Prabodhanm Weekly

Pages

Search

2012 ഡിസംബര്‍ 29

ഈജിപ്തിലെ രാഷ്ട്രീയ പ്രതിസന്ധിയും മുര്‍സിയുടെ ഭാവിയും

കെ.എച്ച് റഹീം വിശകലനം

പുതിയ കരട് പ്രകാരം ഒരു പ്രസിഡന്റിന്റെ പരമാവധി ഭരണ കാലം രണ്ടു പ്രാവശ്യം (8 വര്‍ഷം) മാത്രമാക്കി ചുരുക്കിയിരിക്കുന്നു. പ്രസിഡന്റ്പദവിയിലിരിക്കുന്നയാള്‍ ഒരു പാര്‍ട്ടിയുടെയും സ്ഥാനമാനങ്ങള്‍ വഹിക്കാവതല്ല.

ഈജിപ്തില്‍ ഡോ. മുഹമ്മദ് മുര്‍സിയുടെ നേതൃത്വത്തിലുള്ള വിപ്ളവാനന്തര സര്‍ക്കാരിനു ഹിതപരിശോധനയുടെ ഒന്നാം ഘട്ടത്തില്‍ തിളക്കമാര്‍ന്ന വിജയം. പുതിയ ഭരണഘടനക്ക് വേണ്ടിയാണ് ഹിത പരിശോധന നടന്നതെങ്കിലും ഫലത്തില്‍ അത് മുര്‍സിയുടെ ഭരണത്തിന്റെയും നയ സമീപനങ്ങളുടെയും ആദ്യ ലിറ്റ്മസ് പരീക്ഷണമായിട്ടാണ് വിലയിരുത്തപ്പെട്ടത്. ഒന്നാം പാദത്തില്‍ മുര്‍സി അനായാസം ജയിച്ചു. രണ്ടാം ഘട്ടത്തിലും വിജയം എളുപ്പമായിരിക്കുമെന്നാണ് പൊതുവെ നിരീക്ഷിക്കപ്പെടുന്നത്. 
ആകെയുള്ള 27 ഗവര്‍ണറേറ്റുകളില്‍ പത്തിടങ്ങളിലാണ് ആദ്യ ഘട്ടത്തില്‍ ഹിതപരിശോധന വോട്ടെടുപ്പ് നടന്നത്. പുതുതായി എഴുതിയുണ്ടാക്കിയ ആധുനിക ഈജിപ്തിന്റെ ഭരണഘടന വേണമോ വേണ്ടയോ എന്നാണു ജനങ്ങള്‍ പറയേണ്ടിയിരുന്നത്. ഹിത പരിശോധനയില്‍ പൊതുവേ കാണാറുള്ള തണുപ്പന്‍ പ്രതികരണത്തിനപ്പുറം കനത്ത വോട്ടിംഗ് നടന്നപ്പോള്‍ 56.9 ശതമാനം ഭരണഘടന വേണം എന്ന് പറഞ്ഞപ്പോള്‍ 43.1 ശതമാനം വേണ്ടതില്ല എന്നാണ് അഭിപ്രായപ്പെട്ടത്. ഫലം ഔദ്യോഗികമായി ഇനിയും പുറത്തു വിട്ടിട്ടില്ല.
മുര്‍സിക്ക് ശക്തമായ പ്രതിയോഗികളുള്ള പ്രദേശങ്ങളാണ് ഒന്നാം റൌണ്ടില്‍ ഉണ്ടായിരുന്നത്. അതില്‍ മുര്‍സിയുടെ കീഴില്‍ രൂപംകൊണ്ട ഭരണഘടന അംഗീകാരം നേടിയെങ്കില്‍, അനുകൂലികള്‍ക്ക് മേല്‍ക്കൈയുള്ള പ്രദേശങ്ങളിലെ ഫലം നിഷ്പ്രയാസം അനുമാനിക്കാവുന്നതേയുള്ളൂ. കൂടുതല്‍ ജനസംഖ്യയുള്ള കയ്റോയില്‍ 56.1 ശതമാനം എതിര്‍ത്ത് വോട്ടു ചെയ്തപ്പോള്‍ ജനസംഖ്യയില്‍ രണ്ടാം സ്ഥാനത്ത് നില്‍ക്കുന്ന അലക്സാണ്ട്രിയയില്‍ 55.6 ശതമാനം പേര്‍ അനുകൂലിക്കുകയാണ് ചെയ്തത്. കയ്റോയും ഗര്‍ബിയയും ഒഴികെ മറ്റെല്ലാ നഗരങ്ങളിലും ഫലം അനുകൂലമായിരുന്നു. ഈ രണ്ടു പട്ടണങ്ങളിലും പരാജയപ്പെടാന്‍ പ്രധാന കാരണം വോട്ടര്‍മാരില്‍ മീഡിയ ചെലുത്തിയ സ്വാധീനമായിരുന്നു.
തലസ്ഥാന നഗരമായ കയ്റോയില്‍ മുന്‍ ഭരണാധികാരിയുടെ ചേരിയില്‍ നില്‍ക്കുന്ന വരേണ്യവര്‍ഗങ്ങള്‍ക്കും സെക്യുലര്‍ ഇടതുലിബറല്‍ പാര്‍ട്ടികള്‍ക്കും നല്ല സ്വാധീനമുള്ളതിനാല്‍ വന്‍ പ്രതിപക്ഷ ചായ്വ് പ്രതീക്ഷിച്ചിരുന്നുവെങ്കിലും ഫലത്തില്‍ അത്രത്തോളം കാണാനായില്ല. തൊഴിലാളികള്‍ തിങ്ങിത്താമസിക്കുന്ന പ്രദേശമാണ് ഗര്‍ബിയ. പുതിയ ഭരണഘടന തൊഴിലാളി വിഭാഗത്തിന്റെ അവകാശങ്ങള്‍ക്ക് വേണ്ടത്ര പരിഗണന നല്‍കിയിട്ടില്ലെന്ന മീഡിയയുടെ പ്രചാരണം സ്വാധീനിച്ചതാണ് അവിടെ പ്രതികൂല വോട്ടുകള്‍ കൂടിയതെന്ന് നിരീക്ഷിക്കപ്പെടുന്നു.
മീഡിയാ സ്വാധീനം വലുതായൊന്നും ഏല്‍ക്കാത്ത ഉള്‍പ്രദേശങ്ങളിലെ വോട്ടിംഗ് ഭരണഘടനക്ക് അനുകൂലമാണ്. മരുഭൂ പ്രദേശങ്ങളുള്ള ഉള്‍നാടന്‍ സീനായ് 79 ശതമാനം അനുകൂല വോട്ടുകള്‍ നല്‍കിയപ്പോള്‍ മറ്റു ഉള്‍പ്രദേശങ്ങളില്‍ അതിലും മേലെയാണ് ശരാശരി. രണ്ടാം ഘട്ടത്തിലെ 17 പട്ടണങ്ങള്‍ മീഡിയാ സ്വാധീനത്തില്‍നിന്ന് വളരെ അകലെയായതിനാല്‍ വോട്ടെടുപ്പിന് മുന്‍പേ അവിടുത്തെ ഫലം ഏറെക്കുറെ പ്രവചിക്കാവുന്നതാണ്.

