Prabodhanm Weekly

Pages

Search

2012 ഡിസംബര്‍ 29

മദ്റസകള്‍ പൂട്ടിക്കഴിഞ്ഞാല്‍ മതപഠനം അവസാനിക്കുമോ?

ജമീല്‍ അഹ്മദ്

വിദ്യാഭ്യാസമെന്നത് മനുഷ്യനെ സകലവിധത്തിലും പരിവര്‍ത്തിപ്പിക്കാനുള്ള പ്രവര്‍ത്തന പരിപാടിയാണെങ്കില്‍ ഏറ്റവും നല്ല വിദ്യാഭ്യാസം മതവിദ്യാഭ്യാസം തന്നെയാണ്. ഈ സത്യം അറിഞ്ഞതുകൊണ്ടാണ് പൂര്‍വഗാമികളുടെ സുകൃതപാരമ്പര്യം മുഴുവനും മതവിദ്യാഭ്യാസത്തിന് ഭൌതിക വിദ്യാഭ്യാസത്തേക്കാള്‍ പ്രാധാന്യം നല്‍കിയത്. 'ഭൌതിക വിദ്യാഭ്യാസം' എന്നിവിടെ കുറിക്കുന്നത് ദീനിന്റെ അടിത്തറയില്‍നിന്നല്ലാതെ വികസിച്ച എല്ലാ ജ്ഞാനധാരകളുടെയും അഭ്യസനത്തെ ഉള്‍പ്പെടുത്തിയാണ്, അത് ശാസ്ത്രമാകട്ടെ, മാനവിക വിഷയങ്ങളാകട്ടെ. പാശ്ചാത്യ ആധുനികതയുടെ ചിന്താപരമായ മുന്നേറ്റമാണ് ഈ ഭൌതിക വിദ്യാഭ്യാസത്തെ സൃഷ്ടിക്കുകയും നിലനിന്നിരുന്ന മതാത്മക വിദ്യാസമ്പ്രദായങ്ങളെയും വ്യവസ്ഥകളെയും തകര്‍ത്ത് ദൈവവിരുദ്ധ ജ്ഞാനാടിത്തറയെ സമൂഹബോധത്തിന്റെ തലപ്പത്ത് വെക്കുകയും ചെയ്തത്. 
ഉത്തരാധുനിക കാലത്ത് ആഗോളവത്കരണത്തിന്റെ വിപണിമൂല്യങ്ങള്‍ക്കൂടി അതിനോടൊപ്പം ചേര്‍ന്നതോടെ വിദ്യാഭ്യാസം തന്നെ പ്രധാനപ്പെട്ട ഒരു വ്യവസായമായി മാറി. വിദ്യ നേടുക എന്നത് പണം നേടുക എന്നതിനുള്ള ആമുഖമാക്കി മാറ്റി. മത - ഭൌതിക വിദ്യാഭ്യാസ സമന്വയം എന്ന ആശയം അതിനാല്‍ ദുനിയാവ് നഷ്ടപ്പെടാതെ ആഖിറം നേടാനുള്ള പുതുപദ്ധതിയായി രൂപാന്തരം പ്രാപിച്ചു. വിദ്യാഭ്യാസമെന്നത് ഭൌതികവിദ്യാഭ്യാസം മാത്രമാണെന്ന് ധരിച്ച് അതില്‍ മുന്നോട്ടുപോയ ഒരു വലിയ ജനവിഭാഗം, മതവിദ്യാഭ്യാസത്തിന്റെ വിശാലവും നിര്‍ബന്ധവുമായ ഹരിതതീരങ്ങളെ പ്രാപിക്കാതെ ജീവിതം അവസാനിപ്പിക്കേണ്ട ഗതികേടിലുമായി. ഒരു മുസ്ലിം, അല്ലെങ്കില്‍ മുസ്ലിം സമൂഹം നിര്‍ബന്ധമായി കരസ്ഥമാക്കണമെന്ന് ഇസ്ലാം വ്യവസ്ഥപ്പെടുത്തിയ വിജ്ഞാനമേഖലകളില്‍ (ഫറദു ഐന്‍) അറിവുള്ളവര്‍ക്ക് വംശനാശം സംഭവിച്ചിരിക്കുന്നു.

