സൌന്ദര്യമുള്ള ജീവിതത്തിന് തനിമയുടെ ചുവടുറപ്പ്
2011 മാര്‍ച്ച് മാര്‍ച്ച് 6 ന് കേരളത്തിലെ ഒരു കൂട്ടം കലാസാഹിത്യപ്രവര്‍ത്തകര്‍ കോഴിക്കോട് ടാഗോര്‍ സെന്റിനറി ഹാളില്‍ 'സൌന്ദര്യമുള്ള ജീവിതത്തിന്' എന്ന മുദ്രാവാക്യമുയര്‍ത്തി ഒത്തുചേര്‍ന്നു. തനിമയുടെ രണ്ടാം ജന്മമായി ഈ സമ്മേളനം വിലയിരുത്തപ്പെട്ടു. കേരളത്തിന്റെ വിവിധ പ്രദേശങ്ങളില്‍ സമാനമായ ഒത്തുചേരലുകള്‍ സംഘടിപ്പിക്കാനും നന്മയുടെയും നേരിന്റെയും പക്ഷത്തുനിന്നു കലാസാഹിത്യ പ്രവര്‍ത്തനങ്ങള്‍ സംഘടിപ്പിക്കാനും തീരുമാനമായി. ഒരു വര്‍ഷം പൂര്‍ത്തിയാകുമ്പോഴേക്കും കേരളത്തിലെ എല്ലാ ജില്ലകളിലും തനിമയുടെ ഘടകങ്ങള്‍ രൂപീകൃതമായി. കലാസാഹിത്യ പ്രവര്‍ത്തകരുടെ കൂട്ടുകുടുംബം എന്ന ആശയത്തിനാണ് തനിമ പ്രാധാന്യം നല്‍കിയത്. സൌഹാര്‍ദത്തിലും സഹകരണത്തിലുമധിഷ്ഠിതമായ ബന്ധം ഊട്ടിയുറപ്പിക്കുന്നതിന്റെ ഭാഗമായി പ്രവര്‍ത്തകരുടെ ഒത്തുചേരലുകള്‍ കേരളത്തിന്റെ നഗര-ഗ്രാമങ്ങളില്‍ നടന്നുവരികയാണ്.
കലയും കാലവും വേര്‍പ്പെടുത്താവാത്തവിധം രക്തബന്ധമുള്ള ഇരട്ടക്കുട്ടികളാണ്. കല കാലത്തെയും കാലം കലയെയും അടയാളപ്പെടുത്തുന്നു. മനുഷ്യപ്പിറവിക്ക് കാരണം പരിണാമസിദ്ധാന്തമാണെന്നും ലോകത്തിന് മാറ്റം സമ്മാനിച്ചത് ചക്രം കണ്ടുപിടിച്ചതുമുതലാണെന്നുമുള്ള ബുദ്ധിജീവിജല്‍പനങ്ങള്‍ എത്ര മാത്രം അബദ്ധജഡിലമാണെന്ന് ലോകം തിരിച്ചറിഞ്ഞുകൊണ്ടിരിക്കുകയാണ്. തിരിച്ചറിയാനായപ്പോഴേക്കും അതിന്റെ ദുരന്തങ്ങളേറ്റുവാങ്ങുംവിധം പ്രതിസന്ധിയിലാണ് മനുഷ്യസഞ്ചയം. അക്രമവും അഹങ്കാരവും