൂല്യപ്പാറകളെ (ഞീരസ ീള ്മഹൌല) സൌന്ദര്യശാസ്ത്രം ഗൌരവത്തോടെ പരിഗണിക്കാന്‍ തുടങ്ങിയിരിക്കുന്നതായി ഡോക്ടര്‍ വി. സുകുമാരനും ഉപദര്‍ശിക്കുന്നുണ്ട്.
ഇതെല്ലാം വെച്ചുനോക്കുമ്പോള്‍ ഇടതുപക്ഷബുദ്ധിജീവിയായി ചമയാന്‍ വേണ്ടിയുള്ള ഹമീദ് ചേന്ദമംഗല്ലൂരിന്റെ അന്ധമായ മതവിരുദ്ധത അദ്ദേഹത്തെ പുരോഗമനപക്ഷത്തല്ല, കൊളോണിയല്‍ അടിമകളുടെ പക്ഷത്താണ് എത്തിക്കുന്നതെന്ന് പറയേണ്ടിവരും.
മതത്തോടും വിശ്വാസത്തോടുമുള്ള ഹമീദിന്റെ അലര്‍ജി നിര്‍ഭാഗ്യകരമാംവണ്ണം അതിന്റെ സംഹാരതാണ്ഡവം ഏറെയും നടത്തിയിട്ടുള്ളത് മുസ്ലിംകളുടെ നെറുംതലക്കും ഇസ്ലാമിന്റെ നെഞ്ചത്തുമാണ്. മുസ്ലിം മതതീവ്രവാദികളോടുള്ള എതിര്‍പ്പെന്ന തരത്തില്‍ അദ്ദേഹം എപ്പോഴും ഭര്‍ത്സിച്ചിട്ടുള്ളത് മുസ്ലിം വികാരങ്ങളെയും ഇസ്ലാമിന്റെ തത്ത്വങ്ങളെയും തന്നെയാണ്. അല്ലെങ്കിലേ കൊളോണിയല്‍ ഭരണത്തിന്റെ ബാക്കിപത്രമായ വിഭജനത്തിന്റെ പേരില്‍ നിര്‍ലോഭമായ ഭര്‍ത്സനവും ശകാരവും ഏറ്റുവാങ്ങിയവരാണ് ഇന്ത്യയിലെ മുസ്ലിംകള്‍. ഈ ദുര്യോഗം അവരുടെ സാമൂഹികവും സാമ്പത്തികവുമായ അവസ്ഥകളെയും പരിതാപകരമായി ബാധിച്ചിട്ടുള്ളതായി സച്ചാര്‍ കമീഷന്‍ റിപ്പോര്‍ട്ടും മറ്റും കണ്ടെത്തിയിട്ടുണ്ട്. അതും പോരാഞ്ഞിട്ടാണ് മുസ്ലിം സമുദായത്തെ വിപ്പിംഗ് ബോയിയായി പ്രതിഷ്ഠിച്ചു കൊണ്ടുള്ള ഹമീദിനെപ്പോലുള്ളവരുടെ ചാട്ടയടികള്‍.
ഏത് സാമൂഹിക-രാഷ്ട്രീയ പ്രശ്നങ്ങള്‍ അഭിസംബോധന ചെയ്യുമ്പോഴും, അത് മുസ്ലിംകള്‍ അങ്ങേയറ്റം യാതന അനുഭവിച്ച സംഭവമായാല്‍ പോലും, അതിലും അവരെ പ്രതിസ്ഥാനത്ത് നിര്‍ത്താനുള്ള എന്തെങ്കിലും വകുപ്പുകള്‍ ഹമീദ് ചേന്ദമംഗല്ലൂര്‍ കണ്ടുപിടിക്കാതിരിക്കില്ല.