മദ്റസകളുടെ അകത്ത്
നിലവിലുള്ള മദ്റസാ വ്യവസ്ഥയാണ് ഈ കൂരിരുട്ടില്‍ കത്തിച്ചു വെച്ച നനുത്ത ഒരു നാളം. നമ്മുടെ ഓത്തുപള്ളികള്‍ മുതല്‍ ജാമിഅകള്‍ വരെ അതില്‍ പെടും. ജാമിഅകളെക്കാളും പ്രസക്തവും സംരക്ഷിക്കപ്പെടേണ്ടതും ഓത്തുപള്ളികളാണ്. ആ മേഖലയില്‍ ഇന്നു നിലനില്‍ക്കുന്ന എല്ലാ ഗുലുമാലുകളെയും ഇവിടെ വിശദീകരിക്കേണ്ടതില്ല. കാരണം, അത്രയും സമൂഹാവബോധം അക്കാര്യത്തിലുണ്ടായിരിക്കുന്നു. എന്നാല്‍, അവയെ നിലനിറുത്തിക്കൊണ്ടുതന്നെ ദീനീ വിദ്യാഭ്യാസത്തിന് മറ്റു ചില സംവിധാനങ്ങളെക്കുറിച്ചുകൂടി നാം ആലോചിക്കേണ്ടിയിരിക്കുന്നു. ദീനീ സംഘടനകള്‍ മുഴുവന്‍ സാമൂഹികവും ഭൌതികവുമായ കര്‍ത്തവ്യനിര്‍വഹണത്തില്‍ വ്യാപൃതരാവുകയും ആ പാതയിലേക്ക് തിക്കിത്തിരക്കി കടന്നുകൂടുകയും ചെയ്തുകൊണ്ടിരിക്കുമ്പോള്‍ ശൂന്യമായിപ്പോകുന്ന ചില അറിവുകളെ നമ്മുടെ സമുദായം നിരന്തരം ബോധ്യപ്പെടുത്തിക്കൊണ്ടിരിക്കുന്നു. അതുകൊണ്ടുകൂടിയാണ് മതവിദ്യാഭ്യാസത്തിന് മറ്റൊരു പ്രവര്‍ത്തനപദ്ധതി കൂടി ആലോചിക്കേണ്ടിവന്നിരിക്കുന്നത്.
മതവിദ്യാഭ്യാസത്തെക്കുറിച്ച് ഇസ്ലാമിന് ആദര്‍ശപരമായ ധാരണകളുണ്ട്. മതത്തെ അറിവായി മാത്രം പകര്‍ന്നുകൊടുക്കലല്ല മതവിദ്യാഭ്യാസം. മറിച്ച് അറിവിനെ ജീവിതത്തില്‍ പകര്‍ത്താനും അതുവഴി പരലോകമോക്ഷത്തിന് വഴിതുറക്കാനുമുള്ള ഉപാധിയായാണ് ഇസ്ലാംദീന്‍ കാണുന്നത്. ഖുര്‍ആനിലും ഇസ്ലാമിക പ്രമാണങ്ങളിലും നിരന്തരമായി ആവര്‍ത്തിക്കുന്ന 'ഇല്‍മ്' എന്ന വാക്കിന് അറിവെന്നുമാത്രം പോര അര്‍ഥം. കര്‍മത്താല്‍ ഫലപ്രദമാവാത്ത അറിവിനെ അല്ലാഹു അംഗീകരിക്കുന്നുമില്ല (അസ്വഫ്ഫ് 11). വിശ്വാസത്തെയും കര്‍മത്തെയും ബലപ്പെടുത്താനുള്ള മാര്‍ഗമാണ് ഇല്‍മ്. അതുകൊണ്ടുതന്നെ മദ്റസകളിലെ പാഠം ചൊല്ലിപ്പഠിക്കലിനെക്കാള്‍ കൂടുതല്‍ ഫലവത്താകുക, ഇസ്ലാമിക ജീവിതത്തിന് അനിവാര്യമായ അറിവുകള്‍ കാലാകാലമായി നേടിയെടുക്കലാണ്. അതായത് ഹജ്ജിന് പോകുന്നത് സമീപഭാവിയിലൊന്നും സാധ്യമല്ലാത്ത നാലാം ക്ളാസ്സുകാരന്‍ ഹജ്ജിന്റെ മതകാര്യങ്ങള്‍ മനപ്പാഠമാക്കി വെക്കുന്നതിനേക്കാള്‍ ഗുണം ചെയ്യുക ഹജ്ജിനൊരുങ്ങുന്നവര്‍ക്ക് ലഭിക്കുന്ന പഠനക്ളാസ്സുകളാണെന്നത് ഇന്ന് ആര്‍ക്കും ബോധ്യമാണല്ലോ. ഹജ്ജ് ചെയ്യാനുള്ള ആഗ്രഹം വൈകാരികമായി സൃഷ്ടിക്കാനാണ് മദ്റസാപാഠം ശ്രമിക്കേണ്ടത്. അതിനു പക്ഷേ പാഠപുസ്തകം പരിഷ്കരിച്ചതുകൊണ്ട് കാര്യമില്ല, പഠനരീതിയിലും സമീപനത്തിലും മാറ്റം വരികയാണ് വേണ്ടത്.