പ്രതിസന്ധിയുടെ ആഴം
വിപ്ളവം വിജയിച്ചിട്ടു രണ്ടു വര്‍ഷമായി, പ്രസിഡന്റ്അധികാരത്തിലെത്തിയിട്ടു ആറു മാസവും. ജനങ്ങള്‍ ജീവനും രക്തവും നല്‍കി വിപ്ളവം വിജയിപ്പിച്ചത് ഒരു വ്യക്തിയെ താഴെയിറക്കാനായിരുന്നില്ല, അദ്ദേഹം പ്രതിനിധാനം ചെയ്ത വ്യവസ്ഥയെ മാറ്റാനായിരുന്നു. അത് സാധ്യമാകണമെങ്കില്‍ ജനാധിപത്യ പൌരാവകാശ മൂല്യങ്ങളെയും രാഷ്ട്രം നിലക്കൊള്ളുന്ന അടിസ്ഥാന തത്ത്വങ്ങളെയും വ്യാഖ്യാനിക്കുന്ന ഒരു ഭരണഘടന വേണം. പക്ഷേ, അത് ഇതുവരെയുണ്ടായിട്ടില്ല. ഭരണഘടനാ നിര്‍മാണ സമിതി രണ്ടുവട്ടം രൂപീകരിച്ചു. ആദ്യത്തേത് കോടതി ഇടപെട്ടു അസാധുവാക്കി. രണ്ടാമത്തേത് ദൌത്യ പൂര്‍ത്തീകരണത്തിന് അടുത്തെത്തിയപ്പോള്‍ അതിനെതിരെ കേസുനല്‍കി, എപ്പോള്‍ വേണമെങ്കിലും പിരിച്ചുവിടാമെന്ന നിലയിലായി.
കമ്മിറ്റിയെ കോടതി പിരിച്ചു വിട്ടാല്‍ അതില്‍ അത്ഭുതപ്പെടേണ്ടതില്ല. നിസ്സാര കാരണങ്ങള്‍ പറഞ്ഞാണ് കോടതി പാര്‍ലമെന്റിനെ പിരിച്ചുവിട്ടത്. പാര്‍ലമെന്റിനെതിരെയും ഉപരി സഭക്കെതിരെയും കേസ് നിലനില്‍ക്കുന്നു, അതും പിരിച്ചു വിടപ്പെട്ടേക്കാം. കോടതിയുടെ സമീപനം വിപ്ളവചേരിക്ക് അനുകൂലമായിരുന്നില്ല. കാരണം വളരെ ലളിതമാണ്. നിയമങ്ങള്‍ മുന്‍ ഏകാധിപതിയുടെ കാലത്ത് രൂപപ്പെട്ടവ, വിധികള്‍ക്ക് ആധാരം സ്വേഛാധിപത്യ കാലത്തെ കോര്‍ട്ട് റൂളിംഗുകള്‍, ജഡ്ജിമാരെല്ലാം മുന്‍ഭരണകാലത്ത് നിശ്ചയിക്കപ്പെട്ടവര്‍, അവരില്‍ തുച്ഛം പേരൊഴികെ ബാക്കിയുള്ളവരെല്ലാം തങ്ങളുടെ മുന്‍ മേലാളന്മാരോട് വിധേയത്വം പുലര്‍ത്തുന്നവര്‍. ഇതിന്റെ അനിവാര്യ ഫലം മാത്രമായിരുന്നു കോടതി വിധികളിലെല്ലാം കണ്ടത്. തങ്ങളുടെ താല്‍പര്യങ്ങള്‍ക്ക് വിരുദ്ധമായി ഭരണഘടനയുണ്ടാകുന്നതും ജനകീയാഭിലാഷ പ്രകാരം പാര്‍ലമെന്റ് നിലവില്‍ വരുന്നതും ഉള്‍ക്കൊള്ളാന്‍ കഴിയാത്തവര്‍ കോടതിയെ സമീപിക്കുന്നു; കോടതി അവരെ തൃപ്തിപ്പെടുത്തുന്ന വിധിയും നല്‍കുന്നു.
പിരിച്ചുവിടപ്പെട്ട പാര്‍ലമെന്റിനെ ഓര്‍ഡിനന്‍സ് വഴി പ്രസിഡന്റ് പുനഃസ്ഥാപിച്ചുവെങ്കിലും അതിനെതിരെ കോടതിയില്‍നിന്ന് അനുകൂല വിധിയുണ്ടാക്കി വിപ്ളവാനന്തര പാര്‍ലമെന്റിനെ ഇല്ലാതാക്കുകയാണ് തല്‍പര കക്ഷികള്‍ ചെയ്തത്. വിപ്ളവകാരികളെ വധിച്ച കേസില്‍ മുബാറക് അനുകൂല നിലപാടെടുത്തുവെന്നു ആരോപിക്കപ്പെട്ട മുന്‍ പബ്ളിക്പ്രോസിക്യൂട്ടറെ പ്രസിഡന്റ്തല്‍സ്ഥാനത്തുനിന്ന് നീക്കിയിരുന്നു. ആ തീരുമാനവും നിയമ സാങ്കേതികത്വം പറഞ്ഞു കോടതി നിഷ്ഫലമാക്കുകയാണ് ചെയ്തത്.

