കേരള മുസ്ലിം നവോത്ഥാനം: അവകാശവാദങ്ങള്‍ക്കും പൊളിച്ചെഴുത്തുകള്‍ക്കും മധ്യേ
കേരളത്തിലെ മുസ്ലിം നവോത്ഥാനം കുറച്ചുകാലമായി ഒരു വിവാദ വിഷയമാണ്. 'നവോത്ഥാനത്തിന്റെ ഒരു നൂറ്റാണ്ട്' എന്ന മുജാഹിദ് സമ്മേളന പ്രമേയം ഈ വിവാദത്തെ കൂടുതല്‍ തിടം വെപ്പിച്ചിട്ടുമുണ്ട്. ആഴത്തിലുള്ള വിശകലനങ്ങളോ അന്വേഷണങ്ങളോ കൂടാതെ ഏകപക്ഷീയമായ അവകാശവാദങ്ങളോ പ്രതിലോമപരമായ ആശയപരിസരത്തുനിന്നുകൊണ്ടുള്ള പൊളിച്ചെഴുത്തുകളോ ആണ് ഈ മണ്ഡലങ്ങള്‍ അധികവും നടത്തുന്നത് എന്നതാണ് ഖേദകരം. ഏതൊരു സമൂഹത്തിന്റെയും ഗതകാല ചരിത്രം പുനര്‍വായിക്കുന്നതും സമൂഹത്തിന്റെ മുന്നോട്ടുള്ള പ്രയാണത്തിന് അതില്‍നിന്ന് വെളിച്ചം സ്വീകരിക്കുന്നതും നല്ല കാര്യമാണ്. എന്നാല്‍, പുനര്‍വായിക്കുന്നതോ പോകട്ടെ തങ്ങള്‍ക്ക് ഒരു ചരിത്രമുണ്ടായിരുന്നു എന്ന കാര്യം തന്നെ അടുത്തകാലം വരെ കേരള മുസ്ലിംകള്‍ക്ക് അജ്ഞാതമായിരുന്നു. വര്‍ത്തമാനത്തില്‍ മാത്രം ജീവിക്കുകയും തങ്ങള്‍ കൈവരിച്ചുകൊണ്ടിരിക്കുന്ന നേട്ടങ്ങളില്‍ അഭിരമിക്കുകയും ചെയ്യുന്നതിലായിരുന്നു കേരള മുസ്ലിംകളില്‍ സ്വാധീനമുണ്ടായിരുന്ന സംഘടനകള്‍ക്കെല്ലാം താല്‍പര്യം. അതിനിടയില്‍ സ്വന്തം സമൂഹത്തിന്റെ ചരിത്രത്തിലേക്ക് സാഹസികമായ അന്വേഷണം നടത്തി ചിലതൊക്കെ കണ്ടെടുത്ത പി.എ സൈദ് മുഹമ്മദ്, ഡോ. സി.കെ കരീം, കെ.കെ മുഹമ്മദ് അബ്ദുല്‍ കരീം, ടി. മുഹമ്മദ് തുടങ്ങിയ പോയ തലമുറയിലെ അപൂര്‍വം പ്രതിഭകളെ വേണ്ട രീതിയില്‍ ഗൌനിക്കാന്‍ നമുക്ക് സമയം ലഭിച്ചതുമില്ല. ഇതിന്റെ ഫലമായി മുസ്ലിം നവോത്ഥാനം മാത്രമല്ല, മലബാര്‍ സമരം അടക്കമുള്ള സ്വന്തം ചരിത്രത്തിലെ ഉജ്ജ്വലമായ അധ്യായങ്ങളെ വരെ സവര്‍ണ താല്‍പര്യങ്ങളും മാര്‍ക്സിസ്റ് താല്‍പര്യങ്ങളും കുത്തിനിറച്ച ചരിത്രവായനയുടെ കണ്ണിലൂടെ കാണാന്‍ നാം പരിശീലിപ്പിക്കപ്പെട്ടു. ചരിത്ര വായനയുടെ വാര്‍പ്പ് മാതൃകകളെ ചോദ്യം ചെയ്യുന്ന തരത്തില്‍ ഉത്തരാധുനികതയുടെ പരിസരത്തില്‍ രൂപപ്പെട്ട പുതിയ ചരിത്ര വായന തുറന്നു തന്ന സാധ്യതകളെ പ്രയോജനപ്പെടുത്തിക്കൊണ്ട് അക്കാദമികം എന്ന വിശേഷണത്തിന് അര്‍ഹമല്ലെങ്കില്‍ പോലും കേരള മുസ്ലിം ചരിത്രത്തില്‍ നടന്ന ചില പുതിയ വായനകളാണ് മുസ്ലിം നവോത്ഥാനത്തെക്കുറിച്ച് ഇപ്പോള്‍ നടക്കുന്ന വിവാദത്തിന് ആശയപരിസരം ഒരുക്കിയത്. അതിനാല്‍ ഈ വിവാദത്തെയോ സംവാദത്തെയോ ഒരളവുവരെ പോസിറ്റീവായി മനസ്സിലാക്കുന്നതാണ് ഉചിതം.