മദ്റസാ വിദ്യാഭ്യാസം സമുദായത്തിന്റെ എല്ലാ തെമ്മാടിത്തരവും നിര്‍ത്തലാക്കാനുള്ള ദുര്‍ഗുണപരിഹാര പാഠശാലയാകുന്നില്ല എന്നാണ് പലരും കുറ്റപ്പെടുത്തുന്നത്. കുട്ടികളെ നന്നാക്കാനുള്ള ദൌത്യം ഉസ്താദുമാര്‍ക്ക് ക്വട്ടേഷന്‍ നല്‍കി സമാധാനപ്പെടുകയാണ് സമുദായം. അഞ്ചു വയസ്സുമുതല്‍ പത്തുവയസ്സുവരെ ഒരു കുട്ടി ദിവസം ഒന്നരമണിക്കൂര്‍ ഉഴറിനേടേണ്ട ജീവിതമാണ് ദീന്‍ വിഭാവനചെയ്യുന്നത് എന്ന് ധരിക്കുന്നത് ശരിയല്ല. മദ്റസയുടെ ഉന്നം ഒരു മുസ്ലിമിന് ഇസ്ലാമികമായി ജീവിക്കാനാവശ്യമായ അറിവുകള്‍ പകരുക എന്നതു മാത്രമാണ്. ചില മനപ്പാഠങ്ങള്‍, ചില പ്രായോഗിക പരിശീലനങ്ങള്‍ എന്നിവ നല്‍കാനുള്ള കേന്ദ്രം മാത്രമാണ് മദ്റസ. മുസ്ലിം ചെറുപ്പക്കാര്‍ ധാരാളമായി വഴിതെറ്റിപ്പോകുന്നത് (ആ കണക്കുകള്‍ ശരിയാണെങ്കില്‍) മദ്റസയുടെ പോരായ്മയല്ല, മൊത്തം സമുദായത്തിന്റെ പോരായ്മയാണ്. ആ മാനക്കേടില്‍ നിന്ന് സമുദായത്തെ രക്ഷിച്ചെടുക്കാനുള്ള ഒരു ശ്രമമെന്ന നിലക്കുകൂടിയാണ് ഈ പുതിയ മതവിദ്യാഭ്യാസ പദ്ധതിയെ സമീപിക്കേണ്ടത്.

മദ്റസകള്‍ക്ക് പുറത്ത്
ഔപചാരികം, അനൌപചാരികം എന്നിങ്ങനെ നിലവിലുള്ള ദീനീപഠന സംരംഭങ്ങളെ രണ്ടാക്കി തിരിക്കാം. ഔപചാരിക ദീനീ പഠനത്തില്‍ പ്രാഥമിക തലത്തില്‍ മദ്റസകളും ഉന്നതവിദ്യാഭ്യാസത്തില്‍ അറബി - ഇസ്ലാമിയാ കോളേജുകളുമാണ് കേരളത്തില്‍ മുഖ്യമായുമുള്ളത്. ഏകദേശം ഒരു നൂറ്റാണ്ടു മുമ്പ് ആരംഭിച്ച മദ്റസാ വിദ്യാഭ്യാസം കാലികമായ ഒട്ടേറെ മാറ്റങ്ങള്‍ക്കു വിധേയമായി മുന്നോട്ടുപോകുന്നു. ചരിത്രത്തിന്റെ ഓരോ ഘട്ടത്തിലും അതിന് സവിശേഷമായ പുതുക്കലുകളുണ്ടായിട്ടുണ്ട്. അത് അങ്ങനെത്തന്നെ മുന്നോട്ടുപോകേണ്ടതുമുണ്ട്. അല്ലെങ്കില്‍, അതില്‍ വരുത്തേണ്ട പരിഷ്കാരങ്ങള്‍ക്ക് കൂടുതല്‍ സാമുദായികമായ മുന്നൊരുക്കങ്ങള്‍ ഉണ്ടാകേണ്ടതുണ്ട്. ഓരോ മതസംഘടനയും തങ്ങളുടെ കഴിവിന്‍ പടി അവ നിര്‍വഹിക്കുന്നുണ്ട് എന്നതിനാലാണ് ഇത്രയും കാര്യക്ഷമമായി മദ്റസകള്‍ നടന്നുപോകുന്നത്, എന്തൊക്കെ പോരായ്മകള്‍ അതിലുണ്ടെങ്കിലും.
പ്രാഥമിക വിദ്യാഭ്യാസമുള്ള ആര്‍ക്കും സാമാന്യമായി ഇസ്ലാമിക കാര്യങ്ങളെല്ലാം മനസ്സിലാക്കാവുന്ന അനൌപചാരിക പഠന മാര്‍ഗങ്ങളും കേരളത്തിന്റെ സവിശേഷ ഇസ്ലാമിക ജീവിതാന്തരീക്ഷത്തില്‍ ഇന്നേറെയുണ്ട്. വഅ്ളുകള്‍, ഇസ്ലാമിക പ്രഭാഷണങ്ങള്‍, പുസ്തകങ്ങള്‍ തുടങ്ങി അതിന്റെ പല രൂപത്തിലുള്ള വിതരണങ്ങള്‍ വിവിധ മേഖലകളില്‍ നിന്നായി ലഭിക്കുന്നുണ്ട്. അതിന്റെ ആധിക്യം തന്നെയാണ് അനൌപചാരിക ഇസ്ലാമിക പഠന മേഖലയിലെ പ്രധാന പ്രശ്നം തന്നെ. നിശ്ചയിക്കപ്പെട്ട വിദ്യാഭ്യാസ യോഗ്യതയും തുടര്‍ച്ചകളുമുള്ള വിദ്യാര്‍ഥികള്‍ക്കു മാത്രമാണ് ഔപചാരിക ദീനീപഠന സംരംഭങ്ങളില്‍ പ്രവേശനമുള്ളത്. ആര്‍ക്കും പ്രവേശിക്കാമെങ്കിലും കുത്തഴിഞ്ഞു കിടക്കുന്ന വിശാലമായ ഒരു ഗ്രന്ഥാലയത്തിലേക്ക് പ്രത്യേകമായ ഒരു പുസ്തകം തേടിപ്പോകുന്ന ഒരാളനുഭവിക്കാന്‍ സാധ്യതയുള്ള സകല ആശയക്കുരുക്കുകളും മാര്‍ഗതടസ്സങ്ങളുമുണ്ട് സമകാലിക അനൌപചാരിക മതവിദ്യാഭ്യാസത്തിലെ ഇന്നത്തെ സംവിധാനത്തില്‍.