ഭരണഘടനാ ഓര്‍ഡിനന്‍സ്
പ്രശ്നങ്ങള്‍ക്ക് പരിഹാരം കാണാന്‍ പ്രസിഡന്റ് മുര്‍സി നവംബര്‍ 21-നു ഒരു ഭരണഘടന വിജ്ഞാപനം (ഓര്‍ഡിനന്‍സ്) പുറത്തിറക്കി. ഭരണഘടനയും നിയമനിര്‍മാണ സഭയും നിലവില്‍ ഇല്ലാതിരിക്കെ അനിവാര്യ സന്ദര്‍ഭങ്ങളില്‍ നിയമം നിര്‍മിക്കാനുള്ള ഏക പോംവഴിയാണ് ഓര്‍ഡിനന്‍സ്. അത് വിവാദമാവുകയാണുണ്ടായത്. ഓര്‍ഡിനന്‍സിലെ വിവാദം ആകസ്മികമായിരുന്നില്ല. അങ്ങനെ പ്രതീക്ഷിച്ചു കൊണ്ടാണ് ഓര്‍ഡിനന്‍സ് തയാറാക്കിയതെന്നതിന് അതിലെ ആമുഖ വാചകങ്ങള്‍ തന്നെ ധാരാളം മതിയാകും.
ഓര്‍ഡിനന്‍സില്‍ ആറു വകുപ്പുകളാണ് ഉണ്ടായിരുന്നത്. (1) വിപ്ളവ കാലത്ത് പ്രക്ഷോഭകരെ ആക്രമിച്ച കേസ് പുനരന്വേഷിക്കുക. (2) പ്രസിഡന്റിന്റെ എല്ലാ ഓര്‍ഡിനന്‍സുകളും സ്വമേധയാ നടപ്പാകേണ്ടതും കോടതികളില്‍പോലും ചോദ്യം ചെയ്യപ്പെടാത്ത വിധം സുരക്ഷിതവുമായിരിക്കും. അതിനെതിരെ കോടതികളില്‍ നിലവിലുള്ള എല്ലാ കേസുകളും നിയമ സാധുത ഇല്ലാത്തതുമാകുന്നു. പുതിയ ഭരണഘടനയും പാര്‍ലമെന്റും നിലവില്‍വരുന്നത് വരെ ഈ അവസ്ഥ നിലനില്‍ക്കും. (3) പബ്ളിക് പ്രോസിക്യൂട്ടറെ നിശ്ചയിക്കാനുള്ള അധികാരം പ്രസിഡന്റിനായിരിക്കും. (4) ഭരണഘടനാ നിര്‍മാണ സമിതിയുടെ കാലാവധി, സമിതി നിലവില്‍ വന്നത് മുതല്‍ ആറു മാസക്കാലമായിരിക്കും. (5) നിലനില്‍ക്കുന്ന ഭരണഘടനാ സമിതിയെയോ മജ്ലിസ് ശൂറയെ(ഉപരിസഭ)യോ പിരിച്ചു വിടാന്‍ കോടതിക്ക് അധികാരം ഉണ്ടായിരിക്കുന്നതല്ല. (6) ജനുവരി വിപ്ളവത്തിന് ഭീഷണിയുണ്ടാക്കുന്നതോ ദേശീയ ഐക്യത്തിനും സുരക്ഷക്കും അപകടം വിതക്കുന്നതോ ആയ ഏതു നീക്കത്തെയും നിയമപരമായി നേരിടാന്‍ പ്രസിഡന്റിന് അധികാരം ഉണ്ടായിരിക്കുന്നതാണ്.
ഓര്‍ഡിനന്‍സിലെ രണ്ടും മൂന്നും ആറും വകുപ്പുകള്‍ ശക്തമായ പ്രതിഷേധത്തിനും പ്രതിപക്ഷ പ്രക്ഷോഭത്തിനും വഴിയൊരുക്കി. ചോദ്യം ചെയ്യപ്പെടാത്ത പരമാധികാരം അവകാശപ്പെടുന്ന പ്രസിഡന്റ് എകാധിപത്യത്തിലേക്ക് തിരിച്ചു പോകുന്നുവെന്ന് പ്രതിപക്ഷം വാദിച്ചു. പ്രതിപക്ഷത്തെ വിവിധ കക്ഷികള്‍ ഓര്‍ഡിനന്‍സിനെതിരെ ഐക്യപ്പെടുകയും നാഷ്നല്‍ സാല്‍വേഷന്‍ ഫ്രണ്ട് എന്ന പേരില്‍ 35 കക്ഷികള്‍ അടങ്ങുന്ന പൊതുവേദിക്ക് രൂപം നല്‍കുകയും ചെയ്തു. പൊതുവേദിയുടെ ആഹ്വാന പ്രകാരം ജനങ്ങള്‍ തെരുവിലിറങ്ങി. ശാന്തമായിരുന്ന തഹ്രീര്‍ സ്ക്വയര്‍ വീണ്ടും പ്രക്ഷുബ്ധമായി.
ഓര്‍ഡിനന്‍സിനെതിരെ ബാര്‍ അസോസിയേഷനുകളും ജഡ്ജിമാരും രംഗത്ത് വന്നത് രംഗം കൂടുതല്‍ വഷളാക്കി. ജുഡീഷ്യറിയെ അടിച്ചമര്‍ത്തി നിശ്ശബ്ദമാക്കാനുള്ള നീക്കമായി ഓര്‍ഡിനന്‍സ് വ്യാഖ്യാനിക്കപ്പെട്ടു. 'രാഷ്ട്രം നേരിടുന്ന ഭയാനകമായ പ്രതിസന്ധി'യെന്നു ജഡ്ജിമാര്‍ പ്രഖ്യാപിച്ചു. 'കോടതിയെ ഭീഷണിപ്പെടുത്താന്‍ ശ്രമിക്കരുതെന്ന്' പരമോന്നത ഭരണഘടനാ കോടതിയുടെ അധികാരികള്‍ പ്രസ്താവനയിറക്കി.
ദേശീയ അന്തര്‍ദേശീയ മാധ്യമങ്ങള്‍ പ്രസിഡന്റിനും ഓര്‍ഡിനന്‍സിനും എതിരെ ശക്തമായി രംഗത്തുവന്നു. ഒരു വശത്ത് ഏകാധിപത്യത്തിന്റെ പുനരവതാരമാണ് മുര്‍സിയെന്നു പറയുമ്പോള്‍ തന്നെ, ഉപജാപക ശക്തികളുടെ ദുസ്സ്വാധീനത്തില്‍പെട്ട ദുര്‍ബല ഭരണാധികാരിയെന്നും അദ്ദേഹത്തെ പരിചയപ്പെടുത്തി. മുര്‍സിയെ ഉപയോഗപ്പെടുത്തി ജനാധിപത്യത്തെ കശാപ്പ് ചെയ്തു ഏകാധിപത്യ ഭരണം സ്ഥാപിക്കാന്‍ ബ്രദര്‍ഹുഡ് നടത്തുന്ന കുത്സിത ശ്രമമാണ് ഓര്‍ഡിനന്‍സെന്നു അവര്‍ പ്രചരിപ്പിച്ചു.
ഇതോടെ പ്രസിഡന്റിനെതിരെയുള്ള പ്രക്ഷോഭം പ്രസിഡന്റിനെ അധികാരത്തിലെത്തിച്ച രാഷ്ട്രീയപ്പാര്‍ട്ടിയുടെ നേരെയായി. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലായി ബ്രദര്‍ഹുഡിന്റെ 28 ഓഫീസുകള്‍ തകര്‍ക്കുകയോ തീവെച്ചു നശിപ്പിക്കുകയോ ചെയ്തു. ബ്രദര്‍ഹുഡിന്റെ രാഷ്ട്രീയ പാര്‍ട്ടിയായ എഫ്.ജെ.പിയുടെ ഓഫീസുകളും തകര്‍ക്കപ്പെട്ടു. പല സ്ഥലങ്ങളിലും തെരുവു യുദ്ധമാണ് നടന്നത്.
പ്രസിഡന്റിന്റെ തീരുമാനങ്ങളെ പിന്തുണച്ചു പ്രസിഡന്‍ഷ്യല്‍ പാലസിലേക്ക് മാര്‍ച്ച് നടത്തിയ ബ്രദര്‍ഹുഡ് പ്രവര്‍ത്തകരെ മാഫിയ സംഘങ്ങളെ അയച്ചു ആക്രമിച്ചു. എട്ടു ബ്രദര്‍ഹുഡ് പ്രവര്‍ത്തകര്‍ ആ ദാരുണ സംഭവത്തില്‍ മരണപ്പെടുകയും 1463 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. മരണപ്പെട്ടവര്‍ക്ക് പുറമേ ആശുപത്രിയിലായ 213 പേരുടെ പരിക്കുകള്‍ തോക്കുകളില്‍ നിന്നുള്ള ബുള്ളറ്റുകള്‍ മൂലമാണെന്ന് വരുമ്പോള്‍ പാര്‍ട്ടി പ്രവര്‍ത്തകര്‍ക്ക് നേരെയുള്ള ആക്രമണം തികച്ചും ആസൂത്രിതവും വന്‍ ഗൂഢാലോചനയുടെ ഭാഗവുമാണെന്ന് വ്യക്തം.