അത്യാഗ്രഹവും മനുഷ്യരുടെ രക്തത്തില്‍ എഴുതിചേര്‍ത്തു അവ സഹജശീലമാക്കുന്നതിനാണ് ഇത് വഴിവെച്ചത്. സാമ്രാജ്യത്വവും വര്‍ഗീയതയും വംശീയതയും സമൂഹത്തിന്റെ മുഖമുദ്രയാക്കുന്നതിലും ഈ സിദ്ധാന്തങ്ങള്‍ വിജയിച്ചു. സാഹിത്യത്തെയും കലയെയും വളരെ വേഗത്തിലാണ് ഇവ സ്വാധീനിച്ചത്. മനുഷ്യന്‍ സര്‍വതന്ത്ര സ്വതന്ത്രനാണെന്നും അവന് ആരോടും ഉത്തരവാദിത്വമില്ലെന്നുമുള്ള ആശയങ്ങള്‍ ആധുനികതയുടെ ഭാഗമായി അടിച്ചേല്‍പ്പിക്കപ്പെട്ടു. വ്യക്തിയുടെ മാനസികവ്യാപാരങ്ങളാണ് സാഹിത്യമെന്നും കലാകാരന്റെ വാക്കും വിചാരവുമാണ് കലയെന്നും വിശദീകരിക്കപ്പെട്ടു. നേരും നന്മയും കര്‍മധര്‍മങ്ങളും ഈ അശ്വമേധത്തില്‍ പരാജയം സമ്മതിച്ചു പിന്‍വാങ്ങുന്ന സ്ഥിതിയിലായി. മനുഷ്യരുടെ ശാരീരികചോദനകളെ മാത്രമേ ഈ സിദ്ധാന്തങ്ങള്‍ തൃപ്തിപ്പെടുത്തിയുള്ളൂ. ആത്മാവിന്റെ സൌന്ദര്യത്തെയും സുഗന്ധത്തെയും അവ ലവലേശം പരിഗണിച്ചില്ല. മുതലാളിത്തത്തിന്റെയും കമ്യൂണിസത്തിന്റെയും പക്ഷം പിടിച്ചുകൊണ്ട് നടത്തിയ ഈ ജൈത്രയാത്രകള്‍ ലോകത്തെ നിന്നനില്‍പ്പില്‍ തന്നെ നിശ്ചലമാക്കിയ സ്ഥിതിയാണിപ്പോള്‍. മറ്റൊരു ലോകം സാധ്യമാണ് എന്ന പ്രതിരോധപ്രവര്‍ത്തനങ്ങള്‍ അങ്ങിങ്ങായി ശക്തിപ്പെടുന്നുവെന്നത് സന്തോഷകരമാണ്. ആഗോളവല്‍ക്കരണത്തിന്റെ മലവെള്ളപ്പാച്ചിലില്‍ ജീവനും ജീവിതവും നഷ്ടപ്പെട്ടവര്‍ സര്‍വവിവേചനങ്ങളും വേര്‍തിരിവുകളും മറന്ന് ഒന്നിക്കാന്‍ തയാറായിരിക്കുന്നു. അവയോട് ഒത്തുചേരാനും അത്തരം സംരംഭങ്ങളെ പ്രോത്സാഹിപ്പിക്കാനും തനിമ പ്രതിജ്ഞാബദ്ധമാണ്.