മുസ്ലിം നവോത്ഥാനത്തെക്കുറിച്ച ഈ സംവാദത്തിന്റെയോ വിവാദത്തിന്റെയോ മറ്റൊരു ഫലം, കേരളത്തില്‍ ഇപ്പോള്‍ പ്രവര്‍ത്തിച്ചുകൊണ്ടിരിക്കുന്ന എല്ലാ സംഘടനകളെയും എവിടെയൊക്കെയോ ചേര്‍ത്തുനിര്‍ത്തുന്ന കണ്ണികള്‍ കേരള മുസ്ലിം ചരിത്രത്തില്‍ നിന്ന് കണ്ടെടുക്കാനായി എന്നതാണ്. ഒരുദാഹരണം പറഞ്ഞാല്‍ കേരള മുസ്ലിം നവോത്ഥാനത്തിന്റെ അവകാശികള്‍ പുരോഗമനവാദികളെന്ന് പറയപ്പെടുന്ന മുജാഹിദുകളോ ജമാഅത്തെ ഇസ്ലാമിക്കാരോ അല്ല, മറിച്ച് പാരമ്പര്യവാദികളായ സുന്നികളാണ് എന്ന് സ്ഥാപിക്കുന്ന തരത്തില്‍ സുന്നി പ്രസിദ്ധീകരണങ്ങള്‍ മുസ്ലിം നവോത്ഥാനം പൊളിച്ചെഴുതുന്ന സമീപ ഭൂതകാലത്ത് മക്തി തങ്ങള്‍ അവര്‍ക്ക് സാമ്രാജ്യത്വത്തിന്റെ പാദസേവകനും മഹത്തായ കേരള മുസ്ലിം പാരമ്പര്യത്തെ ആധുനികതക്ക് കൂട്ടിക്കൊടുക്കാന്‍ ശ്രമിച്ച ഇസ്ലാമിക യുക്തിവാദിയുമായിരുന്നു. എന്നാല്‍, ഈ പൊളിച്ചെഴുത്ത് നടന്ന് രണ്ടോ മൂന്നോ വര്‍ഷം കഴിഞ്ഞ ശേഷം ഇപ്പോള്‍ അവര്‍ക്ക് നവോത്ഥാനത്തിന്റെ ഒരു നൂറ്റാണ്ടിനെ പൊളിച്ചെഴുതേണ്ടിവന്നപ്പോഴേക്ക് മക്തി തങ്ങള്‍ ഞമ്മന്റെ ആളായി മാറിയിരിക്കുന്നു. അതിന് ന്യായമോ മക്തി തങ്ങള്‍ ഇസ്തിഗാസയെ കുറിച്ചോ സ്ത്രീകളുടെ പള്ളിപ്രവേശത്തെക്കുറിച്ചോ ഒന്നും പറഞ്ഞില്ല എന്നതും. മക്തി തങ്ങള്‍ക്ക് ശാപമോക്ഷം കിട്ടിയെന്നതാണ് നവോത്ഥാനത്തിന്റെ ഒരു നൂറ്റാണ്ടിനെ മുന്‍നിര്‍ത്തിയുള്ള നവോത്ഥാന വിചാരണയുടെ ഒരു പ്രധാന നേട്ടം. വക്കം മൌലവിയുടെ തലപ്പാവിന്റെ നീളത്തെക്കുറിച്ചും അദ്ദേഹം മന്ത്രിച്ചൂതിയതിനെക്കുറിച്ചും ഗവേഷണം നടത്തി അദ്ദേഹത്തെയും ഞമ്മന്റെ ആളാക്കാനുള്ള ശ്രമമാണ് ഇപ്പോള്‍ അണിയറയില്‍ നടക്കുന്നത്. സയ്യിദ് മൌദൂദിയുടെ 'പര്‍ദ' എന്ന വിഖ്യാത കൃതി മലയാളത്തില്‍ പരിഭാഷപ്പെടുത്തിക്കൊണ്ട് തൊട്ടുകൂടായ്മയില്‍നിന്ന് മൌദൂദിക്ക് മോചനം നല്‍കാനുള്ള ഒരു ശ്രമം സുന്നികള്‍ നേരത്തെ നടത്തിയിരുന്നു. എന്നാല്‍, മൌദൂദി സ്ഥാപിച്ച പ്രസ്ഥാനം ഇപ്പോഴും കേരളത്തില്‍ സജീവമായത് കാരണം മക്തി തങ്ങളുടെ കാര്യത്തില്‍ നടത്തിയതുപോലെയുള്ള അവകാശവാദത്തിലേക്ക് അവര്‍ തല്‍ക്കാലം പോയില്ല എന്നേയുള്ളൂ.
അതുപോലെ കേരളത്തിലെ ഇസ്ലാമിക പ്രസ്ഥാനം സാമൂഹിക ഉള്ളടക്കമുള്ള ഇസ്ലാമിനെ പ്രതിനിധാനം ചെയ്യാന്‍ തുടങ്ങിയ കാലം മുതല്‍ ഇക്കാലമത്രയും ഇസ്ലാമിനെ മരണപദ്ധതിയായി അവതരിപ്പിക്കാനും മുസ്ലിം നവോത്ഥാനത്തെ ആചാരാനുഷ്ഠാനങ്ങളുടെ ശുദ്ധീകരണ പ്രക്രിയയായി ന്യൂനീകരിക്കാനും വെമ്പല്‍ കൊണ്ടിരുന്ന മുജാഹിദുകളില്‍ ഒരു വിഭാഗമെങ്കിലും അറബ് വസന്തത്തില്‍ ആവേശം കൊള്ളാനും ശഹീദ് ഹസനുല്‍ ബന്നക്കും റാശിദുല്‍ ഗനൂശിക്കും ശാപമോക്ഷം നല്‍കാനും തയാറായതും ചില്ലറ കാര്യമല്ല. മൌദൂദി അവര്‍ക്കും അസ്പൃശ്യനായി തുടരുന്നതിന്റെ കാരണം അദ്ദേഹത്തിന്റെ പ്രസ്ഥാനം കേരളത്തില്‍ പ്രവര്‍ത്തിക്കുന്നുവെന്നത് മാത്രമാണ്.