പോറലേല്‍ക്കാതെ ഭരണഘടനാ സമിതി
ഓര്‍ഡിനന്‍സ് പുറത്തുവന്നെങ്കിലും പുതിയ ഭരണ ഘടനാസമിതിക്കെതിരെ കോടതി ഉയര്‍ത്തിയ ഭീഷണി അവസാനിച്ചിരുന്നില്ല. സമിതിയുടെ ജനകീയ പ്രാതിനിധ്യത്തെയും അതുവഴി സമിതിയുടെ നിയമ സാധുതയെയും ചോദ്യം ചെയ്തുകൊണ്ടുള്ള കേസ് കോടതി പരിഗണിക്കാനിരുന്നത് ഡിസംബര്‍ രണ്ടാം തീയതിയായിരുന്നു. ആ കേസില്‍ കോടതി സമിതിയെ പിരിച്ചു വിട്ടാല്‍ സമിതി തയാറാക്കിയ കരടും അതിന്മേല്‍ നടന്ന ചര്‍ച്ചയുമെല്ലാം വൃഥാവിലാകും. മറ്റൊരു സമിതിയും ഭരണഘടനയും ഉണ്ടാകാന്‍ ഒട്ടേറെ കാലം ഇനിയും കാത്തിരിക്കേണ്ടി വരും. ഓര്‍ഡിനന്‍സിനെ അവഗണിച്ചു കൊണ്ട് കോടതി അത്തരം ഒരു തീരുമാനത്തിലെത്താനുള്ള സാധ്യത വളരെക്കൂടുതലായിരുന്നു.
ഈ പ്രതിസന്ധിയെ അതിജയിക്കാന്‍ രാവും പകലും നീണ്ടുനിന്ന മാരത്തോണ്‍ സിറ്റിംഗുകളിലൂടെ കരടിന്മേലുള്ള ചര്‍ച്ച സമിതി പൂര്‍ത്തിയാക്കുകയും കേസ് കോടതിയില്‍ വരുന്നതിനു ഒരു ദിവസം മുമ്പ് കരട് പാസാക്കുകയും ചെയ്തു. പാസായ കരട് അന്ന് രാത്രി തന്നെ ഔദ്യോഗിക പ്രോട്ടോകോള്‍ പാലിച്ചുകൊണ്ട് സമിതി ചെയര്‍മാന്‍ പ്രസിഡന്റ് മുര്‍സിക്കു കൈമാറി. കരട് ഏറ്റുവാങ്ങിയ പ്രസിഡന്റ്, തന്റെ പ്രഭാഷണ മധ്യേ നിയമം അനുശാസിക്കുന്നതു പ്രകാരം കരടിന്മേലുള്ള ജനകീയാഭിപ്രായം അറിയാന്‍ റഫറണ്ടം പ്രഖാപിക്കുക കൂടി ചെയ്തതോടെ സമിതിയുടെ മേലുണ്ടായിരുന്ന ആശങ്കയുടെ കരിമേഘങ്ങള്‍ നീങ്ങി. പ്രസിഡന്റിനു കരട് നല്‍കി ദൌത്യം പൂര്‍ത്തിയാക്കി സ്വയം പിരിഞ്ഞു പോയ സമിതിയെ പിരിച്ചു വിടുന്നതിലെ അസാംഗത്യം കോടതിയെ പ്രതിസന്ധിയിലാക്കി. അടുത്ത ദിവസത്തെ സിറ്റിംഗുകള്‍ താല്‍ക്കാലികമായി നീട്ടിവെച്ചു മുഖം രക്ഷിക്കാനേ കോടതിക്ക് കഴിഞ്ഞുള്ളൂ.
വിവിധ പാര്‍ട്ടികളുടെയും സമുദായങ്ങളുടെയും ആനുപാതിക പ്രാതിനിധ്യം കമ്മിറ്റിയില്‍ ഇല്ലെന്ന കാരണം പറഞ്ഞു പ്രതിപക്ഷമാണ് കോടതിയെ സമീപിച്ചത്. ഇതേ ആവശ്യത്തിന്മേലാണ് ആദ്യ കമ്മിറ്റിയെ 2012 ഏപ്രിലില്‍ അഡ്മിനിസ്ട്രേറ്റീവ് കോര്‍ട്ട് പിരിച്ചുവിട്ടതും. അതിനു ശേഷം പ്രതിപക്ഷമടക്കം വിവിധ രാഷ്ട്രീയ കക്ഷികളെ വിളിച്ചു കൂട്ടി സൈനിക കൌണ്‍സില്‍ വിളിച്ച സര്‍വ കക്ഷി യോഗത്തിലാണ് പുതിയ കമ്മിറ്റിയുടെ പ്രാതിനിധ്യം തീരുമാനിക്കപ്പെട്ടത്.
ജൂണ്‍12നു സംയുക്ത പാര്‍ലമെന്റ് ചേര്‍ന്ന് വിവിധ മതസമുദായ വിഭാഗങ്ങളെ ഉള്‍ക്കൊള്ളിച്ചു വിവിധ തലങ്ങളില്‍നിന്നുള്ള 1310 നോമിനികളില്‍നിന്നാണ് 100 അംഗ കമ്മിറ്റി രൂപീകരിച്ചത്. അതില്‍പൊതു ധാരയില്‍നിന്ന് നിയമജ്ഞര്‍(16), മത കേന്ദ്രങ്ങളെ പ്രധിനിധീകരിച്ച് അസ്ഹര്‍(5), ചര്‍ച്ച്(4), തൊഴിലാളികള്‍(7), യുവാക്കളും വനിതകളും(10), പൊതു വ്യക്തിത്വങ്ങള്‍(10), പ്രഫഷണലുകള്‍(8), സൈന്യവും പോലീസും(2). പാര്‍ലമെന്റില്‍ 70 ശതമാനത്തിലധികം ഭൂരിപക്ഷമുള്ള ഇസ്ലാമിക ചേരിക്ക് കമ്മിറ്റിയില്‍ കിട്ടിയത് 23 അംഗങ്ങളാണെങ്കില്‍ 30 ശതമാനത്തില്‍ താഴെയുള്ള ഇതര പാര്‍ട്ടികള്‍ക്ക് കിട്ടിയത് 13. വിവിധ മതരാഷ്ട്രീയ ചേരിയില്‍ നിന്നുള്ള നല്ലൊരു സംഘമായിട്ടാണ് തുടക്കത്തില്‍ കമ്മിറ്റി വിശേഷിപ്പിക്കപ്പെട്ടത്.
ജനപിന്തുണയില്‍ തീരെ ദുര്‍ബലമായ പ്രതിപക്ഷ പാര്‍ട്ടികള്‍, തങ്ങളുടെ താല്‍പര്യങ്ങള്‍ കമ്മിറ്റിയില്‍ വിലപ്പോവില്ലെന്ന് കണ്ടപ്പോഴാണ് കമ്മിറ്റി ബഹിഷ്കരിച്ചത്. അക്കാര്യത്തില്‍ ജനാധിപത്യ മൂല്യങ്ങളെ അവര്‍ തുലോം ബഹുമാനിച്ചില്ലെന്നു വേണം കരുതാന്‍.

