ആവര്‍ത്തിക്കുന്ന കൂട്ടക്കുരുതികള്‍
സമ്പദ് സമൃദ്ധിയും സാങ്കേതിക പുരോഗതിയും സൈനിക ശേഷിയും ലോക മേധാവിത്വവുമൊന്നും, സുരക്ഷിതവും സമാധാനപൂര്‍ണവുമായ ജനജീവിതത്തിന്റെ ഗ്യാരണ്ടിയല്ല എന്നതിന്റെ നിദര്‍ശനമാണ് ഇക്കഴിഞ്ഞ ഡിസംബര്‍ 14-ന് യു.എസ്.എയിലെ സാന്റിഹോക്ക് പ്രൈമറി സ്കൂളിലുണ്ടായ അത്യാഹിതം. 18 പിഞ്ചുകുഞ്ഞുങ്ങളടക്കം 27 പേരെയാണ് ഒരു കാരണവുമില്ലാതെ ഒരു അക്രമി അവിടെ വെടിവെച്ചുകൊന്നത്. ഈ ദാരുണ സംഭവത്തില്‍ പ്രസിഡന്റ് ഒബാമ വിതുമ്പിയതില്‍ അത്ഭുതമില്ല. മനുഷ്യത്വമുള്ള ആരെയും കരളുരുകിക്കരയിക്കാന്‍ പോന്ന ദുരന്തമാണത്. അമേരിക്കയില്‍ ഇത്തരം കൂട്ടക്കുരുതികള്‍ പതിവായിരിക്കുകയാണ്. 1999-ല്‍ 12 പേരും 2007-ല്‍ 32 പേരും 2009-ല്‍ 12 പേരും അക്രമികളുടെ വെടിയേറ്റ് പിടഞ്ഞു മരിച്ചത് അവയില്‍ ചിലതു മാത്രമാണ്. ഒറ്റയും തെറ്റയുമായി നടക്കുന്ന പല കൊലകളും ലോക ശ്രദ്ധയില്‍ വരുന്നില്ല. കഴിഞ്ഞ 30 വര്‍ഷത്തിനുള്ളില്‍ 3061 കൂട്ടക്കൊലകള്‍ നടന്നിട്ടുണ്ടെന്നാണ് കണക്ക്. 2002-ല്‍ 3012 കുട്ടികളും കൌമാരക്കാരുമാണ് വെടിയേറ്റ് മരിച്ചത്. 2009-ല്‍ കൊല്ലപ്പെട്ടവരുടെ സംഖ്യ 9146 ആയി ഉയര്‍ന്നു. 2001-നു ശേഷം കൊല്ലപ്പെട്ടവരുടെ മൊത്തം സംഖ്യ 27000 ആണ്.
അമേരിക്കന്‍ യുവാക്കള്‍ ഇങ്ങനെ ഭ്രാന്തെടുത്ത് കൊച്ചു കുഞ്ഞുങ്ങളടക്കമുള്ള നിരപരാധികളെ ക്രൂരമായി കൊന്നൊടുക്കാന്‍ മുതിരുന്നതെന്തുകൊണ്ടാണ്? സാമൂഹിക ശാസ്ത്രകാരന്മാര്‍ പല ഉത്തരങ്ങളാണ് നല്‍കുന്നത്. കുടുംബശൈഥില്യമാണ് ചിലരുന്നയിക്കുന്ന കാരണം. അമേരിക്കന്‍ ദമ്പതികളില്‍ വിവാഹമോചനം നടത്തുന്നവരുടെ അനുപാതം ഇപ്പോള്‍ മൂന്നില്‍ രണ്ടായി വളര്‍ന്നിരിക്കുന്നു. മാതാപിതാക്കള്‍ വേര്‍പിരിയുന്നതോടെ കുട്ടികള്‍ കുടുംബത്തില്‍ വേരറ്റുപോകുന്നു. കുടുംബാന്തരീക്ഷം വെറുപ്പിന്റെ പാഠങ്ങളാണവര്‍ക്ക് നല്‍കുന്നത്. അന്യതയാലും അവഗണനയാലും വേട്ടയാടപ്പെടുന്നവര്‍ നിരാശരായി സ്വയം മരിക്കാനും മറ്റുള്ളവരെ കൊല്ലാനും ധൃഷ്ടരാകുന്നു. തോക്ക് കൈവശം വെക്കാനും കൊണ്ടു നടക്കാനുമുള്ള അനിയന്ത്രിത സ്വാതന്ത്യ്രമാണ് കൂട്ടക്കൊലകള്‍ക്കു മറ്റു ചിലര്‍ കാണുന്ന കാരണം. തോക്ക് കൈവശപ്പെടുത്തുന്നതിനും ഉപയോഗിക്കുന്നതിനും കര്‍ശനമായ നിയന്ത്രണമേര്‍പ്പെടുത്തുകയാണതിനു പരിഹാരം. കുട്ടികളെ സന്തോഷിപ്പിക്കാന്‍ കളിത്തോക്കുകള്‍ വാങ്ങിക്കൊടുക്കുന്നതും ഹിംസാത്മകമായ കമ്പ്യൂട്ടര്‍ ഗെയിമുകളും ടി.