മുന്‍ ഈജിപ്ഷ്യന്‍ പ്രസിഡന്റ് ജമാല്‍ അബ്ദുന്നാസിറിന്റെ ആത്മകഥ മലയാളത്തില്‍ പരിഭാഷപ്പെടുത്തിയത് മുസ്ലിം ലീഗ് നേതാവായിരുന്ന യു.എ ബീരാനാണ്. അതിന് അവതാരിക എഴുതിയതാകട്ടെ ലീഗിന്റെ ആത്മീയ നേതാവായിരുന്ന പാണക്കാട് മുഹമ്മദലി ശിഹാബ് തങ്ങളും. നാസിറിന്റെ തടവറകളില്‍ സയ്യിദ് ഖുത്വ്ബും സൈനബുല്‍ ഗസാലിയും അടക്കം നൂറു കണക്കിന് ഇഖ്വാന്‍ പ്രവര്‍ത്തകര്‍ കഠിനമായ പീഡനങ്ങളേറ്റുവാങ്ങുന്ന കാലമായിരുന്നു അതെന്നോര്‍ക്കണം. നാസിറും ഇഖ്വാനും കൊമ്പു കോര്‍ക്കുന്ന കാലത്ത് ഈജിപ്തില്‍ പഠിച്ച പാണക്കാട് തങ്ങള്‍ കഥയറിയാതെ ആട്ടം കാണുകയായിരുന്നുവെന്ന് പറയാനാവില്ലല്ലോ. കേരളത്തില്‍ നാസിറിന്റെ പ്രതിനിധാനം വഹിച്ച ലീഗുകാര്‍ ഇപ്പോള്‍ ഗനൂശിയുടെയും മുര്‍സിയുടെയും പേറ്റന്റ് അവകാശപ്പെടുന്നത് കൌതുകത്തിനപ്പുറം കേരള മുസ്ലിം നവോത്ഥാനത്തില്‍ ഇസ്ലാമിന്റെ സാമൂഹിക അവതരണം കൈവരിച്ച മേല്‍ക്കൈ കൃത്യമായി അടയാളപ്പെടുത്തുന്നുണ്ട്.
കേരള മുസ്ലിം നവോത്ഥാനത്തെക്കുറിച്ച പുനര്‍ വായനയില്‍ നിരന്തരം കേട്ടുകൊണ്ടിരിക്കുന്ന രണ്ട് പേരുകളാണ് സൈനുദ്ദീന്‍ മഖ്ദൂമും മമ്പുറം തങ്ങളും. കേരള മുസ്ലിംകള്‍ക്ക് നേരത്തെ പരിചയമില്ലാത്ത പേരുകളല്ല ഇവ രണ്ടും. മുസ്ലിം നവോത്ഥാനത്തിന്റെ നേരവകാശികളായി തങ്ങളെ പ്രതിഷ്ഠിക്കാന്‍ ഇവരുടെ പാരമ്പര്യം അവകാശപ്പെടുന്ന സുന്നികളുടെ പള്ളിദര്‍സുകളില്‍ സൈനുദ്ദീന്‍ മഖ്ദൂമിന്റെ ഗ്രന്ഥങ്ങള്‍ എത്രയോ കാലമായി പഠിപ്പിക്കുന്നുണ്ട്. മമ്പുറം തങ്ങളുടെ നാമമാകട്ടെ കാലില്‍ മുള്ള് തറക്കുമ്പോള്‍ പോലും മലബാറിലെ ഉമ്മമാരുടെ നാവില്‍ നിന്ന് ഭക്തിപുരസ്സരം ഉതിര്‍ന്നുവീണിരുന്ന ഒരു ശബ്ദമായിരുന്നു. എന്നാല്‍, ഇവര്‍ രണ്ട് പേരും ഇപ്പോള്‍ കേരള മുസ്ലിം നവോത്ഥാനത്തെക്കുറിച്ച ചര്‍ച്ചയില്‍ ഇടം നേടിയത് അവരെഴുതിയ കര്‍മശാസ്ത്ര കൃതിയുടെ ബലത്തിലോ അവര്‍ക്കുള്ളതായി പ്രചരിപ്പിക്കപ്പെടുന്ന സിദ്ധിയുടെ പേരിലോ അല്ല. മറിച്ച് കേരളത്തിന്റെ സാമൂഹിക രൂപീകരണത്തില്‍ നിര്‍ണായക പങ്കുവഹിച്ച അവരുടെ രാഷ്ട്രീയ ഇടപെടലുകളും സാമൂഹിക പരിഷ്കരണങ്ങളുമായിരുന്നു. അവരുടെ ഗ്രന്ഥങ്ങള്‍ കമ്പോട് കമ്പ് ചൊല്ലി പഠിപ്പിക്കുമ്പോഴും അവരുടെ മഖ്ബറകളില്‍ നടക്കുന്ന നേര്‍ച്ചകള്‍ക്കും വഴിപാടുകള്‍ക്കും കാര്‍മികത്വം വഹിക്കുമ്പോഴും അവരുടെ ജീവിതത്തിലെ മേല്‍ പറഞ്ഞ വശത്തെക്കുറിച്ചൊന്നും അവരുടെ ഇപ്പോഴത്തെ നേരവകാശികള്‍ ഒന്നും പറഞ്ഞിരുന്നില്ലെന്ന് മാത്രമല്ല, അതിനെക്കുറിച്ച് അവര്‍ക്ക് അറിയുക പോലുമുണ്ടായിരുന്നില്ല.
