Prabodhanm Weekly

Pages

Search

2012 ഡിസംബര്‍ 15

ആഗോള താപനം

വായു, വെള്ളം, മഴ, മേഘം, മലകള്‍, മരങ്ങള്‍, സമുദ്രങ്ങള്‍, ചൂട്, തണുപ്പ്, സൂര്യ ചന്ദ്ര നക്ഷത്രാദികള്‍, ഋതുഭേദങ്ങള്‍ തുടങ്ങിയ പ്രാപഞ്ചിക പ്രതിഭാസങ്ങളിലെല്ലാം മനസ്സു കൊടുത്താലോചിച്ചു നോക്കിയാല്‍ അല്ലാഹുവിന്റെ ദൃഷ്ടാന്തങ്ങള്‍ കണ്ടെത്താമെന്ന് വിശുദ്ധ ഖുര്‍ആന്‍ ആവര്‍ത്തിച്ചുണര്‍ത്തുന്നുണ്ട്. പ്രതിഭാസങ്ങളെല്ലാം നിലനില്‍ക്കുന്നതും പ്രവര്‍ത്തിക്കുന്നതും കണിശമായ നിയമങ്ങള്‍ക്കും വ്യവസ്ഥകള്‍ക്കും വിധേയമായിട്ടാണ്. ഈ നിയമങ്ങളാണ് നാം പ്രകൃതി നിയമങ്ങളെന്നു പറയുന്നത്. പ്രകൃതി നിയമം താറുമാറായാല്‍ ഈ ലോകം താറുമാറാകും. പ്രകൃതി നിയമങ്ങളുടെ സമ്പൂര്‍ണമായ തകിടം മറിച്ചിലാണ് ലോകാവസാനമെന്നും ഖുര്‍ആന്‍ വ്യക്തമാക്കുന്നു.
''സൂര്യനും ചന്ദ്രനും ഒരു കണക്കിനു വിധേയമാകുന്നു. താരവും തരുവുമെല്ലാം അവയുടെ സ്രഷ്ടാവിനു പ്രണാമം ചെയ്യുന്നു. വിണ്ഡലത്തെ അവന്‍ ഉയര്‍ത്തിവെച്ചു. ത്രാസ് സ്ഥാപിച്ചു. ത്രാസില്‍ നിങ്ങള്‍-സൃഷ്ടികള്‍- അതിക്രമം കാണിച്ചുകൂടാ എന്നതത്രെ അതിന്റെ താല്‍പര്യം'' (ഖുര്‍ആന്‍ 55-5-7). സന്തുലനത്തിന്റെ പ്രതീകമാണ് ത്രാസ്. മനുഷ്യന്‍ കര്‍മദോഷങ്ങളിലൂടെ സന്തുലനം നശിപ്പിക്കല്‍- പ്രകൃതിയുടെ താളം തെറ്റിക്കല്‍ ആണ് ത്രാസില്‍ അതിക്രമം കാണിക്കല്‍. പ്രകൃതിയുടെ താളം തെറ്റുന്നതിനനുസരിച്ച് പ്രകൃതി വിപത്തുകളുളവായിക്കൊണ്ടിരിക്കും. ''മര്‍ത്യ ഹസ്തങ്ങള്‍ പ്രവര്‍ത്തിച്ചതിന്റെ ഫലമായി കരയിലും കടലിലും വിനാശമുളവായിരിക്കുന്നു. ചില കര്‍മഫലങ്ങള്‍ അവരെ അനുഭവിപ്പിക്കാന്‍. അവര്‍ അത്തരം നടപടികളില്‍നിന്ന് മടങ്ങിയെങ്കിലോ'' (30:41). പ്രകൃതിയുമായി ബന്ധപ്പെട്ട ഖുര്‍ആന്‍ സൂക്തങ്ങളെ കേവലം ആത്മീയ തത്ത്വങ്ങളെന്നതിലുപരി ഇന്നത്തെ സാഹചര്യത്തില്‍ പരിസ്ഥിതി പഠനത്തിനും സംരക്ഷണത്തിനുമുള്ള ഉദ്‌ബോധനങ്ങളായി കൂടി വായിക്കേണ്ടതുണ്ട്.