വി-സിനിമാ ചിത്രങ്ങളും കുട്ടികളില്‍നിന്ന് ദയാവായ്പും പരസ്പര സ്നേഹവും ചോര്‍ത്തിക്കളഞ്ഞ് പകരം അക്രമാസക്തിയും ശത്രുതയും വളര്‍ത്തുന്നതാണ് കാരണമെന്ന് വേറെ ചിലര്‍ പറയുന്നു. യുവജനങ്ങള്‍ അക്രമാസക്തരാകുന്നതില്‍ ഈ മൂന്ന് കാര്യങ്ങള്‍ക്കും പങ്കുണ്ട് എന്നതാണ് ശരി. എന്നാല്‍, അതിനെല്ലാം കാരണമായ മൌലിക കാരണം വേറെയുണ്ട്. ആധുനിക ലോകത്തെ കീഴടക്കിയ മൂല്യച്യുതിയാണത്. ആധുനികശാസ്ത്രം മനുഷ്യന് നിരങ്കുശമായ ജീവിത സൌകര്യങ്ങള്‍ പ്രദാനം ചെയ്തപ്പോള്‍ ആധുനിക തത്ത്വശാസ്ത്രം അവന്റെ ജീവിതത്തില്‍നിന്ന് ജീവിതത്തിന്റെ അര്‍ഥം ചോര്‍ത്തിക്കളഞ്ഞു. ജീവിതത്തിന്റെ അര്‍ഥമെന്ത് എന്ന ചോദ്യത്തിന് ഉത്തരമില്ലാതായി. ജീവിതം തന്നെ അര്‍ഥശൂന്യമാകുമ്പോള്‍ കുടുംബവും സമൂഹവും സാമൂഹിക സംവിധാനങ്ങളുമെല്ലാം നിരര്‍ഥകമാകുന്നു. ജീവിത സൌകര്യം വര്‍ധിക്കുന്തോറും ഈ ശൂന്യതാ ബോധത്തിന് ആക്കം കൂടുകയാണ്.
ഭൌതിക വികസനത്തിന്റെ ഉച്ചകോടിയില്‍ വിരാജിക്കുന്നവരാണ് അമേരിക്കന്‍ സമൂഹം. ജീവിതം എന്ന സമസ്യക്കു നേരെ അവിടെ കൂടുതല്‍ വെടിയുണ്ടകളുതിരുന്നത് അതുകൊണ്ടാണ്. ക്രമേണ മറ്റു രാജ്യങ്ങളിലേക്കും അത് പടരുന്നുണ്ട്. അടുത്ത കാലത്തായി ബ്രിട്ടനില്‍ പത്തൊമ്പതും ജര്‍മനിയില്‍ അമ്പത്തിയേഴും ഫ്രാന്‍സില്‍ നൂറ്റിയൊമ്പതും കുട്ടികള്‍ തോക്കുധാരികളാല്‍ കൊല്ലപ്പെട്ടതായി റിപ്പോര്‍ട്ടുണ്ട്. ഏഷ്യയില്‍ ചൈനയിലേക്കും ഈ രോഗം പടരുന്നതായാണ് ഒടുവിലത്തെ സൂചന. സാന്റിക്ക് സ്കൂള്‍ ദുരന്തം നടന്ന അന്നുതന്നെ ചൈനയിലെ ഹെനാന്‍ പ്രവിശ്യയിലെ ഒരു സ്കൂളില്‍ കഠാരയുമായെത്തിയ ഒരാള്‍ 22 കുട്ടികളെ കുത്തിപ്പരിക്കേല്‍പിക്കുകയുണ്ടായി. ഈ ആപത്തില്‍നിന്ന് നമ്മുടെ രാജ്യം തികച്ചും മുക്തമാണെന്ന് കരുതേണ്ട. കൂട്ടുകാരെ വെടിവെച്ചും അല്ലാതെയും കൊല്ലുന്ന വിദ്യാര്‍ഥികള്‍ ഇവിടെയുമുണ്ട്. മാതാപിതാക്കളെ കൊല്ലുന്ന മക്കളും മക്കളെ കൊല്ലുന്ന മാതാപിതാക്കളും നമുക്ക് പുതുമയല്ലതായിരിക്കുന്നു. മക്കളെ ബലാത്സംഗം ചെയ്യുന്ന പിതാക്കളും അമ്മാവന്മാരും ആങ്ങളമാരും കൂട്ടിക്കൊടുക്കുന്ന അമ്മമാരും ഇതിന്റെ മറ്റൊരു തലമാണ്.