മണ്ണിനും മനുഷ്യനും വിരുദ്ധമായ സാമ്രാജ്യത്വത്തിന്റെ രാഷ്ട്രീയം കേരളത്തിലും ഭീഷണിയായി മാറുകയും അതിനെതിരെ ഇസ്ലാമിക സാമൂഹികതയിലൂന്നിയ ചെറുത്തുനില്‍പ് രാഷ്ട്രീയം ഉയര്‍ന്നുവരികയും ചെയ്ത പശ്ചാത്തലത്തില്‍, മേല്‍ സൂചിപ്പിച്ച മഹാന്മാരുടെ ജീവിതത്തിലെ ഇതുവരെ അനാവരണം ചെയ്യപ്പെടാതിരുന്ന ചില വശങ്ങളെക്കുറിച്ച ചില പുതിയ കണ്ടെത്തലുകളുണ്ടായപ്പോഴാണ് നവോത്ഥാനമെന്ന വാക്കു പോലും അതുവരെ ചതുര്‍ഥിയായിരുന്ന യാഥാസ്ഥിതിക സുന്നികള്‍ നവോത്ഥാനത്തിന്റെ അവകാശികളായി രംഗത്ത് വരുന്നത്. യഥാര്‍ഥത്തില്‍ സുന്നികള്‍ക്ക് ഈ മഹാന്മാരുമായുള്ള ബന്ധം അവരുടെ ചില ഗ്രന്ഥങ്ങള്‍ ചൊല്ലി പഠിപ്പിച്ചതും ചില സാമ്പത്തിക താല്‍പര്യങ്ങളുടെ പേരില്‍ പില്‍ക്കാലത്ത് പടുക്കപ്പെട്ട അവരുടെ മഖ്ബറകളുടെ പരികര്‍മികളായതും മാത്രമാണ്. നവോത്ഥാനമെന്നത് തങ്ങള്‍ ഇതുവരെ ചെയ്തത് പോലെ ഇസ്ലാമില്‍ ഇടമുള്ളതോ ഇല്ലാത്തതോ ആയ ചില ആചാരങ്ങളും അനുഷ്ഠാനങ്ങളും സംരക്ഷിക്കലല്ല. മറിച്ച് മുസ്ലിം സമൂഹത്തിലും പൊതുസമൂഹത്തിലും ഒരുപോലെ സ്വാധീനിക്കുന്ന ഇസ്ലാമികാടിത്തറയില്‍നിന്ന് വികസിക്കുന്ന സാമൂഹിക രാഷ്ട്രീയ ഇടപെടലുകളാണെന്ന് യാഥാസ്ഥിതിക സുന്നികളും അംഗീകരിച്ചുവെന്നതാണ് ഈ ഏറ്റെടുക്കലിലൂടെ യഥാര്‍ഥത്തില്‍ സംഭവിച്ചത്. കാരണം, സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമ 1926-ല്‍ രൂപീകരിക്കപ്പെട്ടപ്പോള്‍ നിര്‍ണയിക്കപ്പെട്ട ലക്ഷ്യങ്ങളില്‍ ഒന്നിലും മഖ്ദൂമുകളും മമ്പുറം തങ്ങളും നടത്തിയ പോലുള്ള രാഷ്ട്രീയ സാമൂഹിക പ്രവര്‍ത്തനങ്ങളെക്കുറിച്ച് യാതൊരു സൂചനയുമുണ്ടായിരുന്നില്ല. മറിച്ച്, അവര്‍ ലക്ഷ്യമായി നിര്‍ണയിച്ചത് ഐക്യ സംഘം പോലുള്ള പരിഷ്കരണ പ്രസ്ഥാനങ്ങളുടെ പ്രവര്‍ത്തനം മൂലം വെല്ലുവിളി നേരിട്ട, സാമൂഹികമായോ രാഷ്ട്രീയമായോ യാതൊരു പ്രസക്തിയുമില്ലാത്ത, ചില ആചാരാനുഷ്ഠാനങ്ങളുടെ സംരക്ഷണമായിരുന്നു. മഖ്ദൂമും മമ്പുറം തങ്ങളും ഉയര്‍ത്തിപ്പിടിച്ച സാമൂഹിക ഇസ്ലാമിനെ മറ്റൊരു രീതിയില്‍ ആധുനിക കേരളത്തില്‍ പ്രതിനിധാനം ചെയ്ത പ്രസ്ഥാനത്തെ മുബ്ത്തദിഉകളായി മുദ്രകുത്തി വേട്ടയാടാന്‍ അവര്‍ മത്സരിക്കുകയും ചെയ്തു. ഏതായാലും നവോത്ഥാനത്തിന്റെ സാമൂഹിക രാഷ്ട്രീയ മാനങ്ങളെ തിരിച്ചറിഞ്ഞതിലൂടെ സുന്നികള്‍ യഥാര്‍ഥത്തില്‍ ചെയ്തിരിക്കുന്നത് കേരളത്തില്‍ ജമാഅത്തെ ഇസ്ലാമിയുടെ സാമൂഹിക പരിഷ്കരണ പ്രവര്‍ത്തനങ്ങളെ രൂപപ്പെടുത്തിയ ആശയപരിസരത്തെ അംഗീകരിക്കുകയാണ്.