പുതിയ ഭരണഘടന
ദീര്‍ഘകാലത്തെ ഏകാധിപത്യ ഭരണാനുഭവങ്ങള്‍ മുമ്പില്‍ വെച്ചാണ് കമ്മിറ്റി കരടിന് രൂപം നല്‍കിയത്. മുബാറക്കിന് സ്വേഛാധിപത്യ ഭരണം നടത്താന്‍ അരുനിന്ന ഭരണഘടനയിലെ പ്രസിഡന്റിന്റെ 40 ശതമാനത്തില്‍ അധികം അധികാരങ്ങളും പുതിയ കരടില്‍ വെട്ടിച്ചുരുക്കിയിരുന്നു. പഴയ ഭരണഘടനാ പ്രകാരം രാഷ്ട്രത്തിന്റെ മൊത്തം അധികാരങ്ങളില്‍ 62 ശതമാനവും പ്രസിഡന്റില്‍ നിക്ഷിപ്തമായിരുന്നപ്പോള്‍ 25 ശതമാനം മാത്രമാണ് പാര്‍ലമെന്റിനു നല്‍കിയിരുന്നത്. പ്രസിഡന്റിന്റെ പാര്‍ട്ടി പാര്‍ലമെന്റില്‍ ഭൂരിപക്ഷത്തിലിരിക്കുമ്പോള്‍ ഫലത്തില്‍ 92 ശതമാനം അധികാരങ്ങളും പ്രസിഡന്റില്‍ വന്നുചേരും.
പുതിയ കരട് പ്രകാരം ഒരു പ്രസിഡന്റിന്റെ പരമാവധി ഭരണ കാലം രണ്ടു പ്രാവശ്യം (8 വര്‍ഷം) മാത്രമാക്കി ചുരുക്കിയിരിക്കുന്നു. പ്രസിഡന്റ്പദവിയിലിരിക്കുന്നയാള്‍ ഒരു പാര്‍ട്ടിയുടെയും സ്ഥാനമാനങ്ങള്‍ വഹിക്കാവതല്ല. പ്രസിഡന്റിന് ഒരു സാമ്പത്തിക ഇടപാടും നടത്താന്‍ അനുവാദം നല്‍കുന്നില്ലെന്ന് മാത്രമല്ല, അദ്ദേഹത്തിന്റെ കുടുംബത്തിന് സര്‍ക്കാരിന്റെ സ്ഥാവര ജംഗമ വസ്തുക്കള്‍ വാങ്ങാനോ വാടകക്കെടുക്കാനോ അനുവാദമില്ല. പാര്‍ലമെന്റ് പിരിച്ചുവിടാന്‍ പ്രസിഡന്റിനുള്ള അധികാരം ഒഴിവാക്കുകയും അതിനു റഫറണ്ടം അനിവാര്യമാണെന്ന് വെക്കുകയും ചെയ്തിരിക്കുന്നു. രാഷ്ട്രത്തിന്റെ സൈനിക പരമാധികാരം പ്രസിഡന്റിനാണെങ്കിലും യുദ്ധം പ്രഖ്യാപിക്കാനോ ഒരു രാഷ്ട്രത്തിനെതിരെ സൈനിക നീക്കം നടത്താനോ പാര്‍ലമെന്റിന്റെ അനുവാദം അനിവാര്യമാണ്.
കടുത്ത മനുഷ്യാവകാശ ലംഘനങ്ങള്‍ നടന്നിരുന്ന മുന്‍കാലങ്ങളെ മുന്നില്‍ കണ്ടുകൊണ്ടു തയാറാക്കിയതിനാല്‍ ഏതാനും ചില പരാമര്‍ശങ്ങളിലെ വ്യാഖ്യാന സാധ്യതകള്‍ ഒഴിവാക്കിയാല്‍ പുതിയ കരട് പൌരാവകാശങ്ങളെയും മനുഷ്യാവകാശങ്ങളെയും പരമാവധി സംരക്ഷിക്കുന്നതായിട്ടാണ് പൊതുവേ വിലയിരുത്തപ്പെടുന്നത്. 'ചില പരാമര്‍ശങ്ങള്‍ മാറ്റിനിര്‍ത്തിയാല്‍ മനുഷ്യാവകാശങ്ങളെ ബഹുമാനിക്കുന്നതാണ് പുതിയ കരട്' എന്നാണു പ്രസിദ്ധ മനുഷ്യാവകാശ സംഘടന ഹ്യുമന്‍റൈറ്റ്സ് അഭിപ്രായപ്പെട്ടത്.