ലൌ ജിഹാദ് വിഷയത്തെക്കുറിച്ചുള്ള കെ.എം സലീംകുമാറിന്റെ ലേഖനത്തിന് പ്രതികരിച്ചപ്പോള്‍ അന്യസമുദായ സ്ത്രീകളെ റാഞ്ചുന്നവരായി മുസ്ലിം സമുദായത്തെ താറടിച്ചതിലായിരുന്നില്ല ഹമീദിന്റെ വേവലാതി. ഇന്ത്യന്‍ ഭരണഘടന അനുവദിക്കുന്ന പ്രണയത്തെയും മതപരിവര്‍ത്തനത്തെയും മുസ്ലിം സംഘടനകള്‍ ഉയര്‍ത്തിപ്പിടിക്കുന്നതിലായിരുന്നു അദ്ദേഹത്തിന് വൈഷമ്യം. അതെങ്ങനെ അവര്‍ക്ക് ഉയര്‍ത്തിപ്പിടിക്കാന്‍ സാധിക്കും? മുര്‍ത്തദ്ദിനെ കൊല്ലാന്‍ പാകിസ്താനിലും യൂസുഫല്‍ ഖറദാവിയുടെ പുസ്തകത്തിലും ശാസനയുള്ളപ്പോള്‍ മതപരിവര്‍ത്തനത്തിലെത്തുന്ന പ്രണയത്തെ അംഗീകരിക്കാന്‍ മുസ്ലിംകള്‍ക്ക് പാടുമോ? അങ്ങോട്ടും ഇങ്ങോട്ടും വഴി ഒപ്പമല്ലേ? ഈ വിതണ്ഡവാദമുയര്‍ത്തുമ്പോള്‍ കേരളത്തിലെ മുസ്ലിംകള്‍ ഭാരത പൌരന്മാരാണെന്നും ഇന്ത്യന്‍ ഭരണഘടനയാണ് അവര്‍ക്ക് ബാധകമായിട്ടുള്ളതെന്നും മുസ്ലിം പെണ്‍കുട്ടികളെ പ്രണയവിവാഹം കഴിച്ച മറ്റു മതസ്ഥര്‍ നമ്മുടെ കൊച്ചിയിലും കോഴിക്കോടുമെല്ലാം ജീവിച്ചിരിക്കുന്നുണ്ടെന്നും ഹമീദ് മറന്നുപോകുന്നു.
ഏതെങ്കിലും സമുദായം സാമൂഹികമായും സാമ്പത്തികമായും വിദ്യാഭ്യാസപരമായും പിറകോട്ട് നില്‍ക്കുന്നത് രാജ്യത്തിന്റെ പൊതു ആരോഗ്യത്തിന് തന്നെ ഹാനികരമായ വസ്തുതയാണ്. എന്നിട്ടും സച്ചാര്‍ കമ്മിറ്റി റിപ്പോര്‍ട്ടും പാലോളി കമ്മിറ്റി റിപ്പോര്‍ട്ടും പുറത്തുവന്നപ്പോള്‍ ആ ഗുരുതരാവസ്ഥയെ അഭിസംബോധന ചെയ്യുന്നതിന് പകരം മുസ്ലിംകളുടെ മത താല്‍പര്യത്തെ ക്രൂശിക്കാനാണ് ഹമീദ് മുതിര്‍ന്നത്. ജാതി, സാമൂഹിക പദവി തുടങ്ങി നൂറായിരം ഇന്ത്യന്‍ - കേരളീയ ഘടകങ്ങളെ വേണ്ടവണ്ണം പരിഗണിക്കാതെ മറ്റ് വിജ്ഞാനമണ്ഡലങ്ങളിലുള്ള മുസ്ലിം പിന്നാക്കാവസ്ഥക്ക് കാരണം മതപ്രബോധനമാണെന്ന് അദ്ദേഹം വരുത്തിത്തീര്‍ത്തു. അതെ, ഈ പണ്ടാറം പിടിച്ച മതത്തെയും മതവിശ്വാസത്തെയും മൊഴി ചൊല്ലാതെ മുസ്ലിംകളോട് ഹമീദ് സഹതാപം കാട്ടുകയില്ല.