മുസ്ലിം നവോത്ഥാനത്തിലെ വളരെ പ്രധാനപ്പെട്ട അതിന്റെ ഈ സാമൂഹിക രാഷ്ട്രീയ മാനത്തെ മനസ്സിലാക്കുന്നതിലും തദടിസ്ഥാനത്തില്‍ തങ്ങളുടെ സാമൂഹിക ഇടപെടലുകള്‍ രൂപപ്പെടുത്തുന്നതിലും തങ്ങള്‍ എവിടെ നില്‍ക്കുന്നുവെന്ന ഒരു സ്വയം വിമര്‍ശനം നവോത്ഥാനത്തിന്റെ ഒരു നൂറ്റാണ്ട് ആഘോഷിക്കുന്ന വേളയില്‍ നല്ലതാണ്.
തീര്‍ച്ചയായും ഇപ്പോള്‍ നവോത്ഥാനത്തിന്റെ തൊണ്ണൂറും നൂറും ആഘോഷിക്കുന്ന മുജാഹിദ് വിഭാഗങ്ങള്‍ക്കും അവയുടെ പൂര്‍വരൂപങ്ങള്‍ക്കും കേരള മുസ്ലിം നവോത്ഥാനത്തില്‍ ചെറുതല്ലാത്ത പങ്കുണ്ട് എന്ന കാര്യം നിസ്തര്‍ക്കമാണ്. മഖ്ദൂമിന്റെയോ മമ്പുറം തങ്ങളുടെയോ പ്രവര്‍ത്തനങ്ങള്‍ ചൂണ്ടിക്കാണിച്ച് കേരള മുസ്ലിം നവോത്ഥാനത്തില്‍ സുപ്രധാന പങ്ക് വഹിച്ച കേരള മുസ്ലിം ഐക്യസംഘത്തിന്റെയും മക്തി തങ്ങളുടെയും പ്രവര്‍ത്തനങ്ങള്‍ ഉണ്ടാക്കുന്നതിന് മുമ്പ് കേരള മുസ്ലിംകളുടെ സാമൂഹിക, മത ജീവിതം വളരെയധികം മഹത്തരമായിരുന്നുവെന്ന് വായിച്ചെടുക്കുന്നതില്‍ വലിയ അര്‍ഥമില്ല. ഭൂതകാല രതി പുതിയ കാലത്ത് വളരെ ആകര്‍ഷകമാണെങ്കിലും അതിന് യാഥാര്‍ഥ്യവുമായി വലിയ ബന്ധമൊന്നുമില്ല.
വിശ്വാസ ശുദ്ധീകരണം, സാമ്പത്തികവും സാമൂഹികവും രാഷ്ട്രീയവുമായ മുസ്ലിംകളുടെ ശാക്തീകരണം, മത പക്ഷപാതിത്വത്തിന്നതീതമായി ഖുര്‍ആന്റെയും സുന്നത്തിന്റെയും പ്രാധാന്യത്തെക്കുറിച്ച് സമൂഹത്തിന്റെ ബോധവത്കരണം, സ്ത്രീ വിദ്യാഭ്യാസം തുടങ്ങിയ മേഖലകളിലെല്ലാം ഇസ്ലാഹി പ്രസ്ഥാനങ്ങളുടെ പ്രത്യേകിച്ച് അതിന്റെ ആദ്യ രൂപമായ കേരള മുസ്ലിം ഐക്യ സംഘത്തിന്റെ സജീവ ശ്രദ്ധ പതിഞ്ഞിരുന്നുവെതിനാല്‍ കഴിഞ്ഞ ഒരു നൂറ്റാണ്ടിനിടയില്‍ കേരള മുസ്ലിംകള്‍ക്കിടയിലുണ്ടായ നവോത്ഥാനത്തില്‍ ഇസ്ലാഹി പ്രസ്ഥാനത്തിന്റെ പങ്ക് ഒരിക്കലും ചെറുതായി കാണാനാവില്ല. ഇസ്ലാഹി പ്രസ്ഥാനം ഇല്ലാത്ത ഒരു കേരളം എന്നത് ആലോചിക്കാന്‍ പോലും കഴിയാത്ത വിധം അവയുടെ നേട്ടം കേരള മുസ്ലിം സമൂഹത്തിന്റെ ഓരോ അടരുകളിലും പതിഞ്ഞു കിടപ്പുണ്ട്. മലബാര്‍ സമരം ശിഥിലമാക്കിയ കേരള മുസ്ലിംകളില്‍ ആദ്യമായി സംഘബോധം സൃഷ്ടിക്കുകയും ആ സംഘബോധത്തിന്റെ അടിത്തറയായി മാലപ്പാട്ടുകള്‍ക്കും സബീനകള്‍ക്കും പകരം ഖുര്‍ആനെയും സുന്നത്തിനെയും നിര്‍ണയിക്കുകയും ചെയ്തുവെന്നാണ് ഇസ്ലാഹി നവോത്ഥാനത്തിന്റെ ഏറ്റവും വലിയ നേട്ടം. അതുവഴി വിജ്ഞാനവിരോധികളായ മുസ്ലിയാക്കന്മാര്‍ കൊട്ടിയടച്ചിരുന്ന വാതിലുകള്‍ ഒന്നൊന്നായി തള്ളിത്തുറന്ന് ഒരുപാട് കാറ്റും വെളിച്ചവും മുസ്ലിം കേരളത്തിന്റെ അകത്തളങ്ങളിലേക്ക് കടത്തിവിട്ടു. ഒരര്‍ഥത്തില്‍ യാഥാസ്ഥിതിക സുന്നികളുടെ ഇപ്പോഴത്തെ സംഘബോധം പോലും ഐക്യ സംഘം സൃഷ്ടിച്ച സംഘബോധത്തിന്റെ പ്രതികരണമാണ്. കാരണം ഐക്യ സംഘത്തെയും അവര്‍ രൂപം കൊടുത്ത കേരള ജംഇയ്യത്തുല്‍ ഉലമയെയും എതിര്‍ക്കാന്‍ വേണ്ടിയാണല്ലോ 1926-ല്‍ സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമ പിറന്നു വീണത്.
