മണ്ണിടിച്ചിലിലെ ഈ മഴകള്‍
സലാം കരുവമ്പൊയില്‍
പ്രാചീനമായ
ചില കോപ്പിയെഴുത്തു ശീലങ്ങള്‍
ഇങ്ങനെയാണ്.
ചെകിള മുറിഞ്ഞ
ഓര്‍മയില്‍നിന്ന്
പെയ്യുന്ന
ചിന്നിപിന്നിയ ദരിദ്ര
മേഘങ്ങള്‍ പോലെ.
അവ,
മെല്ലിച്ച ജലാശയങ്ങളെ മാത്രമേ
അടയിരിക്കുന്നുള്ളൂ.
ഇടയ്ക്കെപ്പൊഴോ
തിരിയണഞ്ഞുപോയ മഴയുടെ
വിരല്‍ ഞൊടിപോലെ,
ഈ ദിനസരി താളുകള്‍...
എത്രമേല്‍ തകൃതിയിലാണ്
വരകളും വര്‍ണങ്ങളും
തുള്ളിതുളുമ്പിയത്...
നന്നെ കുറച്ച്-
ഇനിയുമൊരു ആകാശം വന്ന്
വാതില്‍ മുട്ടുമല്ലോയെന്നും,
വിളര്‍ത്തുപോയ
ഉദയാസ്തമയങ്ങളുടെ
അടുപ്പുകല്ലുകള്‍,
വഴിയമ്പലങ്ങളില്‍
ബാക്കിയാവാമല്ലോയെന്നും
സ്വപ്നം കണ്ട്..
പക്ഷേ,
പകലിരവുകള്‍ പഴുക്കുന്നതെന്ന്?
കാഴ്ചയുടെ പനമ്പട്ടകള്‍
പൂക്കുന്നതെന്ന്?
പഴയ പാഠാവലിയുടെ
വ്യാകരണ വരമ്പുകളില്‍
ഒരു കുറിപ്പും നെഞ്ചുറപ്പോടെ
കതിരിടില്ല..
Comments