Prabodhanm Weekly

Pages

Search

2012 ഡിസംബര്‍ 29

ഗുരു 'ലഘു'വായതാണ് വിദ്യാഭ്യാസത്തിന്റെ ശാപം

സമീര്‍ വടുതല

നല്ല ലോകത്തിന്റെ നിര്‍മാണമാണ് വിദ്യാഭ്യാസത്തിന്റെ ഭൌതിക ലക്ഷ്യം. അതിന് നല്ല ഒരു മനുഷ്യനുണ്ടാവണം. ഒരു നല്ല വീടും നാടുമുണ്ടാവണം. 'നല്ല' എന്ന വാക്ക് അപൂര്‍വമായ അര്‍ഥലാവണ്യ സമൃദ്ധിയുള്ള ഒന്നാണ്. നല്ല നാട് എന്നാല്‍ ധാരാളം റോഡുകളും പാലങ്ങളും വിമാനത്താവളങ്ങളുമുള്ള നാട് എന്നു മാത്രമല്ല. ധാര്‍മികതയുടെ ആരോഗ്യവും സൌന്ദര്യവും ചൈതന്യവുമുള്ള നാട് എന്നു കൂടിയാണ്. ധര്‍മബോധമുള്ള മനുഷ്യര്‍ പാര്‍ക്കുന്ന ഇടമാണ് നല്ല നാട്. കരുണയും പ്രണയവും സ്നേഹവും സാമൂഹികബോധവും ദൈവചിന്തയും ദയാവായ്പും വിശ്വസ്തതയും സത്യസന്ധതയും ചുമതലാബോധവും സമര വീര്യവും സമൃദ്ധമായുള്ള സമൂഹമാണ് നല്ല സമൂഹം. മാനവികത പൂത്തുലയുന്ന മണ്ണിലെ പറുദീസ തന്നെയാകുമത്. ഈ പറുദീസാ സൃഷ്ടിയാണ് കലാലയങ്ങളുടെ ചരിത്ര നിയോഗം. ഈ പറുദീസാ നഷ്ടം തന്നെയാണ് നമ്മുടെ കാലഘട്ടത്തിന്റെ യഥാര്‍ഥ നഷ്ടം.
വ്യത്യസ്ത സംഘടനകള്‍ക്കു കീഴില്‍ മത ഭൌതിക വിദ്യാഭ്യാസം നല്‍കുന്ന ഒട്ടനേകം സ്ഥാപനങ്ങളും പതിനായിരത്തിലധികം പരമ്പരാഗത മദ്റസകളും ധാര്‍മിക വിദ്യാഭ്യാസ മേഖലയില്‍ പ്രവര്‍ത്തിച്ചുകൊണ്ടിരിക്കുന്നു. രാത്രി കാലങ്ങളില്‍ പോലും മലബാറിന്റെ തെരുവോരങ്ങളില്‍ മദ്റസയിലേക്ക് പോകുന്ന പെണ്‍കുട്ടിക്കൂട്ടങ്ങളെ കാണാം. സ്കൂളില്‍ തോറ്റാലും മതബോധത്തില്‍ കുറവുണ്ടാകരുതെന്ന് ചിന്തിക്കുന്ന വലിയ പക്ഷം രക്ഷിതാക്കളുടെ ആവേശമാണത്. ഈവക സംവിധാനങ്ങള്‍ക്ക് പുറമെ, പള്ളി ക്ളാസ്സുകള്‍, വെള്ളിയാഴ്ച പ്രസംഗങ്ങള്‍, വഅള് പരമ്പരകള്‍, വെക്കേഷന്‍ ക്യാമ്പുകള്‍ പോലുള്ള മതവിജ്ഞാന വേദികള്‍ വേറെയും. എന്നാല്‍, കര്‍ക്കശവും സാമ്പ്രദായികവും ശബ്ദമുഖരിതവുമായ ഈ മതബോധനയജ്ഞങ്ങള്‍ സത്യത്തില്‍ ഫലപ്രാപ്തിയിലെത്തുന്നുണ്ടോ?