ഏകാധിപത്യത്തിന്‍ കീഴില്‍ അദൃശ്യരായി ഭവിച്ച അറബ് ജനതയുടെ ഞങ്ങള്‍ ഇവിടെ ഉണ്ട് എന്ന ഹാജര്‍ വിളിയായിരുന്നു അറബ് വസന്തം എന്ന പേരില്‍ ലോകം മുഴുക്കെ കേളികേട്ടത്. മതവിശ്വാസികളും മതേതരവാദികളും മനുഷ്യാവകാശപ്രവര്‍ത്തകരും ഒത്തുചേര്‍ന്ന ആ മഹനീയ വിപ്ളവത്തെ ലോകത്തിലെ സകല ജനാധിപത്യവിശ്വാസികളും വമ്പിച്ച പ്രതീക്ഷയോടെ വരവേറ്റു. എന്നാല്‍, ഹമീദ് ചേന്ദമംഗല്ലൂര്‍ മാത്രം തുടക്കം മുതലേ പ്രതീക്ഷയറ്റവനും ആശങ്കകളുടെ കരാളമേഘങ്ങളാല്‍ ഹൃദയാകാശം മൂടപ്പെട്ടവനുമായിരുന്നു. കാരണം അറബ് വസന്തത്തിലെ മതവിശ്വാസികളുടെ പങ്കാളിത്തം തന്നെ- മതം തൊട്ട് അശുദ്ധമാക്കിയതൊന്നും ഗുണം പിടിക്കില്ലെന്നും ഗുണം പിടിക്കരുതെന്നും അദ്ദേഹത്തിന് വല്ലാത്ത നിര്‍ബന്ധമുണ്ട്.
ഈ ജനാധിപത്യവിരുദ്ധതയും അസഹിഷ്ണുതയുമാണ് നബിനിന്ദയുടെ ഓരോ സന്ദര്‍ഭങ്ങളിലും ഹമീദ് പ്രദര്‍ശിപ്പിച്ചുകൊണ്ടിരിക്കുന്നത്. മതവിശ്വാസികള്‍ക്ക് പ്രിയങ്കരരായ പ്രവാചകരെ പേരും കുലവുമെല്ലാം പറഞ്ഞ് എത്ര നികൃഷ്ടമായി അവഹേളിച്ചാലും അദ്ദേഹത്തിനത് ആവിഷ്കാര സ്വാതന്ത്യ്രത്തിന്റെ ഉദാത്ത മാതൃകകളാണ്. എന്നാല്‍ ഉത്തമമതേതരവാദിയായ തന്റെ ബാപ്പയെയാണോ ആരെങ്കിലും അപമാനിക്കാന്‍ ശ്രമിച്ചിരിക്കുന്നതെന്ന നേരിയ സംശയം മതി ഹമീദിന്റെ വികാരം അത്യന്തം വൃണപ്പെട്ടുപോകും. പിന്നെ ആവിഷ്കാര സ്വാതന്ത്യ്രവുമില്ല, മണ്ണാങ്കട്ടയുമില്ല. അതാണല്ലോ പി.ടി കുഞ്ഞിമുഹമ്മദിന്റെ വീരപുത്രന്‍ എന്ന സിനിമയെപ്രതി അദ്ദേഹം കാട്ടിക്കൂട്ടിയ പരാക്രമങ്ങള്‍.