ആധുനിക ലോകത്തെ തുറിച്ചു നോക്കുന്ന മഹാ വിപത്തായിരിക്കുന്നു ആഗോള താപനം. അതുമൂലം വിവിധ ദിക്കുകളില്‍ പലവക വിപത്തുകള്‍ ദിനേനയെന്നോണം അരങ്ങേറിക്കൊണ്ടിരിക്കുന്നു. എല്ലാവര്‍ക്കും ഇതേക്കുറിച്ചറിയാം. പക്ഷേ, അര്‍ഹിക്കുന്ന ഗൗരവത്തോടെ പരിഗണിക്കാനും ആസൂത്രിതമായ പരിഹാര മാര്‍ഗങ്ങളാവിഷ്‌കരിക്കാനും ആരും മിനക്കെടുന്നില്ല. ഏതത്യാഹിതവും ഏതാനും നാള്‍ മാധ്യമങ്ങള്‍ക്കു കോളൊരുക്കിയശേഷം പ്രാദേശിക സംഭവങ്ങളായി അവഗണിക്കപ്പെടുകയാണ്. ഈയിടെ അടിച്ചുവീശിയ സാന്‍ഡി ചുഴലിക്കാറ്റ് അമേരിക്കയിലായിട്ടും നൂറുകണക്കിനാളുകള്‍ മരിച്ചിട്ടും ഏതാനും നാളുകളേ ലോകത്തിന്റെ ഓര്‍മയില്‍ നിലനിന്നുള്ളൂ. അതിനു ശേഷം കുറെയാളുകളുടെ ജീവഹാനിക്കും കോടികളുടെ വിഭവനാശത്തിനും ഇടയാക്കിക്കൊണ്ട് ദക്ഷിണേന്ത്യയുടെ പൂര്‍വതീരങ്ങളിലടിച്ചുവീശിയ നിലം കൊടുങ്കാറ്റിനെയും നാം വിസ്മരിച്ചുകഴിഞ്ഞു. അനാവൃഷ്ടി മൂലം ചിലയിടങ്ങളില്‍ വരള്‍ച്ച, ചിലയിടങ്ങളില്‍ അതിവൃഷ്ടി മൂലം വെള്ളപ്പൊക്കം. ചില പ്രദേശങ്ങളില്‍ അസമയത്ത് മഴ പെയ്യുന്നു. മരുഭൂമിയില്‍ പോലും മഴ കോരിച്ചൊരിയുന്നു. ചിലയിടത്ത് മണ്‍സൂണ്‍ കാലത്തു പോലും മഴ കിട്ടുന്നില്ല. കേരളത്തില്‍ ഈ വര്‍ഷം പതിവായുണ്ടാകുന്നതിന്റെ പകുതി പോലും മഴ ലഭിച്ചില്ല. കടുത്ത കുടിനീര്‍ക്ഷാമവും വരള്‍ച്ചയുമാണ് സംസ്ഥാനത്തെ കാത്തിരിക്കുന്നത്.
ഇതെഴുതുമ്പോള്‍, ഖത്തര്‍ തലസ്ഥാനമായ ദോഹയില്‍ കാലാവസ്ഥാ വ്യതിയാനം സംബന്ധിച്ച അന്താരാഷ്ട്ര സമ്മേളനം നടക്കുകയാണ്. ഇത്തരം സമ്മേളനങ്ങള്‍ നടക്കാന്‍ തുടങ്ങിയിട്ട് രണ്ടു പതിറ്റാണ്ടോളമായി. ഈ സമ്മേളനങ്ങളൊന്നും ഉറച്ച തീരുമാനങ്ങളെടുക്കുകയോ പ്രായോഗികമായ കര്‍മപരിപാടികളാവിഷ്‌കരിക്കുകയോ ചെയ്യാറില്ല. കുറെ റിപ്പോര്‍ട്ടുകള്‍ വായിക്കും, നിര്‍ദേശങ്ങളുന്നയിക്കും. അവയെക്കുറിച്ച് തര്‍ക്കിക്കും. ഒടുവില്‍ തീരുമാനം അടുത്ത സമ്മേളനത്തിന്റെ അജണ്ടയാക്കി പിരിഞ്ഞു പോകും. ഇതാണ് മിക്ക പരിസ്ഥിതി സമ്മേളനങ്ങളിലും നടക്കാറുള്ളത്. ദോഹ സമ്മേളനം അങ്ങനെയാകരുതെന്നാണ് ആഗ്രഹമെങ്കിലും പതിവില്‍നിന്ന് വ്യത്യസ്തമായ ഫലം അധികമാരും പ്രതീക്ഷിക്കുന്നില്ല. കാലാവസ്ഥാ വ്യതിയാനത്തിന്റെ ഉത്തരവാദിത്വം ഏറ്റെടുക്കാനും വ്യതിയാനം തടയുന്നതിനു വേണ്ടി ആത്മനിയന്ത്രണം പാലിക്കാനും വന്‍കിട രാഷ്ട്രങ്ങള്‍ തയാറില്ല എന്നതാണ് പ്രധാന കാരണം. ഹരിതഗൃഹ വാതകങ്ങളുടെ ബഹിര്‍ഗമനം എല്ലാ സമ്മേളനങ്ങളിലും മുഖ്യ വിഷയമാകാറുണ്ട്. അതിന്റെ തോത് നിശ്ചയിക്കാന്‍ ഇതുവരെ കഴിഞ്ഞിട്ടില്ല. കൂടുതല്‍ ഹരിതഗൃഹവാതകമുല്‍പാദിപ്പിക്കുന്ന വികസിത രാജ്യങ്ങള്‍ ഉത്തരവാദിത്വം അവികസിത -ദുര്‍ബല രാജ്യങ്ങളുടെ ചുമലില്‍ കെട്ടിവെക്കാന്‍ ശ്രമിക്കുന്നു. തര്‍ക്കം മൂത്ത് തീരുമാനം അനിശ്ചിതമായി നീണ്ടുപോകുന്നു.