പ്രതിപക്ഷത്തിന്റെ നിലപാട്
കരടിലെ 219 ഖണ്ഡികയില്‍ പറഞ്ഞിരിക്കുന്ന 'രാഷ്ട്രത്തിന്റെ നിയമ സ്രോതസ്സ് ഇസ്ലാമിക ശരീഅത്തായിരിക്കും' എന്ന വാചകമാണ് പ്രതിപക്ഷത്തെ ചൊടിപ്പിച്ചത്. ഈ പദം കമ്മിറ്റി പുതിയതായി എഴുതിച്ചര്‍ത്തതല്ല. 1971ലെ ഭരണഘടനയില്‍ തന്നെ ഉണ്ടായിരുന്ന വാചകമാണ്. ഇസ്ലാമിനെ രാഷ്ട്രത്തിന്റെ ഔദ്യോഗിക മതമായി അംഗീകരിക്കുന്നതില്‍ പ്രതിപക്ഷത്തിനു വിയോജിപ്പില്ല. അങ്ങനെയാകുമ്പോള്‍ സ്വാഭാവികമായുണ്ടാകുന്നതാണ് മേല്‍വാചകം. പക്ഷേ, അവര്‍ക്കത് ഉള്‍ക്കൊള്ളാനായില്ല. കഴിഞ്ഞ ഭരണഘടന നിലനിന്ന നാല്‍പതു കൊല്ലക്കാലത്ത് ഇല്ലാതിരുന്ന പ്രതിഷേധം ഇപ്പോള്‍ പ്രകടിപ്പിക്കുന്നതിന് പിന്നില്‍ ഭരണഘടനയോ ഓര്‍ഡിനന്‍സോ അല്ല, മറ്റു ചില ലക്ഷ്യങ്ങളാണ് ഉള്ളതെന്ന് വ്യക്തം.
ഓര്‍ഡിനന്‍സ് പിന്‍വലിക്കാതെ ചര്‍ച്ചകള്‍ക്ക് സന്നദ്ധമല്ലെന്ന നിലപാടിലായിരുന്നു പ്രതിപക്ഷം. അവരുടെ പൊതുവേദിയുടെ നേതാവായ മുന്‍ യു.എന്‍. അന്താരാഷ്ട്ര ആണവായുധ കമ്മിറ്റി ചെയര്‍മാന്‍ മുഹമ്മദ് ബറാദഇ മുര്‍സിയെ പ്രത്യേകം മാറ്റിനിര്‍ത്തി ആക്രമിക്കുകയാണ് ചെയ്തത്. മുര്‍സി അഭിനവ ഫറോവയാണെന്ന് ആക്ഷേപിച്ച ബറാദഇ അത്തരം ഒരു ആരോപണം ആദ്യമുന്നയിച്ച ഇസ്രയേല്‍ സൈനിക നേതാവിന്റെ പാത പിന്തുടരുകയാണ് ചെയ്തത്. പ്രശ്നപരിഹാരത്തിന് അമേരിക്കയുടെയും യുറോപ്യന്‍ യൂനിയന്റെയും ഇടപെടല്‍ വരെ അദ്ദേഹം ആവശ്യപ്പെട്ടുകളഞ്ഞു. ആഭ്യന്തര പ്രതിസന്ധിക്ക് വിദേശ ഇടപെടല്‍ ആവശ്യപ്പെട്ടത് ആഭ്യന്തര സംവിധാനങ്ങളോടുള്ള അവമതിയായി വ്യാഖ്യാനിക്കപ്പെട്ടുവെങ്കിലും പ്രസ്താവന പിന്‍വലിക്കാന്‍ അദ്ദേഹം തയാറായില്ല. പ്രതിസന്ധി നേരിടാന്‍ സൈന്യം സുസജ്ജമാകണമെന്ന അദ്ദേഹത്തിന്റെ പ്രസ്താവന പ്രസിഡന്റിനെ അട്ടിമറിക്കാനുള്ള ആഹ്വാനമായി വിലയിരുത്തപ്പെട്ടു.
ആറു മാസക്കാലം കൊണ്ട് മുര്‍സി നേടിയ നേട്ടങ്ങളാണ് യഥാര്‍ഥത്തില്‍ ഭരണവിരുദ്ധ കാമ്പയിന്‍ നടത്താന്‍ അവരെ പ്രേരിപ്പിച്ചത്. ദേശീയ അന്തര്‍ദേശീയ തലത്തില്‍ മുര്‍സി കൊയ്തെടുത്ത നേട്ടങ്ങള്‍ ആരെയും അമ്പരപ്പിക്കുന്നതായിരുന്നു. അധികാരം മുര്‍സിയില്‍ താല്‍ക്കാലികമെന്നു നിനച്ചിരുന്നവരെ മുര്‍സിയുടെ നേട്ടങ്ങള്‍ അങ്കലാപ്പിലാക്കി. ആഭ്യന്തര പ്രതിസന്ധികളെ ധീരമായി നേരിട്ട മുര്‍സി കുറഞ്ഞ കാലം കൊണ്ട് അന്താരാഷ്ട്ര തലത്തിലും വ്യക്തിമുദ്ര പതിപ്പിച്ചു. സുഊദി, ഇറാന്‍, തുര്‍ക്കി പോലുള്ള തന്ത്രപ്രധാന അറബ് ഇസ്ലാമിക രാഷ്ട്രങ്ങള്‍ സന്ദര്‍ശിച്ച മുര്‍സി അമേരിക്കയിലും യുറോപ്യന്‍ യൂണിയന്‍ രാജ്യങ്ങളിലും നടത്തിയ സന്ദര്‍ശനങ്ങള്‍ രാജ്യാന്തര ബന്ധങ്ങള്‍ നന്നാക്കാന്‍ മാത്രമല്ല, വിദേശ നിക്ഷേപങ്ങള്‍ കൊണ്ടുവരുന്നതിലും സഹായകമായി.