പൊതുവായി മതവിശ്വാസത്തോടും വിശേഷിച്ച് മതവിശ്വാസത്തെ മുറുകെപ്പിടിക്കാനുള്ള മുസ്ലിംകളുടെ താല്‍പര്യത്തോടുമുള്ള ഹമീദിന്റെ അസഹിഷ്ണുത അത്യന്തം തെറ്റായ രാഷ്ട്രീയ ഭൂമികകളിലാണ് അദ്ദേഹത്തെ പ്രതിഷ്ഠിച്ചുപോരുന്നത്. ഈ ലേഖകന്റെ വിശകലനങ്ങളില്‍ നിന്ന് ഇത് തിരിഞ്ഞുകിട്ടുന്നില്ലെങ്കില്‍ ഫാഷിസ്റ് വര്‍ഗീയശക്തികളുടെ തന്നോടുള്ള പ്രതിപത്തിയില്‍ നിന്നെങ്കിലും അദ്ദേഹം ഇത് തിരിച്ചറിയേണ്ടതാണ്. കണ്ണിലെ കൃഷ്ണമണി പോലെ ഹമീദ് ചേന്ദമംഗല്ലൂര്‍ സംരക്ഷിക്കപ്പെടണമെന്ന ഹൃദയാര്‍ഥന പൊങ്ങിയത് കാസ്ട്രോവില്‍ നിന്നോ പുടിനില്‍ നിന്നോ അല്ല, സംഘ്പരിവാര്‍ നേതാക്കളില്‍ നിന്നായിരുന്നു.
ജമാഅത്തെ ഇസ്ലാമിയുടെ മുഖപത്രമായ പ്രബോധനത്തില്‍ പ്രസിദ്ധീകരിച്ചതാണ് നിന്ദയുടെ നാനാര്‍ഥങ്ങള്‍ എന്ന എന്റെ ലേഖനമെന്ന് ഹമീദ് തന്റെ കോളത്തില്‍ എടുത്തുപറയുന്നുണ്ട്. ജമാഅത്തെ ഇസ്ലാമിയുടെയോ മുജാഹിദിന്റെയോ സുന്നികളുടെയോ സംഘ്പരിവാറിന്റെയോ, പ്രസിദ്ധീകരണം ഏത് കൂട്ടരുടേതായാലും എന്റെ ലേഖനങ്ങളില്‍ എന്റെ അഭിപ്രായമേ കാണൂ. പ്രസിദ്ധീകരണ ഉടമകളുടെ കൈകടത്തല്‍ സമ്മതിക്കാറില്ല. സൂഫിസത്തോടും ടവമൃലറ ുമരല യലംലലി ൃലഹശഴശീി നോടും എന്റെ എഴുത്തിലുള്ള നിലപാടുകള്‍ മാധ്യമത്തിന്റേയോ പ്രബോധനത്തിന്റേയോ പിന്നിലുള്ള പ്രസ്ഥാനം അംഗീകരിക്കുന്നുമില്ല. പ്രവാചകന്മാര്‍ സമം ചില തത്ത്വപ്രഖ്യാപനങ്ങള്‍ എന്ന എന്റെ വാചകം മതമൌലികവാദികളെ സുഖിപ്പിക്കാന്‍ വേണ്ടി തുന്നിച്ചേര്‍ത്തതാണെന്ന ഹമീദിന്റെ നിരീക്ഷണം അല്‍പ്പം വിമ്മിഷ്ടവും വേദനയും ഉണ്ടാക്കുന്നതായിപ്പോയി. കടുത്ത വിശ്വാസിയായ ഞാന്‍ മതങ്ങളുടെ ഏകോത്ഭവത്തിലും അവതാരങ്ങളുടെയും പ്രവാചകരുടെയും സമാനദൌത്യത്തിലും ഹൃദയംഗമമായി രമിക്കുന്നവനാണ്. ശ്രീകൃഷ്ണനെ ഓര്‍ക്കുമ്പോഴുള്ള അതേ വികാരവായ്പാണ് യേശു ക്രിസ്തുവിനെയോ മുഹമ്മദി നബിയെയോ സ്മരിക്കുമ്പോഴും എനിക്ക് ഉണ്ടാകാറുള്ളത്.