ഇരുളുന്ന വര്‍ത്തമാനം
കുട്ടികള്‍ പരീക്ഷയില്‍ ജയിക്കുകയും പാഠ്യപദ്ധതികള്‍ ലക്ഷ്യത്തില്‍ തോല്‍ക്കുകയും ചെയ്യുന്നതാണ് മതാധ്യാപന മേഖലയിലെ സമകാലിക അപചയം. ഭൌതികതയുടെ ആഴക്കയങ്ങളില്‍ മുങ്ങിത്താഴുന്ന ലോകത്ത് 'ലൈഫ് ജാക്കറ്റു'കളായി മാറേണ്ട നൈതിക മൂല്യങ്ങളെ കുരുന്നു മനസ്സുകളില്‍ കരുപ്പിടിപ്പിക്കാന്‍ നമ്മുടെ മതവിദ്യാഭ്യാസ രീതികള്‍ കരുത്ത് കാട്ടുന്നില്ല. മാനവജീവിതത്തില്‍ ഓക്സിജന്‍ പോലെ നിര്‍ബന്ധമായ ധര്‍മബോധത്തിലേക്ക് അവ കുട്ടിയെ കൂട്ടിക്കൊണ്ടുപോകുന്നില്ല. വേദവും നബിവചസ്സുകളും കര്‍മാനുഷ്ഠാനവും ചരിത്രവും സമൃദ്ധമായി കുത്തിനിറച്ചിട്ടും നമ്മുടെ കുട്ടികള്‍ കുറ്റവാളികളെ പോലെ പെറുമാറുന്നു. അവര്‍ ക്ളാസ് മുറിയിലും പുറത്തും ശണ്ഠ കൂടുന്നു. മാതാപിതാക്കളെ അവര്‍ മാനിക്കുന്നില്ല. മുതിര്‍ന്നവര്‍ക്ക് അര്‍ഹമായ ആദരം നല്‍കുന്നില്ല. അധ്യാപകരെ അനുസരിക്കുന്നില്ല. അന്യമതസ്ഥരെ വിശാലതയോടെ നോക്കുന്നില്ല. അവര്‍ തരംകിട്ടിയാല്‍ ക്ളാസ് മുറിയില്‍ തന്നെ കളവ് നടത്തുന്നു. കള്ളം പറയുന്നു. പൊതുമുതല്‍ നശിപ്പിക്കുന്നു. സഹപാഠിനിയോട് അസഭ്യം കലര്‍ന്ന കമന്റുകള്‍ പാസ്സാക്കുന്നു. മോറല്‍ പരീക്ഷകളില്‍ പോലും കോപ്പിയടിക്കുന്നു. ഒളിച്ചിരുന്നും ഒറ്റക്കിരുന്നും നീലച്ചിത്രങ്ങള്‍ കാണുന്നു... ധാര്‍മികവിദ്യാഭ്യാസം വലിയൊരു ചോദ്യചിഹ്നമായിത്തീരുന്ന സാഹചര്യമാണിത്. ആരൊക്കെയാണ് ഈ പതനത്തിനുത്തരവാദികള്‍?
പ്രതിപ്പട്ടികയില്‍, നിറം കെട്ടുപോയ മതാധ്യാപകനുണ്ട്. മനഃശാസ്ത്ര വിവേകമില്ലാതെ വിവരങ്ങള്‍ വിളമ്പുന്ന പാഠ്യപദ്ധതിയുണ്ട്. ധര്‍മപാഠങ്ങള്‍ക്ക് വിപരീത സാക്ഷ്യമായിത്തീരുന്ന വീടും രക്ഷിതാവുമുണ്ട്. ദീനിനെ, ദുനിയാവിന്റെ ഇറയത്ത് കൊണ്ടുപോയികെട്ടുന്ന വിദ്യാലയ നടത്തിപ്പുകാരുണ്ട്... എല്ലാവരും കൂടി നമ്മുടെ കുട്ടികളുടെ ധാര്‍മിക വിദ്യാഭ്യാസത്തെ തോല്‍പിച്ചുകൊണ്ടിരിക്കുന്നു.