അതിനാല്‍ ഈ രണ്ടു ദീനീ വിദ്യാഭ്യാസ ധാരകളും സജീവമായിത്തന്നെ നിലനില്‍ക്കെ ചില ഇരുള്‍ മേഖലകള്‍ ഇസ്ലാമിക പഠന രംഗത്തുണ്ട്. അതിലേക്ക് വെളിച്ചം വീശുകയാണ് ഈ ലേഖനത്തിന്റെ പ്രധാന ഉന്നം.

മതപഠനത്തിന് അകലെ നില്‍ക്കുന്നവര്‍
ഇസ്ലാമിനെ ഒരാള്‍ സ്വയംബോധത്തോടെ അന്വേഷിച്ച് തുടങ്ങുന്നത് എപ്പോള്‍ എന്ന ചോദ്യമാണ് ആദ്യം ഉന്നയിക്കേണ്ടത്. മാതാപിതാക്കളുടെയോ സമുദായത്തിന്റെയോ നിര്‍ദേശമോ നിര്‍ബന്ധമോ കൂടാതെ, ഇസ്ലാമിന്റെ ജീവിതക്രമം സ്വയം അന്വേഷിച്ചു തുടങ്ങുന്ന ഒരാള്‍ക്ക് - ആ വ്യക്തിയുടെ പ്രായമോ സ്ത്രീ-പുരുഷ ഭേദമോ തൊഴിലോ മറ്റു ജീവിത സാഹചര്യങ്ങളോ തടസ്സമാകാതെത്തന്നെ ഇസ്ലാമിനെ പഠിക്കാനുള്ള ഔപചാരിക സംവിധാനങ്ങള്‍ക്ക് പ്രസക്തിയേറിയിരിക്കുന്നു. അത്തരം വ്യക്തികളുടെ എണ്ണം പഴയകാലത്തെ അപേക്ഷിച്ച് വളരെ കൂടുതലാണിന്ന്.
നാലു തരത്തില്‍ ഇവ സംഭവിക്കാം
1. മദ്റസാ വിദ്യാഭ്യാസം ഔപചാരികമായി ലഭിച്ചിട്ടും അക്കാലത്ത് വേണ്ടത്ര പഠിക്കാതെയോ ശ്രദ്ധിക്കാതെയോ സാങ്കേതികമായി മദ്റസാപഠനം പൂര്‍ത്തിയാക്കിയവര്‍.
നിലനില്‍ക്കുന്ന മദ്റസാപഠനത്തിന്റെ എല്ലാ പരിമിതികളുമാണ് ഒരളവുവരെ ഈ അവസ്ഥ സൃഷ്ടിച്ചത് എന്ന കാര്യത്തില്‍ സംശയമില്ല. ആധുനിക വിദ്യാഭ്യാസത്തിന്റെ മാതൃകയില്‍ ഓത്തുപള്ളികള്‍ പുനഃസംവിധാനിച്ചതുകൊണ്ടുണ്ടായ പ്രധാനപ്പെട്ട പ്രശ്നം കൂടിയാണിത്. പരീക്ഷകളും അതുകഴിഞ്ഞുണ്ടാകുന്ന റാങ്ക്പ്രഖ്യാപനങ്ങളും മദ്റസാ പഠനത്തിന്റെ ലക്ഷ്യം സര്‍ട്ടിഫിക്കറ്റുകളിലേക്ക് പരിമിതമാക്കി. പാരമ്പര്യ മത സംഘടനകള്‍ വരെ ഇക്കാര്യത്തില്‍ എറെ മുന്നോട്ടുപോയി. പഠനപ്രവര്‍ത്തനങ്ങള്‍, പാഠപുസ്തക രീതികള്‍, പരീക്ഷ, മൂല്യനിര്‍ണയം, ക്ളാസ്സുകയറ്റം എന്നിവയില്‍ ശാസ്ത്രീയമായ പുനഃസംവിധാനവും ഘടനയും ഉണ്ടായെങ്കിലും സമുദായം മദ്റസകളെക്കൊണ്ട് ആഗ്രഹിച്ചിരുന്ന പ്രഖ്യാപിത ലക്ഷ്യം പൂര്‍ത്തീകരിക്കാനായില്ല. എന്തിനാണെന്നറിയാതെ പഠിച്ചുകൂട്ടുകയാണ് ജീവിത പാഠങ്ങള്‍.