മനുഷ്യപരിണാമത്തിന്റെയും സാമൂഹികവികാസത്തിന്റെയും വിവിധ ഘട്ടങ്ങളില്‍ സംഭവിച്ച ക്വാണ്ടം ജമ്പുകള്‍ തന്നെയായിരുന്നു അവതാരങ്ങളും പ്രവാചകന്മാരുമെല്ലാം. അവരും മതങ്ങളും സങ്കല്‍പനങ്ങളിലൂടെ സൃഷ്ടിച്ചുവെച്ച പ്രപഞ്ചം കല്ലും മണ്ണും വെള്ളവുമടങ്ങുന്ന വസ്തുപ്രപഞ്ചത്തോളമോ അതിലധികമോ മനുഷ്യജീവിതത്തിന് സുപ്രധാനമാണ്. കേവല ഭൌതികവാദത്തിന്റെ പ്രചാരകര്‍ മാനുഷിക മൂല്യങ്ങള്‍ സൂക്ഷിക്കാത്തവരാണെന്ന് ഞാന്‍ അഭിപ്രായപ്പെടാറില്ല. എന്നാലും അതൊരു വികലാംഗത്വം തന്നെയാണെന്ന് വിശ്വസിക്കാതിരിക്കാന്‍ എനിക്ക് ആവുന്നുമില്ല. ആയിരം സ്ഖലനങ്ങളോളം ആനന്ദപ്രദമായ ഭക്തിയുടെയും ആരാധനയുടെയും അനുഭൂതികള്‍ അനുഭവിക്കാനാകാത്ത പാവം ജന്മങ്ങള്‍.
വ്യത്യസ്ത ജനവിഭാഗങ്ങളെ അടുപ്പിക്കുന്നതിന് പകരം അടിപ്പിക്കാന്‍ ശ്രമിക്കുന്ന എഴുത്തുകാരുണ്ട് എന്ന് പറഞ്ഞ് കോളമാരംഭിക്കുന്ന ഹമീദ് ചേന്ദമംഗല്ലൂര്‍ ഇക്കാര്യത്തില്‍ നെയ്പോളിനെയും എന്നെയും തുലനം ചെയ്യുന്നുണ്ട്. മതങ്ങളെക്കൊണ്ട് കൂട്ടുകൃഷി നടത്തിക്കുന്ന പൊന്നാനി പാരമ്പര്യത്തെ മുറുകെപ്പിടിക്കുന്ന എനിക്ക് ഏറ്റവും അവസാനം കേള്‍ക്കേണ്ട കുറ്റാരോപണമാണിത്. വാചകക്കസര്‍ത്തില്‍ തുള്ളുന്ന മതമൈത്രിയല്ല ജീവിതത്തിന്റെ സൂക്ഷ്മാംശങ്ങളെ ബന്ധിപ്പിക്കുന്ന വ്യത്യസ്ത മതസ്ഥരുടെ കൂടിച്ചേരലാണ് സുഫി പറഞ്ഞകഥ, ജീവിതത്തിന്റെ പുസ്തകം, ചരമവാര്‍ഷികം എന്നീ കൃതികളില്‍ ഞാന്‍ ആവിഷ്കരിച്ചിട്ടുള്ളത്.
എപ്പോഴും തെറ്റാവുന്നതു പോലെ എപ്പോഴും തിരുത്താവുന്നതുമാണ് എഴുത്തുകാരന്റെ നിലപാടുകള്‍. മതങ്ങളോടും വിശ്വാസങ്ങളോടും മനസ്സില്‍ നിലീനമായ കന്മഷം തൂത്തെറിയാന്‍ ഹമീദ് ചേന്ദമംഗല്ലൂര്‍ വിശുദ്ധ ഖുര്‍ആനോ ബൈബിളോ ഭഗവദ്ഗീതയോ വായിക്കണമെന്നില്ല, മുഖ്യധാരാ പാശ്ചാത്യ ആധുനികതയുടെ ഇടുക്കിടാച്ചികള്‍ പൊളിച്ചെറിയുന്ന പുതിയ ഇടതുപക്ഷ ചിന്തകരുടെ ഗ്രന്ഥങ്ങള്‍ വായിച്ചാലും മതിയാകും. ആ സല്‍ബുദ്ധിക്ക് വേണ്ടി ഞാന്‍ ജഗദീശ്വരനോട് പ്രാര്‍ഥിക്കുകയാണ്.
Comments