അതിനാല്‍, ആധുനികതയുടെ ഉല്‍പന്നമായ ഇസ്ലാഹി നവോത്ഥാനം പാരമ്പര്യത്തെ നിരാകരിച്ച് സമൂഹത്തില്‍ ശൈഥില്യം സൃഷ്ടിക്കുകയാണ് ചെയ്തതെന്നും കേരള മുസ്ലിംകളുടെ മഹത്തായ പാരമ്പര്യത്തിന്റെ വക്താക്കള്‍ തങ്ങള്‍ മാത്രമാണെന്നുമുള്ള യാഥാസ്ഥിതിക നവോത്ഥാനക്കാരുടെ അവകാശവാദത്തില്‍ ഒട്ടും കഴമ്പില്ല. കാരണം, ആധുനികത സമ്മാനിച്ച പുതിയ രീതിയിലുള്ള സംഘബോധം തന്നെയാണ് സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമയെയും സാധ്യമാക്കിയത്. മാത്രമല്ല, ഐക്യ സംഘത്തിന്റെ പ്രവര്‍ത്തനത്തിലൂടെ രൂപപ്പെട്ട മുസ്ലിം ഐക്യത്തെ തകര്‍ത്ത് ഊരുവിലക്ക്, പള്ളി ബഹിഷ്കരണം, ഖബ്റിസ്ഥാന്‍ നിരോധം തുടങ്ങിയ മുസ്ലിം സംസ്കാരത്തില്‍ അന്യമായ അയിത്താചരണമുറകളിലൂടെ കൂടുതല്‍ മാരകമായ ശൈഥില്യത്തിനാണ് സമസ്തയുടെ പിറവി കാരണമായത്.
അടിത്തറ സാമുദായികമായിരുന്നുവെങ്കിലും മുസ്ലിം ലീഗ് എന്ന രാഷ്ട്രീയ കക്ഷിയെ കേരളത്തില്‍ സാധ്യമാക്കിയതും ഐക്യ സംഘം സൃഷ്ടിച്ച സംഘബോധമാണ്. മുസ്ലിം ലീഗിനെ പിന്തുണച്ച കെ.എം മൌലവിയെ പോലുള്ള ആദ്യകാല ഇസ്ലാഹി നേതാക്കള്‍ക്ക് ഇസ്ലാമിക രാഷ്ട്രീയത്തെക്കുറിച്ചും അവ്യക്തമായ ധാരണകളുണ്ടായിരുന്നു. 1930-കളില്‍ തര്‍ജുമാനില്‍ ഖുര്‍ആനില്‍ സയ്യിദ് മൌദൂദി എഴുതിയ മുസല്‍മാന്‍ ഔ മൌജൂദെ സിയാസി കശ്മശ് എന്ന ലേഖന പരമ്പരയില്‍ ഇന്ത്യന്‍ നാഷ്നല്‍ കോണ്‍ഗ്രസ്സിന്റെ ഏകാത്മക ദേശീയതയെ വിമര്‍ശിക്കുന്ന ഭാഗം കെ.എം മൌലവി തന്റെ അല്‍ മുര്‍ശിദില്‍ പരിഭാഷപ്പെടുത്തി കൊടുത്തത് മുസ്ലിം ലീഗിന്റെ സാമുദായിക രാഷ്ട്രീയത്തിന് ഇസ്ലാമിക രാഷ്ട്രീയത്തിന്റെ ചായം നല്‍കുക എന്ന ഉദ്ദേശ്യത്തോടെ തന്നെയായിരുന്നു. പില്‍ക്കാലത്ത് കേരളത്തിന്റെ അധികാര രാഷ്ട്രീയത്തില്‍ പങ്കാളിത്തം വഹിച്ചുകൊണ്ട് സാമൂഹിക വിദ്യാഭ്യാസ രംഗത്ത് മുസ്ലിം നവോത്ഥാനത്തെ പല രീതിയില്‍ സഹായിക്കാന്‍ മുസ്ലിം ലീഗിന് ആദ്യത്തില്‍ കഴിഞ്ഞിരുന്നുവെന്നതും വിസ്മരിക്കാനാവില്ല.