ഒന്നുകില്‍ കുട്ടിക്ക് സമീപിക്കാന്‍ കഴിയാത്തത്ര കടുത്ത മലയാളമോ കുട്ടി പുതുതായി പഠിച്ചെടുക്കേണ്ട അറബിമലയാളമോ ആണ് ഇന്നും നമ്മുടെ പല മദ്റസകളിലുമുള്ള പാഠപുസ്തകങ്ങളിലെ ഭാഷ. അവിദഗ്ധരായ അധ്യാപകര്‍, പഠനോപകരണങ്ങളുടെയും പഠന സാഹചര്യത്തിന്റെയും ദൌര്‍ബല്യം, മദ്റസയിലെ ഭൌതിക സാഹചര്യങ്ങളുടെ പരിമിതികള്‍, കുടുംബത്തിന്റെ സവിശേഷ പശ്ചാത്തലങ്ങള്‍ എന്നിവയും ഈ ഒന്നാമത്തെ അവസ്ഥ സൃഷ്ടിക്കുന്നുണ്ട്.
2. മദ്റസാപഠനം പാതിവഴിയില്‍ ഉപേക്ഷിച്ചതു കാരണം ദീനീവിദ്യാഭ്യാസം ലഭിക്കാത്തവര്‍.
മുകളില്‍ സൂചിപ്പിച്ച കാരണങ്ങള്‍ തന്നെയാണ് മുഖ്യമായും ഈ സംഗതികള്‍ക്കുമുള്ളത്. പൊതുവിദ്യാഭ്യാസ കാര്യങ്ങളിലുള്ള അമിതമായ ഉത്കണ്ഠയാല്‍ യു.പി, ഹൈസ്കൂള്‍ തലത്തിലെത്തുമ്പോഴേക്കും മദ്റസാ വിദ്യാഭ്യാസം പലരും അവസാനിപ്പിക്കുന്നു. പാഠപുസ്തകങ്ങള്‍ പോലും ആ രീതിയില്‍ ക്രമീകരിക്കേണ്ടിവരുന്നു എന്ന പ്രതിസന്ധി എല്ലാ മദ്റസാ ബോര്‍ഡുകളും ഇപ്പോള്‍ നേരിടുന്നുണ്ട്. നാലുവരെ പഠിക്കുന്ന ഒരു കുട്ടി പ്രാഥമികമായ ചില അറിവുകളെങ്കിലും നേടേണ്ടതുണ്ട്. അതിനു മുകളില്‍ പഠിക്കുന്നവര്‍ക്കാകട്ടെ അവ ആവര്‍ത്തനങ്ങളായി മാറുകയും ചെയ്യും. നാലാം തരത്തിനു ശേഷമോ ഏഴാം തരത്തിനു ശേഷമോ മദ്റസ നിര്‍ത്തിപ്പോയി, പാതിയറിവുമായി സമൂഹത്തില്‍ ജീവിക്കേണ്ടിവരുന്ന മുസ്ലിം മെമ്പര്‍മാര്‍ സമുദായത്തെയും ഇസ്ലാമിനെയും പ്രതിനിധീകരിച്ചുകൊണ്ടിരിക്കും എന്ന അവസ്ഥ ഇങ്ങനെ സംജാതമാകുന്നു.
3. മദ്റസയിലേ പോകാത്തവര്‍
രക്ഷിതാക്കളാണ് ഇതിലെ ഒന്നാംപ്രതികള്‍. കുട്ടിക്ക് മദ്റസാ വിദ്യാഭ്യാസം നല്‍കേണ്ട പ്രായത്തില്‍ മാതാപിതാക്കള്‍ക്കുള്ള ദീനീപരമായ ക്ഷമാപണ നിലപാടുകളും എതിര്‍പ്പുകളും കാരണം കുട്ടി ദീനീവിദ്യാഭ്യാസം നേടാതെ വളരേണ്ടിവരുന്നു. മാതാപിതാക്കളിലും മക്കളിലും പിന്നീടുണ്ടാകുന്ന മാനസാന്തരങ്ങള്‍ നികത്താനാകാത്ത വിടവാണ് കുട്ടിയില്‍ സൃഷ്ടിക്കുക. ഭാവിയില്‍ ഇസ്ലാം പഠിക്കണമെന്ന് കുട്ടി ആഗ്രഹിച്ചാല്‍ തന്നെ നടക്കാതെ പോകുന്നു.
4. പുതുതായി ഇസ്ലാമില്‍ ചേര്‍ന്നവര്‍
പുതുതായി ഇസ്ലാം സ്വീകരിക്കുന്നവര്‍ക്ക് ഇസ്ലാമിക ജീവിത പാഠങ്ങള്‍ പകര്‍ന്നുനല്‍കാനുള്ള സംവിധാനങ്ങള്‍ ഇന്നുണ്ടെങ്കില്‍ പോലും അവ പരിമിതമാണ്. അവര്‍ക്കു ലഭിക്കുന്ന പ്രാഥമികമായ ഇസ്ലാമിക പാഠങ്ങള്‍ ഒരു മുസ്ലിമായി സമൂഹത്തില്‍ ജീവിക്കാന്‍ മാത്രം മതിയായതാണ്. ഇസ്ലാമിലുള്ള വ്യവസ്ഥാപിതമായ അറിവുകള്‍ നേടാന്‍ അവര്‍ മറ്റൊരു മാര്‍ഗം പിന്നീട് കണ്ടെത്തേണ്ടിവരുന്നു. പ്രായം, സാമൂഹികാവസ്ഥ, തൊഴില്‍ തുടങ്ങിയ പലജാതി പ്രയാസങ്ങളാല്‍ നവമുസ്ലിംകളെ സംബന്ധിച്ചേടത്തോളം അവ അത്രയും അകലെയാണിപ്പോഴും.