സാന്‍ഡി കൊടുങ്കാറ്റിന്റെ പശ്ചാത്തലത്തില്‍ യു.എന്‍ സെക്രട്ടറി ജനറല്‍ ബാന്‍ കി മൂണ്‍ പരിസ്ഥിതി നശീകരണത്തിന്റെ ഗുരുതരമായ പ്രത്യാഘാതങ്ങളെക്കുറിച്ച് ലോകത്തെ ഉണര്‍ത്തുകയുണ്ടായി. ലോക സമൂഹം അത് അത്രയൊന്നും ശ്രദ്ധിച്ചതായി കണ്ടില്ല. നവംബര്‍ മൂന്നാം വാരം ലോക ബാങ്ക് പുറത്തിറക്കിയ പഠന റിപ്പോര്‍ട്ട് ആഗോള താപനം സംബന്ധിച്ച് നല്‍കുന്ന മുന്നറിയിപ്പ് ഏറെ ഉത്കണ്ഠാജനകമാണ്. താപനം ഇന്നത്തെ തോതില്‍ തുടര്‍ന്നാല്‍ അത് നാല് സെന്റി ഗ്രേഡ് കൂടാന്‍ ഏറെ കാലം കാത്തിരിക്കേണ്ടിവരില്ലെന്നാണത് ചൂണ്ടിക്കാട്ടുന്നത്. സമുദ്ര നിരപ്പ് ഒരു മീറ്റര്‍ ഉയരാനും താഴ്ന്ന കര പ്രദേശങ്ങള്‍ കടലെടുക്കാനും അതു കാരണമാകും. രോഗങ്ങള്‍ ഗണ്യമായി വര്‍ധിക്കും. ആഗോള താപനം രണ്ട് സെന്റി ഗ്രേഡ് വര്‍ധിച്ചാല്‍ തന്നെ ഗുരുതരമായ ആരോഗ്യ പ്രശ്‌നങ്ങളുണ്ടാകുമെന്ന് പരിസ്ഥിതി ശാസ്ത്രജ്ഞന്മാര്‍ നേരത്തെ വ്യക്തമാക്കിയിട്ടുള്ളതാണ്. എന്നിരിക്കെ നാല് സെന്റി ഗ്രേഡ് വര്‍ധിച്ചാലത്തെ അവസ്ഥ ഊഹിക്കാവുന്നതേയുള്ളൂ.
അന്ധമായ മുതലാളിത്ത മുന്നേറ്റത്തിന്റെ അനിവാര്യമായ ഉപോല്‍പന്നമാണ് അമിതമായ ആഗോള താപനം. അമേരിക്കയുടെ നേതൃത്വത്തിലുള്ള വന്‍കിട വികസിത വ്യവസായ രാഷ്ട്രങ്ങളാണ് അനിയന്ത്രിതമായി ഹരിതഗൃഹവാതകമുല്‍പാദിപ്പിക്കുന്നത്. അതിന്റെ ദുരിതമനുഭവിക്കേണ്ടിവരുന്നത് മഹാ ഭൂരിപക്ഷം വരുന്ന അവികസിത-വികസ്വര രാഷ്ട്രങ്ങളുള്‍പ്പെടെയുള്ള മുഴുവന്‍ ലോകവുമാണ്. വന്‍ശക്തികളനുവര്‍ത്തിക്കുന്ന ധിക്കാരപരമായ സമീപനമാണ് പരിസ്ഥിതി പരിപാലനത്തിനു മുമ്പിലുള്ള വലിയ പ്രതിബന്ധം. ശിഷ്ട ലോകത്തിനെന്തു സംഭവിച്ചാലും സ്വന്തം ശക്തി കൊണ്ടും ശാസ്ത്ര സാങ്കേതിക മികവു കൊണ്ടും പ്രകൃതിയെ കീഴടക്കി മുന്നോട്ടുപോകാന്‍ തങ്ങള്‍ക്ക് കഴിവുണ്ടെന്ന അഹന്തയാണവരെ നയിക്കുന്നതെന്നു തോന്നുന്നു. ''ഭൂമിയില്‍ നിങ്ങള്‍ അല്ലാഹുവിനെ തോല്‍പിക്കുന്നവരല്ല. ആകാശത്തും അല്ല. അവനല്ലാതെ നിങ്ങള്‍ക്ക് രക്ഷകനോ തുണയോ ഇല്ല'' (ഖുര്‍ആന്‍ 22:29).

Comments

Other Post

ഖുര്‍ആന്‍ ബോധനം

ഖുര്‍ആന്‍ ബോധനം