അന്യായമായി ഒരാളെ വധിക്കുന്നവന്‍ മനുഷ്യരാശിയെ മുഴുവന്‍ കൊല്ലുന്നതുപോലെയാണെന്ന് വിശുദ്ധ ഖുര്‍ആന്‍ (5:32) പറയുന്നു. മനുഷ്യജീവിതത്തിന്റെ പവിത്രതയും മഹത്വവും അനിഷേധ്യമായ മൂല്യമാണ്. അതിന്റെ നിഷേധം അന്യായമായ നരഹത്യയിലേക്ക് നയിക്കുന്നു. അത് മുഴുവന്‍ മനുഷ്യരെയും അപകടത്തിലാക്കുന്നു. ആരെയും എപ്പോഴും കൊല്ലാം. ആദ്യമാദ്യം അന്യായമായ കാരണങ്ങളുന്നയിച്ചു കൊല്ലുന്നു. കാലം ചെല്ലുമ്പോള്‍ ഒരു കാരണവുമില്ലാതെയും കൊന്നു തുടങ്ങുന്നു. വ്യാജമായ കാരണങ്ങളുന്നയിച്ച് അന്യ രാജ്യങ്ങളിലെ ആയിരക്കണക്കിന് കുട്ടികളെയും നിരപരാധികളെയും അമേരിക്ക കൊന്നൊടുക്കാന്‍ തുടങ്ങിയിട്ട് കുറെകാലമായി. ഇപ്പോള്‍ അവിടത്തെ ചില യുവാക്കള്‍ ഒരു കാരണവും ഇല്ലാതെയും പറയാതെയും ആളുകളെ കൊല്ലുന്നു. ന്യൂടൌണില്‍ 22 കുട്ടികളും അവരുടെ അധ്യാപകരും പിടഞ്ഞു വീണ് മരിച്ചപ്പോള്‍ വിതുമ്പിയ ഒബാമക്ക് അഫ്ഗാനിലും ഇറാഖിലും പാകിസ്താനിലും അമേരിക്കന്‍ പട്ടാളം നൂറുകണക്കിന് കുഞ്ഞുങ്ങളെ കൊന്നുതള്ളുന്നതില്‍ അശേഷം ദുഃഖമില്ല. ഇസ്രയേല്‍ സൈന്യം ഈയിടെ ഗസ്സയില്‍ മുപ്പതോളം കുഞ്ഞുങ്ങളടക്കം നൂറിലേറെ നിരപരാധികളെ കൊന്നപ്പോഴും ഒബാമ വിങ്ങിയില്ല. ഇസ്രയേലിന്റെ പ്രതിരോധാവകാശം എന്ന വ്യാജ ന്യായം ഉയര്‍ത്തിക്കാട്ടി ആ രാക്ഷസീയതയെ അദ്ദേഹം പ്രോത്സാഹിപ്പിക്കുന്നതാണ് ലോകം കണ്ടത്.
ദൈവത്തിലും അവന്റെ ശാസനകളിലുമുള്ള വിശ്വാസം പോലെ മാനുഷിക ബന്ധങ്ങളെയും ജീവന്റെ പവിത്രതയെയും സംരക്ഷിക്കുന്നതില്‍ മനുഷ്യനെ പ്രതിബദ്ധനാക്കുന്ന മറ്റൊന്നുമില്ല. ദൈവത്തില്‍നിന്നും അവന്‍ അനുശാസിച്ച ജീവിത മൂല്യങ്ങളില്‍നിന്നും പിന്തിരിയുന്നവരില്‍നിന്ന് ഭൂമിയില്‍ നാശം പരത്തലും പരസ്പരം കഴുത്തറുക്കലുമല്ലാതെ മറ്റെന്താണ് പ്രതീക്ഷിക്കാനുള്ളതെന്ന് ഖുര്‍ആന്‍ ചോദിക്കുന്നുണ്ട് (47:22). അല്ലാഹുവുമായി ഉറപ്പിച്ച പ്രതിജ്ഞ ലംഘിക്കുകയും മാനുഷിക ബന്ധങ്ങള്‍ ശിഥിലീകരിക്കുകയും ഭൂമിയില്‍ നാശം പരത്തുകയും ചെയ്യുന്നവര്‍ (2:279) എന്നാണ് ഖുര്‍ആന്‍ ദൈവിക മൂല്യങ്ങള്‍ നിഷേധിക്കുന്നവരെ നിര്‍വചിക്കുന്നത്.
Comments