അധ്യാപകന്‍
സി. രാധാകൃഷ്ണന്‍ നിരീക്ഷിച്ച പോലെ, ഗുരു 'ലഘു'വായി മാറിയതാണ് ഇന്നത്തെ വലിയ ശാപം. മതാധ്യാപകന്‍ മതത്തെ പഴികേള്‍പിച്ചുകൊണ്ടിരിക്കുന്നു. വാര്‍ത്തകളില്‍ നിറയുന്ന ലജ്ജാകരമായ സംഭവങ്ങളില്‍ അയാള്‍ വില്ലനായി അവതരിക്കുന്നു. സ്വന്തം വിദ്യാര്‍ഥികളെ ലൈംഗിക ചൂഷണം ചെയ്തിന്റെ പേരില്‍ പോലും ഇക്കാലത്ത് മതാധ്യാപകന്‍ പിടിക്കപ്പെടുന്നു. വേണ്ടത്ര ഗൃഹപാഠം ചെയ്യാതെ, ക്ളാസ് മുറികളെ അയാള്‍ വിരസവും വിലക്ഷണവുമാക്കിത്തീര്‍ക്കുന്നു. അധ്യയനവേളകളില്‍ കുട്ടികളുടെ സ്വതന്ത്ര ചിന്തയും ബുദ്ധിപരമായ ഉത്സാഹങ്ങളും നിരോധിക്കുന്നു. മതത്തില്‍ ചോദ്യങ്ങള്‍ പാടില്ലെന്ന തെറ്റായ സംസ്കാരം പരിശീലിപ്പിക്കുന്നു. തര്‍ക്കിക്കുന്ന കുട്ടിയെ 'കുരുത്തം കെട്ടവനായി'മുദ്രകുത്തുന്നു. അന്ധമായ അനുസരണവും ഭക്തിയും മാത്രം പ്രോത്സാഹിപ്പിക്കുന്നു. കായിക ശിക്ഷകളിലൂടെ കുട്ടിയെ വിരട്ടി വിധേയപ്പെടുത്തുന്നു. അങ്ങനെ കുട്ടികളുടെ ജന്മാവകാശങ്ങള്‍ ക്ളാസ് മുറികളില്‍ ദയനീയമായി റദ്ദ് ചെയ്യപ്പെടുന്നു. നമ്മുടെ മോറല്‍ ക്ളാസ്സുകള്‍ പലപ്പോഴും മധ്യകാല യൂറോപ്യന്‍ സെമിനാരികളിലേക്ക് തീര്‍ഥയാത്ര പോകുന്നു! ഇംഗര്‍സോള്‍ എഴുതിയത് പോലെ, നമ്മുടെ മതാധ്യാപകന്‍ ചായം തേച്ച കളിമണ്‍ പാവകളെ ഉണ്ടാക്കുകയാണ്.
കുഞ്ഞുണ്ണി മാഷിന്റെ ആത്മകഥയുടെ ആമുഖത്തിലിങ്ങനെ കാണാം: "ഞാന്‍ കുഞ്ഞുണ്ണി. എന്റെ അമ്മ നാരായണി. അമ്മമ്മ പാറുക്കുട്ടി. അമ്മമ്മയുടെഅമ്മയോ...! ഇതാണെന്റെ അറിവിന്റെ പരിധി. ഈ വിഷയത്തിലെന്നല്ല, എല്ലാ വിഷയത്തിലും.'' ഈ വിനയം ശ്ളാഘനീയമാണ്. വിനയമില്ലായ്മയത്രെ നമ്മുടെ കാലത്തെ മതപണ്ഡിതന്റെ മുഖമുദ്ര. 'എനിക്കറിയാം. നിങ്ങള്‍ക്കൊന്നുമറിഞ്ഞുകൂടാ' എന്ന വ്യാജഭാവനയില്‍ നിന്നയാള്‍ പുറത്ത് കടക്കുന്നില്ല. ആധികാരികതയുടെ വ്യാജകമ്പളം സ്വയം എടുത്തണിയുന്ന അയാള്‍, എന്തിലും ഏതിലും അവസാന വാക്ക് പറയുന്നു. തനിക്കറിയാവുന്നത് ഏറ്റവും നന്നായി പറഞ്ഞ് വെച്ചിട്ട്, 'അല്ലാഹുവിനാണറിയുക' എന്ന് മുന്‍ഗാമികള്‍ വിനയപ്പെട്ടത് അയാളോര്‍ക്കുന്നില്ല. താന്‍ നേരിട്ട അധിക ചോദ്യങ്ങള്‍ക്കും 'അറിഞ്ഞുകൂടാ' എന്ന് അറിവിന്റെ ഉത്തരം പറഞ്ഞ ഇബ്നു ഉമറിനെയും അയാള്‍ കേട്ടിട്ടില്ല. അറിവിന്റെ മറുകര കണ്ടിട്ടും 'മനുഷ്യനൊന്നുമറിയില്ലെന്നറിയണം' എന്ന് അടിവരയിട്ട് കടന്നുപോയ ഇമാം ഗസ്സാലിയെയും അയാള്‍ക്ക് പരിചയമില്ല. മുഹമ്മദ് അസദ് നിരീക്ഷിച്ച പോലെ, അയവെട്ടാന്‍ മാത്രമറിയുന്ന പശുവിനെ പോലെ, മതാധ്യാപകന്‍ കാലയാപനം ചെയ്യുന്നു.