സിറിയ, ഫലസ്ത്വീന്‍ വിഷയങ്ങളില്‍ കൈക്കൊണ്ട ആര്‍ജവമുള്ള സമീപനം മുര്‍സിയുടെ ജനപിന്തുണ വാനോളം ഉയര്‍ത്തി. ലളിത ജീവിതശൈലി സ്വീകരിച്ച മുര്‍സിക്ക് സാധാരണക്കാരുടെ ഹൃദയങ്ങളില്‍ അതുല്യമായ സ്ഥാനമാണ് ലഭിച്ചത്. ടൈം മാഗസിന്‍ കണക്കാക്കിയത് പോലെ കഴിഞ്ഞ ഒരു വര്‍ഷത്തെ ശ്രദ്ധേയനായ വ്യക്തിയായി മാറാന്‍ മുര്‍സിക്ക് വേണ്ടിവന്നത് ആറുമാസം മാത്രമാണെന്നത് പ്രതിപക്ഷത്തെ തെല്ലൊന്നുമല്ല അസ്വസ്ഥപ്പെടുത്തിയത്. ഇനിയും കുറച്ചു കാലം കൂടി മുര്‍സി ഭരണത്തില്‍ ഇരുന്നാല്‍ തങ്ങളുടെ നിലനില്‍പ്പ് അപകടത്തിലാവുമെന്നു അവര്‍ ഭയപ്പെട്ടു. ജനപക്ഷ നിലപാടെടുത്തു മുന്നോട്ട് പോകുന്ന തുര്‍ക്കിയിലെ ഉര്‍ദുഗാനെപ്പോലെ മുര്‍സിയും ബ്രദര്‍ഹുഡും ഈജിപ്ഷ്യന്‍ രാഷ്ട്രീയത്തില്‍ സ്ഥിരപ്രതിഷ്ഠ നേടുമെന്ന ആശങ്ക അത്ര അസ്ഥാനത്താണെന്ന് പറഞ്ഞുകൂടാ.
മുര്‍സിയെക്കാള്‍ ഉപരി അദ്ദേഹം പ്രതിനിധാനം ചെയ്യുന്ന ഇസ്ലാമിക ജനപക്ഷ ജനാധിപത്യത്തെയാണ് അവര്‍ ഭയപ്പെട്ടത്. പാശ്ചാത്യര്‍ മുളപ്പിച്ചെടുത്ത ഇസ്ലാമോഫോബിയയുടെ തണലില്‍ പടിഞ്ഞാറിന്റെയും ഇസ്രയേലിന്റെയും പിന്തുണയോടെ ദേശീയ അന്തര്‍ദേശീയ മീഡിയയെ ആയുധമാക്കി തല്‍പരകക്ഷികള്‍ നടത്തിയ തെരുവ് യുദ്ധമായിരുന്നു ഈജിപ്തില്‍ കണ്ടത്. അറബ് വിപ്ളവങ്ങള്‍ വിജയിച്ച നാടുകളില്‍ രാഷ്ട്രീയ സ്ഥിരത കൈവരാതിരിക്കാനുള്ള താല്‍പര കക്ഷികളുടെ ഗൂഢതന്ത്രങ്ങളില്‍ ലിബിയയും തുനീഷ്യയും പ്രതിസന്ധിയിലാകുമ്പോള്‍ അത്യുജ്ജലമായി പട നയിച്ച മുര്‍സിയെ ആസൂത്രിതമായി അട്ടിമറിക്കാനുള്ള ശ്രമമായി വേണം അതിനെ കാണാന്‍.
വിപ്ളവത്തെ നെഞ്ചേറ്റിയ പ്രതിപക്ഷത്തെ ഇടതുലിബറല്‍ കക്ഷികള്‍ പോലും വിപ്ളവ വിരുദ്ധരോടൊപ്പം ചേരുകയാണുണ്ടായത്. ഭരണഘടനയുടെ ആവശ്യകതയും ഓര്‍ഡിനന്‍സിന്റെ അനിവാര്യതയും ഒന്നും അവര്‍ക്ക് മനസ്സിലാകാഞ്ഞിട്ടല്ല. തങ്ങളുടെ കാലിനടിയിലെ മണ്ണ് ചോരുന്നത് തിരിച്ചറിഞ്ഞതിനാലാണ് അവരും ഈ വഴിക്ക് നീങ്ങിയത്. വിപ്ളവകാലത്തെ ലക്ഷ്യങ്ങള്‍ മറന്നു മുര്‍സിക്കെതിരെ മുബാറക്അനുകൂലികളുമായി പോലും കിടക്ക പങ്കിടാന്‍ അങ്ങനെയാണ് ഈ പ്രതിപക്ഷ പുലികള്‍ തയാറായത്. മുര്‍സിയെ പിടികൂടാന്‍ അവര്‍ ഭരണഘടനാ ഓര്‍ഡിനന്‍സിനെ ഉപകരണമാക്കുകയാണ് ചെയ്തത്.