സാമ്രാജ്യത്വവും വര്‍ഗീയതയും വരച്ചുകാണിക്കുന്ന വഴികളിലൂടെയാണ് മനുഷ്യരുടെ സഞ്ചാരം. അവക്കെതിരായ സ്വപ്നങ്ങളെപ്പോലും തല്ലിതകര്‍ക്കാനുള്ള ജാഗ്രതയും ആസൂത്രണവും ഗവേഷണവും അത്ഭുതകരമാംവിധം ക്രമബദ്ധമാണ്. പ്രതിരോധങ്ങളെ അവര്‍ നിരായുധീകരിക്കുന്നു. ലഹരിയുടെയും ലൈംഗികതയുടെയും നുരയും പതയും അതിനായി ഉപയോഗിക്കുന്നു. പരിവര്‍ത്തനത്തിന്റെ പടവാളാകേണ്ട യുവത്വത്തെയാണ് അവര്‍ അടിമത്തത്തിന്റെ വലയില്‍ തളക്കുന്നത്. പ്രതിഭാധനരായ കലാസാഹിത്യ പ്രവര്‍ത്തകരെ ഉപകരണങ്ങളാക്കിയാണ് ഈ കടന്നാക്രമണങ്ങള്‍. വിപ്ളവങ്ങള്‍ക്ക് ഇന്ധനവും ഊര്‍ജവും പകര്‍ന്നുനല്‍കേണ്ട പ്രതിഭകളുടെ കുലത്തെ ചൂടുപിടിപ്പിക്കുകയും തിരിച്ചുപിടിക്കുകയും ചെയ്യുകയെന്ന ആശയും ആശയവുമാണ് തനിമക്കുള്ളത്. നിഷ്ക്രിയതയെയും അലസതയെയും അയുക്തികളെയും ആധുനികതയുടെയും പുതുപ്രവണതയുടെയും പേരില്‍ അടിച്ചേല്‍പ്പിക്കുന്നതിനെ അംഗീകരിക്കാനാവില്ല. കലയും സാഹിത്യവും മാനവരാശിക്ക് എന്തു സംഭാവനകളാണ് സമര്‍പ്പിക്കേണ്ടത് എന്ന കാര്യത്തില്‍ സത്യസന്ധമായ സംവാദങ്ങള്‍ നടക്കണം. മുന്‍ധാരണകളില്ലാത്ത നിഷ്പക്ഷമായ അന്വേഷണമാണ് കരണീയമായിട്ടുള്ളത്. അതിരുകവിഞ്ഞ വ്യക്തിവാദം വളരെ അടഞ്ഞ ഒരു സമൂഹത്തെ മാത്രമേ സൃഷ്ടിക്കുന്നുള്ളൂ എന്ന തിരിച്ചറിവ് നമുക്കാവശ്യമാണെന്ന് സമീപകാലസംഭവങ്ങള്‍ വിളിച്ചുപറയുന്നു. കാലം നീളെ ചെന്നപ്പോള്‍ കലാകാരന്മാര്‍ക്കും സാഹിത്യകാരന്മാര്‍ക്കുമിടയില്‍ ശക്തമായ ഒരു പ്രസ്ഥാനമില്ല എന്നു വന്നിരിക്കുന്നു. ഓരോരുത്തര്‍ക്കും അനേകായിരം നിലപാടുകളുണ്ട്. പക്ഷേ അതെല്ലാം ഉള്ളിലൊതുക്കി സമ്മര്‍ദത്തിന് വഴിപ്പെടുന്നു അവര്‍. സ്വന്തമായ അഭിപ്രായങ്ങള്‍ പുറത്തുപറയാനുള്ള ധൈര്യമില്ല. സമൂഹത്തിന് മുന്നില്‍ നടക്കേണ്ട കലാസാഹിത്യ പ്രവര്‍ത്തകരെ പുത്തന്‍പണക്കാര്‍ അടര്‍ത്തിയെടുക്കുകയും കലഹത്തിന്റെ വെടിമരുന്ന് അവരുടെമേല്‍ വിതറുകയും ചെയ്യുന്നു. വടക്കന്‍ വീരഗാഥയിലെ അങ്കത്തട്ടിനെ ഓര്‍മിപ്പിക്കും വിധം ആക്രമണ പ്രത്യാക്രമണങ്ങളുടെ ആരവമാണ് കലാസാഹിത്യമേഖലയില്‍ ഉയര്‍ന്നുകേള്‍ക്കുന്നത്.