ഗുരുനാഥന്‍
'ഗുരു' എന്ന വാക്കിന് 'ഇരുളിനെ നീക്കുന്നവന്‍' എന്നാണര്‍ഥം. മൂല്യവിദ്യാഭ്യാസത്തിലെങ്കിലും അധ്യാപകന്‍ വിദ്യാര്‍ഥികള്‍ക്ക് ഗുരുവായിത്തീരണം. മഹാ മനീഷികളായ പ്രവാചകന്മാരായിരുന്നു മാനവകുലത്തിന്റെ യഥാര്‍ഥ ഗുരുക്കന്മാര്‍ (ഖുര്‍ആന്‍ 14:1,5). 'ഞാന്‍ സമര്‍ഥനായ അധ്യാപകനായി നിയമിക്കപ്പെട്ടിരിക്കുന്നു'വെന്നാണ് അന്ത്യപ്രവാചകന്‍ അറിയിച്ചത്. ആ ദൈവനിയുക്ത ഗുരുപരമ്പരയുടെ പിന്‍മുറക്കണ്ണിയാണ് താനുമെന്ന് തിരിച്ചറിയുമ്പോഴത്രെ, മതാധ്യാപകന്‍ സ്വത്വബോധത്തിലേക്കെത്തുന്നത്. തന്റെ ദൌത്യത്തിന്റെ മഹത്വത്തിലേക്കുയര്‍ന്നു നില്‍ക്കാന്‍ ശ്രമിക്കുമ്പോള്‍ അയാള്‍ തൊഴിലാളി മനസ്സില്‍നിന്ന് പുറത്തുകടക്കുകയും സേവന-വേതന വ്യവസ്ഥകള്‍ക്കപ്പുറം പറക്കാന്‍ പ്രാപ്തി നേടുകയും ചെയ്യും. അധ്യയനത്തിന്റെയും അധ്യാപനത്തിന്റെയും പ്രവാചക പാഠങ്ങള്‍ സ്വായത്തമാകുമ്പോള്‍ ധാര്‍മികബോധന പ്രക്രിയ ഉദാത്തതയിലേക്ക് കുതികൊള്ളും. 'ഇരുളില്‍ നിന്ന് വിമോചിപ്പിക്കുക' എന്നത് കേവലം അക്കാദമിക വ്യായാമമല്ലെന്നറിയുമ്പോള്‍ ക്ളാസ് മുറിയുടെ പരിമിതികളെ മതാധ്യാപകന്‍ ഉല്ലംഘിക്കും. വിദ്യാലയത്തിന് വെളിയിലും വിദ്യാര്‍ഥിയുടെ ജീവിത സന്ദര്‍ഭങ്ങളെ പഠനയിടങ്ങളായി കണ്ട് വഴിവെളിച്ചം പകരുമ്പോള്‍ അയാള്‍ കുട്ടിക്ക് പകരംവെക്കാനില്ലാത്ത കൂട്ടുകാരനായി മാറും. പുലര്‍കാല യാമങ്ങളിലുണര്‍ന്നു തന്റെ വിദ്യാര്‍ഥിക്ക് വേണ്ടി അയാള്‍ നാഥനോട് പ്രാര്‍ഥിക്കുമ്പോള്‍, മൂല്യവിദ്യാഭ്യാസ പ്രക്രിയ അനുഭൂതിദായകമായ ആത്മീയാനുഭവമായിത്തീരും.