ഇനി ബാലപ്രായത്തില്‍ 'വിജയകരമായി' മദ്റസാ വിദ്യാഭ്യാസം പൂര്‍ത്തിയാക്കിയാല്‍ തന്നെ, ജീവിതാരംഭത്തിലെ ഏതാനും വര്‍ഷത്തെ ഒന്നര മണിക്കൂര്‍ മദ്റസാ പഠനത്തില്‍ തീര്‍ന്നുപോകേണ്ടതല്ലല്ലോ മതവിദ്യാഭ്യാസം. മറ്റേതൊരു വിദ്യാഭ്യാസത്തെക്കാളും തുടര്‍ പ്രവര്‍ത്തനങ്ങള്‍ ആവശ്യമായ ഒന്നാണത്. മരണം തൊണ്ടക്കുഴിയിലെത്തുമ്പോള്‍ പോലും ജീവിതത്തെക്കുറിച്ച് ഒരു പുതിയ ദീനീപാഠം മുസ്ലിം അനുഭവിച്ചറിയുന്നു. അതിനാല്‍, വ്യത്യസ്തമായ മാര്‍ഗാന്വേഷണങ്ങള്‍ മതവിദ്യാഭ്യാസത്തില്‍ ഇന്ന് അനിവാര്യമാക്കിയിരിക്കുന്നു. നിലനില്‍ക്കുന്ന സംവിധാനങ്ങളുടെ പോരായ്മകളാണ് ആ നിര്‍ബന്ധിതാവസ്ഥ സൃഷ്ടിച്ചത്.
ദീനീ പഠനത്തിന് ചിട്ടയായ മറ്റൊരു വിതരണമുഖം ആവശ്യമാണ് എന്ന് ബോധ്യപ്പെടുത്തും വിധം സമുദായത്തിന്റെ ദീനീവിജ്ഞാനത്തിലെ കുറവ് പ്രകടമായിത്തുടങ്ങിയിരിക്കുന്നു. മതകാര്യങ്ങള്‍ പഠിപ്പിക്കുന്നതില്‍ നിന്ന് സംഘടനകളും സാമൂഹിക സ്ഥാപനങ്ങളും ഒരു പരിധിവരെ പിന്‍വാങ്ങുകയും ഇസ്ലാമിന്റെ സാമൂഹികോന്മുഖത, ആശയവ്യക്തത, ഖണ്ഡന - മണ്ഡനങ്ങള്‍ എന്നിവ സംഘടനകളുടെയും സ്ഥാപനങ്ങളുടെയും പ്രധാന വിഷയമാവുകയും ചെയ്തത് ഈ അവസ്ഥ സൃഷ്ടിക്കുന്നതില്‍ മുഖ്യ പങ്ക് വഹിച്ചിട്ടുണ്ട്. ദീനീപരമായ അറിവുകള്‍ പ്രാഥമിക തലത്തില്‍ തന്നെ ഇല്ലാതായിരിക്കുന്നതിന്റെ തെളിവുകള്‍ പള്ളിയിലും പള്ളിക്കു പുറത്തും പ്രകടമാവുന്നു. അനുഷ്ഠാന കാര്യങ്ങളില്‍, വസ്ത്രധാരണത്തില്‍, പെരുമാറ്റങ്ങളില്‍, പരസ്പര ബന്ധങ്ങളില്‍ തുടങ്ങി ഇസ്ലാം സമഗ്രമായ ജീവിത പദ്ധതിയാണെന്ന് എല്ലാ സംഘടനകളും അംഗീകരിക്കെത്തന്നെ എങ്ങനെ ഇസ്ലാമികമായി ജീവിക്കണം എന്നതിനെക്കുറിച്ചുള്ള വിദ്യാഭ്യാസം പൂര്‍ണമായി നല്‍കപ്പെടുന്നില്ല. മദ്റസാ പഠനത്തിന്റെ കുറവും അഭാവവും മാത്രമല്ല ഇതിനു കാരണം. ആയുസ്സിന്റെ ഒരു പ്രത്യേക ഘട്ടത്തില്‍ ഇസ്ലാമിക ജീവിതത്തില്‍ എത്തിച്ചേരുന്ന മുസ്ലിമിന് ചിട്ടയായ മതവിദ്യാഭ്യാസം ലഭിക്കാനുള്ള അവസരങ്ങള്‍ ഇല്ലാതായതുകൂടിയാണ്.

സാമൂഹിക മദ്റസ
അതിനാലാണ് സാമൂഹിക മദ്റസ എന്ന പുതിയൊരു മതപഠനസംവിധാനത്തെക്കുറിച്ച് ആലോചിക്കേണ്ടിവരുന്നത്. മദ്റസകളോടനുബന്ധിച്ചോ അല്ലാതെയോ നമ്മുടെ നാട്ടില്‍ വ്യാപകമായി അവ ആരംഭിക്കാന്‍ ഇനിയും അമാന്തം കാണിച്ചുകൂടാ. ഓത്തുപള്ളികളുടെ രീതിശാസ്ത്രം പ്രയോഗസജ്ജമാണെന്നതില്‍ തര്‍ക്കമില്ല. ആ രീതിയില്‍ തന്നെ ആരംഭിക്കേണ്ട പുതിയ ഇസ്ലാമിക പാഠശാലകളുടെ പ്രവര്‍ത്തനപാതയില്‍ ചില നിര്‍ദേശങ്ങള്‍ നല്‍കാം.