ഈ കളരിയിലേക്കാണ് തനിമ കാലെടുത്തുവെച്ചിരിക്കുന്നത്. പരമ്പരാഗതമായ രീതിയിലുള്ള പ്രവര്‍ത്തനങ്ങളല്ല തനിമ ആവിഷ്കരിച്ചിട്ടുള്ളത്. കലാകാരന്മാരോടും സാഹിത്യപ്രവര്‍ത്തകരോടും ഈ മേഖലയില്‍ വിയര്‍പ്പൊഴുക്കാന്‍ താല്‍പര്യമുള്ളവരോടുമാണ് തനിമയുടെ ആഹ്വാനം. ഉള്ളിലുള്ള പ്രതിഭയെ ഊതിക്കാച്ചിയെടുക്കാനുള്ള അധ്വാനത്തെ തനിമ അഭിവാദ്യം ചെയ്യുന്നു. മലയാളത്തെ ലോകത്തിന്റെ നെറുകയില്‍ ചാര്‍ത്തുന്ന ദിനത്തെയാണ് ഈ പ്രസ്ഥാനം സ്വപ്നം കാണുന്നത്. പൊരുതി നേടേണ്ടതാണ് ഇരന്നുവാങ്ങേണ്ടതല്ല ഈ മഹിതമുദ്ര. നന്മകളുടെ പെരുമഴക്കാലം ലോകത്തിന് സമ്മാനമായി നല്‍കാന്‍ അത് ആഗ്രഹിക്കുന്നു. സൌന്ദര്യമുള്ള ജീവിതം എന്ന ആശയത്തെയും ആവിഷ്കാരത്തെയും തനിമ ഹൃദയത്തില്‍ വരച്ചുവെക്കുന്നു. എല്ലാം തീരുമാനിച്ചുറപ്പിച്ച സങ്കല്‍പ്പമല്ല അത്. വിശദമായ ചര്‍ച്ചകളും പഠനങ്ങളും ഈ മേഖലയില്‍ ഇനിയും ആവശ്യമാണ്. തുടക്കം കുറിക്കുക മാത്രമേ തനിമ ചെയ്തിട്ടുള്ളൂ. അവയുടെ പൂര്‍ണതക്കായി കേരളത്തെ എല്ലാവരുമായും സംസാരിക്കാനും ഒന്നിച്ചിരിക്കാനും തനിമ ആഗ്രഹിക്കുന്നു. ഒരു വര്‍ഷത്തെ പ്രയാണം ശുഭ പ്രതീക്ഷകളാണ് തനിമക്ക് നല്‍കിയിട്ടുള്ളത്. പ്രോത്സാഹനത്തിന്റെ തണലും തലോടലും ഈ കൂട്ടായ്മക്ക് ലഭിച്ചുകൊണ്ടിരിക്കുന്നുവെന്നത് സന്തോഷകരമാണ്. കാഴ്ചക്കാരായി മാറിനിന്നവര്‍ ഇപ്പോള്‍ മുന്നില്‍ നടന്നു തുടങ്ങിയിട്ടുണ്ട്. പ്രതിഭകളായ കലാകാരന്മാര്‍ നേതൃനിരയിലെത്തികൊണ്ടിരിക്കുന്നു. നഗരഗ്രാമഭേദമില്ലാതെ കൂട്ടായ്മകള്‍ രൂപീകരിക്കപ്പെട്ടുവരുന്നു. കലാസാഹിത്യ പ്രവര്‍ത്തകരുടെ ഒത്തുചേരലുകള്‍, ശില്‍പശാലകള്‍, ചലച്ചിത്ര പ്രവര്‍ത്തകരുടെ ചര്‍ച്ചാ സായാഹ്നങ്ങള്‍ എന്നിവ വിവിധ പ്രദേശങ്ങളില്‍ സംഘടിപ്പിച്ചുകഴിഞ്ഞു.
ഈ ആശയങ്ങളുടെ അടയാളപ്പെടുത്തലും പ്രവര്‍ത്തനങ്ങളുടെ തുടര്‍ച്ചയുമാണ് സാംസ്കാരിക സഞ്ചാരത്തിലൂടെ ലക്ഷ്യം വെക്കുന്നത്. ഒരു വര്‍ഷത്തെ ആസൂത്രണവും ആലോചനയും ഈ യാത്രയുടെ പിന്നിലുണ്ട്.
Comments