മുര്‍സി ധീരമായി മുന്നോട്
വിവാദങ്ങളെ മുര്‍സി ശാന്തമായും ധീരവുമായും നേരിട്ടു. അദ്ദേഹം ദേശീയ ടെലിവിഷനില്‍ നടത്തിയ പ്രഭാഷണത്തിലും മീഡിയക്ക് നല്‍കിയ അഭിമുഖങ്ങളിലും കോടതിയെ നേരിട്ടു പരാമര്‍ശിച്ചില്ലെങ്കിലും ഓര്‍ഡിനന്‍സിന്റെ പശ്ചാത്തലം പൊതുജനങ്ങള്‍ക്ക് മുന്നില്‍ വിശദീകരിച്ചു. അക്രമങ്ങള്‍ക്ക് മുതിരാതെ രാഷ്ട്രീയ പരിഹാരത്തിന് മുന്നോട്ടു വരണമെന്ന് പ്രതിപക്ഷ കക്ഷികളോട് ആഹ്വാനം ചെയ്തു.
ഓര്‍ഡിനന്‍സ് പിന്‍വലിക്കുക, റഫറണ്ടം ഒഴിവാക്കുക, ഭരണഘടനക്ക് പുതിയ കമ്മിറ്റിയെ നിശ്ചയിക്കുക എന്നിങ്ങനെ മൂന്നു ആവശ്യങ്ങള്‍ ഉന്നയിച്ചാണ് പ്രതിപക്ഷം സമ്മര്‍ദം ഉണ്ടാക്കിയത്. ആവശ്യങ്ങള്‍ തെരുവിലൂടെയല്ല ചര്‍ച്ചയിലൂടെ പരിഹരിക്കാമെന്ന് മറുപടി പറഞ്ഞ മുര്‍സി സര്‍വകക്ഷി യോഗത്തിനു ആഹ്വാനം ചെയ്തു. ആവശ്യങ്ങള്‍ അംഗീകരിക്കാതെ ചര്‍ച്ചയില്ലെന്ന് നിലപാടിലെത്തിയ പ്രതിപക്ഷത്തില്‍ വിള്ളലുണ്ടായി. 54 പാര്‍ട്ടികള്‍ പങ്കെടുത്ത ചര്‍ച്ചയില്‍ വിവാദ ഓര്‍ഡിനന്‍സ് പ്രസിഡന്റ്പിന്‍വലിച്ചു. അപ്പോഴേക്കും കോടതിയില്‍നിന്ന് ഭരണഘടനാ കമ്മിറ്റി സുരക്ഷിതമായെന്നു മാത്രമല്ല യോഗം ബഹിഷ്കരിച്ച പ്രതിപക്ഷത്തിനു കനത്ത പ്രഹരവുമായി. അന്ന് ഇറക്കിയ പുതിയ ഓര്‍ഡിനന്‍സില്‍ പഴയതിലെ ദുര്‍വ്യാഖ്യാന സാധ്യതയുള്ള പരാമര്‍ശങ്ങള്‍ മാറ്റിയെങ്കിലും പ്രസിഡന്റിന്റെ തീരുമാനങ്ങള്‍ക്കെതിരെ കോടതി വിധിയുണ്ടാകുന്നത് തടഞ്ഞിട്ടുണ്ട്.
പ്രതിപക്ഷത്തിന്റെ സ്വാധീനത്തില്‍ പെട്ട് റഫറണ്ടം നിയന്ത്രിക്കേണ്ട ജഡ്ജിമാര്‍ നിസ്സഹകരണ ഭീഷണി മുഴക്കിയപ്പോള്‍ അവരെ ചര്‍ച്ചക്ക് വിളിച്ചു പ്രശ്നപരിഹാരമുണ്ടാക്കിയത് പ്രസിഡന്റിന്റെ പ്രത്യുല്‍പ്പന്നമതിത്വത്തിനു പൊന്‍ തൂവല്‍ ചാര്‍ത്തുന്നതായി. എല്ലാറ്റിനെക്കാളുമുപരി, പൊതു ജനങ്ങളെ അഭിമുഖീകരിച്ചപ്പോഴും വിവിധ യോഗങ്ങളില്‍ പങ്കെടുത്തപ്പോഴുമെല്ലാം മുര്‍സിയുടെ പക്വമായ സംസാരശൈലിയും ചടുലമായ ശരീര ഭാഷയും ധീരമായ സമീപനവും എതിരാളികളെപ്പോലും അമ്പരപ്പിക്കുന്നതായിരുന്നു. പ്രതിയോഗികള്‍ ശക്തരും ഉത്തരവാദിത്വങ്ങള്‍ ഭാരിച്ചതുമായിരിക്കെ തത്തുല്യമായ പ്രതിസന്ധികള്‍ ഇനിയും ഉണ്ടാകാനാണ് സാധ്യത. എന്നിരുന്നാലും, ഇപ്പോള്‍ ലഭിച്ച അനുഭവ സമ്പത്ത് ഭാവിയിലെ പ്രതിസന്ധികള്‍ തരണം ചെയ്യാന്‍ മുര്‍സിക്ക് വലിയൊരു മുതല്‍ക്കൂട്ടാവും; പ്രതിപക്ഷത്തിന് നല്ലൊരു പാഠവും.

Comments

Other Post

ഖുര്‍ആന്‍ ബോധനം

Quran