ഇസ്ലാഹി നവോത്ഥാനത്തിന് പാളിച്ചകളും അബദ്ധങ്ങളും തീരെ ഉണ്ടായിട്ടില്ല എന്നല്ല പറഞ്ഞുവരുന്നത്. ചരിത്രപരമായ അവയുടെ പ്രാധാന്യവും പ്രസക്തിയും ചൂണ്ടിക്കാട്ടുക മാത്രമാണ് ചെയ്തത്.
ഇസ്ലാഹി നവോത്ഥാനത്തെ ചരിത്രത്തിന്റെ തുടര്‍ച്ചയായി കാണുന്നതിനു പകരം തങ്ങള്‍ തന്നെയാണ് ചരിത്രത്തിന്റെ സ്രഷ്ടാക്കള്‍ എന്ന രീതിയില്‍ പെരുമാറിയതാണ് അവരുടെ പ്രധാന പാളിച്ചകളില്‍ ഒന്ന്. കേരള മുസ്ലിം ചരിത്രത്തെ വേണ്ട രീതിയില്‍ മനസ്സിലാക്കാതെ പോയതാണ് ഈ അബദ്ധത്തിന് കാരണം. തങ്ങള്‍ക്ക് മുമ്പ് വിവിധ കാലങ്ങളില്‍ കേരളത്തില്‍ നടന്ന മത സാമൂഹിക പരിഷ്കരണ പ്രവര്‍ത്തനങ്ങളെ വിവേചന ബോധത്തോടു കൂടി ഗ്രഹിക്കുകയും തങ്ങളുടെ നവോത്ഥാന പ്രവര്‍ത്തനത്തെ അതുമായി കണ്ണിചേര്‍ക്കുകയുമാണ് യഥാര്‍ഥത്തില്‍ ഇസ്ലാഹി നവോത്ഥാനം ചെയ്യേണ്ടിയിരുന്നത്. അതു ചെയ്യാതെ തങ്ങള്‍ക്ക് മുമ്പ് കേരള മുസ്ലിംകള്‍ ഒന്നടങ്കം ഇരുട്ടിലായിരുന്നു എന്ന മുന്‍വിധിയിലാണ് അവര്‍ തങ്ങളുടെ അസ്തിത്വവും പ്രസക്തിയും സ്ഥാപിച്ചെടുത്തത്. അതിനാല്‍ കേരളത്തില്‍ ജീവിച്ച പഴയകാല ഉലമാക്കളെയും അവരുടെ സാമൂഹിക പ്രവര്‍ത്തനങ്ങളെയും കുറിച്ച് പുതിയ വെളിപ്പെടുത്തലുകളുണ്ടായപ്പോള്‍ ഇസ്ലാഹി നവോത്ഥാനത്തെ ചരിത്രത്തില്‍ വേരുകളില്ലാത്ത ഒന്നായി മുദ്രയടിക്കാന്‍ നവോത്ഥാനത്തിന്റെ പുതിയ അവകാശികള്‍ക്ക് എളുപ്പത്തില്‍ സാധിച്ചു.
മുസ്ലിം നവോത്ഥാനത്തിന്റെ സാമൂഹിക രാഷ്ട്രീയ മാനം തീരെ അവഗണിക്കുകയും വിശ്വാസപരമായ ശുദ്ധീകരണവും ഭാഗികമായ സാമൂഹിക പരിഷ്കരണവും മാത്രമായി നവോത്ഥാനത്തെ പരിമിതപ്പെടുത്തുകയും ന്യൂനീകരിക്കുകയും ചെയ്തുവെന്നതാണ് ഇസ്ലാഹി നവോത്ഥാനത്തിന്റെ മറ്റൊരു പ്രധാന പാളിച്ച.
ഖിലാഫത്തിന്റെ പതനം ഒരു യാഥാര്‍ഥ്യമായി കഴിഞ്ഞ സാഹചര്യത്തില്‍ മുസ്ലിംകളുടെ ശാക്തീകരണത്തിന് അവരുടെ വിശ്വാസ ശുദ്ധീകരണം അനിവാര്യമാണെന്നതിനാല്‍ തങ്ങള്‍ ആ ഭാഗത്തിന് ഊന്നല്‍ നല്‍കുന്നുവെന്നായിരുന്നു ഇസ്ലാഹി നവോത്ഥാനക്കാരുടെ നിലപാടെങ്കില്‍ അത് അംഗീകരിക്കാമായിരുന്നു. പക്ഷേ, അവിടെ നില്‍ക്കാതെ ഖിലാഫത്തിനെ തകര്‍ക്കാനും തകര്‍ന്ന ഖിലാഫത്തിനെ പുനഃസ്ഥാപിക്കാനുമുള്ള ശ്രമങ്ങളെ മുളയിലേ നുള്ളിക്കളയാനും വേണ്ടി പടിഞ്ഞാറിന്റെ ലബോറട്ടറികളില്‍ വിരിയിച്ചെടുത്ത മത രാഷ്ട്ര വിഭജനം എന്ന സെക്യുലര്‍ അജണ്ടക്ക് മതപ്രമാണം ഉണ്ടാക്കി ഇസ്ലാമിന്റെ സാമൂഹികതയെ ഉയര്‍ത്തിപ്പിടിക്കുന്ന പ്രസ്ഥാനങ്ങളെയും വിഭാഗങ്ങളെയും മത രാഷ്ട്രവാദികളും തീവ്രവാദികളുമായി മുദ്രയടിച്ച് വേട്ടയാടുകയാണ് നമ്മുടെ കാലത്തെ ഏറ്റവും വലിയ നവോത്ഥാന ധര്‍മം എന്ന് മനസ്സിലാക്കിയതാണ് ഇസ്ലാഹി നവോത്ഥാനത്തിന് സംഭവിച്ച ഏറ്റവും ഗുരുതരമായ പാളിച്ച. ഈ പാളിച്ചയുടെ ഗൌരവം എവിടം വരെ എത്തി എന്ന് ചോദിച്ചാല്‍ വൃക്ഷം നടുന്നതില്‍ എവിടെയാണ് തൌഹീദ് എന്ന് ചോദിച്ചുകൊണ്ട് കൂടെയുള്ളവരെ തള്ളി പുറത്താക്കുന്ന സാഹചര്യം വരെ സൃഷ്ടിച്ചു. ഈയിടെയുണ്ടായ ഇസ്രയേലിന്റെ ഗസ്സ ആക്രമണത്തില്‍ പ്രതിഷേധിച്ച് തെരുവിലിറങ്ങാത്ത കേരളത്തിലെ ഒരേയൊരു മുസ്ലിം സംഘടന ഇപ്പോള്‍ നവോത്ഥാനത്തിന്റെ നൂറാം വാര്‍ഷികം ആഘോഷിക്കുന്നവരാണെന്ന് വരുന്നത് ഇസ്ലാഹി നവോത്ഥാനത്തെ പിടികൂടിയ അരാഷ്ട്രീയതയുടെ ആഴം വ്യക്തമാക്കിത്തരുന്നു. അറബ് വസന്തം ഇസ്ലാമിനെതിരെയുള്ള ശീഈ -സയണിസ്റ്-അമേരിക്കന്‍ അച്ചുതണ്ടിന്റെ ഗൂഢാലോചനയാണെന്ന് ലേഖനമെഴുതിയതും അവരുടെ പത്രം തന്നെ.
ജിന്ന് ആകാശത്തോ ഭൂമിയിലോ, അതോ മേശയുടെ വലിപ്പിലോ എന്ന തര്‍ക്കം ഒരു സലഫി നവോത്ഥാന പരിസരത്തു നിന്ന് ഉയര്‍ന്നുവന്നതിന്റെ ആത്മവിശ്വാസമാണ് സകലമാന മഖ്ബറകളും പുനരുദ്ധരിച്ച് ആത്മീയ വ്യാപാരം നടത്തുന്നവരുടെ 'തൌഹീദ് അചഞ്ചലമാണ്' എന്ന കാമ്പയിന്‍ തലക്കെട്ടിലും നുരഞ്ഞു പൊങ്ങുന്നത്.
സലഫിസം എന്നത് ഒരു സമീപന രീതിയുടെ പേരാണ്. പക്ഷേ, ആ അവസ്ഥയില്‍നിന്ന് ഒരു സംഘടനയായി അത് മാറുന്നതോടെ പക്ഷപാതിത്വത്തില്‍ കര്‍മശാസ്ത്ര മദ്ഹബുകളെയും വെല്ലുന്ന മറ്റൊരു മദ്ഹബായി സലഫിസം രൂപാന്തരം പ്രാപിച്ചതിനു കേരളത്തിലും നാം സാക്ഷ്യം വഹിക്കുകയാണ്. എല്ലാ മദ്ഹബുകളിലും പെട്ടവര്‍ക്ക് ചേരാം എന്നത് ഐക്യസംഘത്തിന്റെ പ്രഖ്യാപിത നയമായിരുന്നു. എന്നാല്‍, കൂട്ട പ്രാര്‍ഥനയോ ഖുനൂത്തോ അരുതെന്ന് എഴുതിവെച്ച അവരുടെ പിന്‍തലമുറക്കാരുടെ പല പള്ളികളും ഇന്ന് കേരളത്തിലുണ്ട് എന്ന് വരുന്നത് വിരോധാഭാസമാണല്ലോ.
'ഇസ്ലാഹി നവോത്ഥാനം ഇല്ലാത്ത ഒരു കേരളം' എന്നത് ആലോചിക്കാനേ വയ്യ എന്ന് മുകളില്‍ സൂചിപ്പിച്ചിരുന്നു. എന്നാല്‍, സാമൂഹിക പരിഷ്കരണം, സ്ത്രീ വിദ്യാഭ്യാസം തുടങ്ങിയ മേഖലകളില്‍ മുജാഹിദ് പ്രസ്ഥാനം കൈവരിച്ച നേട്ടങ്ങള്‍ അംഗീകരിക്കുന്ന, മുസ്ലിം പ്രശ്നങ്ങളെക്കുറിച്ച് ആഴത്തില്‍ വിവരമുള്ള ഒരു പുരോഗമന എഴുത്തുകാരന്‍ ഈയിടെ പറഞ്ഞത് ഇന്നത്തെ സാഹചര്യത്തില്‍ ഒരു ദിവസം മുജാഹിദ് പ്രസ്ഥാനം ഇല്ലാതായാല്‍ കേരള മുസ്ലിംകള്‍ക്ക് ഒരു നഷ്ടവും ഉണ്ടാകില്ല എന്നാണ്. ഇസ്ലാഹി നവോത്ഥാനത്തിന്റെ വര്‍ത്തമാനകാല അപചയത്തെ അടയാളപ്പെടുത്താന്‍ ഇതില്‍പരം സൂക്ഷ്മമായ ഒരു നിരീക്ഷണം മറ്റൊരാള്‍ക്കും നടത്താനാവില്ല.
Comments