പാഠ്യപദ്ധതികള്‍
നമ്മുടെ മതപാഠ്യപദ്ധതികള്‍ ഇസ്ലാമിനെ ഒരാശയമായല്ലാതെ കുട്ടിയുടെ ജീവിതത്തെ തൊടുന്ന സ്നേഹാനുഭവമായി ഭാവന ചെയ്യുന്നില്ല. പാഠ്യപദ്ധതികളുടെ പരിപൂര്‍ണതക്ക് വേണ്ടി നമ്മുടെ വിചക്ഷണര്‍ ദീര്‍ഘമായി അടയിരിക്കുന്നില്ല. മതകീയമായ വിവരങ്ങളുടെ അമിതഭാരം വഹിക്കുന്ന പാഠപുസ്തകങ്ങള്‍ മൌലിക മൂല്യങ്ങള്‍ അരക്കിട്ടുറപ്പിക്കുന്ന പ്രായോഗിക മാര്‍ഗങ്ങള്‍ നിര്‍ദേശിക്കുന്നില്ല. കുട്ടിയില്‍ നിലീനമായിരിക്കുന്ന ധര്‍മസ്ഫുരണത്തെ, നിതാന്തമായ അവബോധതലത്തിലേക്ക് ഉണര്‍ത്തിയെടുക്കുക എന്ന ലക്ഷ്യത്തില്‍ കേന്ദ്രീകരിക്കുന്നില്ല. നമ്മുടെ ക്ളാസ് മുറികളില്‍ ഖുര്‍ആന്‍ പഠനം പോലും ആത്മീയാനുഭവമാകാതെ വരണ്ട അക്കാദമിക വ്യായാമമായി അധഃപതിക്കുന്നു. നമ്മുടെ ക്ളാസ് മുറികള്‍ ഗുരുശിഷ്യന്മാര്‍ ഏറ്റുചൊല്ലുന്ന മധുരമായ ഖുര്‍ആന്‍ സങ്കീര്‍ത്തനങ്ങളാല്‍ സാന്ദ്രമാകുന്നില്ല. ഖുര്‍ആനോട് അനുരാഗമുണര്‍ത്തല്‍ എന്ന ടാര്‍ഗറ്റ് അധ്യാപകന് നല്‍കപ്പെടുനനില്ല. പുതിയ കാലത്ത്, കുട്ടിയുടെ മുന്നില്‍ 'അരുതു'കളുടെ നീണ്ട പട്ടിക നിരത്തുന്നതിന് പകരം, ഏതവസരത്തിലും സക്രിയമാകുന്ന ധാര്‍മികതയുടെ വിത്തുകള്‍ അവനില്‍ മുളപ്പിച്ചെടുക്കുകയാണ് വേണ്ടതെന്ന് നമ്മുടെ വിചക്ഷണന്മാര്‍ പോലും തിരിച്ചറിയുന്നില്ല. അവര്‍ അമിത മനഃപാഠങ്ങളും എഴുത്തു പരീക്ഷകളും കടംകൊണ്ട ശൈലികളും സാങ്കേതികത്വങ്ങളും കൊണ്ട് പാഠ്യപദ്ധതികള്‍ കൊഴുപ്പിക്കുന്നു.
നമുക്ക് ജുനൈദുല്‍ ബഗ്ദാദിയെപ്പോലുള്ള വലിയ അധ്യാപകരുണ്ടാകുന്നില്ല. വിദ്യാര്‍ഥികള്‍ക്ക് കൈമാറുന്ന ധര്‍മപാഠങ്ങള്‍ അവരുടെ ജീവിതപാഠങ്ങളാകുന്നുണ്ടോ എന്നാരും പരിശോധിക്കുന്നില്ല. കുട്ടിയുടെ ധാര്‍മിക നിലവാരം കൃത്യമായും പ്രായോഗികമായും അടയാളപ്പെടുത്തുന്ന പുതിയ മൂല്യനിര്‍ണയ ശൈലികള്‍ രൂപപ്പെട്ട് വരുന്നില്ല. പുതുസങ്കേതങ്ങളും കലാമാധ്യമങ്ങളും ധാര്‍മികബോധന പ്രക്രിയയില്‍ നാം തീരെ പ്രയോജനപ്പെടുത്തുന്നില്ല. നല്ല ചലച്ചിത്രങ്ങളും നന്മയുടെ അനുഭൂതികള്‍ നിറക്കുന്ന സംഗീതവും മാതൃകാ യാത്രകളും കൊണ്ട് കുട്ടികളുടെ മതവിദ്യാഭ്യാസത്തിന് നാം മിഴിവേകുന്നില്ല. എല്‍.സി.ഡികള്‍ വെച്ച് അങ്ങാടികള്‍ തോറും തെരുവുയുദ്ധങ്ങള്‍ നടത്തുമ്പോഴും മദ്റസക്കായി ഒരു 'സ്മാര്‍ട്ട് റൂം' സജ്ജമാക്കണമെന്ന് നമ്മുടെ മത സംഘടനകള്‍ ആലോചിക്കുന്നില്ല.