1. ബഹുതല പ്രവേശനം (ാൌഹശുേഹല മരരല) - പ്രാഥമിക മദ്റസകള്‍ പൂര്‍ണമായും, ഉന്നത ഔപചാരിക മതപഠന മേഖലകള്‍ ഒരു പരിധിവരെയും, ആവശ്യം ബോധ്യപ്പെടാതെ നിര്‍ബന്ധമായി നല്‍കുന്ന മതവിദ്യാഭ്യാസമാണ് ഇന്ന്. ദര്‍സുകളടക്കമുള്ള ഉന്നത മതപഠനകേന്ദ്രങ്ങള്‍ ഒരര്‍ഥത്തില്‍ പ്രഫഷണല്‍ കോഴ്സുകള്‍ കൂടിയാണ്. പുതിയ മാര്‍ഗം, ആവശ്യക്കാര്‍ക്ക് ആവശ്യാനുസരണം ഐഛികമായി നല്‍കുന്നതായിരിക്കണം. ആവശ്യക്കാര്‍ ആരുമാകാം. പ്രായമോ ലിംഗഭേദമോ സാമൂഹികാംഗത്വത്തിലെ ഏറ്റക്കുറച്ചിലുകളോ അവരെ തടഞ്ഞുകൂടാ.
2. സുതാര്യം, സംഘടനാതീതം - ഇന്നത്തെ ഔപചാരികവും അനൌപചാരികവുമായ മതവിദ്യാഭ്യാസ മേഖലകളെല്ലാം സംഘടനാപരമായ ചട്ടക്കൂടുകള്‍ക്കുള്ളില്‍ വെച്ചു നിര്‍വഹിക്കാവുന്നതു മാത്രമാണ്. പ്രത്യേക സംഘടനകളുടെ കാഴ്ചപ്പാടിലുള്ള ഇസ്ലാമിനെ മാത്രമല്ലാതെ, വിദ്യാര്‍ഥി ആഗ്രഹിക്കുന്ന പഠനമേഖലകളില്‍ ആഗ്രഹിക്കുന്ന വിധത്തിലുള്ള റിസോഴ്സ് ലഭ്യമാകുന്നതായിരിക്കണം പുതിയ മാര്‍ഗം. പഠനസിലബസ്സ് ഇസ്ലാമിക വിജ്ഞാനത്തിന്റെ എല്ലാ മേഖലകളെയും തൊടുന്നതുമായിരിക്കണം
4. ക്ളാസ്സ് റൂമിനു പകരം ബഹുവിധ മാധ്യമങ്ങള്‍. ഉസ്താദുമാര്‍ പഠനപ്രക്രിയയിലെ പ്രധാന കണ്ണിയാണെങ്കില്‍ കൂടി ക്ളാസ്സ്മുറികള്‍ക്കും പാഠാവതരണത്തിനും വ്യത്യസ്ത മാധ്യമങ്ങള്‍ ഉപയോഗിക്കാവുന്നതാണ്. സി.ഡികള്‍, ഓണ്‍ലൈന്‍ സംവിധാനങ്ങള്‍ എന്നിവ ഉപയോഗിച്ചുകൊണ്ടും ഈ വൈവിധ്യം കൈവരിക്കാം.
5. സൈദ്ധാന്തിക കാര്യങ്ങള്‍ക്കൊപ്പം പ്രായോഗിക പരിശീലനവും. മറ്റൊരര്‍ഥത്തില്‍ പ്രായോഗിക കാര്യങ്ങള്‍ക്കാണ് ഈ മദ്രസകള്‍ കൂടുതല്‍ സ്ഥാനം നല്‍കേണ്ടത്.
6. സ്വതന്ത്ര മൂല്യനിര്‍ണയം (ടലഹള ഋ്മഹൌമശീിേ). ഇന്നത്തെ മദ്റസകളുടെ പരീക്ഷാ സമ്പ്രദായം ക്ളാസ്സ് കയറ്റത്തിനും കുട്ടിയെ പഠനത്തിന് പ്രചോദിപ്പിക്കാനുമാണ്. സമൂഹ മദ്റസകളില്‍ ഇത് രണ്ടും ആവശ്യമല്ല എന്ന നിലക്ക്, രണ്ടും പഠിതാവിന്റെ ആവശ്യമാണ് എന്ന നിലക്ക് സ്വയം മൂല്യനിര്‍ണയത്തിന്റെ അന്തരീക്ഷം സൃഷ്ടിക്കുകയാണ് വേണ്ടത്. ഇതിന് ഉപയോഗിക്കാവുന്ന ശാസ്ത്രീയ മാര്‍ഗങ്ങള്‍ ഏറെയുണ്ട്.
7. വിഷയാധിഷ്ഠിത സാക്ഷ്യപത്രം - ഈ മതപഠനശാലയില്‍ പഠിച്ചവര്‍ക്ക് സര്‍ട്ടിഫിക്കറ്റ് നല്‍കാം. അത് അവരുടെ തുടര്‍പഠനത്തിനും പഠന സ്ഥലംമാറ്റത്തിനും സഹായിക്കും. എന്നാല്‍ ആ സാക്ഷ്യപത്രം വിഷയാധിഷ്ഠിതമായിരിക്കണം. ഉദാഹരണമായി, നമസ്കാരകാര്യങ്ങള്‍ മുറപ്രകാരം നിര്‍വഹിക്കാന്‍ പഠിച്ച ഒരാള്‍ക്ക് അത് മാത്രം സൂചിപ്പിക്കുന്ന സാക്ഷ്യപത്രമാണ് നല്കേണ്ടത്.
8. പാഠപുസ്തകത്തിനു പകരം മൊഡ്യൂള്‍. നിശ്ചിതമായ പാഠപുസ്തകങ്ങളാണ് ഇന്ന് മദ്റസകളിലുള്ളതെങ്കില്‍ സാമൂഹിക മദ്റസകളില്‍ ഒരു പഠിതാവിന്റെ മുന്നറിവനുസരിച്ച് സ്വീകരിക്കാവുന്ന മൊഡ്യൂളുകളാണ് നിര്‍മിക്കേണ്ടത്. പാഠപുസ്തകങ്ങള്‍ ഉണ്ടാക്കുന്നതിലധികം ശ്രദ്ധയും ഗവേഷണവും ആവശ്യമാണ് ഈ മൊഡ്യൂളുകള്‍ ചിട്ടപ്പെടുത്തുന്നതിന്. അവയില്‍ ഓരോ കാര്യവും പഠിക്കുന്നതിനാവശ്യമായ റഫറന്‍സ് സൂചനകളും ഉണ്ടായിരിക്കണം.
9. അധ്യാപകര്‍ക്കു പകരം സ്വയം പഠനത്തിന് മാര്‍ഗനിര്‍ദേശം നല്‍കുന്ന പണ്ഡിതസംഘം. സ്ഥിരമായ അധ്യാപകര്‍ ഇത്തരം മദ്രസകളില്‍ പലപ്പോഴും അപ്രായോഗികമാണ്. സന്ദര്‍ശകരായ അധ്യാപകരുടെ സേവനമാണ് മദ്റസാനടത്തിപ്പുകാര്‍ ഉപയോഗിക്കേണ്ടത്. മദ്റസകളെ ക്ളസ്ററുകളായി വേര്‍തിരിച്ച് ഇത്തരം പണ്ഡിതന്മാരുടെ പാനല്‍ ഉണ്ടാക്കാനാകും.
10. സ്കൂളുകള്‍ക്കു പകരം പഠിതാക്കളുടെ കൂട്ടായ്മ. നാലുചുമരുകള്‍ക്കുള്ളിലുള്ള പഠനം തുടര്‍ന്നുകൊണ്ടുപോകാന്‍ പഠിതാക്കള്‍ ബുദ്ധിമുട്ടനുഭവിക്കും. ആഴ്ചയിലൊരിക്കലോ മാസത്തില്‍ പലവട്ടമോ നിശ്ചയിച്ച പ്രകാരമുള്ള കൂട്ടായ്മകള്‍ക്കാണ് മുന്‍ഗണന നല്‍കേണ്ടത്.
11. വാര്‍ഷികാടിസ്ഥാനത്തിലുള്ള തരങ്ങള്‍ക്കു പകരം വിഷയാടിസ്ഥാനത്തിലുള്ള പഠനവിഭാഗങ്ങള്‍.
12. ചാക്രിക ക്ളാസ്സുകള്‍, വിഷയാടിസ്ഥാനത്തിലുള്ള സെമിനാറുകള്‍.
വീണ്ടും അതാ അതേ ചോദ്യം ഉയരുന്നു. "അപ്പോള്‍, ഏത് സംഘടനയുടെ, ഏത് മദ്ഹബിന്റെ, ഏത് അഭിപ്രായത്തിന്റെ, ഏത് ഉപവിഭാഗത്തിന്റെ ഇസ്ലാമിക പാഠമാണ് അവിടെ നല്‍കുക?'' ഇത്രയും തുറന്ന ഒരു മതപാഠശാലയില്‍ ആ ചോദ്യത്തിനു തന്നെ പ്രസക്തിയില്ല. പഠിതാവിന്റെ ഇഷ്ടം, അയാളുടെ തെരഞ്ഞെടുപ്പ്, ആ മുസ്ലിമിന്റെ ആവശ്യം. എല്ലാം ലഭ്യമാകുന്ന ഒരിടത്ത് ഏത് സംഘടനയും പ്രസക്തമാകുന്നു. ഇങ്ങനെ ഇസ്ലാമികസമൂഹത്തിന്റെ ഐക്യത്തിന്റെ മറ്റൊരു ഭൂമികകൂടി ഉണ്ടാകുന്നു. അതുണ്ടാകട്ടെ!

Comments

Other Post

ഖുര്‍ആന്‍ ബോധനം

Quran