വീടും ഒരു വിദ്യാലയമാണ്
'മാതാപിതാക്കള്‍ കുട്ടികളുടെ വ്യക്തിത്വം രൂപപ്പെടുത്തുന്നു' എന്ന് ചൂണ്ടിക്കാട്ടിയത് പ്രവാചകനായിരുന്നു. സന്താനങ്ങള്‍ക്ക് നല്‍കാവുന്ന മികച്ച ഉപഹാരം ഉത്തമ ശിക്ഷണമാണെന്നും അവിടുന്ന് ഉണര്‍ത്തിയിട്ടുണ്ട്. 'തനിക്ക് ലഭിച്ച ഏറ്റവും നല്ല പാഠപുസ്തകം അമ്മയായിരുന്നു'വെന്ന് സാക്ഷ്യപ്പെടുത്തിയത് എബ്രഹാം ലിങ്കണ്‍. എന്നാല്‍, വീടും വിദ്യാലയവും തമ്മിലുള്ള ദൂരവും സംഘര്‍ഷവുമത്രെ ഇക്കാലത്ത് മതബോധനത്തെ നിര്‍വീര്യമാക്കിത്തീര്‍ക്കുന്നത്. കുട്ടിയുടെ ആദ്യ വിദ്യാലയം അമ്മയുടെ മടിത്തട്ടാണെന്ന സത്യം വിസ്മരിക്കപ്പെടുന്നു. ക്ളാസ് മുറിയില്‍ നിന്ന് സ്വായത്തമാക്കിയ ധര്‍മപാഠങ്ങളെ തലകുത്തി നിര്‍ത്തുന്ന ഗൃഹാന്തരീക്ഷമാണ് മാതാപിതാക്കള്‍ ഒരുക്കുന്നതെങ്കില്‍, കുട്ടിയുടെ മനോനിലയെ അത് സങ്കീര്‍ണമാക്കുകയും വ്യക്തിത്വത്തെ ശിഥിലപ്പെടുത്തുകയും ചെയ്യും. എന്നാല്‍, വീടനുഭവം കാഴ്ചയിലും കേള്‍വിയിലും ശീലങ്ങളിലും നല്ലത് മാത്രമാകുമ്പോള്‍ നന്മ നിറഞ്ഞ ഒരാള്‍ പുതിയ ഒരു ലോക പൌരന്‍-കാതലുള്ള വന്മരം കണക്കെ വളര്‍ന്നു തുടങ്ങുന്നു.

സമീപനങ്ങള്‍
അബൂബക്റും ഉമറും ഉള്‍പ്പെടെയുള്ള പ്രഗത്ഭരും പ്രശസ്തരുമണിനിരന്ന യുദ്ധമുന്നണിയെ പത്തൊമ്പതുകാരനായ ഉസാമ നയിക്കട്ടെ എന്ന് തീരുമാനിച്ചപ്പോള്‍, ചെറുപ്പത്തിന്റെ നേതൃശേഷിയെ ഉയര്‍ത്തിക്കാട്ടുകയായിരുന്നു പ്രവാചകന്‍. അത് പിന്‍ഗാമികള്‍ക്കുള്ള സംശയങ്ങളില്ലാത്ത സന്ദേശമായിരുന്നു. സമരാവേശത്താല്‍ അണിയിലെത്തുകയും കാലിന്റെ പെരുവിരലൂന്നി നിന്ന് ഉയരം തെളിയിക്കാന്‍ ശ്രമിക്കുകയും ചെയ്ത ബാലനെ പ്രവാചകന്‍ അംഗീകരിച്ചു. ധര്‍മയുദ്ധമുന്നണിയില്‍ അവനും ഇടം കൊടുത്തു. നല്ല വഴിയിലെ കുട്ടിയാവേശങ്ങള്‍ക്കുള്ള പ്രവാചകന്റെ അഭിവാദ്യമായിരുന്നു അത്. കുട്ടികളുമായി സസ്നേഹം അവിടുന്ന് സംസാരിച്ചിരിക്കുമായിരുന്നു. സംവാദവേളകളില്‍ അദ്ദേഹവും ഒരു കുട്ടിയായി മാറി. മരത്തെ കല്ലെറിഞ്ഞ കുട്ടിയെ തിരുനബി, വഴിയുന്ന സ്നേഹത്താല്‍ മാറോടണച്ചു. 'അരുതു മോനേ' എന്ന് അവിടുന്ന് കാതരമായി മൊഴിഞ്ഞപ്പോള്‍, അവന്റെ കൊച്ചു കണ്ണുകളില്‍ പ്രതിഷേധമല്ല, സന്തോഷത്തിന്റെ തിരയിളക്കമായിരുന്നു. തെറ്റുകളെ തിരുത്തേണ്ടതെങ്ങനെയെന്ന് പറയാതെ പറയുകയായിരുന്നു അപ്പോള്‍ പ്രവാചകന്‍.
തനിക്ക് അംഗശുദ്ധി വരുത്താന്‍ വെള്ളവുമായെത്തിയ ജിജ്ഞാസുവായ ബാലനെ തിരുമേനി ശ്രദ്ധിച്ചു. അവന് വേണ്ടി ഹൃദയപൂര്‍വം പ്രാര്‍ഥിച്ചു. ആ ബാലന്‍ പിന്നീട് ഇബ്നു അബ്ബാസ് എന്ന ജ്ഞാനദീപമായി വളര്‍ന്നു. ചെറുപ്പത്തിലേ കഴിവ് തെളിയിച്ച ആ 'പയ്യനെ' ഖലീഫാ ഉമര്‍ മുതിര്‍ന്നവരോടൊപ്പം പണ്ഡിത സഭയിലെടുത്തു. അത് അര്‍ഹതക്കുള്ള അംഗീകാരമായിരുന്നു. മദീനയുടെ തെരുവിലൂടെ നടക്കുമ്പോള്‍ ഒരു കുട്ടിയെ കണ്ടുമുട്ടിയാല്‍ ഖലീഫാ ഉമര്‍ അങ്ങോട്ട് അഭിവാദ്യം ചെയ്തിരുന്നു. ഉമറിന് കര്‍മശാസ്ത്രം വിനയത്തിന്റെ എതിര്‍പദമല്ലായിരുന്നു. തന്റെ കുട്ടിസഖാവിനോട് പൊക്കമൊപ്പിക്കാന്‍, ദീര്‍ഘകായനായ ഖലീഫ കുനിഞ്ഞിരിക്കുമായിരുന്നു. എന്നിട്ട് അലിയുന്ന ഭാവത്തില്‍ ചോദിക്കുമത്രെ: 'നിഷ്കളങ്കനായ കുട്ടീ, ഈ പാപിക്ക് വേണ്ടി നീ പ്രാര്‍ഥിക്കുമോ' എന്ന്. ദുരഭിമാനങ്ങള്‍ കുടഞ്ഞെറിഞ്ഞ പ്രവാചക ശിഷ്യരുടെ ഇളംതലമുറയോടുള്ള പരിഗണനയായിരുന്നു അത്.
അതിനാല്‍ നമുക്കും ചെറുപ്പത്തെ നിറഞ്ഞ മനസ്സോടെ അഭിവാദ്യം ചെയ്യാം. അവരെ ആദരിക്കാം. സ്നേഹിക്കാം. അവരുമായി സഹവസിക്കാം, സംവദിക്കാം. അവരുടെ കഴിവുകളെ കലവറയില്ലാതെ അംഗീകരിക്കാം. കുറവുകളോട് പൊറുക്കാം. അവര്‍ക്കായി ഹൃദയപൂര്‍വം പ്രാര്‍ഥിക്കാം. ഹലീമാ സഅ്ദിയ്യയുടെ ഗ്രാമ്യ നന്മകളും ഖന്‍സാഇന്റെ പോരാട്ട വീര്യവും ലുഖ്മാന്റെ സാരോപദേശങ്ങളും അവര്‍ക്കായി സമ്മാനിക്കാം. വഴിയിലും വാഴ്വിലും യഅ്ഖൂബിന്റെ ജാഗ്രതാ പാഠങ്ങള്‍ കൈമാറാം. യൂസുഫിന്റെ യൌവ്വനശീലങ്ങളെ അവര്‍ക്ക് പരിചയപ്പെടുത്താം. സച്ചരിതരായ മുന്‍ഗാമികള്‍ അവര്‍ക്ക് നായകരാവട്ടെ. ഖബ്ബാബും ഖുബൈബും മുസ്വ്അബും മുആദും സല്‍മാനും ബിലാലും അവരുടെ കൂട്ടുകാരാവട്ടെ. ഇബ്റാഹീം പിതാവിന്റെ ഇളകാത്ത യാഥാര്‍ഥ്യബോധത്തോടെ നമുക്ക് അവരെ ഭാവിയിലേക്ക് വഴിനടത്താം. ഹാജറയെപ്പോലെ നമുക്കും ഇസ്മാഈലുമാരെ വളര്‍ത്തിയെടുക്കാം.

Comments

Other Post

ഖുര്‍ആന്‍ ബോധനം

Quran